ഈ രാത്രി
പൗർണ്ണമി രാത്രി
മാനത്തു അരിമണി വിതറിയ പോലെ ചിമ്മുന്ന നക്ഷത്ര കൂട്ടം.
പുറത്തു പഞ്ഞി മെത്ത പൊട്ടിച്ചിട്ട്, ഫാനിട്ടാൽ എങ്ങനിരിക്കും അത് പോലെ മഞ്ഞു പറന്ന് നടക്കുന്നു ….
ശീല്കാര ശബ്ദം …. ഹൂന്നു ….
ഒടിയനാണോ…..
യക്ഷി പാലയുടെ മാദക ഗന്ധത്തിൽ…. മയങ്ങിയ സിൽക്ക് ആണോ ….
ഭൂമിയാകെ തണുത്തു കോച്ചിയിരിക്കുന്നു.
പാല് പോലത്തെ നിലാവിൽ കുളിച്ചു നിൽക്കുന്ന ഭൂമി…
കണ്ണാടി ചില്ലിൽ ആരോ വന്നു മുട്ടുന്ന പോലെ ….
നോക്കിയപ്പോൾ എന്റെ ജനാലക്കപ്പുറത്തു ഒരു ജിന്ന്..
ഒരു കുട്ടി പരവതാനിയാണോ തളികയാണോ , അറിയില്ല. ജനാലകൾ തുറക്കാൻ പറ്റുന്നതല്ല എന്നറിഞ്ഞിട്ടാവാം ജിന്ന്, ഒരു പോസ്റ്റർ, ഈ സിനിമയുടെ ഫ്ളക്സ് പോലെ, എടുത്തെന്നേ പൊക്കി കാണിച്ചു
മലയാള ചാനലുകളിലെ അവതാരകർ തൊട്ടതിനും, പിടിച്ചതിനും, ആവശ്യത്തിനും, അനാവശ്യത്തിനും ചോദിക്കുന്ന പോലെ…..
“ഒരൊറ്റ ചോദ്യം ചോദിക്കുന്നു” എന്ന് ആംഗ്യത്തിൽ പറഞ്ഞു ഫലിപ്പിച്ചു
“ഇനി ഒരു ജന്മം 5 വര്ഷം വരമായി തന്നാൽ
ഏതു കാലഘട്ടമാണ് വേണ്ടതെന്നു ?
എവിടെ ? ആരായി? ആരുടെ കൂടെ ? ”
VIVA VOCE ചോദ്യം പോലെ
അറച്ചില്ല, മടിച്ചില്ല, ശ്വാസം പോലും വിട്ടില്ല
ഞാൻ ഓടി പോയി കറുത്ത ഡബ്ബയിലെ, എന്റെ കണ്മഷി ചൂണ്ടു വിരൽ അമർത്തി തോണ്ടി എടുത്തിട്ട്, കണ്ണാടി ചില്ലിൽ ഇടത്തൂന്നു വലത്തോട്ട് എഴുതി
1977 മുതൽ 1982 വരെ,
കൊല്ലത്തു TKMCE – ൽ,
വെറുമൊരു വിദ്യാർത്ഥിയായി.
അന്നവിടെ പഠിപ്പിച്ചവരും പഠിച്ചവരും എല്ലാവരും വേണം, ഒന്നും കൂടുതൽ വേണ്ട, കുറവൊട്ടു ആവുകയും അരുത്.
‘ഒരു വട്ടം കൂടി എൻ ഓര്മ്മകൾ മേയുന്ന TKM-ലെത്തുവാൻ മോഹം
തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നോരാ പുളി മരം ഒന്നുലുത്തുവാൻ മോഹം
അടരുന്ന പുളി മണികൾ പൊഴിയുമ്പോൾ
ചെന്നെടുത്തു അതിലൊന്ന് തിന്നുവാൻ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാൻ ഇപ്പോഴും മോഹം
MH-ലെ കിണർ വെള്ളം കോരിക്കുടിച്ച്
എന്തു മധുരം എന്നോതുവാൻ മോഹം
ഒരു വട്ടം കൂടി ആ ലാബിന്റെ ഓരത്തു വെറുതെ ഇരിയ്ക്കുവാൻ മോഹം
വെറുതെ ഇരുന്നൊരാ മീരയുടെ പാട്ടു കേട്ട്
എതിർ പാട്ടു പാടുവാൻ മോഹം
അതു കേൾക്കെ ഉച്ചത്തിൽ കൂകും പിള്ളേരുടെ
പിറകെ പിന്തുടരുവാൻ മോഹം
ഒടുവിൽ പിണങ്ങി നടന്നു പോം മീരയോട്
അരുതേ എന്നോതുവാൻ മോഹം
വെറുതേ ഈ മോഹങ്ങൾ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാൻ മോഹം’
ജിന്ന് ചുണ്ടനക്കി
അബ്രക്ക ! ഡബ്രക്ക!
എന്നിട്ടു മുഷ്ടി ചുരുട്ടി, മുകളിലോട്ടും താഴോട്ടും ആട്ടി
എന്നിട്ടു മഞ്ഞുമഴയിലൂടെ പറന്ന് പറന്ന് പോയി
ഇലകളെല്ലാം പൊഴിഞ്ഞ മരച്ചില്ലകൾക്കിടയിലൂടെ…..
നിന്റെ ആഗ്രഹം നിറവേറട്ടെ എന്നാവും പറഞ്ഞത്
ഇനി അങ്ങോട്ട് എത്ര എത്ര സുന്ദര പകലുകളും രാവുകളും…
ഇന്നത്തെ ദിവസത്തിനു ഒരു പ്രത്യേകത ഉണ്ട്
പ്രതിഭാധനനായ ജനാബ് തങ്ങൾ കുഞ്ഞു മുസലിയാർ ഇഹലോകവാസം വെടിഞ്ഞ ദിവസമാണ്. February 19th 1966.. “FOUNDERS DAY”
സ്വതന്ത്രബുദ്ധിയോടെ ഉറക്കെച്ചിന്തിക്കാനുള്ള മനുഷ്യമനസ്സിന്റെ ഉറങ്ങി കിടന്ന കഴിവുകളെ തൊട്ടുണർത്തിയ ഒരു വലിയ മനുഷ്യൻ,
ഭൗതികവും, സാമൂഹികവും, സാമ്പത്തികവുമായ എല്ലാ മേഖലകളെയും, മൈലുകൾക്കപ്പുറത്തു നിന്ന് നോക്കി കാണാനുള്ള, ദീര്ഘവീക്ഷണവും, ദൈവാധീനവുമുള്ള ഒരു പുണ്യാത്മാവ്.
മഹാമനസ്കനായ ജനാബ് മുസലിയാർ മുഴക്കിയ മാറ്റത്തിന്റെ കാഹളനാദം, മുഴങ്ങി കേൾക്കുന്നത് കരിക്കോട്ടെ ചുവപ്പു കോട്ട പോലെയുള്ള നമ്മുടെ കോളേജിന്റെ മതിലുകൾക്കുള്ളിൽ അല്ല;
മറിച്ചു, മതിലുകളില്ലാത്ത ലോകത്തിന്റെ നാനാ കോണുകളിലാണ്.
ശാശ്വതമായ ഒരു തരം ശൃംഖല പോലെയുള്ള പരിവര്ത്തനം.
ജനാബ് മുസ്ലിയാരുടെ ചൈതന്യം വീശിയ നമ്മുടെ കലാലയത്തിലൂടെ വീണ്ടും 5 വര്ഷം ജീവിക്കുമ്പോൾ ഞാൻ പെറുക്കിയെടുക്കുന്ന വെള്ളാരം കല്ലുകൾ രത്നങ്ങളാണ്. ഓർമച്ചെപ്പിലെ രത്നങ്ങൾ.
ഓടി ചാടി പിടിച്ചെടുക്കുന്ന കുഞ്ഞു കുഞ്ഞു തൂവലുകൾ, മേഘപാളികളിൽ പറന്നു കളിക്കുന്ന വർണ്ണ തൂവലുകൾ , ഓരോ കൂട്ടുകാരെയും, സാറന്മാരെയും കുറിച്ചുള്ള ഓർമ്മകളാണ്.
എന്റെ കോളേജും, കൂട്ടുകാരും, അമ്മയും, അപ്പയും, അനിയനും, വീട്ടുകാരും, നാട്ടുകാരും, അദ്ധ്യാപകരും, കോളേജിലെ മറ്റു സ്റ്റാഫും, ലാബും, കാന്റീനും, കോളേജ് ബസും, ഹൈദരാബാദിലെ നൈസാമിന്റെ കാലിലെ തേഞ്ഞ കോലാപുരി ചെരുപ്പിനെ ഓർമിപ്പിക്കുന്ന എന്റെ ചെരുപ്പും, തുണി സഞ്ചിയും, അമ്പലവും, പള്ളിയും, ഓത്തുപള്ളിയും,
പിന്നെ ഞങ്ങളുടെ സ്വന്തം , പ്രതിഭ ബേക്കറിയും, കൊച്ചാപ്പിയും പുട്ടു കടയും എല്ലാം എല്ലാം …….
അങ്ങനെ അങ്ങനെ കരിക്കോട് മുതൽ കുറ്റിച്ചിറ സ്റ്റാർ വരെ
ഇനി അങ്ങോട്ട് ജിന്ന് തന്ന വരം പൂർണമായും ആസ്വദിച്ചു അടിച്ചു പൊളിക്കാൻ തീരുമാനിച്ചു.
എന്റെ ജീവിതത്തിലെ ഏറ്റവും പൂർണമായ 5 വർഷങ്ങൾ
സ്നേഹം, പിണക്കം, ഇണക്കം, വഞ്ചനയില്ലാത്ത ചതികൾ, പഠിത്തം, പരീക്ഷ, പ്രാക്ടിക്കൽ, വെല്ലുവിളികൾ, സമരം, ഘെരാവോ, ജയിൽ വാസം, അടി, ഇടി, ഓട്ടം, ചാട്ടം, പഞ്ചാര, പ്രേമം, പ്രേമനൈരാശ്യം, സപ്ലി, തിരഞ്ഞെടുപ്പുകൾ, പൂച്ചെണ്ടുകൾ, തറയിലെ കോലങ്ങൾ, പോസ്റ്റർ വിപ്ലവങ്ങൾ, ഞങ്ങളുടെ സ്വന്തം പാർട്ടികൾ , വോട്ടു പിടുത്തം, പല പല പരിശീലനങ്ങൾ, സംവാദങ്ങൾ, സെമിനാറുകൾ, സേവന പ്രവർത്തനങ്ങൾ, യൂണിവേഴ്സിറ്റിയുടെ നിയമങ്ങൾ മാറ്റി മറിക്കലുകൾ, നിബന്ധനയോട് കൂടിയ ക്ളാസ് കയറ്റം, നിബന്ധനയില്ലാത്ത ക്ളാസ് കയറ്റമാക്കിയ വിപ്ലവകരമായ വിസ്മയം.
രാജ്യം മുഴുവൻ നടത്തിയ യാത്രകൾ, കളികൾ, കളിക്കളങ്ങൾ, ചടങ്ങുകൾ, പാട്ടുകൾ, ആട്ടങ്ങൾ, നാടകങ്ങൾ, മൈം , ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കുട്ടികൾ, പൂന്തോട്ട മത്സരം, കുളിർമ, അടിച്ചു മാറ്റൽ, ചുരണ്ടി മാറ്റൽ, മണി അടികൾ.
കുശുമ്പ് , കുന്നായ്മ, പ്രായമെത്ര ആയിട്ടും നിർത്താത്ത പാരയും, എത്ര കുട്ടികളും പേരക്കുട്ടികളും ഉണ്ടായാലും മാറാത്ത മുരട്ടു കാള സ്വഭാവവും, ഇതെല്ലം നിറഞ്ഞു നിൽക്കുന്ന ഓര്മ ചെപ്പു
മാറ്റങ്ങൾ അനിവാര്യമാണ്
ജനാബ് മുസലിയാർ തുടങ്ങി വച്ചതും അത് തന്നെ ആണ്
മാറ്റങ്ങളുടെ ഒരു ശൃംഖല
1958-ൽ ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റത്തിന്റെ സന്തതികളാണ് നമ്മൾ.
ധൈര്യപൂർവം മുന്നോട്ടു പോകാൻ മാത്രം പഠിപ്പിച്ച എന്റെ കലാലയത്തിലൂടെ ഞാൻ എന്റെ പ്രയാണം തുടരുന്നു.
ഈ യാത്രയിൽ അവിടെ നിന്ന് പഠിച്ചിറങ്ങിയവരെയും, ഇതു വായിച്ചു അവിടെ ഒരിക്കലെങ്കിലും ഒന്ന് വരണമെന്ന് തോന്നുന്ന പഠിക്കാത്തവരെയും, സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പഴയ ഉണർവും, കുരുത്തക്കേടും, ഉന്മേഷവും, വീണ്ടെടുക്കാൻ, നിഷ്കളങ്കരായ കുട്ടികളെ പോലെ ആവാൻ, ബാലിശരാവാനല്ല, ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ തൊട്ടുണർത്താൻ , സന്തോഷിക്കാൻ, സമാധാനിക്കാൻ
നിങ്ങളുടെ സ്വകാര്യ ഓർമകളെ തൊട്ടുണർത്താനും, പൊട്ടി പൊട്ടി ചിരിപ്പിക്കാനും എന്റെ എളിയ ഓർമ്മച്ചെപ്പുകളിലെ തൂവലുകൾക്കു സാധിക്കുമെങ്കിൽ ഞാൻ കൃതാര്ഥ ആയി,
എന്റെയും നിങ്ങളുടെയും ജീവിതത്തിനപ്പുറം, പ്രപഞ്ചത്തിനപ്പുറം നിലനിൽക്കാൻ ത്രാണിയുള്ള നമ്മുടെ മുസലിയാർ കോളേജ്!!!!
ജനാബ് മുസ്ലിയാരുടെ മനസ്സിലെ കെടാത്ത തീനാളത്തിൽ നിന്നുള്ള വിപ്ലവകരമായ സമൂലപരിവര്ത്തനത്തിന്റെ, ഊർജ്ജം ഉൾക്കൊണ്ട് കൊണ്ട് കൈ കോർക്കാമെങ്കിൽ……………. എന്തെല്ലാം അത്ഭുതങ്ങൾ തീർക്കാം.
ഭൂഗോളത്തിന്റെ സ്പന്ദനം – കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മൾ ഓരോരുത്തരുടെയും കടമ ആണ്.
മാറ്റം ഇല്ലാത്തതു ഒന്നിന് മാത്രമേ ഉളളൂ
മാറ്റം എല്ലാത്തിനും ഉണ്ട് എന്നുള്ളതിന് മാത്രം
സമയം ഒഴിഞ്ഞു പോകുന്നതിനു മുന്നേ ……
ഒരിക്കൽ കൂടി………………..
,
1 comment(s)