ട്രെയിൻ വിടാൻ അധികം നേരമില്ല, അറബി കടലിന്റെ രാജ്ഞി, കൊച്ചു കൊച്ചൊരു കൊച്ചി . പാപ്പച്ചാച്ചൻ തിരികെ പോകുന്ന വഴിക്കു വില്ലിങ്ടൺ ഐലൻഡിലെ ആപ്പീസ് വഴി പോകുന്ന കാര്യം പറഞ്ഞു; കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡ്, ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്മ്മിതമായ ദ്വീപാണ്.
നേരത്തെ പറഞ്ഞത് പോലെ കേരളത്തിൽ സായിപ്പു തുടങ്ങി വെച്ച പല വ്യാവസായിക സംരംഭങ്ങളുടെയും ആദ്യ ചുവടുകൾ പതിഞ്ഞ ഇടം. കേരളത്തിൽ ആദ്യമായി കംപ്യുട്ടർ വന്ന സ്ഥലം, ചായയും മറ്റു പല സുഗന്ധ ദ്രവ്യങ്ങളും കയറ്റി അയക്കുന്ന തുറമുഖം.
കയറ്റുമതിക്ക് അനുകൂലമായ ഒരുക്കങ്ങളോടെ തയ്യാറായി നിൽക്കുന്ന കൊച്ചി തുറമുഖം തീവണ്ടി, കപ്പൽ, ലോറി എല്ലാ തരം വാഹനങ്ങളും വരിവരിയായി നിരന്നു നിൽക്കുന്ന ഇടം, നിസാർ സാറിന്റെ Transportation Engineering-ൽ പഠിച്ച കാര്യങ്ങളുടെ മഹാ സമ്മേളനം. പഠിക്കുന്ന സമയത്തു ഒരു തവണ എങ്കിലും ഇവിടെ വന്നാൽ എല്ലാ കാര്യവും കണ്ടും കൊണ്ടും തൊട്ടും പഠിക്കാം ഒരിക്കലും മറക്കാത്ത വണ്ണം.
ഏറ്റവും കുറവ് കടൽത്തീരമുള്ള കൊല്ലം മുതൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ആലപ്പുഴയും, കണ്ണൂരും, അങ്ങനെ കേരളത്തിന്റെ തീര പ്രദേശങ്ങളെല്ലാം കൈകോർത്തു തുടങ്ങിയ കയറ്റുമതി വ്യവസായം. കടലിന്റെ പൊന്നായ മൽസ്യസമ്പത്തിനെ ഉൾക്കടലിൽ പോയി പിടിച്ചുകൊണ്ടുവന്നത് , പല തരത്തിലും വലുപ്പത്തിലുമുള്ള, കൊഞ്ചും, മീനുമെല്ലാം കരയിൽ നുള്ളിയും പൊളിച്ചും, പല വലിപ്പത്തിൽ തരം തിരിച്ചു കയറ്റുമതി ചെയ്യാനായി തയ്യാറാക്കുന്ന നിരവധി സ്ഥാപനങ്ങളാണ് 1950 മുതൽ തീരപ്രദേശങ്ങളിലെല്ലാം തുടങ്ങിയത്, ലക്ഷോപലക്ഷം ആൾക്കാർക്ക് ജോലി, അമേരിക്കയിലേക്കും, ജപ്പാനിലേക്കും കേരളത്തിൽ നിന്നുള്ള രുചിയേറിയ കൊഞ്ചും, മീനുമൊക്കെ കയറ്റി അയച് എത്രയോ പേരുടെ ജീവിതമാണ് മാറ്റി മറിച്ചത്.
വില്ലിങ്ടൺ ഐലൻഡിൽ കയറ്റുമതിയുടെ പല ഓഫീസുകൾ തുറന്നു, കയറ്റി അയക്കാനുള്ള മത്സ്യങ്ങളെ പറ്റിയും, തണുപ്പിൽ മൽസ്യങ്ങൾ സംരക്ഷിക്കുന്നതിനെയും, സൂക്ഷിക്കുന്നതിനെയും പറ്റി പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി. അതനുസരിച്ചു ശാസ്ത്രീയമായി പാലിക്കേണ്ട നടപടി ക്രമങ്ങൾ അവലംബിച്ചു തുടങ്ങി. പേരെടുത്തു പറയാവുന്ന ഒരു സംരംഭമായിരുന്നു കൊല്ലത്തു നീണ്ടകരയിൽ തുടങ്ങിയ ഇൻഡോ നോർവെയ്ജിൻ പ്രൊജക്റ്റ്, മൽസ്യബന്ധനം നവീകരിക്കുന്നതിനുള്ള പദ്ധതി, ആദ്യമായി നോർവേ രാജ്യത്തിൻറെ സാമ്പത്തിക സഹായത്തോടെ തുടങ്ങിയ പദ്ധതി, മത്സ്യബന്ധനത്തിന് പുറമെ, ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, ശുചീകരണം ഇതിനൊക്കെ മുൻതൂക്കം നൽകിയ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. പിൽക്കാലത്തു അത് കൊച്ചിയിലേക്ക് മാറ്റി. ഇതെല്ലം തന്നെ പുറം രാജ്യങ്ങളിലേക്ക് സമുദ്രോൽപ്പന്നങ്ങൾ കയറ്റി അയക്കാനുള്ള പദ്ധതികൾ മികവുറ്റതാക്കി നടത്താൻ ഉതകുന്ന പരിശീലനം നൽകുന്ന കേന്ദ്രങ്ങളായിരുന്നു.
അമ്മയുടെ പുന്നാര നാത്തൂൻ വിമലമ്മാമയും ആങ്ങള ബാബുച്ചായനും, വലിയ ഒരു ആത്മബന്ധമായിരുന്നു ഇവർ തമ്മിൽ, ബാബുച്ചായനാണു ആദ്യമായി എന്റെ വീട്ടിലേക്കു ശിലാഫലകം പോലെ ഐസ്കട്ടക്കകത്തു അടുക്കി വെച്ചിരിക്കുന്ന കറുത്ത വരയുള്ള മുഴുത്ത കൊഞ്ച് കൊണ്ടുവന്നത്, വലിയ തെർമക്കോൾ പെട്ടിയിൽ, അത് പുറത്തെടുത്തപ്പോൾ, എല്ലാവരും അല്പം അത്ഭുതത്തോടെയാണ് അതിനെ സ്വീകരിച്ചത്, കുറെ അധികം നേരം പുറത്തിരുന്നപ്പോൾ പതുക്കെ പതുക്കെ ഉരുകി കൊഞ്ച് പുറത്തു കാണാൻ തുടങ്ങി. എന്റെ സംശയങ്ങളുടെ കൂമ്പാരം കാരണം ബാബുച്ചായൻ, കടലിൽ കിടന്ന കൊഞ്ച് എങ്ങനെചാടി ഐസ്കട്ടക്കുള്ളിൽ കയറിപറ്റി എന്ന് പറയുന്നതിലും എളുപ്പം കാണിക്കുന്നതാണെന്നു തീരുമാനിച്ചു. എന്റെ ജന്മ നാടായ കൊല്ലത്തു കായലിനോട് ചേർന്നു ആധുനിക സജ്ജീകരണങ്ങളും, സംവിധാനങ്ങളും , പ്രവർത്തമുറകളുമുള്ള ഒരു സ്ഥാപനത്തിലേക്ക് എന്നെ കൂട്ടി കൊണ്ട് പോയി. സ്കൂളിൽ പഠിക്കുന്ന സമയത്താണിവിടെ പോയത്,
ബാബുച്ചായന് കടലിൽ മീൻ പിടിക്കാൻ പോകുന്ന ബോട്ട് ഉണ്ടായിരുന്നു അന്നൊക്കെ ബോട്ടുള്ളവർ വളരെ വിരളമായിരുന്നു, എല്ലാവര്ക്കും എല്ലാവരെയും അറിയുകയും ചെയ്യാം, വളരെ നല്ല സൗഹൃദങ്ങൾ. ചെമ്മീൻ എന്ന മനോഹര കാവ്യം അഭ്രപാളികളിൽ രചിക്കാൻ അവസരം ഉണ്ടാക്കിയ ചെമ്മീൻ ബാബു മുതൽ ഇന്ത്യൻ President-ന്റെ ഏറ്റവും നല്ല കയറ്റുമതിക്കാരൻ എന്ന പുരസ്കാരം 1972 – ൽ കിട്ടിയ Dr. F. V. Albin വരെ ബാബുച്ചായന്റെ സുഹൃത്തുക്കളായിരുന്നു. Lobster Tail കയറ്റുമതി ചെയ്തതിനാണ് സാറിന്റെ കമ്പനിക്കു അവാർഡ് കിട്ടിയത്.
തേവള്ളിയിലെ രാമവർമ ക്ലബ്ബിന്റെ തൊട്ടു മുന്നിലാണ് ബാബുച്ചായൻ താമസിച്ചിരുന്നത്, അവിടെ നിന്ന് കൊഞ്ച് ഫാക്ടറി കാണാൻ പോയപ്പോൾ എന്നോട് കുറച്ചു വിശേഷങ്ങൾ പറഞ്ഞു. കാണാൻ പോകുന്ന ഫാക്ടറിയുടെ ഉടമസ്ഥരിൽ ഒരാൾ കൊല്ലത്തെ TKM Engineering കോളേജിൽ പഠിപ്പിക്കയാണ്. തന്റെ വാണിജ്യപരമായ ഉപജീവനമാർഗത്തിൽ മാത്രം ശ്രദ്ധിക്കാതെ, പാണ്ഡിത്യപൂര്ണ്ണമായ വിഷയങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശവും, വരും തലമുറയിലെ ഓരോ വിദ്യാർത്ഥിക്കും മാർഗ്ഗദർശിയായി തീരാനും വേണ്ടി എന്നും മയിലുകൾ താണ്ടി കരിക്കോട്ടുള്ള കോളേജിൽ മുടങ്ങാതെ എത്തിയിരുന്ന ആൽബിൻ സർ.
ഒരിക്കലും പ്രതീക്ഷിച്ചില്ല ഞാൻ പിൽക്കാലത്തു “Yes Sir” എന്ന് വിളിച്ചു സാറിന്റെ വിദ്യാർത്ഥി ആകുമെന്ന്.
അഭിമാനപുരസ്സരം, വളരെയധികം ആത്മസംതൃപ്തിയോടെ, നന്മയുള്ള അഹങ്കാരത്തോടെ, ആത്മവിശ്വാസത്തോടെ പറയട്ടെ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവുമധികം ഉത്തരവാദിത്വം ഏറ്റെടുക്കുന്ന, അപകടസാദ്ധ്യതകൾ, നെഞ്ചു നിവർത്തി നേരിടാൻ ഞങ്ങൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ, എന്നാൽ തന്ത്രവൈദഗ്ദ്ധ്യങ്ങളുടെ സര്വ്വസംഗ്രഹനിഘണ്ടുവായ അദ്ധ്യാപകനാണ്പ്രിയപ്പെട്ട ആൽബിൻ സർ.
ഉന്നത വിദ്യാഭ്യാസത്തിനോടുള്ള ഉല്ക്കടമായ ഉത്സാഹം കാരണം ആൽബിൻ സർ മദ്രാസ് IIT യിൽ നിന്ന് 1976-77-ൽ ഡോക്ടറേറ്റ് എടുത്തിരുന്നു.ബിസിനസ് കാര്യങ്ങളിൽ വ്യാപൃതനായി, പഠിപ്പിക്കൽ വെറും ഒരു ഉദ്യോഗമായി കൂടെ കൊണ്ട് നടക്കാമായിരുന്നു , പക്ഷെ സാർ ഒരു സമ്പൂർണ്ണ അദ്ധ്യാപകൻ ആയിരുന്നു. കോളേജിന്റെ ഒരു നെടുംതൂണ്, പ്രിൻസിപ്പൽ ആയിരുന്ന ലബ്ബ സാറിനെ നിരന്തരം നിർലോഭം സഹായിച്ചിരുന്ന മാത്രകാ അദ്ധ്യാപകൻ.
കോളേജിന്റെ യശസ്സ് ഉയർത്താനും, പല തരത്തിലുള്ള നേട്ടങ്ങൾ കൈവരിക്കാനും ആൽബിൻ സർ അവലംബിച്ച മാർഗ്ഗങ്ങൾ എന്നും ഞങ്ങൾക്കെല്ലാം മാത്രക ആയിട്ടുണ്ട്. കോളേജിലേക്ക് പുറം രാജ്യങ്ങളിൽ നിന്ന് കുട്ടികളെ കൊണ്ടുവരാനായി നടത്തിയ സംഘടിത പ്രവർത്തനങ്ങൾ, പലതരത്തിലുള്ള ഔദ്യോഗികമായ അംഗീകാരം ലഭിക്കാൻ കോളേജിനെയും, വിദ്യാർത്ഥികളെയും സജ്ജരാക്കാൻ തുടങ്ങിയ യുക്തിമത്തായ പദ്ധതികൾ, സെമിനാറുകൾ അതിൽ എന്നെന്നും മുന്നിൽ നിന്ന Appropriate Technology എന്ന ചർച്ചായോഗം. ലോക ബാങ്കിന്റെ അംഗീകാരങ്ങൾ കിട്ടാനായി സാറ് മുൻകൈയ്യെടുത്തു ചെയ്ത നടപടി ക്രമങ്ങൾ, പുറത്തു നിന്ന് വന്ന തിരഞ്ഞെടുപ്പ് കമ്മിറ്റിക്കാരോട് കാട്ടിയ ആതിഥ്യമര്യാദ, ഇതെല്ലം ഒരു ബിസിനസ്കാരനിൽ അന്തര്ലീനമായ പ്രാവീണ്യം തന്നെ ആയിരുന്നു. യൂണിവേഴ്സിറ്റിയിലെ ടെക്നിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ഭാരവാഹിത്വം വഹിക്കുക മാത്രമല്ല നിസ്തുലമായ സേവനം വര്ഷങ്ങളോളം കാഴ്ച വെച്ച അതുല്യനായ അധ്യാപകനായിരുന്നു ആൽബിൻ സർ.
ഓരോരോ സാഹചര്യത്തിൽ എങ്ങനെ പെരുമാറണം എന്ന് വളരെയധികം കൃത്യതയോടെ നിർണ്ണയിക്കുന്ന വ്യക്തി ആയിരുന്നു സർ. അത് കൊണ്ടുതന്നെ എന്റെ കൂടെ പഠിക്കുന്ന നാസറിനോട് വരൂ നമ്മൾക്ക് കോളേജിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ, അവരുടെ ഒപ്പം നിൽക്കാനുള്ള ഭാഗ്യം ഇല്ലാതായല്ലോ എന്ന് മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ
വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി അവർ അറിയാതെ കൊട്ടി ഘോഷിക്കാതെ പ്രവർത്തിക്കുന്ന പാരമ്പര്യമാണ് സാറിനുള്ളത്. ഏറ്റെടുത്താൽ പിന്നെ ആർക്കും തിരിഞ്ഞു നോക്കണ്ട കാര്യമില്ല എത്ര സങ്കീർണ്ണമായ സാഹചര്യം ആണെങ്കിലും. സാറിന്റെ കാര്യഗ്രഹണ ശക്തിയും, കൂർമബുദ്ധിയും ആരെയും അതിശയിപ്പിക്കുന്നതാണെന്നു പ്രത്യേകിച്ച് പറയണ്ട കാര്യമില്ല. ഞാൻ കണ്ടും, കേട്ടും അനുഭവിച്ചും അറിഞ്ഞ വിദ്യാർത്ഥിയാണ്. അതെല്ലാം പറയാതെ വയ്യ.
വണ്ടി പതുക്കെ പതുക്കെ നീങ്ങാൻ തുടങ്ങി, പ്ലാറ്റഫോമിൽ നിന്ന് ചാടി ട്രെയിനിന്റെ കതകിലെ കമ്പിയിൽ പിടിച്ചു കയറി, ഒരു കൈ വിടുവിച്ചു ഒന്ന് കൂടി അമ്മാച്ചന്മാരോട് യാത്ര പറഞ്ഞു. അവർ രണ്ടാളും ഒരുമിച്ചു പറഞ്ഞു, നീ അകത്തു കയറു മതി വാതുക്കൽ നിന്നതു
ഞാൻ അകത്തു കയറി തോമാച്ചൻ കതകു ഭദ്രമായി അടച്ചു.
യാത്ര തുടരുന്നതായിരിക്കും
Leave A Comment