അന്നേ ദിവസം വരെ ഞാൻ കയറിയിട്ടുള്ള തീവണ്ടി പോലെ ആയിരുന്നില്ല മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്കുള്ള തീവണ്ടി. കളിവണ്ടി പോലത്തെ തീവണ്ടി, നിറത്തിലും മട്ടിലും ഭാവത്തിലും എല്ലാം വളരെ വ്യത്യസ്തമായ ബോഗികൾ, ജനാലക്കു കമ്പി അഴിയില്ല, മേട്ടുപ്പാളയം വിട്ടാലും ഇടതൂർന്നു നിൽക്കുന്ന തെങ്ങും വാഴയും കവുങ്ങും കാണാം, ആ ഒരു കാഴ്ച കല്ലാർ വരെ നീണ്ടു പോകും; കല്ലാർ എത്തിയതും കൂ കൂ കൂ കൂ തീവണ്ടി യുടെ കൽക്കരിതിന്നുന്ന വെള്ളം മോന്തുന്ന എൻജിൻ മുൻപിൽ നിന്ന് വിടുവിച് പാളത്തിലൂടെ കുറെ മുന്നോട്ടു പോയി വളഞ്ഞു സമാന്തരമായി ഓടുന്ന മറ്റൊരു പാളത്തിൽ കയറി തീവണ്ടിയുടെ പിറകെ പോയി അനുസരണയുള്ള കുട്ടിയെ പോലെ പിന്നിലത്തെ ബോഗിയുടെ പുറകെ കയറി കൊളുത്തി. പിന്നങ്ങോട്ട് Coonoor വരെ പാളത്തിന്റെ നടുക്കുള്ള നീണ്ടു കിടക്കുന്ന പല്ലുകളിലൂടെ പിടിച്ചു പിടിച്ചു തീവണ്ടിയുടെ ചക്രം, മലയായ മലയെല്ലാം കയറി മുന്നോട്ടു പോയി, ഇടയ്ക്കിടെ അണച്ച് പറിഞ്ഞ വണ്ടി ദാഹജലത്തിനായി നിർത്തി വെള്ളം കുടിച്ചിട്ട് വീണ്ടും യാത്ര ആയി, ഇതങ്ങനെ Coonoor വരെ നീണ്ടു നിന്നു. എല്ലാ ബോഗിയിലുമുള്ള വരാന്തയിലുള്ള ബ്രേക്കിന്റെ വലിയ വീൽ തിരിക്കുന്ന ഉദ്യോഗസ്ഥൻ വണ്ടി നിർത്തുമ്പോഴെല്ലാം ശ്രദ്ധയോടെ ബ്രേക്ക് പിടിച്ചിരിക്കും, വിട്ടുപോയാൽ പ്രിയദർശന്റെ PWD കോൺട്രാക്ടറുടെ കഥ പറയുന്ന വെള്ളാനകളുടെ നാടെന്ന സിനിമയിലെ റോഡ് റോളറിന്റെ മുന്നിൽ കുട വെച്ച് നിർത്താൻ പറ്റില്ല എന്നു മാത്രമല്ല ഇടിച്ചു നിൽക്കാൻ വീടുണ്ടാവില്ല മലയിടുക്കിലോട്ടു പോവുകയേ വഴിയുള്ളു .
ഭാരം നോക്കുന്ന ബാത്രൂം സ്കലിന്റെ പുറത്തു കയറി ആദ്യമായി നിന്നപ്പോഴാണ് അതെങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നറിയാൻ ശ്രമിച്ചത്, നീലഗിരിയിലേക്കു കയറിപ്പോകുന്ന തീവണ്ടിയുടെ അതെ Rack and Pinion രീതി അവലംബിച്ചാണിതും പ്രവർത്തിക്കുന്നത്, പല കാറിന്റെ സ്റ്റിയറിംഗ് പ്രവർത്തിക്കുന്നതും ഇതേ തത്വത്തെ അവലംബിച്ചാണ്, ഇങ്ങനെ എന്തെല്ലാം…
ഓരോരോ സ്റ്റേഷനിലും നിർത്തിയാലുടൻ തന്നെ തീവണ്ടിയിൽ വെള്ളം നിറക്കാൻ തുടങ്ങും, അതിനായി നിയോഗിക്കപെട്ട ജോലിക്കാർ വന്ന് കൊടിമരം പോലെ നിൽക്കുന്ന പൈപ്പിന്റെ അറ്റത്തുള്ള ഹോസെടുത്തു വാൽവുകൾ തുറന്നു ടാങ്കിൽ വെള്ളം നിറയ്ക്കും.
ഈ കളിവണ്ടി യാത്രയിലുടനീളം ആൾക്കാർ ഓരോ സ്റ്റേഷനിലും കയറി ഇറങ്ങിയാണ്പോകാറ്, ഉയരങ്ങൾ കയറിപ്പറ്റാൻ പടികൾ കയറണം, പടികൾ പണിയുന്നത് ചെറിയ ചരിവോടെയാണ്, എന്നാൽ തീവണ്ടിയുടെ ബോഗിയിൽ കയറുന്ന പടികൾക്ക് എവിടെ എങ്കിലും ചരിവുള്ളതായി കണ്ടിട്ടുണ്ടോ? സത്യമായും ഞാൻ കണ്ടിട്ടില്ല, കയറിന്റെ ഏണി താഴോട്ട് നേരെ തൂക്കി ഇട്ടതു പോലെ, ചില സ്റ്റേഷനിൽ ഈ പടികളിൽ തൂങ്ങി വലിഞ്ഞു കയറാനും ഇറങ്ങാനും വലിയ കഷ്ടമാണ്. പടിക്കു ചരിവ് കൊടുത്താൽ പ്ലാറ്റഫോമിൽ തട്ടും അത് നടക്കുന്ന കാര്യമല്ല അപ്പോൾ പിന്നെ പെട്ടിയും പ്രമാണവുമായി ഒറ്റക്കെങ്ങാനും പെട്ടുപോയാൽ കട്ടപ്പുക ആയതു തന്നെ, ആരെങ്കിലും യാത്രക്കാരുടെ സഹായം നേരത്തെ തന്നെ ആവശ്യപ്പെടുന്നതാണ് ബുദ്ധി.
പലപ്പോഴും നല്ല ശമര്യക്കാർ പൊക്കിയെടുത്തു കയറ്റുകയും ഇറക്കുകയും ചെയ്യാറുണ്ട്. എന്തായാലും ഒരു കാര്യം തീർച്ച തീവണ്ടിയിലെ ഈ പടികൾക്കു ഒരിക്കലും ചരിവുണ്ടാവില്ല, അങ്ങനെ ആരും വ്യാമോഹിക്കണ്ട, റെയിൽവേയിലെ ഓരോ അംശവും ദീര്ഘവീക്ഷണത്തിന്റെയും , വിശദാംശങ്ങളുടെയും പര്യായപദമാണ്.
കല്ലാർ സ്റ്റേഷൻ കഴിഞ്ഞപ്പോൾ മാനത്തോളം മുട്ടി നിൽക്കുന്ന വലിയ തൂണുകളുടെ മുകളിൽ ഒരു പാലം അതിന്റെ മുകളിലായുള്ള പാളത്തിലൂടെയാണ് തീവണ്ടി പിടിച്ചു പിടിച്ചു കയറി പോയത്, താഴെ റോഡുണ്ട്, വെള്ളച്ചാട്ടമുണ്ട്, വലിയ പാറയുണ്ട്, നിറയെ പച്ച മരങ്ങളും ചെടികളുമുണ്ട്, ഒരു റാ പോലത്തെ വളവാണ് മുന്നോട്ടും പിന്നോട്ടും നോക്കിയാൽ എൻജിനും ഗാർഡിന്റെ വാഗണും കാണാൻ പറ്റും,.
Hillgrove സ്റ്റേഷനിൽ വണ്ടി നിർത്തിയാലുടനെ എവിടെ നിന്നാണെന്നറിയില്ല കുറ്റാലത്തെ പോലെ ഒരു പറ്റം മര്യാദക്കാരായ ഡാർവിന്റെ സിദ്ധാന്തത്തിൽ പറയുന്ന നമ്മുടെ പൂർവികർ എല്ലാ കംപാർട്മെന്റിന്റെയും വാതിൽപ്പടിയിൽ വന്നിരിക്കും, അങ്ങോട്ടും ഇങ്ങോട്ടും നോക്കി നമ്മളോട് പറയും, ദേ ഇവിടെ നിങ്ങൾക്കുള്ള ലഖുഭക്ഷണം കിട്ടും, അത്ര നീണ്ട യാത്ര അല്ലാത്തതിനാൽ, കുടിക്കാനുള്ള പാനീയങ്ങളും, ചെറിയ തോതിലുള്ള പലഹാരങ്ങളുമേ കാണൂ, പക്ഷെ നിങ്ങൾ അത് വാങ്ങണം മുഴുവൻ കഴിക്കണം എന്നില്ല, കുറച്ചു മിച്ചം വെക്കണം ഞങ്ങൾക്ക് വേണ്ടി, ഭക്ഷണം വിൽക്കുന്നവരുമായി ഇവർക്കൊരു കരാറുള്ളത് പോലെ തോന്നും, എല്ലാവരെകൊണ്ടും എന്തെങ്കിലും വാങ്ങിപ്പിക്കും, അതിലൊരു പങ്കു വാതിൽപ്പടിയിൽ ഇരിക്കുന്ന കുട്ടിത്തേവാങ്കിനു കൊടുക്കുകയും ചെയ്യും.
പരിചയക്കാരായ മലയാളികളുടെ എസ്റ്റേറ്റുകൾ ഉള്ള സ്ഥലമാണ് Coonoor, മറ്റു ചിലരുടെ മക്കളും ഇവിടെ ഉള്ള ബോര്ഡിങ് സ്കൂളുകളിൽ നിന്ന് പഠിക്കുന്നുണ്ട്.
മേട്ടുപ്പാളയത്തു നിന്ന് വണ്ടി കയറിയപ്പോഴേ Coonoor ഇറങ്ങുമെന്ന് പറഞ്ഞിരുന്നു, കുറച്ചു പേരെ കാണാനുണ്ട് മാത്രമല്ല അവിടെ വിശേഷപ്പെട്ട ഒരു ഉദ്യാനമുണ്ട്, കാവ്യാത്മകമായ പ്രദേശം, കാടും, പടലും, മരങ്ങളും, കുന്നും, മലയും, തടാകവുമെല്ലാം ചേർന്ന കല്ലോലാകൃതിയിലുള്ള പ്രദേശം യാതൊരു വിധ കലർപ്പുമില്ലാതെ സൂക്ഷിക്കുക മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തു നിന്നും വളരെ അപൂർവങ്ങളായ ചെടികളെ ഇവിടെ കൊണ്ടുവന്നു നട്ടു പിടിപ്പിക്കയും പരിപാലിക്കുകയും ചെയ്തിരുന്ന സിംസ് പാർക്ക്. എങ്ങോട്ടു നോക്കിയാലും സൗന്ദര്യമുള്ള പക്ഷികളും, പൂക്കളും, പഴങ്ങളും. നൂറു കണക്കിന് വർഷങ്ങൾക്കപ്പുറം തീർത്ത ഒരു ഏദൻ തോട്ടം. പൂക്കൾ കുറെയധികം നാൾ നിൽക്കാനുതകുന്ന അനുകൂലമായ സാഹചര്യമാണ് ഇവിടെ. ഉഷ്ണമേഖലയുടെ എല്ലാ ഗുണഗണങ്ങളും ഉള്ള പ്രദേശം എന്നാൽ ചൂട് അധികം ഇല്ല താനും അതുകൊണ്ടു തന്നെ പഴങ്ങളും പൂക്കളും വളരെയധികം ഉണ്ടാകുന്ന ഇടം
പല ചെടികളും, മരങ്ങളും, പൂക്കളും, പഴങ്ങളും ആദ്യമായി കണ്ടതിവിടെ വെച്ചാണ്, മഗ്നോളിയ, Turpentine, പട്ട മരം അതായതു Cinnamon, രുദ്രാക്ഷം, ഇതൊക്കെ ആദ്യമായി കണ്ടതിവിടെയാണ്.
തക്കാളിയുടെ ഒരു ചെടി എന്റെ വീട്ടിലുണ്ടായിരുന്നു, തക്കാളി പഴുക്കാൻ കാത്തിരിക്കാറില്ല, പച്ച തക്കാളി എടുത്തു തോരൻ ഉണ്ടാക്കാറാണ് പതിവ്.
ഇവിടെ ഒരു മരത്തിൽ നിറയെ തക്കാളി പിടിച്ചു നിൽക്കുന്നത് കണ്ടു ഞാൻ അത്ഭുതപ്പെട്ടു, തക്കാളി ചെടി എങ്ങനെ ആണീ ഒത്ത ഒരു മരമായതെന്നു കരുതിനിന്നപ്പോഴാണ് മരത്തിന്റെ താഴെയുള്ള പേരെഴുതിയ ബോർഡ് കണ്ടത് Persimmon എന്നെഴുതി വെച്ചിരിക്കുന്നു, മാർക്കറ്റിൽ നിന്ന് അത് വാങ്ങി കഴിച്ചപ്പോൾ തക്കാളിയുമായിപുലബന്ധം പോലുമില്ലാത്ത രുചി, മധുരം, ഒരു ചെറിയ കറ പോലെ തോന്നും, നല്ല രുചി.
ആദ്യമായി ഒരു ശാസ്ത്രജ്ഞനനെ നേരിട്ട് കണ്ടത് Coonoor ഉള്ള Louis Pasteur റിസർച്ച് ഇന്സ്ടിട്യൂട്ടിൽ വെച്ചാണ്, Sims പാർക്കിന്റെ തൊട്ടടുത്താണിത് സ്ഥിതി ചെയുന്നത്.
സ്റ്റേഷൻ മാസ്റ്ററിന്റെ പരിചയത്തിലുള്ള വളരെ പക്വതയുള്ള കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണട വെച്ച് വെള്ള പാന്റും മുട്ടിന്റെ മുകളിൽ നിൽക്കുന്ന ലാബ് കോട്ടുമിട്ട ഒരാളാണ് ഞങ്ങളെ ഗവേഷണകേന്ദ്രത്തിൽ കയറ്റി കാണിച്ചതും ഓരോന്നൊക്കെ പറഞ്ഞു തന്നതും. Rabies വാക്സിൻ ഉണ്ടാക്കുന്ന institute. നൂറു കണക്കിന് ശാസ്ത്രജ്ഞൻമാർ ജോലി ചെയ്യുന്ന സ്ഥലം. വളരെ അധികം ഭയപ്പാടുളവാകുന്ന അസുഖമാണ് Rabies, അതിനെ പ്രതിരോധിക്കാനുള്ള ഔഷധം കണ്ടുപിടിച്ച മഹാൻ. Louis Pasteur; വളരെയധികം ശ്രദ്ധയോടുകൂടി മാത്രം പരീക്ഷണങ്ങൾ ചെയ്തിരുന്ന വിപ്ലവകാരിയായ ശാസ്ത്രജ്നൻ, തന്റെ വിജയത്തിന്റെ രഹസ്യം അദ്ദേഹത്തിന്റെ നിര്ബ്ബന്ധബുദ്ധി മാത്രമായിരുന്നു എന്ന് തുറന്നു പറഞ്ഞ മഹത്വ്യക്തി. അഞ്ചാമത്തെ സെമസ്റ്റർ പരീക്ഷക്ക് മുന്നേ വലത്തേ കൈയ്യിൽ പട്ടി കടിച്ചപ്പോഴാണ് ഒരിക്കൽ കൂടി Louis Pasteur -നെ ഓർത്തത്. ഭാഗ്യത്തിന് കുത്തി വെക്കേണ്ട വന്നില്ല.
പാൽ ചൂടാക്കി അണുക്കളെ നശിപ്പിക്കുന്ന രീതിക്കു പറയുന്ന പേരാണ് പാസ്റ്ററൈസേഷൻ, ഇതു കണ്ടുപിടിച്ചതും പുള്ളിക്കാരനാണ്. പാലും പഴച്ചാറും കൂടുതൽ ദിവസം കേടാകാതെ ഇരിക്കാൻ അവലംബിക്കുന്ന ശാസ്ത്രീയമായ രീതി. ഇന്നും അത് തുടരുന്നു നിർവിഘ്നം . ഞാനാദ്യമായി ഒരു ഗവേഷണ കേന്ദ്രം സന്ദര്ശിക്കുന്നതു അന്നായിരുന്നു, എല്ലാ കാര്യങ്ങളും മനസ്സിലായില്ല എങ്കിലും ഒരു കാര്യം കൃത്യമായി ബോദ്ധ്യമായി ഭക്ഷണ സാധനങ്ങൾ തുറന്നു മലർത്തി വെച്ചാൽ പെട്ടെന്ന് കേടാകുമെന്നു, ഒരു പക്ഷെ അന്ന് ബോധ്യപ്പെട്ട സംഗതിയുടെ അടിസ്ഥാനത്തിലാണ്, എന്ത് ഭക്ഷണം ഉണ്ടാക്കിയാലും തണുത്തു കഴിഞ്ഞു ഫ്രിഡ്ജിൽ വെക്കുമ്പോൾ പകർത്തി വെക്കണം, എല്ലാം കൂടി എപ്പോഴുമിട്ടു ഇളക്കരുതെന്നും, പല പ്രാവശ്യം തുറന്നാൽ പെട്ടെന്ന് കേടാകുമെന്നുമൊക്കെ മനസ്സിൽ പതിഞ്ഞതും, അടച്ചു വെക്കുന്നത് ഒരു ശീലമായതും, ഫ്രിഡ്ജിലാണെങ്കിലും വായു സഞ്ചാരമില്ലാത്ത പാത്രത്തിൽ ഭക്ഷണം വെച്ചാൽ മാത്രമേ കേടാകാതെ ഇരിക്കയുള്ളു.
അമ്മയുടെയും അപ്പയുടെയും സ്നേഹിതരുടെ വീട്ടിൽ പോയി കഴിച്ച ഭക്ഷണത്തിന്റെ രുചി ഒന്ന് വേറെയായിരുന്നു, എല്ലാ മലക്കറിക്കും ഒരു പ്രത്യേക രുചി, അവിടത്തെ കുട്ടികൾ പച്ചക്കുള്ള മലക്കറികൾ വെറുതെ കഴുകിയിട്ടു കടിച്ചു പറിച്ചു തിന്നാൻ തന്നു, ശുദ്ധമായവ, വാടാതെ തളരാതെ നല്ല സത്തോടു കൂടിയത്, പലതരം ഫലങ്ങൾ പാത്രത്തിൽ അലങ്കരിച്ചു വെച്ചിരിക്കുന്നത് കണ്ടിട്ട് എടുക്കാൻ തോന്നിയില്ല, കഴിച്ചു തുടങ്ങിയപ്പോൾ, മനസ്സിലായി ഇത്ര രുചിയോടെ ഒരിക്കൽ പോലും ഈ പഴങ്ങളൊന്നും തന്നെ കഴിച്ചിട്ടില്ല എന്ന് . ദൈവം കനിഞ്ഞു നൽകിയ പ്രകൃതി രമണീയത, കാലാവസ്ഥ, അതിനെ ആദരിക്കുന്ന പണിയെടുക്കുന്ന ആൾക്കാർ, തേയില തോട്ടങ്ങളാൽ ആവൃതമായ മലയിടുക്കുകളിൽ കട്ടിയുള്ള ഉടുപ്പിട്ടിട്ടു വെട്ടിനിരത്തിയ തേയില മരത്തിന്റെ മുകളിൽ കുട്ടികളെ കിടത്തി കളിപ്പിക്കുന്നതു നല്ല രസമുള്ള വിനോദമായിരുന്നു. കുറെ നല്ല മനുഷ്യരും, നല്ല നാളുകളും…
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment