എന്റെ എഞ്ചിനീയറിംഗ് കോളേജ്
എന്നേക്കാൾ 2 വര്ഷം മാത്രം പ്രായകൂടുതൽ ഉള്ള എന്റെ കോളെജിന്റെ Diamond Jubilee ആഘോഷം ഫെബ്രുവരി മാസം രണ്ടാം തിയതി . എനിക്കും പ്രിയപ്പെട്ട മാസമാണ്. ഞാൻ ജനിച്ച മാസം. 60 വയസ്സ് മനുഷ്യർക്കു ഷഷ്ഠിപൂർത്തി ആണെങ്കിൽ എന്റെ കോളേജിന് അത് വജ്ര ജൂബിലി.
ഞാനിന്നു യാദൃച്ഛികമായി കോളേജ് വെബ് സൈറ്റിൽ പോയി, കോളേജ് തുടങ്ങിയ വര്ഷം കൃത്യമായി നോക്കാൻ , 1958.
വെറുതെ ഓടിച്ചു നോക്കിയപ്പോൾ, സെൻട്രൽ ലൈ ബ്രറി എന്ന സെക്ഷനിൽ വിരലൊന്നമർത്തി, റൂൾസ് ആൻഡ് റെഗുലേഷൻസ് എന്ന് കണ്ടു
എനിക്കേറ്റവും ഇഷ്ടപെട്ട പണിയാണിത് ചിട്ടപ്പെടുത്തിയ പെരുമാറ്റരീതികൾ ഉണ്ടാക്കുക അതനുസരിച്ചു കാര്യങ്ങൾ ചെയ്യുക, ഞാൻ പഠിച്ചിരുന്ന കാലത്തു, 1977 മുതൽ 1982 വരെ, എന്റെ കോളേജിലെ ലൈബ്രറി പെൺകുട്ടികളുടെ വെയ്റ്റിംഗ് റൂമിന്റെ ചാരത്തായിരുന്നു
ചാരത്തെന്നു പറയാൻ കാരണമുണ്ട് !! ഒരു കൂട്ടം ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ചാരി നിന്ന് സല്ലപിക്കാനുള്ള തൂണുകളാൽ നിറഞ്ഞ വരാന്തയുടെ ചാരത്തായിരുന്നു ഞങ്ങളുടെ ലൈബ്രറി
അങ്ങനെ ഞാൻ ആ പേജിൽ പോയി ഓരോന്നായി വായിക്കാൻ തുടങ്ങി
ഓരോന്നായി വായിച്ചു വായിച്ചു തുടങ്ങിയപ്പോൾ പുഞ്ചിരിക്കാൻ തുടങ്ങി ,
ചിരിക്കാൻ തുടങ്ങി, ഓട്ടോറിക്ഷ സ്റ്റാർട്ട് ആക്കുന്ന പോലെ മുക്കിയും, മൂളിയും, ചീറ്റി ചീറ്റി ചിരിക്കാൻ തുടങ്ങി
ഓർമ്മകൾ …
വലിയ വലിയ തൂണുകളാൽ അലംകൃതമായ വിശാലമായ കെട്ടിടമായിരുന്നു എന്റെ കോളേജ്,
വീതികൂടിയ വരാന്തകൾ
വരാന്തയുടെ ഒരു സൈഡിൽ ക്ലാസ് മുറികൾ മറ്റേ അറ്റത്തു തൂണുകൾ, ജാളികൾ
ഓരോ തൂണിനും ഒരു കോടി കഥകൾ പറയാനുണ്ടാവും ഇന്നും അത് വഴി നടന്നാൽ….
നടക്കേണ്ട കണ്ണടച്ച്, കാതു കൂർപ്പിച്ചാൽ മതി, എന്റെ പ്രിയപെട്ടവരെ എല്ലാം എനിക്ക് കാണാനും, കേൾക്കാനും കഴിയും
അവരുടെ നിശ്വാസങ്ങളും, പതുങ്ങിയ സ്വരങ്ങളും, ചില വില്ലന്മാരുടെ ആക്രോശങ്ങളും, പരിഭവങ്ങളും, മുദ്രാവാക്യം വിളിയും , അടക്കിപ്പിടിച്ച ചിരിയും, കൂക്ക് വിളികളും…
സ്കൂളിൽ ബെല്ലടിക്കുമ്പോഴുള്ള കലപില കലപില ഇവിടെ കേൾക്കാറില്ല
മുതിർന്ന കുട്ടികളാണല്ലോ
17 മുതൽ 25 വരെ പ്രായം
പ്രീഡിഗ്രി കഴിഞ്ഞു വന്നവർ, ഡിഗ്രി കഴിഞ്ഞുള്ളവരും
ഊണിനുള്ള ബെൽ അടിച്ചാൽ പെണ്കുട്ടികളെല്ലാം നേരെ വെയ്റ്റിംഗ് റൂമിലേക്ക് പോകും ചോറുണ്ണാൻ, അവരുടെ പുറകെ വാല് പോലെ മണപ്പിച്ചു കുറെ പേരുണ്ടാവും
പക്ഷെ ഒരു സദാചാര പോലീസുകാർക്കും ആരെയും ഒന്നും പറയാൻ പറ്റില്ല
കാരണം ഞങ്ങളുടെ വിശ്വവിഖ്യാത മായ പുസ്തകശാല പെൺകുട്ടികളുടെ വെയ്റ്റിംഗ് റൂമിന്റെ ചാരത്താണ്
സത്യത്തിൽ ഈ ലൈബ്രറിയിൽ പോകാൻ രണ്ടു വരാന്തയുണ്ട്
പക്ഷെ എല്ലാവര്ക്കും ഇടത്തോട്ടൊരു ചായ്വായിരുന്നു
അങ്ങനെ വെയ്റ്റിംഗ് റൂം വഴി തൂണുകളിൽ ചാരി നിന്ന് വയലാറിന്റെയും, തകഴിയുടെയും കാവ്യങ്ങൾ എഴുതുന്ന കമിതാക്കളെ നോക്കി അമക്കി ചിരിച്ചും മൂളിയും, ഓരോരുത്തരായി പുസ്തകശാലയിലേക്കു പോകും
ഞങ്ങളുടെ ലൈബ്രേറിയൻ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന അതുല്യ നടനെ ഓർമിപ്പിക്കുന്ന ഒരു സകലകലാവല്ലഭൻ ആയിരുന്നു, പുള്ളിക്കാരന് അറിയാത്ത പുസ്തകവുമില്ല അറിയാത്ത വിദ്യാര്ത്ഥികളും ഇല്ല,
സത്യത്തിൽ പുള്ളി ഞങ്ങളുടെ GPS ആയിരുന്നു, പെട്ടെന്നൊരാളെ കണ്ടുപിടിക്കണമെകിൽ പുള്ളികാരനോട് ചോദിച്ചാൽ മതി
വഹാബിനെ കിട്ടണമെങ്കിൽ, കിഷോർ അകത്തുണ്ടോ എന്ന് ചോദിച്ചാൽ മതി
അതുപോലെ കൃഷ്ണനെ തിരക്കിയാൽ രാധ അകത്തുണ്ടെന്നു പറഞ്ഞു തരും, ഒരു ആളിൻറെ സ്ഥാനം, മറ്റൊരു ആളിൻറെ സ്ഥാനത്തിന്റെ അടിസ്ഥാനത്തില് നിശ്ചയിക്കുന്ന ഘടകം ആയിരുന്നു പുള്ളിക്കാരൻ. ഓരോരുത്തരുടെയും ചുറ്റികളികൾ അത്രയ്ക്ക് നിശ്ചയമായിരുന്നു,
പക്ഷെ ലൈബ്രറി യിൽ നിന്ന് പുസ്തകം എടുത്തു പഠിച്ച ഒരാളെയും എനിക്കറിയില്ല
ലൈബ്രറിയിൽ ഇരുന്നാരും വായിക്കുന്നത് ഞാൻ കണ്ടിട്ടില്ല
അഥവാ ഏതെങ്കിലും പുസ്തകം വേണമെങ്കിൽ തന്നെ ഞങ്ങളുടെ GPS പുള്ളിക്കാരൻ തീരുമാനിക്കും ഏതു പുസ്തകം തരണമെന്ന്
കഷ്ടിച്ച് പുള്ളിക്കാരന്റെ ഡെസ്ക് വരെ ഒന്നെത്തി നോക്കിയാൽ മതി
പക്ഷെ
അന്നൊക്കെ ലൈബ്രറിയിൽ ഇരുന്നു പഠിപ്പിച്ചിരുന്നു!!!!
വളരെ ഗൗരവത്തോടെ പഠിത്തത്തെ കണ്ടിരുന്ന എന്നോട്
എന്നേക്കാൾ മുതിർന്ന ക്ലാസ്സിലെ ഒരാൾ Strength of Material’s – ന്റെ സംശയങ്ങൾ ചോദിച്ചപ്പോൾ
ആകെ പഠിപ്പിച്ചുകൊടുക്കാൻ പറ്റിയ സ്ഥലം ലൈബ്രറി മാത്രമായിരുന്നു
ഞാൻ വളരെ ഗൗരവമായി Stress, Strain, Bending Moment etc വരച്ചും, പറഞ്ഞും കൊടുത്തുകൊണ്ടിരുന്നു; പെട്ടെന്ന് ഞാനൊരു ചോദ്യം ചോദിച്ചു തല പൊക്കി നോക്കിയപ്പോൾ പുള്ളിക്കാരൻ എന്റെ വായിൽ നോക്കിയിരിക്കുന്നു
അതോടെ ഞാൻ പഠിപ്പീര് നിർത്തി
സംശയം ചോദിച്ചതിന്റെ ഗുഡ്ഡൻസു പിടി കിട്ടി
വെറുതെ പഞ്ചാര അടിക്കാമെന്ന ഉദ്ദേശത്തിലാണ് പോലും സംശയവുമായി വന്നത്
അതൊക്കെ ഒരു കാലം
മൊബൈൽ ഫോൺ ഇല്ലാത്ത കാലം
ഇന്റർനെറ്റ് ഇല്ലാത്ത കാലം
ലൈബ്രറിയും തൂണും വരാന്തയും മാത്രമുള്ള കാലം
പുസ്തകങ്ങൾ പലപ്പോഴും ഹംസങ്ങളായിരുന്ന പഠനകാലം
അതൊരു കഥ
എന്റെ ക്ലാസ്സിലെ നവാസ് ആണ് താരം, ജന്മം ചെയ്താൽ Assignment തനിയെ എഴുതില്ല, ഞങ്ങളുടെ കൊച്ചു പ്രേം നസീർ ആയിരുന്നു, ബെൻസ് കാറുള്ള നവാസ്, നവാസിനെ ഓർക്കുമ്പോൾ ഇനി ഒരിക്കലും കാണില്ല എന്നോ അകാലത്തിൽ മരണപ്പെട്ടു എന്നോർക്കാനോ എനിക്ക് പറ്റാറില്ല, ആ പേരോർക്കുമ്പോഴെല്ലാം പുഞ്ചിരിക്കാൻ മാത്രമേ എനിക്ക് കഴിയൂ …
ആദ്യത്തെ പ്രേമലേഖനം,
ക്ലാസ്സിലെ ഒരു Assignment എഴുതാൻ ഞാൻ സഹായിക്കാമെന്ന് ഏറ്റു, എന്റെ Assignment പകർത്തി എഴുതാൻ കൊടുത്തെങ്കിലും, ഒരല്പം വ്യത്യാസത്തിനായി ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകം എടുത്തിട്ട് വരാൻ വിട്ടു , പുള്ളിക്കാരൻ പുസ്തകം കൊണ്ടുവന്നു ഞാനതുമായി വീട്ടിൽ പോയി,
ആരോ ഒറ്റി, എന്റമ്മ ഞാൻ വീട്ടിലോട്ടു ചെന്നതും സഞ്ചിയിൽ നിന്ന് നിറമുള്ള ബൈന്റിട്ട പുസ്തകം എടുത്തു, അതിന്റെ ഉള്ളിൽ നാലായി മടക്കിയ കടലാസ്സു കഷ്ണം എടുത്തു, ആരോ കുരുകുരാന്നു ഇംഗ്ലീഷിൽ എഴുതിയ ഒരു എഴുത്തു
അമ്മയുടെ നോട്ടത്തിൽ തന്നെ ഞാൻ മുള്ളി
ആരുടേതാണിതെന്ന് ചോദിച്ചപ്പോൾ എന്റെ ഉത്തരം ഇത് നവാസ് തന്നതാണ്
‘അമ്മ ഞെട്ടി
‘അമ്മ കേട്ട പേര് വേറെ
ഞാൻ പറയുന്നു നവാസ് എന്ന്
ഇതിപ്പോൾ ഇവൾ ആരെയാണ് പ്രേമിക്കുന്നതെന്നായി ‘അമ്മ
പിടിച്ച ലിഖിതവുമായി ‘അമ്മ നേരെ വണ്ടിയെടുത്തു അമ്മയുടെ നാത്തൂൻ വിമലമാമ്മയെയും കൂട്ടി നേരെ വിട്ടത് എന്റെ പ്രിൻസിയുടെ വീട്ടിലേക്കു, പുള്ളിയുടെ ഭാര്യയും എന്റെ അമ്മയും ആസ്ത്മ സുഹൃത്തുക്കൾ
കൊല്ലം പട്ടണം മുഴുവൻ ഇളക്കി മറി ച്ച ഭൂകമ്പം
സത്യം തിരികെ വന്നപ്പോൾ ചേച്ചി (വിമലമ്മാമ്മ ) പറഞ്ഞതു ഇന്നും ഞങ്ങൾ ഓർത്തു ചിരിക്കാറുണ്ട് എടി ഇവന് സ്പെല്ലിങ് എങ്കിലും
ശരിയായി ട്ടെഴുതികൂടായിരുന്നോ
ഇന്നും എനിക്ക് സ്പെല്ലിങ് ചെക്ക് ചെയ്യാനേ നേരമുള്ളൂ
1 comment(s)