മലയാളിയുടെ മനസ്സിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്ന അമ്പിളി ചേട്ടൻ എന്ന അഭിനയ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെയും,
നടന വിസ്മയം, മോഹൻലാലിന്റെയും കൂട്ടുകെട്ടിൽ ജനിച്ച, ലോകോത്തര സൃഷ്ടികൾ എന്നെന്നും അമൂല്യങ്ങളായ ഓർമ്മകൾ ആണ്,
ആരിലും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ, എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാവുന്ന ഓർമ്മകൾ
മനസ്സിന് ക്ലേശം അനുഭവിക്കുമ്പോൾ ഇതിലൊന്നിനെ പറ്റി ഓർത്താൽ മതി അറിയാതെ, അറിയാതെ, ചുണ്ടിൽ പുഞ്ചിരി പരക്കും
ഹൃദയം തരളിതമാകും
ഇന്നും എന്നും മനസ്സിൽ പച്ചപ്പോടെ ജീവിക്കുന്ന “യോദ്ധ”.
അതിലെ തൈപ്പറമ്പിൽ അശോകൻ മേനോനും, അരസ്സുമൂട്ടിൽ അപ്പുകുട്ടൻ മേനോനും, തമ്മിലുണ്ടായ ക്ലബ് മത്സരം വലിച്ചു നീട്ടി കുടുംബത്തിലേക്കും, പിന്നെ
മുറപെണ്ണായ ദമയന്തിയിലേക്കും, അശ്വതിയിലേക്കും, കൊണ്ടു പോകുന്ന മത്സരം.
അതിൽ ഗുസ്തിയുണ്ടായി, ചൂത് കളി ഉണ്ടായി, പാട്ടു മത്സരം ഉണ്ടായി, കയ്യാങ്കളിയും ഉണ്ടായി
ഞങ്ങളുടെ ഇലക്ഷൻ, രാഷ്ട്രീയം ഇല്ലാത്ത മത്സരം, അതുകൊണ്ടു തന്നെ വളരെ അനന്യമായിരുന്നു.
അരസ്സുമൂട്ടിലെ പ്ലാവിലയിൽ ജോഷുവ മകൻ ജോഷുവയും…
തൈപ്പറമ്പിലെ ശാസ്താംവളപ്പിൽ ഭാസ്കരൻ മകൻ ബാബുവും…
അടവുകളുടെ ചുടു പകിടകൾ ഉരുണ്ടു
ഒതുങ്ങി പതുങ്ങി ചുളുങ്ങി
വണങ്ങി കുണുങ്ങി പെണ്ണുങ്ങൾ
തലങ്ങും വിലങ്ങും വോട്ടു പിടിക്കാനിറങ്ങി
നേർക്കുനേർ വരാന്തയിൽ കണ്ടപ്പോൾ
ജോഷുവ പാടി
അടിതെറ്റി പൊത്തത്തോ വീഴല്ലേ ബാബു
നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ
ബാബു തിരിച്ചടിച്ചു
പിട കാണേ പിടയ്ക്കും പാട്ടുകാരാ
പിന്നാലെ കുറുക്കൻ തെയ്യന്താരോ..
ജോഷുവ വീണ്ടും പാടി
ഒരു കൈ പൊരുതാം കരവീരറിയാം
ചുണയോടെതിരെ എതിരേ യിടയാം
ബാബു വിട്ടില്ല
പതിനെട്ടടവും പിഴയും നേരം
ഉടുമുണ്ടുരിയും തലയിൽ കെട്ടുമെടാ
അരസ്സുമൂട്ടുകാരുടെ പോസ്റ്റർ
കയറി വരുന്ന പോർട്ടികോയുടെ മുന്നിലുള്ള ഹാളിന്റെ വലതു ഭാഗത്തു വെച്ചു
ആണി അടിക്കാതെ വേണം തൂക്കാൻ, ഒട്ടിച്ചു വെക്കുകയെ തരമുള്ളൂ
മതിൽ അഴുക്കാകാനും പാടില്ല, അതുകൊണ്ടു പെയിന്റ് ഇളകാത്ത പശ വെച്ചിട്ടാണ് പരിപാടിയെല്ലാം.
തൈപ്പറമ്പുകരുടേതു ഇടതു വശത്തും
പിന്നങ്ങോട്ട് മത്സരമായി, എന്നിരുന്നാലും മാന്യത ഉള്ള തുല്യത നിലനിന്നിരുന്നു.
ഇടതും വലതും
അവിടെയും ഇവിടെയും
എന്നാൽ
ലേഡീസ് വെയ്റ്റിംഗ് റൂമിന്റെ മുന്നിൽ ഒട്ടിക്കാൻ തുടങ്ങിയപ്പോൾ ഏണി വെച്ചു കയറി തട്ടിന്റെ അടിയിലും ഒട്ടിക്കാൻ തുടങ്ങി.
രാവിലെ കോളേജിൽ വരുന്ന ഓരോ കുട്ടിയും പോസ്റ്ററിന്റെ അടുത്ത് പോയി അൽപ നേരം നോക്കി നില്കും എന്നിട്ടു ക്ലാസുകളിലേക്ക് പോകും
എതിർ പാനലിൽ ഉള്ളവർ അടുത്ത് വരാതെ ദൂരെ നിന്ന് ഇടങ്കണ്ണിട്ടു നോക്കും.
പതുക്കെ പതുക്കെ സാറന്മാരും പോസ്റ്ററിന്റെ മുന്നിൽ വന്നു നോക്കി കമന്റ് പറയാൻ തുടങ്ങി
സാറന്മാർ, ആരുടെ നോക്കി എന്നും , എന്ത് പറഞ്ഞുവെന്നും അറിയാനുള്ള ജിജ്ഞാസ വളരെ വലുതായിരുന്നു
ഏറ്റവും വലിയ ഒരു അംഗീകാരം, ഞങ്ങളുടെ പ്രിൻസി, ലബ്ബ സാർ, ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട “ഇടവഴിയിലെ പൂച്ച മിണ്ടാ പൂച്ച” എപ്പോഴെങ്കിലും എന്തെങ്കിലും പറഞു എന്നറിയുന്നതായിരുന്നു.
അങ്ങനെ പോസ്റ്ററുകൾ ഓരോന്നായി കോളേജിന്റെ നാനാഭാഗത്തും പ്രത്യക്ഷപെട്ടു.
വോട്ട് പിടിത്തം തകൃതിയായി നടക്കാൻ തുടങ്ങി
എന്റെ കൂടെ കളിച്ചു വളർന്നവരും, എന്റെ ക്ലാസ്സിലെ എനിക്ക് പ്രിയപ്പെട്ടവർ അടങ്ങിയ എന്റെ സ്വന്തം പാനൽ,
എന്റെ ബാച്ചിലെ കിഷോറും, പൂർണിമയും, എന്റെ ക്ലാസ്സിലെ വേണുവും, റിജിയും താഴത്തെ ക്ലാസ്സിലെ സുമനും…
അതിന്റെ ഇടയിൽ അണ്ണനെ തള്ളി മറിച്ചിട്ടു വന്ന പോലീസും
കായമില്ലാതെ എന്ത് സാമ്പാർ എന്ന പറഞ്ഞ പോലെ ഞാനാണേൽ പാനലിന്റെ ഊര്ജ്ജസ്വലയായ പ്രവർത്തകയും.
ഓരോ പീരിയഡ് കഴിയുമ്പോഴും അല്പസമയം കിട്ടും, ഒരു ചെറിയ ഗാപ് അപ്പോളേക്കും അരസ്സുമൂട്ടുകാരും, തൈപറമ്പുകാരും ക്ലാസ്സ്മുറി തോറും കയറി ഇറങ്ങും
തലങ്ങും വിലങ്ങും വരാന്തയിലൂടെ പോകുമ്പോൾ
2 പാനലിലെ കൂട്ടുകാർ തമ്മിൽ എന്തെങ്കിലും പറയാൻ നിന്നാൽ മിടുക്കൻ മറ്റേ പാനലിലെ പ്രവർത്തകനെയും കൂട്ടി നടക്കും അടുത്ത ക്ലാസ് മുറിയിലേക്ക്
വോട്ടർമാരുടെ ഇടയിൽ അമ്പരപ്പുണ്ടാക്കാൻ, ഇതിപ്പോൾ ആര് ഏതു പാനലിൽ എന്ന് സംശയം ഉണ്ടാക്കാൻ, വോട്ടു തള്ളി താഴെയിടാൻ.
M A NAZER
എന്റെ ക്ലാസ്സിലെ എന്റെ കൂട്ടുകാരൻ
ആവേശമുണര്ത്തുന്ന ഓർമ്മകളിലൂടെ ഊളിയിട്ടിറങ്ങുമ്പോൾ
ഒരു നവംബര് മാസത്തിലെ തിരഞ്ഞെടുപ്പിൽ ഞാൻ ഓടി. ഓടി. നടന്നു അഭിമാനത്തോടെ വോട്ടു പിടിച്ച പാനലിലെ UUC
ഏറ്റവുമധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർഥി
ഇത്തവണ തൈപ്പറമ്പിന്റെ കൺവീനർ ആയി
മറു കണ്ടം
പല വട്ടം എന്റെ പ്രിയ സുഹൃത്ത് നാസർ, പല പല അടവെടുത്തിണ്ടു,
വോട്ടുപിടിത്തത്തിന്റെ ഇടയിൽ, എന്നേ പിടിച്ചു നിർത്തി , പണ്ട് പഠിച്ച പൈതഗോറസ് തിയറത്തിന്റെ മറുവശത്തെ കുറിച്ചും, മറ്റു സാധ്യതകളെ കുറിച്ചും ഗൗരവമേറിയ ഒരു ചർച്ച,
അങ്ങനെ അവരുടെ വാലുകളുടെ കൂടെ നടത്തിയിട്ടു, കൂറ് മാറിയെന്നു വരുത്തി തീർക്കുക
കുറച്ചു വോട്ടു എങ്ങനെയും മറിക്കാനുള്ള പത്തൊന്പതാമത്തെ അടവെടുക്കുക.
പിന്നെ ഒന്നും നടക്കാത്തപ്പോൾ …
അരസ്സുമൂട്ടിലെ അപ്പുക്കുട്ടന്റെ, ദമയന്തിയോടുള്ള സെന്റി ഡയലോഗ് എടുത്തിടും
അവനെ ഇടിച്ചു താഴ്ത്തിയുള്ള സംസാരം ഇച്ചിരി കൂടുന്നുണ്ട് നിനക്ക്
എന്നായാലും അപ്പുക്കുട്ടനെ അനുസരിക്കേണ്ട പെണ്ണാണ് നീ, അത് മറക്കണ്ട
മുൻ ശുണ്ഠിയും, കുറച്ചു അസൂയയും, നല്ല ഇംഗ്ലീഷും ഉണ്ടന്നേ ഉള്ളൂ
അവൻ പാവമാ
അപ്പോൾ ദമയന്തി പറഞു
ഒരു ഉപദേശി
വേണ്ട വേണ്ട
പഴയ ഒരു പരസ്യത്തിന്റെ കണക്കുണ്ട്, ഏതു പോലീസിനും ഒരിക്കൽ ഒരു അബദ്ധം പറ്റും, പക്ഷെ എല്ലാ പോലീസിനും എല്ലായ്പോഴും ഒരേ അബദ്ധം പറ്റാൻ പാടില്ല, അതുകൊണ്ടു ഞാൻ ഇല്ല നിങ്ങടെ കൂടെ
ബന്ധങ്ങൾ മനസ്സിൽ മാത്രം ഇരിക്കട്ടെ
നാസർ നിങ്ങളുടെ പാനലുമായി ധൈര്യമായി മുന്നോട്ടു പോകൂ
പക്ഷെ ജയം ഞങ്ങൾക്കൊപ്പം
ഒന്നും പറയണ്ട
തന്ത്രവും കുതന്ത്രവും
എന്നിരുന്നാലും
അവസാനമവസാനം എല്ലാവരും അരസ്സുമൂട്ടിലെ വസുമതി വലിയമ്മയുടെയും തൈപ്പറമ്പിലെ സുമതി കുഞ്ഞമ്മയുടെയും മക്കളെ പോലെ
പരസ്പരം സ്നേഹിക്കുന്ന, പൊറുക്കുന്ന, ആർദ്രമായി ഓർമ്മിക്കുന്ന, ചിരിച്ചു മണ്ണ് കപ്പുന്ന, എന്നാലും ഇച്ചിരി കുശുമ്പും, കുറുമ്പും മനസ്സിൽ ഇപ്പോഴും സൂക്ഷിക്കുന്ന ബാലിശങ്ങളായ ചിന്തകൾ വെച്ചു കൊണ്ടിരിക്കുന്ന, അത്യാവശ്യം മസിലു പിടിച്ചിരിക്കുന്ന കുട്ടികളും ആയി.
വർഷങ്ങൾ 40 കഴിഞ്ഞിട്ടും മാറാത്ത, മാറിക്കൂടാത്ത സ്നേഹബന്ധം.
ചുറ്റും കുറ്റകുറ്റിരുട്ടാണ് എന്നാലും പെയ്തിറങ്ങിയ മഞ്ഞിൽ ഭൂമിയാകെ വെളുവെളാന്നു വെളുത്തു സുന്ദരി ആയിരിക്കുന്നു.
ജനാലയിൽ വന്നു മുട്ടിയ ജിന്ന് പറഞു
“നിങ്ങളും, നിങ്ങളുടെ കോളേജും കൊള്ളാമല്ലോ.
നിങ്ങടെ കഥകൾ കേൾക്കാൻ ഞാനും നോക്കിയിരിക്കാറുണ്ട്
എല്ലാവരോടും പറയൂ കൂടുതൽ കൂടുതൽ ഓർത്തെടുക്കാൻ
ഇപ്പോഴുള്ള കുട്ടികൾ അറിയട്ടെ നാളെത്ര കഴിഞ്ഞാലും പെയ്തൊഴിയാത്ത സ്നേഹത്തെ പറ്റി
1 comment(s)