അമ്മാവന്റെ ഫ്ലാറ്റിൽ എത്തിയപ്പോൾ വിഭവസമൃദ്ധമായ ഊണ് റെഡി, നല്ല നാടൻ അരി ചോറും, കാച്ചിയ മോരും, കോഴിക്കറിയും, മീൻ വേവിച്ചതും ആന്റി, കുറെയധികം ഭക്ഷണം ഉണ്ടാക്കി വെച്ചിരുന്നു, തീന്മേശയിൽ കഞ്ഞി ഒഴിച്ച് ബാക്കി എല്ലാം നിരത്തി വെച്ചിരിക്കുന്നു. ഊണ് മേശയുടെ അങ്ങേ തലക്കൽ നിന്ന ജോമിയെ ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി, എന്തെല്ലാം മോഹന വാഗ്ദാനങ്ങൾ ആയിരുന്നു ഇങ്ങോട്ടു വരുന്നതിന് മുന്നെ മലപ്പുറം കത്തി, അമ്പ്, വില്ല് എന്നൊക്കെ പറയുന്ന പോലെ, ഒന്ന് വന്നാൽ മതി സ്പെഷ്യൽ കഞ്ഞി, പയറ്, ഉപ്പുമാങ്ങ, പപ്പടം.
ഇപ്പോൾ എന്റെ പ്രിയ സുഹൃത്തു ഞാനെന്നൊരു ജീവി കൂടെ ഉണ്ടെന്നൊരു ചിന്തയില്ലാതെ, പ്രലോഭനങ്ങളെല്ലാം കാറ്റിൽ പറത്തി മുഴുവൻ നേരവും ടിക്കുവിന് മലയാളം പറയാൻ ബുദ്ധിമുട്ടാണെന്ന ഭാവേന പരിഭാഷകന്റെ ചുമതല ഏറ്റെടുത്തു 3 M yellow post it notes ഒട്ടി പതിപ്പിച്ച പോലെ അടുത്ത് കൂടി ഇരിക്കുന്നു. എന്തോ ഒരു ചുറ്റികളിയുണ്ടെന്നു മനസ്സിലാക്കിയ ഞാൻ സംയമനം പാലിക്കാൻ തീരുമാനിച്ചു, എനിക്കും ഒരു ദിവസം വരും എന്ന് മനസ്സിൽ പറഞ്ഞതും, ജോൺ ചെറിയാൻ സർ എന്നെ അടുത്തേക്ക് വിളിച്ചിട്ടു പറഞ്ഞു ബീന പറഞ്ഞ ആ സാധനം ഇല്ലെന്നാ തോന്നുന്നേ, നാസറിനെ കൂടെ കൊണ്ടുവരാമായിരുന്നു. സാറേ ഞാൻ പറഞ്ഞത് പോകട്ടെ എന്നോട് പറഞ്ഞ എന്റെ കഞ്ഞിയും ഇല്ല, തിരിച്ചങ്ങു ചെന്നിട്ടു വേണം രണ്ടു കൊടുക്കാൻ.
കറിയുടെ മുകളിൽ വെളിച്ചെണ്ണയിൽ താളിച്ച കറിവേപ്പില കണ്ടപ്പോൾ ഞാൻ ചോദിച്ചു ഇവിടെ എല്ലാം കിട്ടുമല്ലേ, അപ്പോൾ aunty സന്തോഷത്തോടെ എല്ലാം വിശദമായി പറഞ്ഞു തന്നു, ഇവിടെ ഇഷ്ടം പോലെ മലയാളികളുണ്ട്, പലരുടെയുംവീട്ടിൽ ആവശ്യത്തിനുള്ള സാധനങ്ങൾ കൃഷിയുണ്ട്, പോരാഞ്ഞിട്ട് നാട്ടിൽ കിട്ടുന്ന എന്തും കിട്ടുന്ന പ്രത്യേക കടകളും ഉണ്ട്.
എനിക്കിതില്പരം ഒരു സന്തോഷമില്ലായിരുന്നു. അഥവാ ഇവിടെ എങ്ങാനും ജോലി ആയി വന്നാൽ നാടൻ ഭക്ഷണം ഉണ്ടാക്കുന്നത് ഒരു പ്രശ്നമാവില്ല. ഭാഗ്യം.
നല്ല രുചിയുള്ള നാടൻ ഭക്ഷണം മേശമേൽ നിരത്തി വെച്ചിട്ടുണ്ടെങ്കിലും, എനിക്കാണേൽ ഇച്ചിരി കഞ്ഞി കുടിച്ചോളാഞ്ഞു വയ്യ, കുറച്ചു കഞ്ഞി വെള്ളം ഉണ്ടോ എന്ന് aunty -യോട് ചോദിച്ചപ്പോൾ, sari കഞ്ഞിമുക്കാൻ എടുത്തു മാറ്റി വെച്ചിട്ടുണ്ടെന്നായി, എനിക്കിച്ചിരി തരാമോ എന്ന് ചോദിച്ചപ്പോൾ അവർ സന്തോഷത്തോടെ പറഞ്ഞു അതിനെന്താ തരാല്ലോ ഇന്ന് വൈകിട്ട് വെച്ച ചോറിന്റെയാ .
സാരി മുക്കാൻ എന്ന് കേട്ടതും ഞാൻ അമ്മയെ ഓർത്തു, ഞായറാഴ്ച പള്ളിയിൽ പോകുമ്പോൾ ‘അമ്മ ഉടുക്കുന്നതു വെള്ള ഓർഗണ്ടി തുണിയിൽ Shadow work ചെയ്ത സാരികളാണ്, ഘനം കുറഞ്ഞ സാരിയുടെ അടിയിൽ ഉടുക്കുന്നത് തിരുവന്തപുരത്തുള്ള LMS പള്ളിയിലെ ഞങ്ങൾ സ്നേഹപൂർവ്വം കൊച്ചമ്മ എന്ന് വിളിക്കുന്ന അമ്മയുടെ പഴയ ഒരു കൂട്ടുകാരി മേൽനോട്ടം വഹിക്കുന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങുന്ന കട്ട് വർക്ക് ചെയ്ത poplin പാവാടകളാണ്.
ഹൈദരാബാദിലെ നൈസാമിന്റെ കൊട്ടാരത്തി ൽ ആകർഷണീയമായ ഒരു പ്രതിമയുണ്ട് വെണ്ണക്കല്ലിൽ കൊത്തി വെച്ച പ്രതിമ, ആ സുന്ദരിയുടെ ഉടുപ്പിന്റെ അടിയിലുള്ള പെറ്റിക്കോട്ടിന്റെ അതിമൃദുലമായ lace -ന്റെ തുന്നൽപണികൾ കാണാം. അതുപോലെ ചിത്രപ്പണികളുള്ള വെള്ള സാരി ഉടുക്കുമ്പോൾ അടിയിൽ പാവാടയുടെ താഴെയായി കണങ്കാലിനോട് ചേർന്ന് cut work കാണാം.
‘അമ്മ തൈയ്ച്ചതും വാങ്ങിയതുമായ സാരികൾ എനിക്കോർമ്മയുള്ള കാലമത്രയും വളരെ സൂക്ഷിച്ചാണ് വെച്ചിരുന്നത്. ഒന്നുടുത്താൽ കഴുകി, ബക്കറ്റിൽ തോർത്തുപയോഗിച്ചു അരിച്ചൊഴിച്ച കഞ്ഞി വെള്ളത്തിൽ മുക്കി അധികം മുറുക്കി പിഴിയാതെ എടുത്തിട്ട് ഞങ്ങൾ മുറ്റത്തു നിന്ന് പിടിച്ചുണക്കും, അത് ഞായറാഴ്ചത്തെ ഒരു ചടങ്ങാണ്. ഇടയ്ക്കിടെ കുടഞ്ഞും, നിവർത്തിയും ,ഓളങ്ങളുണ്ടാക്കിയും സാരി ഒന്ന് വാടുന്നതുവരെ കൈ നിവർത്തി പിടിച്ചിങ്ങനെ ആട്ടി ആട്ടി നിൽക്കും കഥയും പറഞ്ഞു പാട്ടും പാടി. ഒന്ന് വാടികഴിയുന്നതും, ശ്രീധരൻ ചേട്ടൻ വന്നു ചിരട്ട കരിയിടുന്ന തേപ്പുപെട്ടി കൊണ്ട് മുൻവശത്തെ കാർപോർച്ചിന്റെ സിമന്റ് തറയിൽ എടുത്തു വെക്കുന്ന വലിയ തടി മേശയിലിട്ടു തേക്കും. അത് മടക്കി എടുത്തു അലമാരിയിൽ ഭദ്രമായി വെക്കുന്നതവരെ ചൊവ്വയിലോട്ടു മംഗൾയാൻ വിടുമ്പോൾ ശാസ്ത്രജ്ഞന്മാർ Control Room- ലെ Barco Screen- ൽ ഉറ്റുനോക്കുന്നത്ര ശ്രദ്ധയാണ് എന്റെ അമ്മക്ക്. ദോഷം പറയരുതല്ലോ ചൊട്ടയിലെ ശീലം ചുടല വരെ, ക്ഷമയുള്ള ശീലങ്ങൾ പലതും പഠിച്ചത് നന്നായി എന്ന് ജീവിതത്തിലെ താളുകൾ മറിക്കുമ്പോളാണ് മനസ്സിലാവുന്നത്. പ്രത്യേകിച്ച് പലരെയും കണ്ടു മുട്ടുമ്പോൾ.
ബോംബയിലെ ആന്റി കഞ്ഞിവെള്ളം ഇച്ചിരി ചൂടാക്കിയെന്നു മാത്രമല്ല ഒരു കുടോംപിഞ്ഞാണത്തിലാണ് കൊണ്ടുവന്നതു, ലോകത്തെവിടെ താമസമാക്കിയാലും ഒഴിച്ച് കൂടാൻ പറ്റാത്ത കുറെ സാധനങ്ങൾ ഉണ്ടെൻറെ ലിസ്റ്റിൽ, കൊല്ലത്തെ വീട്ടിൽ ഞാൻ ഉപയോഗിച്ച് ശീലിച്ച പാത്രങ്ങൾ മൺചട്ടിയും, കൽച്ചട്ടിയും, അരകല്ലും, ഇടി കല്ലും, മീൻ വെട്ടുന്ന പിച്ചാത്തിയും, പിന്നെ ചില പ്രത്യേക പാത്രങ്ങളും. സത്യം അതിൽ ഒരെണ്ണമാണ് കുണ്ടറ ceramic-ലെ കഞ്ഞികുടിക്കുന്ന കുടോംപിഞ്ഞാണം, കഞ്ഞി കുടിക്കാൻ പറ്റിയ പാത്രം, ഞാനാ പാത്രത്തിലോട്ടു, കുറച്ചു ചോറിട്ടു, കാച്ചിയ മോരും, അച്ചാറും, ചമ്മന്തിയും എല്ലാം കൂടി കൂട്ടി യോജിപ്പിച് വിരൽ തുമ്പു കൊണ്ടിളക്കി കുമ്പിള് കുത്തിയ പ്ലാവില കൊണ്ട് കോരി കുടിക്കുന്ന പോലെ വിരലുകൾ കൂട്ടിച്ചേർത്തു പിടിച് കഞ്ഞിവെള്ളത്തോട് കൂടി വറ്റെടുത്തു വായിലിട്ടു. ശബ്ദം ഉണ്ടാക്കാതെ ഭക്ഷണം കഴിക്കാൻ പഠിപ്പിച്ച അമ്മയെ ഓർത്തുകൊണ്ട് കൊതിയോടെ ആണ് കഴിക്കുന്നതെങ്കിലും ആർത്തി കാണിക്കാതെ മുഴുവനും രുചിയോടെ കഴിച്ചു തീർത്തു. ഇടയ്ക്കു ഒരു കഷ്ണം മീനും ഇച്ചിരി ചാറും കൂടി പാത്രത്തിലേക്കിട്ടു, അതിന്റെ രുചി ഒന്ന് വേറെയാണ്. എന്തൊരു സുഖമാണെന്നോ ഇച്ചിരി കഞ്ഞി കുടിക്കുമ്പോ.
ഭക്ഷണം കഴിഞ്ഞതും ജോൺ ചെറിയാൻ സാർ മുൻവശത്തുള്ള മുറിയിലേക്ക് പോയി സോഫയിലിരുന്നു ചെറുതായി മയങ്ങി; ശല്യപെടുത്തണ്ട എന്ന് എല്ലാവരും പരസ്പരം ആംഗ്യം കാണിച്ചു. പാത്രമൊക്കെ പിറക്കി വെക്കാൻ Aunty-യെ സഹായിച്ചിട്ടു ഞാൻ അവിടത്തെ കുട്ടിയുമായി കളിച്ചു ചിരിച്ചു കുത്തിയിരുന്നു. ആരും പോകാൻ തീരെ ധൃതി കൂട്ടിയില്ല, നേരം ഇരുട്ടി ചുറ്റുവട്ടത്തെല്ലാം കണ്ണഞ്ചിപ്പിക്കുന്ന വിളക്കുകളുടെ പ്രകാശം, പോരാത്തതിന് നിർത്താത്ത airhorn ശബ്ദം, ഇടയ്ക്കിടെ ഓരിയിടുന്ന പോലെ ഹിന്ദിയിൽ എന്തോ വിളിച്ചു കൂവുന്നത് കേൾക്കാം, ബാല്കണിയിൽ നിന്ന് താഴോട്ട് നോക്കിയാൽ നിരത്തിലാകെ ഉന്തുന്ന വണ്ടിയുമായി നടക്കുന്ന പലതരത്തിലുള്ള കച്ചവടക്കാരാണ് , മണി 8 കഴിഞ്ഞപ്പോൾ അമ്മാവൻ പറഞ്ഞു ഇനി നമുക്ക് പോകാം, തിരികെ പോകുന്ന വഴിയിൽ ചിലപ്പോൾ താമസം ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇങ്ങോട്ടു വന്നപ്പോഴും പുള്ളിക്കാരൻ ഇത് തന്നെയാണ് പറഞ്ഞത്, അപ്പോൾ ആന്റി അദ്ദേഹത്തോട് ചോദിച്ചു നിങ്ങൾ ഇവരെ അവിടം വഴിയാണോ കൊണ്ടുപോകുന്നത് , വളരെ പതിഞ്ഞ സ്വരത്തിൽ പുള്ളിക്കാരൻ അതെ എന്ന് പറഞ്ഞു, പിള്ളാർക്കറിയാമോ , ഇല്ല ഒന്നും പറഞ്ഞിട്ടില്ല കണ്ടു മനസ്സിലാക്കട്ടെ.
ആകെ മൊത്തം പലതരത്തിലെ ചുറ്റികളികളാണല്ലോ ഇന്നത്തെ ഈ സായാഹ്നത്തിൽ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു, പിന്നെ സാറുള്ളത് കൊണ്ട് Who bothers.
സാർ അപ്പോഴേക്കും മയക്കത്തിൽ നിന്നുണർന്നു, ഇതിനാണ് പൂച്ച ഉറക്കം അല്ലെങ്കിൽ power nap എന്ന് പറയുന്നതു. പുറപ്പെടാൻ തയ്യാറായ ഞങ്ങൾ ആന്റിയോട് സ്നേഹത്തോടെ നന്ദി പറഞ്ഞു കാറിന്റെ അടുത്തേക്ക് നടന്നു. ഇപ്പോൾ അറ്റത്തു ഇരിക്കാൻ ആർക്കും വലിയ താല്പര്യമില്ലാത്ത പോലെ, ഞാൻ ഇടത്തെ അറ്റത്തു കയറി എന്റെ അടുത്ത് tikku പിന്നെ ജോമി അങ്ങനെ എല്ലാവരും വരി വരി ആയി വണ്ടിയിൽ കയറി, പെട്ടെന്ന് അടുത്ത വീട്ടിലെ കുട്ടികൾ ഒരു പടയായി ആർത്തു കൂവി വരുന്നു, അങ്കിൾ പറഞ്ഞു അത് ലണ്ടനിൽ നടക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് മാച്ചിൽ ഒന്നുകിൽ ഇന്ത്യയുടെ ആരെങ്കിലും boundary അടിച്ചിട്ടുണ്ടാവും അല്ലെങ്കിൽ അവരാരെങ്കിലും ഔട്ട് ആയിട്ടുണ്ടാവും.
ഭക്ഷണം കഴിഞ്ഞപ്പോളേക്കും എല്ലാവരും വികസിച്ച പോലെ , ഞാൻ കാറിന്റെ ജനാല താഴ്ത്തി വഴിനീളെയുള്ള മിന്നുന്ന വിളക്കുകൾ കണ്ടങ്ങനെ ഇരുന്നു, കുളിര്മയുള്ളൊരു കാറ്റ് കവിളിൽ തലോടി തുടങ്ങി,ഉറങ്ങാത്ത നഗരമാണ് ബോംബെ, ചുറ്റിനും ശബ്ദം മാത്രം,പക്ഷെ ആ ശബ്ദം നമ്മളുടെ ഉള്ളിലേക്ക് ഇത്തിൾ പോലെ പറ്റി പിടിച്ചങ്ങു വളരാൻ തുടങ്ങും, മത്തി അടുക്കിയ പോലെ ചുറ്റും മനുഷ്യരാണ്, വളരെ സാവധാനത്തിൽ നീങ്ങിക്കൊണ്ടിരുന്നു വണ്ടി പെട്ടെന്ന് ചവുട്ടി നിർത്തി, തിരമാല പോലെ ആളുകൾ ഇരമ്പി വരുന്നു , ഏതോ ട്രെയിൻ സ്റ്റേഷനിൽ നിന്ന് ജോലി കഴിഞ്ഞിറങ്ങിയവരുടെ തള്ളായിരുന്നു.
കണ്ണുതുറന്നടക്കുന്നതിന്റെ ഇടയ്ക്കു ആരോ എന്റെ തലയിൽ തൊട്ടതായി തോന്നി, കൈവെച്ചു ഞൊടിക്കുന്ന പോലെ ; അതെ, വണ്ടിയുടെ അരികിലായി തിളങ്ങുന്ന നിറത്തിലുള്ള തുണി ചുറ്റിയ ആരൊക്കെയോ , അവർ ഹിന്ദിയിൽ എന്തൊക്കെയോ പറയുന്നു, മുഖം കുനിച്ചു വണ്ടിക്കുള്ളിലേക്കു തലയിട്ടു അനുഗ്രഹിക്കുന്ന പോലെ വീണ്ടും കൈ തലയിൽ വെച്ചു. അപ്പോഴേക്കും വണ്ടി ഓടിച്ചിരുന്ന അങ്കിൾ അവരെ വിളിച്ചു. അവരെന്റെ തലയിൽ ഒന്നുകൂടി കൈ വെച്ചിട്ടു ജീതേ രഹോ ബേട്ടി എന്നും പറഞ്ഞു കുണുങ്ങി കുണുങ്ങി കാറിന്റെ അപ്പുറത്തെ വശത്തേക്ക് പോയി. അവർ നടന്നപ്പോൾ ഞാനിന്നു വരെ കണ്ടിട്ടില്ലാത്ത എന്തോ ഒരു പ്രത്യകത അവരിൽ കണ്ടു, ആവശ്യത്തിൽ കൂടുതൽ ആടയാഭരണങ്ങൾ, പക്ഷെ യാതൊരു ചേർച്ചയില്ലാത്ത വലുപ്പമുള്ള തിളക്കമുള്ള ആഭരങ്ങൾ ഏതോ നൃത്ത പരിപാടിക്ക് പോകുന്ന പോലെ, മുഖത്താകെ പൗഡറുപൂശി പൊട്ടു തൊട്ടു കണ്ണെഴുതി ചുണ്ടെല്ലാം ചുവപ്പിച്ചു അണിവയറും മാറും ആവശ്യത്തിൽ കൂടുതൽ പ്രദർശിപ്പിച്ചുകൊണ്ടുള്ള തിളക്കമേറിയ ജിൽ ജിൽ വേഷഭൂഷാതികൾ. ആരും പറയാതെ തന്നെ ഞാൻ കാറിന്റെ ഗ്ലാസ് ഉയർത്തി. പ്രതീക്ഷിക്കാത്ത കാഴ്ച ആണ് കണ്ടത്, അങ്കിൾ അവരുടെ കൈയിലേക്ക് ചില്ലറ വെച്ചു കൊടുത്തു അവർ അടുത്ത വണ്ടിയുടെ അടുത്തേക്ക് പോയി.
ആരും ഒന്നും മിണ്ടിയില്ല. ചിലനേരത്തു നമ്മൾ അങ്ങനെയാണ്, നമ്മുടെ ഒരു രീതി അങ്ങനെ ആണ്, അറിയണമെങ്കിലും ചോദിക്കാൻ മടിക്കും, ചോദ്യങ്ങൾ ചോദിക്കുന്നത് നല്ല കുട്ടികളുടെ ലക്ഷണം അല്ല എന്നാണ് നമ്മളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. പത്തടി വണ്ടി പോയില്ല അപ്പോഴേക്കും വണ്ടിയുടെ മുന്നിലും, സൈഡിലും പിന്നിലുമെല്ലാം കണങ്കാല് പുറത്തു കാട്ടി, മാറും ഇടുപ്പും, നിതംബവും, പുറത്തു കാണത്തക്ക വണ്ണം വർണ്ണപകിട്ടേറിയ കിന്നരിത്തുണി കൊണ്ടുള്ള വേഷം ധരിച്ചവരെ കൊണ്ട് നിറഞ്ഞു.
അപ്പോൾ ഞാൻ ചോദിച്ചു ഇവർ ആരാണ്. നമ്മൾ എവിടെയാണ്
കാമാത്തിപുര
റെഡ് സ്ട്രീറ്റ്
ശരിക്കും; ഞങ്ങൾ ഇവിടെ വരണമെന്ന് പറഞ്ഞിരിക്ക ആയിരുന്നു. അപ്പോൾ അങ്കിൾ പറഞ്ഞു നിങ്ങൾ ഇവിടെ വരണം എല്ലാവരും വരണം വന്നു കാണണം. അതുകൊണ്ടാണ് ഞാൻ ഇന്ന് നിങ്ങളെ ഇത് വഴി കൊണ്ടുവരാൻ തീരുമാനിച്ചത്.
പക്ഷെ ഒരു കാര്യം നിങ്ങൾ താമസിക്കുന്നിടത്തു നിന്ന് ടാക്സിയിൽ മാത്രമേ വരാവൂ വണ്ടിയുടെ കണ്ണാടി ചില്ലകൾ അടച്ചിരിക്കണം, അല്ലെങ്കിൽ കൈ നിറയെ ചില്ലറ ഉണ്ടാവണം..
ഈ യാത്ര തുടരുന്നതായിരിക്കും.
Leave A Comment