മഴയും, മാസ്കും, നിയന്ത്രണങ്ങളും നിറഞ്ഞ Covid കാലമാണെന്റെ നാട്ടിലിപ്പോൾ.
Salihu സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ തന്നെ ഒന്നാമത്തെ Semester-ന്റെ പടിവാതുക്കൽ പോയി നിൽപ്പായി.
അടുത്ത നമ്പർ എടുത്തു, 4 ദശാബ്ദ കാലത്തെ ഉലകം ചുറ്റും യാത്രകളിൽ ഓരോ പാലങ്ങളെയും, അംബരചുംബികളെയും, നിലവറകളെയും ഒക്കെ കാണുമ്പോൾ ഞങ്ങൾ രണ്ടു പേരും സ്ഥിരമായി ഓർത്തെടുക്കുന്നു ഒരു പേരുണ്ട് :
സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിലെ അതുല്യ പ്രതിഭ, ആദരണീയൻ, ഒരു അദ്ധ്യാപകൻ എങ്ങനെ ഒക്കെ ആയിരിക്കണമോ എന്നുള്ളതിന്റെ ഉദാത്തമായ ഉദാഹരണം. ആരുടെയും ഒരു അസംബന്ധവും അംഗീകരിക്കാത്ത ആളായിരുന്ന സാർ, അത് മാത്രമല്ല അനാവശ്യമായുള്ള അഭിപ്രായപ്രകടനങ്ങളോ പക്ഷപാതിത്വമോ, ഇടപെടലുകളോ ഒന്നും ഇല്ലാത്ത സാർ. കുട്ടികളെ വൃത്തിയായി പാഠങ്ങൾ പഠിപ്പിക്കാൻ കൃത്യതയോടെ തയ്യാറെടുപ്പുകൾ നടത്താറുള്ള ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ട അഹ്മൂട്ടി സർ.
സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിലെ സാറാണെങ്കിലും മറ്റുള്ള ബ്രാഞ്ചിലെ കുട്ടികളെല്ലാം ആദരിക്കയും, അനുസരിക്കുകയും ചെയ്തിരുന്ന വ്യക്തിത്വം. എത്ര സങ്കീർണമായ ഡിസൈൻ ആണെങ്കിലും എത്ര ബുദ്ധിമുട്ടുള്ള യൂണിവേഴ്സിറ്റി ചോദ്യക്കടലാസ്സാണെങ്കിലും സാറിന്റെ അടുത്ത് കൊണ്ടുചെന്നാൽ പുഷ്പം പോലെ അതെല്ലാം സോൾവ് ചെയ്തു തന്നിരുന്നു. ഞങ്ങളുടെ കോളേജിലെ ഒരു കെട്ടിടത്തിന്റെ മുകളിലുള്ള താഴികക്കുടം ശരിയായി ഉറപ്പിക്കാൻ സാധിക്കാതെ കരാറുകാർ ദിവസങ്ങളോളം ബുദ്ധിമുട്ടിയപ്പോൾ അഹ്മുട്ടി സാറിന്റെ Structural Engineering പാടവം ഒന്ന് മാത്രമാണ് പരിഹാരമായത്.
ഇതിപ്പോൾ എന്റെ ഡിപ്പാർട്മെന്റിലെ സാറാണല്ലോ, ഫോൺ ഞെക്കി കുത്തി വിളിക്കാൻ തുടങ്ങിയപ്പോഴേ സാറിനോട് ആദ്യം മിണ്ടാനായി ഞാൻ ഉത്സാഹത്തോടെ, ഉല്ലസിച്ചു ഇരിക്കയായിരുന്നു;
ബെൽ അടിക്കുന്ന ശബ്ദം കേട്ടതും Dilip-ന്റെ കൈ ഫോണിന്റെ അടുത്തേക്ക് നീങ്ങി, മൂത്തവര് ചോദിക്കുമ്പോൾ പിന്നെ വാശി പിടിക്കേണ്ട എന്ന് കരുതി കൊടുത്തു .. അഹ്മൂട്ടി സാറെന്തായാലും എന്നെ പഠിപ്പിച്ചത്ര Dilip-നെ പഠിപ്പിച്ചിട്ടുണ്ടാവില്ലല്ലോ എന്ന് മനസ്സിൽ പറഞ്ഞു തീർന്നതും ദിലീപ് സാറിനോട് പറഞ്ഞതു കേട്ട് ഞാൻ ഞെട്ടി.
Sir ഇത് Dilip ആണ് എന്ന് പറഞ്ഞതും അഹ്മൂട്ടി സാറും Salihu സാറിനെ പോലെ Dilip-ന്റെ അച്ഛന്റെ പേര് ചേർത്ത് മുഴുവൻ പേരും വിളിച്ചു,
ഇതെന്തൊരു അതിശയമാണ്, എവിടുന്നാണ് വിളിക്കുന്നത് എന്നായി?
അപ്പോൾ Dilip, John Cherian സാറിനെ കണ്ട വിവരം പറഞ്ഞ; അതേ ശ്വാസത്തിൽ പറഞ്ഞു, കോളേജിൽ വെച്ച് സാറ് കാണിച്ച പ്രത്യേക താല്പര്യത്തിനോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. സാറിന്റെ വീട്ടിൽ കൊണ്ടുപോയി ചായയും തന്നു സ്ട്രെസും ബെൻഡിങ് മോമെന്റും ഒന്നും പറഞ്ഞു തന്നില്ലായിരുന്നു എങ്കിൽ; ഞാൻ ഒരിക്കലും ഈ Engineering എന്ന ബാലികേറാമല കയറിപറ്റില്ലായിരുന്നു. അന്ന് മുതൽ ഇന്ന് വരെ സാറിനെ മനസ്സിൽ നമിക്കാത്ത ദിവസങ്ങൾ അപൂർവമാണ്
സത്യത്തിൽ ദിലീപ് ഇത് പറയുമ്പോൾ സാറെന്താണ് തിരികെ പറഞ്ഞത് എന്ന് ഞാൻ കേട്ടില്ല; ദിലീപിന്റെ കണ്ണുകൾ നിറഞ്ഞതു മാത്രമേ ഞാൻ കണ്ടുള്ളൂ.
അപ്പോൾ ദിലീപ് ഫോൺ എന്റെ കൈയ്യിൽ തന്നൂ.
ശ്ശെടാ ഈ Royal Mechanical എന്നും പറഞ്ഞു നടന്നവരെല്ലാം എന്റെ ഡിപ്പാർട്മെന്റിലെ സാറന്മാരുടെ മനസ്സിന്റെ നന്മ കൊണ്ട് മാത്രം വെളിച്ചം കണ്ടവരാണല്ലോ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു ..
ഫോൺ കൈയ്യിൽ കിട്ടിയതും ബെല്ലും ബ്രേക്കുമില്ലാതെ ഞാൻ സംസാരിച്ചു തുടങ്ങി:
സർ ഞാനാണ് ബീന; സാറിന് സുഖമാണോ? സാറും ജോൺ ചെറിയാൻ സാറും TKM -ൽ ഒരുമിച്ചു പഠിച്ചതാണല്ലേ?, കഴിഞ്ഞ ദിവസമാണതറിഞ്ഞത്, സർ ഇപ്പോൾ എവിടെ ആണ്? കൊല്ലത്താണോ? എന്ത് ചെയ്യുന്നു? ഇങ്ങനെ വാതോരാതെ ചോദ്യങ്ങൾ ചോദിച്ചു
സാറിന് മറുപടി പറയാനല്പം സാവകാശം കൊടുക്കാൻ ദിലീപ് എന്നോട് ആംഗ്യം കാണിച്ചപ്പോഴാണ് ഞാൻ ഒന്ന് ശ്വാസം വിട്ടത്.
Sir കോഴിക്കോടാണ്, ഇപ്പോഴും പഠിപ്പിക്കുന്നു, കൊറോണ കുമാരിയെ കാരണം ഇപ്പോൾ പഠിപ്പിക്കൽ ഓൺ ലൈൻ ആണ് .
ഇപ്പോഴും പഠിപ്പിക്കയാണെന്നു കേട്ടതും സാറിന്റെ ക്ളാസ്സിലിരുന്നു പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാഗ്യത്തിനെ പറ്റി ഓർത്തുപോയി. എല്ലാ വിദ്യാർത്ഥികളെയും പഠിപ്പിച്ചു ഒരു നിലക്കെത്തിക്കാനുള്ള സാറിന്റെ അശ്രാന്ത പ്രയത്നം ഇന്നും തുടരുന്നു. ഇന്നത്തെ കാലത്തു സാറിന്റെ അത്ര ഗഹനമായ ജ്ഞാനമുള്ളവർ വിരളമാണ്. ഭാഗ്യം ചെയ്തവരാണ് സാറിന്റെ ഈ വിദ്യാർത്ഥികൾ
സർ സത്യമായിട്ടും എനിക്കൊന്നു കൂടി Structural Engineering പഠിക്കണം . ഒരു വട്ടം കൂടി സാറിന്റെ വിദ്യാർത്ഥി ആവണം.
പഠിച്ചിരുന്ന കാലത്തു കൂടെ ഉള്ളവർക്ക് എനിക്കറിയാവുന്നതെല്ലാം പറഞ്ഞു കൊടുക്കുന്ന കാര്യം എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ഇന്നും തുടരുന്നു. ഓരോരുത്തർക്കായി പഠിക്കാനുള്ള ടൈം ടേബിൾ ഉണ്ടാക്കി അതനുസരിച്ചു റിവിഷൻ ചെയ്യുക ആയിരുന്നു പരീക്ഷ പാസാകാനുള്ള ഞങ്ങളുടെ ഒറ്റമൂലി .കംബൈൻഡ് സ്റ്റഡി എന്ന വ്യാചേന എന്റെ വീട്ടിൽ കൂട്ടം കൂടാൻ എല്ലാവര്ക്കും വലിയ ഉത്സാഹമായിരുന്നു.
പുതുമയുള്ള ഭക്ഷണം, എന്റെ ‘അമ്മ ഉണ്ടാക്കുന്ന പലഹാരങ്ങൾ, പിന്നെ പ്രഷർ കുക്കറിലെ ബിരിയാണി, അച്ചാറുകൾ അതിൽ എല്ലാവരുടെയും പ്രിയപെട്ട പച്ചമാങ്ങാ പൂളി, കടുകും, ഉലുവയും വറുത്തു, വറ്റൽമുളക് കീറി ഇട്ട ജീവന്റെ വെള്ളം.. ഇതെല്ലം കയറി ഇറങ്ങി കഴിച്ചു അമ്മയോടും അപ്പയോടും വീട്ടിലുള്ള മറ്റു ബന്ധുക്കളോടും വാചകം അടിക്കുക ആയിരുന്നു അന്നത്തെ എന്റെ കൂട്ടുകാരുടെ മുഖ്യ പരിപാടി. എല്ലാം ഇന്നലത്തെ പോലെ.
എന്നെങ്കിലും കോളേജിൽ പഠിപ്പിക്കാൻ ചേരണം എന്നൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നതാണ്. കൊല്ലത്തെ Uliyakovil-ലുള്ള എന്റെ വീട്ടിൽ നിന്ന് പുറത്തു പോകാൻ ഇഷ്ടമില്ലാത്ത ഞാൻ എവിടെ ഒക്കെയോ എത്തിപ്പെട്ടു.
എന്റെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി ദിലീപും സാറും കുറെ കാര്യങ്ങൾ സംസാരിച്ചു. കൂടുതലായും പരസ്പരം ബന്ധപ്പെടാൻ സാധിച്ചതിലുള്ള സന്തോഷം പങ്കു വെക്കലായിരുന്നു.
സാറിന്റെ പ്രതിജ്ഞാബദ്ധത ഒന്ന് മാത്രമാണ് പലരെയും കരിക്കോട്ടു നിന്ന് സ്ഥലം കാലിയാക്കാൻ സഹായിച്ചത്. അത് തന്നെ ആണ് Dilip സാറിനോട് പറഞ്ഞതിന്റെ പൊരുളും.. എന്റെ ക്ലാസ്സിലെ നാസറിനോട് സാറ് പറയുമായിരുന്നത്രെ താനൊന്നും ചെയ്യണ്ട വെറുതെ ഒന്ന് ഇരുന്നു തന്നാൽ മതി ഞാൻ തന്നെ പഠിപ്പിച്ചു ജയിപ്പിക്കാമെന്നു അത്രയ്ക്ക് ആത്മാർത്ഥയായിരുന്നു സാറിന് ഞങ്ങൾ കുട്ടികളോട്, കോളേജിൽ തന്നെ അടിഞ്ഞു പോകാതെ എങ്ങനെയും പഠിച്ചു പാസ്സായി രക്ഷപെട്ടോട്ടെ എന്നുള്ള അതിയായ മോഹം .
ഇന്നലെ രാത്രി മുഴുവൻ ഞാൻ Structural Egineering-നെ പറ്റി ആലോചിക്കയായിരുന്നു.
1982-ൽ കോളേജ് വിട്ടതിനു ശേഷം സമകാലികമായ ഡിസൈൻ സമ്പ്രദായങ്ങൾ, രീതികൾ, പ്രക്രിയകൾ ഇതൊന്നും ചെയ്തിട്ടുമില്ല ചെയ്യാനുള്ള അവസരങ്ങൾ കിട്ടിയിട്ടുമില്ല
കഴിഞ്ഞ 3 മാസമായി വീടുകളുടെ നവീകരണ പണികൾ ചെയ്യാൻ എന്റെ കൂടെ ജോലി ചെയ്തിരുന്ന 4 പേരടങ്ങിയ ഒരു സംഘത്തിനെ സഹായിക്കാൻ തുടങ്ങിയപ്പോൾ ഒന്നുകൂടി ബീം, കോളം, സ്ളാബ് ഇതിന്റെ ഒക്കെ ഡിസൈൻ ചെയ്തു തുടങ്ങണം എന്ന് തോന്നിത്തുടങ്ങിയതാണ്. ചെയ്യുന്ന ജോലി കൃത്യമായി ചെയ്യണം എന്ന് നിര്ബന്ധമുള്ളതു കൊണ്ടും നൈപുണ്യമുള്ള ഗുരുവിന്റെ ശിക്ഷണം വേണം എന്ന് നിര്ബന്ധമുള്ളതു കൊണ്ടുമാവാം ഇപ്പോൾ ഇങ്ങനെ ഒരു അവസരം ഉണ്ടായത്.
കൊറോണ കുമാരിയുടെ വരവുമൂലമാണ് പണ്ടെങ്ങും കേട്ടുകേഴ്വിപോലുമില്ലാത്ത ഓൺലൈൻ പഠിത്തം എന്നൊരു സംബ്രതായം രൂപം കൊണ്ടത്. ഒന്ന് കൂടി പഠിക്കണം എന്നൊരു മോഹം.
അപ്പോൾ പിന്നെ സാറിന്റെ അടുത്ത് ശിഷ്യപെട്ടു വീണ്ടും പഠിച്ചു തുടങ്ങാം എന്നൊരു തോന്നൽ. .. എന്തായാലും സാറിനോട് ചോദിക്കാം കൂടെ പഠിച്ച പഴയ കൂട്ടുകാർക്കാർക്കെങ്കിലും ചേരുകയും ചെയ്യാം ,എന്നൊക്കെ ആലോചിച്ചു കിടന്നതും എന്റെ കണ്ണുകൾ അടഞ്ഞു ഞാൻ എന്റെ കോളേജിന്റെ വരാന്തകളിലൂടെ കിരുകിരാന്നു ശബ്ദമുണ്ടാക്കുന്ന എന്റെ കോലാപുരി ചെരുപ്പുമിട്ടു നടന്നു തുടങ്ങി.
നോക്കെത്താ ദൂരത്തേക്ക് കണ്ണും നട്ട്, പ്രതീക്ഷയുടെ തീരത്തേക്ക്.
ഈ കഴിഞ്ഞ ആഴ്ച യാത്രക്കിടയിൽ, വര്ണാഭമായ എഞ്ചിനീയറിംഗ് വിസ്മയം കണ്ടപ്പോൾ അതെന്റെ ഫോണിന്റെ ക്യാമെറ കണ്ണുകളിൽ പകർത്തിയപ്പോൾ വീണ്ടും അഹ്മുട്ടി സാറിന്റെ Structural Engineering പാടവത്തെ പറ്റി പറയുകയും, ഇനി എന്നാണിവരെ ഒക്കെ ഒന്ന് കാണുക എന്നോർക്കയും ചെയ്തിരുന്നു. ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു ഫോൺ വിളി ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല …
അഹ്മൂട്ടി സർ: ഒരായിരം നന്ദി ഞങ്ങളെ ഓർത്തതിന്, ഇന്നും ഞങ്ങളെ സ്നേഹിക്കുന്നതിനു, 39 വര്ഷം മുൻപുള്ള അതേ വാത്സല്യവും, കരുതലും ഞങ്ങൾക്ക് പകർന്നു തന്നതിന്
സ്നേഹത്തോടെ ബീന
Leave A Comment