രാമായണത്തിൽ പ്രതിപാദിച്ചിരുന്ന പാനീയമാണ് ചായ, പണ്ടുകാലങ്ങളിൽ ചൈനയിലെ ഐതിഹ്യങ്ങളുടെയും , കാല്പനിക കഥകളുടെയും നിഴലി ൽ മറഞ്ഞു നിന്ന ചായ, എന്തൊക്കെയോ രാസവസ്തുക്കൾ ഉപയോഗിച്ച് നിറവും, പൊലിപ്പും കൂട്ടിയാണ് ചായ പാശ്ചാത്യ രാജ്യങ്ങളിൽ എത്തിയിരുന്നത്,
ഇന്ത്യൻ മഹാസമുദ്രത്തിന്റെ പരിധിയിലുള്ള എല്ലായിടവും കച്ചവടം നടത്താനായി ബ്രിട്ടീഷുകാർ തുടങ്ങിയ ഈസ്റ്റ് ഇന്ത്യ കമ്പനി കൊണ്ടിറക്കിയ തേയില ആണ് അമേരിക്കയിലെ ബോസ്റ്റണിൽ കടലിൽ കലക്കിയത്, കുടിപ്പിച്ച ചായക്ക് തറവിലയും താങ്ങാവുന്നതിനപ്പുറം നികുതിയും ചുമത്തിയ ബ്രിട്ടീഷ്കാരന്റെ നയത്തിന് എതിരെ നടത്തിയ വിമോചന സമരം
ബ്രിട്ടീഷുകാർ ചായയെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ, ഭാരതത്തിന് ഓർക്കാപ്പുറത്ത് കിട്ടിയ ഗുണകരമായ കാര്യമാണ് തേയില തോട്ടങ്ങൾ.
പല കഥകൾ കേട്ടിട്ടുണ്ടെങ്കിലും Fortune സായിപ്പു തല മുണ്ഡനം ചെയ്തു Wang എന്ന സേവകനുമായി ചേർന്ന്, ചീനക്കാരനായി അഭിനയിച്ചു ചൈനയിലെ തേയില തോട്ടങ്ങളിലും, തേയില ഉത്പാദനം നടക്കുന്ന ഇടങ്ങളിലും മാസങ്ങളോളം കയറി ഇറങ്ങി നടന്ന്, കണ്ടുപിടിച്ച കാര്യങ്ങളും അവിടെ നിന്ന് കടത്തി കൊണ്ടുവന്ന നിരവധി തൈകളുമാണ് പോലും വാണിജ്യ അടിസ്ഥാനത്തിൽ ഇന്ത്യയിൽ തേയില തോട്ടങ്ങൾ തുടങ്ങാൻ കാരണമായതു. സംശയം വേണ്ട Fortune സായിപ്പ് മോഷ്ടിച്ച് കടത്തി കൊണ്ടുവന്ന തൈകളാണ് ഡാർജിലിംഗിൽ നട്ടത്, അങ്ങനെ തേയില തൈ മോഷ്ടിച്ചതിന് സായിപ്പിനെ കള്ളൻ എന്നു വിളിക്കാൻ പറ്റാതായി, കാരണം ഇന്ത്യക്കാർക്ക് മാത്രമല്ല ലോകമെമ്പാടുമുള്ളവർക്കു നല്ല ചായ കുടിക്കാനായിരുന്നല്ലോ തൈ മോഷ്ടിച്ചത്. ഇന്ത്യയുടെ പലഭാഗത്തായി പിൽക്കാലത്തു വളർത്തി വലിയ തോട്ടങ്ങൾ ഉണ്ടാക്കിയത് ഇങ്ങനെ പല ആൾക്കാർ പല തൈകൾ കൊണ്ടുവന്നിട്ടായിരുന്നു, കേരളത്തിലും ഇന്ത്യയിൽ പലയിടത്തും, തേയിലത്തോട്ടങ്ങൾ തഴച്ചു വളരാനും തുടങ്ങി
ശുഷ്കാന്തിയോടെ കഠിനാധ്വാനം ചെയ്യുന്ന ഇന്ത്യയിലെ കൃഷിക്കാരെ പറ്റി ബ്രിട്ടീഷ്കാർ സ്തുതി പാടിയിരുന്ന കാലം
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമാണ്ചായയുടെ കെറ്റിലും വെട്ടു ഗ്ലാസ്സുമായി റെയിൽ പാളങ്ങളുടെ ഓരത്തൂടെ ചായ ചായ എന്ന് വിളിച്ചു കൊണ്ട് നമ്മുടെ സ്വന്തം ചായയെ ദേശിയ പാനീയമാക്കിയത്. പരമമായ ആനന്ദത്തോടെ ചായ ചായ എന്ന വിളി കേട്ടുണരുന്ന ട്രെയിൻ യാത്രക്കാർ,
ചായ എന്ന് കേൾക്കുമ്പോൾ ഞാനെന്നും ഓർക്കുന്നത് എന്റെ വല്യമ്മച്ചി പറയാറുള്ളതാണ്, അമ്മച്ചിക്ക് ചായ ഇന്ധനം ആയിരുന്നു, വണ്ടി ഓടാനുള്ള ഇന്ധനം നേരം വെളുത്താലുടനെ തന്നെ ഒരു കട്ടൻ കിട്ടണം, പാലൊഴിച്ചൊക്കെ കിട്ടിയാൽ കുടിക്കാം എന്നേയുള്ളു, കട്ടൻ കിട്ടിയാലേ വണ്ടി ഓടൂ. എനിക്കറിയാവുന്ന മിക്കവർക്കും നേരം വെളുത്താൽ,ഒരു ചായ കിട്ടിയിരിക്കണം, പിന്നെ 4 മണിക്ക് ഒരു കുടിയും രണ്ടു കടിയും, ചായ, വാഴക്കാപ്പം, വട, ബോണ്ട, സുഖിയൻ എന്ന് വേണ്ട എന്തെങ്കിലും ലൈറ്റ് ആയിട്ട്
കുഞ്ഞുന്നാളിൽ ചെങ്ങറ എസ്റ്റേറ്റിലെ കങ്കാണിമാരുടെ വിരലിൽ തൂങ്ങി തേയില നുള്ളുന്നവരുടെ ഇടയിലൂടെ ഓടി നടക്കുമ്പോൾ കണ്ട കാഴ്ചകൾ, ശരീരത്തിന്റെ ഭാഗമാണെന്നു തോന്നുന്ന സഞ്ചികളുമായി പച്ച പരവതാനി വിരിച്ച പോലെയുള്ള തേയില തോട്ടത്തിൽ കൊളുന്തു നുളളുന്ന എണ്ണകറുപ്പുള്ള സ്ത്രീകൾ, അവരുടെ പൊക്കത്തിനനുസ്സരിച്ചു കൈ എത്തി ഇല നുള്ളാൻ പാകത്തിന് വെട്ടി നിർത്തുന്ന തേയില ചെടികൾ, കഷ്ടി മൂന്നു മൂന്നര അടി. എല്ലാ ചെടിയും ഈരണ്ടു വര്ഷം കൂടുമ്പോൾ വെട്ടി നിർത്തും, ഇലയെല്ലാം സഞ്ചിയിലാക്കിയിട്ടു വലിയ ഗോഡൗൺ പോലുള്ള ഷെഡിൽ കൊണ്ടുവരും. അവിടെ വലിച്ചു കെട്ടിയ ചാക്കിൽ ഇലകൾ വാട്ടി എടുത്തു അരച്ച് ചാർ ഒട്ടും കളയാതെ അരച്ച ഇലയിൽ തന്നെ ഒഴിച്ച് ഉണക്കി പലവലിപ്പത്തിൽ വേർതിരിച്ചു, തടി പെട്ടിയിൽ ഭദ്രമായി കാറ്റ് കയറാതെ അടക്കും. അടപ്പിന്റെ നാല് വശത്തായി അലൂമിനിയം ഫോയിൽ ഉപയോഗിച്ചാണ് കെട്ടി നിറച്ചു മുദ്ര വെക്കുക, തേയില നിറക്കാനുള്ള പെട്ടിയുടെ പ്ലൈവുഡ്, കണക്കിന് മുറിച്ചു കൽക്കട്ടയിൽ നിന്നാണ് വരാറ്, എസ്റ്റേറ്റിൽ വെച്ച് അത് അടിച്ചു കൂട്ടി പെട്ടിയാക്കും. കൂടിയ നിലവാരമുള്ള തേയില ആദ്യമേ തന്നെ അലൂമിനിയം ഫോയിലിൽ കെട്ടിനിറച്ചാണ് പെട്ടിയിൽ വെക്കുക.
അന്ന് അവിടെ നിന്നെടുത്ത മിന്നിത്തിളങ്ങുന്ന അലൂമിനിയം ഫോയിലിന്റെ കഷ്ണം ഞാൻ മയിൽപീലി പോലെ സൂക്ഷിച്ചു വെച്ചിരുന്നു, ഫോയിൽ പിന്നെ കാണുന്നത് 1975- ൽ. റോൾ ആയിട്ട്. പേർഷ്യയിൽ നിന്ന് കൊണ്ടുവന്ന ഫോയിലിന്റെയും, ഭക്ഷണം സംരക്ഷിക്കാനും, സൂക്ഷിക്കാനും പൊതിയുന്ന ഘനം കുറഞ്ഞു പ്ലാസ്റ്റിക്കിന്റെയും ഓരോ റോൾ, എത്ര ആഹ്ലാദമായിരുന്നെന്നോ, പിന്നങ്ങോട്ട് അച്ചാറും എണ്ണയുമെല്ലാം കടയിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ മുദ്ര വെച്ച് വരുന്നത് പോലെ തന്നെ, ഫോയിൽ വളരെ സൂക്ഷ്മമായി ചതുരത്തിൽ മുറിച്ചു വട്ടത്തിലുള്ള കുപ്പിയുടെ തുറന്ന വാ മൂടിയിട്ടു, അമർത്തി പിരിയുള്ള അടപ്പു വെച്ചടക്കും അതിനു ശേഷം, ചെമ്പിന്റെ നിറത്തിലെ ടേപ്പ് മുറിക്കും പേർഷ്യയിൽ നിന്ന് വരുന്നവരുടെയൊക്കെ കാർഡ്ബോർഡ് പെട്ടിയും മെത്തയും പായുമൊക്കെ വരിഞ്ഞു മുറുക്കുന്ന ടേപ്പ്, അത് റോളിൽ നിന്ന് വലിച്ചെടുക്കുമ്പോൾ ഒരു ശബ്ദമുണ്ട് നല്ല പുത്തൻ ഒറ്റമുണ്ടു നെടുകെ കീറുന്ന പോലെ, ടേപ്പ് ചുറ്റിയിട്ട് അപ്പയുടെ പഴയ മുണ്ടിൽ പൊതിയും അതിനു ശേഷം വീണ്ടും മനോരമ പത്രത്തിൽ പൊതിഞ്ഞിട്ടു പിന്നെ ഒരു പ്ലാസ്റ്റിക് കൂട്ടിൽ ഇടും, ഇത്രയും ചെയ്തു പലനാട്ടിലേക്കും കടത്തിയ ഒരു സാധനവും ഒരിക്കലും ചോർന്നിട്ടില്ല എണ്ണ ഒലിച്ചു അലങ്കോലമായിട്ടുമില്ല. നിധി പോലെ സൂക്ഷിച്ചു വെച്ചിരുന്ന ആദ്യത്തെ ഫോയിൽ റോളിന്റെ ബാക്കി ഇപ്പോഴും എന്റെ വീട്ടിലെ അലമാരിയിൽ ഉണ്ടെന്നാണ് തോന്നുന്നത് പള പ്ളാന്നുള്ള തിളക്കമൊക്കെ പോയി കറുത്ത് Oxidise ചെയ്തിട്ട്, വളരെ ദുരിശിച്ചാണ് ഉപയോഗിച്ചിരുന്നത് .
പെട്ടിയിലാക്കിയ തേയിലയെല്ലാം നേരെ കൊച്ചിയിലെ ഗോഡൗണുകളിൽ കൊണ്ടുവരും, എല്ലാത്തിന്റെയും സാമ്പിൾ പേരുവിവരങ്ങളോട് കൂടി Tea Tasters-ന്റെ അടുത്തെത്തിക്കും. ചായ രുചിച്ചു നോക്കുക, സ്വാദുനോക്കുക.
Tea Tasting കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്കു മനസ്സിലായത് പറയാം. ഓരോ ഇനം ചായയുടെയും വൈശിഷ്ട്യത്തെ വിവേചിക്കാനുള്ള വൈധക്ത്യം ഉണ്ടാവുക, മണത്തും, രുചിച്ചും, സ്പര്ശിച്ചും തീരുമാനിക്കാനുള്ള കഴിവ് ആര്ജ്ജിക്കുക
രുചി വേറിട്ടറിയാനായി വെള്ളവും അതിന്റെ താപവും, തേയിലയും വളരെ ക്ലിപ്തതയോടെ, ശ്രദ്ധയോടെ അളന്നു കുറിച്ച് ഉണ്ടാക്കുന്നു. എങ്ങനെ ഉണ്ടാക്കുന്നു ഏതു പാത്രത്തിൽ ഉണ്ടാക്കുന്നു, ഏതു പാത്രത്തിൽ കുടിക്കുന്നു എല്ലാം വളരെ പ്രധാനം, , സാധാരണയായി ഒരു ഗ്ലാസ് ചായ കിട്ടിയാൽ എത്രയും പെട്ടെന്ന് മോന്തി കുടിക്കുന്നത് പോലെയല്ല, Tea Tasting – ന്, ഏറ്റവും ഊന്നൽ കൊടുക്കുന്ന കാര്യം അതെങ്ങനെ രുചിച്ചു നോക്കുന്നു എന്നതിലാണ്, ചായ നാക്കിലും വായിലും അധികനേരം വെച്ചിട്ടു ഒച്ചയുണ്ടാക്കി , ചായയുടെ ഉള്ളിൽ വായു നിറച്ചു, അണ്ണാക്കിലൊക്കെ കറക്കി എടുത്തു വേണം ഇറക്കാൻ. ചായയുടെ മുഴുവൻ രുചിയും അനുഭവിച്ചറിയണം. പലതരം ചായ രുചിച്ചു നോക്കുമ്പോൾ ഒന്ന് കഴിഞ്ഞു മറ്റൊന്നിലേക്കു പോകയാണ് പതിവ്, ഇടയ്ക്കു വാ കഴുകാറില്ല.
Tea Tasters-ന്റെ റിപ്പോർട്ട് വളരെ സങ്കീർണ്ണമായ ഒന്നാണ്, ഓരോന്നും രുചിച്ചു നോക്കിയിട്ടാണ് ഗുണവും, മേന്മയും, വിലയും നിശ്ചയിക്കുന്നത്.
ഏറ്റവും നല്ല ചായ എന്ന് വിശേഷിപ്പിക്കുന്നത് ഉയർന്ന മലമ്പ്രദേശത്തെ തേയില ആണ്, അങ്ങനെയാണ് കേരളത്തിൽ മൂന്നാർ ഭാഗത്തെ തേയില ഏറ്റവും രുചിയേറിയതും, മേന്മയേറിയതും, അതുകൊണ്ടു തന്നെ വിലയേറിയതും ആകുന്നത്.
പലപ്പോഴും ലേലം വിളിക്കാൻ വരുന്ന മട്ടാഞ്ചേരിയിലെ മുന്തിയ കമ്പനിക്കാരായ, Aspinwall, J Thomas & Co. തേയിലപെട്ടികൾ മൊത്തമായി വാങ്ങിക്കൊണ്ടു പോകും, ചിലതു നാട്ടിൽ തന്നെ വിൽക്കും, വളരെ അധികം തേയില പുറം രാജ്യത്തേക്ക് കയറ്റുമതി ചെയ്യും. ഉദ്ദേശിച്ച വില കിട്ടിയില്ല എങ്കിൽ അടുത്ത ലേലത്തിന് വീണ്ടും വിൽക്കാനുള്ള ഏർപ്പാട് ചെയ്യും.
ഉള്ളെരിയുമ്പോഴും മറ്റുള്ളവർക്ക് ആശ്വാസം തരുന്ന സമോവർ! .ഈ സമോവറിന്റെ അടുത്തിരുന്ന് ചൂടും കാഞ് ചായയും മോന്തിയിരിക്കുന്ന കാഴ്ച നമ്മുടെ അപ്പനപ്പൂപ്പന്മാരുടെ കാലം മുതലേ ഉള്ളതാണ് നാട്ടിൻപുറങ്ങളിൽ മാത്രമല്ല , ലോകത്തുള്ള ഒട്ടു മിക്ക സ്ഥലങ്ങളിലും. അയൽക്കാർ ഒരുമിച്ചിരുന്നു ചായ കുടിച്ചു പത്രവും വായിച്ചു വഴിയേ പോകുന്ന ഈച്ചയെയും പൂച്ചയേയും നോക്കി വിശേഷം പറഞ്ഞിരുന്ന കാലം.
അന്നൊക്കെ കടത്തിണ്ണയിൽ ഇരിക്കുന്നവർ പല ജാതിക്കാരായിരുന്നില്ല. പല പാർട്ടിക്കാരുമായിരുന്നില്ല, ഒരേ നാട്ടുകാരായിരുന്നു ഏതെങ്കിലും പിള്ളേര് റോങ്ങ് ആയിട്ടെന്തെങ്കിലും ചെയ്താൽ പിടിച്ചു രണ്ടു പെടയും കൊടുത്തിട്ടു അവന്റെ അപ്പനെയോ അമ്മയെയോ വഴിയിൽ കണ്ടാൽ, യോദ്ധായിൽ ഒടുവിൽ പറയുന്ന പോലെ പറയും നിന്റെ മ്മുവോൻ അവനെ ഞാനിന്നു കണ്ടിരുന്നു രണ്ടു പൊട്ടിച്ചു ഇനി അവനെ വഴക്കു പറയണ്ട കേട്ടോ
കാലം മാറി, ഇന്നിപ്പോൾ സ്വന്തം പിള്ളേരെ ഗുണദോഷിച്ചാൽ സമോവറിന്റെ നെരിപ്പോടിൽ വെന്തുരുകി തീരാം
ചായയും, ചായയുടെ പല വകഭേദങ്ങളും കാലത്തിനപ്പുറവും ഇവിടൊക്കെ തന്നെ കാണും.കടുപ്പമുള്ള ചായ, കട്ടൻ ചായ, പാൽ ചായ, മസാല ചായ, ഐസ് ചായ, പച്ച ചായ, പുതിന ചായ
ഒരു മൈൽ നീളത്തിൽ അടിച്ച ചായ പതച്ചു പൊക്കി വെട്ടുഗ്ലാസ്സിൽ കൈയ്യിലോട്ട് കൊടുക്കുന്നതിന്റെ കൂടെ ഒരു പിടി ചോദ്യങ്ങളും ഉണ്ടായിരുന്നു, ചേട്ടാ എന്തൊക്കെയാണ് വിശേഷം, നമ്മുടെ തെക്കേലെ സുമതിയുടെ കാര്യം അറിഞ്ഞായിരുന്നോ
എല്ലാം ഒരു ചായയുടെ പതയിൽ നുരഞ്ഞു പൊങ്ങുന്ന വിശേഷങ്ങൾ.
യാത്ര തുടരുന്നതായിരിക്കും
Leave A Comment