പരീക്ഷ എന്ന വില്ലൻ
“അയ്യോ പാവം”! വിദ്യാർത്ഥിയെ കിടുവ പിടിച്ച കഥ…..
ചില നേരങ്ങളിൽ ചില മനുഷ്യർ”
ഇതൊരു പഴയ സിനിമ !!!
പല നേരങ്ങളിൽ ചില സാറന്മാർ, ചില ടീച്ചർമാർ
ഇതായിരുന്നു ഞങ്ങളുടെ പ്രശ്നം
നമ്മുടെ കോളേജിൽ പഠിച്ചവർ, ഞങ്ങളുടെ സീനിയർസ്
അവിടെ തന്നെ പഠിപ്പിക്കാൻ വരുന്ന ഒരു ഇടപാടുണ്ടായിരുന്നു ,
പഠിച്ചിരുന്ന കാലത്തു പുറത്താരും അറിയാത്ത, പഠിത്തത്തിൽ അല്ലാതെ മറ്റൊന്നിലും ശ്രദ്ധ ഇല്ലാത്തവർ, നല്ല മാർക്കും റാങ്കുമൊക്കെ വാങ്ങിയവർ. യാതൊരു ചുറ്റികളിയുമില്ലാതെ, ആരുമായിട്ടും വലിയ ലോഹ്യമൊന്നുമില്ലാതെ,
പച്ചവെള്ളം പോലും പതുക്കെ പതുക്കെ ചവച്ചരച്ചു കുടിച്ചിരുന്ന ഭാവിയുടെ വാഗ്ദാനങ്ങൾ….
കിര്മാണിയും,, ഗുപ്തയും, കുൽക്കർണിയും മാത്രം മന്ത്രിച്ചു നടന്നവർ.
അവർ ഒരിക്കലും ആരെയും നോക്കി സ്മൊണച്ചിട്ടില്ല , ഒരു പെൺ കുട്ടിയേയും പേരെടുത്തു വിളിച്ചിട്ടില്ല.
ചിലരാണേൽ കട്ട ദൈവങ്ങൾ, ചിലരാണേൽ വല്ലാത്ത ബുദ്ധിജീവികൾ
മാനത്തു കണ്ണും നട്ടു, അപ്പി ഹിപ്പിയെ പോലെ നടക്കുന്നവർ. വൈകാരികമായ സങ്കീര്ണ്ണത ബാധിച്ചിട്ടു ആരുമായും ഒരു മനുഷ്യപറ്റില്ലാതെ അവർ ഈ ലോകത്തൊന്നും ജീവിക്കണ്ടവരല്ല എന്ന് സ്വയം തീരുമാനിച്ചുറച്ചു നടന്നവർ
ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന, മലയാള സിനിമയിലെ ഗംഭീര ഡയലോഗ് പോലെ
പഠിപ്പിക്കാൻ കയറീട്ടു വേണം
“ഒതുക്കാൻ”
എന്നു ഉറക്കത്തിലും ഊണിലും സ്വപ്നം കണ്ടു നടന്നവർ
ഇവർ വന്നു കയറുമ്പോൾ ഉണ്ടാവുന്ന കോളിളക്കങ്ങൾ കണ്ടു ഞെട്ടി തരിച്ചവരുണ്ട്, തളർന്നവരുണ്ട് , പക്ഷെ അവരെ മച്ചാനും മച്ചാനും ആക്കിയവരും ഉണ്ട്
ഒരു കാര്യം ഓർക്കണം അന്ന് ഇന്നത്തെ പോലെ മൊബൈൽ ഫോൺ ഇല്ല, റെക്കോർഡ് ചെയ്യാനോ, ട്രോളാനോ പറ്റില്ല, പിന്നെ കണ്ണിലെണ്ണയൊഴിച്ചവരുടെ പിന്നാലെ നടക്കണം എവിടെങ്കിലും ഒന്ന് പതറുന്നത് കാണാൻ, ഒരു പുഞ്ചിരി, അല്ലെങ്കിൽ മെസ്സിൽ വരുമ്പോൾ ഒരു പത്തിരി ….
ചട പട എന്നു നടന്നു മറയുന്ന സർ
“Zia-ul-Haq” എന്ന പാക്കിസ്താനി ജനറലിനെ ഓർമിപ്പിക്കുന്ന സ്വഭാവം, ഏതാണ്ട് ഞങ്ങളുടെ സമകാലികൻ. പുള്ളിക്കാരൻ പഠിപ്പിക്കാൻ വന്നതേ പിള്ളേരെ ഒതുക്കാനാണെന്നു ഞങ്ങൾ വിശ്വസിച്ചിരുന്നു
സത്യത്തിൽ ആ വിശ്വാസം തെറ്റായിരുന്നില്ല എന്നു അന്ന് പലർക്കും ബോധ്യപ്പെട്ടിരുന്നു,
എന്റെ കൂടെ പഠിച്ച ഒരു കുട്ടി, കടിച്ചാൽ പൊട്ടാത്ത ഏതോ ഫോർമുല സ്വന്തം കൈവെള്ളയിൽ ആലേഖനം ചെയ്തതും അത് കൈയ്യോടെ പിടിച്ചതും; എന്റമ്മോ ഓർക്കുമ്പോൾ പേടി തോന്നുന്ന കാര്യങ്ങൾ…
കോളേജിലെ ആദ്യത്തെ സംഭവമായി ഇത്
അതുകൊണ്ടു തന്നെ എല്ലാവരുടെയും ചോരയും, ഹൃദയവും ഇളകി മറിഞ്ഞു.
ഇന്നലെ വന്ന സാറന്മാർ; പഠിച്ചിരുന്ന കാലത്തു ഓർമ്മകുറിപ്പുകളൊക്കെ പോക്കറ്റിലും, നീണ്ട കൈയുള്ള ഉടുപ്പിന്റെ കൈ മടക്കിലും, മുന്നിലിക്കുന്നവന്റെ ഷിർട്ടിന്റെ പുറകിലും, നല്ല മല്ലുവായി കരയുള്ള ഡബിൾ മുണ്ടുടുത്തു, അതിന്റെ ഇടയിൽ വെള്ള കടലാസ്സിൽ കുരുകുരാന്നു എഴുതി ഘടിപ്പിച്ചുമൊക്കെ വിലസിയ ഉസ്താതുക്കളായിരുന്നു.. കേട്ടറിവാണു, കണ്ടറിവല്ല….
പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറയാറില്ലേ
സാറും അത്രയേ കണ്ടിട്ടുണ്ടാവുള്ളൂ
സാറിനും പിന്നെ ഓർത്തപ്പോൾ, ചിരി വന്നിട്ടുണ്ടാവും , പണ്ട് താൻ പഠിച്ചപ്പോൾ ആരും പിടിച്ചില്ലല്ലോ എന്നോർത്ത് സമാധാനിച്ചിട്ടുണ്ടാവും;
വേണ്ടായിരുന്നു എന്നും തോന്നിയിട്ടുണ്ടാവാം.
പക്ഷെ പിടിച്ചു പോയില്ലേ, ഇനിയിപ്പോൾ താഴാനും വയ്യ, കണ്ണടക്കാനും വയ്യ
അങ്ങനെ ഒരു സംഭവം ഓർത്തെടുക്കുന്നു
പരീക്ഷ ഹാളിൽ നിന്നിറക്കി വിട്ട വിദ്യാർത്ഥിയെ വിസ്തരിക്കാൻ തീരുമാനിച്ചു.
Electrical Department -ൽ. ഏകപക്ഷീയമായ വിസ്താരണ. മുതിർന്ന സാറും, പിടിച്ച സാറും, മുതിർന്ന സാറൊരു രാജവെമ്പാല, രക്ഷപെടാമെന്നു വ്യാമോഹിക്കുക പോലും വേണ്ട…
ഞങ്ങളുടെ കോളേജിൽ എന്തിനും ഏതിനും ഒരു കമ്മീഷൻ ഉണ്ടായിരുന്നു;
താഴേക്കിടയിലെ പ്രശ്നങ്ങൾ, അതാത് Department- കാർ തന്നെ തീർക്കും
പ്രശ്നങ്ങൾ കൈ വിടുമ്പോൾ, മിതഭാഷി ആയ പ്രിൻസി, സാറിന്റെ വലംകൈയ്യെ വിളിക്കും
അപ്പോഴേ പകുതി പേര് സത്യം പറഞ്ഞു അടിയറവു പറഞ്ഞിരിക്കും …
അന്നൊരു കരിദിനമായിരുന്നു, പലരും വിഷമിച്ച ദിവസം,
പ്രകൃതിധര്മ്മ പ്രകാരമുള്ള നീതി ഉറപ്പാക്കാൻ വേണ്ടി, മുതിർന്ന ക്ലാസ്സിലെ വിപ്ലവകാരികൾ ഒരു തീരുമാനം എടുത്തു.
പിടിച്ച കുട്ടിയുടെ കൈയ്യിൽ വളരെ ആധുനികമായ ഒരു പാട്ടുപെട്ടി ഉണ്ടായിരുന്നു, കമ്പി ഇല്ലാ കമ്പി Recording വൈദഗ്ദ്ധ്യമുള്ളത്,
കുട്ടി അന്വേഷണത്തിന് പോകുന്നതിനു മുന്നേ, തൊട്ടു മുന്നേ
വിളറി, വെളുത്തു, വെറുങ്ങലിച്ചു, ചോര മയമില്ലാതെ ജീവശ്ചവം പോലെ നിന്ന കുട്ടിയെ സമാധാനിപ്പിച്ചു, ധൈര്യം കൊടുക്കാൻ തീരുമാനിച്ചു. ചാര സിനിമകളിലെ പോലെ കുട്ടിയുടെ ഉടുപ്പിന്റെ അടിയിൽ നെഞ്ചുംകൂട്ടിൽ വയറു ഘടിപ്പിച്ചു, കുട്ടിയുടെ അന്വേഷണം നടക്കുമ്പോൾ ഇന്നത്തെ Electrical Department- ന്റെ അടുത്തുള്ള കെട്ടിടത്തിൽ (Mechanical Workshop) പണി അങ്ങോട്ട് തീർന്നതേ ഉള്ളൂ, പുത്തൻ കെട്ടിടമാണ്, ആരുമില്ലാത്ത കെട്ടിടം, അന്നത്തെ മുന്തിയ പാട്ടുപെട്ടിയിൽ റെക്കോർഡ് ചെയ്യാനുള്ള ചട്ടവട്ടങ്ങൾ ഒരുക്കി. എല്ലാം സജ്ജമായി,
നിഗൂഢമായ അന്തരീക്ഷം
ശ്മശാന മൂകത
എല്ലാടവും നിശ്ചലം,
ആകാംഷയും, ഭയവും ഉള്ളിലൊതുക്കിയ രണ്ടു പേരുടെ ഹൃദയ സ്പന്ദനം മാത്രമേ കേൾക്കാനുള്ളു… അതേതാണ്ട് പെരുമ്പറ കൊട്ടുന്ന പോലുണ്ട് …
എന്തായാലും അന്വേഷണ പ്രക്രിയ മൊത്തമായി രേഖപ്പെടുത്താൻ തീരുമാനിച്ചു
കുട്ടിയെ സാറന്മാർ വിസ്തരിക്കാൻ തുടങ്ങി
അപ്പോഴാണ് വലിയ സാർ ഒരു ചോദ്യം ചോദിച്ചത്
എവിടെ ആണ് കുട്ടി ഫോർമുല എഴുതിയത്?
കൈ വെള്ളയിലാണോ?
കൈ പുറത്താണോ?
വിരലിലാണോ?
ചെറിയ സാറിനു വല്ലാത്ത ശങ്ക
ഓർമയില്ല
അപ്പോൾ കുട്ടി പറഞ്ഞു സാറെ, ഞാൻ, അത്, ഉത്തര കടലാസിൽ എഴുതിയ ഉത്തരം, വെറുതെ പകർത്തി, എടുത്തതാണ്…..
ഇറങ്ങുമ്പോൾ എഴുതിയത് ശരി ആണോ എന്നറിയാൻ.
സാറെ ഇത് എന്റെ കുഞ്ഞുന്നാള് തൊട്ടേ ഉള്ള ശീലമാണ്.
അപ്പച്ചനും, അമ്മച്ചിയും വീട്ടിൽ ചെല്ലുമ്പോൾ ചോദിക്കും
അല്ലാതെ കോപ്പി അടിച്ചതല്ല സാറേ
ആകെ പ്രശ്നമായ സംഭവം
താൻ പിടിച്ച കൊമ്പിന്റെ അറ്റത്തു പാമ്പാണെന്ന് വിശ്വസിച്ചു തല്ലിക്കൊന്ന്
പ്രതിയുടെ, ജീവിതം തന്നെ നാശകോടാലി ആക്കാൻ തയ്യാറെടുത്തു നിൽക്കുന്ന ചെറിയ സാർ…
സംഭവം എല്ലാവരും വളരെയധികം വ്യക്തിപരമായിട്ടെടുത്തു .
സാറന്മാര് ഒരല്പം ആശയകുഴപ്പത്തിലായി
കുട്ടി പുറത്തു വന്നു
എവിടെ ഒക്കെയോ കുറച്ചു പാളിച്ചയും, പിളർപ്പും, വിടവും ഉണ്ടെന്നു മനസ്സിലാക്കിയ മുതിർന്നവർ
കരിക്കോട്ടേക്കു വെച്ചു പിടിച്ചു
വണ്ടി കയറി, കോളേജിന്റെ വക്കീലിന്റെ വീട്ടിലേക്കു പോയി
കരുണാകരൻ സാറിന്റെ ശുപാര്ശയിൽ വന്ന പുള്ളിക്കാരൻ അതാദ്യം ബോധിപ്പിച്ചു, അപ്പോൾ പിന്നെ വക്കീൽ കേസ് കെട്ട് കേൾക്കാമെന്നായി
കാര്യം പറയുന്നതിന് പകരം നെഞ്ചിനകത്തൂന്ന പോലെ ഉടുപ്പിന്റെ ഉള്ളിൽ നിന്നൊരു ടേപ്പ് എടുത്തു മേശപ്പുറത്തു വെച്ച്
അതിന്റെ തൊട്ടടുത്ത് ഒരു വിദേശ പാട്ടുപെട്ടിയും
എന്നിട്ടു ഒരു തരം സൈനികനീക്കം പോലെ, മുഴുവൻ സംഭാഷണവും കേൾപ്പിച്ചു
തൊണ്ടിയാണ്
വക്കീലിന്റെ ആദ്യത്തെ അനുഭവമാണ്
ഹൈ ടെക് ക്ലൂ
വക്കീലിനും പ്രചോദനമായി
പുള്ളിക്കാരൻ ഉടനെ കോളേജിലേക്ക് വിളിച്ചു
പ്രിൻസി ഞെട്ടി
വലംകൈയ്യും, ഇടംകൈയ്യും, വലിയ സാറും, ചെറിയ സാറും ഞെട്ടി
അങ്ങനെ കോളേജിലെ അച്ചടക്കനടപടികളുടെ ആദ്യത്തെ ട്വിസ്റ്റ് സംഭവിച്ചു…
വക്കീലിന് കോളേജിൽ നിന്നൊരു ഫോൺ വന്നു
എല്ലാം ശരിയാക്കാം
കുട്ടിയെ മാപ്പു സാക്ഷി ആക്കാം
പക്ഷെ കൊണ്ടുവന്നവരുടെ വ്യക്തിവിവരണം അറിയിക്കാൻ പറഞ്ഞു
വെറുതെ അറിയാനാണ് ഈ മിടുക്കന്മാരുടെ സാങ്കേതികവിദ്യയിലുള്ള മികവിനെ അഭിനന്ദിക്കാനാണ്
വക്കീൽ അതിൽ വീണു
പേര് കൊടുത്തു
പിന്നെ എല്ലാം സംഭവാമി യുഗേ യുഗേ
കോളേജിലെ ഒരു ഒറ്റ മൂലി ആണ് സസ്പെന്ഷന് : താല്ക്കാലികമായി നീക്കം ചെയ്യല്
ഇതിപ്പോൾ സസ്പെൻഡ് ചെയ്യണ്ടവരുടെ എണ്ണം കൂടി
കുട്ടിയുടെ കാര്യം വളരെ പരിതാപകരമായി
വെളുക്കാൻ തേച്ചത് പാണ്ടായി
കുട്ടികളുടെ സ്നേഹബന്ധവും, ഉറപ്പുള്ള ചങ്കും, ഭയമില്ലാത്ത, മുൻപിൻ നോട്ടമില്ലാത്ത, പെരുമാറ്റവും കണ്ടിട്ട് അതിനെ ശ്ലാഖിച്ച വിരലിൽ എണ്ണാവുന്ന കുറച്ചു സാറന്മാർ ഉണ്ടായിരുന്നു.
അവർ പ്രത്യക്ഷമായും, പരോക്ഷമായും ഇടപെട്ടു ; യാതൊരു സ്വാധീനവും ചെലുത്താത്ത വിചാരണ നടത്തിയപ്പോൾ, കാര്യം ബോധ്യപ്പെട്ടു.
കുട്ടിയെ ചോദ്യങ്ങൾ ചോദിച്ചു മാനസികമായി പീഡിപ്പിച്ചു മനോവ്യഥ വരുത്തി എന്ന് ആക്കി തീർത്തു സസ്പെന്ഷൻ ഒഴിവാക്കാൻ നോക്കിയതാണ്; അല്ലാതെ വേറെ യാതൊരു ദുരുദ്ദേശവും ഇല്ലായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവാതെ കുട്ടിയെ ഡീബാർ ചെയ്യുമെന്നുറപ്പായതു കൊണ്ടാണ് വക്കീലിന്റെ സേവനം എടുക്കാൻ തീരുമാനിച്ചത്.
ഒരായിരം സാഹസിക പരമ്പരകളുടെ തുടക്കം മാത്രമായിരുന്നു ഈ ഒരു പ്രവർത്തി. ഇന്നും അത് തുടരുന്നു
സധൈര്യം……തീയിൽ കുരുത്ത സ്നേഹ കൂട്ടുകെട്ട്
സഹമുറിയന്മാർക്കും, കൂട്ടാളികൾക്കും വേണ്ടി ജീവൻ കളയുന്ന വിദ്യാർത്ഥി കൂട്ടം
Leave A Comment