ചിത്ര
ദൈവത്തിന്റെ കൈയ്യൊപ്പുള്ള പാട്ടുകാരി
മലയാളിയുടെ മാനസ പുത്രി
സംഗീതം തപസ്യ ആക്കിയ ചിത്രയുടെ നേട്ടങ്ങൾ അറിയാത്ത ഒരു മലയാളിയും ഉണ്ടാവില്ല
കലാകാരെ പിന്തുണച്ചില്ല എങ്കിൽ, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചില്ല എങ്കിൽ, നശിക്കുന്നത് കലയാണ്.
ഇത് മനസ്സിലാക്കി, ജീവിതം മുഴുവൻ സംഗീതമെന്ന കലയെ ഉദ്ധരിക്കുന്ന കുടുംബമാണ് ശങ്കുവിന്റെയും ചിത്രയുടെയും
ചിത്രയുടെ ആദ്യ ഗുരു അച്ഛൻ ശ്രീ. കൃഷ്ണൻ നായർ, ‘അമ്മ ചൊല്ലിക്കൊടുത്ത ശ്ലോകങ്ങളാണ് ചിത്ര ആദ്യം പാടിത്തുടങ്ങിയത്.
കുടുംബ സുഹൃത്തുക്കളായ , എം ജി രാധാകൃഷ്ണൻ സാറിന്റെയും സഹോദരി ഓമനക്കുട്ടി ടീച്ചറിന്റെയും ശിക്ഷണത്തിൽ പഠിച്ചു വളർന്ന കുട്ടി. ചിത്രയെ പിൽക്കാലത്തു സിനിമാ സംഗീതത്തിന്റെ മാസ്മരികതയിലേക്കു കൈ പിടിച്ചു കയറ്റിയ പുണ്യാത്മാവാണു എം ജി രാധാകൃഷ്ണൻ സർ
ലോകത്തിലെ മികച്ച ഗായികയായി തിളങ്ങുമ്പോഴും മറ്റുള്ള കലാകാരന്മാർ; അവർ ഏതു തട്ടിലുള്ളവരാണെങ്കിലും അവരെ ആദരിക്കാനും, ബഹുമാനിക്കാനും, അഭിനന്ദിക്കാനും, സ്നേഹിക്കാനും, പ്രോത്സാഹിപ്പിക്കാനും, അംഗീകരിക്കാനുമുള്ള കഴിവാണ് ചിത്രയെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്, ഈ മനോഭാവം പാട്ടു പോലെ തന്നെ ഹൃദ്യമാണ്.
പാട്ടിന്റെ പാലാഴിയിൽ നീന്തി തുടിക്കുമ്പോഴും, വീടിന്റെ പ്ലാനുകൾ വരയ്ക്കാൻ ഇഷ്ടപെടുന്ന മലയാളികളുടെ വീട്ടിലെ കുട്ടി. അറിയപ്പെടുന്ന ഒരു വാസ്തുശില്പി ആയേനെ, ഇനിയും താമസിച്ചിട്ടില്ല, പ്ലാൻ വരക്കുന്നതിനോടൊപ്പം വലിയ താല്പര്യമുള്ള കാര്യമാണ് , കെട്ടിടം പണി നടക്കുന്നിടത്തെല്ലാം കയറി ഇറങ്ങി നടക്കുന്നതും
ഏതൊരാൾക്കും മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ നല്ല നല്ല ഓർമ്മകളും, സംതൃപ്തിയുടെ ഭാവങ്ങളും കൊണ്ട് വരാൻ പറ്റുക. ഒരു പുണ്യമാണ്.
കഴിഞ്ഞ 30 വർഷത്തിലേറെയായി ചിത്രയും ശങ്കുവും പങ്കെടുത്ത പല പരിപാടികളുമായി ബന്ധപ്പെടാൻ സാധിച്ച, ഞാൻ അഭിമാനത്തോടെ, മതിപ്പോടെ ചില പിന്നാമ്പുറ കാഴ്ചകൾ ഓർത്തെടുക്കുന്നു
എന്തെങ്കിലും പ്രതീക്ഷിക്കാതെ മുൻവിധിയില്ലാതെ മറ്റുള്ളവർക്ക് സുന്ദര നിമിഷങ്ങൾ നല്കാൻ മനസ്സുള്ളവർ വിരളമാണ്.
കൂടെ പ്രവർത്തിക്കുന്നവരുടെ പിറന്നാളുകൾ ഓർത്തിരുന്നു അവരെ ആശ്ചര്യപ്പെടുത്തുന്ന വിധം സമ്മാനങ്ങൾ ഒരുക്കുക, കേക്ക് സംഘടിപ്പിക്കുക, ഓരോരുത്തരുടെയും കുടുംബവുമായി അടുത്ത ബന്ധം പുലർത്തുക; കൂടെയുള്ളവരുടെ ഭക്ഷണത്തിന്റെ കാര്യങ്ങൾ ഏർപ്പാടാക്കാൻ ശ്രദ്ധിക്കുക ഇതിലൊക്കെ ചിത്ര കാണിക്കുന്ന താല്പര്യം പറയാതിരിക്കാൻ പറ്റില്ല.
എവിടെ യാത്ര പോയാലും, TV ചാനലുകളിൽ കുട്ടികളുടെ പാട്ടിന്റെ പരിപാടിയിൽ പങ്കെടുക്കുന്ന, ഓരോരുത്തരുടെ പേര് പറഞ്ഞു അക്കമിട്ടു സമ്മാനങ്ങൾ വാങ്ങി, പെട്ടിയിൽ നിറച്ചു കൊണ്ടുപോകുന്ന ചിത്ര, ഒന്നും രണ്ടുമല്ല പത്തുമുപ്പതു പേർക്കാണ് സമ്മാനങ്ങൾ വാങ്ങുന്നത്.
ഇത് തിരികെ പോകുമ്പോൾ മാത്രമല്ല വരുമ്പോഴും തുടരുന്നു, സാധാണയായി എനിക്ക് വേണ്ടുന്ന കാര്യങ്ങൾ എന്നോട് പത്തു പ്രാവശ്യം ചോദിക്കും, ഞാനങ്ങോട്ടും ആവശ്യപ്പെടും, അതെല്ലാം കൃത്യമായി കൊണ്ടുവരാറുമുണ്ട്,
പക്ഷെ ഹോപ് ഓൺ ഹോപ് ഓഫ് , യാത്രകൾക്കിടയിലും പറയാതെ, ചോദിക്കാതെ, മറക്കാതെ, കൈയ്യിൽ കരുതുന്ന കാര്യങ്ങളുണ്ട്
ശ്രീ കൃഷ്ണ സ്വീറ്റ്സ് -ന്റെ മൈസൂർ പാക്കും, ബധാം ഹൽവയും
ചിത്രയുടെ ഒരു തെലുഗു പാട്ടു സ്റ്റേജിൽ പാടാൻ തയാറെടുത്ത ഒരു കുട്ടി കാണാൻ വന്നു, സത്യത്തിൽ ഞങ്ങൾക്കാർക്കും യാതൊരു മുന്പരിചയവുമില്ലാത്ത കുട്ടി, ഒരു മുറിയിൽ പോയിരുന്ന് ആകാശവാണിയിലെ ലളിത സംഗീതം പോലെ രാത്രി വളരെ വൈകി പാട്ടു പഠിപ്പിച്ചു സംഗതികൾ ഒക്കെ ശരിയാക്കി കൊടുക്കുന്നത് കണ്ടു ഞാൻ അതിശയിച്ചു പോയി.
ഭക്തിയിൽ പ്രാർത്ഥനയിൽ, വൃതാനുഷ്ഠാനങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ചിത്ര; ഇവിടെ അടുത്തുള്ള ശ്രീ വെങ്കടേശ്വര ബാലാജി അമ്പലത്തിൽ തൊഴാൻ ചെന്നപ്പോൾ, പൂജാരി ചിത്രയെ കണ്ട അതിശയത്തിൽ ചോദിച്ചു ഒരു കീർത്തനം പാടാമോ എന്ന്, യാതൊരു മടിയുമില്ലാതെ തറയിൽ ഇരുന്നു ഒരു മുഴുനീള സ്തുതി പാടിയത് കേട്ടിട്ട് അമ്പല നടയിലുള്ളവരെല്ലാം അത്ഭുതപ്പെട്ടു
അതാണ് ചിത്ര; ലാളിത്യത്തിന്റെ പര്യായം
അതുപോലെ തന്നെ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത ദൂരെയുള്ള ഒരു ദേവാലയത്തിന്റെ ധർമ്മ പ്രവർത്തികളുടെ പ്രാർത്ഥനാ ഗാനം ഫോണിൽ ആലപിച്ചു Whatsapp ആയി അയക്കുന്ന, ചുറ്റുമുള്ള സാധാരണക്കാരെ നിർവൃതിയിലാക്കുന്ന ദൈവീകമായ സംഗീതം നിർലോഭം ഉപയോഗിക്കുന്ന ചിത്രയുടെ സന്മനസ്സിന്റെ മുന്നിൽ അറിയാതെ കൈ കൂപ്പുന്നു.
ജാനകിയമ്മയുടെ പിറന്നാളിന് അഭിനന്ദനങ്ങൾ പാടി വീഡിയോ എടുത്തു അയക്കുന്ന ചിത്രയുടെ ഉത്സാഹം കാണുമ്പോൾ നമ്മൾ എല്ലാം മറന്നു ആ സന്തോഷത്തിൽ പങ്കു ചേർന്ന് പോകും.
കലയെയും, കലാകാരെയും പ്രോത്സാഹിപ്പിക്കുന്ന ഒരു കുടുംബ പാരമ്പര്യമാണ് ശങ്കുവിന്റെത്, പാട്ടുകൾ വളരെ അധികം ഇഷ്ടപ്പെടുകയും പാടുകയും ചെയ്യുന്ന ശങ്കുവിന്റെ ധീരമായ ഒരു കാൽവെയ്പായിരുന്നു എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ചു, 1995-ൽ ചിത്രയുടെ സംഗീതവുമായി ബന്ധപെട്ടു തുടങ്ങിയ സ്ഥാപനം.
പല സംഗീതജ്ഞരുമായി ചേർന്ന് ഭക്തി ഗാനങ്ങൾ, ശാസ്ത്രീയ ഗാനങ്ങൾ, ലളിത ഗാനങ്ങൾ, പരമ്പരാഗത ഗാനങ്ങൾ ഇവയുടെയെല്ലാം സമാഹാരങ്ങൾ തുർച്ചയായി പ്രകാശനം ചെയ്യുന്നതിനാൽ സത്യസന്ധമായ സംഗീതം നമ്മൾക്ക് ലഭ്യമാകുന്നതിനപ്പുറം വളരെയധികം കലാകാരന്മാർക്കുള്ള പ്രോത്സാഹനവുമാണ് ശങ്കുവിന്റെ സ്ഥാപനം
സുസ്ഥിര വികസനത്തിന്റെ രണ്ടു ഉപജ്ഞാതാക്കളാണ് ശങ്കുവും ചിത്രയും.
TKM -ൽ പഠിച്ചിരുന്ന കാലത്തു, ഏർപ്പെട്ടിരുന്ന അപ്പ്രോപ്രിയേറ്റ് ടെക്നോളജി തുടങ്ങിയ സുസ്ഥിര വികസന സംരംഭങ്ങൾ ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു, ലോകത്തിന്റെ ഏതു കോണിൽ എന്ത് ജോലിയിലേർപ്പെട്ടപ്പോഴും, ഇതെല്ലം നെഞ്ചോട് ചേർത്ത് വെച്ചിരുന്നു.
2007-ൽ, പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ആദ്യത്തേതും ലോകത്തെ പതിനാറാമത്തേതുമായ USGBC Green Building നിർമ്മിക്കുന്നതിനുള്ള അവസരമുണ്ടായി. ആ കെട്ടിടത്തിന്റെ ഉദ്ഘാടന ദിവസം October 24, 2007-ൽ , ദുബൈയിലെ ഭരണകൂടം തുടർന്ന് പണിയുന്ന ഓരോ കെട്ടിടവും പരിസ്ഥിതിക്കനുസൃതമായിട്ടുള്ള സുസ്ഥിര വികസനങ്ങൾ ആയിരിക്കണം എന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
2008 -ൽ ഞങ്ങൾ ഈ സുപ്രധാന ഉത്തരവിന്റെ വാർഷികം Green Dubai World Forum എന്ന പേരിൽ, ആഘോഷിക്കാൻ തീരുമാനിച്ചു, ആദ്യം ചെയ്തത് ശങ്കുവിനെ വിളിക്കുകയായിരുന്നു, ശങ്കുവിനോട് ഒന്നേ പറഞ്ഞുള്ളു, സുസ്ഥിര വികസനത്തിന് വേണ്ടി ഒരു സംഗീത വിരുന്നു ചിട്ടപ്പെടുത്തി ചിത്രയെക്കൊണ്ട് അവതരിപ്പിക്കണം , ശങ്കു അതിന്റെ പൂർണ ഉത്തരവാദിത്വവും ഏറ്റെടുക്കണം
സത്യത്തിൽ തീരെ സമയമില്ലാതിരുന്നിട്ടും, മറു ചോദ്യമില്ലാതെ ശങ്കു അതേറ്റെടുത്തു. ദൈവനിയുക്തമായ സംഗീതത്താൽ സുസ്ഥിരവികസനം ലോകം മുഴുവൻ പ്രചരിപ്പിക്കാൻ ഏറ്റെടുത്ത ഒരു ഉദ്യമം.
ശരത് എന്ന പ്രതിഭശാലിയായ സംഗീതജ്ഞൻ സ്വരവിന്യാസം ചെയ്ത സംഗീതം, ശ്രുതിയും, സ്വരവും, രാഗവും, താളവും, ലയവുമെല്ലാം യഥാവിധി കോർത്തിണക്കി പഞ്ചഭൂതങ്ങളെ പ്രണമിച് സുസ്ഥിര വികസനത്തിന് വേണ്ടി പൂർണമായും ഭാരതത്തിൽ സൃഷ്ടിച്ച സംഗീത തപസ്യ.
ചിത്ര, ശരത് , ബാലഭാസ്കർ, ബാലസായി , ശ്രീനിവാസ്, വിക്രം എന്നീ പ്രഗത്ഭർ ചേർന്നൊരുക്കിയ ശാസ്ത്രീയ സംഗീത വിസ്മയം ഒരു സംഗീതമാമാങ്കം.
വികസന കാര്യങ്ങളിൽ തീർപ്പുണ്ടാക്കാൻ കഴിവുള്ള ആയിരത്തിൽ കൂടുതൽ പ്രതിനിധികൾക്ക് മുന്നിൽ അരങ്ങേറിയ ഒരു ശ്രേഷ്ഠമായ ചടങ്ങു്
ഇന്നും ഒരു ദശാബ്ദതിനപ്പുറവും ആ സംഗീതത്തിന്റെ അന്തഃസാരം വേറിട്ട് നിൽക്കുന്ന ഒരു അനുഭൂതിയാണ് , ഗ്രാമി അവാർഡിന് യോഗ്യമായ ഒരു ലോകോത്തര സൃഷ്ടി.
ശങ്കു സ്വന്തം നേതൃത്വത്തിൽ ഏറ്റെടുത്തു ചെയ്ത സംരംഭം, ഞങ്ങളതിൽ അഭിമാനിക്കുന്നു.
ചിത്രക്ക് മാത്രം സാധിക്കുന്ന അത്യപൂർവ ആലാപനം
സംഗീതത്തെ പറ്റി പറയാൻ ഞാൻ ആരുമല്ല എനിക്കതിനുള്ള ജ്ഞാനവുമില്ല പക്ഷെ ഒന്നെനിക്കറിയാം, ചിത്രയുടെ സംഗീതം അനശ്വരമാക്കുന്ന ചില നിമിഷങ്ങളിൽ ഒന്നായിരുന്നു ഈ അനുഭവം.
നേരുന്നു ഒരായിരം നന്മകൾ ഞങ്ങളുടെ പ്രിയപ്പെട്ട ശങ്കുവിനും ചിത്രക്കും
പൊതു വേദിയിൽ ഇതിനു മുന്നേ ഒരിക്കലും പ്രക്ഷേപണം ചെയ്തിട്ടില്ലാത്ത 2008- ലെ സംഗീത വിസ്മയത്തിന്റെ ഒരു ശകലം ഇവിടെ ചേർക്കുന്നു… നിങ്ങൾക്കായി മാത്രം
Leave A Comment