റെയിൽ ആപ്പീസിൽ റിസർവേഷൻ ഉള്ളവരുടെ പേരുവിവരം ഇടുന്ന നോട്ടീസ് ബോർഡിന്റെ മുന്നിൽ നിന്നാണ് നാസറിന്റെ ശബ്ദം കേട്ടത് എന്റെ പേരെവിടെ,
നാസർ റിസർവേഷൻ ചാർട് ബോർഡിൽ നിന്ന് ഊരി എടുത്തു,
SSLC പരീക്ഷ ഫലം പുറത്തുവരുമ്പോൾ പത്രത്തിൽ നമ്പറുണ്ടോ എന്ന് നോക്കാനുള്ള ഉന്തും തള്ളും, പോലെയായി എല്ലാവര്ക്കും; പേരുണ്ടോ എന്ന് നോക്കാനുള്ള തിടുക്കമായി, കാണാൻ പറ്റിയവർ പേരുകൾ വിളിച്ചു പറഞ്ഞു
അപ്പോളാണ് ഒരു പേര് കൂടി ഇല്ല എന്ന വിവരം ഞെട്ടലോടു കൂടി പുറത്തു വന്നത്, നവാസിന്റെയും പേരില്ല . M Abdul Nazer ആദ്യം തന്നെ വരേണ്ട പേരാണ്, ആരൊക്കെയോ ഒന്ന് കൂടി നോക്കി, ഇല്ല പേരില്ല .
കുട്ടികളെല്ലാം ഒരുമിച്ചു പോകുന്ന യാത്ര ആയതിനാൽ അവസാന നിമിഷത്തെ തിക്കും തിരക്കുമൊക്കെ ഒഴിവാക്കാൻ, എല്ലാവരോടും കൂടും കുടുക്കയുമായി ബുക്കിംഗ് ഓഫീസിന്റെ മുന്നിൽ ഒരു മണിക്കൂർ മുന്നേ തന്നെ എത്താനും, വണ്ടി വരുന്നതിനു 20 മിനിറ്റുള്ളപ്പോൾ, ബോഗി പിടിച്ചിടുന്ന സ്ഥാനത്തു പെട്ടികളെല്ലാം എണ്ണി തിട്ടപ്പെടുത്തി വെക്കാനും ആയിരുന്നു നിർദ്ദേശം, വണ്ടി ആകെ 2 മിനിട്ടാണ് സ്റ്റേഷനിൽ നിൽക്കുക ആ സമയത്തിനുള്ളിൽ എല്ലാവരും അകത്തു കയറിയിരിക്കണം
ഞങ്ങളെ യാത്ര അയക്കാൻ സിവിൽ ഡിപ്പാർട്മെന്റിലെ സാറന്മാര് മാത്രമല്ല; മറ്റ് ഡിപ്പാർട്മെന്റിലെ പ്രൊഫസർമാരുമുണ്ട്, ഞങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന സൗമ്യനും, സുശീലനും, ശാന്തശീലനുമായ ജോൺ ചെറിയാൻ സാർ ഉമ്മൻ സാമുവേൽ സാറിനോട്, എന്തോ കാര്യം പറഞ്ഞു കൊണ്ട് നില്കയായിരുന്നു, പെട്ടെന്ന് ഞങ്ങളുടെ ക്ളാസ്സിലെ മുതിർന്ന വിദ്യാർത്ഥിയും, പക്വതയോടെ മാത്രം സംസാരിക്കുന്ന സതീഷ് ബാബു സാറിന്റെ അടുത്ത് ചെന്ന് ചെവിയിൽ എന്തോ മന്ത്രിച്ചു. സാറപ്പോൾ തന്നെ ഉമ്മൻ സാമുവേൽ സാറിനൊടു കൂടെ വരാൻ ആംഗ്യം കാണിച്ചു, രണ്ടു പേരും ബുക്കിംഗ് ഓഫീസിലേക്ക് തിടുക്കത്തിൽ നടന്നു, പിറകെ സതീഷ് ബാബുവും, രാജൻ പി ഡി യും, എന്തെങ്കിലും ഒരു കാര്യം എവിടെയെങ്കിലും റോങ്ങ് ആയിട്ട് നടക്കുന്നു എന്ന് തോന്നിയാൽ രാജൻ പി ഡി അവിടെ ഉണ്ടായിരിക്കും, മറ്റുള്ളവർ പരദൂഷണം പറയാതിരിക്കാൻ പുള്ളിക്കാരൻ ഒരു സത്യാന്വേഷിയെ പോലെ അവിടെ തന്നെ കാണും.
ആകെ പ്രശ്നമായി വണ്ടി വരാൻ ഇനി കഷ്ടി അര മണിക്കൂറു കൂടി മാത്രം, മിക്കവരുടെയും മുഖത്തു വല്ലാത്ത അന്ധാളിപ്പ്, ഇതെന്തു പറ്റിയതാണ്?എങ്ങനെ പറ്റാനാണ് എന്നാലോചിക്കുന്നതിനു മുന്നേ, നാസർ ചാർട്ടുമായി ബുക്കിംഗ് ഓഫീസിലേക്ക് ഇടിച്ചു കയറി,
കാശ് കൊടുത്തു ബുക്ക് ചെയ്ത സീറ്റ് ഇല്ല പോലും . ഇതെന്തു ന്യായമാണെന്ന് ചോദിച്ചു കൊണ്ടാണ് ഉദ്യോഗസ്ഥനോട് കാര്യം തിരക്കിയത്
രേഖകൾ നോക്കിയിട്ടു ഉദ്യോഗസ്ഥൻ സത്യം പറഞ്ഞു നിങ്ങളുടെ രണ്ടു പേരുടെയും പേര് റദ്ധാക്കിയിരിക്കുന്നു. നിങ്ങൾ തന്നെ ആണല്ലോ റദ്ധാക്കിയത് , പിന്നെ എന്താ പ്രശ്നം?
കാര്യങ്ങളുടെ കിടപ്പുവശം ബോദ്ധ്യമായ നാസർ ചാടി പുറത്തിറങ്ങി
ഇതിപ്പോ ചതിയിൽ വഞ്ചന കാട്ടിയിരിക്കുന്നു
ഇത് വെച്ച് പൊറുപ്പിക്കാൻ പറ്റുന്ന കാര്യമല്ല
കൊല്ലം സ്റ്റേഷനിൽ പുറമെ നിന്ന് പ്ലാറ്റഫോമിൽ കയറുന്ന കവാടം സർക്കാർ ആശുപത്രിയിലെ ലിഫ്റ്റിന്റെ കതകു പോലെ മടങ്ങുന്ന ഒരു ഗേറ്റ് ആണ്, പാളത്തിനെ നോക്കിനിന്നാൽ ഇടതു വശത്താണ് ബുക്കിംഗ് ആപ്പീസ്, അതിന്റെ കതകുമായി കഷ്ടി 5 മീറ്റർ അകലമേ ഉള്ളൂ,
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന അപാര സിനിമയിൽ ജഗതി ശ്രീകുമാർ മുറിക്കകത്തു പറന്നു വീണ കത്തും കൈയ്യിൽ പിടിച്ചു ആവേശത്തോടെ വീടിനു പുറത്തിറങ്ങി നടത്തിയ ഒരു അടിപൊളി പ്രകടനമുണ്ട്
എന്റീശ്വരാ ഇവക്കും കാമുകനോ
എടീ എടാ
ഇതാരാ എന്റെ വീട്ടിൽ കൊണ്ടിട്ടത്
ഈ കത്ത് ആരാ എന്റെ വീട്ടിൽ കൊണ്ടിട്ടതെന്നു, എനിക്കിപ്പം അറിയണം എനിക്കതിപ്പം അറിയണം.
അഭിനയ മികവിന്റെ കൊടുമുടി കീഴടക്കിയ സാമ്രാട്ട് .
ഇതേ ശൈലിയിൽ
നാസർ മൈക്കില്ലാതെ വിളിച്ചു പറഞ്ഞു.
എന്റെ പേര് വെട്ടിയതാരാണെന്ന് എനിക്കറിയണം
എന്റെ മാത്രമല്ല നവാസിന്റെയും പേര് വെട്ടിയതാരാണെന്നെനിക്കറിയണം
ഈ തെമ്മാടിത്തരം കാണിച്ചവന്റെ കൊടലുമാല ഞാൻ പുറത്തെടുത്തു ഹാരമുണ്ടാക്കി എനിക്ക് തന്നെ അണിയും
അപ്പൊ ജോൺ ചെറിയാൻ സാർ വളരെ സൗമ്യനായി ചോദിച്ചു എന്താ നാസർ എന്തുണ്ടായി, എന്തിനാണിങ്ങനെ ക്ഷോഭിക്കുന്നതു
ങ്ങാ ഒരു മുൻകാല –University Union Councillor -ക്കു പേരും , കാശും കൊടുത്തു് ഭാരത യാത്രക്ക് പോകാനുള്ള അവകാശമില്ലെന്നോ
ഉടനെ അറിയണം
എനിക്കിപ്പോ അറിയണം
എന്റെ പേര് വെട്ടിയതാരാണെന്ന് എനിക്കറിയണം
എന്റെ മുന്നിൽ പൊട്ടങ്കളി കളിക്കരുത് എന്റെ പേര് വെട്ടിയവൻ ആരായാലും അവനിന്നു പോകുന്നില്ല
ആരും പോകുന്നില്ല
ട്രൈനിങ്ങോട്ടു വരട്ടെ ഞാനീ പാളത്തിൽ നീണ്ടു നിവർന്നു കിടക്കാൻ പോകുന്നു
ഞങ്ങൾക്ക് പോകാൻ പറ്റിയില്ല എങ്കിൽ ആരും പോകണ്ട.
ഒന്നുകിൽ ഞങ്ങളെയും കൊണ്ടുപോകണം അല്ലെങ്കിൽ ആരും പോകണ്ട.
ഇതിപ്പോ കാര്യങ്ങൾ കൈവിട്ടു പോകുന്ന പ്രതീതി ആയി, അപ്പോഴേക്കും യാത്ര അയക്കാൻ വന്ന മറ്റു സാറന്മാരെല്ലാവരും ബുക്കിംഗ് ആപ്പീസിന്റെ മുന്നിലെത്തി.
ട്രെയിൻ വരാൻ കഷ്ടി 15 മിനിറ്റ് സമയം, യാത്രയുടെ മേൽനോട്ടം വഹിക്കുന്ന ഒരു പ്രതിനിധിയായ ശ്രീകുമാർ, ഇവിടെ നടക്കുന്നതിലൊന്നും വലിയ താല്പര്യം കാണിക്കാതെ പെട്ടികളുടെ ചുമതലയുള്ള വരോട് പ്ലാറ്റഫോമിലൂടെ മുന്നോട്ടു നടന്നു.S1 എന്ന സ്ഥാനത്തേക്ക് പെട്ടികൾ മാറ്റാൻ പറഞ്ഞു. അങ്ങനെ മിക്കവരും പെട്ടിയുമായി മുന്നോട്ടു നടന്നു.
ഏതു കമ്മിറ്റിക്കാരെയും, ഏതു നേരവും സ്വമനസ്സാലെ സഹായിക്കാൻ തയ്യാറായി നിൽക്കുന്ന ഞങ്ങൾ കുറച്ചു പേർ പെട്ടി എണ്ണി ട്രെയിനിന്റെ അകത്തു കയറ്റാൻ റെഡി ആയി പ്ലാറ്റഫോമിന്റെ മഞ്ഞ വരക്കിപ്പുറം നിലയുറപ്പിച്ചു.
അപ്പോഴേയ്ക്കും ആരൊക്കെയോ എന്തൊക്കെയോ സ്വകാര്യം പറഞ്ഞു, വളരെ ഗൗരവമേറിയ ഒരു സത്യം നമ്പൂതിരി സാറിനോട് പുഷ്പരാജൻ അറിയിച്ചു, സാർ ഇന്നിനി ഇവർ കൂടെ വന്നാൽ എന്തെങ്കിലുമൊക്കെ സംഭവിക്കും, അഗത ക്രിസ്റ്റിയുടെ നിഗൂഢത നിറഞ്ഞ കഥകളെ വെല്ലുന്നതെന്തെങ്കിലും നടന്നിരിക്കും. സാർ എങ്ങനെയും ഇവരെ തടയണം. അല്ലെങ്കിൽ ട്രെയിനിൽ ഇരുന്നു ഞാനെന്റെ കുറ്റാന്വേഷണ നോവൽ എഴുതണ്ട പേരും. അത് കേട്ടതും നമ്പൂതിരി സാർ ജോൺ ചെറിയാൻ സാറിനു ഒരു ഉപായം പറഞ്ഞു കൊടുത്തു, ജോൺ ചെറിയാൻ സാർ ആ പിടി വള്ളിയിൽ കയറി പിടിച്ചു,
റിസർവേഷൻ ഇല്ലാതെ പോകുന്നത് കോളേജിന്റെ പെരുമാറ്റച്ചട്ടങ്ങൾക്ക് ഉതകുന്നതല്ല.
നാസറും, നവാസും അമ്പിനും വില്ലിനും അടുക്കുന്നില്ല
രണ്ടിലൊന്നറിഞ്ഞിട്ടേ വേറെ കാര്യമുള്ളൂ
എല്ലാം കണ്ടും കേട്ടും നിന്ന ആൽബിൻ സർ അപ്പോൾ മുന്നോട്ടു വന്നു നാസറിന്റെ തോളിൽ തട്ടി
എന്നിട്ടു കണ്ണിലേക്കു സൂക്ഷിച്ചു നോക്കിയിട്ടു വളരെ സൗമ്യനായി നെടുമുടി വേണു രോഷം കൊണ്ട് നിൽക്കുന്ന ജഗതിയോടു ചോദിച്ച പോലെ ചോദിച്ചു
Actually എന്താണ് സംഭവിച്ചത്
നാസർ വീണ്ടും പറഞ്ഞു
എസ് സർ
എന്റെയും നവാസിന്റെയും പേര് വെട്ടിയിരിക്കുന്നു
ഇതിനു പരിഹാരം ഉണ്ടാക്കാതെ ട്രെയിൻ വിടുന്ന പ്രശ്നമില്ല
ആൽബിൻ സാർ പറഞ്ഞു നമുക്ക് പരിഹാരം ഉണ്ടാക്കാം
നാസർ ഒന്നടങ്
സാറെ ടൂറിന്റെ കാര്യങ്ങൾ അറിയാവുന്ന ആരോ ആണിത് ചെയ്തത്
റെയിൽവേ ആപ്പീസറു പറഞ്ഞു
ആൽബിൻ സാർ വീണ്ടും പറഞ്ഞു
അപ്പോൾ പിന്നെ എന്താ പ്രശ്നം ആളെ ഞാൻ കണ്ടുപിടിച്ചു തരാം
ആ ചാർട്ടിങ്ങെടുത്തേ
നാസറും നവാസും ചെന്ന് പെട്ടിയെടുത്തോണ്ടു വാ
ഇവർ ഇപ്പോൾ പോകട്ടെ,
എന്നിട്ടു നമുക്ക് കോളേജിലേക്ക് പോകാം
എന്നിട്ടു എല്ലാത്തിനും പരിഹാരം ഞാൻ ഉണ്ടാക്കി തരാം
കേട്ട പാതി കേൾക്കാത്ത പാതി യാത്രയുടെ ചുമതലയുള്ള എബി ഓടി ചെന്ന് നാസറിന്റെയും നവാസിന്റെയും ബാഗുകൾ പേര് നോക്കി തപ്പിയെടുത്തു കൃത്യമായി തിരികെ ഏല്പിച്ചു; യാത്രയുടെ ചുമതലയുള്ള ആൾക്കാരുടെ പെട്ടിയെടുക്കാനുള്ള വ്യഗ്രത കണ്ട പുഷ്പരാജന്റെ തലയിൽ രണ്ടു ലഡ്ഡു ഒരുമിച്ചു പൊട്ടി , പലതും മനസ്സിൽ കുറിച്ചു.
അപ്പോഴേക്കും ട്രെയിൻ വളവു തിരിഞ്ഞു ഒഴുകി എത്തി.
മാപ്പിള കലാശികളെ ഓർമിപ്പിക്കുന്ന രീതിയിലായിരുന്നു ഞങ്ങളുടെ കയറ്റി ഇറക്കു പണി, ബോഗിയുടെ മുന്നിലെ കതകിലൂടെ, ട്രെയിൻ വന്നതും കുറച്ചു പേർ ഉള്ളിൽ കയറി, മാലമാലയായി നിന്നു എന്നിട്ടു ഈരണ്ടു പേരുവീതം പെട്ടി പൊക്കി ട്രെയിനിന്റെ വാതിലിൽ കൊടുത്തു അവിടെ നിന്ന് സിമെന്റിന്റെ ചട്ടി കെട്ടിട പണിക്കു എറിഞ്ഞു കൊടുക്കുന്ന പോലെ കൈ മാറി മാറി ഉളിലേക്കു സീറ്റിന്റെ അടിയിൽ വയ്ച്ചു , നിമിഷനേരം കൊണ്ട് പെട്ടിയെല്ലാം അകത്തായി, ബോഗിയുടെ മറ്റേ അറ്റത്തെ കതകിലൂടെ ബാക്കി കുട്ടികളെല്ലാം അകത്തു കയറി
ഏതൊരു പ്രതിസന്ധിയിലും ആൽബിൻ സർ “ശരിയാക്കാം” എന്നൊരു വാക്കു പറഞ്ഞാൽ പിന്നെ നമ്മളായിട്ട് ഒന്നും പ്രത്യേകിച്ച് ചിന്തിച്ചു തല പുണ്ണാക്കണ്ട കാര്യമില്ല.
കോളേജിൽ ചേർന്ന സമയം മുതൽ ഇന്ന് ഈ നിമിഷം വരെ, സാറിന്റെ നൈപുണ്യം ഇന്ന കാര്യത്തിനെന്നില്ല ജീവിതത്തിൽ തന്നെ പല സമയത്തും പലയിടത്തുമായി അനുഭവിച്ചറിഞ്ഞ വിദ്യാർത്ഥി ആണ് ഞാൻ. എന്നെ പോലെ ഒരായിരം പേർ ഉണ്ടെന്നെനിക്കറിയാം.
ആൽബിൻ സർ ഒരു വ്യക്തി ആയിരുന്നില്ല, ഒരു പ്രസ്ഥാനം ആയിരുന്നു.
കോളേജിന് വേണ്ടി, കേരള യൂണിവേഴ്സിറ്റിക്കുവേണ്ടി, വിദ്യാർത്ഥികൾക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന, സൂക്ഷ്മബുദ്ധിയും, കാര്യഗ്രഹണ വൈഭവമുള്ള, പ്രതിഭയേറിയ ഉത്തമനായ ഗുരുനാഥൻ.
ആൽബിൻ സർ പകർന്നു തന്ന അറിവും, ആർദ്രമായ അലിവും, ആശ്വാസവും, ആത്മധൈര്യവും, നെഞ്ചോട് ചേർത്ത് വെയ്ക്കുന്ന വിദ്യാർത്ഥികളിൽ ഒരാളാണ് ഞാൻ അന്നും ഇന്നും.
നാസർ പിന്നെ ഒന്നും മിണ്ടിയില്ല
പെട്ടിയുടെ വള്ളിയിൽ കൈ മുറുക്കി, നവാസും പിന്നാലെ കൂടി.
ഇനി എന്ത്
എന്ന് ആലോചിക്കേണ്ട കാര്യം എനിക്കുണ്ടായില്ല
കാരണം
കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണ്ട കാര്യമില്ല
ആൽബിൻ സാറിന്റെ കൈയ്യൊപ്പ് വീണാൽ അത് ഒരു
ചരിത്ര സംഭവം ആയിരിക്കും തീർച്ച
പലരുടെയും ജീവിതം മാറ്റി മറിച്ച ചരിത്ര സംഭവങ്ങൾ കണ്ട ഞാൻ സമാധാനമായി വണ്ടിയിൽ കയറി, അപ്പക്കും അമ്മയ്ക്കും കൈ വീശി യാത്ര പറഞ്ഞു .. ഒരു നീണ്ട യാത്ര തുടങ്ങി …
Leave A Comment