വ്യാഴാഴ്ച വൈകിട്ട് പോസ്റ്ററിന്റെ വര കഴിയാറായപ്പോൾ ആരോ പറഞ്ഞു നാളെ, പുത്തൻ പടം ഇറങ്ങുന്നു , കുറ്റിച്ചിറ സ്റ്റാറിൽ, ഇടി പടം; പോസ്റ്റർ പണി, വെള്ളിയാഴ്ച രാത്രി നടക്കില്ല അതുകൊണ്ടു പള്ളിയിൽ പോകാത്തവർ ഉച്ചക്ക് ബ്രേക്കിന് വന്നു വരക്കുന്നതാ നല്ലത് .
അങ്ങനെ ഉച്ചക്ക് ഹോസ്റ്റലിൽ എത്തിയ കുട്ടി ആരെയും കണ്ടില്ല
നേരെ മെസ്സിലോട്ടു വിട്ടു, അപ്പോ ചോറ് ബഷീർ പറഞ്ഞു, ഇന്നവരാരും ഉണ്ണാൻ വന്നില്ല അവരെല്ലാം എവിടോ പോയിരിക്കുവാ
ഓഫീസിലേക്ക് വെച്ചു പിടിച്ചു
അപ്പോഴാണ് കബീർ പറഞ്ഞത്, സീനിയർസ് എല്ലാം നമ്മുടെ കോളേജ് ബസിൽ കയറി പോകുന്നത് കണ്ടു
ചോദിയ്ക്കാൻ പറ്റിയില്ല.
സാലി സാറിനു എന്തായാലും അറിയാൻ പറ്റും.
സാലി സാറിനോട് നാളിതു വരെ നേരെ നിന്ന് സംസാരിച്ചിട്ടില്ല
അതുകൊണ്ടു ധൈര്യപ്പെട്ടു മുതിർന്നവർ എവിടെ പോയി എന്ന് ചോദിക്കുന്ന പ്രശ്നം ഇല്ല എന്ന് പറഞ്ഞു നിൽക്കുമ്പോഴാണ്
സിവിലിലെ കുറച്ചു പെൺപിള്ളേർ അങ്ങോട്ട് വന്നത്; അവരോടു പറഞ്ഞു നമ്മുടെ കോളേജ് ബസ് കാണാനില്ല എവിടെ പോയി എന്നൊന്ന് ചോദിക്കാമോ
അത്രേ ഉള്ളോ എന്ന് പറഞ്ഞിട്ട് അതിലൊരാൾ മുറിയുടെ തുറന്നിട്ട കതകിൽ മുട്ടി
May I come in Sir? എന്ന് ചോദിച്ചു
സാലി സർ തല പൊക്കി
ഇങ്ങനെയും പിള്ളാരോ ഇവിടെ
മറ്റേതു ഇടിച്ചു കയറി ആന കരിമ്പിൻ തോട്ടത്തിൽ കയറുന്ന പോലെ കയറുക ആണ് പതിവ്
എന്നിട്ടു ആ കുട്ടി പറഞ്ഞു
ഉപദ്രവിക്കുന്നതിൽ ക്ഷമിക്കു സർ
എന്നും പോർട്ടിക്കോയിൽ കിടക്കുന്ന നമ്മുടെ കോളേജ് ബസ് ഇന്ന് കാണാനില്ല , വൈകുന്നേരം ബസ് കാണുമോ സർ
സാലി സർ വിശദമായി കാര്യങ്ങൾ പറഞ്ഞു
നമ്മുടെ കോളേജിലെ ഒരു പയ്യന്റെ അച്ഛൻ മരിച്ചതായിട്ടൊരു കമ്പി വന്നു. അതുകൊണ്ടു കുട്ടികളെല്ലാം കൂടി നമ്മുടെ വണ്ടി എടുത്തു കലവൂർ All India Radio നിലയത്തിന്റെ അടുത്തുള്ള അവന്റെ വീട് വരെ പോയിരിക്കുവാ
ഇന്ന് രാവിലെ ക്ലാസ് തുടങ്ങിയിട്ടാ പോയത്, ക്ലാസ്സ് തീരുന്നതിനു മുന്നേ തിരികെ വരുന്ന കാര്യം സംശയമാ. പിന്നെ പോരാത്തതിന്
ബസിന്റെ വാടക കാശ് തന്നിട്ടാ പോയിരിക്കുന്നെ.
ആ പയ്യന്റെ വീടിന്റെ അടുത്തുള്ള ദിവാകരനോട് അവന്റെ വീട്ടിൽ ചെന്നു കാര്യങ്ങൾ അന്വേഷിച്ചു വേണ്ട സഹായങ്ങളൊക്കെ ചെയ്യാൻ അറിയിച്ചിട്ടുണ്ട്.
പത്തന്പതു പേർക്കിരിക്കാവുന്ന വണ്ടിയാ, ഹോസ്റ്റലിൽ നിന്നുള്ളവരെല്ലാം കയറിയപ്പോഴേ വണ്ടി നറഞ്ഞു,
മനസ്സിന് പ്രയാസമുള്ള സംഗതി ആയതിനാൽ എല്ലാവരും വളരെ നിശ്ശബ്ദരായിരുന്നു. ചിലരൊക്കെ കയറിയ പാടെ ഉറങ്ങാനും തുടങ്ങി. മറ്റു ചിലർ സോപ്പ് പെട്ടി പോലത്തെ ട്രാൻസിസ്റ്റർ റേഡിയോ ചെവിക്കകത്തോട്ടു തള്ളി കയറ്റി എന്തോ കേട്ടുകൊണ്ടിരുന്നു.
അങ്ങനെ വണ്ടി കരുനാഗപ്പള്ളി കഴിഞ്ഞപ്പോൾ ഒന്ന് രണ്ടു പേർക്ക് പ്രകൃതിയുടെ വിളി വന്നു തുടങ്ങി. എന്നാൽ പിന്നെ കായങ്കുളം ബസ് സ്റ്റാൻഡിന്റെ അടുത്ത് നിർത്താമെന്നായി. വണ്ടി അങ്ങനെ സ്ലോ ചെയ്തു സൈഡ് പറ്റി നിർത്തി. കുറച്ചു പേരിറങ്ങി, ചായയുംകുടിക്കാം ബാത്റൂമിലും പോകാം.
കായങ്കുളം ബസ്റ്റാന്റിൽ നിന്നും ഇറങ്ങുകയും കയറുകയും ചെയ്യുന്ന വണ്ടികൾ ഒരു കുന്നുപോലെയുള്ള കയറ്റവും ഇറക്കവും കടന്നാണ് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നെ ഏതു വണ്ടിയും ഒന്ന് സ്ലോ ചെയ്യും
അങ്ങനെ സ്റ്റാൻഡിൽ കയറിയ എറണാകുളം ഫാസ്റ്റ് , കൊല്ലത്തോട്ടു തിരിഞ്ഞു റോഡിലോട്ടു കയറാനും ഒരു ഓട്ടോക്കാരൻ എവിടെ നിന്നാണെന്നറിയില്ല പെട്ടെന്ന് ബസിന്റെ മുന്നിൽ, ഭാഗ്യത്തിന് ഡ്രൈവർ ബ്രേക്ക് പിടിച്ചു, എല്ലാവരും ഒന്നുലഞ്ഞു . ഡ്രൈവറിന്റെ 2 സീറ്റിനു പിന്നിലായി ഇരുന്ന ദിവാകരൻ ചാടി മുന്നിലത്തെ സീറ്റിന്റെ കമ്പിയിൽ കയറി പിടിച്ചു, ഭാഗ്യം നെറ്റി മുട്ടിയില്ല
പക്ഷെ ആ കുലുക്കത്തിൽ കണ്ണൊന്നു തെളിഞ്ഞു; വെളിയിലോട്ടു നോക്കിയപ്പോ കോളേജിന്റെ ചാരവും വെള്ളയും നിറത്തിൽ വരയൻ കുതിരയെ ഓർമ്മിപ്പിക്കുന്ന വണ്ടി വഴിയരുകിൽ പെട്ടെന്നു ദിവാകരന് കാര്യം മനസ്സിലായി, ദിവാകരൻ പിന്നെ ഒന്നും നോക്കിയില്ല കൈയും തലയും പുറത്തിട്ടു വിളിച്ചു കൂവി
അളിയാ പോകണ്ട
അവന്റെ അച്ഛൻ അവിടെ
പയര് പോലെ നടക്കുന്നു
നല്ല ചെറുപയര് പോലെ
എന്നിട്ടു ചാടി സീറ്റിൽ നിന്നിറങ്ങി ബെല്ലിന്റെ ചരടിൽ ഒരു വലി. ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പിടിച്ചു. ദിവാകരൻ ചാടി ഇറങ്ങി ഓടി
റോഡ് മുറിച്ചു കടന്നിട്ടു ഓടി കോളേജ് ബസിന്റെ അടുത്തെത്തി, വീണ്ടും പറഞ്ഞു
അളിയാ ഞാൻ അവിടെ രാവിലെ പോയിട്ട് വരുവാ അവന്റെ അച്ഛൻ പയര് പോലെ അവിടെ മുറ്റത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു
ആരോ തെറ്റി അടിച്ച കമ്പിയാ..
അങ്ങനെ ദിവാകരനും കോളേജ് ബസിൽ കയറി, മുന്നിലത്തെ സീറ്റിന്റെ അറ്റത്തു മൂലക്കായി ശരീരത്തിന്റെ ഇച്ചിരി ഭാഗം ഒന്ന് കൊള്ളിച്ചിട്ടു ഇരുപ്പുറപ്പിച്ചു. വണ്ടി അവിടെ തന്നെ വട്ടം കറക്കി ഡ്രൈവർ റോഡിലോട്ടു തിരിച്ചു. കരിക്കോട്ടേക്കു;
അപ്പോഴേക്കും എല്ലാവര്ക്കും നല്ല ഉന്മേഷമായി, ഒരു ഉല്ലാസയാത്രക്ക് പോകുന്ന പ്രതീതി ആയി, വണ്ടി അങ്ങനെ വീണ്ടും ഹൈവേയിലൂടെ പോകുംമ്പോ; ആരോ പറഞ്ഞു ഇന്നുച്ചയ്ക്ക് സോമണ്ണന്റെ സർപ്രൈസ് ടെസ്റ്റ് ആണ് നമ്മൾ ഇപ്പോൾ നേരെ അങ്ങോട്ട് ചെന്നാൽ മെനക്കേടാ
പെട്ടെന്ന് ഗോപകുമാറിന് ഒരു ആഗ്രഹം എന്തായാലും ഇവിടെ വരെ വന്നതല്ലേ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ഉത്സവമാ ഒന്ന് തൊഴുതിട്ടു പോകാം. ഓച്ചിറ കളി കണ്ടിട്ടില്ലാത്തവർക്കു ഇതുപോലെ ഒരു അവസരം കിട്ടില്ല. പിന്നെ എടുപ്പ് കാളകളെയും കാണാം
കൊല്ലത്തൊക്കെ ഉത്സവത്തിന് എടുപ്പ് കുതിരകളാണ് ഇവിടെ മാത്രമാണ് പത്തന്പതു എടുപ്പ് കാളകൾ ഉള്ളത് എല്ലാവര്ക്കും സന്തോഷമായി.
പലതരം കാഴ്ചകൾ കാണുന്നതിലും അപ്പുറം സോമണ്ണന്റെ സർപ്രൈസ് ടെസ്റ്റ് ഒഴിവായല്ലോ എന്ന സമാധാനം.
അങ്ങനെ ബസ് NH 47 – ന്റെ സൈഡിലുള്ള അമ്പലപ്പറമ്പിലോട്ടു കയറ്റി ഒതുക്കി.
വണ്ടി നിർത്തുന്നതിനു മുന്നേ തന്നെ ഒരു കൂട്ടം ആളുകൾ, മുണ്ടും, ഷർട്ടും, രണ്ടാം മുണ്ടു മൊക്കെ ഇട്ടു ഓടി കിതച്ചു ബസിന്റെ അടുത്തേക്ക് വന്നു..
ശകുന്തള എവിടെ ?
വണ്ടിയുടെ കതകു അവര് തന്നെ വലിച്ചു തുറന്നിട്ട് ഒരു ചോദ്യം
ശകുന്തള എവിടെ?
ഉത്സവത്തിന് ബാലെ കളിയ്ക്കാൻ ഏറ്റ ഉർവശി തിയറ്റേഴ്സ് -ന്റെ വണ്ടിയാണെന്ന കരുതിയ അമ്പലത്തിലെ ഉത്സവ കമ്മറ്റിക്കാരായിരുന്നു
കുറച്ചു പാടുപെട്ടു ആ വണ്ടിയല്ല ഈ വണ്ടി എന്ന് പറയാൻ
അവർക്കത്ര വിശ്വാസം പോരാഞ്ഞു അകത്തു കയറി സീറ്റ് സീറ്റാന്തരം നോക്കി. ഭാഗ്യത്തിന് പെണ്കുട്ടികളാരും വന്നിരുന്നില്ല.
വളരെ വിഷമത്തോടെ അവരിറങ്ങി. പിന്നെ ഞങ്ങളെ സംശയിച്ചതിന്റെ പ്രായശ്ചിത്തമായി അന്നത്തെ ഉത്സവ പരിപാടിയും, നൃത്ത നാട്യ ശില്പവും കാണാൻ പ്രത്യേകം ക്ഷണിച്ചു.
അപ്പോൾ കളക്ടർ അവരോടു പറഞ്ഞു “ഞങ്ങൾ കൊല്ലത്തെ പേരുകേട്ട എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാ, സാധാരണ ഉത്സവ പറമ്പിലെ പോലെ തറയിലൊക്കെ ഇരുന്നു കാണുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും. നിങ്ങൾ വിളിച്ച സ്ഥിതിക്ക് പറ്റില്ല എന്ന് പറയുന്നത് അല്പത്തരം ആണെന്നറിയിയം”
അപ്പോൾ അതിൽ ഒരു ഇരുത്തം വന്ന ആള് പറഞ്ഞു, ആ കാര്യം ഓർത്തു വിഷമിക്കണ്ട, നിങ്ങൾക്കിരിക്കാൻ ഞങ്ങൾ കുറേ ബെഞ്ച് സംഘടിപ്പിക്കാം. അപ്പോഴേക്കും എല്ലാവര്ക്കും ഉത്സാഹമായി
എല്ലാവരും പരസ്പരം നോക്കി
എന്നിട്ടു ഡ്രൈവറിനെയും നോക്കി
പുള്ളിക്കാരൻ ഒന്ന് ചമ്മി ഇച്ചിരി നാണത്തോടെ ഒരു കണ്ണൊന്നു പകുതി ഇറുക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരി ഒരു സമ്മതം ആയിരുന്നു
എല്ലാവര്ക്കും പൊതുവെ ഉള്ള കുറച്ചു പെരുമാറ്റ ചട്ടങ്ങൾ പറഞ്ഞിട്ട് വിടാമെന്ന് NSS- ന്റെ MH സലിം മനസ്സിൽ കരുതിയപ്പോഴേക്കും ; നേരെ ചൊവ്വേ ഇരിക്കാൻ പറ്റാഞ്ഞത് കാരണം പുറം വേദന എടുത്ത ദിവാകരൻ ആൾക്കൂട്ടത്തിലേക്കിറങ്ങി നടന്നു കഴിഞ്ഞു, പെട്ടെന്ന് പോയി ഒരു നേർച്ചയിടാം, വേദനിക്കുന്ന ഭാഗം ലോഹത്തിൽ വാങ്ങി നേർച്ചയിട്ടാൽ വേദന പോകുമെന്ന് കേട്ടിട്ടുണ്ട്.
കളക്ടർ ഉറക്കെ വിളിച്ചു ദിവാകരാ… എടാ ദിവാകരാ…. ഒന്ന് നിന്നേ..
എത്ര വിളിച്ചിട്ടും ബഹളം കാരണം ദിവാകരൻ കേട്ടില്ല, അവസാനം എല്ലാവരും കൂടി ഒറ്റ ശ്വാസത്തിൽ ഒരേ ശബ്ദത്തിൽ ഒരു വിളിയങ് വിളിച്ചു
എടാ
പയറു ദിവാകരാ……………………………..
അമ്പല പറമ്പിലുള്ള സകലമാന പേരും തിരിഞ്ഞു നോക്കി
ഒന്ന് നിൽക്കെടാ
ആ വിളി കേട്ടിട്ട് എന്തിനു നിന്നു എന്നോ, തിരികെ നടന്നു എന്നോ
മനസ്സിലാവാതെ ദിവാകരൻ ബസിന്റെ അടുത്തേക്ക് നടന്നു
വെറും ദിവാകരനായിട്ടല്ല
പയറു ദിവാകരനായി.
MH സലിം കുറെ ചിട്ടവട്ടങ്ങളും പെരുമാറ്റ ചട്ടങ്ങളും പറഞ്ഞു മനസ്സിലാക്കി
പല കാഴ്ചകളും കണ്ടെന്നിരിക്കും
ആത്മ സംയമനം പാലിക്കണം
രാത്രി കോട്ടം തട്ടാതെ തിരിച്ചു കരിക്കോട് എത്തണ്ടതാണ്.
പിന്നെ ആരും ആർക്കു വേണ്ടിയും കാത്തു നിന്നില്ല
ഓംകാര പൊരുൾ അനുഭവിച്ചു അറിയാനായി ഇറങ്ങി പുറപ്പെട്ടു.
അമ്പലപ്പറമ്പിലൂടെ നടക്കുന്നതിന്റെ ഇടയിൽ MH നോക്കിയപ്പോ
കെട്ടിമറച്ച ഒരിടം അതിനൊരു കർട്ടൻ കാവലിന് 2 പേരും
അടുത്ത് ചെന്നപ്പോൾ കേട്ടു മറന്ന ശിവാജി ഗണേശൻ ജയലളിത ജോഡിയുടെ ഒരു പഴയ തമിഴ് പാട്ടു
ഈ ടൂർ പോകുന്ന പിള്ളാര് വലിച്ചു കൂവി പാടുന്ന
അടി എന്നടി രാക്കമ്മ പല്ലായ്ക്ക് നെലിപ്പ്
എൻ നെഞ്ചു കുലുങ്ങുതടി
അടി കണ്ണാടി മുക്കൂത്തി മാണിക്ക സിവപ്പ് മച്ചാനെ ഇഴുക്കുതടി
അടി എന്നടി റാക്ക്
തിരിഞ്ഞു നോക്കിയപ്പോ, വേറെ അഞ്ചാറെണ്ണന്മാര് പുറകെ , ആരും ഒന്നും പറഞ്ഞില്ല പക്ഷെ നേരെ നടന്ന് കർട്ടൻ കതകിന്റെ അടുത്ത് ചെന്നു ഒരു 5 രൂപ നോട്ടെടുത്തു കൊടുത്തിട്ടു അകത്തേക്ക് ചരിഞ്ഞു കയറി
ഇവിടെ ആർക്കും ബെഞ്ചും വേണ്ട കസേരയും വേണ്ട
നേരെ മുന്നിൽ പോയി സൈഡിൽ നിന്നു
ഏതോ സ്കൂളിലെ ഡെസ്ക് പിടിച്ചിട്ട സ്റ്റേജ്, അതിന്റെ പുറത്തു ഭരത നാട്യത്തിന്റെ ഉടുപ്പിട്ട ഒരു തള്ള നിന്നു തുള്ളുന്നു
പാട്ടിന്റെ രണ്ടാമത്തെ ചരണം ആയപ്പോ ഭാരതനാട്യത്തിന്റെ വേഷം സ്റ്റൈലിൽ ഊരി താഴെ ഇട്ടു
ദേഹം ഇളകി, മറിഞ്ഞു, ഉറഞ്ഞു, തുള്ളാൻ, തുടങ്ങി
പക്ഷെ പെട്ടെന്ന് ആട്ടത്തിന്റെ ഇടയിൽ തലയിലെ മുടികെട്ടും ഊരി
ദേ കിടക്കുന്നു താഴെ
അവിടെ ഇരുന്നവരെല്ലാം കൂവി വിളിക്കാൻ തുടങ്ങി
അയ്യോ!!!!! ഇവള്പെണ്ണല്ല@@@@@@
ഇവള് പെണ്ണല്ല!!!!
ചീഫ് എഞ്ചിനീയർ ആയി വിരമിച്ച പയറു ദിവാകരന്റെ കഥയുടെ കടപ്പാട് സ്വന്തം കലക്ടറിനോട്
Leave A Comment