പെട്ടെന്നാണ് കോട്ട എത്തിയത്, തീവണ്ടി നിർത്തുന്നതിനു മുന്നേ കടും നീല നിറത്തിലെ ഉടുപ്പും, നിക്കറും ഇട്ട്, നെഹ്റു തൊപ്പിയും തലയിൽ വെച്ച സപ്ലയർമാർ തീവണ്ടിയുടെ കൂടെ ഓടി, പടിയിൽ ഒരു കാല് വെച്ച് ഒരു കൈയ്യിൽ തൂങ്ങി മറ്റേ കൈയ്യിലും തോളിലുമായി താങ്ങിപിടിച്ച വലിയ അലൂമിനിയം ട്രേയിലെ പല തരം ഭക്ഷണ പൊതികളുമായി കയറിക്കൂടി. ഇതൊരു അത്ഭുത കാഴ്ച ആണ്. Balancing act for survival. അരച്ചാൺ വയറിനു വേണ്ടി.
ഞങ്ങൾ കുറച്ചു പേര് നേരത്തെ പരിപാടി ഇട്ടതനുസരിച്ചു പുറത്തിറങ്ങി, റെയിൽവേ ക്യാന്റീനിൽ ചെന്ന് ചൂട് ബിരിയാണി ഓർഡർ ചെയ്തു. അവിടെ നിന്ന് കുടിക്കാനുള്ള വെള്ളവും പിടിച്ചു.
വട്ട ഇല പോലെ ഒരു തരം ഇലയിലാണ് ബിരിയാണി പൊതിഞ്ഞു തന്നത്. കൈയിലോട്ടു വാങ്ങിയപ്പോൾ കൈ പൊള്ളുന്ന ചൂട്, നെഞ്ചോട് ചേർത്ത് പിടിച്ചോടി വണ്ടിയിൽ കയറി. പിന്നെ ഒട്ടും താമസിച്ചില്ല ചൂടാറു ന്നതിനു മുന്നേ, കൊതിയോടെ , ഉരുള ഉരുട്ടാതെ വിരലിന്റെ അറ്റത്തു കിട്ടുന്നത്ര വറ്റെടുത്തു വായിൽ വെച്ചു. Chop stick കൊണ്ട് ചൈനക്കാർ കഴിക്കുന്ന പോലെ, സത്യം അവരെത്ര അനായാസമായിട്ടാണ് രണ്ടു കമ്പു കൊണ്ട് പടപടാന്നു ചോറ് മുതൽ സൂപ്പ് വരെ കുടിക്കുന്നത്, ഞാനും ശ്രമിച്ചിട്ടുണ്ട്, കുഴഞ്ഞ ചോറാണെങ്കിൽ എങ്ങനെയും ഒപ്പിക്കാം, പക്ഷെ കൈ കൊണ്ട് കുഴച്ചുരുട്ടി കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.
ആരും ആരോടും ഒന്നും മിണ്ടിയില്ല. മണ്ണ് നുള്ളി ഇട്ടാൽ കേൾക്കാം. അത്രയ്ക്ക് നിശബ്ദത. ഭക്ഷണ പൊതിയുടെ പകുതി ആയപ്പോഴേക്കും പുറത്തുള്ള ശബ്ദങ്ങൾ കേട്ട് തുടങ്ങി. വണ്ടി വിടാറായി, വണ്ടി മെല്ലെ അനങ്ങി തുടങ്ങി. അപ്പോഴാണ് സെക്യൂരിറ്റി നോക്കുന്നവർ വിളിച്ചു കൂവിയത്, എല്ലാവരും ഒന്ന് കൂടി നോക്കിയേ അടുത്തിരുന്നവർ എല്ലാവരും ഉണ്ടോയെന്ന്. ആരും ഒന്നും പറഞ്ഞില്ല അപ്പോൾ സമാധാനമായി എല്ലാവരും കയറിയിരിക്കുന്നു.
വയറു നിറഞ്ഞപ്പോൾ എല്ലാവര്ക്കും വലിയ ഉത്സാഹം, കഥ പറയാൻ, പാട്ടു പാടാൻ, ശൃംഗരിക്കാൻ, കൊച്ചു വർത്തമാനം പറയാൻ.
വയറു നിറഞ്ഞതും ഞാൻ ഇച്ചിരി നേരം ഒരു മൂലയ്ക്ക് അടങ്ങി ഇരിക്കാൻ തീരുമാനിച്ചു, ഒറ്റക്കുള്ള സീറ്റിൽ ജനൽകമ്പികളിൽ തല ചാരി പുറത്തോട്ടു നോക്കിയിരുന്നപ്പോൾ, തീവണ്ടി താണ്ടിയ വഴിയോരകാഴ്ചകൾ എന്റെ കണ്മുന്നിൽ നോക്കെത്താ ദൂരത്തോളം നീണ്ടങ്ങനെ കിടക്കുന്നു, വളവും ചെരിവുമില്ലാതെ കിടന്നിടം നോക്കിയിരുന്നപ്പോൾ അറിയാതെ കണ്ണടഞ്ഞു അപ്പോൾ ഞാൻ ചെന്ന് നിന്നതു എന്റെ പ്രിയപ്പെട്ട കൊല്ലത്തെ കോളേജിലും.
ഭൂലോകത്തിന്റെ സ്പന്ദനം പ്രേമത്തിലാണെന്നു ബോധ്യപ്പെട്ടത് TKM – ൽ ചേർന്നപ്പോഴാണ് . കാരണം, Assignment, പരീക്ഷ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും പെൺകുട്ടികളുടെ സഹായം ഇല്ലാതെ ഒന്നും നടക്കില്ല. അപ്പോൾ പിന്നെ പ്രേമിക്കാതിരിക്കാൻ പറ്റില്ല , നിലനില്പിനുള്ള അലിഖിതമായ ഒരേ ഒരു തത്വമാണ് പ്രേമം.
ആദ്യമായി പ്രൊഫഷണൽ കോളേജിൽ ചേർന്ന കുട്ടികളുടെ മനസ്സിൽ ഉണ്ടായ ചാഞ്ചല്യവും അതാതു ക്ളാസ്സിലെ പിള്ളാര് തമ്മിൽ ആദ്യം തോന്നിയ ആകര്ഷണവുമെല്ലാം രണ്ടാമത്തെ സെമെസ്റ്ററോട് കൂടി അപ്രത്യക്ഷമായി എന്ന് പറയുന്നതാവും ശരി. അങ്ങനെ മിക്കവരും മറ്റു ഡിപ്പാർട്മെന്റിലും ക്ളാസ്സിലും ഉള്ള മരുപ്പച്ചകൾ തേടി പോയി, ഇവിടെയും ആണ്കുട്ടികൾക്കുള്ള ആനുകൂല്യം ഞങ്ങൾക്കുണ്ടായില്ല.
ഞങ്ങളുടെ കോളേജിൽ സന്തുലനത്തിന്റെ ഒരു പ്രശ്നമുണ്ടായിരുന്നു ഞങ്ങൾ പഠിക്കുന്ന സമയത്തു അതായതു 1977 മുതൽ 1982 വരെ, മൊത്തം കുട്ടികളുടെവളരെ കുറഞ്ഞ ശതമാനം മാത്രമേ പെൺകുട്ടികൾ ഉണ്ടായിരുന്നുള്ളു; കൂടിയാൽ പത്തന്പതു പേര് വരും. ഒരാളെ പലർ മനസ്സിൽ പ്രതിഷ്ഠിച്ചു നടന്നിരുന്നു എന്നുള്ളതാണ് വാസ്തവം.
അമർചിത്ര കഥയിലെ പഞ്ചപാണ്ഡവന്മാരെയും, പാഞ്ചാലിയെയും , ഹിഡുംബി ഭീമസേനന് കൊടുത്ത കണ്ണാടിയെ പറ്റിയും ഓർത്തു; ഭാഗ്യം അങ്ങനൊരു കണ്ണാടിയെ പറ്റി അന്നാരും ഓർക്കാഞ്ഞത്, എന്നാൽ എത്രയോ ഹൃദയങ്ങൾ തകർന്നു തരിപ്പണമായേനെ…
ഭൂമിയുടെ ഉല്പത്തി മുതൽക്കു തന്നെ സകല ചരാചരങ്ങളെയും ബന്ധിക്കുന്ന കണ്ണിയാണ് പ്രേമം. അതിൽ ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമുള്ള പ്രേമം എന്തെല്ലാം തരത്തിലാണപ്പോ.
College തിരഞ്ഞെടുപ്പോടെയാണ് പ്രേമത്തിന്റെ തീപ്പൊരി ആദ്യം കത്തുന്നത്, ഞങ്ങളുടെ കോളേജിൽ അന്ന് രാഷ്ട്രീയമില്ല പാർട്ടികൾ മാത്രം. അല്പം വിപ്ലവവും, സമാനത്വവും, ആർജ്ജവവും ഒക്കെ കൈമുതലായുള്ള സ്വതതന്ത്രമായി ചിന്തിക്കുന്ന പല ബാച്ചിലുള്ള കൂട്ടുകാർ ഓരോരോ കുടകീഴിൽ അണിനിരന്നിരുന്നു.
Revolutionaries, Radicals, Rationals, Liberation 80, Freedom എന്നിങ്ങനെ പല പേരിൽ. വോട്ട്ബാങ്ക് വേണമോ പെൺകുട്ടികളും അണികളാവണം അപ്പോൾ പിന്നെ ഒറ്റ മാർഗമേ ഉള്ളൂ, പാർട്ടികളുടെ ഉത്ഭവത്തിന്റെ കൂ ടെ തന്നെ പല തരം പ്രേമങ്ങളും പൊട്ടിമുളച്ചിരിക്കണം.
ചില പാർട്ടിയുടെ മാനദണ്ഡം തന്നെ പ്രേമം ആയിരുന്നു , ആര് ആർക്കു സ്വന്തം എന്നതനുസരിച്ചാണ് സ്ഥാനാർഥി നിർണ്ണയം പോലുമുണ്ടായത്.അങ്ങനെ പലരും പലരുടെ താവളത്തിലെ സ്ഥാനാർത്ഥികളും, അണികളും ആയി. പിന്നങ്ങോട്ട് കൂടാനും സല്ലപിക്കാനും ഉള്ള സൗജന്യ പ്രവേശന ടിക്കറ്റ് കിട്ടിയ പോലെ ആണ്. വോട്ടു പിടിക്കണം എങ്ങനെയും സ്ഥാനാർത്ഥികളെ ജയിപ്പിക്കണം, ഇതിനായി കച്ചകെട്ടിയിറങ്ങുന്ന കുറെ പടയാളികൾ. ഞങ്ങളുടെ കോളേജിൽ ഏറ്റവും രസകരമായ, ആനന്ദകരമായ, ക്രിയാത്മകമായ പലതും സംഭവിക്കുന്ന വേദിയാണ് ഇലക്ഷന്.
പ്രേമങ്ങൾ പല തരം; ആദർശ പ്രേമം; ഒന്ന് കണ്ടാൽ മതി, ഒന്ന് നോക്കിയാൽ മതി, ഒരു വാക്കൊന്നു മിണ്ടിയാൽ മതി, ഇങ്ങനെ ഉള്ള നിർദോഷങ്ങളായ ആഗ്രഹങ്ങളുടെ പ്രേമം.
ഞാൻ ഞാൻ മാത്രം, എന്ന് പറഞ്ഞു ഞാൻ തരുന്ന പഞ്ചാര എനിക്ക് മാത്രം എന്നെന്നും തിരിച്ചു തരണം എന്നുള്ള സ്വാർത്ഥ പ്രേമം.
ബെൽ അടിക്കുന്നതും ഓടി ചെന്ന് ലേഡീസ് വൈറ്റിങ്ങ് റൂമിന്റെ തൂണ് കൈവശപ്പെടുത്തി മണപ്പിച്ചു നിൽക്കുന്ന പ്രേമം; അവരിൽ ചിലരൊക്കെ ഇന്ന് ചേർന്നും, ചേരാതെയും കുടുംബം നടത്തുന്നു സന്തോഷത്തോടെ.
തിരികെ ഒന്നും പ്രതീക്ഷിക്കാത്ത സ്നേഹബന്ധങ്ങളുണ്ട്, വെറുതെ സ്നേഹിക്കുന്നു, കരുതുന്നു, അപ്പോൾ പിന്നെ ഭൂമിക്കു മുകളിലുള്ള സൂര്യന് കീഴെ ഉള്ള ഒന്നിനെയും പേടിക്കാനില്ല, വായിൽ തോന്നുന്നത് പറഞ്ഞിരിക്കും.
ഒന്നിനെയും കൂസാതെ, ചുറ്റുമുള്ളതൊന്നും തങ്ങളെ ബാധിക്കില്ല എന്ന് ഉറച്ചു വിശ്വസിച്ചു എല്ലാവരെയും ഒരു പോലെ സ്നേഹിച്ചു നടക്കുന്നവർ.
നേർക്കുനേർ നിന്ന് മനസ്സിലുള്ളത് പറയാൻ ധൈര്യം ഇല്ലാതെ, ഉണ്ടായാൽ തന്നെ എങ്ങനെ പറയണം എന്നറിയാതെ മാറിനിന്നു, സൗന്ദര്യത്തെയോ, വേഷത്തെയോ, തലമുടിയെയോ കള്ള ചിരിയെയോ പരിഭവത്തെയോ മറ്റേതെങ്കിലും ഒരു സ്വഭാവ വിശേഷതയെയോ ആരാധിക്കുന്ന പ്രണയം.
കാത്തുകാത്തിരുന്ന കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകുമ്പോൾ താടിയും മുടിയും നീട്ടി നിരാശാ കാമുകന്മാരായി നടക്കുന്നവരുടെ നഷ്ട സ്വപ്നങ്ങളുടെ തേങ്ങൽ.
നിനക്കൊക്കെ ഇഷ്ടമുണ്ടെങ്കിൽ പ്രേമിച്ചാൽ മതി എന്ന ഭാവത്തിൽ, നെഞ്ചു വിരിച്ചു മസിലു പിടിച്ചു നടക്കുന്നവർ; എന്നെ കിട്ടില്ല പിറകെ നടക്കാൻ എന്നും പറഞ്ഞു വിലസുമ്പോൾ, പെട്ടെന്ന് ഒരു മിടുക്കി അടുത്ത് വന്നു പേര് വിളിക്കുന്നതും ഗ്യാസ് പോകുന്ന പ്രേമം
അമിതാഭ് ബച്ചനേയും, കമലഹാസനെയും, ജയനെയും, യേശുദാസിനെയും, സീമച്ചേച്ചിയേയും, വിജയശ്രീയെയും, ഉണ്ണിമേരിയെയും പ്രേമിക്കുന്ന വൈകാരികമായ കാല്പനിക പ്രേമങ്ങൾ .
എപ്പോഴും വളരെ സൂക്ഷിച്ചു മാത്രം വികാരങ്ങൾ പ്രകടിപ്പിക്കുന്ന, എതിർ കക്ഷിക്ക് എന്തെകിലും തോന്നിയാലോ, ഇട്ടേച്ചു പോയാലോ, മിണ്ടാതിരുന്നാലോ എന്നൊക്കെ ഉള്ള ഭയം കാരണം വളരെ ശ്രദ്ധയോടെ മാത്രം പെരുമാറുന്ന വേദനിപ്പിക്കാതെ, പുറകെ നടക്കുന്ന, എന്തെങ്കിലും ഇഷ്ടമില്ലാത്തതു കണ്ടാലും പറയാതെ ചവച്ചരച്ചു ഇറക്കുന്ന ത്യാഗപൂർണ്ണമായ പ്രേമം.
പ്രേമിക്കുന്നവരെ കൈയഴിഞ്ഞു സഹായിച്ചു കാശു സമ്പാദിക്കുന്നവർ വേറെ. ഞങ്ങളുടെ കോളേജിൽ കാശിനു മുട്ട് വരുമ്പോൾ ആൺകുട്ടികളുടെ ഹോസ്റ്റലിൽ പലതരത്തിലുള്ള സ്വയം തൊഴിൽ കണ്ടെത്തൽ പദ്ധതികൾ ഉരുത്തുരിയും .
അതിലൊന്ന് Drawing Sheet വരച്ചു കൊടുക്കുന്ന പണിയാണ്. Drawing Sheet ഒന്നിന് 5 രൂപയായിരുന്നു നിരക്ക്. ഇതിന്റെ കൂടെ തന്നെ വടിവൊത്ത അക്ഷരമുള്ളവർ പ്രേമലേഖനങ്ങളും എഴുതി കൊടുത്തിരുന്നു, ലേഖനങ്ങൾ എഴുതിയ ചിലർ ഇന്നു വിദേശത്തുള്ള കോളേജുകളിൽ Professor- മാരായി വാഴുന്നു; ജീവിത കാലം മുഴുവൻ കുട്ടികൾക്ക് നോട്സ് തയ്യാറാക്കിയും എഴുതിയും.
പിള്ളാരെഴുതിയ കാവ്യാത്മകമായ പ്രേമലേഖനങ്ങൾ ലൈബ്രറി പുസ്തകത്താളിന്റെ ഇടയിൽ നിന്ന് കിട്ടി പ്രേമിച്ചു തുടങ്ങിയ ചെറുപ്പക്കാരായ സാറന്മാരും ഉണ്ടായിരുന്നു, അവരിൽ പലരും പിൽക്കാലത്തു വിവാഹം കഴിച്ചു മാത്രക ആവുകയും ചെയ്തു
ചില പ്രേമങ്ങൾ പ്രേമചാപല്യങ്ങളുടെ കൂമ്പാരമായിരിക്കും, എപ്പോ നോക്കിയാലും ശൃംഗരിച്ചോണ്ടു നടക്കുന്നവർ, തൊട്ടും, പിടിച്ചും ചേർന്നിരുന്നും കളികൾ പറഞ്ഞു നടക്കുന്ന പ്രേമം.
ഇതിന്റെ ഇടയിൽ ചില കുനിഷ്ടു വിചാരവുമായി നടക്കുന്നവരും ഉണ്ടാവും, അതായതു താൻ നോട്ടമിട്ടവർ വേറെ പ്രേമിച്ചാൽ, അതെങ്ങനെയും ഒന്ന് പൊളിഞ്ഞു പോകണേ എന്ന് ഗണപതിക്ക് തേങ്ങാ ഉടക്കുന്നവർ, പ്രേമം പൊളിയുന്നതും രക്ഷകരെ പോലെ ചാടി ചെന്ന് പ്രേമി ക്കുന്നവർ
ചിലരാണെങ്കിൽ തങ്ങളുടെ പ്രേമം ഒരിക്കലും പൂക്കില്ല എന്ന് അറിയുന്നതും ഏഷണി കൂട്ടി കയ്യാലപ്പുറത്തിരിക്കുന്ന മറ്റുള്ളവരുടെ പ്രേമങ്ങളെ കുളമാക്കുന്നവർ.
എന്നെ കിട്ടില്ല പ്രേമിക്കാൻ എന്ന് പറഞ്ഞു നടക്കുന്ന പുണ്യാളന്മാർ അവർ പള്ളിയിലെ അച്ഛനോ ഉപദേശിയോ ആകാൻ പഠിക്കുന്നവരെപോലെ ആണ്, എന്നാൽ എത്ര വര്ഷം കഴിഞ്ഞാലും ഒറ്റക്കുള്ളപ്പോൾ അവസരം കിട്ടിയാൽ കൂട്ടുകാരോട് ആകെ തിരക്കുന്നതു അവർ മനസ്സിൽ ആരാധിച്ചിരുന്ന, മോഹിച്ചിരുന്നു ആളിനെ പറ്റിയാവും.
ചിലർ തങ്ങളുടെ അനാമത്തു ചിലവുകൾ മുഴുവൻ പ്രേമിക്കുന്നവരുടെ കൈയ്യിൽ നിന്ന് ഇസ്ക്കാറുണ്ട്, അതിനും വേണം ഒരു മിടുക്ക്
സ്നേഹത്തോടെ, അലിവോടെ, കരുണയോടെ, മര്യാദയോടെ, ചുറുചുറുക്കോടെ, എല്ലാവരോടും മിണ്ടിയും പറഞ്ഞും നടക്കുന്ന കുറച്ചു പേരുണ്ടായിരുന്നു, അവരുടെ സമീപനം ഗാഢമായ അനുരാഗമാണെന്നു തെറ്റിദ്ധരിച്ചു കോളേജിന്റെ വരാന്തകളിൽ കുറ്റിയടിച്ചു നിന്നവരെ ഓർത്തുപോകുന്നു.
പ്രേമം എന്നാൽ ഒരു തരം ഊർജ്ജവും, ഉന്മേഷവുമാണ്, പ്രതീക്ഷ ആണ്!! പ്രേമിച്ചു പോയോ അമിതമായ ആവേശം, ഉത്കണ്ഠ, മൂകത, മ്ലാനത, ഇതെല്ലം അനുഭവിച്ചിരിക്കും. പ്രേമത്തിന്റെ ജോഡികളാണ് കാത്തിരിപ്പ്, കവിതകൾ, കഥകൾ, കത്തുകൾ, കണ്ണുനീര്. ജീവിത യാത്രയിൽ പാഠപുസ്തകങ്ങളിലുള്ളത് പഠിക്കാൻ പല അവസരങ്ങളുണ്ട് . പക്ഷെ കൗമാരപ്രായത്തിലുള്ള പ്രേമവും, അതിനോട് ചേർന്നുള്ള തട്ടിപ്പും, വെട്ടിപ്പും, ചുറ്റികളിയും, സാഹസികതയും, വീരശൂരപരാക്രമങ്ങ ളും അനുഭവിച്ചറിയാൻ ഭാഗ്യം തന്നെ വേണം.
അത് നഷ്ടപ്പെട്ടവരുടെ ജീവിതം കുളിരില്ലാത്ത തണുപ്പ് പോലെ ആണ്
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment