പൊതിച്ചോറ് കൈയ്യിലെടുത്തതും, വിദേശ രാജ്യങ്ങളിൽ; ചക്കപ്പഴത്തിൽ മലയാളി പൊതിയുന്ന പോലെയായിരുന്നു ഉന്തും തള്ളും. എല്ലാവരുടെയും പൊതുവായ അഭ്യര്ത്ഥന മാനിച്ചു ഞാൻ തന്നെ പൊതികൾ കൈകാര്യം ചെയ്യാമെന്നു തീരുമാനിച്ചു.
പൊതികളെല്ലാം മലയാള മനോരമ പത്രത്തിലാണ് പൊതിഞ്ഞിരുന്നത്.
ആദ്യം പത്രം വായിക്കുന്ന പോലെ പൊതി നേരെ വെച്ചു, പൊതിക്കൊരു തലയും വാലുമുണ്ട്. എന്നിട്ടു പൊതിയുടെ മടക്കുള്ള ഭാഗം മുകളിലായി വെച്ചു, മെല്ലെ തുറന്നു
പത്രം നാല് വശത്തോട്ടും തുറന്നു കഴിഞ്ഞപ്പോൾ ഇച്ചിരി പച്ചയും, ചാരവും കലർന്ന ഒരു പ്രത്യേക ഇരുണ്ട നിറത്തിൽ വാട്ടിയ വാഴയിലയിലുള്ള പൊതി കാണാം, ഇലയുടെ തുമ്പു വെട്ടിയാണ് പൊതി കെട്ടാറു, പൊതിയുടെ മടക്കും ഞൊറിവും മുകളിൽ , ചെറിയ ഒരു നനവ് ഉണ്ടായിരുന്നു, നീരാവിയുടെ നനവ്.
വളരെ പതുക്കെ ഞൊറിവു തുറന്നതും അത് വരെ അവിടെയെങ്ങും കാണാഞ്ഞ ഹരി എന്റെ മുന്നിൽ, ഇലപൊതി തുറക്കുമ്പോൾ ഒരു മണമുണ്ട്, കാച്ചിയ എണ്ണ തലമുടിയിൽ തേച്ചു, മുഖത്തു കസ്തൂരി മഞ്ഞളും പുരട്ടിയിട്ടു മുങ്ങി കുളിച്ചു നിവരുമ്പോളുള്ള ഒരു മാദക ഗന്ധമുണ്ടല്ലോ അത് പോലെ, ഈ ഒരു മണം ഒരു മനുഷ്യജീവിക്കും അടക്കാനാവാത്ത, കൊതി എന്ന വികാരത്തെ തൊട്ടുണർത്തുന്ന ഒരു പ്രത്യേക സുഗന്ധമാണ് .
തുറക്കുന്നതും നല്ല തട്ടി പൊത്തി വെച്ചിരിക്കുന്ന അച്ചിൽ വാർത്ത പോലെ ചോറ്. ഇനി അനുബന്ധങ്ങളാണ് , ‘അമ്മ കുട്ടി കുട്ടി ഇലപൊതികൾ ചുറ്റും വെച്ചിട്ടുണ്ട് , അതൊരൊന്നായി തുറന്നു, ഒന്നിൽ നല്ല തേങ്ങായും , കനലിൽ ചുട്ട വറ്റൽ മുളകും , ഉപ്പും, പുളിയും കല്ലിൽ വെച്ച് അരച്ച ചമ്മന്തി, വേറൊരു പൊതിയിൽ ചാള വറുത്തത്, ചൂണ്ടു വിരലിനേക്കാൾ ഇച്ചിരിയും കൂടി പോന്നത്, ചാളയില്ലാതെ ഞാനില്ല, പച്ചകുരുമുളകും, ചുമന്നുള്ളിയും, മുളകുപൊടിയും, ലേശം മഞ്ഞളും, ഇഞ്ചിയും, ഉപ്പും, കറിവേപ്പിലയും ചേർത്ത് വെള്ളം തൊടാതെ അരച്ച്, ഇച്ചിരി വെളിച്ചെണ്ണയിൽ ചാലിച്ചിട്ടു, ചാള അങ്ങോട്ട് ചെറുതായി വരഞ്ഞിട്ടു ‘അമ്മ ഇങ്ങനെ ചൂണ്ടു വിരല് കൊണ്ട് ഓരോ വരയിലും അരപ്പു പുരട്ടിയതു പിന്നെ വയറ്റിനകത്തും അരപ്പു നല്ലോണ്ണം വെച്ചിട്ടു നല്ല 2 കറിവേപ്പില കൂടി വയറ്റിൽ തിരുകി കയറ്റിയതു, ഇച്ചിരിപോന്ന മീനിന്റെ അകത്തീ അരപ്പെല്ലാം ആവശ്യത്തിന് വെക്കുന്നത് തന്നെ ഒരു കലയാണ്.
പലരാജ്യങ്ങളിലെയും ഉപ്പിന്റെ ഉറവ വ്യത്യാസമായതിനാൽ എനിക്കെപ്പോഴും ഉപ്പുണ്ടോ എന്ന് സംശയമാണ്, ഞാനെപ്പോഴും അരപ്പു പുരട്ടിയ മീനിന്റെ പുറത്തു നിന്ന് ഒരിച്ചിരി എടുത്തു നാക്കിൽ വെച്ചു നോക്കും.അരപ്പിറക്കത്തില്ല കേട്ടോ; വറക്കുന്ന സാധനകൾക്കു ഉപ്പു ഇച്ചിരി മുന്നോട്ടു നിൽക്കണം, കുറവാണെന്നു തോന്നിയാൽ എണ്ണയിൽ ഇച്ചിരി ഉപ്പുപൊടി ഇടും അപ്പോൾ ശരിയാകും.
അരപ്പു പുരട്ടിയ മീൻ ഒരു പത്തു പതിനഞ്ചുമിനിട്ടു പിടിക്കാൻ വെച്ചിട്ട് നല്ല പച്ചവെളിച്ചെണ്ണയിൽ ഒരല്പം നെയ്യും കൂടി ഇട്ടു വറുത്തത് 4 എണ്ണം.
ചാള വറുക്കുമ്പോൾ, നെയ് ചാളയാണെങ്കിലും അല്ലെങ്കിലും വെളിച്ചെണ്ണയിൽ കുറച്ചു പശുവിൻ നെയ് കൂടി ചേർത്തിട്ടൊന്നു വറുത്തു നോക്കണം അതും നല്ല ഇരുമ്പു ചട്ടിയിൽ, എന്നിട്ടു ഓരോരുത്തരുടെ ഇഷ്ടാനുസരണം മൊരിച്ചെടുക്കണം, സാധാരണ എനിക്ക് ഇട്ടാലുടനെ എടുക്കുന്നതാണിഷ്ടം പച്ച കെടാതെ, പക്ഷെ പൊതിച്ചോറ് കെട്ടുമ്പോൾ മൊരിഞ്ഞിരിക്കുന്നതാണ് നല്ലതു.
ചോറിന്റെ നടുക്കായി ‘അമ്മ ഒരു ഉപ്പുമാങ്ങ കൊഴുക്കട്ടകത്തു തേങ്ങാപ്പീര വെക്കുന്ന പോലെ നിക്ഷേപിച്ചിട്ടുണ്ട്. പിന്നെ ഇച്ചിരി ഉരുളക്കിഴങ്ങു ഒരേ ഘനത്തിൽ അരിഞ്ഞിട്ടു മുളകുപൊടിയും, മഞ്ഞൾ പൊടിയും, ഉപ്പും കൈ വെള്ളവും തളിച്ച് കറിവേപ്പിലയും ഇട്ടു പരന്ന താച്ചിയിൽ അടുപ്പേൽ വെച്ചിട്ടു സ്വല്പ നേരമൊന്നടച്ചാൽ ആവി കയറും, വേവുകയും ചെയ്യും , അപ്പോൾ ഇച്ചിരി വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കും എന്നിട്ടു അത് പതുക്കെ കിടന്നങ്ങോട്ടു ചെറിയ തീയിൽ മൊരിയും ഈ മെഴുക്കുപുരട്ടിക്കു എന്നാ രുചിയാണെന്നോ ,
ഒരു പൊതിയിൽ പിണ്ടി തോരൻ, വയറിനു അസുഖമൊന്നും വരാതിരിക്കാൻ സ്ഥിരമാണ് പിണ്ടി തോരൻ. ഞാനാണേൽ ഒരു പഴകൊതിച്ചി ആയിരുന്നു, വീട്ടിലാണേൽ ഇഷ്ടം പോലെ വാഴയും, അത് തന്നെ പല തരമാണ്, പാളയന്തോടൻ, പൂവൻപഴം, കൂമ്പില്ലാ കണ്ണൻ, ഞാലി പൂവൻ അതിന്റെ തൊലി ആണേൽ നമ്മുടെ തൊലിയുടെ അത്ര പോലും കട്ടിയില്ല, ചെങ്കദളി എന്ന കപ്പ പഴവും, റോബസ്റ്റായുമാണ് സാധാരണ വീടുകളിൽ അന്നൊക്കെ വളർത്താത്തതു, ഏത്തവാഴയും മൊന്തൻകായും ഒന്നോ രണ്ടോ കാണും. വീട്ടിൽ ഏതു നേരവും പഴുത്തതോ വിളഞ്ഞതോ ആയ പഴം കാണും, അതുകൊണ്ടുതന്നെ പിണ്ടി സ്ഥിരമാണ്, പിണ്ടി തോരൻ ഒഴിച്ച് കൂടാത്ത കൂട്ടാനും.
പിണ്ടി വട്ടത്തിൽ മുറിക്കും , ഓരോ കഷ്ണം അരിഞ്ഞു മാറ്റുമ്പോഴും ചൂണ്ടു വിരലിൽ നാരു ചുറ്റി എടുക്കും അതൊക്കെ അനുഭവിച്ചറിയണ്ട അനുഭൂതിയാണ്, , എന്നിട്ടു കൊത്തിയിട്ട് അരിഞ്ഞെടുക്കും, ഞാനാണ് അരിയുന്നതെങ്കിൽ എനിക്ക് പലകപ്പുറത്തു വെച്ചേ അരിയാൻ അറിയൂ അമ്മയൊക്കെ ചെയ്യുന്ന പോലെ കൈയ്യിൽ പിടിച്ചു കൊത്തി കൊത്തി അരിയാൻ ജന്മത്തു പറ്റിയിട്ടില്ല. തേങ്ങയും, ഇച്ചിരി ചുമന്നുള്ളി, സ്വല്പം ജീരകം, വെളുത്തുള്ളി, പച്ചമുളക്, ലേശം മഞ്ഞൾ ഇതെല്ലം കല്ലിൽ വെച്ച് ചതച്, ഈ അരപ്പെല്ലാം കൂടി പിണ്ടിയുടെ നടുക്കോട്ടു വെച്ചിട്ടു കൈവെള്ളവും തളിച്ച് അടച്ചു ഒന്ന് ആവി കയറുമ്പോ തവികണ കൊണ്ടിളക്കി എല്ലാം കൂടി യോജിപ്പിച്ചു അവസാനം നല്ല വെളിച്ചെണ്ണയിൽ കടുകു പൊട്ടിച്ചതിൽ, വറ്റൽമുളക് കൈ കൊണ്ട് മുറിച്ചിട്ട് കറിവേപ്പിലയുമിട്ടു വേണമെങ്കിൽ മൂന്നാലു അരിയും ഇടാം എന്നിട്ടു കടുക് വറുത്തത് തോരനിലോട്ടു ഇട്ടെടുക്കും. കൂടിപ്പോയാൽ 5മിനിറ്റ് അതിൽ കൂടുതൽ ആവശ്യമേയില്ല.
ദേഹത്തിനു ഇത്രയധികം പ്രയോജനമുള്ള ഒരു മലക്കറിയില്ല. ഇതിന്റെ കൂടെ, ചെറുപയർ, വൻപയർ ഇതൊക്കെ വേവിച്ചു ചേർക്കാറുണ്ട്. ഈ ഓരോ പൊതി തുറക്കുമ്പോഴും, ഇറ്റലിയിലെ മുന്തിരിത്തോട്ടങ്ങളിൽ പഴുത്തു വിങ്ങി നിൽക്കുന്ന മധുരവും മധുവും ഊറുന്നു മുന്തിരി കുലയുടെ ചുറ്റും പറക്കുന്ന വണ്ടുകൾ പോലെ ആരും ഓടി വന്നു പോകും,
ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഇനമാണ് പൊതിച്ചോറിനു മുട്ട പൊരിച്ചത്, എളുപ്പമാണ് ഉണ്ടാക്കാൻ, മുട്ട പൊരിക്കുന്നതും ഒരു കലയാണ്. ചിലർ മുട്ട പൊരിച്ചാൽ അസാധ്യ രുചിയാണ്.
ഇല വാട്ടിയതിൽ പൊതിയുമ്പോൾ ഭക്ഷണം ഉണങ്ങാതിരിക്കും എന്നാണ് വെയ്പ്പ് പക്ഷെ മുട്ടയുടെ വെള്ള ചേരുവകകൾ തമ്മിൽ മുറുക്കുന്ന ഒരു ശക്തി ആണ്, അതുകൊണ്ടുതന്നെ ചൂടാറിയാൽ ഒരുമാതിരി നനഞ്ഞ കാർഡ്ബോർഡ് ഉണങ്ങിയ പോലെ ഇരിക്കും. എന്റെ ‘അമ്മ മുട്ട പൊരിക്കുമ്പോൾ ഇച്ചിരി പശുവിൻപാലൊഴിക്കും എന്നിട്ടാണ് ഫോർക് കൊണ്ട് മുട്ട അടിക്കുന്നത് അതും പിടിയുള്ള സ്റ്റീലിന്റെ മഗ്ഗിൽ, അതിലോട്ടു പച്ചമുളകും, ചുമന്നുള്ളിയും കറിവേപ്പിലയും അരിഞ്ഞത് ഇട്ടു ആവശ്യത്തിന് ഉപ്പുമിട്ടിട്ട്, ഇച്ചിരി തേങ്ങാപ്പീര തിരുകിയതു കൂടി ഇടും, എന്റെ അപ്പക്ക് ഏറ്റവും ഇഷ്ടം ഇങ്ങനെ മുട്ട പൊരിക്കുന്നതാണ്, എന്നിട്ടു ഇരുമ്പു താച്ചി അടുപ്പേൽ വെച്ചിട്ടു വെളിച്ചെണ്ണ ഒഴിക്കും ചൂടാകുമ്പോൾ മുട്ടയുടെ മിശ്രിതം ഒഴിച്ച് ഒന്ന് ചുറ്റിക്കും, പൊട്ടാതെ തിരിച്ചിടും, കരിയാതെ മൂക്കാതെ തളർന്നിരിക്കുന്ന പരുവത്തിൽ പാത്രത്തിലേക്ക് മാറ്റും, ഇതങ്ങോട്ടു വാടിയ ഇലയിൽ പൊതിഞ്ഞു ചോറുപൊതിയുടെ കൂടെ വെച്ചിട്ട് തുറക്കുമ്പോൾ ആരായാലും ഒരുരുള വാങ്ങി കഴിച്ചിരിക്കും.
എനിക്കേറ്റവും ഇഷ്ടമുള്ള ജോലിയാണ് ഉരുള ഉരുട്ടി കൊടുക്കുന്നത്, ചോറ് ആദ്യം ഭാഗിക്കും, പകുതി ചോറ് ഉപ്പുമാങ്ങ കൈ വെള്ളയിലോട്ടെടുത്തു വിരലുകൾ കൊണ്ട് ഞെക്കി പിഴിഞ്ഞ് ചോറിലോട്ടു ഒഴിച് നല്ലവണ്ണം കുഴച്ചു ഇച്ചിരി മീനും, മെഴുകുപുരട്ടിയും, മുട്ട പൊരിച്ചതും , തോരനും വെച്ച് ഓരോ ഉരുള ഉരുട്ടി , ബാക്കി പകുതി ചോറിൽ ചമ്മന്തി ഇട്ടിളക്കി ഇത് പോലെ കൂട്ടാനും കൂട്ടിയുള്ള ഉരുളകൾ. അങ്ങനെ 5 പൊതിയും ഉരുട്ടി ഉരുട്ടി എല്ലാവരും രുചിയോടെ കൊതിയോടെ കഴിച്ചു, എന്റെ വയറും നിറഞ്ഞു, അവസാനം എല്ലാ ഇലയും ഞാൻ വടിച്ചു നക്കിതൂത്തു തിന്നു.
ഉരുള ഉരുട്ടി കൊടുക്കുമ്പോൾ കിട്ടുന്ന സംതൃപ്തി ഒന്ന് വേറെയാണ്, എന്റെ അപ്പയും അമ്മയും ഞങ്ങൾക്ക് ഒത്തിരി ഒത്തിരി ഉരുളകൾ തന്നിരുന്നു. ഓരോ ഉരുളക്കും ഓരോ പേര് കാണും, ഓരോ വലുപ്പത്തിൽ, കാക്കക്കും, കുരുവിക്കും, കിളികൾക്കുമുള്ള ഉരുളകൾ അതിങ്ങനെ ഓടിയോടി വന്നു വാങ്ങി കഴിക്കണം, വല്യമ്മച്ചി തരുമ്പോൾ കണ്ണ് പൂട്ടി ഇരിക്കും എന്നിട്ടു ആരാണാദ്യം വന്ന് വാതുറന്ന് വാങ്ങി കൊണ്ടു പോകുന്നതെന്ന മത്സരം.
സ്കൂളിൽ പഠിക്കുമ്പോൾ തെങ്ങും ചുവട്ടിലെ ചുവന്ന ചീരകൊണ്ടുള്ള തോരൻ സ്ഥിരമാണ്, അത് ഇട്ടു ഉരുട്ടുമ്പോൾ ചോറിന്റെ ഉരുളക്കൊരു ഈസ്റ്റ്മാൻ കളർ. കുട്ടികളെകൊണ്ട് മലക്കറി തീറ്റിക്കാനുള്ള ഓരോ മാർഗ്ഗങ്ങൾ. വീട്ടിലുള്ള മുതിർന്നവരുടെയെല്ലാം ഉരുളകളുടെ രുചിയുടെ കാരണം മനസ്സിലെ സ്നേഹത്തിന്റെ ഊർജ്ജം ആയിരുന്നു.
വെറും ഉണക്കമീനും ചമ്മന്തിയുമാണെങ്കിലും ആ ഉരുളകളുടെ രുചി ഒന്ന് വേറെ തന്നെ ആയിരുന്നു
എന്റെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ നല്ല എരിയും പുളിയുമുള്ള ഉരുളകൾ .
ചോറ് പൊതി തീർന്നു
അപ്പോൾ വേണു പതുക്കെ വന്നിട്ട് എന്നോടൊരു കൂട്ടം സ്വകാര്യം പറഞ്ഞു
അമ്മ വേണുവിനും ഹരിക്കും കട്ലറ്റ് വെച്ചിട്ടുണ്ടെന്നു പറഞ്ഞു പോലും. എനിക്ക് തീരെ പ്രിയമുള്ള ഇനമല്ല കട്ലറ്റ്, ഞാൻ കഴിക്കാറുമില്ല, അവർ രണ്ടാളും വീട്ടിൽ വരുമ്പോഴെല്ലാം ‘അമ്മ ഉണ്ടാക്കികൊടുക്കുന്ന സാധനമാണ് കട്ലറ്റ്, നേരത്തെ ഫ്രീസറിൽ നിന്ന് പുറത്തെടുത്തു തണുപ്പ് പോകാൻ വെച്ചിട്ട് വറുക്കുന്ന നേരത്തു വൃത്തിയുള്ള നല്ല അടുക്കള ടവ്വലിൽ, ഇപ്പോൾ പേപ്പർ ടവൽ, ചീസ് ക്ലോത്, അതിൽ വെള്ളമയം ഒപ്പിയെടുക്കും എന്നിട്ടു തണുപ്പ് പോയിക്കഴിഞ്ഞു എന്ന ബോദ്ധ്യമായാൽ ചൂടായ വെളിച്ചെണ്ണയിൽ വറുത്തെടുത്തത്ത്. കട്ലറ്റ് അവർ തന്നെ കൈകാര്യം ചെയ്തു രണ്ടു കിലോ ഇറച്ചിക്കുള്ള കട്ലറ്റ് ‘അമ്മ ഉണ്ടാക്കി വെച്ചിരുന്നു .
ഒരു കിലോ മാട്ടിറച്ചി കൊണ്ട് 40 കട്ലറ്റ് ആണ് കിട്ടുക. അതെന്തായാലും എല്ലാവര്ക്കും തികയുമെന്നുള്ളതിനു സംശയമില്ല, പക്ഷെ അവർ ആർക്കൊക്കെ കൊടുത്തു എന്ന് എനിക്കൊരു നിശ്ചയവുമില്ല.
ഇലപൊതി പരിസ്ഥിക്കു യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല. എല്ലാം ജീർണ്ണിക്കുന്ന സാധനങ്ങൾ ഇലയും പത്ര കടലാസും.
വയറു നിറഞ്ഞതും ഒരാശ്വാസമായി.
പാളങ്ങൾക്കപ്പുറമുള്ള ലോകത്തേക്ക് നോക്കി കൊച്ചു കേരളത്തിന്റെ സൗന്ദര്യം ആസ്വദിച്ചു ആരൊ പാടി തുടങ്ങി
പുഴകൾ…
മലകൾ…
പൂവനങ്ങൾ…
ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ
സന്ധ്യകൾ മന്ദാരച്ചാമരം വീശുന്ന
ചന്ദനശീതള മണൽപ്പുറങ്ങൾ…
പുഴകൾ… മലകൾ… പൂവനങ്ങൾ…
ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ
സന്ധ്യകൾ മന്ദാരച്ചാമരം വീശുന്ന
ചന്ദനശീതള മണൽപ്പുറങ്ങൾ…
യാത്ര തുടരുന്നതായിരിക്കും
Leave A Comment