രണ്ടു മണിക്കൂറു കഴിയുമ്പോൾ കേരളം വിടും, പിന്നങ്ങോട്ട് തമിഴ്നാട്ടിലൂടെ കുറെ ദൂരം പോയിട്ട് ആന്ധ്രാപ്രദേശിൽ കയറും, അതിനു ശേഷമുള്ള 24 മണിക്കൂർ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ കൂടെ ആയിരിക്കും. മൈസൂർ, ആന്ധ്ര, തമിഴ്നാട് സ്കൂളിൽ നിന്നും പിന്നെ കോളേജിൽ നിന്നും പോയ സ്ഥലങ്ങളാണ്. പക്ഷെ അതിനപ്പുറം ആദ്യമായി കാണാൻ പോകുന്നു, അതാണ് ഞങ്ങളുടെ ഈ യാത്രയുടെ ഉദ്ദേശവും.
സസ്യശ്യാമളസുന്ദര കേരളത്തിനോട് തത്കാലം വിടപറയാൻ പോകുന്നു. ഒന്നു കൂടി ഓർത്തു നോക്കി എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? ഉണ്ട് വെള്ളം! എല്ലാവരുടെയും കൈയ്യിലുള്ള വെള്ളത്തിന്റെ കുപ്പികൾ കേരളം വിടുന്നതിനു മുന്നേ നിറയ്ക്കണം. ഒറ്റപ്പാലവും പാലക്കാടും വണ്ടി നിർത്തുമ്പോൾ വെള്ളം നിറക്കാനായി എല്ലാകുപ്പികളും രണ്ടു കതകിന്റെയും അടുത്തുള്ള ബെഞ്ച് പോലത്തെ സീറ്റിൽ നിരത്തി, മൂന്നാലു പേരുടെ എയർ ബാഗിലെ സാധനങ്ങൾ പുറത്തെടുത്തിട്ടു അതിൽ കുപ്പികൾ നിറച്ചു . എല്ലാ കുപ്പികളും കൂടി ഒരുമിച്ചു കളയാതെ കൊണ്ടുപോകാനും കൊണ്ടുവരാനും ഇതാണ് എളുപ്പം; എന്നിട്ടു 4 പേര് അടങ്ങുന്ന സംഘങ്ങളായി, എല്ലാ സംഘത്തിലും പെൺകുട്ടികളും ആൺകുട്ടികളും. ബാഗുമായി പൈപ്പിന്റെ മുന്നിൽ വരിവരിയായി നിന്നിട്ടു ഓരോന്നായി മാറി മാറി നിറയ്ക്കണം, ഒരു ബാഗ് കഴിയുന്നതും അടുത്ത ബാഗ്, അങ്ങനെ എല്ലാ കുപ്പിയും ആകെ കിട്ടുന്ന രണ്ടോ മൂന്നോ മിനിട്ടു കൊണ്ട് നിറച്ചു തിരികെ വണ്ടിയിൽ ഓടി കയറണം. ഒരു സഹകരണ അടിസ്ഥാനത്തിൽ, ഒരു പക്ഷിയുടെ രണ്ടു ചിറകു പോലെ എല്ലാ കാര്യത്തിലും ഒത്തൊരുമയോടെ സഹകരിച്ചു മുന്നോട്ടു പോയ നല്ല കുറെ നാളുകൾ. ഗാർഡിന്റെ കൈയ്യിലെ കൊടിയും നോക്കി മൂന്നാലു പേര് നില്പുണ്ടായിരുന്നു, ഒരു മിനിറ്റ് കഴിഞ്ഞതും പെൺകുട്ടികൾ തിരികെ പോരാൻ തുടങ്ങി, കുപ്പികൾ നിറച്ചു തിരികെ ട്രെയ്നിലേക്കോടി വെച്ചിട്ടുആൺകുട്ടികൾ വീണ്ടും തിരികെ പോയി ബാക്കി കുപ്പിയെല്ലാം നിറച്ചു, അതിന്റിടയിൽ രണ്ടു കുപ്പിയുമായി ഞങ്ങൾ രണ്ടുപേർ റെയിൽവേ ക്യാന്റീനിൽ കയറി സപ്ലയറിന്റെ അടുത്ത് ചെന്ന് വളരെ ദയനീയമായി അപേക്ഷിച്ചു അണ്ണാ രണ്ടു കുപ്പി വെള്ളം, തമിഴ്ചുവയുള്ള മലയാളത്തിൽ പാവം സപ്ലയർ വാങ്കോ എന്നും പറഞ്ഞു മേശപ്പുറത്തു വെച്ചിരുന്ന സ്റ്റീൽ ജഗ്ഗിലെ വെള്ളം സ്നേഹത്തോടെ ഞങ്ങൾക്ക് പകർന്നു തന്നു. റൊമ്പ നണ്ട്രി എന്നും പറഞ്ഞു ഞങ്ങൾ ഓടി വണ്ടിയിൽ കയറി, എല്ലാവരും കൂടി സന്തോഷമായി ആഘോഷമായി വെള്ളം പിടിച്ചു തിരികെ വണ്ടിയിൽ കയറി.
വെള്ളം പിടിക്കുന്ന പൈപ്പിന്റെ അടുത്ത് ചുവപ്പു നിറത്തിൽ വലിയ ഘടികാരമുഖമുള്ള, പഴയ അപ്പൂപ്പൻ നാഴികമണിയെ ഓർമ്മിപ്പിക്കുന്ന തൂക്കം നോക്കുന്ന സാമഗ്രിയുണ്ടായിരുന്നു. അതിൽ കയറി നിന്ന് നാലണ ഇട്ടാൽ , പല നിറത്തിലുള്ള റാട്ടിൽ നിന്ന് അതായതു ഒരേ കേന്ദ്രമുള്ള പല നിറത്തിലുള്ള വൃത്തങ്ങളിൽ നിന്ന് വെളിച്ചം പ്രസരിക്കും, പല താള മേളത്തിലുള്ള ഡിസ്കോ അല്ലെങ്കിൽ ഏതെങ്കിലും വാദ്യോപകരണത്തിന്റെ സംഗീതം കേൾക്കാം, ചില യന്ത്രങ്ങളിൽ കയറി നിൽക്കുമ്പോൾ യന്ത്രങ്ങൾ നമ്മളോട് സംസാരിക്കും, നേരെ നോക്കൂ, പൈസ ഇടൂ എന്നൊക്കെ, കുഞ്ഞുന്നാളിൽ ഇതൊരു വലിയ അത്ഭുതം തന്നെ ആയിരുന്നു ആരെങ്കിലും പുറകെ നിന്ന് സംസാരിക്കുന്നുണ്ടോ എന്നറിയാൻ പുറകിൽ പോയി നോക്കുന്ന കുട്ടികളെ കണ്ടു മുതിർന്നവർ ചിരിക്കാറുണ്ട്. ആദ്യമായി GPS സ്ത്രീയുടെ നിർദ്ദേശങ്ങൾ കേട്ടപ്പോൾ പലരും ഓർത്തിട്ടുണ്ട് ഇവരെങ്ങനെ ഈ കാറിനുള്ളിൽ കയറിപറ്റിയെന്ന്, കാലം മാറിയെങ്കിലും സംശയങ്ങൾ മാറുന്നില്ല, എനിക്കാണെങ്കിൽ ചില നേരത്തെ GPS കാരിയുടെ വർത്തമാനം കേൾക്കുമ്പോൾ, ഇവരെ നമ്മുടെ കൈയ്യിലെങ്ങാനും കിട്ടിയാൽ ശരിപ്പെടുത്തിയേനെ എന്ന് തോന്നാറുണ്ട്, ചുങ്കം കൊടുക്കണ്ട റോഡിലൂടെ മാത്രം മനഃപൂർവം വീണ്ടു വീണ്ടും കൊണ്ടുപോകുമ്പോൾ, സംശയിക്കണ്ട ഇത് നടക്കുന്ന കാര്യമാണ്.
പൈസ ഇട്ടു കഴിയുമ്പോൾ തൂക്കം എഴുതിയ ട്രെയിനിന്റെ ടിക്കറ്റ് പോലെയുള്ള ഒരു കാർഡ് കിട്ടും, കൂടെ പ്രചോദനപരമായ എന്തെങ്കിലും എഴുതിയിട്ടുണ്ടാവും. വാരഫലം വായിക്കുന്ന പോലെ ഒരു രസമാണിത് കിട്ടുന്നതും വായിക്കുന്നതും.
ചിലപ്പോൾ നമ്മൾ മറ്റുള്ളവരെ സഹായിക്കുന്ന സൽസ്വഭാവി ആയ വ്യക്തിയാണെന്നും മറ്റും പറയുന്ന ഉള്ക്കാഴ്ചയുള്ള സന്ദേശങ്ങൾ വരാറുണ്ട് മറ്റുചിലപ്പോൾ ഭീഷണിപ്പെടുത്തുന്നവയും വരാറുണ്ട്. റെയിൽവേ സ്റ്റേഷനിൽ പോയാൽ കാണുന്ന സ്ഥിരം കാഴ്ചകളിൽ ഒന്നായിരുന്നു ഈ തുലാസ്.
മറ്റൊന്ന്; വിശ്വാസത്തോടെ കഴിക്കാവുന്ന ഭക്ഷണം ആയിട്ടാണ് സ്റ്റേഷനിലെ റെയിൽവേ കാന്റീൻ ഭക്ഷണത്തിനെ പറ്റി പറയാറ്, ലക്ഷക്കണക്കിനാളുകൾ നിരന്തരമായി യാത്ര ചെയ്യുകയും, അവരിൽ ഭൂരിപക്ഷവും ആദായ വിലക്ക് 24 മണിക്കൂറും കഴിക്കാൻ കയറുകയും ചെയ്യുന്നതു ഇവിടെയാണ്, മിക്ക സ്ഥലത്തും പുറത്തു നിന്നുള്ളവർക്ക് പ്ലാറ്റഫോം ടിക്കറ്റില്ലാതെ വന്നു കഴിച്ചിട്ട് പോകാനുള്ള സൗകര്യം ഉണ്ടായിരുന്നു, പ്ലാറ്റഫോമിൽ കയറാതെ പുറത്തു നിന്ന് കയറാവുന്ന വാതിൽ. വലിയ സ്റ്റേഷനോട് ചുറ്റിപറ്റി ജോലി ചെയ്യുന്നവർ സ്ഥിരമായി കഴിക്കാറുള്ളറെയിൽവേ കാന്റീൻ പലരുടെയും അത്താണിയാണ്.
വെള്ളം എടുക്കാൻ പോയവർ ഓടി ഓടി വന്ന് ബോഗിക്കുള്ളിൽ കയറിത്തുടങ്ങി, അപ്പോൾ തല എണ്ണുന്ന സംഘം രണ്ടു കതകിലും നിന്ന് ആളിന്റെ എണ്ണം എടുക്കുന്നുണ്ടായിരുന്നു, രണ്ടറ്റത്തും നിന്നും എണ്ണം വിളിച്ചു കൂകി, കൂട്ടി എടുത്തപ്പോൾ ഒരാൾ കുറവ്, ഗാർഡിന്റെ പച്ച കൊടി പൊങ്ങുന്നു, വണ്ടി ഞരങ്ങി മൂളി ചലിക്കാൻ തുടങ്ങി, ആകെ വെപ്രാളമായി, ഞങ്ങളുടെ ഇടയിൽ ഏതവസരത്തിലും ഒത്തു നോക്കുന്നതിനുള്ള ഒരു ഉപാധി ഓരോരുത്തരും അവരുടെ ഇടതും വലത്തും ഉള്ള അക്ഷരക്രമത്തിലെ കൂട്ടുകാർ ഉണ്ടോ എന്ന് നോക്കുകയാണ്, അങ്ങനെ നോക്കുമ്പോൾ ആരെയാണ് വിട്ടു പോയതെന്ന് പെട്ടെന്ന് നിർണ്ണയിയ്ക്കാൻ പറ്റും. രണ്ടു വെവ്വേറെ സംഘങ്ങൾക്ക് തമ്മിൽ ഒരേസമയം ബോദ്ധ്യപ്പെടാനും പറ്റും; ഒരിക്കലും തെറ്റില്ല. അപ്പോൾ പുഷ്പരാജനാണ് ഇല്ലാത്ത ആൾ , പലരും ഉച്ചത്തിൽ വിളിച്ചു കൂവി , പുഷ്പരാജാ! എടാ പുഷ്പരാജാ! അപ്പോഴേക്കും ആരൊക്കെയോ ബോഗിയുടെ അറ്റത്തുള്ള ടോയ്ലറ്റ് വലിച്ചു തുറക്കാൻ തുടങ്ങി, എല്ലാം തുറന്നു വരുന്നു, പെട്ടെന്ന് ഒരു നിഘണ്ടുവിലും ഇല്ലാത്ത ഒരു അശരീരി കേട്ടു, ഞങ്ങൾ പലർക്കും ശബ്ദം മാത്രമേ തിരിച്ചറിയാൻ പറ്റിയുള്ളൂ, അത് പുഷ്പരാജന്റേതായിരുന്നു … പറഞ്ഞതെന്താണെന്നോ , കേട്ടതാരാണെന്നോ ആരും ആരോടും പറഞ്ഞില്ല.. ട്രെയിൻ അപ്പോഴേക്കും പൂർണ്ണമായും സ്റ്റേഷൻ വിട്ടിരുന്നു
കൊല്ലം വിട്ടു കുറച്ചു കഴിഞ്ഞപ്പോഴേ രാത്രിയിലെ അത്താഴത്തിന്റെ കണക്കെടുക്കാൻ കടും നീല പാന്റും ഷർട്ടുമിട്ട റെയിൽവേ അറ്റൻഡർ വന്നിരുന്നു, ഭക്ഷണം കയറ്റുന്നത് കോയമ്പത്തൂരിൽ നിന്നാണ്. റെയിൽവേ ക്യാന്റീനിൽ നിന്ന്. പതിനെട്ടോളം ബോഗിയുള്ള ട്രെയിൻ ആയിരുന്നു അതിൽ നിറയെ യാത്രക്കാർ, ഇവർക്കെല്ലാം ഭക്ഷണം കയറ്റണമെങ്കിൽ നേരത്തെ തന്നെ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ എന്ന് പറഞ്ഞുള്ള കണക്കെടുത്തു അത് കോയമ്പത്തൂർ അറിയിക്കണം മാത്രമല്ല മുന്തിയ ക്ലാസ്സിൽ യാത്ര ചെയ്യുന്നവർക്ക് 2 pot Coffee, 3 pot Tea എന്നും പറഞ്ഞു കാപ്പിയുടെയും ചായയുടെയും ഓർഡർ എടുക്കും അത് ഒരു കടും ബ്രൗണും കാകി നിറവുമുള്ള ഫ്ലാസ്കിലായിരുന്നു കിട്ടുക.
സാധാരണയായി ഭക്ഷണം കയറ്റണ്ട സ്റ്റേഷനിൽ നിന്ന് ഒരു രണ്ടു മണിക്കൂർ എങ്കിലും മുന്നേ വലിയൊരു സ്റ്റേഷനിൽ വെച്ചാണീ ലിസ്റ്റ് കൈ മാറുക, അന്നൊന്നും ഇന്നത്തെ പോലെ വാര്ത്താവിനിമയമാര്ഗ്ഗം ഇല്ല എന്നോർക്കണം, ആകെയുള്ളതു എപ്പോഴും ഓൺ ആയിട്ടിരിക്കുന്ന സ്റ്റേഷൻ മാസ്റ്ററിന്റെ കണ്ട്രോൾ ഫോൺ ആണ് അതിലൂടെയാണ് വിവരം ഭക്ഷണം കയറ്റണ്ട സ്റ്റേഷനിൽ അറിയിക്കുന്നത്, അതനുസരിച്ചു സാധനങ്ങൾ ട്രെയിൻ ഭാഷയിൽ പറഞ്ഞാൽ ലോഡ് ചെയ്യുന്നതും.
കേരളത്തിനകത്തു വലിയ പ്രശ്നമില്ല . കേരളം വിട്ടാൽപിന്നെ മണിക്കൂറുകളോളം ട്രെയിൻ നിർത്താറില്ല.അപ്പോൾ അവലംബിക്കുന്ന ചില രീതികളും, പറഞ്ഞു കേട്ട ചില നുറുങ്ങു വിശേഷങ്ങളും പറയാം. ഭക്ഷണത്തിന്റെ കണക്ക്, അതായത് ഓരോ ബോഗിയിലെയും വെജ് , നോൺ വെജ് എന്നിങ്ങനെ തരംതിരിച്ചുള്ള വിവരം വ്യക്തമായി ഒരു കടലാസ്സിൽ എഴുതിയിട്ട്, പണ്ട് പറഞ്ഞ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ചൂരൽ വളയം കൈമാറുന്നതിന്റെ ഒപ്പം പേപ്പറിൽ ഒരു കല്ലും കൂടി വെച്ച് ചുരുട്ടി പ്ലാറ്റഫോമിൽ ഇടാറാണ് പതിവ്.
ചില സമയത്തു ട്രെയിൻ നടുക്കുള്ള പാളത്തിലൂടെയാവും ചീറി പാഞ്ഞു പോവുക, പിന്നെ മഴപെയ്യുമ്പോൾ കല്ലും കടലാസ്സും വെള്ളത്തിൽ മുങ്ങിയിരിക്കും, വേറൊരു ട്രെയിൻ പ്ലാറ്റഫോമിൽ പിടിച്ചിട്ടുണ്ടെങ്കിൽ കല്ലുകെട്ടിയാലും രക്ഷയില്ല, ഇങ്ങനെ ഉള്ള അവസരങ്ങളിൽ ഭക്ഷണം കയറ്റാതെ പറ്റില്ലല്ലോ, കാരണം യാത്രക്കാരുടെ കൈയ്യിൽ നിന്ന് കാശു വാങ്ങി കഴിഞ്ഞു അവർക്കു വിശപ്പടക്കാൻ വേറെ യാതൊരു മാർഗവുമില്ല, അപ്പോൾ കാന്റീൻ കാര് കഴിഞ്ഞ കുറെ നാളത്തെ കണക്കനുസരിച്ചു അനുമാനിച്ചു ഭക്ഷണം കയറ്റും, Algebra യിലും, Statistics ലും പഠിച്ച probability അനുസരിച്ചു.
പാലക്കാട്ടെത്തിയപ്പോഴേക്കും കുറച്ചു കുപ്പികൾ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ വെള്ളം പിടിക്കാൻ നാലോ അഞ്ചോ പേര് മാത്രമേ പുറത്തിറങ്ങിയുള്ളൂ അവരെല്ലാം ഒരു വശത്തുള്ള കതകിൽ കൂടി ഇറങ്ങുകയും കയറുകയും ചെയ്തു.
കേരളത്തിന്റെ അതിർത്തി എത്താറായി പുറത്തോട്ടു നോക്കിയിരിക്കുമ്പോൾ നിറയെ പച്ച കാണാം വയലും, തെങ്ങും , കുളവും, പനകളും, ജനാലയുടെ കമ്പിക്കിടയിലൂടെ എന്റെ നീണ്ട മൂക്ക് വെളിയിലോട്ടു ഇട്ട്, താടിയുടെ അടിയും താങ്ങി കാറ്റിന്റെ ഗതിക്ക് എതിരെ ഇരുന്ന് കേരളവും തമിഴ്നാടും തമ്മിലുള്ള അതിർത്തിരേഖ നോക്കിയിരുന്ന ഞാൻ ഒരു കടങ്കഥ പോലെയുള്ള എന്റെ സംശയത്തെ പറ്റി ഓർത്തിരുന്നു, എങ്ങനയാണീ പരന്നുകിടക്കുന്ന ഉരുണ്ട ഭൂമിയെ തുല്യാദൂഷ്യമായി വീതിച്ചതു, ആരായിരിക്കും, എവിടെ ആയിരിക്കും ആദ്യമായി സർവേക്കല്ലു നാട്ടിയതു. ഭൂമി വിഭജിച്ചു മനുഷ്യന്റെ മനസ്സും ചിന്നഭിന്നമാക്കിയതു.
പെട്ടെന്നാണ് സിനിമകളിലും പത്ര വാർത്തകളിലും കാണാറുള്ള സംഭവബഹുലമായ വാളയാർ ചെക്ക് പോസ്റ്റ് എത്തിയത് . മഞ്ഞ നിറത്തിലുള്ള വലിയ ബോർഡിൽ സ്റ്റേഷന്റെ പേര് എഴുതി വെച്ചിരിക്കുന്നു, വാളയാർ ഏറ്റവും മുകളിലായി മലയാളത്തിൽ പിന്നെ ഹിന്ദിയിൽ അതിന്റെ താഴെ ഇംഗ്ലീഷിൽ.
വാളയാർ കഴിഞ്ഞതും തെങ്ങുകളുടെ എണ്ണം കുറഞ്ഞു കുളം കാണാതായി അതിനു പകരം ഒരു പ്രത്യേക തരത്തിലുള്ള മുൾച്ചെടി കണ്ടു തുടങ്ങി, വരണ്ട കാലാവസ്ഥയിലും തളരാതെ ജീവിക്കുന്ന മുൾച്ചെടി, വളർന്നു പന്തലിക്കുന്ന വലിയ പൊക്കം വെക്കാത്ത മരം, തണലേകുന്ന മരങ്ങൾ. ഈ തരം മരങ്ങൾ തമിഴ്നാട്ടിൽ എവിടെ ചെന്നാലും കാണാം. ഈ മരങ്ങൾ കാണുമ്പോഴെല്ലാം അനവരതം ഓർക്കുന്ന ഒരു രംഗമുണ്ട് തണ്ണീർ തണ്ണീർ എന്ന കെ ബാലചന്ദർ സാറിന്റെ സിനിമ അതിൽ കുഞ്ഞിനേയും കുടത്തിനെയും പേറി കാലിൽ ചെരുപ്പില്ലാതെ പൊരിവെയിലത്തു ഇതേ മുൾമരത്തിന്റെ ഇടയിലൂടെ കാതങ്ങൾ ഓടി പോകുന്ന സരിത എന്ന അതുല്യ കലാകാരിയെ പറ്റി.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment