രാത്രി കിടക്കുന്നതിനു മുന്നേ തന്നെ വാങ്ങിയ സാധനമെല്ലാം എന്റെ ബാഗിനുള്ളിൽ ഒതുക്കി വെച്ചു, പിറ്റേന്നിടാനുള്ള ഉടുപ്പെടുത്തു മുകളിൽ വെച്ചു, മുഷിഞ്ഞ തുണി ഒരു കവറിലും ആക്കി വെച്ചു. അടുക്കി പെറുക്കിയിട്ടു ഉറങ്ങാൻ കിടന്നു. അതിരാവിലെ എഴുന്നേറ്റു, റെഡി ആയി യൂത്ത് ഹോസ്റ്റലിന്റെ വാതിലിൽ വന്നു ബസ് വന്നോ എന്ന് നോക്കാൻ ചെന്നപ്പോൾ ഒരു അംബാസിഡർ കാർ, ഗേറ്റ് കടന്നു വരുന്നു, ശ്രദ്ധിക്കാൻ കാരണം ഇന്ത്യൻ പതാക മുന്നിലിങ്ങനെ കാറ്റത്തു പറക്കുന്നു. നമ്മുടെ രാജ്യത്തിന്റെ കൊടി കാണുമ്പോഴെല്ലാം എനിക്ക് തോന്നുന്ന വികാരം എന്റെ നാടെന്ന അഭിമാനവും, അന്തസ്സുമാണ്. കാറ്റിൽ തത്തി കളിച്ചങ്ങനെ കൊടിയും കാറും പോർട്ടിക്കോയിൽ സാവധാനം വന്നു നിന്നു.
പുറകിലത്തെ രണ്ടു കതകും തുറന്നു. മോഹൻലാലും, മമ്മൂട്ടിയും മലയാളം സിനിമയിൽ നിർണ്ണായക നിമിഷങ്ങളിൽ രംഗപ്രവേശം ചെയ്യുമ്പോൾ കാണിക്കുന്ന പാന്റും ഷൂസും ഇട്ട, അല്ലെങ്കിൽ മുണ്ടുടുത്തുള്ള കാലിന്റെ ക്ലോസ് അപ്പ് ഷോട്ട് ഉണ്ടല്ലോ അതുപോലെ കാലുകൾ ഓരോന്നായി പുറത്തു വന്നു, കൊടിയും കാലും മാറി മാറി നോക്കിയ ഞാൻ അറിയാതെ ഞെട്ടി തരിച്ചു
ദേ നില്കുന്നു നാസറും നവാസും
രണ്ടു പേരും സ്ലോ മോഷനിൽ വണ്ടിയുടെ പുറകു തുറക്കാനായി ഡ്രൈവറിനെ കാത്തുള്ള നിൽപ്പ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി ഇത് വെറുതെ വിടേണ്ട ഒരു സംഭവമല്ല 4 പേര് കാണണ്ട കാഴ്ച ആണ് കൊടി വെച്ച വണ്ടിയിൽ വന്നിറങ്ങിയ എന്റെ കൂട്ടുകാരുടെ അഭിമാന മുഹൂർത്തം
ഞാനോടി ഡൈനിങ്ങ് ഹാളിൽ ചെന്ന് ജോമിയോട് പറഞ്ഞു Jomy ഓടി വാ നാസറും നവാസും എത്തി, ഓടി വാ
കേട്ട പാതി കേൾക്കാത്ത പാതി ഉണക്ക റൊട്ടിയും ജാമുമൊക്കെ ഇട്ടെറിഞ്ഞിട്ടു കുറെപേരിറങ്ങി വന്നു.
അപ്പോഴും അവർ രണ്ടാളും ചെറിയൊരു എയർ ബാഗിന്റെ അറ്റത്തു പിടിച്ചു പതുക്കെ പൊക്കുന്നതെ ഉള്ളൂ.
ഞങ്ങളെ എല്ലാവരെയും കണ്ടതും നാസർ ഡ്രൈവറിനോട് മലയാളത്തിൽ പറഞ്ഞു രവി സാറിനോട് പറഞ്ഞേരെ ഞങ്ങൾ സമയത്തിനെത്തിയെന്നു, വീണ്ടും കാണാം. പിന്നെ ഇന്നലെ ഞങ്ങളെ ഡൽഹി കാണിച്ചതിന് വളരെ നന്ദി.
നിക്കാഹ് നടന്ന വീട്ടിലേക്കു പുയ്യാപ്ല വിരുന്നിനു വരുമ്പോഴുള്ള ഒരു ശങ്കയുണ്ടല്ലോ എല്ലാവര്ക്കും അത് പോലെ ഒരനുഭവം , ഇച്ചിരി നേരത്തേക്ക് ആരും ഒന്നും മിണ്ടാതെ, വെറുതെ നോക്കി നിന്നു, പെട്ടെന്നാണ് യാത്ര പോകേണ്ട ബസ് ഗേറ്റ് കടന്നു അകത്തേക്കുരുണ്ടു വന്നത്, അപ്പോഴേക്കും ഞാൻ പറഞ്ഞു അയ്യോ താമസിക്കല്ലേ വണ്ടി പോകും, നിങ്ങൾ ബാഗ് വെച്ചിട്ടു പെട്ടെന്ന് വാ, John Cherian സാർ ഭക്ഷണം കഴിച്ചോണ്ടിരിക്കുവാ മെസ് ഹാളിൽ എന്റെ കൂടെ വാ സാറിനെ കണ്ടു പറയാം. അങ്ങനെ ഞങ്ങളെല്ലാവരും മാല മാലയായി മെസ് ഹാളിൽ സാറിന്റെ മേശക്കടുത്തെത്തി.
ജോൺ ചെറിയാൻ സാർ രണ്ടാളെയും കണ്ടു ചെറുതായി ഞെട്ടി, നാസറെന്തോ സ്വകാര്യം പറഞ്ഞു, സാറ് തല ആട്ടി. എന്നിട്ടെല്ലാവരോടുമായി പറഞ്ഞു ഇനി നമ്മളെല്ലാവരും കൂടി ഒരുമിച്ചു യാത്ര പോകുന്നു, എന്തായാലൂം ഇന്ന് തന്നെ വന്നത് നന്നായി.
ആദ്യത്തെ ദിവസത്തെ അനുഭവങ്ങൾ പലതും പുതുമയുള്ളതായിരുന്നു , രണ്ടാമത്തെ ദിവസത്തെ പരിപാടി തീവണ്ടിയിൽ വന്ന വഴി കടന്നു പോയ ആഗ്രയിലേക്കായിരുന്നു.
സ്കൂളിൽ പഠിച്ച സോഷ്യൽ സ്റ്റഡീസ് എന്ന വിഷയവും അമർ ചിത്രകഥയുമാണ് ഞങ്ങളെ എല്ലാവരെയും ചരിത്രവുമായി ബന്ധിപ്പിക്കുന്ന കണ്ണി.
അന്ന് പഠിച്ച മുഗൾ വാഴ്ചകൾ, ഗുപ്ത, മൗര്യ തുടങ്ങിയ പല പല രാജവംശത്തിന്റെ ചരിത്രങ്ങൾ, യുദ്ധങ്ങളുടെ പേരുകൾ അവയിലെല്ലാം പടപൊരുതിയ ചക്രവർത്തിമാരുടെയും രാജാക്കന്മാരുടെയും പേരുകൾ വർഷങ്ങൾ, ദീർഘവീക്ഷണമുള്ള പേരുകേട്ട ഭരണാധികാരികളുടെ പരിഷ്ക്കാരങ്ങൾ, ഇതൊക്കെ വര്ഷങ്ങളുടെ കണക്കു വെച്ച് ആൾക്കാരുടെയും സ്ഥലത്തിന്റെയും പേരുകളും ഓർത്തു വെച്ച് പഠിച്ച സമയം. എഞ്ചിനീറിങ്ങിനു വീണ്ടും Architecture and Town Planning-ൽ എല്ലാ തരം നിർമ്മാണങ്ങളുടെയും അടിസ്ഥാനവും രൂപരേഖ കളും പഠിക്കാൻ തുടങ്ങി. പക്ഷെ ഇതൊക്കെ നേരിൽ കാണാനുള്ള ആദ്യത്തെ അവസരമായിരുന്നു ഞങ്ങളുടെ ഈ യാത്ര.
ജീവിതത്തിൽ ആദ്യമായിട്ടാണ് ലോകത്തിലെ അത്ഭുതങ്ങളിൽ ഒന്നിനെ കാണാൻ പോകുന്നത്, ആഗ്രയിൽ
വൈവിധ്യങ്ങളുടെ ഈറ്റില്ലമാണ് നമ്മുടെ നാട്, ചരിത്രം വിളയാടുന്ന ഇടം.
വിഭിന്നമായ, നാനാത്വത്തിൽ ഏകത്വമുള്ള നമ്മുടെ ഇന്ത്യ, ഏതൊരു മേഘലയെടുത്താലും അതിപ്പോൾ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങൾ, സാമൂഹിക നവോത്ഥാനം, സാംസ്കാരിക ഉന്നമനം എന്തും ആവട്ടെ; അവിടെ ഒക്കെ ഒരു ഭാരതീയന്റെ കൈയ്യൊപ്പുണ്ടാവും.
ജൈവവൈവിദ്ധ്യം കൊണ്ട് സുന്ദരമായ നമ്മുടെ ഇന്ത്യ, സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും കാര്യമെടുത്താലും, പ്രകൃതിയിലെ എന്ത് തരം കാഴ്ചകൾ എടുത്താലും ശരി ഉയരം കൂടിയ മഞ്ഞിന്റെ കൊടുമുടി മുതൽ നീണ്ടുകിടക്കുന്ന മലനിരകൾ, മനോഹരമായ വനാന്തരങ്ങൾ, മരുഭൂമികൾ, പീഠഭൂമികൾ, നദികളും, നദീതടങ്ങളും, പൊഴികളും, അഴിമുഖങ്ങളും, സമുദ്രങ്ങളും, എല്ലാംകൊണ്ടും പ്രകൃതീ ദേവി കനിഞ്ഞനുഗ്രഹിച്ച നാടാണ് നമ്മുടെ ഇന്ത്യ .
ജന്മനാ തന്നെ മതേതരത്വം എന്ന തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം. ഭാഷയുടെ കാര്യമെടുത്താൽ ഇത്രയധികം ഭാഷ സംസാരിക്കുന്ന എഴുതുന്ന മറ്റൊരു രാജ്യമില്ല, ശാസ്ത്ര പാണ്ഡിത്യം സുകുമാര കലകളിൽ ഉള്ള മികവ്, ഏതു തുറയിലും തിളങ്ങുന്ന പ്രതിഭാസങ്ങളുടെ നാട്. പാരമ്പര്യത്തിന്റെ കാര്യത്തിൽ നമ്മളെ കഴിഞ്ഞേ വേറെ ആരുമുള്ളു.
ഭക്തി, മതം, ആചാരങ്ങൾ, ശീലങ്ങൾ, നിഷ്ഠകൾ, സംസ്കാരം, സംഗീതം, നൃത്തം , വാദ്യോപകരണങ്ങൾ, കരകൗശല വിദ്യകൾ, ഭക്ഷണം, ഭാവനാസൃഷ്ടി, വാസ്തു വിദ്യ,വൈദ്യശാസ്ത്രം, പരമ്പരാഗത ചികിത്സാ രീതികൾ, ലോകോത്തരമായ കണ്ടുപിടിത്തങ്ങൾ, ഉത്പന്നങ്ങൾ, പല തരത്തിലുള്ള നൈപുണ്യങ്ങളുടെ സംഗമസ്ഥാനമാണ് നമ്മുടെ ഇന്ത്യ. അഭ്യസ്തവിദ്യരുടെ നാടാണ് നമ്മളുടേതു , എന്നാൽ മടിക്കു ഡോക്ടറേറ്റ് എടുത്തവരുടെ കൂടാണ്താനും.
ഞാൻ നേരത്തെ തന്നെ വണ്ടിയിൽ കയറി ഇരിപ്പായി.ജനാലയും വേണ്ട മുന്നിലും വേണ്ട ഏറ്റവും പുറകിലത്തെ സീറ്റിൽ കൂടുതൽ പേർക്ക് നിരന്നിരിക്കാവുന്ന സീറ്റിൽ, എന്നിട്ടു വേണം രണ്ടാളുടെയും വിശേഷങ്ങൾ കേൾക്കാൻ. ഓരോരുത്തരായി വണ്ടിയിൽ കയറി തുടങ്ങി പതിവ് പോലെ ജനാലയുടെ അടുത്തിരിക്കാൻ ഉള്ള ധൃതിയായി, ഇന്നാണെങ്കിൽ Youth Hostel വിട്ടാൽ ആഗ്രയിൽ ചെന്നേവണ്ടി നിർത്തു. എല്ലാവരും കയറി എന്നുറപ്പു വരുത്തേണ്ട ടീമിനോട് തലയുടെ എണ്ണം കൂടിയ കാര്യം ഓർമിപ്പിച്ചു. രണ്ടു തല കൂടിയിരിക്കുന്നു. ഭാഗ്യത്തിന് ഇനി അങ്ങോട്ടുള്ള യാത്രാ ഏർപ്പാടൊന്നും തന്നെ റദ്ധാക്കിയിരുന്നില്ല അതിനുള്ള ബുദ്ധി പോയില്ല എന്നുള്ളതാണ് വാസ്തവം.
അവസാനം കയറിയത് അപ്പോഴേക്കും ഞങ്ങളുടെ എല്ലാം ആരാധന പാത്രങ്ങളായി മാറിയ നാസറും നവാസും.
എല്ലാവരുടെയും മനസ്സിൽ പല തരത്തിലുള്ള ലഡ്ഡു പൊട്ടി കൊണ്ടേ ഇരുന്നു
ഇവൻമാരിതെങ്ങനെ ഒപ്പിച്ചു. പ്രശ്നമുണ്ടാക്കി പരിഹരിക്കാൻ കഴിവുള്ള തന്ത്രജ്ഞനാണ് ഞങ്ങളുടെ UUC (University Union Councillor) Nazer പ്രശ്നങ്ങൾ ഉണ്ടാക്കാൻ അറിയാത്ത കലാകാരനാണ് നവാസ്.
മുൻപിലുള്ള രണ്ടു പേർക്കിരിക്കാവുന്ന ഇരിപ്പെടങ്ങളെല്ലാം നിറഞ്ഞു. ഇനിയിപ്പം അവസാനത്തെ നീണ്ട സീറ്റ് മാത്രമേ ഉള്ളൂ. ഒന്നും അറിയാത്ത പോലെ ഞാൻ പുറത്തോട്ടു നോക്കിയിരുന്നു. അങ്ങനെ അവർ രണ്ടാളും ജോമിയും എന്റെ അടുത്ത് കൂടി.
ഒരു കള്ള ചിരിയോടെ ഞങ്ങൾ പരസ്പരം നോക്കി . വണ്ടി വിടുന്നതിനു മുന്നേ യുള്ള വഴികാട്ടിയുടെ നിർദ്ദേശങ്ങൾ എല്ലാവരും കാതോർത്തു കേട്ടു. ഒരു നീണ്ട യാത്രയാണ്, വഴിയിൽ എങ്ങും നിർത്താതെ പോയാൽ കുറച്ചധിക നേരം എല്ലായിടത്തും കിട്ടും, ആർക്കെങ്കിലും ബാത്റൂമിൽ പോകണമെങ്കിൽ ഇപ്പോൾ പോകുന്നതാണ് നല്ലതു, വഴിയിൽ അതിനുള്ള സൗകര്യങ്ങൾ കുറവാണ്., എല്ലാവരും പരസ്പരം നോക്കി ആരും ഇറങ്ങിയില്ല. വണ്ടി പുറപ്പെട്ടു.
കുറെ നേരത്തേക്ക് വഴികാട്ടി വാ തോരാതെ ഓരോന്ന് പറഞ്ഞു പിന്നെ നോക്കെത്താ ദൂരത്തോളം ഒന്നും പ്രത്യേകിച്ചില്ലാത്ത റോഡിലൂടെയായി യാത്ര. വെളുപ്പിനെ എഴുന്നേറ്റത് കൊണ്ട് പലരും ഉറക്കം തൂങ്ങാൻ തുടങ്ങി സൈഡിലെ കമ്പിയിലും അടുത്തിരിക്കുന്ന ആളിന്റെ തോളിലുമൊക്കെ തല ചായ്ക്കാൻ തുടങ്ങി, ആരും ആരുടേയും സ്വകാര്യതയെ ശല്യപ്പെടുത്താതെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചിരുന്നു.
അപ്പോൾ ഞങ്ങൾ പതുക്കെ പരസ്പരം നോക്കി, എന്നിട്ടു ഞാൻ നാസറിനോട് ചോദിച്ചു എപ്പോ എത്തി?, ഏതാ വന്ന കാർ?, ആരാണ് രവി?,
ഹോ ഒന്നു കാണേണ്ടതായിരുന്നു രണ്ടാളിന്റെയും കോളർ പൊങ്ങിയ ഒരു ദൃശ്യം.
ഗമയോടെ രണ്ടാളും ഒന്ന് ഞെളിഞ്ഞിരുന്നിട്ടു പറഞ്ഞു, “ഞങ്ങൾ വിമാനത്തിൽ കയറി”
ങേ!!
എപ്പോ? വിമാന യാത്ര ഇനി വരുന്നതല്ലേ ഉള്ളൂ, ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കു …
“ഞങൾ കേരളത്തിന്റെ തലസ്ഥാനമായ തിരുവന്തപുരത്തു നിന്ന്, ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹിയിലേക്ക് വിമാനത്തിലാണ് വന്നത്.
ഞങ്ങൾ ഇന്നലെ എത്തി, പിന്നെ രവി ആരാണെന്നു ചോദിച്ചില്ലേ? അത് വയലാർ രവി സാറാണ്, കോൺഗ്രസിലെ,
എനിക്ക് രാഷ്ട്രീയത്തിലുള്ള പിടിപാട് ബീനക്കറിയില്ല; വഴിയേ പറയാം. പിന്നെ, കൊടി വെച്ച കാറ്; അത് Kerala House- ലെ കാറാണ്.
എനിക്കൊന്നും മനസ്സിലായില്ല. അപ്പോഴും എനിക്കൊന്നേ അറിയേണ്ടിയിരുന്നുള്ളൂ
പറ, ആൽബിൻ സാറെങ്ങനെയാണീ തിരക്കഥ എഴുതിയതെന്നു പറ. പൊടിപ്പും തൊങ്ങലുമൊക്കെ ബാക്കിയുള്ളവർക്ക് വെച്ചിട്ടു സാറിന്റെ തന്ത്രപരമായ നീക്കങ്ങളെ പറ്റി മാത്രം ഇപ്പോൾ പറഞ്ഞു താ. ഇതൊരിക്കലും എങ്ങും സംഭവിക്കാത്ത കാര്യമാണ്
സാറിന്റെ മാത്രം വലിയ മനസ്സിന്റെ , സ്വന്തം വിദ്യാര്ഥികളോടുള്ള പ്രതിപത്തതയുടെ പര്യായമാണിപ്പോൾ നിങ്ങൾ ഇവിടെ എത്തിയതിന്റെ പിന്നിലെ സത്യം. അത് മാത്രം ഒന്ന് പറ.
അങ്ങനെ എന്റെ വാശിക്ക് മുന്നിൽ തിരക്കഥ അവതരിപ്പിച്ചു തുടർക്കഥ ആക്കാതെ ആഗ്ര എത്തുന്നതിനു മുന്നേ കാര്യങ്ങളെല്ലാം അക്ഷരം പ്രതി പറഞ്ഞു തന്നു.
ഈ യാത്ര തുടരുന്നതായിരിക്കും..
Leave A Comment