അന്ന് കറുത്ത വാവായിരുന്നു.
കുറ്റാകുറ്റിരുട്ട്
പോസ്റ്ററിനുള്ള കുറെ അധികം രേഖാചിത്രങ്ങൾ തന്നിട്ട് ഇനി കുറച്ചു നേരത്തേക്ക് വിളിച്ചേക്കരുതെന്നു പറഞ്, അണ്ണന്മാരെല്ലാം മുങ്ങി
കുട്ടി ഒറ്റക്കായി
പ്രധാനപ്പെട്ട സ്ഥാനാര്ഥികളെല്ലാം വന്നിട്ടുണ്ട്, ഇന്നത്തെ കൂടികാഴ്ചക്കെന്തോ ഒരു പ്രത്യേകത ഉള്ളപോലെ തോന്നി, അണികളെല്ലാം കറുത്ത കള്ളിമുണ്ടുമുടുത്തിരിക്കുന്നു, എല്ലാവരുടെയും നടപ്പിനും ഭാവത്തിനും ഒരു രഹസ്യ സ്വഭാവം
പിന്നെ അടക്കി പിടിച്ച ശബ്ദവും കാല്പെരുമാറ്റവുമൊക്കെ കേട്ടു തുടങ്ങി
ചെയർമാൻ സ്ഥാനാർത്ഥിയും, കൺവീനറും കൂടി ഒരു A1 പേപ്പർ മേശപ്പുറത്തു നിവർത്തി ഇട്ടിട്ടു വളരെ ഗൗരവകരമായ എന്തോ നീക്കങ്ങൾ അതീവ ശ്രദ്ധയോടെ ചർച്ച ചെയ്യുന്നു.
സമഗ്രമായ പഠനങ്ങൾക്കു ശേഷം കിറു കൃത്യമായി പാലിക്കേണ്ട രഹസ്യ സ്വഭാവമുള്ള, തന്ത്രപരമായ നീക്കങ്ങളെ പറ്റി.
കൃത്യമായ ഉന്നം വെച്ച് പിടിച്ചടക്കണ്ട ഉദ്യമം ആണ്. അതിസൂക്ഷ്മമായ പ്രാവർത്തിക മാർഗ്ഗനിർദേശങ്ങൾ മനഃപാഠമായിരിക്കണം
ഒരു തരത്തിലുള്ള പിശകും വരാൻ പാടില്ല, ഇതൊരു ജീവൻ മരണ പോരാട്ടമാണ് പിടിച്ചടക്കണ്ട,.ആൾക്കാരെ തീരുമാനിക്കുന്ന ചുമതല കൺവീനറിനു മാത്രം അവകാശപ്പെട്ടതാണ്, ഇവിടെ ആരുടേയും ശുപാര്ശക്കത്തിനോ, സംവരണത്തിനോ പ്രസക്തിയില്ല.
മുന്നേറ്റത്തിന് 4 ജോടികളെ തിരഞ്ഞെടുത്തു; അതിലൊരു ജോടിയുടെ ചുമതല വളരെ ജാഗ്രതയോടുള്ള നിരീക്ഷണം ആണ്
ഓരോരുത്തരും പാലിക്കേണ്ട നിയമങ്ങൾ, പെരുമാറ്റ ചട്ടങ്ങൾ, ഇതെല്ലാം ഒരു സൈന്യാധിപന്റെ ഉത്തരവാദിത്വത്തോടെ ചെയര്മാന് സ്ഥാനാർഥി വിസ്തരിക്കാൻ തുടങ്ങി.
കാലിൽ ചെരുപ്പിടാൻ പാടില്ല – നഷ്ടപ്പെട്ടാൽ പിടിക്കപ്പെടും. ആർക്കും മണപ്പിച്ചു കണ്ടുപിടിക്കാൻ പറ്റുന്ന ഒരു പ്രധാന തൊണ്ടി
ദേഹത്തു കറുപ്പല്ലാതെ ഒരു നിറവും പാടില്ല, തിളക്കമുള്ള ആടയാഭരണങ്ങളൊന്നും തന്നെ പാടില്ല,
വലത്തേ കൈയ്യിൽ വാച്ചു കെട്ടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, അതൊഴിവാക്കിയിരിക്കണം, പ്രതിയെ തിരിച്ചറിയാൻ ഇതില്പരം ഒരു തുമ്പ്, വേറെ ആവശ്യമില്ല.
എല്ലാവരും കറുത്ത കള്ളി മുണ്ടു താറുടുത്തിരിക്കണം
ഓരോ ജോടിക്കും ഒരു ചാക്ക്, ഒരു കയർ, ഒരു കത്തി ഇതാണ് കണക്കു, കയർ അരയിൽ കെട്ടും, മുണ്ടിന്റെ തൊട്ടു മുകളിലായി, ചാക്ക് കഴുത്തിൽ ഉത്തരീയം പോലെ ഇടും, കത്തി പല്ലു കൊണ്ട് കടിച്ചു പിടിക്കും. കമാൻഡോ നേതാവിന്റെ കൈയ്യിൽ ഒരു ടോർച് കാണും അബദ്ധങ്ങൾ എഴുന്നള്ളിക്കുന്ന അണികളുടെ മുഖം തിരിച്ചറിയാൻ.
ഉന്നം വെച്ച ഓരോ വസ്തുവിനെയും വളരെ കൃത്യമായി പടത്തിൽ അടയാളപ്പെടുത്തിയിരുന്നു
എല്ലാം തിട്ടപ്പെടുത്തുന്നത് പാളവും പാലവും തമ്മിലുള്ള അകലം അനുസരിച്ചാണ്
ഓരോ കൈയേറ്റത്തിനും ഓരോ ലക്ഷ്യം ഉണ്ട്
ഉന്നം വെക്കുന്നതിനെ മാത്രമേ ആക്രമിക്കാവൂ
കൊല്ലം ചെങ്കോട്ട ലൈനിൽ രാത്രി 1നും 1.30 നും ഇടക്ക്, ബംഗ്ളദേശിലൂടെ കിഴക്കു നിന്നും പടിഞ്ഞാറു നിന്നും 2 ചരക്കു വണ്ടിയുടെ ക്രോസിങ് ഉണ്ട്. ഒരു വണ്ടി കടന്നു പോകുമ്പോൾ എടുക്കുന്ന സമയം കൃത്യം 7 മിനിറ്റ് അങ്ങനെ മൊത്തം 14 മിനിറ്റ് സമയമാണ് ഈ കമാൻഡോ നീക്കത്തിനുള്ളത്. കോളേജിന്റെ തൊട്ടു മുന്നിലുള്ള റയിൽവേ ലൈനിനോട് ചേർന്ന് കിടക്കുന്ന പുറമ്പോക്കിനെയാണ് ബംഗ്ളദേശ് എന്ന് വിളിക്കുന്നത്
ആക്രമിക്കാൻ, വെട്ടി മാറ്റാൻ, കീഴടക്കാൻ, കുടഞ്ഞെടുക്കാൻ,എടുത്തു മാറ്റാൻ, ചുറ്റും നിരീക്ഷിക്കാൻ, ചരക്കു വണ്ടിയുടെ അവസാന കംപാർട്മെന്റ് പോകുന്നതിനു മുന്നേ സ്ഥലം കാലിയാക്കാൻ. വളരെ സൂക്ഷ്മമായ ആക്രമണം, ഈയൊരു കമാൻഡോ നീക്കത്തിന്റെ അഭിവാജ്യ ഘടകമാണ് കൃത്യത.
കണ്ണിമക്കാനോ, തുമ്മാനോ, മൂക്കു ചീറ്റാനോ, മുള്ളാനോ പാടില്ല . ചില അണ്ണന്മാരുടെ സ്ഥിരം സ്വഭാവമാണ് ഏതെങ്കിലും മരക്കുറ്റി കണ്ടാൽ ഉടനെ മുള്ളാൻ മുട്ടും , അങ്ങനെ ഉള്ളവരെ എത്ര സാമർത്യക്കാരാണെങ്കിലും ഒഴിവാക്കിയിരിക്കും
കൃത്യം 12.30 ക്കു ഹോസ്റ്റലിൽ നിന്നു നിരീക്ഷണ ജോടി കോളേജിന്റെ മുന്നിലുള്ള ഗേറ്റ് കടന്നു , ബംഗ്ലാദേശിന്റെ സൈഡിലൂടെ നടന്ന് , ഹോസ്റ്റലിന്റെ അടുത്ത പറമ്പിലെ ആനന്ദവല്ലിയുടെ വീട് കഴിഞ്ഞുള്ള മൂലയ്ക്ക് ചെന്നു തിരിഞ്ഞു വീണ്ടും കോളേജിന്റെ ഗേറ്റ് ലക്ഷ്യമാക്കി , ജാഗ്രതയോടെ ചുറ്റുപാടും നിരീക്ഷിച്ചു
അതിൽ ഒരാള് റെയിൽ പാളത്തിന്റെ സൈഡിലെ മെറ്റൽ കൂമ്പാരത്തിൽ പോയി ഇരുന്നു. ട്രെയിൻ വരുന്നോ എന്നറിയാൻ, ട്രെയിനിന്റെ ലൈറ്റ് വളരെ ദൂരെന്ന് കാണാൻ പറ്റും,
വെളിച്ചം കണ്ടതും, റോഡിൽ നിന്ന കൂട്ടുകാരന്റെ നേരെ ഒരു കല്ലെടുത്തെറിഞ്ഞു, പുള്ളി റോഡിൻറെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ടു, വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന പ്രശസ്ത പ്രേമ കാവ്യത്തിലെ നാരായണിയേയും ബഷീറിനെയും പോലെ മതിലിന്റെ ഇപ്പുറത്തു നിന്നു പറഞ്ഞു
ചാടിക്കോ!
3 ജോടികൾ മതിലിന്റെ പുറത്തു വലിഞ്ഞു കയറി ഇരുന്നിട്ട്, കുട്ടിത്തേവാങ്കുകളെ പോലെ ഒറ്റ കുതിപ്പാണ്, കുതിക്കുന്ന നേരത്തു കത്തി വായിൽ നിന്ന് മാറ്റി കൈയ്യിൽ പിടിയ്ക്കും, അതിനുശേഷം ഒരുമിച്ചുള്ള മുന്നേറ്റമാണ്
ഓരോ ജോടിയും അവരവരുടെ ലക്ഷ്യത്തിന്റെ അടുത്തെത്തി, ഒറ്റ വെട്ടിനു ലക്ഷ്യത്തിനെ രണ്ടു തുണ്ടാക്കി , കുട ചൂടി നിന്ന തല വെട്ടി മാറ്റി
ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണിത് , അല്ലെങ്കിൽ കുട പോലെ ഉള്ള തല ആടി, വഴിയേ പോകുന്നവർ കണ്ടിരിക്കും, പിടി വീണിരിക്കും.
രണ്ടു പേരും കൂടി ലക്ഷ്യത്തിന്റെ മൂട് പിടിച്ചൊന്നു കുലുക്കി, ആട്ടി വലിച്ചു പൊക്കി വെളിയിലിട്ടു, നാലുപാടും, വേരോടി നിന്നതെല്ലാം വെട്ടിയെടുത്തു ചാക്കിൽ ഇട്ടു
അപ്പോഴേക്കും രണ്ടാമത്തെ വണ്ടി പാളത്തിലൂടെ നിരങ്ങി നിരങ്ങി നീങ്ങാൻ തുടങ്ങി. ജോടികൾ താങ്ങി പിടിച്ച ചാക്കുമായി ശബ്ദമുണ്ടാക്കാതെ നേരെ കോളേജിന്റെ മെയിൻ ഗേറ്റ് വഴി ഹോസ്റ്റലിലെ കിണറ്റിൻ കരയിലെത്തി. തകരം വെച്ച് മറച്ച മറപുരയിൽ കയറി കഴുകി, ആരുടെയൊക്കെയോ കുളിക്കുന്ന ബക്കറ്റിൽ നിറച്ച സാധനം തൊട്ടടുത്ത LP School ബ്ലോക്കിലെ വലിയ ഹാളിൽ കൊണ്ടുവന്നു
അപ്പോഴേക്കും എല്ലാ അണികളും എത്തി സിങ്കപ്പൂർ വെള്ളയെ വെട്ടാനും , നുറുക്കാനും തൊലി പൊളിക്കാനും
ഒരു ജവാനെ പോലെ എന്തിനും തയാറായി നില്കുന്ന കറന്റ് മോനി . കോളേജിലെ എല്ലാ ഇല്ല്യൂമിനേഷൻ കമ്മിറ്റിയുടെ ചെയർമാനും ഓൾ ഇൻ ഓളുമാണ്. ജനിച്ചപ്പോഴേ ദേഹം മുഴുവൻ കറന്റുമായിട്ടാണ് ജനിച്ചത്
220 വോൾട് ലൈവ് കേബിൾ ഒരു കൂസലുമില്ലാതെ കൈയ്യിൽ പിടിച്ചു കൂട്ടികെട്ടുകയും, മറിച്ചും തിരിച്ചും കൊടുക്കുകയും ചെയ്യുന്ന മോനി
മോനിയുടെ നിഘണ്ടുവിൽ ഷോക്ക് എന്നൊരു വാക്കില്ല
മോനി ഒരു കേബിൾ എടുത്തു അതിന്റെ അറ്റം കടിച്ചു വലിച്ചു പ്ലാസ്റ്റിക് മാറ്റി, നേരെ കൊണ്ടുപോയി പ്ലഗ്ഗിലോട്ടു കുത്തി , ഊരാതിരിക്കാൻ രണ്ടു തീപ്പെട്ടി കൊള്ളിയെടുത്തു തിരുകി കയറ്റി വച്ചു, എന്നിട്ടു മറ്റേ അറ്റം വെള്ളം നിറച്ച ബക്കറ്റിലെ കർട്ടൻറെ സ്പ്രിങ് ചുറ്റിയ ലാബിലെ ടെസ്റ്റ് ട്യൂബിന്റെ രണ്ടറ്റത്തുമായി പിരിച്ചു വെച്ചു.
വെള്ളം ഗുളുഗുളു ഗുളു ഗുളു എന്ന് തിളക്കാൻ തുടങ്ങി . ബംഗ്ലാദേശിലെ കപ്പ അങ്ങനെ കുളിക്കുന്ന പ്ലാസ്റ്റിക് ബക്കറ്റിൽ വേകാനും തുടങ്ങി
പോസ്റ്ററിന്റെ വര അങ്ങോട്ട് കൊഴുത്തപ്പോ വിശപ്പങ്ങോട്ടു മൂത്തു,
എങ്ങോട്ടു പോയെന്നു കണ്ടില്ല സിങ്കപ്പൂർ വെള്ള
വെട്ടിനിരത്തലും, പൊക്കിഎടുക്കലും ഒക്കെ പറഞ്ഞു ഹോസ്റ്റലിൽ വിലസുന്ന സ്ഥിരം പുള്ളികളുടെ ആവേശം കണ്ടപ്പോൾ
സ്വർണപ്പന് ഒരു തവണ ഒരേ ഒരു തവണ കമാൻഡോ ആകാൻ ഒടുങ്ങാത്ത മോഹം
പറഞ്ഞു പറഞ്ഞു അവസാനം ചെയർമാന്റെ നിര്ണ്ണായകവോട്ടിന്റെ ബലത്തിൽ അനുവാദം കിട്ടി, എല്ലാവര്ക്കും പ്രിയപ്പെട്ട സ്വർണ്ണപ്പനെ, കൂടെയുള്ള 7 പേരും മാറിയും തിരിഞ്ഞും എല്ലാ നിയമങ്ങളും പഠിപ്പിച്ചു, കാണാതെ പറയിപ്പിച്ചു, സ്വർണ്ണപ്പന് മൃണാളിനി ടീച്ചറിന്റെ Strength of Materials പ്രാക്ടിക്കൽസ് പരീക്ഷക്ക് പോലും ഇത്രയും കഠിനമായി പ്രയത്നിച്ചിട്ടില്ല
എല്ലാം ഭംഗിയായി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു
മൂട് വലിക്കുന്നതിന്റെ ഇടയിൽ
സ്വര്ണപ്പന്റെ കാലൊന്നു തെറ്റി
വീഴാതിരിക്കാൻ കൂടെ നിന്നവൻ സ്വർണ്ണപ്പനെ കയറി ചുറ്റി പിടിച്ചു
സ്വര്ണപ്പൻ കുതറി ഇളകി, ഇക്കിളി എടുത്തു ചിരിക്കാനും തുടങ്ങി
വണ്ടിയുടെ ശബ്ദത്തിൽ ആദ്യം ആരും കേട്ടില്ല ചിരിച്ചു ചിരിച്ചു കാലുറക്കാതെ അടുത്ത് നിന്നവന്റെ പുറത്തോട്ടു വീണു സ്വര്ണപ്പൻ
താഴെ കിടന്ന കപ്പ ഇല ദേഹത്തു തട്ടുമ്പോളെല്ലാം ഇക്കിളി കൂടി കൂടി കിടന്നു ഉരുണ്ടുരുണ്ടു ചിരിക്കുന്നു സ്വര്ണപ്പൻ,
എല്ലാവരും സ്തംഭിച്ചു നിന്നു
കമാൻഡോ നേതാവിന്റെ കണക്കു പുസ്തകത്തിൽ ഇങ്ങനെ ഒരു സന്ദർഭം എങ്ങനെ നേരിടണമെന്ന് യാതൊരു നിർദ്ദേശവും ഇല്ലായിരുന്നു
ഒറ്റ വഴിയേ കണ്ടുള്ളൂ
എല്ലാം ഉപേക്ഷിച്ചു എല്ലാവരും കൂടി സ്വര്ണപ്പനെ ചാക്കിൽ തൂക്കി ഓടി
പിറ്റേന്ന് സ്വര്ണപ്പൻ സ്വന്തം ചിലവിൽ പൊറോട്ടയും ബീഫും ഉണ്ണിയപ്പവും വാങ്ങി എല്ലാവര്ക്കും കൊടക്കണ്ടി വന്നു
വലിയൊരു പാഠം പഠിച്ചു
അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക
അങ്ങനെ കമാൻഡോ ചിട്ടയിൽ സ്വർണ ലിപിയിൽ എഴുതി ചേർത്തു
ഇക്കിളി ഉള്ളവനെ കക്കാൻ കൊണ്ടുപോകരുത്
അന്നത്തെ കമാൻഡോകൾ ഇന്നും അശരീരി പോലെ കേൾക്കുന്ന ഒരു കവിതാശകലമുണ്ട്
വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ
കള്ളനെന്നു വിളിച്ചില്ലേ
അപ്പോൾ കപ്പ മോഷ്ടിച്ചതോ
അത് പുഴുങ്ങി തിന്നാൻ ആയിരുന്നല്ലോ
പുഴുങ്ങി തിന്നാൻ ആയിരുന്നല്ലോ
ഈ കമാൻഡോ ഓപ്പറേഷന്റെ കടപ്പാട് വലത്തേ കൈയ്യിൽ വാച്ചുകെട്ടുന്ന ഷായിയോട്
Leave A Comment