നവാസ് അപ്പോൾ എന്നോടും ജോമിയോടുമായി പറഞ്ഞു ബീന പറഞ്ഞത് ശരിയാണ്
ഈ നാടകത്തിന്റെ തിരക്കഥയുടെ പൂർണ്ണ അവകാശം ആൽബിൻ സാറിനു മാത്രമാണ്.
ആൽബിൻ സാറിന്റെ കൈയ്യൊപ്പ് വീണ സംഭവം ചരിത്രം ആയിരിക്കുന്നു. പ്രശംസനാര്ഹമായ പര്യവസാനം കൈവരിച്ചിരിക്കുന്നു
നടന്നതെല്ലാം നാസർ പറയും:
നാസർ തന്റെ വശ്യതയേറിയ ശൈലിയിൽ പറഞ്ഞു തുടങ്ങി:
കൊല്ലം സ്റ്റേഷനിൽ ഉണ്ടായ സംഭവം ബീന ഓർക്കുന്നുണ്ടല്ലോ? അങ്ങനെ മെല്ലെ മെല്ലേ കഥയുടെ ചുരുളഴിഞ്ഞു
ഞങ്ങളുടെ പേര് വെട്ടി മാറ്റിയതും ഞങ്ങളെ കൂടാതെ നിങ്ങൾ യാത്ര തുടങ്ങിയതും, എന്റെ കൈ പിടിച്ചു ഞങ്ങളുടെ അഭിമാനം കാത്ത ആൽബിൻ സാറ് ഒരു വാക്കു തന്നിരുന്നു എല്ലാം ശരിയാക്കാം എന്ന്.
ശരിയാണ് ബീന നേരത്തെ സൂചിപ്പിച്ചത് സാർ ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നു സാറിന്റെ കാറിൽ കയറ്റി ഞങ്ങളെയും കൊണ്ട് നേരെ പോയത് കോളേജിലേക്കാണ്. കോളേജിലേക്കുള്ള യാത്രക്കിടയിൽ, സാറെന്നോടു ഒന്ന് രണ്ടു കാര്യം ചോദിച്ചു. ഞങ്ങൾക്ക് ഈ ടൂറിനു പോകണമെന്ന് ശരിക്കും ആഗ്രഹമുണ്ടോ അതോ ഏതെങ്കിലും ഒരു പ്രൊജക്റ്റ് ചെയ്തു റിപ്പോർട്ട് സമർപ്പിച്ചാൽ മതിയോ എന്ന്. ഞാൻ സാറിനോട് പറഞ്ഞു: സാറിന്റെ ഒറ്റ വാക്ക് വിശ്വസിച്ചാണ് ഞാൻ പ്രശ്നങ്ങൾ വഷളാക്കാഞ്ഞത്.
സാർ, ഇതെന്റെ അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്. പിന്നെ സാറൊന്നും ചോദിച്ചില്ല, ചെയ്യണ്ട കാര്യങ്ങളുടെ ഒരു പട്ടിക പറഞ്ഞു തന്നു. സാറിന്നതു പറയാൻ ആലോചിക്കേണ്ട സമയം പോലും വേണ്ടി വന്നില്ല.
എന്നും, എല്ലാം, എപ്പോഴും തുടങ്ങുന്നത് നിവേദനങ്ങളിലൂടെയാണ്. ആദ്യം തന്നെ അക്കമിട്ടു എഴുതി ഉറപ്പാക്കുന്നത് നിവേദനത്തിന്റെ കാര്യപരിപാടി ആണ്. അതിനു ശേഷം അതിനെ വിപുലീകരിച് ചെയ്യണ്ട കാര്യങ്ങൾ, കാണേണ്ട ആൾക്കാർ ഇതൊക്കെ എഴുതി തന്നെ രേഖപ്പെടുത്തും. സമയപരിധിയും എഴുതി ചേർക്കും
എന്നിട്ടു കൈയ്യിൽ കൊണ്ട് പോകേണ്ട നിവേദനം തയ്യാറാക്കും, പേര് വെച്ചുള്ള എഴുത്തുകൾ. ഇതാണ് പൊതുവെ അവലംബിക്കുന്ന രീതി.
സാർ ഞങ്ങളെയും കൂട്ടി നേരെ കോളേജിൽ ചെന്ന് പ്രിൻസിപ്പലിനെ കണ്ടു; കാര്യങ്ങൾ ബോധിപ്പിച്ചു, മോശമായി പോയി ഈ കുട്ടികളോട് കാണിച്ചത്. ഇവരെ ഒരു സമാന്തര ടൂർ നടത്താൻ അനുവദിക്കണം അതാണ് ആദ്യ പടി.
മാനേജ്മെന്റിന്റെ അനുവാദമില്ലാതെ ഏകപക്ഷീയമായി ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് ശരിയല്ല എന്നാണ് പ്രിൻസിപ്പൽ ആയിരുന്ന ലബ്ബ സാറിനു തോന്നിയത്, എപ്പോഴും ഭദ്രമായ ഒരു നിലപാടെടുക്കുന്നതാണ് സാറിന്റെ ശൈലി.
അപ്പോൾ ഞാൻ എനിക്കറിയാവുന്ന ആൽബിൻ സാറിനെ പറ്റി ഓർത്തു. ഞങ്ങൾ പഠിച്ചിരുന്ന സമയത്തു ബുദ്ധിമുട്ടുള്ള, വിവാദപരമായ എന്തെങ്കിലുമൊക്കെ തീരുമാനങ്ങൾ കോളേജിന്റെ മാനേജ്മെന്റ് എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാം ഉത്തരവാദിത്വവും ആൽബിൻ സാറിന്റെ ചുമലിൽ ചാർത്താൻ ആർക്കും ഒരു പ്രശ്നമുണ്ടായിരുന്നില്ല, സാറിന്റെ വ്യക്തിത്വത്തിന് ആരെയും ബോധിപ്പിക്കാനുള്ള താല്പര്യവും ഉണ്ടായിരുന്നില്ല.
ശരിയായിട്ടുള്ളത് മാത്രം ചെയ്യുന്ന പ്രക്ര്തകാരനായിരുന്നു സാർ, എല്ലാ വരും വരാഴികളും ആലോചിച്ചു മാത്രമേ സാർ തീരുമാനങ്ങൾ എടുക്കാറുള്ളൂ, ആൽബിൻ സാറിനെ അടുത്തറിയാവുന്ന എല്ലാവര്ക്കും അറിയാം എടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും കുട്ടികളെ മുന്നിൽ കണ്ടു കൊണ്ടായിരുന്നു എന്ന്, കുറെ ഏറെ മുഴം മുന്നോട്ടു എറിയുന്ന പ്രക്രതക്കാരനായിരുന്നു സാർ, കുട്ടികളെ മാറ്റി നിർത്തി സാറിനു മറ്റൊരു കാര്യം ഉണ്ടായിരുന്നില്ല. അവർക്കു വേണ്ടി എന്ത് നാടകം കളിക്കാനും സാർ തയ്യാറായിരുന്നു. അതെല്ലാം തന്നെ ചിട്ടപ്പടി പഴുതുകളില്ലാതെ പ്രാവർത്തികം ആക്കിയിരുന്നു.
വളരെ അധികം തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള ഒരു വ്യക്തിത്വം. സാറിന്റെ തന്ത്രവൈദഗ്ദ്ധ്യം നേരിട്ടറിഞ്ഞവരിൽ പലരും എനിക്കെത്രയും പ്രിയപ്പെട്ടവരാണ്. വര്ഷങ്ങള്ക്കു ശേഷം ഞാനും സാറിന്റെയും, കുടുംബത്തിന്റെയും നിസ്വാര്ത്ഥമായ സ്നേഹാദരങ്ങൾക്കു പാത്രമായിട്ടുണ്ട്.
അപ്പോൾ നാസർ വീണ്ടും നടന്ന വിവരങ്ങൾ പറഞ്ഞു തുടങ്ങി, ഞങ്ങൾ കോളേജിൽ നിന്നിറങ്ങി നേരെ കോളേജിന്റെ ചെയർമാനെ കാണാനായി പുറപ്പെട്ടു, പോകുന്നതിനു മുന്നായി ഒരു വെള്ള കടലാസ്സിൽ ചെയർമാന്റെ പേരിൽ ഒരെഴുത്തെഴുതി, സാറിന്റെ നിര്ദ്ദേശപ്രകാരമുള്ള കത്ത്.
റെയിൽവേ സ്റ്റേഷനിൽ നടന്ന ദൗര്ഭാഗ്യകരമായ സംഭവത്തിനെ പറ്റി , വളരെ വിഷമത്തോടെ, സത്യസന്ധമായി രേഖപ്പെടുത്തി. ഏതൊരു വിദ്യാർത്ഥിക്കും കിട്ടുന്ന ഒരേ ഒരു അവസരമാണ് അവസാന വർഷത്തെ ഭാരത പര്യടനം. ആ അവസരം നഷ്ടപ്പെടുക എന്നത് ഞങ്ങളെ മാനസികമായി വല്ലാതെ തളർത്തിയ ഒരു സംഭവമാണ്, എന്നാൽ കോളേജും മാനേജ്മെന്റും അനുവദിച്ചാൽ ഞങ്ങൾക്ക് ക്ലാസ്സിലെ കുട്ടികളുമായി ഡൽഹിയിൽ ഒത്തു ചേരാൻ സാധിക്കും, രണ്ടു ദിവസത്തെ സമയം ഉണ്ട്. ട്രെയിനിന് പകരം Plane-ൽ പോകണമെന്നേയുളൂ അതിന്റെ ചിലവും ഉത്തരവാദിത്വവും ഞങ്ങൾ ഏറ്റെടുക്കാം. ഞങ്ങളുടെ മനസ്സിനെ പാടേ തളർത്തിയ ഒരു അനുഭവം ആണെങ്കിൽ പോലും ബാക്കി കുട്ടികളുമായി ഒത്തുചേരുമ്പോൾ ഞങ്ങൾ യാതൊരു വിധത്തിലുള്ള പ്രകോപനപരമായ പ്രവർത്തികളോ, പ്രതികാരമോ ചെയ്യില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ സ്വന്തം കൈപ്പടയിൽ എഴുതി നവാസും ഞാനും ഒപ്പിട്ട കടലാസ്സുമായാണ് ഞങ്ങൾ ആൽബിൻ സാറിന്റെ വണ്ടിയിൽ പുറപ്പെട്ടത്.
ചെയർമാന്റെ ഓഫീസിൽ ചെന്നു, സാർ ആദ്യം കയറി പുള്ളിക്കാരനെ കണ്ടു അതിനു ശേഷം ഞങ്ങളെ വിളിച്ചു, ഞങ്ങളോട് കത്ത് കൊടുക്കാൻ പറഞ്ഞു, അദ്ദേഹം കത്ത് തുറന്നു വായിച്ചു, എന്നിട്ടു ആൽബിൻ സാറിനോട് പറഞ്ഞു, ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്, ഇങ്ങനെ ഒന്നും സംഭവിക്കാൻ പാടില്ലാത്തതാണ്, സാധാരണയായി, ടൂർ പോയില്ല എന്ന് വെച്ചു പ്രശ്നങ്ങൾ ഉണ്ടാകാറില്ല പക്ഷെ ഇവിടെ ഈ രണ്ടു പേരുടെയും അഭിമാനത്തിന്റെ പ്രശ്നം കിടക്കുന്നു, അതുകൊണ്ടു ഇവർ പറഞ്ഞത് അനുവദിക്കാം എന്നിരുന്നാലും, ബോര്ഡിലുള്ള മറ്റ്അംഗങ്ങളെ കൂടി കണ്ടു ഒരു പൊതുസമ്മതം വാങ്ങുന്നതാണ് ഉചിതം.
എനിക്ക് നിങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല, എന്ന് പറഞ്ഞു, ഔപചാരികഅംഗീകാരം നല്കുന്നതിൽ പ്രഥമ ദൃഷ്ട്യാൽ പുള്ളിക്കാരന് പ്രശ്നമില്ല എന്നെഴുതി അതിന്റെ കൂടെ തന്നെ എതിരഭിപ്രായം എന്തെങ്കിലും ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ താത്പര്യപ്പെടുന്നു എന്നും എഴുതി ചേർത്ത് കത്ത് തിരികെ തന്നു.
ഞങ്ങൾ അവിടെ നിന്ന് നേരെ മറ്റുള്ള ബോർഡ് മെമ്പേഴ്സിനെ ഓരോരുത്തരെ ആയി കാണാൻ പോയി.
ചെയർമാൻ കുറിപ്പെഴുതിയ എഴുത്തുമായിട്ടാണ് എല്ലാവരെയും കാണാൻ പോയത്. സന്ധ്യക്ക് മുന്നായി എല്ലാവരെയും വീടുകളിലും ഓഫീസിലുമായി പോയി കണ്ടു. അപ്പോൾ ഞങ്ങൾ തനിയെ ആണ് പോയത്. സാറ് നേരെ കോളേജിലേക്ക് പോയി ലബ്ബ സാറിനെയും മറ്റ് ഡിപ്പാർട്മെന്റിലെ, Head of Departments- നെയും വിവരം ധരിപ്പിച്ചു. ഇങ്ങനെ ഒരു സംഭവം കോളേജിന്റെ ചരിത്രത്തിൽ ആദ്യമാണ്.
ഇതാണ് ഞങ്ങളുടെ TKM കോളേജ്, കേവലം രണ്ടു വിദ്യാർത്ഥികളുടെ മനോവികാരങ്ങൾക്ക് കൊടുക്കുന്ന ആര്ദ്രത മാത്രമാണിവിടെ പ്രതിപാദിച്ചത്.
അങ്ങനെ എല്ലാവരുടെയും അനുവാദവുമായി അടുത്ത ദിവസം കാലത്തു തന്നെ ആൽബിൻ സാർ കാർ ഇടുന്നിടത്തു സാറിനെയും കാത്തു നിന്നു, സാറ് വന്നതും കാര്യങ്ങൾ ബോധിപ്പിച്ചു. എല്ലാവരും കൂടി പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിലെത്തി,
സാറും സന്തോഷവാനായി, എന്നിരുന്നാലും ഒരു കൂട്ടം പറഞ്ഞു, ഒരു പേരുദോഷവും കേൾപ്പിക്കരുത്; ടൂർ കഴിഞ്ഞു തിരികെ വരുമ്പോഴേക്കും John Cherian സാറും, നമ്പൂതിരി സാറും നിങ്ങളെ അവരുടെ മാനസ പുത്രന്മാർ ആയി അംഗീകരിച്ചിരിക്കണം. നടന്ന സംഭവത്തെ ചൊല്ലി തല്ലോ അടിയോ വാക്കേറ്റങ്ങളോ ഒന്നും തന്നെ പാടില്ല. ഇനി ഒരൊറ്റ ദിവസമേ ഉള്ളൂ, കോളേജിൽ നിന്ന് അനുവാദം കിട്ടിയ സ്ഥിതിക്ക് ഇനി വേണ്ടുന്നതു Plane ടിക്കറ്റിനുള്ള പൈസയാണ്; അത് പിന്നെ ഞങ്ങൾ അങ്ങ് പിരിച്ചു, അപ്പോഴേക്കും എല്ലാ സാറന്മാർക്കും ഉത്സാഹമായി, കുറെ പേര് കാശ് തന്നു മുക്കാൽ പങ്കും ആൽബിൻ സാറിന്റെ കൈയിൽ നിന്നു വാങ്ങി, AirBag- മായി തിരുവനന്തപുരത്തേക്ക് വെച്ചു പിടിച്ചു, നേരെ പോയത് MLA ഹോസ്റ്റലിൽ അവിടെ നിന്ന് വയലാർ രവി സാറിന്റെ ഓഫീസിലേക്ക്. ഡൽഹിയിൽ ഇറങ്ങുമ്പോൾ താമസിക്കാൻ ഇടം വേണം, മാത്രമല്ല ചെല്ലുന്ന ദിവസം ഡൽഹി ഒക്കെ ഒന്ന് കറങ്ങിയിട്ടു അടുത്ത ദിവസം നേരം വെളുക്കുന്നതും യൂത്ത് ഹോസ്റ്റലിൽ വരാനും പദ്ധതി ഇട്ടു. വയലാർ രവി സാറിന്റെ ഓഫീസിൽ നിന്നു General Administration Department, Special Memo ഇറക്കി, Kerala House-ൽ ഞങ്ങളെ താമസിപ്പിക്കാനും, എയർപോർട്ടിൽ നിന്നു വിളിച്ചു കൊണ്ടുപോകാനും. ഞങ്ങൾ എയർപോർട്ടിൽ ഇറങ്ങിയപ്പോ വെള്ളയും വെള്ളയും ഇട്ട ഒരാൾ ഞങ്ങളുടെ രണ്ടാളുടെ പേരെഴുതിയ ഒരു ബോർഡുമായി നില്കുന്നു, ആദ്യത്തെ അനുഭവം ആയിരുന്നു, തിരുവനന്തപുരത്തു നിന്നു കൂടെ വന്ന പലരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഇവന്മാർ ആരാണെന്ന ഭാവത്തിൽ. ഒന്നും മിണ്ടാതെ ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന്., പേര് പറഞ്ഞു എന്നിട്ടു പിന്നാലെ കൂടി, പുള്ളിയാണ് ഇന്ന് രാവിലെ ഞങ്ങളെ വിടാൻ വന്ന ആൾ
അങ്ങനെ എന്റെ പൊളിറ്റിക്കൽ സ്വാധീനം ഒന്ന് കൊണ്ട് മാത്രം ഞങ്ങൾക്ക് താമസിക്കാനും കൊടി വെച്ച കാറിൽ ഡൽഹി കാണാനും അവസരം ഉണ്ടായി, ഇതിനൊക്കെ ഒരു യോഗം വേണം മനസ്സിലായോ?
എനിക്കപ്പോഴാണ് കാര്യങ്ങൾ കുറച്ചൊക്കെ മനസ്സിലായത്. അപ്പോൾ ഞാൻ നവാസിനോട് ചോദിച്ചു, എന്തെല്ലാം കണ്ടു ഇന്നലെ. നവാസ് പറഞ്ഞു വന്നിറങ്ങിയിട്ടു ഞങ്ങൾ മുറിയിൽ കയറി കുളിച്ചു, ക്യാന്റീനിൽ പോയി വയറു നിറച്ചു ഭക്ഷണം കഴിച്ചു അതിനു ശേഷം എയർപോർട്ടിൽ വന്ന കാറിന്റെ ഡ്രൈവറിന്റെ കൂടെ രാഷ്ട്രപതി ഭവൻ, കുത്തബ് മിനാർ ഇങ്ങനെ കുറെ സ്ഥലത്തെല്ലാം കാറിൽ തന്നെ ഒരു ചുറ്റ് ചുറ്റി, എനിക്കിപ്പോൾ പേരൊന്നും ഓർമയില്ല, ഞങ്ങൾ എങ്ങും ഇറങ്ങിയില്ല, ഗമയിലെങ്ങനെ കൊടി വെച്ച കാറിൽ രാത്രി വരെ ചുറ്റി.
തിരക്കഥ മുഴുവൻ കേട്ട് കഴിഞ്ഞപ്പോൾ ഞാനൊന്നേ പറഞ്ഞുള്ളു, സന്തോഷമായി, ഇങ്ങെത്തിയല്ലോ, ഇനി പ്രശ്നമൊന്നുമില്ലാതെ നമുക്ക് സന്തോഷമായി പോകാം. തിരികെ ചെല്ലുമ്പോൾ എല്ലാവരും പറയണം ഇത്ര നല്ല പിള്ളേർ ഇല്ലെന്നു.
ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഒരു കുടക്കീഴിൽ നിർത്തി കാര്യങ്ങൾ സാധിച്ചെടുക്കുന്ന രീതിയാണ് സാറിന്റേത്, മാത്രമല്ല എല്ലാം കുറുപ്പും വെളുപ്പുമായി സുവ്യക്തമായിരിക്കണം എന്നും നിർബന്ധമുണ്ട്. എല്ലാത്തിനും ചിട്ട വേണം പറയണ്ട ആൾ, കൊടുക്കണ്ട പ്രമേയം, സമയം, ഇതെല്ലം വളരെ കൃത്യതയോടെ ചെയ്യണം എന്ന് നിഷ്കർഷിക്കുന്ന വ്യക്തിയാണ് സാർ.
വളരെയധികം അച്ചടക്കമുള്ള സ്വഭാവം
ബസ് അപ്പോഴേക്കും ആഗ്ര എത്തിയിരുന്നു
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment