മതിലിൽ എഴുതിവെച്ചിരിക്കുന്ന Quotations-സും Captions-സും വായിച്ചപ്പോൾ എഴുതി എടുക്കണം എന്ന് തോന്നി, എന്റെ കൈയ്യിലുള്ള പേപ്പർ വഴിയിൽ കാണുന്നത് എഴുതാൻ മാറ്റി വെച്ചിട്ടു receptionist-ന്റെ കൈയ്യിൽ നിന്നു പേപ്പറും പേനയും വാങ്ങി, ഓരോന്നായി എഴുതി എടുക്കാൻ തുടങ്ങി.
Amul: The Utterly Butterly advertisement caption ആണ്.
We must build on the resources represented by our young professionals and by our nation’s farmers. Without their involvement we cannot succeed, with their involvement we cannot fail.
Verghese Kurien Sir – ന്റെ Quotations ആണ്, പിന്നെയും പലതു കണ്ടു
Do as much good as you can to those who are less fortunate
ഇതെല്ലം വൃത്തിയായി എഴുതി അപ്പക്ക് കൊടുക്കാമെന്നു തീരുമാനിച്ചു.
തലയുയർത്തി നോക്കി ഓരോന്നായി വായിച്ചിട്ടു പദ്യം പഠിക്കുന്ന പോലെ മനസ്സിൽ ഉരുവിട്ടു, ഒന്നുകൂടി നോക്കിയിട്ട്, എഴുതാൻ തുടങ്ങി, എന്നിട്ടു ഉയർത്തി പിടിച്ച പേപ്പറിൽ ഉള്ളത് മതിലിൽ ഉള്ളതുമായി താരതമ്യപെടുത്തി നോക്കി, എന്റെ പ്രൂഫ് റീഡിങ്, തെറ്റൊന്നുമില്ല എന്ന് ബോധ്യം വരുത്തി , എന്റെ ഈ പരിശ്രമം കണ്ടിട്ട് സൗമ്യനായ ജോമി അടുത്തേക്ക് വന്നിട്ട് പറഞ്ഞു, ബീന എഴുതിക്കോ ഞാൻ വായിച്ചു തരാം.
ശരി; എന്നും പറഞ്ഞു എഴുതാൻ തുടങ്ങിയപ്പോഴാണ്, ട്രെയിനിൽ വെച്ച് തീരുമാനിച്ച , വൈകുന്നേരത്തെ പരിപാടിയെ പറ്റി ഓർത്തത്. എനിക്ക്കഞ്ഞി കിട്ടുന്ന പരിപാടി.
ജോമി, എപ്പോഴാണ് നമ്മൾ tour coordinator ന്റെ അമ്മാവന്റെ വീട്ടിൽ പോവുക. എന്റെ കഞ്ഞിയിൽ പാറ്റയിടില്ലല്ലോ.
ബീന, എത്രയും പെട്ടെന്ന് നമുക്കിവിടെ നിന്നിറങ്ങണം, നിങ്ങൾ ഐസ് ക്രീം എന്നും പറഞ്ഞു ചാടി പുറപ്പെട്ടപ്പോൾ ഒരു പാര വന്നിട്ടുണ്ട്. കുറച്ചു പേർക്ക് ബിയർ ഉണ്ടാക്കുന്ന ഫാക്ടറി കാണണം എന്ന് പറയുന്നു, അവരതു ജോൺ ചെറിയാൻ സാറിനോട് പറഞ്ഞു സമ്മതിപ്പിക്കും, നമ്മുടെ ടോം തോമസിന്റെ സ്വന്തത്തിലുള്ള ആരാണ്ടുടെ ആരാണ്ടു ഇവിടെ എവിടെയോ ഒരു ബിയർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട് പോലും.
അപ്പോളെനിക്കൊരു സംശയം അതെ, ഒന്നും തോന്നല്ലേ അവിടെ ചെന്നു സാമ്പിൾ ചോദിച്ചു വാങ്ങി കുടിച്ചാൽ കിറുങ്ങി പോകുമോ?
താൻ ഒരു ട്യൂബ് ലൈറ്റ് തന്നെ.
ദേ ജോമി ഇതാരോടും പറയല്ലേ, നാണം കെടുത്തല്ല് കേട്ടോ, പുറത്തു പറഞ്ഞാൽ ഇന്ന് വൈകിട്ടത്തെ കഞ്ഞിക്കു ഞാൻ വരില്ലാട്ടോ, പറയണ്ട താമസം, അത്ര പെട്ടെന്നൊന്നും ചിരിക്കാത്ത ജോമിയുടെ ചിരി കേട്ടിട്ട് സ്ഥിരം പുള്ളികളെല്ലാം പിറകെ കൂടി വിവരം ചോർത്താൻ.
മണിച്ചിത്രത്താഴിൽ കിണ്ടി, കിണ്ടി എന്ന് പറയുന്ന പോലെ ഞാൻ ജോമിയോട് പറഞ്ഞു കഞ്ഞി കഞ്ഞി.
അവിടെ നിന്നിറങ്ങിയപ്പോൾ മണി 12 ആയി, ഇനിയെന്ത് എന്ന് ചോദിക്കുന്നതിനു മുന്നേ John Cheiryan Sir ഒരു ഐഡിയ പറഞ്ഞു, ഇവിടെ അടുത്താണ് ഫാഷൻ സ്ട്രീറ്റ്, ബോംബയിലുള്ള എല്ലാ ദിവസവും കുറച്ചു സമയം കടകമ്പോളങ്ങൾ കാണാനായി മാറ്റി വെക്കാം. ഇവിടെ കിട്ടാത്തതൊന്നുമില്ല.
ഇത്രയും സ്വാഗതാർഹമായ ഒരു ആശയം സാറിൽ നിന്നാരും പ്രതീക്ഷിച്ചില്ല. പത്തിരുപതു ദിവസം ഒരു കുടക്കീഴിൽ ജീവിച്ചപ്പോളേക്കും സാറും ഞങ്ങളും ഒരു കുടുംബമായി, എല്ലാവരുടെയും കൊച്ചു കൊച്ചു ആഗ്രഹങ്ങൾ മനസ്സിലാക്കി അതൊക്കെ സാധിച്ചു തരാനുള്ള സാറിന്റെ മനസ്സിനെ ഞങ്ങൾ വല്ലാതെ സ്നേഹിച്ചു തുടങ്ങി.
ഫാഷൻ സ്ട്രീറ്റ് , ഷോപ്പിംഗ് എന്ന് കേട്ടതും എല്ലാവരുടെയും കണ്ണിൽ ബൾബ് കത്തിയപോലെ, അപ്പോൾ ഇക്ബാൽ വളരെ പ്രായോഗികമായ ഒരു സംഗതി പറഞ്ഞു, ബോംബയിലെ മാർക്കറ്റുകളെല്ലാം റോഡരുകിലാണ്, രണ്ടുപേർക്കു നിരന്നു നടക്കാൻ പറ്റില്ല; അതുകൊണ്ടു നമ്മൾ ഓട്ടോറിക്ഷയിൽ കയറി ജാഥ ആയി വന്ന പോലെ ഇവിടെയുള്ള ഒരു മാർക്കറ്റിലും പോകാൻ പറ്റില്ല, ഫാഷൻ സ്ട്രീറ്റ് മാത്രമല്ല പലപല മാർക്കറ്റുകളുണ്ട് എല്ലായിടവും ഒരു പ്രാവശ്യമെങ്കിലും കണ്ടിരിക്കുന്നത് നല്ലതാണ്. സംഘം തിരിഞ്ഞു ഒരേ സമയത്തു പലയിടങ്ങളിൽ പോകുന്നതാണ് നല്ലത്, അങ്ങനെ ഞങ്ങൾ അഞ്ചു ഗ്രൂപ്പ് ആയി ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള ഗ്രൂപ്പുകൾ.
വൈകിട്ടത്തെ കഞ്ഞി കിട്ടണമെങ്കിൽ സാറുള്ള ഗ്രൂപ്പിൽ നിന്നേ പറ്റൂ. എല്ലാവരും പല ദിക്കിലേക്ക് പിരിഞ്ഞു. ഞങ്ങൾ പോയത് ഫാഷൻ സ്ട്രീറ്റിലേക്കാണ്, എന്റെ ദൈവമേ, ഈ ലോകത്തു ഇത്രയധികം നിറങ്ങളുണ്ടോ, എന്തെല്ലാം തരത്തിലുള്ള വേഷങ്ങളും നിറങ്ങളുമാണിവിടെ, വലിയ മണ്ണ് ലോറിയിൽ നിന്ന് ചരൽ ഇറക്കുന്നപോലെ തുണിത്തരങ്ങൾ കൊണ്ടങ്ങു മറിച്ചിരിക്കയാണ്. ചുറ്റും നോക്കിയാൽ എന്തെല്ലാം തരത്തിലെ വേഷങ്ങളാണ്, ഇതെല്ലം ഭാവന ചെയ്തു മനുഷ്യന്റെ പുറം മോടി നിലനിർത്താൻ പെടാ പാട് പെടുന്ന ആളുകളെ ഓർത്തു വല്ലാത്ത ആദരവ് തോന്നി. തയ്യൽ എന്നെ എന്നും അത്ഭുതപ്പെടുത്തുന്ന ഒരു കലയാണ്. തയ്യലിനോട് ചേർന്നെന്തെല്ലാം സാധനങ്ങളാണുള്ളത്, കഴിഞ്ഞ ടൂറിനു ബാംഗ്ലൂർ പോയപ്പോൾ ബ്രിഗേഡ് റോഡിലുള്ള ലേസും, നൂലും, ബട്ടണും, ഹുകും, സിബും, പലതരത്തിലെ മുത്തും ഒക്കെ കിട്ടുന്ന ഒരു കടയിൽ പോയി, Vimalammamma അതായതു ഞങ്ങളുടെ ചേച്ചിയാണ് എനിക്കീ കടയുടെ മേൽവിലാസം തന്നത്, ചേച്ചി തുന്നുന്ന കുട്ടി ഉടുപ്പുകളിൽ വെക്കാനായി കുറെ ലേസും, Nighty-യിൽ വെയ്ക്കാനായി ഉരുണ്ടിരിക്കുന്ന പവിഴം പോലെ തോന്നുന്ന ബട്ടൻസും വാങ്ങാൻ അവിടെ തയ്യലിനോട് അനുബന്ധിച്ചു കിട്ടാത്തതൊന്നും തന്നെയില്ല ഇവിടെ റോഡരുകിൽ അന്തം വിടുന്ന കാഴ്ച ലോകമാകമാനം കയറ്റി അയക്കുന്ന fashion-കളുടെ ഒരു പ്രദർശനകമ്പോളം. എല്ലാംകൊണ്ടും എനിക്ക്, Alice in wonderland പ്രദീതി ആയിരുന്നു.
വില ആണെങ്കിൽ വെറും രണ്ടും, മൂന്നും, രൂപ കൂടിയാൽ പത്തു രൂപ അതിൽ കൂടുതൽ ഒന്നും കണ്ടില്ല, വിദ്യാർത്ഥികളായ ഞങ്ങളുടെ കൈയ്യിലുള്ള കാശിനു പരിമിതികൾ ഉള്ളതുകൊണ്ട്, ഏതു വിലയും ഒന്നുകൂടി കുറച്ചു കിട്ടുമോ എന്ന് ചോദിക്കുന്നത് ഒരു ശീലമായി മാറിയിരുന്നു. കൈയ്യിലെടുത്തു സൂക്ഷിച്ചു നോക്കുമ്പോൾ Button Hole വരിഞ്ഞതിന്റെ ക്രമക്കേടുകൾ കാണാം, തയ്യൽ മെഷീനിൽ നൂല് വലിഞ്ഞിട്ടു ഒരു വശത്തു ഊരി പോയത് കാണാം. കൂടെ ഉള്ളവരോടെല്ലാം സൂക്ഷിച്ചു ശ്രദ്ധിച്ചു നോക്കണേ എന്ന് ഞാൻ പറഞ്ഞതും , അവിടെ എടുത്തു കൊടുക്കുന്ന ഇച്ചിരീം പോന്ന ഒരു പയ്യൻ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു; ചേച്ചി ഈ രണ്ടു രൂപയുടെ തുണി ഭൂതക്കണ്ണാടിയും കൊണ്ട് നോക്കികൊണ്ട് നിക്കല്ലേ പെട്ടെന്ന് മാറിക്കേ, മാറിക്കേ; വേറെ ആള് വന്നു സാധനം വാങ്ങേണ്ടതാണ്.
ആകെ ചമ്മി ശ്ശെടാ, ഈ ഹിന്ദിക്കാരുടെ ഇടയിലൊരു മലയാളി എന്നെ സ്റ്റാൻഡിൽ പിടിക്കുമെന്നു കരുതിയില്ല. അനിയാ ഞങ്ങൾ വിദ്യാർത്ഥികളാണ്, സമ്മാനം കൊടുക്കാനാ അപ്പോൾ മോശമല്ലേ എന്ന് പറഞ്ഞു തടി തപ്പി. പിന്നങ്ങോട്ട് ഒരൊറ്റ അഭിപ്രായം പോലും മലയാളത്തിലെന്നു മാത്രമല്ല ഒരു ഭാഷയിലും പറഞ്ഞില്ല. എല്ലാം കണ്ണുകൊണ്ടുള്ള ആംഗ്യ ഭാഷയിലൊതുക്കി.
സാധാരണയായി ഒരിടത്തു ഇന്ന സമയത്തു പോകണം എന്ന് പറഞ്ഞാൽ പിന്നെ, ഞാൻ അതിനു 2 മണിക്കൂർ മുന്നേ തയ്യാറായി എല്ലാവരെയും വിളിച്ചുണർത്തി തയ്യാറാകാനുള്ള ഏർപ്പാടാക്കും, ആദ്യമായി എനിക്ക് സമയം നോക്കണ്ട വന്നില്ല ജോമി ഇടക്കിടെ വന്നു എന്നെയും ടിക്കുവിനെയും ഓർമപ്പെടുത്തി കൊണ്ടിരുന്നു, മണി 5 ആവാറാകുന്നു, ഇനി അധികം നേരം ഇവിടെ നിൽക്കണ്ട നമ്മൾക്ക് തിരികെ ലോഡ്ജിൽ ചെല്ലണം, എന്നിട്ടു വേണം മറ്റേ വീട്ടിൽ പോകാൻ. സാറിനെ കൂടെ കൂട്ടേണ്ട ജോലി എന്റേതാണ്. നാലര കഴിഞ്ഞതും ഞാൻ സാറിന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു, സാറും എതിരൊന്നും പറഞ്ഞില്ല, രണ്ടു മൂന്നാഴ്ചയായി Suki Chechy ഉണ്ടാക്കുന്ന രുചിയേറിയ ഭക്ഷണം കിട്ടാതെ ഹോട്ടലിൽ നിന്ന് കഴിച്ചു കഴിച്ച സാറിന്, നാട്ടിൽ നിന്നുള്ളവരുടെ വീട്ടിലെ ഭക്ഷണം സ്വാഗതാർഹമായ മാറ്റമായിരുന്നു. ഞങ്ങൾ ഓരോ ഓട്ടോ പിടിച്ചു ലോഡ്ജിലേക്ക് പുറപ്പെട്ടു.
എത്തിയതും എന്റെ സില്ബന്ധി പയ്യൻ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു. ഞങ്ങളുടെ കൈയ്യിലെ പൊതിയൊക്കെ അവനും കൂടി വാങ്ങി, മുറിയിൽ കൊണ്ടുപോയി വെച്ചു; മുഖവും കഴുകി വന്നപ്പോഴേക്കും ഞങ്ങളെ കൊണ്ടുപോകാൻ അമ്മാവൻ കാറുമായി എത്തിയിരുന്നു.
സാറ് മുന്നിൽ കയറി , ഞങ്ങൾ 4 പേര് പുറകിൽ ഇരുന്നിട്ടും ഒത്തിരി സ്ഥലം ഉള്ളതുപോലെ തോന്നി, വണ്ടിയിൽ കയറിയതും ഞങ്ങൾ ഓരോരുത്തരായി പേരുപറഞ്ഞു പരിചയപ്പെടുത്തി, വിശപ്പെങ്ങനെ എന്ന്ചോദിച്ചപ്പോളാണ് ഞങ്ങൾ ഒരു കാര്യം ഓർത്തത്, ഉച്ചക്ക് ഞങ്ങൾകാര്യമായിട്ടൊന്നും കഴിച്ചില്ല, എപ്പോഴോ ഒരു പേരക്ക പൂളിയത് വഴിയിൽ നിന്ന് കഴിച്ചതല്ലാതെ, കട്ടിക്കൊന്നും കഴിച്ചില്ല. അത് കേട്ടതും പുള്ളിക്കാരൻ ഒരു നിർദ്ദേശം വെച്ചു, ഇപ്പോൾ നമുക്ക് നേരെയുള്ള വഴിയിലൂടെ പോകാം കഷ്ടിച്ച് 25 മിനിറ്റ് എടുക്കും, എല്ലാവരും വിശന്നിരിക്കയാണല്ലോ, വീട്ടിലും ഭക്ഷണം ഒക്കെ തയ്യാറാണ് ചെല്ലുന്നതും ചൂടോടെ കഴിച്ചൽപ്പം വിശ്രമിക്കാം. തിരികെ വരുന്ന വഴിയിലൂടെ ഉള്ള യാത്ര എത്ര നേരം എടുക്കും എന്ന് പറയാൻ പറ്റില്ല.
അതെന്താപ്പാ അങ്ങനെ എന്ന് മനസ്സിൽ പറഞ്ഞെങ്കിലും ചോദിച്ചില്ല.
ഈ യാത്ര തുടരുന്നതായിരിക്കും.
1977-ൽ ഞാൻ പൂക്കളും scallop stitch-ച്ചും തുന്നിയ ഉടുപ്പിന്റെ പടമാണിവിടെ കൊടുത്തിരിക്കുന്നത്, ‘അമ്മ പറഞ്ഞ പോലെ ഇന്നും സൂക്ഷിച്ചു ഉപയോഗിക്കുന്നു.
Leave A Comment