ഇലക്ഷൻ തീരുമാനിച്ചാൽ പിന്നെ ആകെ പാടെ ഒരു ഉത്സവ പ്രതീതിയാണ്
ഈ ദിവസങ്ങളിൽ പുസ്തകം കൈ കൊണ്ടു തൊടുന്ന പ്രശ്നമുണ്ടായിരുന്നില്ല, പലരും അണ്ടർ ഗ്രൗണ്ടിലായിരിക്കും, അല്ലെങ്കിൽ സ്വന്തം മുറിയിൽ കയറാതെ ഒളിവിലായിരിക്കും,
ഗ്രാഫിക്സ് പുസ്തകങ്ങൾ, വിമാന കമ്പനികളുടെ പരസ്യങ്ങൾ, വലിയ വലിയ കമ്പനികളുടെ ലോഗോകൾ ഇതൊക്കെ സംഘടിപ്പിച്ചു, പോസ്റ്റർ വരക്കാനുള്ള പേപ്പർ മഷി , പേന ഇത്യാതിയെല്ലാം എറണാകുളത്തു നിന്നും വാങ്ങി, വരയ്ക്കുന്ന പിള്ളേരുടെ കൈയ്യിൽ കൊടുക്കും. പല തരം പോസ്റ്ററുകൾ വരക്കാനുള്ള ഓരോ ആശയം കൊടുക്കുക മാത്രമല്ല , അതിന്റെ രേഖാചിത്രമോ അല്ലെങ്കിൽ രൂപരേഖകളോ വരച്ചും കൊടുക്കും ; ഇങ്ങനെ പല പല പരിപാടികളാണ്. ഇതെപ്പോഴും ഒന്നോ രണ്ടോ പേരുടെ ചുമതല ആയിരുന്നു
പലപ്പോഴും ഒരു പ്രമേയം ഉണ്ടാവും അതിനെ ചുറ്റിപറ്റി ആവും ഓരോ പോസ്റ്ററും, പിന്നെ, നിറങ്ങൾ വാരി വിതറിയതും, കറുപ്പും, വെളുപ്പുമായ ചിത്രങ്ങളുടെ ഘോഷയാത്രയാണ്.
ഓരോ പോസ്റ്ററിന്റെ അടിയിലും സ്ഥാനാർത്ഥികളുടെ പേരെഴുതി അവരുടെ സ്ഥാനവും എഴുതിയിട്ട് ഇവർക്കു വേണ്ടി വോട്ട് ചെയ്യൂ എന്നും എഴുതി ചേർക്കും. അങ്ങനെ പലതരം പോസ്റ്ററുകൾ ഓരോ ദിവസവും വരക്കാനായി നിശ്ചയിച്ചിരുന്നു. ആദ്യത്തെ പോസ്റ്റർ കോളേജിൽ കൊണ്ട് ഒട്ടിക്കുന്നതു ഒരു ചടങ്ങാണ്
നേരം ഇരുട്ടുമ്പോൾ, അണികളും സ്ഥാനാർത്ഥികളും കൂടി പോസ്റ്ററും പൊക്കി ജാഥയായി LP സ്കൂളിൽ നിന്ന് ലാബ് വഴി കോളേജിലേക്ക് പോകും
അത് കഴിഞ്ഞു കൂട്ടമായി കുറ്റിച്ചിറ സ്റ്റാറിൽ സിനിമക്കു പോകുക എന്നുള്ളത് ഇലക്ഷൻ പ്രവർത്തനം തുടങ്ങി എന്ന് നാട്ടുകാരെയും ലേഡീസ് ഹോസ്റ്റലിലെ അന്തേവാസിനികളെയും അറിയിക്കുന്ന ചടങ്ങിന്റെ ഭാഗമാണ് .
സിനിമയ്ക്കു പോകുന്ന വഴി ലൈറ്റ് ഉള്ള മുറിയിലെ ആളിന്റെ പേര് വിളിച്ചിട്ടു സ്ഥിരം പാട്ടങ്ങു കീച്ചും.
മോളെ ശ്രീദേവീ
തേടിവരുന്നു ഞാൻ
നിൻ മുറിയുടെ വാതിൽ തേടി വരുന്നു ഞാൻ
ക്ലാസ്സിന്റെ ഉള്ളിലും കണ്ടില്ല നിന്നെ
ലേഡീസ് റൂമിലും കണ്ടില്ല
ലൈബ്രറിക്കുള്ളിലും, ബസിന്റെ ഉള്ളിലും
സർവ്വേ ലാബിലും കണ്ടില്ല …..
വാര്ഡന് അറിയുന്നതിലും കൃത്യമായി ആര് ഏതു മുറിയിൽ എന്നറിയാമായിരുന്നു MHലെ മഹാന്മാർക്ക്.
സിനിമയും കണ്ടു തിരികെ വരുമ്പോൾ ഏതെങ്കിലും മുറിയിൽ ലൈറ്റ് ഉണ്ടെങ്കിൽ
പേര് വിളിക്കും
ജനലിന്റെ അരുകിൽ വന്നു നോക്കുകയോ; ലൈറ്റ് ഓഫ് ചെയ്യുകയോ ചെയ്തില്ല എങ്കിൽ , സ്ഥലത്തെ ചൂടൻ സീനിയർ വിളിച്ചു കൂവുന്ന ഒരു സ്ഥിരം ഡയലോഗ് ഉണ്ട്
ലൈറ്റ് അണച്ചിട്ടു കിടന്ന് ഉറങ്ങു പെണ്ണേ.
അത് കഴിയുമ്പോൾ , ആദ്യത്തെ മത്സരം അരങ്ങേറും
ഏറ്റവും ഉച്ചത്തിൽ കൂടുതൽ നേരം ഓരിയിടണം
പലതരം ശുനകന്മാരുടെ ഓരി….
ഇതിൽ അഗ്രഗണ്യന്മാരായ പലരും ഉണ്ടായിരുന്നു
മിക്ക വീടുകളിലും നായ്ക്കൾ ഉണ്ടായിരുന്നു അവ തിരികെ കുരക്കുമായിരുന്നു, ചിലപ്പോൾ ഓടിച്ചെന്നും വരും
വളവിന്റടുത്തുള്ള വീടെത്തും; എലെക്ട്രിക്കലിലെ ഷേണായ് സാറിന്റെ വീട് ഷേണായ് സാറിന്റെ വീട്ടിൽ നിന്ന് തിരികെ ഓരിയിടാൻ ആരും ഉണ്ടായിരുന്നില്ല
ഓരോ ദിവസം ഓരോ പദ്ധതിയാണ് കോളേജ് ആകെ ഒരു പഞ്ചായത്തായി മാറും, രണ്ടു കക്ഷികളും തമ്മിലുള്ള പോരാട്ടം
ക്രമസമാധാനം ഒരു അടിസ്ഥാന പ്രശ്നമാണ്
പ്രശ്നം ഉണ്ടാക്കാനായി ആരും പ്രത്യേകിച്ച് കാരണം ഒന്നും കണ്ടുപിടിക്കണ്ട കാര്യമില്ല. എങ്ങനെയെങ്കിലും, എവിടുന്നെങ്കിലും . ഏതു നിമിഷവും അന്തരീക്ഷം കലുഷിതമാകാൻ എന്തെങ്കിലും മുള്ളിയാൽ തെറിച്ച കാര്യം തനിയെ ഉൽഭവിച്ചോളും
ഇവിടെ ആണ് സർവസമ്മതനായ കളക്ടറി ന്റെ പ്രസക്തി
പുള്ളിയെ പറ്റി ഇവിടെ പറയാതിരിക്കാൻ പറ്റില്ല
സത്യത്തിൽ പുള്ളിക്കുംഅറിയില്ല പുള്ളിയുടെ യഥാർത്ഥ പേര്
പുള്ളിയും , സ്വയം കളക്ടർ എന്നാണ് സംബോധന ചെയ്യാറ്
സത്യസന്ധനായ, കാര്യങ്ങൾ നീതിപൂർവം, ന്യായത്തോടെ മാത്രം ചെയ്യുന്ന ആളാണ്, കളക്ടർ .
ഈ പേരിന്റെ പിന്നിലെ രസകരമായ അനുഭവം ഓർത്താൽ ഒരു ഉരസലിൽ തുടങ്ങിയ ആത്മബന്ധമാണ് .
മുതിർന്ന ക്ലാസ്സിൽ മര്യാദക്ക് പഠിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥി ഒരു ദിവസം സ്വയം തീരുമാനിച്ചു , പഠിച്ചതങ്ങോട്ടു ശരിയായില്ല , വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനിക്കിരുന്നു .
അങ്ങനെ വൈക്കത്തടുത്തുള്ള വടയാർ എന്ന ഗ്രാമത്തിലെ ഉഗ്രമൂർത്തി ആയ ഭഗവതി കുടിയിരിക്കുന്ന ഇളങ്കാവ് ദേവീ ക്ഷേത്രത്തിൽ പോയി തൊഴുതു മടങ്ങി. കൊതുമ്പു വള്ളവും തുഴഞ്ഞു,
ഒഴിയടത്തുന്ന തേങ്ങാ വെള്ളത്തിലിട്ടു ചങ്ങാടത്തിൽ കയറ്റി കച്ചവടം നടത്തുന്ന ഗോവിന്ദൻ മുതലാളിയോട് കാര്യവും പറഞു ധർമിഷ്ഠനായ എവിടെയും എന്തിനും അദ്ധ്യക്ഷപദമലങ്കരിക്കാനുള്ള ആകാരമുള്ള, കട്ടയാൻ,
നല്ല മലയാള ഭാഷ മാത്രമല്ല അത്യാവശ്യത്തിനു പൂരപ്പാട്ടും വഴങ്ങുന്ന വാക്ചാരുതയുള്ള അധ്വാന ശീലൻ; പുതിയ സിദ്ധാന്തങ്ങൾ കൊണ്ടുവരാനുള്ള ശക്തമായ സ്വാധീനം ഉള്ള പുതുതായി വന്ന സെമസ്റ്റർ കൂട്ടരുടെ കൂടെ പഠിക്കാൻ തീരുമാനിച്ചു
പുതുതായി വരുന്ന വിദ്യാർത്ഥികൾ ഹോസ്റ്റലിൽ പാലിക്കേണ്ട കർശന നിബന്ധനകൾ ഉണ്ടായിരുന്നു.
രാത്രി പത്തു മണിയായാൽ ലൈറ്റ് ഓഫ് ആക്കണം
പിന്നെ ഒച്ചയോ ബഹളമോ പാടില്ല
മുറിയുടെ പുറത്തിറങ്ങി നടക്കാൻ പാടില്ല
ഉറക്കെ സംസാരിക്കാനും പാടില്ല.
പിന്നെ മെസ്സിൽ ഭക്ഷണം കഴിക്കാൻ ഇടത്തൂടെ ഉള്ള കതകിലൂടെയേ കയറുകയും ഇറങ്ങുകയും ചെയ്യാവൂ . ആദ്യത്തെ 2 മേശയെ ഉപയോഗിക്കാവൂ
തരുന്നത് തിന്നിട്ടു പോകണം
അഭിപ്രായം പറയുകയോ അങ്ങോട്ടെന്തെങ്കിലും വായിട്ടു ചോദിക്കയോ ചെയ്യാൻ പാടില്ല
ഇതെല്ലം കർശനമായി പാലിച്ചിരിക്കണം
പിന്നെ വേഷ വിധാനങ്ങളിൽ നിബന്ധനകൾ
കള്ളി മുണ്ടു ഉടുക്കാൻ പാടില്ല; വെള്ള മുണ്ടു മാത്രമേ ഉടുക്കാവൂ
കൈയ്യിൽ വാച്ചു കെട്ടാൻ പാടില്ല;
ഇത് പെട്ടെന്ന് ഇവരെ തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ ആയിരുന്നു
അത്യാവശ്യത്തിനു റാഗ് ചെയ്യണേൽ ജാതകം നോക്കണ്ടാല്ലോ
ഒരു രാത്രി പുതിയ പിള്ളേർ മുതിർന്നവർ പോയ തക്കം നോക്കി കുറച്ചു പൂര പാട്ടു പാടാൻ തുടങ്ങി.
അപ്പോഴേക്കും കളക്ടർ ഓടി വന്നു ; ചുണ്ടിൽ വിരൽ വെച്ചിട്ട്, ശൂ എന്നും പറഞു നിശ്ശബ്ദത പാലിക്കാൻ ആവശ്യപ്പെട്ടു ; അല്ലെങ്കിൽ മുരളി സാറിനെ വിളിക്കുമെന്നും കൂടി പറഞ്ഞപ്പോൾ;
ഒരാൾ ചോദിച്ചു :ഇവനാരാ? ഇവിടത്തെ കളക്ടറോ ?
പുള്ളികാരനതങ്ങു സുഖിച്ചു
അങ്ങനെ അന്ന് തൊട്ടു
പുള്ളിക്കാരൻ എല്ലാവരുടെയും കളക്ടറുമായി
പ്രജകളുടെ ക്ഷേമത്തിനുവേണ്ടി അശ്രാന്ത പരിശ്രമവും തുടങ്ങി.
റാഗിങ്ങ് ദൈവങ്ങളെ ആവാഹിച്ചു കുടിയിരുത്തിയ 3 കല്ലുണ്ടു രണ്ടാമത്തെ ബ്ലോക്കിന്റെ പടിവാതിലിൽ
ആ കല്ലിനോട് ഒറ്റക്കാലിൽ നിന്ന് സാറെ ഞാൻ പൊയ്ക്കോട്ടേ എന്ന്
അനുവാദം വാങ്ങിയാൽ മാത്രമേ പല കാര്യത്തിനും ഒരു പോംവഴിയുണ്ടായിരുന്നുള്ളു . നിർത്താതെ ചോദിച്ചു കൊണ്ടിരിക്കണം
കല്ലെപ്പോൾ അനുവാദം തരുന്നോ അപ്പോൾ മാത്രമേ പടിക്കകത്തു കടക്കാൻ പറ്റൂ..
പിന്നെ കർശനമായ ഒരു നിബന്ധന, മൂത്തവർ കുളിക്കുന്നതിനു മുന്നേ കുളിക്കാൻ പാടില്ല എന്നുള്ളതാണ് ,
ഇതിനൊരു കാരണമുണ്ട്, 4 പേര് കുളിക്കുമ്പോഴേ മിക്ക ബ്ലോക്കിലേയും വെള്ളം തീരും, പിന്നെ വലിയ വീപ്പയിൽ വെള്ളം നിറച്ചു വെച്ചത് കോരിയെടുത്തു വേണം കുളിക്കാൻ
വീപ്പയിലെ വെള്ളം എപ്പോ തീർന്നു എന്ന് ചോദിച്ചാൽ മതി
നേരം വെളുത്തു 8 മണിക്ക് മുന്നേ ക്ളാസിൽ പോകണമെങ്കിൽ പല പല കടമ്പകളും കടക്കണം
ആകെ ഉള്ളത് ഒരു കിണറാണ്
അതിൽ നിന്നാണ് ഇക്കണ്ട പിള്ളാർക്കെല്ലാം കുളിക്കാനും നനക്കാനുമുള്ള വെള്ളം .
കിണറ്റിലെ വെള്ളം LPS-ന്റെ തൊട്ടടുത്തുള്ള വലിയ ടാങ്കിൽ അടിച്ചു കയറ്റണം
ടാങ്കിൽ വെള്ളമടിക്കുന്ന മോട്ടോർ ഓടിക്കുന്ന ചുമതല കലാമിനും ഹനീഫക്കും
അത് പിന്നെ ഇടയ്ക്കിടെ – മറ്റയാൾ ചെയ്യും ചെയ്തിരിക്കും എന്ന് കരുതി രണ്ടാളും ഓൺ ആക്കാറില്ല
അന്നത്തെ കാര്യം ഹോസ്റ്റലിൽ കട്ടപുകയാണ്
കിണറ്റിൻ കരയിലായി പാട്ട കൊണ്ടു മറച്ച കുളിപ്പുരകളുണ്ട്.
ആ കുളിപുരയിൽ ടാങ്കിൽ നിന്ന്നേരിട്ടൊരു പൈപ്പ് വരും, അതുകൊണ്ടു അങ്ങ് അറ്റത്തുള്ള പള്ളിമുറ്റത്ത് വെള്ളം വന്നില്ലെങ്കിലും ഇവിടെ വെള്ളം കാണും
തന്റെ ബ്ലോക്കിലെ കുളിമുറിയിൽ വെള്ളം തീർന്നപ്പോൾ, ആരോടും മിണ്ടാതെ, സീനിയർ ആണെന്ന് കരുതിക്കോട്ടെ എന്ന്ര കരുതി കള്ളിമുണ്ടിനു പകരം സ്വർണപ്പന്റെ ഒരു വെള്ളമുണ്ട് അടിച്ചു മാറ്റി രണ്ടാമത്തെ ബ്ലോക്കിലെ കുളിമുറിയിൽ കയറി കുളിച്ചുകൊണ്ടിരുന്ന അഗസ്റ്റിൻ ,രാധാസ് സോപ്പ് തേച്ചു തേച്ചങ്ങോട്ടു ദേഹമാസകലം പതപ്പിച്ചപ്പോഴാണ് മുദ്രാവാക്യ ഉസ്താതായ ജോഹാൻറെ വിളി കേട്ടത്
വെള്ളമെവിടെ, വെള്ളമെവിടെ
പറയൂ പറയൂ മുരളി സാറേ
എന്തെങ്കിലും ഒന്ന് വീണു കിട്ടാനിരിക്കും ജാഥ തൊഴിലാളികൾ
നോക്കിയപ്പോ കതകിൽ ഇട്ട മുണ്ടുമില്ല തോർത്തുമില്ല
പിന്നെ ഒന്നും നോക്കിയില്ല സോപോടു കൂടി ഇറങ്ങി
ഓരോ ബ്ലോക്കിൽ നിന്നും വാലെ വാലെ, ലെഫ്റ് , റൈറ്റ് അടിച്ചു , ഉപ്പു സത്യാഗ്രഹത്തിന് കൊടി കാത്ത കുമാര ൻ നയിച്ച ജാഥ പോലെ ബക്കറ്റ് ഇടത്തെ കയ്യിൽ പിടിച്ചു, വലത്തേ കൈ കൊണ്ടു താളം പിടിച്ചു,
തോർത്ത് തലയിൽ കെട്ടി
ഉടുതുണിക്ക് മറുതുണിയില്ലാതെ
ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു
മുറിയന്മാരെല്ലാം ടാങ്കിന്റെ അടുത്തുള്ള
പാട്ട വെച്ചു മറച്ച കുളിപുരയിലേക്കു ജാഥയായി പോകുന്നു.
കരിക്കോടെന്നൊരു ദേശത്തു
TKM എന്നൊരു കോളേജിൽ
മാറ് നനക്കാൻ മേനി നനക്കാൻ
വെള്ളമെവിടെ, വെള്ളമെവിടെ
പറയൂ പറയൂ മുരളി സാറേ
സോപ്പ് പതയിൽ വെളുവെളാണെന്നിരിക്കുന്ന അഗസ്റ്റിന്റെ കോലം കണ്ടിട്ട് ആരൊക്കെയോ പൊക്കി എടുത്തു
എന്നിട്ടു വീണ്ടും പാടി
സർവ്വബ്ലോക്കിലെ വിദ്യാർത്ഥികളെ സംഘടിക്കുവിൻ
സംഘടിച്ചു സംഘടിച്ചു കുളിക്കാൻ പോരുവിൻ
മുറിയുടെ ജനാലയിലൂടെ വെളിയിലേക്കു നോക്കിയപ്പോ കണ്ട കാഴ്ച കണ്ടു മുരളി സാറിന്റെ കണ്ണിന്റെ കൃഷ്ണമണിയുടെ ഫ്യൂസ് ആയി
ഇലൿട്രോണിക്സിൽ പഠിച്ച ഒരു റെസിസ്റ്ററിനും ആ കാഴ്ച താങ്ങാനുള്ള കപ്പാസിറ്റി ഉണ്ടായിരുന്നില്ല
പിന്നെ ഒന്നും ഓർത്തില്ല സാറ് ഒറ്റ വിളി വിളിച്ചു
കളക്ടറേ
2 comment(s)