ഉണ്ണി കഥ പറയാൻ തുടങ്ങിയപ്പോൾ, FIR എഴുതാൻ തയ്യാറായ ഏഡിനെ പോലെ അതായതു ഹെഡ് കോൺസ്റ്റബ്ലെറ്റിന്റെ അതേ, ലാഘവത്തോടെ ആണ് ഞങ്ങളിൽ പലരും ഇരുന്നത്. ഉണ്ണി പറഞ്ഞു; സാർ നമ്മൾ, ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് യാത്ര തുടങ്ങിയപ്പോൾ പറഞ്ഞതനുസരിച്ചു, ഭക്ഷണം കഴിച്ചതിനു ശേഷം അരല്പം വിശ്രമിച്ചിട്ടു വൈകുന്നേരം തടാകത്തിന്റെ അടുത്തുള്ള കടകളിലും മറ്റും പോയി സാധനങ്ങൾ വാങ്ങാനായിരുന്നല്ലോ പരിപാടി.
ഉച്ചക്കത്തെ ഊണ് കഴിഞ്ഞതും എല്ലാവരും വിശ്രമിക്കാനായി മുറിക്കുള്ളിലെ ചൂടിൽ ചുരുണ്ടു കൂടി. എനിക്കാണേൽ വലിയ തണുപ്പൊന്നും തോന്നിയില്ല; വയറു നിറയെ ഭക്ഷണം കഴിച്ചത് കൊണ്ടാവാം, അകത്തു ചടഞ്ഞു കൂടി തീ കാഞ്ഞിരുന്നപ്പോൾ എനിക്ക് തല വേദനിക്കാനും തുടങ്ങി, എന്നാൽ പിന്നെ ഒന്ന് പുറത്തോട്ടിറങ്ങി നടക്കാം എന്ന് കരുതി ആണ് ഞാൻ പടിയിറങ്ങിയത്; താഴെ വന്നു. തടാകത്തിന്റെ കടവിലൂടെ അരല്പം മുന്നോട്ട് പോയി.
സാർ ഒരു കാര്യം ഞാൻ പറയാം ഈ തടാകത്തിനു നമ്മളെ വശീകരിക്കുന്ന ഒരു ഭംഗിയാണ്. ഒരു നിമിഷം ക്വാർട്ടേഴ്സിന്റെ അടുത്തുള്ള തേവള്ളി കൊട്ടാരത്തിന്റെ പടവിൽ നിൽക്കുമ്പോൾ കാണാറുള്ള അഷ്ടമുടി കായലിലൂടെ തുഴഞ്ഞു പോകുന്ന വള്ളക്കാരെ ഓർത്തു. നാട്ടിലെ കൊതുമ്പു വള്ളങ്ങളെ ഓർമിപ്പിക്കുന്ന മനോഹരമായ കാഴ്ച കണ്ട് ഞാനങ്ങനെ മതിമറന്നു നിന്നു പോയി, വള്ളം തുഴയുന്നതു സുന്ദരികളും സുന്ദരന്മാരുമാണ്. ലോഹ പോലത്തെ കുപ്പായം ഇട്ട തുഴച്ചിലുകാർ , ആണുങ്ങൾ തലയിൽ തൊപ്പി വെച്ചിരിക്കുന്നു, സ്ത്രീകൾ തലമുടി തുണി കൊണ്ട് മറച്ചിട്ടു പുറകോട്ടു പിടിച്ചു കെട്ടിയിരിക്കുന്നു. മുത്തും പവിഴവും ഒക്കെ കെട്ടിയ മാലയും തൊങ്ങലും ധരിച്ചിരിക്കുന്നു.
വള്ളം തുഴയുന്ന മങ്കകളെ കണ്ടാൽ ഏതൊരു മലയാളിയും ഓർത്തുപോകുന്ന, നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി എന്ന ചിത്രത്തിലെ പാട്ട് ഓർമ്മ വന്നു
കൊതുമ്പുവള്ളം തുഴഞ്ഞുവരും
കൊച്ചുപുലക്കള്ളി നിന്റെ കൊയ്തരിവാള്
തീര്ത്തതേതൊരു കൊല്ലപ്പണിക്കത്തി
കൊതുമ്പുവള്ളം തുഴഞ്ഞുവരും
കൊച്ചുപുലക്കള്ളി നിന്റെ
കൊയ്തരിവാള് തീര്ത്തതേതൊരു
കൊല്ലപ്പണിക്കത്തി കൊല്ലപ്പണിക്കത്തി
ഉണ്ണിയാര്ച്ചപ്പെണ്ണിനു
പണ്ടുറുമിതീര്ത്ത കൊല്ലത്തി
പഴശ്ശിയിലെ തമ്പുരാനു
പരിച തീര്ത്ത കൊല്ലത്തി
പണ്ടു പരിച തീര്ത്ത കൊല്ലത്തി
ഉദിക്കുമ്പോള് ചുവക്കുന്ന മാനത്ത്
ഉലയൂതി തീപടര്ത്തണകൊല്ലത്തീ
ഉദിക്കുമ്പോള് ചുവക്കുന്ന മാനത്ത്
ഉലയൂതി തീപടര്ത്തണകൊല്ലത്തീ
കൊതുമ്പുവള്ളം തുഴഞ്ഞുവരും
കൊച്ചുപുലക്കള്ളി നിന്റെ കൊയ്തരിവാള്
തീര്ത്തതേതൊരു കൊല്ലപ്പണിക്കത്തി
കൊല്ലപ്പണിക്കത്തി
പാട്ടു മൂളിയത് ഇച്ചിരി ഉറക്കെ ആയി പോയി, കടവിന്റെ അടുത്തുകൂടി തുഴഞ്ഞു പോയ വള്ളക്കാരി ഓർത്തു അവരെ വിളിക്കയാണെന്നു, അവർ തോണി കടവത്ത് അടുപ്പിച്ചു.
ഉണ്ണികളേ ഒരു കഥപറയാം, ഒരു പുല്ലാങ്കുഴലിൻകഥ പറയാം എന്നും പറഞ്ഞു പുല്ലാങ്കുഴലൂതി മുന്നേ പോകുന്ന മോഹൻലാലിൻറെ പിന്നാലെ പോകുന്ന കുട്ടികുറുമ്പുകളെ പോലെ ഞാൻ സുന്ദരിയായ കാശ്മീരി തുഴക്കാരിയുടെ വള്ളത്തിൽ കയറി.
കയറിയപ്പോൾ നല്ല ഉത്സാഹമായിരുന്നു. പ്രത്യേകിച്ച് സഹിക്കാൻ മേലാത്ത തണുപ്പൊന്നും തോന്നിയില്ല. അങ്ങനെ തടാകത്തിലെ കാഴ്ചകൾ കണ്ടു യാത്ര ആയി. ആരോടും പറയാനുള്ള സാവകാശവും കിട്ടിയില്ല, പെട്ടെന്ന് തോന്നി ഒരാവേശത്തിന്റെ പുറത്തു തുടങ്ങിയ കൊതുമ്പു വള്ളത്തിലെ യാത്ര.
കടവത്തു നിന്നപ്പോൾ പാടിയ പാട്ട് തോണിയിലും മൂളിക്കൊണ്ടിരുന്നു, തുഴച്ചില്കാരി താളത്തിൽ തുഴഞ്ഞു കൊണ്ടേ ഇരുന്നു, പിന്നെ നടന്നതൊന്നും എനിക്കോർമ്മയില്ല.
അപ്പോഴാണ് വേണു ബാക്കി കാര്യങ്ങൾ പറഞ്ഞത്. ഒരു പുകയുടെ മറവിൽ തണുപ്പ് അകറ്റാൻ പുറത്തു വന്ന വേണുവാണ്, വഞ്ചിക്കാരിയെ ആദ്യം കണ്ടത്, അവർ കൈയ്യാട്ടി വിളിച്ചപ്പോൾ, മനസ്സിൽ പൊട്ടിയ ലഡ്ഡുവിന്റെ മധുരം ആസ്വദിച്ചു അടുത്ത് ചെന്നു, അപ്പോൾ ആണ് പുലിവാല് പിടിച്ചെന്ന് മനസ്സിലായത്.
തോണിക്കാരി വല്ലാതെ പരിഭ്രമിക്കയായിരുന്നു. അവർ ഹിന്ദിയിൽ ഇത്രയൊക്കെ പറഞ്ഞു , യാത്രയുടെ ഇടയിൽ പെട്ടെന്നാണ് പാട്ട് നിന്നതു, എന്തോ ഒന്ന് വീഴുന്ന ശബ്ദവും കേട്ടു. തിരികെ നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ടു അവർ ഭയന്നു. യാത്രക്കാരൻ ബോധരഹിതനായി വള്ളത്തിൽ വീണു കിടക്കുന്നു. അപ്പോളാണവർ അസ്ത്രം വിട്ടപോലെ തുഴഞ്ഞു ഞങ്ങളുടെ ഹോട്ടലിന്റെ അടുത്തുള്ള കടവത്തെത്തിയത്. മരവിച്ചൊരു മരകൊള്ളി പോലെ ഐസ് ആയി മിണ്ടാട്ടമില്ലാതെ യാത്രക്കാരൻ വഞ്ചിയിൽ കിടക്കുന്നു. .
രണ്ടാളും കൂടി എങ്ങനെയോ ശരീരം പൊക്കിയെടുത്തു കടവിലെ തടിപ്പലകയിൽ കിടത്തി. ആളിനെ കണ്ടതും തൊണ്ടയിൽ ശബ്ദം കുരുങ്ങിയ വേണുവിന്റെ അലർച്ചയാണ് , ഞങ്ങളെല്ലാവരും കേട്ടത്… ഇതാണ് സാർ സംഭവിച്ചത്… ഇത്രയേ സംഭവിച്ചുള്ളൂ സാർ
ഇതാണ് സ്നേഹബന്ധം, വിദ്യാർത്ഥികളുടെ, കൂട്ടുകാരുടെ സ്നേഹബന്ധം, കുസൃതിയും കുറുമ്പും കൂടി കലർന്ന സ്നേഹബന്ധം.
കഥയുടെ ചുരുളഴിഞ്ഞപ്പോൾ പലർക്കും പല അനുമാനങ്ങളായിരുന്നു. ഇനിയിപ്പോൾ ഞങ്ങളുടെ പിറ്റേന്നത്തെ വഞ്ചിയിലെ യാത്ര റദ്ദാക്കുമോ എന്നൊരു ഭയം, പക്ഷെ ആ ഭയമൊക്കെ അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു. ജോൺ ചെറിയാൻ സാറിന്റെ പെരുമാറ്റം.
ഇതൊന്നും വലിയ കാര്യമല്ല, ഭാവിയിൽ ഓർത്തിരിക്കാനും ഉപയോഗിക്കാനും , CPR -ന്റെ ഒരു പ്രായോഗിക പ്രഥമ ചികിത്സ എന്ന വലിയ ഒരു പാഠം പഠിച്ചല്ലോ എന്ന് പറഞ്ഞു,
അന്ന് തല ആട്ടിയവർ പലരും പിൽക്കാലത്തു ഹോട്ടലിലെ തൊപ്പിക്കാരൻ ഉണ്ണിക്കു കൊടുത്ത സഞ്ജീവനി ദ്രാവക രൂപേണ കഴിച്ചാൽ ഒരിക്കലും തണുത്തു വിറക്കില്ല എന്നുള്ള പരമാര്ഥ സത്യം മനസ്സിലാക്കി. ഇന്നും തണുപ്പിനൊന്നും നോക്കിയിരിക്കാതെ പലരും അത് പരീക്ഷിക്കുന്നു. ഒരിക്കലും തണുത്തു വിറച്ചു കോച്ചി ഉണ്ണിക്കു വന്ന അവസ്ഥ വരാതിരിക്കാൻ ഒരു മുൻകരുതലായി
കടകളുടെ ചില്ലുജാലകങ്ങളിലൂടെ നോക്കി നടന്നിട്ടു നേരമ്പോക്കിന് കടയ്ക്കുള്ളിൽ കയറി വേണ്ടതും വേണ്ടാത്തതും വാങ്ങുന്ന ശീലം ഇല്ലെങ്കിലും, കരകൗശലങ്ങളുടെ കലവറകൾ, ലോകസഞ്ചാരം തുടങ്ങിയപ്പോൾ, IKEA, അല്ലെങ്കിൽ ഹാർഡ്വെയർ കട, വീട്ടു സാധനങ്ങൾ വില്കുന്നിടം കണ്ടാൽ, കടയ്ക്കുള്ളിൽ കയറി, ഒരറ്റം മുതൽ മറ്റേ അറ്റം വരെ വളരെ പെട്ടെന്ന് നടന്നു, കാണും, ഒരു സാധനം പോലും വിടാതെ കാണും, പുതിയ എന്ത് കണ്ടാലും അതിന്റെ പ്രത്യേകതകൾ നോക്കി വില മനസ്സിൽ കുറിച്ചിടും, വീട്ടുപയോഗത്തിനോ, അല്ലറ ചില്ലറ മരാമത്തുപണിക്കോ ഉതകുന്നതാണെന്നു കണ്ടാൽ മാത്രമേ, വാങ്ങൂ. പെട്ടെന്നുണ്ടാവുന്ന ആവേശത്തിൽ ഒരു സാധനവും ഞാൻ വാങ്ങാറില്ല. പണ്ടുമില്ല, ഇന്നുമില്ല.
ലോകത്തിന്റെ പല ഭാഗങ്ങളിലായി എവിടെയൊക്കെ താമസിച്ചിട്ടുണ്ടോ, Australia, America, Africa, UK, UAE അവിടെയെല്ലാം മൊത്തവ്യാപാര മാർക്കറ്റുകളിൽ നിന്നാണ്, മീനും, മലക്കറിയും, ഇറച്ചിയും, പലചരക്കുമൊക്കെ വാങ്ങാറ്. Zambia-ലെ Kabulonga-ലെ Maluwa Market, Sydney- ലെ Flemington Market, Pyrmont Fish Market, , Dubai- ൽ മലക്കറിയും പഴവർഗ്ഗങ്ങളുമെല്ലാം മൊത്തമായി വിൽക്കുന്ന അവീറിലെ മാർക്കറ്റ്, മീനും ഇറച്ചിയുമൊക്കെ കിട്ടുന്ന Deira Market, America-ലെ Restaurant Depot, Costco, Farmers Market, UK- ൽ മീൻ Central Fish Market നിന്നും, ഇറച്ചി അയല്പക്കത്തെ കൃഷിക്കാരന്റെ farm-ൽ നിന്നുമാണ് വാങ്ങാറ്. മലക്കറിയെല്ലാം നമ്മുടെ പറമ്പിൽ തന്നെ നട്ടു വളർത്തിയതും. എനിക്ക് വലിയ ഉത്സാഹമാണ്. കഞ്ഞിയും കറിയും ഉണ്ടാക്കാനുള്ള സാധനങ്ങൾ വാങ്ങാൻ പോകാനും, അതെല്ലാം നോക്കിഎടുക്കാനും. ഒരു കാര്യം തീർച്ച മറ്റുള്ളിടത്തേക്കാൾ മെച്ചപ്പെട്ട സാധനങ്ങൾ, ആദായ വിലക്കു കിട്ടുന്നിടമാണ്. മേല്പറഞ്ഞ ഇടമെല്ലാം.
കേരളത്തിലെവിടെ ആയാലും നമ്മുടെ സ്ഥിരം താവളങ്ങൾ ഉണ്ടെല്ലാവർക്കും, വലിയകട, ചാമക്കട, ചിന്നക്കട, ചാല കമ്പോളം, കാവനാട്, നീണ്ടകര, എറണാകുളത്തെ ബ്രോഡ്വെയുടെ അടുത്ത് ഉള്ള സുഗന്ധവ്യജ്ഞനങ്ങളുടെ മൊത്ത വ്യാപാര കടകൾ, അവിടെ കിട്ടുന്ന പലതരം വീട്ടുസാമഗ്രികൾ, പാലാരിവട്ടത്തെ മാർക്കറ്റ്. ഇതൊക്കെ എന്റെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്
അന്ന് വൈകുന്നേരം 7 മണിയോടെ ഞങ്ങൾ തടാകത്തിന്റെ തീരത്തുള്ള കടകളിലൂടെകയറി ഇറങ്ങാൻ തുടങ്ങി. ഞങ്ങളുടെ ഹോട്ടലിലെ സില്ബന്ധി പയ്യനും കൂടെ വരാമെന്നു ഏറ്റു, വിലപേശാനും നല്ലതു തിരഞ്ഞു കണ്ടുപിടിച്ചു തരാനും. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാര്യം ബോധ്യമായി, ആരെങ്കിലും എന്തെങ്കിലും വാങ്ങിയാൽ ഞങ്ങളുടെ കൂടെ ഉള്ള സുൽത്താനും ഒരു ചെറിയ പങ്കു കിട്ടുമെന്ന്. സത്യത്തിൽ ഞങ്ങൾക്കാർക്കും അതിൽ വലിയ പരിഭവം ഇല്ലായിരുന്നു. ഞങ്ങളുടെ ഉണ്ണിയെ രക്ഷിച്ച വീരശൂരനല്ലേ. പിന്നെ ഞങ്ങൾ ആരും തന്നെ 20 രൂപയിൽ കൂടുതൽ വിലയുള്ളതൊന്നും വാങ്ങിയിരുന്നുമില്ല.
വെള്ളിയിൽ തീർത്ത ആഭരണങ്ങൾ, അതിനെ പല നിറത്തിലും ഭാവത്തിലും വലിപ്പത്തിലും ഉള്ള കല്ലുകൾ കൊണ്ട് മോടി പിടിപ്പിച്ചത്. ഗോ ഗോ ബെൽറ്റ് എന്ന പേരിൽ അരഞ്ഞാണം പോലെ ഉടുപ്പിന്റെ മുകളിലായി കൊളുത്തിയിടാനുള്ള ബെൽറ്റ് അത് ഒരുതരം വെള്ളോട്ടിൽ തീർത്തത്. വളരെ പ്രത്യേകതയുള്ള ആഭരണങ്ങൾ ആണിവിടെ ഉള്ളവർ ധരിക്കുന്നതു, നാട്ടിലെങ്ങും ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത പണികൾ, വെള്ളോടും, വെള്ളിയും അതിൽ തീർത്ത ചെറിയ ചങ്ങലകളും, ഞാത്തുകളും, നിറക്കൂട്ടുകളുടെ മാസ്മര ലോകം. ആപ്പിളിന്റെ കുരു അടുപ്പിച്ചു തുന്നികെട്ടിയ മാലകൾ, അതൊരു അതിശയമായിരുന്നു.
വള്ളികൊണ്ടു നെയ്തുണ്ടാക്കുന്ന നിരവധി സാധനങ്ങൾ കുട്ടയും, പായും, പരവതാനിയുമൊക്കെ ആയി അലങ്കാരത്തിനാണെങ്കിലും നിത്യോപ യോഗത്തിനാണെങ്കിലും വളരെ സൂക്ഷ്മതയോടെ തീർത്ത കുറെ അധികം സാധനങ്ങൾ പലകടകളിലും സുലഭമായിരുന്നു..
പിന്നെ Walnut മരത്തിന്റെ തടികൊണ്ട് ഉണ്ടാക്കിയ പലതരം കരകൗശല ഉത്പന്നങ്ങൾ. പുസ്തകങ്ങൾ അടുക്കി വെക്കുമ്പോൾ മറിഞ്ഞു വീഴാതിരിക്കാൻ രണ്ടറ്റത്തും തടികൊണ്ടുണ്ടാക്കിയ താങ്ങുകൾ അതിലെല്ലാം ചിത്രപ്പണികൾ ഉണ്ടായിരുന്നു, അഴകേറിയ ചിത്രപ്പണികൾ , അമ്പലകുളങ്ങളിലും ചില വയലുകളിലും കണ്ട താമരയും ആമ്പലുമൊക്കെ കേരളത്തിന്റെ മാത്രമാണെന്ന് കരുതിയ എനിക്ക് തെറ്റി, അങ്ങ് വടക്കു ഇന്ത്യയുടെ അതിർത്തിയിൽ Dal തടാകത്തിലെ രാജ്ഞി ആണ് താമര , ഈ താമരപ്പൂവും ഇലയും കൊത്തിവെച്ച അതിമനോഹരമായ മേശകളും ആഭരണപെട്ടികളും, തളികകളും, എന്തെല്ലാം സാധനങ്ങളാണിവർ, ജാഗ്രതയോടെ ചെയ്തുതീര്ത്തിരിക്കുന്നത്
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment