ബാബുച്ചായനും ഞാനും ചേച്ചിയും അച്ചുവിന്റെ പിറന്നാളിന് 1984 മെയ് 6
ട്രെയിൻ കൂവിവിളിച്ചങ്ങനെ ചീറിപ്പായാൻ തുടങ്ങി, ഇരുട്ടിന്റെ മാറിലേക്ക് ഒരൊറ്റയാനെ പോലെ തൃക്കണ്ണ് തുറന്നു വെളിച്ചം വിതറി പായുന്ന ട്രെയിനിൽ ഇരുന്നു സ്റ്റേഷനുകൾ മിന്നിമറയുന്നത് നോക്കിയിരുന്നു ഞാൻ. പെട്ടെന്ന് വണ്ടി നിർത്താനുള്ള പുറപ്പാടാണെന്നു മനസ്സിലായി, സേലം എത്തിയിരിക്കുന്നു, വളരെ വേണ്ടപ്പെട്ട സ്ഥലം, മദ്രാസിലേക്ക് പോയപ്പോഴെല്ലാം, പോകുമ്പോഴോ വരുമ്പോഴോ ഇറങ്ങി കയറുന്ന ഇടം, സാമിച്ചായന്റെ അമ്മാച്ചൻ ചെറുപ്പം മുതലേ കുടിയേറി പാർക്കുന്ന സ്ഥലം, അവർ രണ്ടു പേരും ഏതാണ്ട് ഒരേ പ്രായം ആയിരുന്നു, അതുകൊണ്ടു തന്നെ വലിയ ഒരു സ്നേഹബന്ധവും, അമ്മാച്ചന്റെ ഭാര്യ ഒരു മിടുമിടുക്കി, ഒത്തൊരമ്മച്ചി, രണ്ടു പേരും ഉരുണ്ടു തടിച്ചിട്ടായിരുന്നു, അധികം പൊക്കമില്ല, മിടുക്കരായ മക്കൾ ഉയർന്ന പഠിത്തക്കാർ,
സേലത്തെ അപ്പച്ചനെയും അമ്മച്ചിയേയും എനിക്ക് മറക്കാനൊക്കില്ല, കടപ്പാടുകൾ നിറഞ്ഞതാണ് എന്റെ ജീവിതത്തിലെ ഓരോ ദിവസവും, ഓരോ ഘട്ടവും, നടന്നു പോയ വഴികൾ, യാത്രയുടെ ഓരോ വേളയിൽ, കണ്ടുമുട്ടിയവർ, പലപ്പോഴായി ഒരു കൈ തന്നവർ.
Salem: നാട് വിട്ടിട്ടു ഇത്ര അധികം കപ്പ, നമ്മുടെ സ്വന്തം മരച്ചീനി കണ്ടിട്ടുള്ള മറ്റൊരിടം ഉണ്ടായിരുന്നില്ല. നല്ല മീൻ കൊല്ലത്തും, കപ്പ സേലത്തും. അന്നൊക്കെ കപ്പ പുഴുങ്ങിയതും, ചുമന്നുള്ളിയും, മുളകും, വെളിച്ചെണ്ണയും പുളിയുമായിചവുട്ടി കൂട്ടിയ ചമ്മന്തിയും, പിന്നെ കപ്പ വേവിച്ചതും മീൻ കറിയും. ഉണ്ടെങ്കിൽ, വേറെ എന്ത് തന്നാലും ആർക്കും അതൊന്നും വേണ്ടായിരുന്നു. ഇന്നും കഥ മാറിയിട്ടില്ല .
ഇത്രയും കൊതിയൂറുന്ന വിഭവങ്ങൾ വേറെ ഉണ്ടെന്നു തോന്നിയിട്ടില്ല. കപ്പ കൊണ്ട് വിസ്മയങ്ങൾ തീർക്കുന്ന തായ്ലണ്ടിലും തെക്കൻ അമേരിക്കയിലെ പല രാജ്യങ്ങളിലും വര്ഷങ്ങളായി യാത്ര ചെയ്തപ്പോൾ കഴിച്ചിട്ടുള്ള അസാദ്ധ്യ പലഹാരങ്ങൾ തനിയെ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ കപ്പയുടെ വിശാലമായ പാചകോചിതമായ സാധ്യതകൾ എന്നെ അമ്പരപ്പിക്കാൻ തുടങ്ങി. എന്റെ കൂട്ടാനും, കറികളും, ബേക്കിംഗും എല്ലാം വളരെ എളുപ്പത്തിൽ ഉള്ളവയാണ്, പാചകം ചെയ്യാൻ എന്ന പേരിൽ നേരം വെളുത്തിരുട്ടുവോളം അടുക്കളയിൽ തമ്പടിക്കാതെ പെട്ടെന്ന് കുറെ കാര്യങ്ങൾ ചെയ്തു തീർക്കുക അതാണ് ലക്ഷ്യം, അമേരിക്കൻ മാവിന് പകരം കപ്പ ചേർത്ത് ഉണ്ടാക്കുന്ന കേക്ക്, കപ്പ പൊടി കൊണ്ടുള്ള തായ് മധുരങ്ങൾ ഒക്കെ തന്നെ വിസ്മയിപ്പിക്കുന്ന രുചിയുള്ളതാണ് വളരെ എളുപ്പവും.
പാചകത്തിനെ പറ്റി പറഞ്ഞു തുടങ്ങിയാൽ പിന്നെ ഒരു നൂറു കൂട്ടം ഓർത്തു പോകും,
സേലത്തെ അപ്പച്ചനും അമ്മച്ചിയും തരുന്ന കൂടക്കണക്കിനു മാങ്ങ, ഈറയുടെ കുട്ടയും അതിൽ വൈക്കോൽ ഇട്ടു പിറക്കി വെച്ച മാങ്ങ, എന്താ രുചി. ട്രെയിനിൽ പോകുന്നത് കൊണ്ടും സാമിച്ചായൻ കൂടെ ഉള്ളതുകൊണ്ടും കൂടകളുടെ എണ്ണം കൂടിയത് കൊണ്ടൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല, ഇരിക്കുന്ന ബെഞ്ച് സീറ്റിന്റെ അടിയിൽ മുഴുവൻ മാങ്ങാ കൂടകളായിരുന്നു. ഇതെല്ലം കൊല്ലത്തെത്തുമ്പോൾ അപ്പച്ചന്റെ അടുപ്പക്കാർ പോർട്ടറുമാർ വന്നു പിറക്കി എടുത്തു, platform-ൽ വെച്ചിട്ടു ഭദ്രമായി കാറിൽ കൊണ്ടുപോയി വെക്കും
എഴുപതുകളുടെ തുടക്കത്തിൽ ആണ് അമ്മയുടെ നാത്തൂൻ, കൊല്ലത്തെ പേരുകേട്ട വ്യവസായി മാത്രമല്ല സർ CP മനഃപൂർവ്വമായി പൂട്ടിച്ച കൊല്ലം ബാങ്കിന്റെ സ്ഥാപക കുടുംബത്തിലെ അംഗം, . Chalakuzhy കുടുംബത്തിലെ C. P. Mammen ന്റെ മകൾ, Vimala Mammen, എല്ലാവരുടെയും ചേച്ചിയും, ചേട്ടൻ, Chief Engineer Joseph John-ന്റെ മകൻ Joseph John Jr., ഞങ്ങളുടെയെല്ലാം ബാബുച്ചായനും ,.അവരുടെ കുട്ടികൾ, മിറിയവും, അച്ചുവും പഠിച്ചിരുന്ന Yercaud എന്ന സ്ഥലത്തുള്ള സ്കൂളിലേക്കൊരു യാത്ര.പോയത്.
ഞങ്ങൾ അന്ന് വണ്ടിയിറങ്ങിയത് സേലത്താണ്. ഊട്ടി പോലെ തന്നെ നാട്ടിൽ നിന്നുമുള്ള കുറെയധികം കുട്ടികൾ പഠിക്കുന്ന ബോര്ഡിങ് സ്കൂളുള്ള സ്ഥലമാണ് Yercaud , ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമുള്ള പേരുകേട്ട സ്കൂളുകൾ.
പത്തിരുപതു ഹെയര്പിന് ആകൃതിയിലുള്ള വളവ് കടന്നു വേണം സ്കൂളിൽ എത്താൻ, യാത്രകളുടെ പട്ടികയിലെ മറക്കാനാവാത്ത അനുഭവം.
അന്ത കാലത്തേ 1950 കളിലെ, പേരുകേട്ട ഒരു പ്രേമകാവ്യം ആയിരുന്നു വിമലമ്മാമ്മയുടെയും, ബാബുച്ചായന്റെയും. ചേച്ചിയെ പ്രേമിച്ച ബാബുച്ചായൻ മദ്രാസിൽ പഠിക്കാത്ത കോളേജ് ഇല്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
എന്റെ ചെറുപ്പത്തിൽ ആഭിജാത്യമുള്ള, മഹിതമായ സൗന്ദര്യ സങ്കല്പത്തിന്റെ മൂർത്തീഭാവമായിരുന്നു ഇവർ രണ്ടു പേരും, ചേച്ചിയും ബാബുച്ചായനും ഒരുങ്ങി ഇറങ്ങി നിന്നാൽ ആരും ഒന്ന് നോക്കും. കാണാൻ അതീവ യോഗ്യനായ ബാബുച്ചായന്റെ ജുബ്ബയും കസവു മുണ്ടും, പുലിനഖം സ്വർണത്തിൽ കെട്ടിയ കയറുപിരിമാലയും. കുസൃതി ഓളം തള്ളുന്ന കണ്ണുകളും, ഉയർന്ന നെറ്റിത്തടവും, നീണ്ട മീശയും കണ്ടാൽ ആരും ഒന്ന് നിന്ന് നോക്കിപ്പോകും, താനാരാണെന്നു തനിക്കറിയില്ലെങ്കിൽ താനാരാണെന്നു തനിക്കു ഞാൻ പറഞ്ഞു തരാം എന്നുള്ള പ്രഗത്ഭ ഡയലോഗ് ബാബുച്ചായന്റെ കാര്യത്തിൽ വ്യർത്ഥം ആയിരുന്നു, താൻ ആരാണെന്നു തീർത്തും ബോധ്യമുണ്ടായിരുന്ന ഒരു വ്യക്തി ആയിരുന്നു എന്ന് മാത്രമല്ല നടപ്പിലും, എടുപ്പിലും, ഭാവത്തിലും, സംസാരത്തിലും ആ പ്രൗഢി നിലനിർത്തിപോന്നിരുന്നു, സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കും എന്ന് പറയുന്ന ഒരവസ്ഥ ഞാൻ കണ്ടിട്ടുള്ളത് പുള്ളിക്കാരന്റെ അടുത്ത് വരുമ്പോൾ ഉള്ള മറ്റുള്ളവരുടെ പെരുമാറ്റം കാണുമ്പോഴാണ്. മറ്റൊരാളുടെ മുന്നിൽ സ്വയം എങ്ങനെ കൊണ്ടുനടക്കണം എന്ന് പൂർണമായും ബോധ്യമുണ്ടായിരുന്നു വ്യക്തി.
ചേച്ചിയുടെ തറവാടിത്തമുള്ള ആകാരസൗന്ദര്യം , സൗകുമാര്യം വഴിഞ്ഞൊഴുകിയ മൂക്കും, കണ്ണും, നെറ്റിയും, കവിളും, ഒത്ത പൊക്കം, ഒരിഞ്ചു പോലും ദുര്മേദസ്സില്ലാത്ത ശരീരം, പ്രൗഢഘാംഭീര്യമായ നടത്തം, ഏതു നേരത്തായാലും അപങ്കിലമായ വേഷവിധാനം, ഗംഭീര്യമുള്ള പെരുമാറ്റം, ചേച്ചിയുടെ കണ്ണുകളിൽ നിറയെ സ്നേഹമായിരുന്നു, മറ്റുള്ളവർക്ക് ഏറ്റവും നല്ലതു കൊടുക്കാൻ മനസ്സുള്ള ചേച്ചി, എവിടെ, എങ്ങനെ പോകണം, എന്ത് പറയണം എന്തണിയണം എന്നുള്ളതിന് വ്യക്തമായ ധാരണയുള്ള ചേച്ചി, പാത്രങ്ങൾ വാങ്ങി അലമാരിയിൽ വെച്ച് പൂട്ടി വെക്കാതെ, ജീവിച്ചിരുന്നപ്പോൾ സ്വന്തം വീട്ടിലും പോയ വീടുകളിലും നല്ല പിഞ്ഞാണങ്ങളിൽ ഭക്ഷണം കഴിക്കണം, ചായയും കാപ്പിയും കുടിക്കണം എന്ന് നിഷ്കര്ഷിച്ചിരുന്ന ചേച്ചി. പാത്രങ്ങൾ കാണാനല്ല ഉപയോഗിക്കാനാണ് അല്ലെങ്കിൽ മരിച്ചു പോകുന്ന നമ്മൾ എന്നും പഴുത്ത വെറ്റില തിന്നു മരിക്കും എന്ന് വിശ്വസിച്ചിരുന്ന ചേച്ചി. പൂഴ്ത്തി വെക്കുക എന്നുള്ള സമ്പ്രതായം പൂർണമായും ജീവിതത്തിൽ നിന്ന് മാറാൻ ഉതകിയതു ചേച്ചിയിൽ നിന്ന് പഠിച്ച പാടങ്ങളിലൂടെ ആവാം. ചേച്ചി വന്നാലുടൻ ‘അമ്മ പൊട്ടുന്ന ഹിറ്റുകാരിയുടെ കപ്പും സോസറും എടുക്കും കാപ്പി കൊടുക്കാൻ. പൊട്ടുന്ന ഡിന്നർ സെറ്റ് എടുത്തു വെക്കും പുട്ടും മീൻ പറ്റിച്ചതും കഴിക്കാൻ ചേച്ചിയുടെ പ്രിയപ്പെട്ട പ്രാതൽ. അതീവ സൗന്ദര്യമുള്ള സാരികളും അതിനു ചേരുന്ന പ്രാചീന ആഭരങ്ങളും അടങ്ങിയ ഒരു ശേഖരം തന്നെ ഉണ്ടായിരുന്നു ചേച്ചിക്ക്, ഒരു കല തന്നെ ആയിരുന്നു ചേച്ചിയെ കാണാൻ. ഏതവസരത്തിനും അനുയോജ്യമായ വേഷവിധാനങ്ങൾ അണിയാനും, എന്ത് തന്നെ ഉടുത്താലും കേരള തനിമയുള്ള കുലീനയായ മലയാളി മങ്കയായി നെഞ്ചുയർത്തി നിൽക്കാനും അറിയാവുന്ന എന്റെ പ്രിയപ്പെട്ട ചേച്ചി.
എന്റെ ഓർമ്മയിൽ ചേച്ചിയുടെ കൈയ്യക്ഷരം പോലെ ഇത്ര സൗന്ദര്യമുള്ള അക്ഷരം കണ്ടിട്ടേയില്ല.. സൗന്ദര്യമുള്ള ഹൃദയത്തിന്റെ ഉടമ. വിരലുകളാൽ നൂലും സൂചിയും കൊണ്ട് വിസ്മയങ്ങൾ തീർക്കാത്തപ്പോൾ, പുസ്തകങ്ങളുടെ ലോകത്തേക്ക് ഊളിയിടുന്ന ചേച്ചി, ചേച്ചിയുടെ ഇടതും വലതും എപ്പോഴുംഏതെങ്കിലുമൊക്കെ പുസ്തകം ഉണ്ടായിരുന്നു,
എന്റെ ‘അമ്മ നവാസ് തന്ന ലൈബ്രറി പുസ്തകത്തിൽ നിന്ന് പിടിച്ച ഞാനറിയാഞ്ഞ പ്രേമലേഖനവുമായി നേരെ പോയത് ചേച്ചിയുടെ അടുത്തേക്കാണ്, തിരുവല്ലയിലെ Nicholson Boarding School- ൽ, പിന്നെ മദ്രാസ് WCC ലും പഠിച്ച ചേച്ചി, എഴുത്തിലെ അക്ഷര തെറ്റുകൾ കണ്ടിട്ട് ബോധം കെട്ടുപോയെന്നാണ് കേട്ടുകേൾവി.
Jim Reeves എന്ന പാട്ടുകാരനെ പറ്റി കൂടുതൽ അറിഞ്ഞതും, അദ്ദേഹത്തിന്റെ പാട്ടുകളുടെ ശാശ്വതമായ ആരാധിക ആയതും ബാബുച്ചായന്റെ പാട്ടുകളിലൂടെയാണ്, Jim Reeves ക്രിസ്ത്മസ് കരോൾ മാത്രം പാടുന്ന ആളാണെന്നായിരുന്നു എന്റെ ധാരണ.
മദ്രാസ് WCC യിൽ പഠിച്ചിരുന്ന ചേച്ചിയെ താംബരത്തുള്ള കോളേജ് ഹോസ്റ്റലിൽ നിന്ന് ഫോണിൽ വിളിച്ചു ബാബുച്ചായൻ പാടിയ പാട്ടു, പിൽക്കാലത്തു പല സമർത്യക്കാരും പാടി പലരെയും കറക്കാൻ നോക്കി; പക്ഷെ ബാബുച്ചായന്റെ ശബ്ദഘാംഭീര്യത്തിന്റെയും വശ്യശക്തിയുടെയും ഏഴയലത്തെത്താൻ ആർക്കും കഴിഞ്ഞില്ല.
എന്നിരുന്നാലും പുള്ളിക്കാരൻ പാടിയ
Put your sweet lips a little closer to the phone
Let’s pretend that we’re together, all alone
I’ll tell the man to turn the jukebox way down low
…………………………………………………….
Whisper to me, tell me do you love me true
Put your sweet lips a little closer to the phone
Let’s pretend that we’re together, all alone
എല്ലാവരും Jim Reeves- ന്റെ സമ്പൂർണ്ണ ആരാധകരായി.
ബാബുച്ചായന് ഒരു വലിയ സുഹൃത്വലയം ഉണ്ടായിരുന്നു. ഒത്തിരി ഒത്തിരി പ്രായോഗിക ഫലിതങ്ങൾ പറയുകയും ചിലതൊക്കെ പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഒരാളായിരുന്നു. നാല് പേര് കൂടിയാൽ എല്ലാവരും പുള്ളിക്കാരന്റെ അടുത്ത് കൂടും കൈ നോക്കി ഭാവി പറയാൻ, കല്യാണം എന്നാവും, ഉടനെ എങ്ങാനും ഉണ്ടാവുമോ ? ഭാവി വരൻ സുന്ദരൻ ആയിരിക്കുമോ, ഇതൊക്കെ അറിയാൻ ആയിരുന്നു ഉന്തും തള്ളും. പുള്ളിക്കാരൻ അവരുടെ കൈത്തലം തിരിച്ചും മറിച്ചും നെടുകെയും കുറുകെയുമൊക്കെ പിടിച്ചു ഓരോ വരയിലൂടെയും കൈയ്യോടിച്ചു നോക്കിയിട്ടു കുറച്ചു നേരം ഗാഢമായി ചിന്തിച്ചിരിക്കും അപ്പോൾ അവരുടെ സകലമാന സംയമനവും കലങ്ങും, എന്തോ വലിയ പ്രശ്നമുള്ള ഭാവി ആണെന്ന് കരുതി കണ്ണുനീരിന്റെ വക്കിലെത്തും; അപ്പോൾ ബാബുച്ചായൻ വളരെ തന്മയത്വത്തോടെ പറയും, നിന്റെ കൈത്തലങ്ങൾ വളരെ മാർദ്ദവമേറിയതാണ്, ഈ കൈകൾ പിടിച്ചിരിക്കാൻ നല്ല രസമാണ് . അതോടെ മുറിക്കുള്ളിൽ മുഴുവൻ കൂക്ക് വിളിയും ചിരിയും കൊണ്ടു നിറയും, ഇങ്ങനെ എന്തെല്ലാം രസകരമായ അനുഭവങ്ങളാണ് ജീവിതത്തിലെ പാഠപുസ്തകത്തിൽ നിറയെ,
ഈ യാത്ര തുടരുന്നതായിരിക്കും..
Leave A Comment