അടുത്ത ഒരു മണിക്കൂർ പോയതറിഞ്ഞില്ല, ഒരു മിന്നായം പോലെ, തീരത്തടുത്ത കപ്പൽ നങ്കൂരമിട്ടതും, മിക്കവാറും ആൾക്കാരും കപ്പലിലെ ജോലിക്കാരും കുരിശു വരച്ചു സ്തുതി പറയുന്നത് കേട്ടു, അത്യാഹിതങ്ങളൊന്നും ഇല്ലാതെ യാത്ര അവസാനിച്ചതിലുള്ള നന്ദിസൂചകമായി. എല്ലാവരും അവരവരുടെ ബാഗുമെടുത്തു പരസ്പരം യാത്ര പറഞ് കരയിലേക്കിറങ്ങി, രണ്ടു രാത്രിയും രണ്ടു പകലുമാണ് ഗോവയിൽ, അത് കഴിഞ്ഞാൽ നേരെ മംഗലാപുരത്തേക്ക് ബസിൽ അവിടെ നിന്ന് Malabar Express-ൽ കൊല്ലത്തേക്ക്.
ഞാൻ ആകെ ഒരാളുണ്ടോ എന്ന് മാത്രമേ തിരിഞ്ഞു നോക്കിയുള്ളൂ നവാസ്, പാവം നവാസ് വിഷാദത്തോടെ വിടപറയുന്ന രംഗം കണ്ടപ്പോൾ എനിക്കും സങ്കടം വന്ന്, ഞാൻ അടുത്ത് ചെന്ന് പറഞ്ഞു സാരമില്ല അഡ്രസ് വാങ്ങിയിട്ടില്ലേ, ഒരിക്കൽ നമ്മൾക്കിവരെ ഒക്കെ കാണാൻ പോകണം ഇവര്, Australia-ക്കാരാണെന്നല്ലേ പറഞ്ഞത്.
അതെ, എന്നും പറഞ്ഞു Navas അവസാനമായി ഗിറ്റാറിന്റെ കമ്പിയിൽ ചൂണ്ടു വിരൽ വെച്ചു തട്ടി, മദാമ്മ കൈ വീശി യാത്ര പറഞ്ഞു. സായിപ്പ് നവാസിന്റെ പുറത്തു തലോടി.
കപ്പലിൽ നിന്നിറങ്ങുന്നവരെ സ്വീകരിക്കാനുള്ളവരുടെ കൂട്ടത്തിൽ ഗോവയിലെ അപ്പച്ചനെ കണ്ടതും ഞാൻ എന്റെ ബാഗുമായി ഓടി ചെന്നു, ബാഗ് അപ്പച്ചനെ ഏല്പിച്ചിട്ടു തിരികെ വന്ന് ജോൺ ചെറിയാൻ സാറിനെ കാത്തു നിന്നു, സാറ് ഇറങ്ങിയതും ഞാൻ സാറിനെയും കൂട്ടി ചെന്ന് അപ്പച്ചനെ പരിചയപ്പെടുത്തി, രണ്ടാം ദിവസം രാവിലെ 7 മണിക്കാണ് ബസ്. കാലത്തു 6 മണിക്ക് മുന്നേ എന്നെ കൊണ്ട് വിട്ടേക്കാമെന്നു സാറിനോട് പറഞ്ഞപ്പോൾ സാർ എതിരൊന്നും പറഞ്ഞില്ല. കുറച്ചുപേരോടു യാത്ര പറഞ്ഞു ഞങ്ങൾ വീട്ടിലേക്കു പുറപ്പെട്ടു.
അപ്പച്ചനാണ് കാർ ഓടിച്ചത്, ജെട്ടിയിൽ നിന്നിറങ്ങി കുറച്ചു കഴിഞ്ഞതും വണ്ടി പതുക്കെ കുത്തനെ ഉള്ള കയറ്റം കയറാൻ തുടങ്ങി. ഗോവയുടെ ഒരു പ്രത്യേകതയും ഇതാണ്. എവിടെ നോക്കിയാലും കുന്നും, മലയും, വെള്ളവും.
കപ്പലിൽ വെച്ച് കണ്ട കടലിന്റെ സൗന്ദര്യം അപ്പോഴും എന്റെ കണ്ണുകളിൽ നിറഞ്ഞു നില്കയായിരുന്നു. വണ്ടി മല കയറി തുടങ്ങിയപ്പോൾ എന്റെ വീട്ടിലുള്ള മരങ്ങളെ എല്ലാം പറിച്ചെടുത്തു കൊണ്ട് വന്ന്, ഇവിടെ ഈ വഴിയോരത്തു നട്ടത് പോലെ തോന്നി.
ഞാൻ അതിശയത്തോടെയും ആഹ്ലാദത്തോടെയും ഓരോരോ മരത്തിന്റെ പേര് പറഞ്ഞിട്ട് ങേ ദേ തെങ്, പറങ്കിമാവ്, അയ്യോ നിറയെ പറങ്കിപ്പഴം, അയ്യോടാ ദേ എന്ത് മാത്രം കവുങ്ങാണ്, ‘അമ്മ ചെയ്ത പോലെ നിറയെ കുരുമുളകിന്റെ കൊടിപടർത്തിയിരിക്കുന്നു , എന്റെ ദൈവമേ എന്തും വേണ്ടി കുരുമുളകാണ്. ദേ ആഞ്ഞിലിചക്ക , അയ്യോടാ പ്ലാവുമുണ്ടോ ഇവിടെ? എനിക്ക് വയ്യ, ഇത് നമ്മുടെ മൂവാണ്ടൻ മാവല്ലേ. കണ്ണെത്താത്ത ദൂരത്തോളം വാഴയും കൂടി കണ്ടതും ഞാൻ വാ പൂട്ടി വെച്ച് എന്റെ ചുറ്റുമുള്ള കാഴ്ചകൾ കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കാൻ തുടങ്ങി. ആസ്വദിക്കാൻ തുടങ്ങി. ഞാനൊട്ടും പ്രതീക്ഷിച്ചതല്ലയിത്.
വണ്ടി കുന്നിന്റെ മുകളിൽ എത്താറായി, ടാറിട്ട റോഡിൻറെ അവസാനമായി, അവിടെ അഴികളുള്ള ഒരു വലിയ ഗേറ്റ് ഉണ്ടായിരുന്നു. ചേർന്നടഞ്ഞു കിടക്കുന്നു. അപ്പച്ചൻ വണ്ടി നിർത്തിയതും ഞാൻ ചാടി ഇറങ്ങി, ഗേറ്റ് തുറക്കാൻ. അപ്പച്ചൻ എന്തോ പറയുന്ന പോലെ തോന്നി, അപ്പോഴേക്കും ഞാൻ ഗേറ്റിന്റെ അടുത്തെത്തി കുറ്റി എടുക്കാൻ കൈ പൊക്കിയതും, നീണ്ടു മെലിഞ്ഞു കുഴലുപോലെ ദേഹമുള്ള, വെള്ള നിറത്തിലെ ശരീരത്തിൽ ഗോവയുടെ ഭൂപടം പോലെ കറുത്ത അടയാളങ്ങളുള്ള, മുളംതണ്ടുപോലെ നീണ്ട കാലുകളുള്ള, മെലിഞ്ഞ വാലുള്ള 2 ശുനകന്മാർ ഗേറ്റിന്റെ അപ്പുറത്തു പ്രത്യക്ഷപെട്ടു. കൊച്ചുചെറുക്കന്റെ വീട്ടിലെ പട്ടി 5th Semester , Architecture and Town Planning പരീക്ഷയുടെ തലേന്ന് വലത്തേ കൈയ്യിൽ കടിച്ചതിന്റെ ഓർമ്മ മരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഞാൻ ഗേറ്റിന്റെ ഇപ്പുറത്തു പ്രതിമ പോലെ നിന്നു. അറിയാവുന്ന വലിയൊരു പാഠം. പേടിക്കരുത്, adrenalin ഉയരാൻ പാടില്ല; ഭയക്കുന്നു എന്ന് കണ്ടാൽ നായ ഓടിച്ചിട്ടു കടിക്കും. ഞാൻ വടി പോലെ നിൽക്കുന്നത് കണ്ടിട്ട് നായ്ക്കളും പ്രതിമ പോലെ നിന്നു. ഞങ്ങൾ രണ്ടുകൂട്ടരും ഗേറ്റിന്റെ അപ്പുറത്തും ഇപ്പറത്തും നിന്ന് പരസ്പരം നോക്കി. അപ്പോൾ അപ്പച്ചൻ കാറിൽ നിന്നിറങ്ങി വന്നിട്ട് എന്നെ പരിചയപ്പെടുത്തി . മക്കളെ ഇത് എന്റെ അനന്തരവളുടെ മോളാണ്. നമ്മുടെ കുന്നുംപുറത്തെ കുട്ടിയാണ്. അവന്മാർ രണ്ടും അനുസരണയുള്ള കുട്ടികളെ പോലെ വഴി മാറി. ഞാൻ അവിടെ തന്നെ നിന്നു അനങ്ങാതെ. അപ്പോഴാണ് ഗേറ്റിന്റെ തൂണിൽ എഴുതിയ വലിയ ഫലകം കണ്ടത് Hill Top, അപ്പച്ചാ Hill Top കുന്നുംപുറത്തു ഇത് നമ്മുടെ, വീട്ടു പേരാണല്ലോ, സ്ഥലവും വീട്ടുപേരും ഒരുപോലെ. ഇവന്മാർക്കും അറിയാം അല്ലെ?
ഞാൻ ധൈര്യമായി നടക്കാൻ തീരുമാനിച്ചു. അവന്മാർ രണ്ടും എന്റെ ഇടത്തും വലത്തുമായി എന്നെ ആനയിച്ചു വീടിന്റെ Portico-യിൽ എത്തിച്ചു.
മരങ്ങളാൽ മൂടിയ വീടിന്റെ തൊട്ടടുത്തു ചെന്നപ്പോൾ കണ്ടത് മനോഹരമായ പാറക്കല്ലുകൾ കൊണ്ട് പണിഞ്ഞ bungalow ആണ്. നീണ്ട വരാന്ത, വലിയ ജനാലകൾ, ഓടിട്ട കെട്ടിടം, നല്ല പൊക്കമുള്ള മച്ചാണ്, പക്ഷെ മരങ്ങളാൽ മൂടി കിടക്കുന്ന കാരണം പുറത്തു നിന്നു വീടിന്റെ elevation കാണാനേ പറ്റില്ല.
രാജകീയ അകമ്പടിയോടെയുള്ള എന്റെ വരവ്കണ്ട് വീട്ടിലുള്ളവർ അല്പം അതിശയത്തോടെ മുൻവശത്തെ വരാന്തയിൽ തന്നെ നിന്നു. ഇവളുടെ ധൈര്യം അപാരം എന്ന് കൊച്ചമ്മ പറഞ്ഞപ്പോൾ, അപ്പച്ചൻ ഉടനെ തന്നെ സ്കോർ ചെയ്തു, അത് പിന്നെ ഇവളാരാ ? ഇവളേ, കുന്നുംപുറത്തെ സന്തതിയുടെ മോളാ…
സമ്മതിച്ചു – നിങ്ങളും നിങ്ങളുടെ ഒരു കുന്നുംപുറത്തുകാരും എന്ന് പറഞ്ഞു കൊച്ചമ്മ ഒന്നിരുത്തി മൂളി. ഞാൻ പതുക്കെ കൊച്ചമ്മയുടെ കൈ പിടിച്ചു ചേർന്ന് നിന്നു, എനിക്ക് വിശക്കുന്നു. ഇച്ചിരി ചോറും, മീനും, മോരും, വേണം, എന്നുപറഞ്ഞു വിഷയം മാറ്റി അകത്തു കയറി.
നമ്മൾ മലയാളികൾ ഇങ്ങനെയാണല്ലേ ഒരു അവസരം കിട്ടിയാൽ ആർക്കിട്ടാണെങ്കിലും ഒരു പണി കൊടുക്കാൻ എപ്പോഴും തയ്യാർ.
വായിൽ നാക്കിടാതെ വിശേഷങ്ങൾ എല്ലാം പറയുന്നതിന്റെ ഇടയ്ക്കു ഞാൻ അവരോടു പറഞ്ഞു ഇന്നെന്റെ കൂട്ടുകാരെല്ലാം കടപ്പുറത്തു ഏതോ വലിയ ഘോഷയാത്ര കാണാൻ പോകയാണ്, അതിവിടെ അടുത്തെങ്ങാനുമാണോ ?
വീട്ടിലുള്ളവർ ചിരിക്കാൻ തുടങ്ങി, എടി കൊച്ചെ, ഇവിടത്തെ കടപ്പുറങ്ങളിൽ എല്ലാ weakend-o എന്തെങ്കിലുമൊക്കെ പരിപാടി കാണും, ഹിപ്പികളും, ഇവിടെയുള്ള ചെറുപ്പക്കാരും, Goa- ന്നു പറഞ്ഞാലേ ആഘോഷങ്ങളുടെ സ്ഥലമാണ്, എന്തെങ്കിലും കിട്ടാനിരിക്കും ആഘോഷിക്കാൻ, പാർട്ടികളുടെ സ്ഥലം.
പിന്നെ നിന്റെ കൂട്ടുകാർ പോകുന്നത് പാട്ടും കൂത്തുമൊക്കെ കാണാൻ ആവില്ല, കടപ്പുറത്തു വെയില് കായാൻ കിടക്കുന്ന മദാമ്മമാരെ കാണാനാവും. തീർച്ച
നമ്മുടെ നാട്ടിൽ നിന്നു വരുന്ന പിള്ളേരുടെ ഒരേയൊരു ചിന്ത ഇത് മാത്രമേ ഉള്ളൂ.
പക്ഷെ അവരങ്ങനെ അല്ലല്ലോ എന്നോട് പറഞ്ഞത്
പിന്നെ നിന്നോട് പറഞ്ഞിട്ടല്ലേ അവര് പോകുന്നത്, ഇതിൽ വലിയ കാര്യമൊന്നുമില്ല , ചോറുണ്ടിട്ട് ഞങ്ങൾ നിന്നെ കൊണ്ടുപോയി ഇവിടെ എല്ലാം കാണിക്കാം. അപ്പോൾ നിനക്കും നേരിട്ട് കാണാം; എന്തിനാണ് ഗോവയിലേക്ക് ഇത്രയധികം ആൾക്കാർ വരുന്നതെന്ന്.
എനിക്കത്ര വിശ്വാസം ആയില്ല, വിശപ്പ് തീരെ സഹിക്കാൻ പറ്റാഞ്ഞത് കൊണ്ട് ആദ്യം ചോറുണ്ണാൻ തീരുമാനിച്ചു, അപ്പോഴാണ് കൊച്ചമ്മ പറഞ്ഞത് പുത്തൻകാവിലെ അമ്മച്ചി ഇട്ടു കൊടുത്തുവിട്ട ഉപ്പുമാങ്ങ ഉണ്ടെന്നു. കൊച്ചമ്മേ പഴഞ്ചോറുണ്ടോ? എന്റെ ചോദ്യം കേട്ടതും അവരെല്ലാവരും ചിരിക്കാൻ തുടങ്ങി, ഇവളിനി എത്ര വലിയ എഞ്ചിനീയർ ആയാലും ജാത്തിയാ ഗുണം തൂത്താ പോകത്തില്ല.
ഒണ്ട്, പഴഞ്ചോറൊണ്ട്. ഞങ്ങൾക്കറിയാമായിരുന്നു നീ ചോദിക്കുമെന്ന്. പെണ്ണിന് ഒരു മാറ്റവുമില്ല.
കഴിച്ചു, കുളിച്ചു, വേഷം മാറി, വീണ്ടും യാത്ര ആയി. ഇത്തവണ കൊച്ചമ്മയും, മകനും, അപ്പച്ചനും കൂടെ വന്നു. ആദ്യം പോയത് കടപ്പുറത്തേക്കാണ് . അധികം ആളില്ലാത്ത കടപ്പുറം. വണ്ടി പാർക്ക് ചെയ്തിട്ട് നടക്കാൻ തുടങ്ങി. കുറച്ചു ചെന്നപ്പോൾ കുറെ മദാമ്മമാരും സായിപ്പന്മാരും ഒന്നും രണ്ടുമായി കടപ്പുറത്തു നീണ്ടു നിവർന്നു കിടക്കുന്നു. ആരും ആരെയുംശ്രദ്ധിക്കുന്നില്ല. എല്ലാവരും വെറുതെ വെയിലുംകൊണ്ട് കിടക്കുന്നു.
എനിക്കാകെ ഒരു സംശയം ഈ മുഴുവൻകാളകളെ കാണാനാണോ നാട്ടിൽ നിന്നു കുറ്റിയും പറിച്ചെല്ലാവരും Goa-ക്കു വരുന്നേ? ഇതാണോ മുതിർന്ന ക്ലാസ്സിലെ പിള്ളാര് കണ്ടെന്നു പറഞ്ഞു നടന്ന കാഴ്ച.
അയ്യേ നാണമില്ലേ? ഈ കിടക്കുന്നവർക്കും, കാണാൻ പോകുന്നവർക്കും , കൊച്ചമ്മേ നമുക്ക് പോകാം, എനിക്കെങ്ങും കാണണ്ട ഇവരെ, വേറെ പണിയില്ല, നമ്മൾക്ക് വേറെ എവിടെ എങ്കിലും പോകാം.
എത്ര ആലോചിച്ചിട്ടും എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ഇന്നും ഒരു കടങ്കഥയാണ് പലതും, എന്തായിരിക്കും ഇവരുടെ ഒക്കെ മനസ്സിലെ ചേതോവികാരം? തുണി മാറുമ്പോൾ, കുളിക്കുമ്പോൾ ഒളിഞ്ഞു നോക്കുന്നവർ, മറ്റുള്ളവരെ ലൈംഗികമായി പീഡനം ചെയ്യുന്നവർ, സത്യത്തിൽ അറിയില്ല. പണ്ടും ഇതൊക്കെ ഉണ്ടായിരുന്നു. ഇന്നും ഇതൊക്കെ തുടർന്ന് കൊണ്ടേ ഇരിക്കുന്നു.
ചെത്ത് പെൺപിള്ളേരുടെയും മോട്ടോർസൈക്കിളിൽ തേരാ പാരാ നടക്കുന്ന ആൺ കുട്ടികളുടെയും നാടാണ് Goa, വഴിനീളെ ആൾക്കാർ വണ്ടിക്കു കൈ കാണിക്കും, കാറിനല്ല, മോട്ടോർ സൈക്കിളിനു, നമ്മുടെ ഓട്ടോ പോലെ വാടകക്കോടുന്ന ബൈക്കുണ്ട് , പോകുന്ന വഴിയിലാണ് ഇറങ്ങേണ്ടതെങ്കിൽ സൗജന്യമായി കയറ്റി കൊണ്ട് പോയി ഇറക്കുന്നവരുമുണ്ട്.
അന്നത്തെ ദിവസം മുഴുവൻ ഞങ്ങൾ കാറിൽ പലയിടത്തായി കറങ്ങി, portuguese- കാരുടെ കോളണിയിലൂടെ പോയതൊരു പ്രത്യേക അനുഭവമായിരുന്നു. എല്ലാവീടും എന്ത് ശേലാണെന്നോ കാണാൻ വളരെ പ്രത്യേകതയുള്ള architecture. പരസ്പരം നല്ല ഇണക്കമുള്ള സ്വഭാവക്കാരാണ് ഇവിടത്തുകാർ.
ഉച്ചതൊട്ടു ഒട്ടുമിക്ക പള്ളികളിലും ഞങ്ങൾ കയറി ഇറങ്ങി ഒരു തീർത്ഥാടനം പോലെ, മെഴുകുതിരി കത്തിച്ചു. കത്തോലിക്കരുടെ പള്ളികളാണ്, ഇരിക്കാനുള്ള ബെഞ്ചുണ്ടു എല്ലവരും മുട്ടുകുത്തിയാണ് പ്രാർത്ഥിക്കാറു. ഞങ്ങളും അങ്ങനെ തന്നെ ചെയ്തു.
രാത്രി വളരെ ഇരുട്ടിയാണ് തിരികെ വീട്ടിലെത്തിയത്, എത്തിയതും കഞ്ഞിയും, പയറും, ഉപ്പുമാങ്ങയും കഴിച്ചിട്ട് ഞാൻ ഉറങ്ങാൻ കിടന്നു, നല്ല ക്ഷീണം ആയിരുന്നു.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment