സാറിന്റെ അടുത്തിരുന്ന എന്നെ മാറ്റി നിർത്തി ജോമി എന്താണ് പറഞ്ഞതെന്നറിയാൻ ഹരി രാമകൃഷ്ണന് വല്ലാത്ത ജിജ്ഞാസ. പക്ഷെ എന്നോട് നേരിട്ട് ചോദിച്ചിട്ടു കാര്യമില്ല എന്നറിയാവുന്നതു കൊണ്ടാവാം, കൊച്ചു വർത്തമാനവുമായി എന്നെ ചുറ്റി പറ്റി , നടക്കാൻ തുടങ്ങി, മാത്രമല്ല, ഇടയ്ക്കിടെ എന്നോട് എന്റെ വിശപ്പിനെ പറ്റി വളരെ ഉത്കണ്ഠയോടെ അന്വേഷിക്കയും, കോട്ട എത്തുമ്പോൾ സ്റ്റേഷനിലെ കടയിൽ നിന്നെന്തെങ്കിലും വാങ്ങാൻ ഹരിയും കൂടെ ഉണ്ടാവുമെന്ന് പറയുകയും ചെയ്തു ;
രോഗം മനസ്സിലായ ഞാൻ ഹരിയോട് പറഞ്ഞു , ഹരി എനിക്ക് ജോൺ ചെറിയാൻ സാറിനോട് നമ്മുടെ Compression Test-ന്റെ ഒരു സംശയം ചോദിക്കാനുണ്ട് ഹരി കൂടെ വരുന്നോ, ഹരി അയ്യോ എനിക്ക് മുട്ട് വേദനിക്കുന്നെന്നാ തോന്നുന്നേ എന്നും പറഞ്ഞു മുങ്ങി. ഇതാണ് ഹരി, പഠിക്കുന്ന കാര്യം പറയണ്ട താമസം മുങ്ങിയിരിക്കും.
ഞാൻ വീണ്ടും സാറിന്റെ അടുത്തേക്ക് തന്നെ പോയി, Sir ഒരാവശ്യം ഉണ്ടായിരുന്നു, നമ്മുടെ ടൂർ കോർഡിനേറ്ററിന്റെ ഒരാഗ്രഹം ആണ്, കൊല്ലത്തുണ്ടായ നാസറിന്റെയും, നവാസിന്റെയും ബുക്കിംഗ് പ്രശ്നങ്ങൾ കാരണം സാറിനോട് നേരിട്ട് ചോദിക്കാനൊരു മടി. പക്ഷെ , സാറിനെ പുള്ളിക്കാരന്റെ ഒരേ ഒരു അമ്മാവന്റെ വീട് വരെ കൊണ്ടുപോകാമെന്ന്, യാത്ര തുടങ്ങുന്നതിനു മുന്നേ പുള്ളി ഏർപ്പാടാക്കിയതാണ് പോലും. ഞങ്ങൾ രണ്ടു മൂന്ന് പേരും കൂടെ വരാം . നാളെ വൈകുന്നേരം സാറ് കൂടി ഞങ്ങളുടെ കൂടെ വരണം. അപ്പോൾ സാർ ഒരു കൂട്ടം പറഞ്ഞു, എന്നാലൊരു കാര്യം ചെയ്യൂ നമ്മുടെ നാസറിനെയും നവാസിനെയും കൂടി വിളിക്കൂ, തുടക്കത്തിലുണ്ടായ പ്രശ്നങ്ങളൊക്കെ അങ്ങ് തീരുമല്ലോ.
എന്തായാലും സാറിന്റെ സമ്മതം കിട്ടിയ സ്ഥിതിക്ക് ഞാൻ പതുക്കെ എഴുന്നേറ്റു ജോമിയുടെ അടുത്ത് പോയി കാര്യം പറഞ്ഞു; സാറു വരും, പക്ഷെ നാസറിനെയും, നവാസിനെയും കൂടി കൊണ്ടുപോകണം. ഇനിയിപ്പോൾ എന്താ ചെയ്യുക, വൈകുന്നേരം അമ്മാവൻ വിളിക്കാൻ വരും. ജോമി, കാറിൽ ഇടിച്ചുഅമങ്ങിയിരുന്നാൽ 6 പേരിൽ കൂടുതൽ പറ്റില്ല ; സാരമില്ല നിങ്ങളെല്ലാവരും കൂടി പോകൂ, ഞാൻ ടിക്കുവിനെ എന്റെ അമ്മാവന്റെ വീട്ടിൽ കൊണ്ടുപോകാം അപ്പോൾ പ്രശനം തീരുമല്ലോ, കോർഡിനേറ്ററിന്റെ ആഗ്രഹവും സാധിക്കും,
ജോമി എന്നെ തറപ്പിച്ചു നോക്കിയിട്ടു ഇംഗ്ലീഷിലെ ഏതൊക്കെയോ നാലക്ഷര വാക്കുകൾ പല്ലിന്റെ ഇടയിലൂടെ അമർത്തി പറഞ്ഞിട്ട് നേരെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ബേയിലേക്കു പോയി. എനിക്കപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല.
ഞാൻ രാജസ്ഥാനിലെ കോട്ട വരുന്നതും നോക്കിയിരുപ്പായി, മനസ്സിലൂടെ ഒരുകുടം വർണ്ണങ്ങൾ വാരിവിതറിയിട്ടപോലെ ഓർമ്മകൾ മിന്നിമറഞ്ഞുകൊണ്ടേയിരുന്നു, ആദ്യം ഓർത്തത് എന്റെ അമ്മയുടെ കോട്ട സാരികളെ പറ്റിയാണ്.
കോട്ട സാരിയുടെ തുണി ചതുര കണ്ണിയുള്ള വലപോലെയാണ് അതിന്റെ, അടിത്തറ വളരെ ഭംഗിയുള്ള ചതുര കളങ്ങൾ ആണ്. കണ്ടാൽ നമ്മുടെ തോർത്തിന്റെ ഘടന , പക്ഷെ അതിമനോഹരമായ ഇളം നിറങ്ങളിൽ നെയ്തു കൂട്ടുന്ന ലക്ഷണമൊത്ത സാരിയാണ് കോട്ട സാരി. ചില സാരികളുടെ ബോർഡറിലും, പല്ലുവിലും സ്വർണ നിറത്തിലെ കാസവുനൂല് കൊണ്ടുള്ള ഇഴകൾ കാണാം. സൂക്ഷ്മമായി നോക്കിയാൽ മാത്രം കാണുന്ന കര, വളരെ ചാരുതയോടെ നിറങ്ങളോടൊപ്പം നെയ്തെടുത്ത കരകൾ.
പണ്ട് പണ്ട് തലപ്പാവ് കെട്ടാനുള്ള തുണി നെയ്തു തുടങ്ങിയതാണ്, കൈയ്യിൽ ഒതുങ്ങുന്ന തുണി, പിന്നെ അത് മുണ്ടും സാരിയുമായി. നമ്മുടെ കൈക്കൊതുങ്ങുന്ന വിലയെ ഉള്ളൂ, കഞ്ഞിപ്പശയും ഉള്ളിനീരും കൂടി ചേർത്തു ബലപ്പെടുത്തി ഉണ്ടാക്കുന്നതാണ് കോട്ട സാരിയുടെ ഊടും പാവും ഓടുന്ന നൂലുകൾ. അതുകൊണ്ടു നല്ല വടി പോലെ ഇരിക്കും ഉടുത്താൽ, ലാളിത്യമുള്ള സാരികൾ, എവിടെ വേണമെങ്കിലും നല്ല സ്റ്റൈലിൽ ഉടുത്തു പോകാം, Luna-യിൽ പോകുമ്പോൾ ഞൊറിവൊന്നു പൊക്കി ഇടുപ്പിൽ കുത്തിയാൽ അവിടെ ഇരിക്കും ഊർന്നു പോകില്ല, തോളിൽ ഞൊറിഞ്ഞു വെച്ചാലും അനങ്ങാതെ ഇരുന്നോളും.
കോട്ടയും, കോട്ട സാരിയും എനിക്കേറ്റവും പ്രിയപെട്ടതാകുന്നു. ഞാനാദ്യമായി സാരി ഉടുത്ത ദിവസം ഓർത്തു. St. Teresas-ലെ Hostel Day-Anugraha Hostel Day, സ്വർണ്ണ കിന്നരിയുള്ള ഒരു തത്ത പച്ച നിറത്തിലെ കോട്ട സാരി. ഒരോണത്തിന്റെ അവധിക്കു വന്നപ്പോഴാണ് ഹോസ്റ്റൽ ഡേയുടെ യൂണിഫോമിന്റെ കാര്യം അമ്മയോടും, അമ്മയുടെ നാത്തൂൻ വിമലമ്മാമ്മ അതായതു ഞങ്ങളുടെയെല്ലാം യൂണിവേഴ്സൽ ചേച്ചിയോടും പറഞ്ഞത്, ഉടുപ്പുകളെല്ലാം തന്നെ ആവശ്യാനുസരണം മുറപോലെ തയ്ച്ചു തരുന്നത് ചേച്ചി ആയിരുന്നു.
സാരി ഉടുക്കണമെങ്കിൽ പാവാടയും ബ്ലൗസും തുന്നണം, അത് അളവെടുത്തു തന്നെ തുന്നണം. കോട്ട സാരി തോർത്തുപോലെ പ്രകാശം കയറി ഇറങ്ങി പോകുന്ന തുണിയാണ്; സാരിയുടെ അടിയിൽ ഉടുക്കുന്ന പാവാട നല്ല കട്ടിയുള്ള poplin തുണിയിലായിരുന്നു തുന്നുന്നത്, ഘനം കുറഞ്ഞ ഉടുപ്പിടുമ്പോൾ ‘അമ്മ വെയിലത്ത് നടത്തി നോക്കും കാലിന്റെ നിഴല് കാണുന്നുണ്ടോ എന്ന്, എന്തെല്ലാം കാര്യങ്ങളാണ് പണ്ടൊക്കെ അമ്മമാർ ശ്രദ്ധിച്ചിരുന്നത്.
അങ്ങനെ അമ്മയും ചേച്ചിയും കോട്ട സാരിയുമായി കടയിൽ പോയി പച്ച poplin തുണി എടുത്തിട്ടു മുറിക്കുന്നതിനു മുന്നേ സാരിയും തുണിയുടെ കുത്തുമായി കടയുടെ വെളിയിൽ പോയി വെയിലത്ത് വെച്ച് നോക്കി, നിറത്തിന്റെ തനതായ ഭാവം തിട്ടപ്പെടുത്തി . ഈ വെയില് കൊണ്ട് ചില്ലറ ഗുണങ്ങളല്ല. തുണി എടുത്തതിനെ 8 തുണ്ടായി മുറിച്ചു കുടപോലെ അങ്ങോട്ടും ഇങ്ങോട്ടും വെച്ച് ചേർത്തു തുന്നി, വീതിയുള്ള പട്ടയിൽ ഇതെല്ലം ചേർത്തു പിടിപ്പിച്ചിട്ടു ചുറ്റി കെട്ടുന്നവള്ളിയും പിടിപ്പിച്ചു. സത്യം പറയാല്ലോ ചുറ്റി കെട്ടാതെ ചുരുക്കി കെട്ടിയാൽ മെലിഞ്ഞിരിക്കുന്നവർക്കും കുടവയറുണ്ടെന്നു തോന്നിപോകും, എല്ലാ കാര്യത്തിനും അടിസ്ഥാനം നന്നായിരിക്കണം, സവിസ്തരം പഠിച്ചു വേണം ഓരോ കാര്യവും ചെയ്യാൻ എന്നാൽ മാത്രമേ അവസാന ഫലം നേരേയാവൂ.
സാരിയിലൊരു safety pin പോലും കുത്താതെ ആദ്യമായി സാരിയുടുക്കാൻ പഠിപ്പിച്ചത് Ernakulam St Teresas കോളേജിലെ seniors ആയ Bibi Sreedharan, Geetha Oommen, Gracen Panicker, Martina Austin ഇവരൊക്കെയാണ്. ഞാൻ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ Msc-ക്കു പഠിക്കുന്ന ചേച്ചിമാർ. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ചേച്ചിമാർ. ആദ്യമായി സാരിയുടുത്ത അന്ന് മുതൽ ഇന്ന് വരെ, എന്നും എവിടെയും എപ്പോഴും എനിക്കേറ്റവും ഇഷ്ടപെട്ട എന്റെ മനസ്സിന് പിടിച്ച ഒരു വേഷമേ ഉള്ളൂ അത് സാരിയാണ്. സാരി ഉടുക്കുമ്പോൾ മാത്രമേ കണ്ണാടിയിൽ നോക്കാൻ തോന്നൂ, കണ്ണെഴുതാൻ തോന്നൂ,
പരിസരം മറന്നിരുന്നു സ്വപ്നം കണ്ടിരുന്ന എന്റെ പുറത്താരോ മാന്തുന്ന പോലെ തോന്നി, തിരിഞ്ഞു നോക്കിയപ്പോൾ റ്റിക്കു. എന്നെ രണ്ടുമൂന്നു പ്രാവശ്യം ഒരു വിരലുകൊണ്ട് തോണ്ടിപോലും അനങ്ങാഞ്ഞപ്പോൾ എല്ലാ വിരലും ഉപയോഗിച്ച് തോണ്ടിയതാ. സത്യമായിട്ടും നീളമുള്ള നഖം വെച്ച് മാന്തിയത് പോലെ .
റ്റിക്കുവും ഞാനും തമ്മിൽ TKM കോളേജിൽ വരുന്നതിനു മുന്നേയുള്ള ബന്ധമാണ്, എന്റെ സീനിയർ ആയിട്ട് St. Teresas-ൽ പഠിച്ചതാണ് M S Lakshmi അവിടെ ഞങ്ങളെല്ലാവരും സ്നേഹപൂർവ്വം വിളിച്ചിരുന്ന പേരാണ് Tikku, അതെനിക്ക് മാറ്റാൻ തോന്നിയിട്ടേ ഇല്ല ഞാനെങ്ങനെയെ എന്നും വിളിച്ചിട്ടുള്ളൂ.
എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ Tikku എന്നോട് പറഞ്ഞു , I want you to come with me to our friends uncles place , Not to your uncles place .
ടിക്കുവിനോട് ഞാൻ പറഞ്ഞു എനിക്ക് പ്രശ്നമില്ല പക്ഷെ 8 പേരെങ്ങനെ ഒരു കാറിൽ കയറും.
ബീന You can do it, Please make them understand!! എങ്ങനെയും നാസറിനെയും നവാസിനെയും പറഞ്ഞു മനസ്സിലാക്കണം വരരുതെന്ന്
അപ്പോൾ ഞാൻ Tikku-വിനെ ഒന്ന് കൂടി നോക്കി, ആ കണ്ണിലെ തിളക്കവും ആകാംക്ഷയും എന്നെ ഒരു പോലെ ചുറ്റിച്ചു,
Tikku ഇത് നമ്മുടെ യാത്ര തുടങ്ങിയപ്പോഴുണ്ടായ കശപിശയും ആശങ്കയും വേരോടെ പറിച്ചെറിഞ്ഞു ബന്ധം ഉറപ്പിക്കാനുള്ള അവസരമായിരുന്നു. അവർ രണ്ടുപേരും Tour Coordinator- ന്റെ Uncle – ന്റെ വീട്ടിൽ പോയാൽ പിന്നെ ആരും ഒരിക്കലും മനസ്സിലൊരു വിദ്വേഷവും വെക്കില്ല.
It will be so sweet അത്രയും പറഞ്ഞതും എന്നെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത അടുത്ത സീറ്റിൽ ഇരുന്ന Sabu ഞാൻ പൊടിയെന്നു വിളിക്കുന്ന എന്റെ പ്രിയ സുഹൃത്ത് ഏറ്റു പറഞ്ഞു Yes So Sweet, So nice, So cute, So good.
Tikku-വിന്റെ മുഖം വാടുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി. ഞാൻ പതുക്കെ സീറ്റിൽ നിന്ന് എഴുന്നേറ്റതും, ദേ നില്കുന്നു ജോമിയും നാസറും നവാസും. എല്ലാവരും എന്നെ നോക്കി . ഒന്നും മിണ്ടാതെ. ഒരു നിമിഷം അങ്ങനെ തന്നെ നിന്നു. എന്നിട്ടു Nazer പറഞ്ഞു താൻ ഉണ്ടാക്കിയ കുരുക്ക് താൻ തന്നെ അഴിക്കണം ജോൺ ചെറിയാൻ സാറിനെ കൊണ്ട് താൻ തന്നെ പറയിപ്പിക്കണം ഞങ്ങൾ രണ്ടാളെയും ഒഴിവാക്കാൻ.
അപ്പോൾ ആ നിമിഷം എന്റെ ചെറിയ ബുദ്ധിയിൽ ഒരു ലഡ്ഡു പൊട്ടി! ഒരല്പം കിന്നരിക്കുവേണ്ടി … ഒരു പൊടികൈ
നമ്മളെന്തിനാ പോകുന്നത്
ഭക്ഷണം കഴിക്കാൻ അല്ലെ
ഞാനേറ്റു
എന്നും പറഞ്ഞു ഞാൻ അവരെ തള്ളി മാറ്റിയിട്ടു ജോൺ ചെറിയാൻ സാറിന്റെ ബേയിലേക്ക് ഓടി
എന്റെ പരക്കം പാഞ്ഞുള്ള വരവ് കണ്ടതും സാർ ഒന്ന് പരുങ്ങി
ഞാൻ ശ്വാസം വിടാതെ പറഞ്ഞു
സാർ നാളെ പോകുന്നിടത്തു നമ്മുക്ക് നാസറിനെയും നവാസിനെയും കൊണ്ടുപോകാൻ പറ്റില്ല സാർ
സാറ് അന്തം വിട്ട പോലെ ചോദിച്ചു, എന്താ ബീന ഇപ്പോൾ ഒരു മനം മാറ്റം
അതെന്താ ഭക്ഷണം കഴിക്കാൻ അവർ കൂടി വന്നാല്?
അപ്പോൾ ഞാൻ വീണ്ടും പറഞ്ഞു
സാർ പറ്റില്ല സാർ, അവരെ കൂടെ കൊണ്ടുപോകാൻ പറ്റില്ല സാർ,
സാർ വീണ്ടും ചോദിച്ചു എന്താ ബീന അവർ നിങ്ങളുടെ കൂടെ വന്നാൽ എന്താ പ്രശ്നം?
Sir അവരവിടെ ഉണ്ടാക്കുന്ന ഭക്ഷണം ഇവർക്ക് ഹറാമാണ് സാർ, വിലക്കപെട്ടതു.
ഓ അങ്ങനാണോ
എന്നാൽ വേണ്ട എന്നാൽ വേണ്ട, അങ്ങനെ ആണെങ്കിൽ ഒരു കാരണവശാലും അവർ വരാൻ പാടില്ല, ബീന ഇതെങ്ങനെയും കൈകാര്യം ചെയ്യണം, ജോമി അവരോടു പറഞ്ഞു കാണും അവർക്കു സംശയമോ വിഷമമോ വരരുത്.
ഏറ്റു സാർ, എന്നും പറഞ്ഞു ഞാൻ ചിരിച്ചു കൊണ്ട് ആഹ്ലാദത്തോടെ തിരികെ ഓടാനും. എന്റെ ഭാവ മാറ്റം കണ്ടിട്ട് എന്തോ ഒരു പന്തികേടുണ്ടല്ലോ എന്ന് നിരൂപിച് സാർ അല്പം ഉത്കണ്ഠയോടെ എന്നെ നോക്കി.
ഞാൻ അങ്ങോട്ട് പോയ അതെ വേഗത്തിൽ ഇടനാഴിയിലൂടെ തിരിച്ചോടി, ഒന്നും ഉരിയാടാതെ അപ്പോഴും അവർ 4 പേരും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
സമ്മതിച്ചു, സാറ് സമ്മതിച്ചു നിങ്ങൾ ഒരു കാരണവശാലും വരാൻ പാടില്ല എന്ന് സാറ് പറഞ്ഞു.
അപ്പോൾനാസറിനു ആകെ പ്രശ്നം “ങേ സാറങ്ങനെ പറഞ്ഞോ ഞങ്ങൾ വരൻ പാടില്ല എന്ന് പറഞ്ഞോ?
അയ്യോ ഞാൻ പെട്ടു
എന്റെ പൊന്നു നാസറെ, “വരണ്ട എന്നല്ല, ഇപ്പോൾ നിങ്ങളെ ശല്യപെടുത്തണ്ട എന്നാണു പറഞ്ഞത്.
എന്തൊക്കെയോ പറഞ്ഞു ഞാൻ തലയൂരി
ഞാൻ ടിക്കുവിന്റെ കണ്ണുകളിലേക്കു വീണ്ടും നോക്കി ഒരായിരം പൂത്തിരി കത്തിയ പോലെ തിളക്കം കണ്ടു.
എന്തെങ്കിലും ആവട്ടെ കാര്യം നടന്നല്ലോ എന്ന് സമാധാനിച്ചു നിന്നപ്പോൾ ഹരി വേണുവുമായി മെല്ലെ അടുത്തേക്ക് വന്നു
ഹരിക്കറിയാം വേണു ചോദിച്ചാൽ ഞാൻ ഒഴിഞ്ഞു മാറില്ല എന്ന്
ഇത് മുൻകൂട്ടി കണ്ടിട്ടാവും , ജോമി പെട്ടെന്ന് വേണുവിന്റെ കൈയ്യിൽ പിടിച്ചു എന്തോ അത്യാവശ്യമായി പറയാനുള്ള പോലെ ഇടനാഴിയിലൂടെ ഒരറ്റത്തേക്കു കൊണ്ടുപോയി.. അങ്ങനെ ഞാൻ വീണ്ടും ഹരിയുടെ ചോദ്യത്തിൽ നിന്ന് രക്ഷപെട്ടു..
ഈ യാത്ര തുടരുന്നതായിരിക്കും.
Leave A Comment