ഇലക്ഷൻ പ്രചാരണ പ്രവര്ത്തനങ്ങൾ പതുക്കെ പതുക്കെ ചൂട് പിടിക്കാൻ തുടങ്ങി
എന്തെങ്കിലുമൊരു കാര്യം കിട്ടാനിരിക്കും MH പൂര പറമ്പാക്കാൻ,
ആഘോഷങ്ങളുടെ ഉത്സവം
രാത്രിയുടെ അന്ത്യ യാമങ്ങളിൽ മാത്രം സട കുടഞ്ഞെഴുന്നേൽക്കുന്ന സര്ഗ്ഗശക്തി;
ദ്രോഹാലോചനയിൽ ചെന്നവസാനിക്കുന്ന പലപല ഗൂഢാലോചനകളും,
കുനിഷ്ടുകളും കൊണ്ട് നിറഞ്ഞതായിരിക്കും.
കന്നംതിരിവും, കുന്നായ്മയും, കുശുമ്പിൽ നിന്ന് ഉരുത്തിരിയുന്ന വക്രബുദ്ധിയൊക്കെ ചില പ്രത്യേക ഇനം ആൾക്കാർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്.
അവരാണ് കൗശലങ്ങൾക്കും ഉപായങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്.
കാലമെത്ര കഴിഞ്ഞാലും!! അവളിപ്പോ അങ്ങനെ അങ്ങ് ഷൈൻ ചെയ്യണ്ട
എങ്ങനെയും നാല് ചീത്ത പറഞ് അവളെ ഒതുക്കണം എന്ന് കരുതുന്നവരും,
ചില വിദൂഷകരും,
അവിടെയും ഇവിടെയും അതും ഇതും പറഞ്ഞു ചൂട് കേറ്റുന്നവരും,
ആന്റിനയും ഏരിയലും തലയിൽ മാത്രമല്ല ദേഹമാസകലം
ഘടിപ്പിച്ച ഞ്ഞൂഴ്ന്നു കേറ്റക്കാരും,
പാരക്കു ബിരുദാനന്തര ബിരുദം എടുത്തവരും
പല ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും .
ചില സഹായികൾക്ക് ഉറക്ക് പാട്ടു പോലെ പണി തുടങ്ങണമെങ്കിൽ എന്നും കഥകൾ കേൾക്കണം
വീര ശൂര പരാക്രമ കഥകൾ.
തുറുപ്പു ഗുലാനിട്ടു വെട്ടുന്ന പോലെയാണീ അരങ്ങുകൾ
അതുക്കും മേലെ
അതുക്കും അതുക്കും മേലെ
നേരം പര പരാന്നു വെളുക്കുന്നവരെ കഥകളുടെ ഒരു ഘോഷ യാത്ര ആയിരിക്കും
ഇത് കേട്ടാൽ മാത്രമേ ജ്ഞാനേന്ദ്രിയങ്ങൾക്ക് ചലനം ഉണ്ടാവൂ, അപ്പോൾ മാത്രമേ ലോകോത്തരമായ സൃഷ്ടികൾ ഉണ്ടാവൂ
സ്ഥാനാർത്ഥികൾക്കാണിതിൽ ഏറെ താല്പര്യം, പുട്ടും, പയറും, കാജാ ബീഡിയും, കട്ടനും, കള്ളുമൊക്കെ വാഗ്ദാനം ചെയ്താലും കഥകൾ കേട്ടില്ല എങ്കിൽ പോസ്റ്റർ വരക്കണ്ട സഹായികൾ ഒന്നും തുടങ്ങില്ല
അങ്ങനെ Liberation 80 – യുടെ പ്രവർത്തനപരിപാടികൾക്ക് തുടക്കം കുറിച്ച രാത്രി.
സ്ഥിരമായി കഥ പറയുന്ന കാഥികൻ ആദ്യത്തെ കഥ തുടങ്ങി
എല്ലാവരുടെയും എക്കാലത്തെയും സൂപ്പർ ഹിറ്റ് കഥകൾ.
മുതിർന്നവർ ആദ്യമായി MH-ൽ കാലെടുത്തു കുത്തിയപ്പോൾ ഉണ്ടായ അനുഭവ കഥകൾ. ദോഷമില്ലാത്ത കഥകൾ, പരമവിഡ്ഢിയായ കഥകൾ
ആദ്യം
പാവം ഒരു ഉണ്ണി
നാരായണൻ ഉണ്ണി
മുസലിയാർ കോളേജിൽ പഠിക്കാൻ വന്ന കഥ പറയാൻ തുടങ്ങി
അമ്മയുടെ ഇള്ള ഉണ്ണി
നാരായൺ ഉണ്ണി
തുമ്പയും തുളസിയും ഇടതൂർന്നു നിൽക്കുന്ന മനോഹരമായ ഒരു ഗ്രാമപ്രദേശം,
മുത്തശ്ശിയുടെ വെളുത്തലക്കിയ മുണ്ടിന്റെ കോന്തലയിൽ മുറുകെ പിടിച്ചുറങ്ങുന്ന ഉണ്ണി.
മെഴുകിയ തറയിലെ മെത്ത പായിൽ നാമം ജപിച്ചു സകലമാന ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് രാത്രി കിടക്കുമ്പോൾ,
ഒന്നേ പറയാറുള്ളൂ,
മുത്തശ്ശി എന്നെ തനിയെ ആക്കിയിട്ടു എങ്ങും പോകല്ലേ,
എവിടെ പോയാലും എന്നെ കൂടി കൂട്ടണേ എന്ന്.
പുലർച്ചെ 5 മണിക്ക് , പൈക്കളെ കറക്കാൻ മുത്തശ്ശി എഴുന്നേൽക്കുമ്പോൾ ഉണ്ണിയേയും കൂട്ടും,
ചുവടു ചളുങ്ങിയ ഓട്ടു മൊന്തയുടെ വക്കിൽ പിടിച്ചു ഉണ്ണിയും കൂടും, മുത്തശ്ശിയുടെ കൂടെ.
വെണ്ണ പാത്രവും, വെള്ളത്തിന്റെ കിണ്ടിയും മുത്തശ്ശി എടുക്കും
എരുത്തിലിന്റെ തിണ്ണ വരെ കണ്ണ് തുറക്കാതെ ആണ് ഉണ്ണി നടക്കാറ്
കാളത്തിണ്ണയിൽ കയറ്റി നിർത്തി വിളക്കിന്റെ തിരി നല്ലവണ്ണം തെളിക്കുമ്പോൾ മാത്രമേ ഉണ്ണി കണ്ണ് തുറക്കൂ
ആദ്യം തലേ ആഴ്ച ഉണ്ടായ കിടാവിനെ തള്ള പശുവിന്റെ അടുത്ത് കൊണ്ടാക്കും, കിടാവ് അങ്ങോട്ടുമിങ്ങോട്ടും ഓടിയും ചാടിയും ‘അമ്മ ചുരത്തുന്ന പാല് കുടിക്കാൻ ശ്രമിക്കും.
അവസാനം മുത്തശ്ശി തന്നെ കിടാവിനെ പിടിച്ചു കുടിപ്പിക്കും, അടുത്ത് നിന്ന് അധികാമാവുന്നതിനു മുന്നേ പിടിച്ചു മാറ്റും.
മുത്തശ്ശി സമയമെടുത്ത് പൈക്കളോടു കിന്നാരം പറഞ്ഞു പതുക്കെ പതുക്കെ കറക്കാൻ തുടങ്ങുമ്പോഴെല്ലാം ഉണ്ണിക്ക് ഒരു പ്രാർത്ഥനയെ ഉള്ളൂ
സൂര്യ ഭഗവാനേ എത്രയും പെട്ടെന്നൊന്ന് മാനത്തു വരണേ എന്ന്.
മുത്തശ്ശിക്കു പല പല ജോലികളാണ്
പാല് കറന്നതും, ആദ്യം ചൂടോടെ ഉണ്ണിയുടെ വായിൽ ഒഴിച്ച് കൊടുക്കുക ഒരു സ്ഥിരം പതിവായിരുന്നു.
അതിനു ശേഷം മുത്തശ്ശി എരുത്തിൽ വൃത്തിയാക്കാനും, കച്ചി വലിക്കാനും ഒക്കെ പോകും
ഉണ്ണി കിഴക്കോട്ടു കണ്ണും നട്ടിരിക്കും സൂര്യ ഭഗവൻ വരുന്നതും നോക്കി
പടിഞ്ഞാട്ട് വയലിലൂടെ കാക്കകൾ കാ കാ കാ എന്ന് കരഞ്ഞു കൊണ്ട് പറന്നു വരുമ്പോഴേ ഉണ്ണിക്കു സമാധാനമാവൂ
മുത്തശ്ശി വരുന്ന വരെ എഞ്ചുവടി ഉരുവിട്ടും, ശ്ലോകങ്ങൾ നിർത്താതെ ചൊല്ലിയും ഉണ്ണി ഇസ്കൂളിൽ ചെയ്യാനുള്ളതെല്ലാം മനസ്സിൽ ചിട്ടപ്പെടുത്തിക്കൊണ്ടിരുന്നു
ഉണ്ണി വളർന്നു വളർന്നു വലുതായി
അമ്പലത്തിലെ പ്രസാദവും വാങ്ങി ഒരു ദിവസം തിരികെ വന്നപ്പോൾ, വാരസ്യാരുടെ മകൾ കുഞ്ഞുലക്ഷ്മി വിളിച്ചു കൂകി
ഉണ്ണിയേട്ടാ ഉണ്ണിയേട്ടന് മുന്തിയ ക്ലാസ്സുണ്ട് പോലും
അച്ചൻ അമ്മയോട് പറയുന്നത് കേട്ടു
ഉണ്ണിയേട്ടന് ഏതോ സ്ഥലം —- കണ്ടാൽ ഇല്ലം വേണ്ടാത്തിടത്തു പഠിക്കാൻ തരപ്പെടുമെന്നു
ഒറ്റ മുണ്ടുമുടുത്തു നടന്ന ഉണ്ണി അങ്ങനെ കവലയിലെ കൃഷ്ണൻ മേസ്തിരിയുടെ കടയിൽ ചെന്ന് കുപ്പായം തുന്നിച്ചു
ഒരു ദിവസം ഉണ്ണി അച്ഛന്റെ കൂടെ ഇല്ലത്തു നിന്ന് പുറപ്പെട്ടു
മുത്തശ്ശി യുടെ നെഞ്ചു പിടഞ്ഞു, കവിളിലൂടെ ഉരുണ്ടുരുണ്ടു വീണ കണ്ണുനീര് ഉണ്ണിയെ കാട്ടാതെ മുത്തശ്ശി മാറത്തു കിടന്ന തോർത്ത് കൊണ്ട് പെട്ടെന്നു തുടച്ചു മാറ്റി
ഉണ്ണീ നീ സൂക്ഷിച്ചോണേ
വേണ്ടാത്ത പൊല്ലാപ്പിലൊന്നും പോയി കുടുങ്ങല്ലേ
എന്ന് പറഞ് മുത്തശ്ശി ഉണ്ണിയെ യാത്രയാക്കി
അച്ചൻ ഉണ്ണിയെ ഒരേ പോലെയുള്ള 5 കെട്ടിടത്തിൽ ആദ്യത്തേതിൽ കൊണ്ടാക്കി
അച്ചൻ തിരികെ പോയി
ഉണ്ണി ദീപസ്തംഭം പോലെ കെട്ടിടത്തിന്റെ മുന്നിൽ തന്നെ നിന്നു
അത്ര പ്രായം തോന്നാത്ത ഒരാൾ വന്നിട്ട്, പറഞ്ഞു
എന്റെ പേര് കലാം
ഇയാള് എന്റെ കൂടെ വാ
ഞാൻ ഇയാളുടെ മുറി കാണിച്ചു തരാം
അങ്ങനെ ഉണ്ണിയെ പുള്ളിക്കാരൻ
നടുക്കുള്ള കെട്ടിടത്തിലെ ഒരു മുറിയിൽ
കൊണ്ടാക്കി
ഉണ്ണി മെല്ലെ മെല്ലെ മുറിയാകെ നോക്കി, വലിയ ജനാല, മുകളിലായി വാതായനം മുറിക്കുള്ളിലെ കട്ടിലും, മേശയും, കസേരയുമൊക്കെ തൊട്ടു നോക്കി, പിടിച്ചു നോക്കി
പിന്നെ പതുക്കെ ഇരുന്നു നോക്കി
കിടക്കാൻ തുടങ്ങിയപ്പോൾ
പെട്ടെന്ന് കുറച്ചു പേര് മുറിയിലേക്ക് ഇരച്ചു കയറി
ഉണ്ണി ആകെ പരിഭ്രമിച്ചു
എന്താണെന്നോ ഏതാണെന്നോ അറിയാതെ
ആള്കാരെല്ലാം കൂടി ഉണ്ണിയുടെ മേശയിലും, കട്ടിലിലും ഒക്കെയായി കയറി ഇരുന്നു
കൂട്ടത്തിൽ നല്ല ഒത്ത ശരീരമുള്ള ഒരാൾ കസേരയിൽ ഇരുന്നു
രണ്ടു പേര് പിന്നിൽ നിലയുറപ്പിച്ചു
പലരും കള്ളിമുണ്ടാണ് ധരിച്ചിരുന്നത്
മിക്കവർക്കും ഉടുപ്പുണ്ടായിരുന്നില്ല
ഉള്ളവർ മുകളിലത്തെ കുടുക്കൊന്നും ഇട്ടിട്ടുമുണ്ടായിരുന്നില്ല
അതിൽ ഒരാൾ ഉണ്ണിയേക്കാൾ അല്പം പൊക്കമുള്ള മെലിഞ്ഞ കുട്ടി, ഉടുപ്പും ട്രൗസറും ഇട്ട കുട്ടി
ആ കുട്ടിയോട് അവർ ഉണ്ണിയുടെ അടുത്ത് നിൽക്കാൻ പറഞ്ഞു
എന്നിട്ടു കസേരയിൽ ഇരുന്ന ആൾ ആജ്ഞാപിച്ചു
നിനക്കറിയാവുന്ന ഏറ്റവും വലിയ ഒരു ചീത്ത പറ
ഉണ്ണിയുടെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ
ഉണ്ണിയുടെ കാതടയുന്ന പോലെ
ഉണ്ണിയുടെ ശ്വാസം നിന്ന പോലെ
ഉണ്ണി കണ്ണിമയ്ക്കാതെ നിന്ന്
അപ്പോൾ ഓരോരുത്തരായി ആക്രോശിക്കാൻ തുടങ്ങി
നിനക്ക് പറഞ്ഞത് മനസ്സിലായില്ലേ
ഞങ്ങൾ ആരാണെന്നു നിനക്ക് മനസ്സിലായോ
ഇവിടത്തെ കൂടിയ എഞ്ചിനീയർ മാരാണ്
നാളെ നിനക്ക് ക്ലാസ്സിൽ കയറണമെങ്കിൽ പെട്ടെന്ന് പറ
നിനക്കറിയാവുന്ന ഏറ്റവും വലിയ ഒരു ചീത്ത പറ
ഉണ്ണി കണ്ണടച്ച് നാമം ജപിക്കാൻ തുടങ്ങി
ഉറക്കെ അല്ല മനസ്സിൽ
അറിയാവുന്ന എല്ലാ വാക്കുകളിലൂടെയും തിരയാൻ തുടങ്ങി
CTRL F അടിച്ചിട്ട് ടെൻഡർ ഡോക്യൂമെന്റിലെ ഒരു വാക്കു കണ്ടു പിടിക്കുന്ന പോലെ
അവസാനം വിമ്മിഷ്ടപെട്ട്, നാക്ക് കടിച്ചു പിടിച് വിഷമിച്ചു
പറഞ്ഞു
പോത്തു
കൂട്ടത്തിൽ ചുള്ളനായ ഒരുവൻ അറിയാതെ അത് ആവർത്തിച്ചു
പോത്തോ
അവിടെ ഉണ്ടായിരുന്ന എല്ലാവരും പൊട്ടി പൊട്ടി ചിരിച്ചു
ഉണ്ണിക്കപ്പോഴാണ് ജീവൻ വീണത്
അപ്പോൾ പിന്നെ കസേരയിലെ മുതിർന്ന എഞ്ചിനീയർ അടുത്ത പയ്യനോട് ചോദിച്ചു
നിന്റെ പേര് പറയെടാ
ഡൊമിനിക് പോൾ
ശരി ഇനി നിനക്കറിയാവുന്ന ഏറ്റവും വലിയ ഒരു ചീത്ത പറ
അപ്പോൾ കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായൻ
കാഞ്ഞിരം പോലും നാണിച്ചു മാറി നിൽക്കുന്ന
അക്ഷരമാലയിലെ എല്ലാ –കാരവും, ചേർത്ത് കടിച്ചാൽ പൊട്ടാത്ത ഒരു അലക്കങ്ങലക്കി.
അവന്റെ അമ്മേനേം, അപ്പനേം, അമ്മൂമ്മേനേം അപ്പൂപ്പനേം എല്ലാരേം ചേർത്ത് ശ്വാസം വിടാതെ, മലയാളത്തിലും ഹിന്ദിയിലും,
ചൂരൽ കഷായം പേടിച്ചു ഉറക്കത്തിൽ, എഞ്ചുവടി കാണാതെ പറയുന്ന കുട്ടിയെ പോലെ,
ഇക്കിൾ വന്നിട്ട് നിർത്താൻ പറ്റാത്തവനെ പോലെ
നിർത്താതെ പറയുന്നത് കേട്ടിട്ട്
ഞെട്ടി തരിച്ചു തരിപ്പണമായ മുതിർന്ന വിദ്യാർഥി കതകിന്റെ അടുത്ത് നിന്നവനോട് പറഞ്ഞു
എടാ അളിയാ
ഓടി പോയി നോട്ട് ബുക്ക് എടുത്തോണ്ട് വാ എഴുതി എടുക്ക്
നീയൊക്കെ ഇവന് ശിഷ്യപെടുന്നതാ മാനം
മലയാളവും, ഹിന്ദിയും മാറി ഇംഗ്ലീഷ് തുടങ്ങിയപ്പോഴേക്കും ആരോ അച്ചായൻ പയ്യന്റെ ഇടുപ്പിനൊരു കുത്തു കൊടുത്തു …………. ശ്വാസം വിടാൻ
എന്നിട്ടു ചോദിച്ചു എന്തുവാടേ നീ ചീത്തവിളി ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ആണോടേ
പിന്നെ ആരും ഒരിക്കലും കാഞ്ഞിരപ്പള്ളിയിലെ അച്ചായനെ തൊട്ടു കളിച്ചിട്ടില്ല
അങ്ങനെ ഒന്നാം ദിവസത്തെ കഥയുടെ പര്യവസാനമായി
അപ്പോഴേക്കും
വരയുടെ ഉസ്താദ്
തല തല്ലി ചിരിച്ചിട്ട്
എഴുന്നേറ്റു കട്ടനടിച്ചു
ആദ്യത്തെ പോസ്റ്റർ മതിലിൽ ചാരി വെച്ചു
എന്നിട്ടു തല ഉയർത്തി ചോദിച്ചു
ഇപ്പോളും ഉണ്ണി ഇങ്ങനാണോ എന്ന്
അപ്പോൾ ആ നിമിഷം ചോദിച്ചവൻ കേട്ടതു
കാഞ്ഞിരപ്പള്ളിയിലെ അച്ചായന്റെ നിഘണ്ടുവിലും ഇല്ലാത്ത ഒന്ന്!!
നോക്കിയപ്പോൾ
പിന്നിൽ വാതിലിൽ ചാരി നില്കുന്നു സാക്ഷാൽ നാരായണൻ ഉണ്ണി
മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും ഉണ്ണിക്കുമുണ്ടായി സൗരഭ്യം ……………..
പിൽക്കാലത്തു വന്ന പയ്യന്മാരെ
ഏറ്റവുമധികം വലച്ച സാക്ഷാൽ നാരായണൻ ഉണ്ണി
ഇന്നത്തെ കഥ കടപ്പാട് നമ്മുടെ സ്വന്തം Shai
നമ്മുടെ സ്വന്തം TKM-ലെ വിശേഷങ്ങൾ കുരുത്തക്കേടുകൾ പങ്കിടാൻ, ഇഷ്ടമുള്ളവർക്ക് അയക്കാം, സമയവും സന്ദർഭവും, പേരും, പറഞ്ഞാൽ ഞാൻ എന്റെ ഓര്മക്കുറിപ്പുകളുടെ കൂടെ, സ്നേഹത്തോടെ, സന്തോഷത്തോടെ അതുൾപ്പെടുത്തി അവരുടെ പങ്കാളിത്തവും രേഖപ്പെടുത്തി പ്രസിദ്ധീകരിക്കാൻ ശ്രമിക്കാം ..
Leave A Comment