റെയിവെക്കാരുടെ ചിട്ടകളെയും ചട്ടങ്ങളെയും പറ്റി എത്ര പറഞ്ഞാലും മതിയാവില്ല, എനിക്ക് ആദ്യമായി തൊട്ടു തന്നത് റെയിൽവേ ഗാർഡിന്റെ ഭാര്യ, ഞാൻ പിച്ചവെച്ചു നടന്നത് റെയിൽവേക്കാരുടെയും, പോസ്റ്റ് മാസ്റ്ററിന്റെയും വീട്ടിൽ. ഞാൻ വളർന്ന സാഹചര്യമാവാം നേരം വെളുക്കുന്നതിനു മുന്നേ എഴുന്നേറ്റു തൂക്കാൻ പോകുന്ന പോലെ സ്കൂളിലും ഓഫീസിലും പോകാനുള്ള എന്റെ ശീലത്തിന് കാരണം. എവിടെ എങ്കിലും പോകണമെന്ന് പറഞ്ഞാൽ പിന്നെ ഉറക്കവുമില്ല ഊണുമില്ല ഒരിക്കൽ പോലും താമസിക്കാതെ എപ്പോഴും തയ്യാർ. പഴയ ബ്രിട്ടീഷ് ചട്ടങ്ങളാണ് റെയിൽവേയിൽ ജോലി ചെയ്യുന്ന എല്ലാവര്ക്കും. അവരൊരിക്കലും താമസിച്ചു ഓഫീസിൽ പോകാറില്ല നേരത്തെ ജോലി സ്ഥലത്തു നിന്ന് ഇറങ്ങി ഓടാറുമില്ല. ജോലിസമയത്തിനു വളരെ മുന്നേ തന്നെ ഓഫീസിൽ എത്തുന്നു , എല്ലാ പണിയും തീർത്തു രേഖകളൊക്കെ കൃത്യമാക്കിയതിനു ശേഷമേ മടങ്ങാറുമുള്ളു. ജോലിയോടുള്ള ആത്മാർഥത കണ്ടും കൊണ്ടും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഇങ്ങനെ നല്ല ശീലങ്ങൾ കണ്ടു വളരാൻ തരപ്പെട്ടതിനു ഞാൻ പലരോടും കടപ്പെട്ടിരിക്കുന്നു. സർക്കാർ ആപ്പീസുകളിൽ പൊതുവെ കാണാൻ ബുദ്ധിമുട്ടുള്ള കൃത്യനിഷ്ഠയും ആത്മാർഥതയും ഇവിടെ നമുക്ക് കാണാൻ പറ്റും. ഒരാളിലല്ല എല്ലാവരിലും, റയില്വേക്കാരുടെ ജീവിത രീതിയാണ് ജോലിയോടുള്ള അച്ചടക്കവും, പ്രതിബദ്ധതയും.
എപ്പോഴും അലക്കി തേച്ച യൂണിഫോം ധരിച്ചേ ഇവരെ കാണാറുള്ളൂ. അടുക്കും ചിട്ടയുമുള്ള സംസ്കാരം. യാത്രക്കാരോട് കരുതലോടെ പെരുമാറുന്ന കൂട്ടർ , ഒറ്റപെട്ടു പോകാറുള്ളവരെ നിർലോഭം സഹായിക്കുന്ന പല ഉദ്യോഗസ്ഥന്മാരെയും എനിക്കറിയാം, ഇന്ത്യൻ റെയ്ൽവേയിൽ ജോലിയുള്ള ആരെങ്കിലും പരിചയക്കാരായിട്ടുണ്ടെങ്കിൽ അവരുടെ സഹായം കൈപറ്റാത്ത ഒരാളും ഭൂമി മലയാളത്തിൽ ഉണ്ടാവില്ല. പ്രത്യേകിച്ച് ഇന്റർവ്യൂവിനു പോകാൻ, അല്ലെങ്കിൽ അവധിക്കു നാട്ടിലേക്ക് വരാൻ, തിരികെ ജോലി സ്ഥലത്തേക്കോ പഠിക്കുന്ന സ്ഥലത്തേക്കോ പോകാനൊക്കെ റിസർവേഷൻ ശരിയാക്കാൻ ഉദ്യോഗസ്ഥരായ പരിചയക്കാരെ ആശ്രയിക്കാറുണ്ട്. അപ്പോൾ പുറത്തെടുക്കുന്ന ഒരു വജ്രായുധമാണ് EQ എമർജൻസി കോട്ട, ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് റിലീസ് ചെയ്തു യാത്ര പോയാൽ മാത്രമേ യാദൃച്ഛികമായുണ്ടാവുന്ന സംഭവങ്ങൾ നേരിടാൻ റെയിൽവേ എന്ന വകുപ്പ് കരുതിയിരിക്കുന്ന തയ്യാറെടുപ്പുകളെ പറ്റി നമ്മൾ ബോധവാന്മാരാവൂ. ആകസ്മികമായും അവിചാരിതമായും സംഭവിക്കാവുന്ന ഏത് അനിശ്ചിതസംഭവത്തെയും നേരിടാൻ പാകത്തിനുള്ള വിശദാംശങ്ങൾ അടങ്ങിയ, സമഗ്രമായ ചട്ടങ്ങളും ചിട്ടകളും രേഖപ്പെടുത്തിയിരിക്കുന്ന പെരുമാറ്റച്ചട്ടങ്ങൾ നിറഞ്ഞതാണീ ബ്രഹത്തായ യാത്രാ സമ്പ്രത്തായതിന്റെ ഓരോ ഏടും.
എറണാകുളം വിട്ടെങ്കിലും ഞാൻ വീണ്ടും കൊല്ലത്തെ റെയിൽവേ സ്റ്റേഷനെ പറ്റി ഓർത്തിരുന്നു പോയി. സാധാരണ ഞാൻ എന്റെ സൈക്കിൾ , ലൂണ, TVS അതേതായാലും, പഴയ സ്റ്റേഷന്റെ മുന്നിൽ തുളസിത്തറ പോലുള്ള പേരാലിന്റെ ചുവട്ടിലാണ് സ്ടാണ്ടിട്ടു വെക്കാറു. എത്ര നേരം കഴിഞ്ഞു തിരികെ ചെന്നാലും ആരും തൊടാറില്ല അവിടെ തന്നെ കാണും. ഈ ആലൊരു സുന്ദരി തന്നെ ആയിരുന്നു, വേരുകൾ ആകാശത്തുനിന്നു താഴോട്ട് തൂങ്ങിക്കിടക്കുന്ന പോലെ, മനുഷ്യർക്കും ഒരായിരം പക്ഷികൾക്കും തണലായിട്ടുള്ള പേരാൽ. ആലിന്റെ തണലിൽ സ്റ്റേഷന്റെ വാതിലും ഇരുണ്ടിരിക്കും. തണുപ്പുള്ള കല്ലുകൾ പാകിയ തറയാണ്സ്റ്റേഷനിൽ ഞാൻ സാധാരണ പഴയ സ്റ്റേഷന്റെ കതകിലൂടെ ആണ് പുതിയ പ്ലാറ്റഫോമിലേക്കു ഓടി കയറുക ഇടത്തോട്ട് നോക്കുമ്പോൾ സ്റ്റേഷന്റെ അതിർത്തിയിൽ പാളം വളഞ്ഞു തുടങ്ങുന്നത് കാണാം. പിന്നങ്ങോട്ട് പാളം കാണാൻ പറ്റില്ല
കൊല്ലം സ്റ്റേഷന്റെ ഘടന വളരെ വിചിത്രമാണ്. കൊണ്ടയിൽ കുത്തുന്നു പഴയ ഹെയർപിൻ പോലെ വളഞ്ഞു കിടക്കുന്ന പാളങ്ങൾ. തെക്കോട്ടും വടക്കോട്ടും പോകുന്ന ട്രെയിൻ ഇങ്ങനെ വലിയ യൂപോലെ വളഞ്ഞു കിടക്കുന്ന പാളങ്ങളിലൂടെയാണ് പോകുക, ഓരോരോ ബോഗിയായി മാത്രമേ കാണാൻ പറ്റൂ വരുമ്പോഴും പോകുമ്പോഴും.
സ്റ്റേഷനിൽ കയറി പ്ലാറ്റഫോമിലൂടെ നടക്കുമ്പോൾ പരിചിത മുഖങ്ങൾ പലതാണ്, പോർട്ടർ തൊട്ടു ഉദ്യോഗസ്ഥന്മാർ വരെ, വെയ്റ്റിംഗ് ഷെഡിന്റെ മുന്നിലുള്ള ഹിഗ്ഗിൻബോതംസ് എന്ന പുസ്തകശാലയിൽ ചെന്ന് ഏതെങ്കിലുമൊക്കെ പത്രമോ മാസികയോ മറിച്ചു നോക്കാത്ത ചിലതൊക്കെ സ്ഥിരമായി വാങ്ങാത്ത പതിവ് യാത്രക്കാർ വളരെ ചുരുക്കമാണ്. കാശ് കൊടുക്കാതെ ഇന്ത്യ ടുഡേ, ഇല്ലസ്ട്രേറ്റഡ് വീക്കിലി ഇത്യാദി വാരികകൾ, വളരെ സൂക്ഷിച്ചു കൈയ്യിലെടുത്തിട്ടു, ചുളിവുണ്ടാക്കാതെ താളുകൾ മറിക്കാനും സ്പീഡിൽ വായിക്കാനും അനുവദിക്കുന്ന കടയിലെ അണ്ണൻ വളരെ വേണ്ടപ്പെട്ട ആളായിരുന്നു.
മിക്ക കുട്ടികൾക്കും അമർ ചിത്ര കഥ, ബാലരമ തുടങ്ങിയ പുസ്തകങ്ങൾ മുതിർന്നവർ വാങ്ങി കൊടുക്കുക ഇവിടെ നിന്നാണ്, പിന്നെ പലതരം അനുമോദനങ്ങൾ അറിയിക്കാനുള്ള കാർഡുകൾ ഇതൊക്കെ അടങ്ങിയ ഒരു സമഗ്ര സമ്പൂർണ സ്ഥാപനം.
കേരളത്തിലും, കർണാടകത്തിലും തമിഴ് നാട്ടിലുമുള്ള വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഹിഗിൻബോതംസിന്റെ ശാഖകൾ ഉണ്ട്, വിരളവും, അസാധാരണവുമായ പുസ്തകങ്ങൾ കിട്ടുന്ന കട അതായിരുന്നു എനിക്ക് ഹിഗ്ഗിൻബോതംസ്, പ്രശസ്തിയേറിയ എഴുത്തുകാരുടെ പുസ്തകങ്ങൾക്കിടയിൽ ചില പ്രത്യേക പുസ്തകങ്ങൾ കാണും, പുറം രാജ്യങ്ങളിൽ നിന്നുള്ള പുസ്തകങ്ങൾ, പല തരം തൈയ്യൽ മാതൃകകൾ, പല തരം പാചക കുറിപ്പുകൾ, എന്റെ ചെറുപ്പത്തിൽ മുതിർന്നവരുടെ കൂടെ യാത്ര പോകുമ്പോഴൊക്കെ ഏതെങ്കിലും ഒരു പുസ്തകം വാങ്ങിപ്പിക്കും, ഇതൊരു ശീലമായിരുന്നു..
ഏതു വലിയ സ്റ്റേഷനിൽ ചെന്നാലും ഞാനീ കട അന്വേഷിച്ചു നടക്കും, മിക്കപ്പോഴും വെയ്റ്റിംഗ് റൂമിന്റെ മുന്നിലാണ് സ്ഥാനം. എന്റെ സംശയങ്ങളുടെ കൂട്ടത്തിലെ ഒരു ചോദ്യമായിരുന്നു, ഓരോ പേപ്പറും മാസികയും ഒരേ സ്ഥലത്തു തന്നെ എല്ലാ കടയിലും കൃത്യമായി വെക്കുന്ന അല്ലെങ്കിൽ തൂക്കിയിടുന്ന ഈ കട നോക്കുന്നത് ആരാവും. ഒരേ പോലെ ഇടണമെങ്കിൽ ആരെങ്കിലും പറയാതെ ഇങ്ങനെ ചെയ്യുമോ. ഓരോ സാധനവും അതാതു സ്ഥാനത്തു വെക്കണമെന്നുള്ള ചിട്ട ആരാവും ശ്രദ്ധിക്കുക. സായിപ്പിന്റെ ചിട്ടകളുടെ രീതി ഇങ്ങനെയാണ്. എല്ലാം വിശദമായി എഴുതി തിട്ടപ്പെടുത്തിയിരിക്കും, പെരുമാറ്റ ചട്ടങ്ങൾ ആണെങ്കിലും, പ്രവർത്തന രീതികൾ ആണെങ്കിലും. എല്ലാത്തിനും ഒരു രീതി ഉണ്ടാവും, അത് കൃത്യമായി രേഖപ്പെടുത്തിയിരിക്കും.
ഇവിടെ അടുത്തായിട്ടാണ് Line Box- കൾ കൊണ്ട് വെക്കാറു, Guard-നും ഡ്രൈവറിനും മാത്രം അനുവദിച്ചിട്ടുള്ള ലൈൻ ബോക്സ്, ഓതറയിലെ അപ്പച്ചൻ, എന്റെ തലതൊട്ടപ്പച്ചന് ഇങ്ങനെ ഒരു ലൈൻ ബോക്സ് ഉണ്ടായിരുന്നു, അതിൽ പച്ചയും ചുമലയും കൊടിയുണ്ട്, റയില്വേക്കാരുടെ പ്രത്യേക വിളക്കുണ്ട്, യൂണിഫോം ഒരു സെറ്റ്, അത്യാവശ്യമുള്ള പ്രഥമശുശ്രൂഷക്കുള്ള മരുന്നുകൾ, നല്ല ഭാരമുള്ള പെട്ടിയാണ്പോർട്ടറുമാരാണ് അത് വണ്ടിയിൽ നിന്നെടുത്തു കൃത്യമായി ഈ സ്ഥലത്തു കൊണ്ട് വെക്കുക
സാമിച്ചായന്റെ കൂടെയുള്ള പല യാത്രകളിലും ട്രെയിൻ വിട്ടു കുറച്ചു കഴിയുമ്പോൾ ചോദ്യങ്ങളുടെ പട്ടികയുമായി ഞാൻ അടുത്ത് കൂടും, കൈ വീശി വഴിയിലുള്ളവരോട് യാത്ര പറയുന്നത് പോലെ പാളത്തിന്റെഅരുകിൽ വലിയ ചുറ്റികയുമായി നിൽക്കുന്ന പഴയ പോലീസുകാരുടെ പോലെ നിക്കറിട്ട ആൾക്കാരെ കാണാറുണ്ട്, ഗാംഗ്മെൻ; അവരുടെ പണി പാളത്തിലെന്തെങ്കിലും പൊരുത്തക്കേടോ, വിള്ളലോ പാളങ്ങൾ തമ്മിൽ യോജിപ്പിക്കുന്ന ഫിഷ് പ്ലേറ്റിൽ പൊട്ടലോ മറ്റോ ഉണ്ടോ എന്ന് നോക്കുക, ഉണ്ടെങ്കിൽ അത് ശരിപ്പെടുത്തുക, ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഒക്കെ ഉള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മഴക്കാലത്തു വിശ്രമം കിട്ടുക വളരെ പ്രയാസമാണ്. അതിർത്തി കാക്കുന്ന പട്ടാളക്കാരെ പോലെ ആണിവർ, വണ്ടിയിൽ കയറി പാട്ടും കൂത്തും, ഭക്ഷണവുമൊക്കെ ആയി ആസ്വദിച്ചു യാത്രചെയ്യുന്ന നമ്മൾ പലപ്പോഴും ഓർക്കാറില്ല ഇങ്ങനെ കുറെയധികം ആൾക്കാരുടെ നിരന്തരമായ ശ്രദ്ധയാണ് നമ്മെ അപകടങ്ങളിൽ നിന്നൊക്കെ കാത്തു ഓരോ ദിക്കിലേക്ക് എത്തിക്കുന്നതെന്നു.
ഞാനൊരിക്കൽ അപ്പച്ചനോട് ചോദിച്ചു, ശമ്പളം കൊടുക്കാൻ ഓരോ സ്റ്റേഷനിൽ പിരിച്ചെടുക്കുന്ന പൈസ എടുത്തിട്ട് ബാക്കി തുകൽ സഞ്ചിയിൽ കെട്ടി ക്യാഷ് പെട്ടിയിലിട്ടു ഡിവിഷൻ ഓഫീസിൽ അയക്കാൻ പറ്റുമോ എന്ന്, അപ്പോഴാണ് അപ്പച്ചൻ റെയിൽവേയിലെ സങ്കീർണ്ണമായ അക്കൗണ്ടിംഗ് രീതികളെ പറ്റി പറഞ്ഞത്, വളരെ കര്ശനമായി അനുഷ്ഠിക്കുന്ന ചിട്ടകളാണ് റെയിൽവേ കണക്കുകൾ. എല്ലാ സ്റ്റേഷനിലെയും കാശു അന്നന്ന് തന്നെ ഓരോ മേലാപ്പീസിൽ എത്തിക്കുന്നു, ശമ്പളം കൊണ്ടുവരുന്ന ട്രെയിൻ ഉണ്ടായിരുന്നു, മേലാപ്പീസിൽ നിന്ന് ഒരാൾ സ്റ്റേഷനിലെ പേരുവിവരവും കണക്കുമായി ഓരോരോ സ്റ്റേഷനിലായി നിർത്തി കാശ് സ്റ്റേഷൻ മാസ്റ്ററിനു കൈമാറും, അത് പിന്നെ സ്റ്റേഷൻ മാസ്റ്ററിന്റെ ഉത്തരവാദിത്വമാണ്, ഒരു വിശ്വാസത്തിന്റെ പേരിൽ കൈപ്പറ്റാറാണു പതിവ്, എണ്ണി തിട്ടപ്പെടുത്തി വാങ്ങണം എന്നാണ്, രണ്ടോ മൂന്നോ മിനിട്ടു നിർത്തുന്നതിന്റെ ഇടയിൽ ഇതെല്ലം നടക്കില്ല, കാഷ്യർ ഓരോരോ സ്റ്റേഷൻ കഴിയുമ്പോൾ അടുത്ത സ്റ്റേഷനിലെ കണക്കനുസരിച്ചു എണ്ണി വെച്ച് കൈമാറും. എല്ലാ മാസവും ഒരു ദിവസം ഇങ്ങനെ എല്ലാ സ്റ്റേഷനിലും നിർത്തി നിർത്തി ശമ്പളം കൊടുത്തു പോകും. ഗാംഗ്മെന്റെ ശമ്പളം ട്രോളിയിൽ ഒരു കാഷ്യറും കൂടെ രണ്ടു പോലീസുകാരുമായി കൊണ്ട് കൊടുക്കും, പണ്ട് പണ്ട് പുഷ് ട്രോളി ആയിരുന്നു 4 പേര് തള്ളി കൊണ്ട് പോകും, പിന്നെ പിന്നെ മോട്ടോർ ഘടിപ്പിച്ച ട്രോളി എന്നാലും 2 പേര് കാണും കൂടെ അഥവാ തള്ളേണ്ട വന്നാൽ, ക്യാഷ് Chest എന്നാണ് പണപ്പെട്ടിക്കു പറഞ്ഞിരുന്നത്.
എന്റെ അപ്പ എനിക്ക് മൂന്നു വയസ്സുള്ളപ്പോൾ എന്റെ പേരിൽ ഒരു പ്രസ് തുടങ്ങിയിരുന്നു, Beena Printers, ലോകത്തെവിടെ പോയാലും, അച്ചടി ശാലകൾ കണ്ടാൽ എന്റെ ഹൃദയം തരളിതമാകാറുണ്ട്, കടലാസിന്റെ മണവും, മഷിയുടെ നിറവും, ഈയത്തിലുണ്ടാക്കുന്ന അച്ചുമൊക്കെ എന്നെ മാടി വിളിക്കുന്ന പോലെ തോന്നാറുണ്ട്, പിന്നെ പിന്നെ പുരോഗമനവും, സാങ്കേതിക വിദ്യകളുടെ മുന്നേറ്റവുമെല്ലാം ആയപ്പോൾ പഴയ യന്ത്രങ്ങളും, വജ്രപശയും, മഷി പുരണ്ട റോളറുംഎല്ലാം അമ്പേ കാലഹരണപ്പെട്ടു.
പത്രത്തിന്റെ താള് രണ്ടായി നെടുകെ മുറിച്ചിട്ട് അടുക്കി വെച്ച് തുന്നിക്കെട്ടി തുകല് കൊണ്ട് ഒട്ടിച്ചെടുത്ത പുസ്തകങ്ങളുടെ തൈയ്യൽ ഊരി പോയതും താള് ഇളകിയതും തുന്നി ചേർത്ത് വീണ്ടും ബലവത്താക്കാൻ ഇടയ്ക്കിടെ പ്രെസ്സിൽ കൊണ്ട് വരുമായിരുന്നു. ജീവിതത്തിൽ ആദ്യമായി നിവർത്തിയിട്ട പത്രത്തിന്റെ വലുപ്പത്തിലുള്ള പുസ്തകങ്ങൾ കണ്ടത് റയിൽവേ സ്റ്റേഷനിൽ ആണ്, തുന്നിക്കെട്ടി സൈഡിൽ തുകലിന്റെ ബൈന്റിട്ടു ഉറപ്പിച് മൊത്തമായും പത്രം പോലെ തുറന്നു വെച്ച് കാര്യങ്ങൾ രേഖപെടുത്താനായി ഒത്തിരി ഒത്തിരി കോളങ്ങളുള്ള പുസ്തകം.
സാമിച്ചായന്റെ കൂടെ മദ്രാസിലെ റോയപുരത്തുള്ള റെയിൽവേയുടെ പ്രിന്റിങ് പ്രെസുള്ളിടത്തു കുഞ്ഞുന്നാളിൽ പോകാൻ ഒരവസരം ഉണ്ടായി; തെക്കേ ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ ഓടിത്തുടങ്ങിയതു റോയാപുരം സ്റ്റേഷനിൽ നിന്നാണ്, പ്രൗഢഗംഭീരമായ ഒരു റെയിൽവേ സ്റ്റേഷൻ ആയിരുന്നു, ആരും ശ്രദ്ധിക്കാതെ കുറെയധികം നശിച്ചെങ്കിലും പിൽക്കാലത്തു കെട്ടിടം പുതുക്കിപ്പണിയുക ഉണ്ടായി. ഭാരതത്തിന്റെ റെയിൽവേ ചരിത്രത്തിലെ പല ഏടുകൾ റോയാപുരം സ്റ്റേഷനുമായി ബന്ധപെട്ടു കിടക്കുന്നു.
അവിടെ കണ്ടത് വലിയ ഹാളും, പൊക്കത്തിലുള്ള മേൽക്കൂരയും അങ്ങ് ആകാശം മുട്ടി നിൽക്കുന്ന ജാളിയും, പൊടിപിടിച്ചിരിക്കുന്ന പലതരം അച്ചടി യന്ത്രങ്ങളും കൊണ്ട് നിറഞ്ഞ ഒരിടമായിരുന്നു. സിനിമയിലെ അടിയും ഇടിയുമൊക്കെ പിടിക്കാൻ പറ്റിയ ഇടം. കാശും കൊടുത്തു കൈ നീട്ടുമ്പോൾ കൈയിലേക്ക് വെച്ച് തരുന്ന കാർഡ്ബോർഡ് ടിക്കറ്റ് , PCT : Printed card ticket, ആദ്യം വലിയ കാർഡ്ബോര്ഡില് അച്ചടിച്ച ശേഷം, ജർമൻ നിർമിതമായ മെഷീൻ ഉപയോഗിച്ച് മുറിച്ചത്, 250 ടിക്കറ്റ് വീതമുള്ള കെട്ടാക്കി, ചണം കൊണ്ട് കെട്ടി പതിനായിരത്തിന്റെ പെട്ടിയിൽ അട്ടി അടുക്കി വെച്ചാണ് ഓരോ സ്റ്റേഷനിലേക്ക് കയറ്റി അയക്കുന്നത്. ഈ പ്രെസ്സിൽ ടിക്കറ്റ് മാത്രമല്ല, റെയിൽവേ സ്റ്റേഷനിൽ ഉപയോഗിക്കുന്ന വലിയ മുറം പോലത്തെ ലെഡ്ജർ, ടൈം ടേബിൾ ഇതെല്ലം അച്ചടിക്കാറുണ്ട്. സ്റ്റേഷന്റെയും, തീവണ്ടിയുടെയും ഒരു കൂട്ടം കാര്യം അങ്ങനെ ഓർത്തിരുന്നപ്പോളാണ് ശോഭ വന്നെന്നെ തട്ടി വിളിച്ചത്…
യാത്ര തുടരുന്നതായിരിക്കും
Leave A Comment