വീണ്ടും പോസ്റ്റർ വരകൾ തകൃതിയായി തുടങ്ങി, ശനിയാഴ്ച രാത്രി എല്ലാവർക്കും പൊതുവെ സ്വസ്ഥതയുള്ള ദിവസമാണ്. പിറ്റേന്ന് ഓടി പോയി പോസ്റ്റർ ഒട്ടിക്കാനുള്ള ധൃതിയില്ല,
അപ്പോൾ അത് വഴി വന്ന് എത്തി നോക്കിയ ഇസ്പുവിനെ പയ്യന്മാർ കൈ കാട്ടി വിളിച്ചിട്ടു ചോദിച്ചു, വലിയ അഭ്യാസത്തിന്റെ ആളല്ലേ, നമ്മുടെ കോളേജിലെ ഏതെങ്കിലുമൊരു മത്സരത്തിനെ പറ്റി മറക്കാനാവാത്ത ഒരു അനുഭവം പറ.
ആലോചിക്കേണ്ട വന്നില്ല –ഇസ്പു അടുത്തുള്ള കസേര വലിച്ചിട്ടിരിക്കുന്നതിനു മുന്നേ പറഞ്ഞു ;
അതെ എന്നും ഓർമയിൽ സൂക്ഷിക്കാനൊരു പുന്നാര കഥയുണ്ട്
പക്ഷെ അതിനു മുന്നേ നമ്മളെ പറ്റി ഒരു കാര്യം പറയാനുണ്ട്
“അസാദ്ധ്യമായതു നമ്മൾ ഉടനെ ചെയ്യും; അത്ഭുതങ്ങൾ സമയമെടുക്കും“
അതാണ് നമ്മുടെ കോളേജിന്റെ ഒരു പാരമ്പര്യം
TKM- ലെ പിള്ളേർക്ക് ഒരു പ്രത്യേകതയുണ്ട്, അന്നും ഇന്നും
അടിയല്ല, ഇടിയല്ല, സമരമോ, ജയിലോ, എന്തായാലും ശരി കോളേജിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് വന്നാൽ, പിന്നെ വേറെ ഒന്നും ചിന്തിക്കില്ല ഒറ്റ കെട്ടാണ് നമ്മൾ. വിടില്ല,
തോൽക്കാൻ ഒട്ടും മനസ്സില്ലാത്ത, ജയിക്കാൻ എന്ത് ത്യാഗവും വെല്ലുവിളിയും ഒരു കൂസലും ഇല്ലാതെ സ്വീകരിക്കുന്ന ഒരു പട ആണ് TKM- ലെ വിദ്യാർത്ഥികൾ
പഴയ തലമുറ ആയാലും പുതിയ തലമുറ ആയാലും.
പിന്നെ പല ഘട്ടത്തിലും സാറന്മാരും കുട്ടികളും കൈ കോർത്തപ്പോൾ, ഭാവനയ്ക്കതീതമായ, ഊഹിക്കാൻ പോലും പറ്റാത്ത കാര്യങ്ങൾ നേടിയെടുത്ത പൈത്രകമാണ് TKM കോളേജിന്,
പ്രഥമ ദൃഷ്ട്യാ അകൽച്ചതോന്നിയെങ്കിലും , സാറന്മാരും കുട്ടികളും തമ്മിലുള്ള അന്തർധാര സജീവമായിരുന്നു.
കഴിഞ്ഞ സെമസ്റ്റർ ഒരു പൊരിഞ്ഞ അടി കഴിഞ്ഞു മെസ് അടച്ചു,
എല്ലാവരും വീട്ടിൽ പോയി, ഹോസ്റ്റൽ പൂട്ടിയാലും മെസ്സുണ്ടെങ്കിൽ ഇവിടെ തന്നെ എങ്ങനെയും പിടിച്ചു നിന്നേനെ
തിങ്കളാഴ്ച കോളേജ് തുറക്കുമെന്നറിഞ്ഞു ഞങ്ങൾ കുറെ പേര് ഹോസ്റ്റലിൽ എത്തി. സമയം ഉച്ചക്ക് 2 മണി.
വന്നിറങ്ങേണ്ട താമസം നമ്മുടെ PT മാസ്റ്റർ അഹദ് സാർ ഹോസ്റ്റലിൽ എത്തി, നല്ല ഒത്ത പൊക്കവും, വണ്ണവും, എടുപ്പുമുള്ള സാറിന്റെ മുഖം ഒരുമാതിരി വാടിയ ചേമ്പില പോലെ
കാര്യം ചോദിച്ചപ്പോ സാറ് പറഞ്ഞു: നാളെ തിങ്കളാഴ്ച, ചേർത്തലയിൽ വെച്ച് SN കോളേജ് കൊല്ലവുമായി ഇന്റർ കോളേജിയേറ്റ് ഹോക്കി മത്സരമാണ്, ട്രോഫി കിട്ടാൻ നല്ല സാധ്യത ഉള്ള കളിയായിരുന്നു. പക്ഷെ ഇപ്പോഴത്തെ ആവശ്യം നാളത്തെ കളി എങ്ങനെയും നമ്മൾ ജയിക്കണം എന്നാലെ ക്വാർട്ടറിൽ കടക്കാൻ പറ്റൂ.
നമ്മൾ ജയിക്കണമെങ്കിൽ നാളെ ചേർത്തലയിൽ പോകണം 12 പേര് കുറഞ്ഞത് വേണം. ടീമിലെ ആരെയും അറിയിക്കാൻ പറ്റിയില്ല, മുക്കാൽ പേരും എത്തിയിട്ടില്ല,
ഞങ്ങൾ ഭയഭക്തി ബഹുമാനത്തോടെ പറഞ്ഞു , ഈ കാര്യത്തിൽ സാര് ഒരു കാരണവശാലും ബേജാറാവണ്ട.
ഞങ്ങൾ ടീം ഒപ്പിക്കും, പോയിരിക്കും, കളിച്ചിരിക്കും, ജയിച്ചിരിക്കും.
പക്ഷെ സാർ കുറച്ചു കാര്യം റെഡി ആക്കണം
ചേർത്തലയിൽ പോകുന്നത് കോളേജ് ബസിൽ ആയിരിക്കണം,
സാധാരണ നമ്മടെ കൂടെ വരുന്ന പത്തിരുപത്തഞ്ചു ഉത്സാഹ കമ്മറ്റി പെൺകുട്ടികളെ കൂടി വിളിക്കണം, കൂടെ വരുന്ന എല്ലാവരുടെയും അറ്റന്റൻസിന്റെ കാര്യം റെഡി ആക്കണം
പ്രതിഭ ബേക്കറിയിലെ വെട്ടു കേക്കും, അലുവയും, ഉപ്പേരിയും , ഒരു കുല പഴം, ഏത്തക്ക പുഴുങ്ങിയത് , മുട്ട പുഴുങ്ങിയത്, കുടിക്കാൻ നാരങ്ങാ വെള്ളം ഇതെല്ലം,. കഴിഞ്ഞ തവണത്തെ പോലെ മെസ്സിൽ നിന്നൊരുക്കാൻ പറയണം.
കളി കഴിഞ്ഞാൽ ചേർത്തല അപ്സരയിൽ നിന്ന് മട്ടൺ ബിരിയാണി വാങ്ങി തരണം
4 മണിയായപ്പോൾ നേരെ ലേഡീസ് ഹോസ്റ്റലിലേക്ക് വിട്ടു
ചെന്നപ്പോ ഞങ്ങടെ ബാച്ചിലെ മീരയും, ടേബിൾ ടെന്നീസ് കളിക്കുന്ന ലീല, ബോൾ ബാഡ്മിന്റൺ കളിക്കുന്ന ജയശ്രീ ഇവരൊക്കെ ഹോസ്റ്റലിൽ ഉണ്ടെന്നറിഞ്ഞു
വാർഡനെ കണ്ടിട്ട്, കോളേജിന്റെ ഹോക്കി ടീമിനെ പ്രോസാഹിപ്പിക്കാനായി പോകുന്ന ഉത്സാഹ കമ്മിറ്റിക്കാരെ വിടാനുള്ള അനുവാദം വാങ്ങി.
മെൻസ് ഹോസ്റ്റലിൽ എത്തിയവർ സന്ധ്യക്ക് ഭക്ഷണം കഴിക്കാൻ മെസ്സിൽ എത്തി തുടങ്ങി
ഞാനും, രാജ്മോഹനും, റഫീഖും മെസ്സിൽ തന്നെ ഇരിപ്പായി ഉച്ചക്ക് അഹദ് സാർ വന്നപ്പോ കൂടെ പോയി കോളേജിൽ നിന്ന് പത്തു പതിനഞ്ചു ഹോക്കി സ്റ്റിക്കും മൂന്നാലു പന്തും എടുത്തോണ്ട് വന്നിരുന്നു.
ആദ്യം വന്നത് ജോഷുവ, രക്ഷപെട്ടു ടീമിൽ ഉള്ള ഒരാൾ
പിന്നെ കിർമാണി എത്തി , ഒന്നിനും മാറ്റി നിർത്തണ്ട കാര്യമില്ല, ലാൽ വന്നതും ഒരാശ്വാസമായി, കബഡി കളിച്ചു കളിച്ചു ആൾക്കാരെ തടയാൻ പറ്റിയ പാർട്ടി,
വൈദ്യര് വന്നതും ഒരു സ്റ്റിക് എടുത്തു കൈയ്യിൽ പിടിച്ചു അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങി,
അജിത് കുമാറും, ലാമി എന്ന് വിളിക്കുന്ന മോഹനനും, വൈദ്യരുടെ കൂടെ ചേർന്ന് മെസ്സിന്റെ അങ്ങുമിങ്ങും പന്തുമായി ഓടി തുടങ്ങി.
റെജു എന്തായാലും ഇന്ന് വൈകുന്നേരം എത്തുമെന്ന് ജോഷുവ കട്ടായം പറഞ്ഞു. റെജുവിന് ദീർഘ ദൂരം ഓടി നല്ല സ്റ്റാമിനയാ
പിന്നെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഡൊമിനിക് എത്തി,
കുഴിപ്പന്തു പോലും കളിച്ചിട്ടില്ലാത്ത കുറെ വില്ലന്മാരെത്തി.
3 മണിക്കൂര് നേരത്തെ പരിശീലനം; ആകെ ഹോക്കി സ്റ്റിക് കൈ കൊണ്ടെടുത്തിരിക്കുന്നതു എലെക്ട്രിക്കൽ ലാബിന്റെയും ഹൈഡ്രോളിക്സ് ലാബിന്റെയും ഇടയ്ക്കു താവളമടിച്ചിരിക്കുന്ന നായ്ക്കളെ ഓടിക്കാനും ഇടയ്ക്കിടെ ഉണ്ടാകുന്ന അടിയുടെ സമയത്തു ആരെയെങ്കിലും ഓടിക്കാനും മാത്രം.
ഒരു രാത്രി കൊണ്ട് കമ്പു പിടിക്കാൻ പഠിപ്പിച്ചു, അതു കൊണ്ട് അരക്കു മുകളിൽ പൊക്കാതെ കുനിഞ്ഞു ഓടാൻ പഠിപ്പിച്ചു. ചെയ്യാൻ പാടില്ലാത്ത കുറെ കാര്യങ്ങൾ അക്കമിട്ടു പഠിപ്പിച്ചു
ഒരു കാരണവശാലും പന്തടിച്ചു തെറിപ്പിക്കരുത്, എന്തൊക്കെ വന്നാലും സംയമനം പാലിക്കണം ഇവിടെ ചെയ്യുന്ന പോലെ ആരുടേയും നേരെ വടി എടുത്തോങ്ങരുത്. പിന്നെ വീർത്തിരിക്കുന്നു വശം കൊണ്ട് പന്ത് അടിക്കരുത്
കോർട്ടിൽ ഓടുമ്പോൾ കളി അറിയാവുന്നവന്റെ ഇടത്തും, വലത്തുമായി 2 പേര് എപ്പോഴും കാണണം, കൂടെ ഓടിക്കൊണ്ടേയിരിക്കണം. ഒരു കാരണവശാലും, SN കോളേജിലെ കളിക്കാർ, അവരുടെ അടുത്ത് നിന്ന് പന്ത് തട്ടി എടുക്കാൻ സമ്മതിക്കരുത്
വൈദ്യരെ, ഇവിടെ കളിക്കുന്നമാതിരി മറ്റവൻ ഗോളടിക്കുമ്പോൾ പിണങ്ങി ബോളെടുത്തു പാന്റിന്റെ പോക്കറ്റിലിട്ടേക്കരുതേ
ലാലേ ഒരു കാര്യം പ്രത്യേകം സൂക്ഷിക്കേണ്ടത് നമ്മുടെ ടീമിലെ പിള്ളേരുടെ മുട്ടിനു അടിക്കരുത് , കബഡി ആണെന്നോർത്തു കേറി കെട്ടി പിടിച്ചേക്കരുത്
റഫീഘെ , നീപന്ത് കൈവിട്ടു പോകുമ്പോ ഇവിടത്തെ പോലെ സ്റ്റിക് എടുത്തു മറ്റവന്റെ കാലിനു കുറുക്കു ഇടരുതേ
എടാ തൊമ്മാ നീ ഇവിടെ റഫറിയെ ചുറ്റിക്കാനടിക്കുന്ന വിസിൽ, ഇപ്പോഴേ ഇങ്ങു തന്നേരെ.
ആരും ഹാഫ് ടൈമിന് മുങ്ങിക്കളയരുത്
രാജ്മോഹനെ ഇടയ്ക്കിടെ ഓര്മിപ്പിക്കണം ഇത് ക്രിക്കറ്റ് ബാറ്റ് അല്ല ഹോക്കി സ്റ്റിക് ആണെന്നു വീശി അടിച്ചു കളയരുതെന്നു
നമ്മുടെ ഗോളി നിക്കുന്ന പോസ്റ്റിലോട്ടു പോയി ഗോൾ അടിക്കരുത്
പിന്നെ നമ്മുടെ ഗോൾ മുഖത്തിന്റെ 16 അടി യുടെ മുന്നിൽ കുറ്റി അടിച്ചു
നിന്നേക്കണം ഒരു കാരണവശാലും അവന്മാരെ അതിനകത്തോട്ടു കയറ്റരുത്
അതിരു കാത്തങ്ങു നിന്നോണം. പ്രതിരോധമാണ് ഏറ്റവും വലിയ ആയുധം.
ബാക്കി എല്ലാ നിർദ്ദേശങ്ങളും പെണ്കുട്ടികൾക്കായിരുന്നു
SN കോളേജിലെ കളിക്കാരുടെ പേര് ഞങ്ങൾക്ക് അറിയാമായിരുന്നു. പേര് കേട്ട ടീം ആണ് അവരെല്ലാം സ്ഥിരമായി കളിക്കുന്നവരാണ്, പേരുകൾ കൃത്യമായി പഠിപ്പിച്ചു കളിക്ക് മുന്നേ അവരെ ഓരോരുത്തരെ കാണിച്ചും കൊടുത്തു
ഓരോ ഫോർവേഡ് കളിക്കാരനും പന്തുമായി ഓടുന്നതും ഞങളുടെ ഉത്സാഹ കമ്മിറ്റി അംഗങ്ങൾ അവരുടെ പേരുറക്കെ വിളിക്കും, ആർപ്പുവിളിയോടെ,
മോനേ ദിനേശാ,
അവന്മാര് തിരിഞ്ഞു നോക്കും, അപ്പൊ
വീണ്ടും വീണ്ടും പേര് വിളിക്കും മോനേ ദാസാ, മോനേ വിജയാ
കേരളത്തിലൊരു സ്റ്റൈൽ ഉണ്ടല്ലോ
മോനു, കുട്ടു, കുട്ടാ എന്നൊക്കെ
അവർ തിരിഞ്ഞു നോക്കുന്ന നേരത്തിനു കളി അറിയാവുന്ന 4 പേരിൽ ആരെങ്കിലും ഒരാൾ പോയി പന്ത് കമ്പു കൊണ്ട് തോണ്ടി എടുത്തു, തട്ടിയെടുത്തു, ഡ്രിബിൾ ചെയ്തു, തട്ടി തട്ടി അടിച്ചു മാറ്റി ഓടണം ഗോൾ മുഖത്തേക്ക്
ഇതായിരുന്നു പദ്ധതി
കളിക്കളത്തിന്റെ 2 സൈഡിലുമായി ഉത്സാഹ കമ്മറ്റി നിലകൊണ്ടു
എതിർ കക്ഷി മുന്നേറുന്നതും പേര് വിളിച്ചു, SN കോളേജിലെ പയ്യന്മാരുടെ മനസ്സിളകി, കാലു വിറച്ചു, കൈ മരവിച്ചു. ഒറ്റ ഗോൾ പോലും അടിച്ചില്ല എന്ന് മാത്രമല്ല 4 ഗോളടിച്ചു ഞങ്ങൾ ജയിച്ചു.
ഞങ്ങളങ്ങനെ ക്വാട്ടർ ഫൈനലിൽ കയറി പറ്റി
അടുത്ത കളിക്ക് കോളേജിന്റെ ശരിക്കുള്ള ഹോക്കി ടീം കളിയ്ക്കാൻ പോയി
അവിടെ ചെന്നപ്പോ
SN കോളേജിലെ പയ്യന്മാര് കളി തോറ്റെങ്കിലും വണ്ടി കയറി വന്നിരിക്കുന്നു ഞങ്ങളുടെ ഉത്സാഹ കമ്മറ്റിക്കാരെ അടുത്തു കാണാൻ.
നടക്കാതെ പോയ ഒരു മലർപൊടി സ്വപ്നം
ലളിതവും ഫലപ്രദവുമായ തന്ത്രവൈദഗ്ദ്ധ്യം അതായിരുന്നു ഞങ്ങളുടെ തുറുപ്പു
ഹ്രസ്വമായ, മധുരിക്കുന്ന, പ്രലോഭിപ്പിക്കുന്ന കൊച്ചു കൊച്ചു തന്ത്രങ്ങൾ
അന്നും ഇന്നും
വിജയം ഞങ്ങൾക്ക് മാത്രം
ഇസ്പു എഴുതി അറിയിച്ച, ഇസ്പു താരമായ കളിയുടെ വിശേഷണമാണ് ഇന്നത്തെ കഥ
1 comment(s)