ഇലക്ഷൻ ചൂട് പിടിച്ചു
ഇലക്ഷൻ സമയത്തു മാത്രം രാവിലെ എഴുന്നേറ്റു കോളേജിൽ എത്തുന്ന മുതിർന്ന കുട്ടികൾ. എന്നും രാവിലെ അന്നന്നത്തെ നോട്ടീസും, പ്രചരണ തന്ത്രങ്ങളും ഡേ സ്കോളർസിന് പറഞ്ഞു കൊടുത്തിട്ടു, വീണ്ടും പോയി കിടന്നുറങ്ങുന്ന വിദ്വാന്മാരാണ് കൂടുതലും.
ഒരു ദിവസം ചെറുപ്പക്കാരനായ സാർ ക്ലാസ്സിൽ വന്നപ്പോൾ പകുതി പോലും കുട്ടികളില്ല
ഇനി ഇപ്പൊ വോട്ടു പിടിത്തവുമായി കറങ്ങി നടക്കുകയാണോ എന്ന് സംശയിച്ചപ്പോൾ സ്ഥാനാർത്ഥികൾ പലരും ക്ലാസ്സിലുണ്ട്.
അപ്പോൾ ഒരു സ്ഥാനാർഥി പറഞ്ഞു സാറെ ഹോസ്റ്റലിൽ നിന്നാരും വന്നിട്ടില്ല
മൊത്തമായിട്ടു വരാത്തതിന് രണ്ടു മൂന്നു കാരണമേ കാണൂ
ഒന്നുകിൽ വെള്ളമുണ്ടാവില്ല
അല്ലെങ്കിൽ മെസ്സിൽ എന്തെങ്കിലും പ്രശ്നം
ആരോ ഒരുത്തൻ പറഞ്ഞു സാറെ ഇലക്ഷനല്ലേ രാവിലെ വല്ല അടിയോ മറ്റോ
അത് കേട്ടതും സാർ നേരെ ഇടവഴിയിലൂടെ ഓടി, ഓഫീസിന്റെ മുന്നിൽ ചെന്നു.
അപ്പോഴുണ്ട് മറ്റു പല ക്ലാസ്സിലെ സാറന്മാരും ഇതേ പ്രശ്നവുമായി ഓഫീസിൻറെ മുന്നിൽ,
പിന്നെ നിന്നില്ല, സാലിയുടെ നേതൃത്വത്തിൽ എല്ലാവരും കൂടി
ഹൈഡ്രാക്ളിക്സ് ലാബ് വഴി ഹോസ്റ്റലിലേക്ക് കാലു വലിച്ചു വെച്ച് വിട്ടു,
ഡേ സ്കോളർസ് എല്ലാം കിട്ടിയ അവസരത്തിന് കാന്റീൻ വഴി ഓടി
ഒരു കുടിയും ഒരു കടിയും വാങ്ങി ഫുട്ബോൾ ഗ്രൗണ്ട് വഴി
ഹോസ്റ്റലിന്റെ അതിർത്തി എത്തിയപ്പോഴേ വലിയ ആഹ്ലാദ തിമിർപ്പും ആരവവും കേട്ടു
ആരോ ഒരാളെ തലയ്ക്കു മേലെ പൊക്കിയെടുത്തു ബ്ലോക്കിന്റെ മുന്നിൽ നൃത്തമാടുന്നു
ആകെ മൊത്തം ഒരു ഉത്സവ പ്രതീതി
അടിച്ചു മോനെ!!!!! അടിച്ചു മോനെ!!!!!!
ഇത് മാത്രമേ കേൾകാനുള്ളൂ
ആര് ആരെ അടിച്ചെന്നാ?
കോളേജിൽ നിന്ന് വന്നവരെല്ലാം എന്താണെന്നു മനസ്സിലാവാതെ അന്തം വിട്ടു നിന്നപ്പോൾ .
കാഥികൻ ഓടി വന്നിട്ട് അണച്ച് അണച്ച് പറഞ്ഞു
ഞാൻ പറയാം,,,,,,ഞാൻ പറയാം,,,,,ശ്വാസമൊന്നു വിട്ടോട്ടേ
സാറന്മാരെ,,,അതേ നമ്മുടെ ,,,,,നമ്മുടെ ഹോസ്റ്റലിലെ മെസ്
ആരോ ചോദിച്ചു
മെസ് മെസ്സിലെന്തുണ്ടായി?
മെസ്സിലൊന്നും ഉണ്ടായില്ല……..
പിന്നെ?
മെസ്സിലെ കലാം
കലാമിനെന്തു പറ്റി?
കലാമിനൊന്നും പറ്റിയില്ല
പിന്നെ
കലാമിന്റെ കാമധേനു ലോട്ടറി
അപ്പോഴേക്കും സാലിക്ക് ക്ഷമ നശിച്ചു
ഇയാള് കാര്യം പറ
കലാമിന്റെ ലോട്ടറിക്ക് എന്ത് പറ്റി?
നമ്മുടെ കലാമിന് ഇച്ചിരി ഉമ്മിണി സൈഡ് ബിസിനസ് ഉണ്ടല്ലോ.; സാറെ
ഈ കാമധേനു ലോട്ടറി ടിക്കറ്റ് നമ്മുടെ പിള്ളാർക്ക് കൊടുക്കുന്നെ ,
അങ്ങനെ കഴിഞ്ഞ ദിവസം നമ്മുടെ അഞ്ചൽ കുഞ്ചൻ (അസീസ്) ഒരു ടിക്കറ്റ് വാങ്ങി, കാശ് തികയാഞ്ഞപ്പോ പുള്ളിക്കാരൻ സഹമുറിയൻ ഇസ്പുവിന്റെ കൈയ്യീന്നാണ് ഒരു രൂപ കടം വാങ്ങിയത്. അപ്പോഴേ ഇസ്പു കുഞ്ചനുമായി ഒരു കരാർ ഉണ്ടാക്കി.
അടിച്ചാൽ മുക്കാൽ ഭാഗം എനിക്ക് കാൽ ഭാഗം നിനക്ക്
എടാ ISPU ഒരു മുറിയിൽ രണ്ടു പേര് താമസിക്കുമ്പോ ഒരാളുടെ കൈയ്യിൽ ഒന്നോ രണ്ടോ രൂപ കുറഞ്ഞെന്നിരിക്കും
ഞാൻ നിന്റെ കൈയ്യീന്നു വാങ്ങിയ, കാശു തിരികെ തന്നാൽ പോരെ. ലോട്ടറി അടിക്കുന്നത് വീതിക്കണ്ട കാര്യമുണ്ടോ? അതും ഇതെന്തു അനുപാതമാണെടാ?
ഇസ്പു അമ്പിനും വില്ലിനും അടുക്കുന്നില്ല . പറ്റില്ല,
വേറെ എന്തായാലും ഞാൻ സഹിക്കും പക്ഷെ ലോട്ടറി അടിച്ചാൽ, മുക്കാൽ ഭാഗം എനിക്കു വേണം .
അങ്ങനെ അവസാനം അഞ്ചൽ കുഞ്ചൻ സമ്മതിച്ചു.
എടാ ഇസ്പു മനുഷ്യനായാൽ ഇത്ര ആക്രാന്തം പാടില്ല
ലോട്ടറി ടിക്കറ്റ് ഭദ്രമായി മേശയുടെ വലിപ്പിൽ വെച്ചു,
കിടന്നപ്പോഴേ അസീസ്, തീരുമാനിച്ചതാ ഇന്ന് രാവിലെ ലോട്ടറിയുടെ ഫലം നോക്കാൻ പോകുന്നതിനു മുൻപേ ഹോസ്റ്റലിലെ പള്ളിയിൽ പോയി ഒന്ന് കുമ്പിട്ടു നിസ്കരിച്ചട്ടു വേണം LP സ്കൂളിലെ റീഡിങ് റൂമിൽ പോയി പത്രം നോക്കേണ്ടതെന്നു.
അങ്ങനെ അസീസ് നേരം വെളുക്കുന്നതിനു മുന്നേ പള്ളിയിൽ പോയിട്ട് പത്രം നോക്കാൻ പോയി, പോക്കറ്റിൽ നിന്ന് ടിക്കറ്റ് എടുത്തു, മേശപ്പുറത്തു വെച്ചു. എന്നിട്ടു പത്രത്തിന്റെ അവസാനത്തെ സ്പോർട്സിന്റെ പുറം തൊട്ടു, മുന്നോട്ടു നോക്കാൻ തുടങ്ങി
2 താള് മറിച്ചപ്പോ ദേ കിടക്കുന്നു, കാമധേനു ലോട്ടറി ഫലം!!!
ഇത്രയും പറഞ്ഞപ്പോഴേക്കും കേട്ട് നിന്നവർക്ക് കാര്യം ബോധ്യമായി
അവനെ ഉന്തി മാറ്റിയിട്ടിട്ടു അവരും ഓടി നേരെ പിള്ളേരുടെ അടുത്തേക്ക്
ഇനി ഇപ്പൊ അസ്സീസിന്റെ കൂടെ കൂടുന്നതാ നല്ലത്എല്ലാവരുടെയും മനസ്സിൽ പല പല ലഡ്ഡു പൊട്ടി.
പല തരം പ്രശ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും സാക്ഷാത്ക്കാരമാണ് ഇപ്പോൾ കിട്ടിയ ഈ വാർത്ത, എന്തൊക്കെ ആയാലും നമ്മുടെ അഞ്ചൽ കുഞ്ചനല്ലേ ചോദിച്ചാൽ എന്തെങ്കിലും തരാതിരിക്കില്ല; ഇങ്ങനെ ഞൊടിയിടയിൽ പലരും പലതരം മനപായസം വെച്ചു..
നോക്കിയപ്പോൾ, സാക്ഷാൽ അഞ്ചൽ കുഞ്ചൻ, ഭൂമിയിൽ തൊടാതെ മാനത്തു മാത്രം പൊങ്ങിയും താഴ്ന്നും പറക്കുന്നതിന്റെ ഇടയിൽ വിളിച്ചു കൂവുന്നു
എന്നെ താഴെ ഇറക്കോ , അടിച്ചില്ല എനിക്കടിച്ചില്ല
ആര് കേൾക്കാൻ
കുഞ്ചന്റെ ശബ്ദം തേങ്ങലായി മാറിയപ്പോൾ സാലി സാറ് പറഞ്ഞു
ഇനി അവനെ താഴെ ഇറക്കുമതി നമ്മൾക്ക് അടുത്ത പരിപാടി തുടങ്ങാം
പോയി കാശ് എങ്ങനെ വാങ്ങാം എന്ന് നോക്കാം
സാറേ അത് സാറ് വിഷമിക്കണ്ട ഞാൻ പോയി എല്ലാം ഇപ്പൊ ശരിയാക്കാം ,
നോക്കിയപ്പോ മെസ്സിലെ ലോട്ടറി കലാം, നല്ല പുത്തൻ കുപ്പായവും ഒറ്റമുണ്ടു മാറ്റി ഇസ്പു കൊടുത്ത പാന്റുമൊക്കെ ഇട്ടു സൈക്കിളും ഉരുട്ടി റെഡി ആയി വന്നു നില്കുന്നു.
വേണ്ട വേണ്ട സൈക്കിൾ വേണ്ട നമ്മുക്ക് ഒരു ടാക്സി വിളിച്ചു പോകാം എന്ന് പറഞ്ഞു ഇസ്പുവും, എല്ലാവര്ക്കും വിശ്വസ്തനായ ക ളക്ടറും റെഡി ആയി വന്നു
താഴെ ഇറങ്ങിയിട്ടും വെർട്ടിഗോ വന്ന പോലെ തല കറങ്ങിക്കൊണ്ടിരിക്കുന്ന അസീസ് വലത്തേ കൈ അങ്ങോട്ടുമിങ്ങോട്ടും വീശി ജഗതി ശ്രീകുമാർ കിലുക്കത്തിൽ പറയുന്നത് പോലെ പറഞ്ഞു
സാലി സാറേ ഈ മറുതായോട് പറ സാറേ ലോട്ടറി അടിച്ചിട്ടില്ല എന്ന്
ഒരു നിമിഷം സാലി സാറിന്റെ സപ്ത നാഡികളും തളർന്നു
ഇവനെന്തുവാ ഈ പറയുന്നേ,
നീ എന്തുവാ പറഞ്ഞെ
ആ ടിക്കറ്റ് ഇങ്ങെടുത്തേ
ആരെങ്കിലും പോയി പത്രം ഇങ്ങെടുത്തോണ്ടു വന്നേ
അസീസ് പതുക്കെ പതുക്കെ മുറിയിൽ പോയി മേശ തുറന്നു ടിക്കറ്റ് എടുത്തു കൊണ്ട് വന്നു
സാലി സാർ
പത്രം കളക്ടറിനെ ഏല്പിച്ചിട്ടു നമ്പർ വായിക്കാൻ പറഞ്ഞു
കളക്ടർ നമ്പർ വായിച്ചു K L 72078431
സാലി സാർ ടിക്കറ്റിലോട്ടു നോക്കി
ഏഴയലത്തു പോലും എത്താത്ത നമ്പർ
ഇസ്പു വീണ്ടും പോക്കറ്റിലിരിക്കുന്ന തുണ്ടിലേക്കു നോക്കി
ഒരു വ്യത്യാസവുമില്ല
സാലി സാറും ഇസ്പുവും ഒരേ സമയം വാ പൊളിച്ചു അസീസിനെ നോക്കി
അപ്പൊ പതുക്കെ പതുക്കെ അസീസ് പറഞ്ഞു തുടങ്ങി
സാറെ ഞാൻ രാവിലെ നോക്കിയപ്പോ അടിച്ച നമ്പറും എന്റെ നമ്പറുമായി ഒരു ബന്ധവുമില്ല. അപ്പൊ പിന്നെ ഞാൻ ഒരു തുണ്ടു കടലാസ്സിൽ അടിച്ച നമ്പർ കുറിച്ചെടുത്തു പോക്കറ്റിൽ ഇട്ടു വന്നു കിടന്നുറങ്ങി. ഇവന്റെ ആക്രാന്തത്തിനിട്ടൊരു പണി കൊടുക്കാമെന്നു കരുതി. ഇവൻ ഉണർന്നതും പല്ലു പോലും തേക്കുന്നതിനു മുന്നേ ലോട്ടറി നോക്കാൻ പോകാൻ ധൃതി കൂട്ടി. ടിക്കറ്റ് പെട്ടിയിലാ ഞാൻ എഴുന്നേറ്റിട്ടു എടുത്തു തരാം പക്ഷെ നമ്പർ പോക്കെറ്റിൽ തുണ്ടു പേപ്പറിൽ, കുറിച്ചിട്ടുണ്ട്, എന്ന് പറഞ്ഞു.
പിന്നെ നടന്നതാ സാറേ ഇവിടെ കണ്ടതെല്ലാം
ഇവനിതിത്ര വലിയ സംഭവം ആക്കുമെന്നു ഞാൻ കരുതിയില്ല, ഇവൻ തിരിച്ചു എന്റെ അടുത്ത് വന്നെങ്കിൽ ഞാൻ പറഞ്ഞേനെ, പക്ഷെ എന്റെ കണക്കു കൂട്ടലെല്ലാം തെറ്റിച്ചു ഈ ഇസ്പു ബ്ലോക്കിന്റെ മുന്നിൽ കിടന്നു ചാടാനും ഓടാനും തുടങ്ങി
അടിച്ചു മോനെ
ലോട്ടറി അടിച്ചു മോനെ
ഒന്നാം സമ്മാനം, അടിച്ചു മോനെ
എന്നും പറഞ്ഞു ഞാനെത്ര പറഞ്ഞിട്ടും ആരും വിശ്വസിക്കാൻ കൂട്ടാക്കിയുമില്ല
എല്ലാവരുടെയും ലഡ്ഡു ശരിക്കും പൊട്ടിയ സമയം
ക്ലാസ് പോയി
വോട്ടു പിടിത്തം പോയി
ഇസ്പുവിന്റെ വീതം പോയി
മലർപൊടി സ്വപ്നങ്ങൾ എല്ലാം പോയി
അഞ്ചൽ കുഞ്ചൻ എന്ന അസീസിന്റെ പേരും പോയി
പകരം ഒന്ന് വീണു കിട്ടി
ലോട്ടറി അസീസ്
ഇന്നത്തെ കഥയുടെ കടപ്പാട് നമ്മുടെ സ്വന്തം കളക്ടറിനോടും ISPU- വിനോടും
വീണ്ടും കഥകൾ അയച്ചുതരിക
Leave A Comment