മാറ്റങ്ങൾ എന്നും എപ്പോഴും അനിവാര്യമാണ്
പഴയതിനെയും, ഇപ്പോഴുള്ളതിനേയും മാത്രം നോക്കിയിരുന്നാൽ നഷ്ടമാകുന്നത് ഭാവി ആണ്. കംപ്യൂട്ടറുകൾ വികസനത്തിന്റെ ഭാഗമായി മാറി മാറി പത്തായപെട്ടിയിൽ നിന്ന് തീപെട്ടിപോലെ ആയി, അത് വികസനത്തിന്റെ ആവശ്യം, കാലത്തിന്റെ പുരോഗതി, അത് നേരിൽ കണ്ടു അനുഭവിച്ച ഒരാളാണ് പാപ്പച്ചാച്ചൻ. എപ്പോൾ കണ്ടാലും എന്നോട് പറഞ്ഞു തരാറുള്ള കാര്യങ്ങൾ, അതിശയത്തോടെ അനുഭവിച്ചറിയാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ആ ഭാഗ്യങ്ങൾ കഴിയുന്നത്ര മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഞാൻ പ്രയത്നിക്കാറുമുണ്ട്.
പ്രായമായവർ എന്ന് നമ്മൾ വിശേഷിപ്പിച്ചിരുന്നവർ ഓരോരുത്തരായും നമ്മെ വിട്ടു പിരിയുന്നു, അങ്ങനെ നമ്മളറിയാതെ, എന്റെ കൂടെ പഠിച്ചവരും എന്റെ പ്രായക്കാരും ആ സ്ഥാനം ഏറ്റെടുക്കേണ്ട സമയമായിരിക്കുന്നു. കാലത്തിന്റെ മുന്നിൽ അത് അംഗീകരിച്ചു നെഞ്ചു നിവർത്തി പറയാനുള്ള ധൈര്യം എത്ര പേർക്കുണ്ടെന്നെനിക്കറിയില്ല,
എന്റെ അനുഭവത്തിൽ ഒരു വ്യത്യാസമേ കാണുന്നുള്ളൂ , തിരിച്ചറിവ്!!
ചിലനേരത്തു ആലസ്യത്തിലാണ്ടിരുന്നു ചിന്തിക്കുമ്പോൾ, ചിലതെല്ലാം വായിക്കുമ്പോൾ, കാണുമ്പോൾ അറിയാതെ ഓർത്തു പോകും എല്ലാവര്ക്കും പണ്ട് ഉള്ളതിലും കുറച്ചു തിരിച്ചറിവും, വകതിരിവും കുറഞ്ഞോ എന്ന്, കൊല്ലും, കൊലയും, ജാതിയെ ചൊല്ലിയുള്ള വിഭജനവും ആവശ്യമില്ലാത്ത അതിമോഹവും അധികമായിപോയോ?
അറിവിന്റെ അറിവില്ലായ്മയെ കുറിച്ചുള്ള അറിവാണ് തിരിച്ചറിവ്, ആരോ എവിടെയോ പറഞ്ഞതാണ്.
എനിക്കറിയാവുന്ന ഒത്തിരി പേർ നിരന്തരമായി പുത്തൻ അറിവുകൾ സമ്പാദിക്കാൻ കാണിക്കുന്ന ജിജ്ഞാസ കണ്ടു ഞാൻ കണ്ണ് തള്ളി ഇരുന്നിട്ടുണ്ട്. പാപ്പച്ചാച്ചൻ അങ്ങനെ ഒരു ആളായിരുന്നു.
പാപ്പച്ചാച്ചൻ ഹാരിസൺ മലയാളം എന്ന സ്ഥാപനത്തിൽ ചെങ്ങറ എസ്റ്റേറ്റിൽ ആയിരുന്നു ആദ്യം ജോലി ചെയ്തത്, സായിപ്പിന്റെ സ്ഥാപനം, 1968 വരെ ഹാരിസൺ മലയാളത്തിന്റെ സിരാ കേന്ദ്രം കൊല്ലമായിരുന്നു, എല്ലായിടവും ഉന്നത ഉദ്യോഗസ്ഥർ സായിപ്പന്മാർ, അവരുടെ ജീവിത രീതികൾ എസ്റ്റേറ്റിലെ മറ്റു തൊഴിലാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ അധികം ആഡംബരത്തോടു കൂടിയതും, പണമായി കിട്ടുന്ന മുന്തിയ ശമ്പളത്തിനപ്പുറം നിർവചിക്കാനാവാത്തത്ര ആനുകൂല്യങ്ങളും ചേർന്നതായിരുന്നു.
പണി സമയം മുഴുവനും കാര്യക്ഷമതയോടെ, ആത്മാർത്ഥമായി പണി ചെയ്യുകയും, പണി സമയം കഴിഞ്ഞാലുടൻ തന്നെ ഉല്ലസിക്കാനും, ഉന്മേഷം പകരാനുമുള്ള നേരമ്പോക്കുകളിൽ വ്യാപൃതരാവുകയും ചെയ്തിരുന്നു. തോട്ടം നോക്കാനും, വീട് വൃത്തിയാക്കാനും, കുട്ടികളെ പരിചരിക്കാനുമൊക്കെ ആവശ്യം പോലെ സഹായികളും ഉണ്ടായിരുന്നു. അവരവരുടെ ആരോഗ്യവും, സുഖവിശ്രമവും ശ്രദ്ധിക്കാനുള്ള ശീലമുള്ളവരാണ് സായിപ്പന്മാർ, സത്യം പറയാലോ നമ്മൾക്കിങ്ങനെ ഒരു ചിട്ടയുമില്ല , പ്രവണതയുമില്ല, വ്യായാമം ചെയ്യുന്ന കാര്യം പറയുന്നതും നമ്മൾ ഒരു നൂറു അനാമത്ത് ജോലി കണ്ടുപിടിക്കും, വീണ്ടും ഓർത്തു പോകുന്നു അച്ചടക്കം ഇല്ലാത്ത നമ്മുടെ രീതികളെ പറ്റി.
അക്കാലത്തു തോട്ടങ്ങളിലെ താഴെ കിടയിലെ ജോലിക്കാർ മാത്രമേ നാട്ടുകാർ ഉണ്ടായിരുന്നുള്ളൂ, 2 മലയാളികളാണ് അന്ന് കണക്കുകൾ നോക്കുന്ന വകുപ്പിൽ ഉണ്ടായിരുന്നത് അതിലൊന്ന് പാപ്പച്ചാച്ചൻ ആയിരുന്നു. അങ്ങനെ ഇരിക്കെ സായിപ്പ് കമ്പനിയിലെ അക്കൗണ്ട്സ് യന്ത്രവത്കരിക്കാൻ തീരുമാനിച്ചു, ആദ്യമായി ഒരു പ്ലന്റഷന് കമ്പനി കമ്പ്യൂട്ടർ കൊണ്ട് വരാൻ തീരുമാനിച്ചത് ഹാരിസൺ മലയാളം എന്ന സ്ഥാപനമാണ്. ആദ്യത്തെ പത്തായ പെട്ടി കേരളത്തിലെത്തി,
കമ്പ്യൂട്ടർ വന്നതോടെ കൊല്ലത്തുനിന്ന് ആപ്പീസെല്ലാം കൊച്ചിയിലേക്ക് മാറ്റി അങ്ങനെ കൊല്ലത്തെ ബംഗ്ലാവ് നിന്നിടമൊക്കെ പതുക്കെ ക്ഷയിച്ചു കാട് കയറാനും തുടങ്ങി, കൊല്ലം കടപ്പുറത്തിന്റെ അടുത്തുള്ള കെട്ടിടത്തിൽ ഞാനെത്രയോ തവണ പോയി പൊക്കമുള്ള കതകും ജനാലയും, വീതികൂടിയ വരാന്തയുമൊക്കെ കണ്ടു കൊതിച്ചു നിന്നിട്ടുണ്ടെന്നോ, എത്ര മനോഹരമായ വാസ്തുശില്പങ്ങൾ ഒന്നും കാത്ത് സൂക്ഷിക്കാത്ത നമ്മുടെ സംസ്കാരം. ആരും ചോദിക്കാനും പറയാനുമില്ല, ആരും ഒന്നും കാണാറുമില്ല.
ആയിടക്കാണ് ഇന്ദിര ഗാന്ധി തുല്യവേതനം എന്ന പുതിയ നിയമം കൊണ്ടുവന്നത്, പണവും ആഡംബരങ്ങളും കുറഞ്ഞപ്പോൾ സായിപ്പന്മാരെല്ലാം കപ്പല് കയറി തിരികെ പോയിത്തുടങ്ങി, വളരെ ഉയർന്ന സ്ഥാനത്തു മാത്രം ഒന്നോ രണ്ടോ സായിപ്പുമാർ മാത്രമായി, കൊച്ചിയുടെ ചരിത്രം അന്നത്തെ പ്രവാസികളുടെ പേരുമായി കൂടിക്കലർന്നു കിടക്കുന്നതിന്റെ കാരണം കേരളത്തിൽ പല സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്ന സായിപ്പന്മാർ തുടങ്ങിയ ഓരോ സംരംഭങ്ങൾ തന്നെയാണ്.
1968-ൽ, കൊച്ചിയിൽ, പത്തായപെട്ടി പോലത്തെ കമ്പ്യൂട്ടർ വെക്കാൻ കെട്ടിടം പണിഞ്ഞു ആ കെട്ടിടത്തിന്റെ താപനില നിയന്ത്രിക്കാനുള്ള യന്ത്രങ്ങൾ ഘടിപ്പിച്ചു.
ICL എന്ന ബ്രിട്ടീഷ് കമ്പനിയിൽ നിന്നാണ് ആദ്യത്തെ Computer വന്നത്, അന്ന് കമ്പ്യൂട്ടറിന് നിർദ്ദേശങ്ങൾ കൊടുക്കാനോ, പ്രോഗ്രാം ചെയ്യാനോ ഉള്ള ഭാഷയൊന്നുമില്ല, വൈദ്യുതികൊണ്ടു പ്രവര്ത്തിക്കുന്ന ഒരു യന്ത്രം, അത്രമാത്രം, ആദ്യത്തെ മെഷീന്റെ വിളിപ്പേര് ICL 104.
കമ്പ്യൂട്ടറിൽ പ്രത്യേക പരിശീലനത്തിനായി അക്കൗണ്ട്സിലെ ഉദ്യോഗസ്ഥരെ ഈരണ്ടു പേരായി ബോംബയിലെ ICL ഓഫീസിലേക്ക് അയച്ചു, ആദ്യം പോയ രണ്ടുപേരിൽ ഒരാൾ പാപ്പച്ചാച്ചനായിരുന്നു. 4 ആഴ്ചത്തെ പരിശീലനം, അതിന്റെയിടയിലാണ് യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ Bombay ഓഫീസിൽ, കൊച്ചി ആപ്പീസിൽ വാങ്ങിയ പോലെ ഒരു മെഷീൻ ഉണ്ടെന്നറിഞ്ഞിട്ടു അത് കാണാനായി അവിടെ കൊണ്ടുപോയത്, മെഷീനിൽ ഒന്ന് തൊടാൻ പോലും സമ്മതിച്ചില്ല, ദൂരെ ദൂരെ നിന്ന് കാണാൻ സമ്മതിച്ചു.
അപ്പോഴേക്കും നാട്ടിൽ സമരമായി യന്ത്രവത്കരണത്തിനെതിരായുള്ള സമരം. Aspinwall എന്ന കമ്പനിയിലെ ജോലിക്കാരെല്ലാം തെരുവിലിറങ്ങി യന്ത്രവത്കരണം ജോലി നഷ്ടപെടുത്തുമെന്ന ആദിയിൽ. എന്നും രാവിലെ Aspinwall-ലെ നൂറുകണക്കിന് തൊഴിലാളികൾ തൂവെള്ള ഷർട്ടും മുണ്ടും ധരിച്ചു മട്ടാഞ്ചേരി ഹാൾട്ടിലെ സ്റ്റേഷന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്ന് ഉറുമ്പിനെ പോലെ വരിവരിയായി ജാഥയായി രണ്ടു മൂന്നു കിലോമീറ്റര് നടന്നാണ് ജോലിക്കു വരിക, വർക്ഷോപ്പിൽ വന്നിട്ട് യൂണിഫോം മാറും, വൈകുന്നേരവും ഇതുപോലെ മാലമാലയായി നടന്നു തിരികെ വന്നു ബസ് കയറും, അല്ലാതെ വേറെ യാത്രാസൗകര്യങ്ങളില്ല. സമരം ചെയ്യാൻ പുറത്തിറങ്ങി നടന്നപ്പോഴും ആരും ശ്രദ്ധിച്ചില്ല കാരണം ഇതെന്നും രണ്ടുനേരം കാണാറുള്ള കാഴ്ച. കോളേജിലെ ഭാഷയിൽ പറഞ്ഞാൽ സമരം ചീറ്റി പോയി. ബോംബയിൽ പോയി പരിശീലനം കഴിഞ്ഞു വന്ന ഹാരിസൺ മലയാളത്തിലെ സംഘം യന്ത്രത്തിനെ കീഴടക്കുന്ന ഉദ്യമം സ്വയം ഏറ്റെടുത്തു, അറിയാൻപാടില്ലാത്തതു തനിയെ പഠിച്ചെടുക്കാൻ തീരുമാനിച്ചു, മാനേജർ ആയ Ritchie സായിപ്പു വലിയ സഹായമായിരുന്നു, 6 മാസത്തിനുള്ളിൽ 32 തോട്ടത്തിലെ എല്ലാ തൊഴിലാളികളുടെയും ശമ്പളം കമ്പ്യൂട്ടറിൽ തയ്യാറാക്കാനായിരുന്നു പരിപാടി, സായിപ്പിന് ജോലി ചെയ്യിപ്പിക്കാൻ നല്ല സാമർത്യമായിരുന്നു. നന്നായി ജോലി ചെയ്യുന്നവരെ സന്തുഷ്ടരും, സംതൃപ്തരുമാക്കാൻ അദ്ദേഹം പല പ്രോത്സാഹന പദ്ധതികളും ഏർപ്പാടാക്കി, അതിലൊന്നായിരുന്നു അധികസമയം അനുവദിക്കുക അധിക ശമ്പളം ഏർപ്പാടാക്കുക, അങ്ങനെ 14 പേരടങ്ങുന്ന ഒരു സംഘം ഒറ്റകെട്ടായി 31 വരിയും 31 കോളവും 961 അക്കങ്ങളുമായുള്ള മല്പിടിത്തം തുടങ്ങി, അത്രേ ഉള്ളൂ അന്നത്തെ കമ്പ്യൂട്ടറിന്റെ ഓർമ്മ, കൂടുതൽ വിവരങ്ങൾ ചേർക്കണമെങ്കിൽ ആദ്യം ചേർത്തത് മാറ്റി വേറെ ചേർക്കണം.
ആകെ രണ്ടു നടപടികളാണ് നടക്കുക ഗുണനവും, ഹരണവും.അത് തന്നെ ആവർത്തിച്ചുള്ള കൂട്ടലും കുറക്കലുമാണ്, വളരെ പ്രാകൃതികാവസ്ഥയിലുള്ള കണക്കുകൂട്ടൽ,
വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നത് അക്ഷരങ്ങളും, അക്കങ്ങളും അടങ്ങിയ സമ്പ്രത്തായതിലൂടെ. ഒന്നെന്നെഴുതാൻ X+3 എന്നെഴുതണം 2; X+4, അങ്ങനെ തനിയെ പഠിച്ചെടുത്ത വിദ്യയുമായി, 40,000 വരുന്ന തൊഴിലാളികളുടെ കേന്ദ്രീകരിച്ചുള്ളതും എന്നാൽ ഘട്ടം ഘട്ടമായുള്ള കണക്കുകൾ, തൊഴിലാളികളുടെ പേര്, വിവരം, അവരുടെ നമ്പർ, ചിലവ്, വരവ്, ഹാജർ, റബർ തോട്ടത്തിലെയും തേയില തോട്ടത്തിലെയും കരാറുകളും ഉടമ്പടികളും, അതിനൊക്കെയുള്ള പ്രത്യേകം പ്രത്യേകം കൂലി ഇതൊക്കെ വലിയ പുസ്തകത്തിൽ എഴുതി ഒപ്പിട്ടു കൊടുത്തുവിടുന്നതെല്ലാം കുത്തിയിരുന്ന് കല്ലുകൊത്തുകാരെ പോലെ അക്കങ്ങളെയും അക്ഷരങ്ങളെയും, രഹസ്യ ഭാഷയുടെ തത്വമുപയോഗിച്ചു കാർഡിൽ punch ചെയ്തു. ഒരാൾക്ക് നാലോ അഞ്ചോ കാർഡ് ഉള്ളത് വീണ്ടും വീണ്ടും ഓരോന്നായി കണക്കാക്കി അവസാനം എല്ലാ വിവരങ്ങളും ചേർത്ത് കിട്ടുന്ന കണക്കു അച്ചടിച്ച്, മാസത്തിന്റെ ഒരോ സമയത്തായി കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള എല്ലാ തോട്ടത്തിലും എത്തിക്കുന്ന ജോലി ഭംഗിയായി ചെയ്തു.
ഒടിക്കരുത്, മടക്കരുത് കമ്പിയിൽ കുത്തി ഇറക്കരുത്, കീറരുത് പണ്ടത്തെ കട്ടിയുള്ള കംപ്യൂട്ടർ കാർഡിൽ എഴുതിവെച്ചിരുന്ന കാര്യങ്ങൾ.
അധികം താമസിയാതെ കുറച്ചു കൂടി പ്രാപ്തിയുള്ള യന്ത്രങ്ങൾ കൊണ്ട് വന്നു, പിന്നെ കാർഡ് മാറ്റി ഫലം വരുന്നത് മാഗ്നെറ്റിക് ടേപ്പിലാക്കി, അതിനു ശേഷം നടപടികൾ ചെയ്യാനുള്ള വിവരങ്ങളും മാഗ്നെറ്റിക് ടേപ്പിലായി
സഹപ്രവർത്തകർക്കിടയിൽ അല്ലറ ചില്ലറ കുശുമ്പും കുന്നായ്മയും പൊട്ടിമുളച്ചു കാരണം മറ്റൊന്നുമല്ല, കമ്പിളിയാണ് താരം.
പത്തായപെട്ടിയുമായി ബന്ധപെട്ടു ജോലി ചെയ്യുന്നവരെല്ലാം തണുപ്പുള്ള മുറിയിൽ ഇരിക്കാൻ തുടങ്ങി, അവർ പ്രത്യേകമായി തുന്നിയ കമ്പിളി ഉടുപ്പിട്ട് ഓഫീസിൽ വരാൻ തുടങ്ങി.
അങ്ങനെ ഇവരെ നോക്കി മറ്റുള്ള ഉദ്യോഗാർത്ഥികൾ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞിട്ടുണ്ടാവും ഇവന്മാരുടെ ഒരു ജാഡ, ബാക്കിയുള്ളവർ വിയർത്തു കുളിച്ചു ചൂട് കാറ്റ് വീശിയടിക്കുന്ന പങ്കകളുടെ കീഴെ ഇരിക്കുമ്പോൾ ദേ വരുന്നു തണുപ്പിൽ ഇരുന്നു സുഖിക്കുന്ന കമ്പിളിപുഴുക്കൾ.
യാത്ര തുടരുന്നതായിരിക്കും
Leave A Comment