രാത്രിയിലെ ഭക്ഷണത്തിനുള്ള മണിമുഴങ്ങിയപ്പോൾ ഉച്ചക്കത്തെ പോലെ ആരും തള്ളാനോ, ഓടാനോ പോയില്ല, രാവിലെ കപ്പലിൽ കയറിപ്പോൾ മനസ്സിൽ ആകെ ഉണ്ടായിരുന്നത് എത്രയും പെട്ടെന്ന് ഞങ്ങൾക്കിരിക്കാനും, കിടക്കാനുമുള്ള സ്ഥലം പിടിക്കണം എന്ന ചിന്ത മാത്രമായിരുന്നു.
കപ്പൽ കടവത്തു നിന്ന് വിട്ടതോടെ ഞാൻ, എന്റേത്, എന്നുള്ള ചിന്ത കുറഞ്ഞു തുടങ്ങി, ഉച്ചയൂണും, തംബോലയും പാട്ടുമെല്ലാം കഴിഞ്ഞപ്പോഴേക്കും എല്ലാവരും ഒരു വലിയ സമൂഹമായി, ഒരേയൊരു തത്വശാസ്ത്രത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന അണികളായി.
ആ തത്വശാസ്ത്രം സ്നേഹവും, സാഹോദര്യവും ആയിരുന്നു. പരസ്പര ബഹുമാനവും, സഹിഷ്ണുതയും, ആയിരുന്നു. പടിയിറങ്ങുമ്പോൾ ഇടിച്ചിറങ്ങാതെ വഴിമാറി കൊടുത്തു, ടോയ്ലെറ്റിൽ തള്ളികയറാതെ പ്രായം കൂടിയവർക്കു ഒഴിഞ്ഞു കൊടുത്തു, ഭക്ഷണത്തിനുള്ള Queue, വളരെയധികം സംയമനത്തോടെ പാലിക്കാൻ തുടങ്ങി, കടലിലെ ഓളങ്ങൾക്ക് മുകളിലൂടെ തുള്ളിച്ചാടുന്ന മീനിനെ കാണുമ്പോൾ അടുത്തൂടെ നടന്നുപോകുന്നവരെ പോലും വിളിച്ചു കാണിക്കാൻ തുടങ്ങി, അന്നുവരെ കണ്ടിട്ടില്ലാത്തവരുമായി പാട്ടും, നൃത്തവും, ചീട്ടുകളിയും, പലതരത്തിലെ ബോർഡ് ഗെയിംസ് അതായതു Snake and Ladder, Chinese Checkers, ഒക്കെ ആസ്വദിക്കാൻ തുടങ്ങി.
ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ പോലെ എല്ലാവരും വളരെ സൗഹാർദ്ദമായി, സ്നേഹമായി , സങ്കോചമില്ലാതെ മിണ്ടിയും ചിരിച്ചും കളിച്ചും Bombay-യിൽ നിന്ന്Goa ലേക്കുള്ള അസുലഭ യാത്ര ആഘോഷിക്കാൻ തുടങ്ങി. പതുക്കെ പതുക്കെ ഫെനിയുടെ കുപ്പികളുടെ ചിലവും കൂടി കൂടി വന്നു.
യാത്രയുടെ അവസാന ഘട്ടമാണ്, ഇനിയിങ്ങനെ ഒത്തൊരുമിച്ചൊരു യാത്ര ഉണ്ടാവില്ല.
ആരെയും മോഹിപ്പിക്കുന്ന മാദക സൗന്ദര്യമായിരുന്നു കടലിന്, എണ്ണകറുപ്പുള്ള തുടിക്കുന്ന മാറുപോലെ.
തെളിഞ്ഞ ആകാശത്തു വിരിഞ്ഞ താമരപോലെ പൂർണ്ണ ചന്ദ്രൻ, ആ താഴികകുടത്തിന്റെ പ്രതിഫലനം, കടും തവിട്ടു നിറത്തിലെ കടലിന്റെ മാറിൽ പതിക്കുമ്പോൾ, ഒന്നിന് പിറകെ ഒന്നായി വെട്ടി മറയുന്ന ഓളങ്ങളുടെ ഉന്മാദം പറഞ്ഞറിയിക്കാൻ പറ്റില്ല, അനുഭവിച്ചറിയണം.
ആ കാഴ്ച കണ്ടങ്ങനെ സ്വയം മറന്നു നിന്നപ്പോൾ ഞാനോർത്തത്; ലോകം മുഴുവൻ പ്രകീർത്തിച്ച തകഴിയുടെ, ചെമ്മീൻ എന്ന വിസ്മയ കലാസൃഷ്ടിയുടെ Cinematographer, Anglo Indian Marcus Bartley-യെ ആണ്. അദ്ദേഹം ഈ കപ്പൽ യാത്ര തീർച്ചയായും ചെയ്തിട്ടുണ്ടാവും, അദ്ദേഹത്തിന്റെ Camera കണ്ണുകൾ ഇതെല്ലം ഇങ്ങനെ തന്നെ ഒപ്പിയെടുത്തിട്ടുമുണ്ടാവും. ചെമ്മീനിലെ കടലിനോളം ഭംഗിയുള്ള കടൽ ഞാൻ ഇന്ന് വരെ ഒരൊറ്റ സിനിമയിൽ പോലും കണ്ടിട്ടില്ല.
അതിസുന്ദരമായ, ഹൃദയഹാരിയായ കാഴ്ച ആയിരുന്നു ഇത്. അടുത്ത് നിന്നതു ആരാണെന്നാരും നോക്കിയില്ല, ചലച്ചിത്രങ്ങളിലെ പോലെ കൈയെഴുത്തു പ്രതിയോ, ചലന ക്രമങ്ങളോ ഇല്ലാതെ തന്നെ അടുത്ത് നിന്നവരുടെ കരങ്ങൾ സ്നേഹപൂർവ്വം, ആദരപൂർവ്വം ഗ്രഹിച്ചങ്ങനെ നിന്ന് പോയി.
സൃഷ്ടാവ് നമ്മൾക്കായി തന്ന അതിമനോഹര കാഴ്ച കണ്ടു നിന്നപ്പോൾ ഓർത്തു പോയി. ദൈവമേ, ഞങ്ങളുടെ ചുറ്റുപാടും കാണുന്ന മനുഷ്യനിർമ്മിതം അല്ലാത്ത ഓരോ കാര്യങ്ങളും മുറതെറ്റാതെ, ആസൂത്രണം ചെയ്തു പ്രക്ഷേപിക്കുന്നതു ആരൊക്കെയാണ്?
അങ്ങയുടെ സംഘത്തിൽ എത്രപേരാണുള്ളത്, ചന്ദ്രനും, സൂര്യനും, ഭൂമിയും കൃത്യമായി ഒരു വരിയിൽ വന്നു നിൽക്കുന്നുണ്ടോ എന്ന് നോക്കുന്നത് ആരാണ്?
ഇതെങ്ങനെ സാധിക്കുന്നു, ഒന്നും രണ്ടുമല്ല , കോടാനുകോടി വര്ഷങ്ങളായി? ഞങ്ങൾ കുറെ അതിമോഹികൾ, ഭൂമിയിലുള്ളതെല്ലാം നശിപ്പിക്കുമ്പോൾ നിങ്ങൾ ഞങ്ങളെ വിരട്ടാറുള്ളതോർത്തു.
പ്രളയവും, സുനാമിയും, കാട്ടുതീയും, രോഗങ്ങളുമായി എന്നാലും സംശയം ബാക്കിയായി, നിങ്ങളുടെ പദ്ധതികള് ആസൂത്രണം ചെയ്യുന്നവരെ ഒന്ന് പരിചയപ്പെടാൻ പറ്റുമോ എന്നെങ്കിലും?
ആരോ ചെവിയിൽ മന്ത്രിച്ചു : അതിമോഹമാണ് മോളെ, നീ കാത്തിരിക്കൂ. 21916 ദിവസം കഴിയുമ്പോൾ, അപേക്ഷിച്ചു നോക്കൂ. അപ്പോൾ ആലോചിക്കാം.
എന്റെ തോളിൽ ആരോ തട്ടിയ പോലെ; തിരിഞ്ഞു നോക്കിയപ്പോൾ Limca വിറ്റു നടന്ന പയ്യനായിരുന്നു. അവന്റെ കൈയ്യിൽ നിന്ന് ഒന്നും വാങ്ങിയില്ലെങ്കിലും, തംബോല കളിക്ക് മുന്നേ, ആളിനെ കൂട്ടാൻ സഹായിച്ചത് കൊണ്ട് അവന്റെ കുറെ ടിക്കറ്റ് വിറ്റു പോയിരുന്നു. അപ്പോൾ മുതൽ അവൻ എന്റെ കൂട്ടുകാരനുമായി. കപ്പലിന്റെ പുറകിലായി ഡോൾഫിനെ കണ്ടു എന്ന് പറയാൻ വന്നതാ. അടുത്ത് നിന്ന ഞങ്ങൾ എല്ലാവരും കൂടി അങ്ങോട്ട് വെച്ചു പിടിച്ചു.
ഞങ്ങൾ ചെന്നപ്പോഴേക്കും കുറെയേറെ ഡോൾഫിനുകൾ കപ്പലുണ്ടാക്കിയ ഓളങ്ങളുടെ നുരയുടെയും, പതയുടെയും ഒപ്പം തുള്ളിച്ചാടുന്നു. സത്യം പറയട്ടെ ഞങ്ങളും അവയെപോലെ നിയന്ത്രണമില്ലാതെ തുള്ളിച്ചാടി, മറ്റുള്ള യാത്രക്കാരെയെല്ലാം വിളിച്ചുകൂട്ടാൻ തുടങ്ങി. കയ്യടിച്ചും അതിശയത്തോടെ ദേ, ദോ എന്നൊക്കെ പറഞ്ഞു എല്ലാവരും കൂടി ഡോൾഫിനുകളെ കണ്ടത് നന്നായി ആസ്വദിച്ചു.
Limca പയ്യൻ ഞങ്ങളുടെ ആഹ്ലാദ തിമിർപ്പ് കണ്ടു ഞങ്ങളെ തന്നെ നോക്കി നിന്നു. 15 മിനിട്ടു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, ഇനിയും നിങ്ങള് കുറച്ചു പേരുകൂടിയെ ഭക്ഷണം കഴിക്കാനുള്ളൂ. നിങ്ങളും കൂടി കഴിച്ചാലേ ഞങ്ങൾക്ക് കിടക്കാൻ പറ്റൂ.
മനസ്സില്ലാ മനസ്സോടെ ഞങ്ങൾ Dining Hall- ലേക്ക് പോയി, ഭക്ഷണം കഴിഞ്ഞപ്പോൾ മണി 10 ആയി, ആർക്കും ഉറക്കം വന്നില്ല. ഒന്നുകൂടി നിലാവും, കടലും ആസ്വദിക്കാനായി ഞങ്ങൾ മുകളിലത്തെ തട്ടിലേക്ക് പോയി. അപ്പോഴേക്കും നല്ല തണുത്ത കാറ്റടിക്കാൻ തുടങ്ങി, രാവിനെ കണ്ട മലയാളി ഉദ്യോഗസ്ഥൻ ഞങ്ങളോട് വന്ന് പറഞ്ഞു: ഇനി ഇവിടെ നിന്നാൽ നിങ്ങൾക്ക് പനി പിടിക്കും, ഏറ്റവും താഴത്തെ തട്ടിലെ സ്ഥലമുള്ളൂ, അതും കിട്ടുന്നിടത്തു കിടക്കുകയെ തരമുള്ളൂ.
താഴോട്ട് പോകുന്ന വഴി ഞാൻ എഞ്ചിനീയറിംഗ് കോളേജിലെ Tour- കളെ പറ്റിയോർത്തു. All Kerala, South India, All India.
പഠിത്തം കഴിയുമ്പോഴേക്കും India മുഴുവൻ യാത്ര ചെയ്തിരിക്കണം. പല കാര്യങ്ങളും നേരിട്ട് കണ്ടും, കൊണ്ടും, അനുഭവിച്ചും, പഠിച്ചിരിക്കണം, എന്ന ഉദ്ദേശത്തോടുകൂടി തിട്ടപ്പെടുത്തുന്ന യാത്രകൾ.
ഇന്ത്യയുടെ ഭൂപടത്തിലൂടെ ഒരു നേർ വര വരച്ചാൽ, സംസ്ഥാനങ്ങളുടെ കിടപ്പനുസരിച്ചു Goa ശരിക്കും കര്ണാടകയുടെയും ആന്ധ്രയുടെയും താഴെ ആയി വരും. എന്നിട്ടും Goa സൗത്ത് ഇന്ത്യയുടെ ഭാഗം ആക്കാതെ, All India ടൂറിന്റെ ഭാഗമാക്കിയതിനു പല കാരണങ്ങൾ ഉണ്ടാവാം എന്ന് ബോദ്ധ്യമായതു ഈ ഒരു യാത്രയിലൂടെയാണ്.
താഴെ പടി ഇറങ്ങി ചെന്നപ്പോൾ മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെയുള്ള അരണ്ട വെളിച്ചം മാത്രം. രണ്ടു മൂന്നു മിനിറ്റെടുത്തു കണ്ണ് പറ്റാൻ. മണിച്ചിത്രത്താഴിൽ കുതിരവട്ടം പപ്പുച്ചേട്ടൻ വെള്ളം, വെള്ളം എന്ന് കേൾക്കുമ്പോൾ ചാടി ചാടി പോകുന്ന പോലെ ഞങ്ങൾ തലങ്ങും വിലങ്ങും കിടന്നുറങ്ങുന്നവരുടെ ദേഹത്തെങ്ങും ചവുട്ടാതെ, ശബ്ദമുണ്ടാക്കാതെ ആരെയും ഉണർത്താതെ ഒഴിഞ്ഞ ഇടം നോക്കി നടന്നു.
ആദ്യമായി, കിട്ടുന്നിടത്തു പാ വിരിക്കാതെ, പുറകിലുള്ളവർക്കു വേണ്ടി മുന്നിലുള്ളവർ വഴിതെളിച്ചു മുന്നോട്ടു പോയി, അങ്ങനെ എല്ലാവരും എവിടെയൊക്കെയോ കിടന്നു. കപ്പലിന്റെ പലകത്തട്ടിൽ. ആരാണ് അടുത്തുള്ളതെന്നുള്ള സങ്കോചമില്ലാതെ, ഭയമില്ലാതെ ആ രാത്രി കിടന്നുറങ്ങി.
ഒരുപറ്റം യാത്രക്കാർ എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്ന കുറെ സാധാരണ മനുഷ്യർ, സ്നേഹത്തോടെ, സന്തോഷത്തോടെ ,സമാധാനത്തോടെ ഓർക്കാപ്പുറത്തൊരു യാത്ര.
എന്നത്തേയും പോലെ നേരം പര പരാന്നു വെളുക്കുന്നതിനു മുന്നേ ഞാൻ എഴുന്നേറ്റു മുകളിൽ പോയി, പല്ലു തേച്ചു. കുളിയും ജപവും ഇല്ല എന്ന് നേരത്തെ തീരുമാനിച്ചതാണ്. ഓരോരുത്തരെ ആയി വിളിച്ചുണർത്തി.
കൂട്ടുകാർ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ഞാൻ പതുക്കെ കപ്പലിന്റെ മുകളിലത്തെ തട്ടിൽ പോയി. കടലും അൽപ ദൂരത്തായി കാണുന്ന തീരവും നോക്കി നില്ക്കാൻ തുടങ്ങി. ഇനി അധികം നേരമില്ല എന്നറിയാം,
കൂടെയുണ്ടായിരുന്ന പല യാത്രക്കാരും അടുത്ത് വന്ന് പേരും, നാളും, മേൽവിലാസവുമൊക്കെ വാങ്ങി. 7 മണിയോടെ Goa തീരം കണ്ടു തുടങ്ങി
ആദ്യം ശ്രദ്ധയിൽ പെട്ടത് പള്ളികളുടെ ഗോപുരങ്ങളാണ്, അതെ പള്ളി തന്നെ. Goa ഒരു Portuguese Colony ആണ്. ചരിത്ര പ്രധാനമായ പല ഇടങ്ങളും കെട്ടിടങ്ങളും ധാരാളം ഉള്ള സ്ഥലമാണ്.
നേരത്തെ പലവട്ടം പറഞ്ഞിട്ടുള്ള റെയിൽവേയിലെ സാമിച്ചായന്റെ ഇളയ അനുജൻ, കുടുംബക്കാർ സ്നേഹപൂർവ്വം കൊച്ചുസാമി എന്ന് വിളിക്കുന്ന ഞങ്ങളുടെ Goa-യിലെ അപ്പച്ചനും കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. കപ്പൽ കരക്കടുക്കുമ്പോൾ എന്നെ വിളിക്കാൻ Goa- യിലെ അപ്പച്ചൻ വരുന്ന വിവരം, ഞാൻ നേരത്തെ തന്നെ എല്ലാവരോടും പറഞ്ഞിരുന്നു.
യാത്ര തീരാൻ പോകുന്നതിനെ പറ്റി പെൺകുട്ടികൾ പരസ്പരം പറഞ്ഞു തുടങ്ങിയപ്പോൾ, അതൊന്നും ശ്രദ്ധിക്കാതെ എന്റെ ക്ലാസ്സിലെ പയ്യന്മാർ മുതിർന്ന ക്ലാസ്സിലെ, അതും പെണ്കുട്ടികളില്ലാതെ Goa- ക്കു പോയ മെക്കാനിക്കലിലെ, വില്ലന്മാരുടെ കഥകളിലെ താവളങ്ങളുടെ പേരുവിവരങ്ങൾ എഴുതിയ കടാലാസുമായി മലയാളി ഉദ്യോഗസ്ഥന്റെ പുറകെ പോകുന്നത് കണ്ടു.
അദ്ദേഹം പറഞ്ഞതനുസരിച്ചു ബസ് പിടിച്ചു, പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോകുന്നതാണ് നല്ലതെന്നു കമ്മറ്റിക്കാർ തീരുമാനിച്ചു. അവരതു സാറിനോട് പറയുകയും ചെയ്തു. സാറ് എതിരൊന്നും പറഞ്ഞില്ല. ഇനി ആകെ 2 ദിവസത്തെ കാര്യമേ ഉള്ളൂ പിള്ളേർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ എന്ന് സാറും പറഞ്ഞു.
ഒരാവശ്യം മാത്രമേ സാറ് മുന്നോട്ടു വെച്ചുള്ളൂ. Goa- യിലെ പള്ളികളെ പറ്റി ധാരാളം കേട്ടിരിക്കുന്നു. പ്രത്യേകിച്ച് വിശുദ്ധനായ ഫ്രാൻസിസ് സേവ്യറിനെ പറ്റി, ബസിലിക്കയെ പറ്റി, കാലം ചെയ്തിട്ടും നഖവും, മുടിയും വളരുന്നു എന്ന് ഐതിഹ്യമുള്ള അദ്ദേഹത്തിന്റെ ശരീരത്തിനെ പറ്റി. അവിടം കണ്ടാൽ കൊള്ളാമെന്നുണ്ട്.
അതിനെന്താ സാറേ, അതിപ്പോ ശരിയാക്കി തരാം എന്ന് പറഞ്ഞു പോയ കമ്മറ്റിക്കാരൻ മറ്റുള്ളവരുമായി എന്തൊക്കെയോ കുശുകുശുത്തിട്ടു തിരികെ വന്നിങ്ങനെ പറഞ്ഞു:
സാറേ, നാളെ രാവിലെ തന്നെ നമ്മൾ പള്ളിയിൽ പോകുന്നു, നാളെ ഞായറാഴ്ച ആയതു കൊണ്ട് സാറിനു വേണമെങ്കിൽ കുർബാനയും കൊള്ളാം. പക്ഷെ, ഇന്ന് നമ്മൾ ഇതുവരെ വരെ ആരും കണ്ടിട്ടില്ലാത്ത കാഴ്ചകൾ കാണാൻ പോകുന്നു. ഇന്നത്തെ ദിവസത്തിനു ഒരു വലിയ പ്രത്യേകതയുണ്ട്, നമ്മുടെ കൂടെ യാത്ര ചെയ്യുന്ന വിദേശീയർ പറഞ്ഞതാണ്, പാട്ടും, നൃത്തവും, കരിമരുന്നു പ്രയോഗവുമൊക്കെ ഉള്ള വലിയൊരു ഘോഷയാത്രയുണ്ട്, ഇതെല്ലം അരങ്ങേറുന്നത് ഗോവയിലെ പേരുകേട്ട കടപ്പുറങ്ങളിലാണ്.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment