അങ്ങനെ മൂന്നാമത്തെ പോസ്റ്റർ വരയ്ക്കാൻ വന്ന വിദ്യാർത്ഥി ചോദിച്ചു
അണ്ണാ
ഇവിടെ പുതിയതായി വന്ന പയ്യന്മാർ ആരെങ്കിലും അടിച്ചു പൂസായിട്ടുണ്ടോ
കാഥികൻ ഉടനെ പറഞ്ഞു
ഏയ് ഒരിക്കലും ഇല്ല. പുത്തൻ പിള്ളാരൊരിക്കലും അതിനൊന്നും ധൈര്യപ്പെടില്ല.
ഇവിടെ അങ്ങനൊരു പ്രശ്നമേ ഉണ്ടായിട്ടില്ല
ഓഹ് അത് പറഞ്ഞോപ്പഴാണൊരു കഥ ഓർമ്മ വന്നത്
1976 -ൽ
ഒരു സംഭവമുണ്ടായി
അങ്ങു വടക്കു ചാലക്കുടിയിൽ
നല്ല ഒന്നാന്തരം നാടൻ തെങ്ങു വിളഞ്ഞു കുലച്ചു നിൽക്കുന്ന പറമ്പുകളുടെയും, പട്ടണത്തിലെ സകലമാന സ്വർണ പീടികളുടെയും ഉടസ്ഥനായ വെള്ളാനിക്കാരൻ വലിയ അച്ചായൻ, മുസ്ലിയാരുടെ കമ്പികെട്ടിലെ ഓഫീസിൽ പോയി കാശടച്ചു രസീതുമായി തിരികെ ചാലക്കുടിയിൽ എത്തിയിട്ട്, പറമ്പിൽ കാറ്റും കൊണ്ട് കരിക്കും കുടിച്, മെല്ലെ മെല്ലെ ഉലാത്തുന്ന മോനെ വിളിച്ചു.
എന്നിട്ടു രസീതിന്റെ കഷ്ണം എടുത്തു കൈയ്യിൽ കൊടുത്തിട്ടു പറഞ്ഞു :
നീ ഇനി 4 വർഷത്തേക്ക് ഒരിടം വരെ പോയി വാ, ഇച്ചിരി ഉള്ളിലായിട്ടുള്ളൊരു സ്ഥലമാ, ഏറ്റവും അടുത്തുള്ള പട്ടണം കൊല്ലം.
പക്ഷെ ഇതൊരു മുന്തിയ കോളേജാ, വലിയ കണക്കന്മാർ പഠിക്കുന്നിടം
നിന്നെ ഞാനവിടെ ചേർത്തു
ഏതോ ഒരു തരം രാജകീയമായ എഞ്ചിനീയറിംഗ് പഠിക്കാൻ.
എന്നിട്ടു വലിയ അച്ചായൻ വിശ്വസ്തനായ ഈനാശുവിനെ വിളിച്ചിട്ടു പറഞ്ഞു
ഈനാശു നീയും കൂടെ അവന്റെ കൂടെ പോകണം
നാളെ തന്നെ പുറപ്പെടണം
പഠിത്തം മറ്റന്നാൾ തുടങ്ങും
അവൻ ആദ്യമായിട്ടാണ് വീട്ടിൽ നിന്ന് മാറി നില്കുന്നെ , ഏതോ ഒരു ഗുദാമിലാണീ ഹോസ്റ്റൽ, നമ്മള് വിചാരിക്കുന്ന പോലെ ചിലപ്പോ സൗകര്യങ്ങൾ ഒന്നും കണ്ടെന്നു വരില്ല
അവനൊരു കുറവും ഉണ്ടാവരുത്
എല്ലാ കാര്യങ്ങളിലും നിന്റെ ഒരു കണ്ണ് വേണം
ശരി അച്ചായാ
ഇപ്പൊ ശരിയാക്കി തരാം, എന്നും പറഞ്ഞു ഈനാശു നേരെ തട്ടുമ്പുറത്തു വലിഞ്ഞു കയറി
കയറിയ പാടെ തിരികെ ഇറങ്ങി , തനിയെ പൊക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..
പറമ്പിൽ കിളച്ചോണ്ടു നിന്ന, മത്തായിചേട്ടനേയും, ഉറുമീസിനെയും വിളിച്ചു,
നമ്മുടെ മോൻ വലിയ പഠിപ്പു പഠിക്കാൻ പോകുവാ
കൊണ്ട് പോകാൻ കുറച്ചു സാധനം തട്ടുമ്പുറത്തു നിന്നെടുക്കണം
സൗമ്യനും, ശാന്തനും, യാതൊരു വിധ ദുശീലങ്ങളും, ഇല്ലാത്ത മോനോട് അതിയായ സ്നേഹവും ആദരവുമുള്ള, ഈനാശുവിനും, കൂട്ടർക്കും വലിയ നിർബന്ധമായിരുന്നു ഒരു കുറവും ഉണ്ടാവരുതെന്നു.
കൂടെ പോകുക മാത്രമല്ല അവിടെ തന്നെ എങ്ങനെയെങ്കിലും പറ്റി കൂടാമെങ്കിൽ അതിനും തയ്യാറെടുത്താണ് സാധനങ്ങൾ ഓരോന്നായി പെറുക്കി എടുത്തത്. തേങ്ങാ ഉള്ള നാടാണെങ്കിൽ അത് ചാലകുടിക്കു കയറ്റി അയക്കാനുള്ള ചെറിയ ഒരു പദ്ധതിയും മനസ്സിൽ കുറിച്ചു.
പണ്ടം തൂക്കുന്ന ചെറിയേ ഒരു ത്രാസ് കൂടെ കയ്യിൽ കരുതി, പണയമെടുത്താണെങ്കിലും അവിടെ തന്നെ കൂടണം എന്ന മോഹവുമായി.
പിന്നങ്ങോട്ട് മോന് വേണ്ടുന്ന സാധനങ്ങളെല്ലാം താഴോട്ട് ഇറക്കി.
നീണ്ടു നിവർന്നു വിശാലമായി കിടക്കാൻ നല്ല തേക്കും തടിയിൽ തീർത്ത വീതിയുള്ള കട്ടിൽ, കട്ടിലിന്റെ 4 മൂലക്കും കൊതുകു വല വലിച്ചു കെട്ടാനുള്ള 4 കാല്, കരിവീട്ടിയുടെ ബ്യുറോ, ഒരു പാളിയിൽ മുഴുനീള കണ്ണാടി ഉള്ളത്, നല്ല ഉറപ്പുള്ള 2 വലിപ്പുള്ള മേശ, മേശയുടെ മുകളിൽ പോസ്റ്റോഫീസിലെ പിള്ള മുറി പോലെ ഒരു സാധനം, കവറും, പണ്ടം തൂക്കുന്ന കട്ടിയും, അങ്ങനെ ലൊട്ടു ലൊടുക്ക് സാധനങ്ങൾ വെക്കാൻ.
ഡയമണ്ട് കട്സ് പോലെ മതിലിൽ പിടിപ്പിക്കുന്ന തുണി തൂക്കി ഇടുന്ന തടിയുടെ പഴയ സായിപ്പന്മാര് വായിക്കുന്ന ഒരു ഉപകരണം ഉണ്ടല്ലോ അങ്ങോട്ടുമിങ്ങോട്ടും തുറക്കുകയും അടക്കുകയും ചെയ്യുന്നേ, അത് പോലെ ഒരു സാധനം. മൂലയ്ക്ക് വെക്കുന്ന ചുറ്റും കറങ്ങുന്ന പങ്ക, നല്ല പഞ്ഞിമെത്ത, കമ്പിളി പുതപ്പു, കൊതുകുവല.
2 കമ്പി പാര, അതിപ്പോ തറയിൽ നാട്ടി വള്ളി കയറു കൊണ്ട് അയ കെട്ടാനും തേങ്ങയോ, കരിക്കോ അടത്തുമ്പോൾ പൊതിക്കാനും,
പിന്നെ പ്ലാസ്റ്റിക്കിന്റെ ബക്കറ്റ്, മൊന്ത, വെള്ളം ചൂടാക്കാൻ കുട്ടകം, പനിക്കും ജലദോഷത്തിനും ആവി പിടിക്കാൻ പുട്ടു കുടം, പനി പിടിച്ചെങ്ങാനും കിടന്നാൽ തുപ്പാനുള്ള കോളാമ്പി, എണ്ണയിട്ടിരിക്കാൻ ഒരു സ്റ്റൂൾ.
തുണി കഴുകാൻ ഒരു കരിങ്കല്ലും അത് പൊക്കി വെക്കാൻ കുറച്ചു ഇഷ്ടികയും
പലതരം സോപ്പ് പെട്ടി , കറന്റ് പോയാൽ കത്തിക്കാൻ പെട്രോമാക്സ് , തറ തൂക്കാൻ പറമ്പിലെ നല്ല നാടൻ തെങ്ങിന്റെ ഓലവെട്ടി ചീകിയ ഈര്ക്കില് കൊണ്ട് കെട്ടിയ നീണ്ട ചൂലും, കുളിമുറി കഴുകാൻ കുറ്റി ചൂലും, അറ്റത്തു ചകിരി കെട്ടിയ ചിലന്തി വല അടിക്കാനുള്ള മുള.
ചക്കിലാട്ടിയ വെളിച്ചെണ്ണ ഒരു ക്വിന്റൽ , ദേഹത്തു പുരട്ടാൻ എള്ളാട്ടിയ നല്ലെണ്ണ , തേച്ചു കുളിക്കാൻനല്ല നാടൻ പയർ പൊടിച്ചത് , പറമ്പിലെ ഇഞ്ച , പിന്നെ കിഴക്കേലെ വൈദ്യന്റെ ഒരു നൂറുകൂട്ടം മരുന്നും എണ്ണയും കുഴമ്പും, തലയിൽ തേക്കാനുള്ള താളിക്കു ഒരു ചെമ്പരത്തി ചെടി മൂടോടെ പിഴുതതു, അത് നടാൻ ഒരു തൂമ്പയും
ഒരു ചാക്ക് നിറയെ നല്ല വിളഞ്ഞ തേങ്ങയുടെ തൊണ്ടു കൊതുകിന് പുകക്കാൻ, വേറൊരു ചാക്കിൽ ചിരട്ട തേപ്പു പെട്ടിയിൽ കരിയിടാനും
തറയിൽ ഇടാൻ ചകിരിയുടെ വെൽക്കം എന്നെഴുതിയ ചവുട്ടി, ഒരു കാലന്കുട,
ഈശോയുടെ വലിയ ഒരു പടം ഫ്രെയിമിട്ടത് അതിന്റെ പുറത്തു വെക്കാൻ കുരുത്തോലയുടെ ഒരു കുരിശു, വലിയ രണ്ടു മെഴുകുതിരി കാലും, മുട്ടൻ 2 മെഴുകുതിരിയും
പകലിടാനും രാത്രി ഇടാനും ഉള്ള വസ്ത്രങ്ങൾ, കോറതുണിയിൽ തയ്ച്ച കൈയില്ലാത്ത ഒരു തരം കഴുത്തിനോട് പറ്റിക്കിടക്കുന്ന ബന്യൻ, കരയുള്ള തോർത്ത്
പക്ഷെ വായിക്കാനോ പഠിക്കാനോ ഉള്ള ഒരൊറ്റ പുസ്തകമോ പേനയോ കടലാസോ ദൈവം സഹായിച്ചു എടുത്തിട്ടുണ്ടായിരുന്നില്ല.
അടുത്ത ദിവസം രാവിലെ വലിയ അച്ചായൻ, ഡ്രൈവർ തോമാച്ചായനോട് പറഞ്ഞു, ഒരു വാടക വണ്ടി വിളിച്ചു സാധനങ്ങൾ കയറ്റി പോകുന്നതാ നല്ലതു.
കേട്ട പാതി തോമാച്ചായൻ ചാലക്കുടി കമ്പോളത്തിലെ ചാക്കോച്ചിയുടെ മിനി ലോറി വിളിച്ചോണ്ട് വന്നു
ഇത് കണ്ടതും കുരു പൊട്ടിയ ഈനാശു ചോദിച്ചു
ഇയാൾ ഇതെവിടുത്തുകാരനാ മോൻ വലിയ പഠിത്തം പഠിക്കാൻ പോകുമ്പോ, പോരാഞ്ഞിട്ട് ഞാനും കൂടി പോകുമ്പാഴാണോ മിനി ലോറി
താസ്കി വിളിയെടെ
അങ്ങനെ തോമാച്ചായൻ പോയി ഒരു അംബാസഡര് വിളിച്ചോണ്ട് വന്നു.
നേരം വെളുത്തപ്പോ ആദ്യത്തെ ഖുർബാന കൂടിയിട്ട്, നല്ല വെള്ളയപ്പവും പോത്തിറച്ചിയും കഴിച്ചു, മോനെത്തി,
അമ്മച്ചിയും അപ്പച്ചനും മോനെ മാറി മാറി കെട്ടിപിടിച്ചനുഗ്രഹിച്ചു, അംബാസ്സഡറിന്റെ കാരിയറിന്റെ മുകളിലായി കട്ടില് നാല് കാലും മുകളിലോട്ടു വെച്ച് അതിന്റെ അകത്താണ് എല്ലാ സാധനങ്ങളും പിറക്കി വെച്ചത്
മോനും, ഈനാശുവും, ഡ്രൈവറും, കയറിയിട്ട് ഡോർ അടച്ചു
വെളിയിൽ നിന്ന തോമാച്ചായനും കൂട്ടരും കൂടി ടാർപാ ഇട്ടു വലിച്ചു മുറുക്കി കാറിന്റെ 4 ഡോറിന്റെ അകത്തൂടെ ഇട്ടു മുറുക്കി കെട്ടി.
ഒരു കാരണവശാലും സാധനങ്ങൾ ഒന്നും താഴെ വീഴാൻ പാടില്ല.
മോൻ അങ്ങനെ യാത്ര ആയി
വണ്ടി കൊല്ലം ബസ് സ്റ്റാൻഡ് കടന്നതും വലതു വശത്തായി ഒരു വലിയ ബോർഡ് കണ്ടു
HOTEL SUDARSHAN – BAR ATTACHED
സ്വര്ണപ്പൻ മോൻ ഡ്രൈവറോട് പറഞ്ഞു
ചേട്ടാ വണ്ടി ഒന്ന് നിർത്താമോ
വണ്ടി സ്ലോ ആയി
ഇടതു വശത്തുള്ള സിനിമ കൊട്ടകയുടെ വഴിയരുകിൽ ഒതുക്കി
സ്വര്ണപ്പൻ ഒന്നും മിണ്ടാതെ വണ്ടിയിൽ നിന്നിറങ്ങി നേരെ റോഡ് മുറിച്ചു ഹോട്ടലിന്റെ അകത്തുള്ള ബാറിൽ കയറി
ചുറ്റുപാടും നോക്കാതെ ഉയർന്ന മേശയുടെ പിന്നാമ്പുറത്തു നിന്ന ടൈ കെട്ടിയ കുപ്പായക്കാരനോട് പറഞ്ഞു
ഉപ്പിട്ടൊരു നാരങ്ങാ വെള്ളം
അയാൾ നോക്കുന്നതിനു മുന്നേ തിരുത്തി
അല്ല തെറ്റി പോയി
2 ബിയർ
കുരിശുവരച്ചിട്ടു ബിയർ വാങ്ങി ഒറ്റ വലിക്കു കുടിച് തീർത്തു
കാശും കൊടുത്തിറങ്ങിയപ്പോഴാണ് ഒരു ധൈര്യം വന്നത്
തിരികെ വന്നു വണ്ടിയിൽ കയറി പുറകിൽ ചാരിയങ് കിടന്നു.
അങ്ങനെ വണ്ടി ഓടി ഓടി കരിക്കോട്ടെത്തി,
മുക്കിലെ മുറുക്കാൻ കടയിൽ ചോദിച്ചു തിരിയണ്ട വഴി കണ്ടു പിടിച്ചു
പതുക്കെ പതുക്കെ വണ്ടി ഹോസ്റ്റലിന്റെ ഉള്ളിൽ കയറി
ആദ്യത്തെ കെട്ടിടത്തിന്റെ, നമ്മുടെ LP സ്കൂളിന്റെ അടുത്ത് നിർത്തി
പതുക്കെ കെട്ടഴിക്കാൻ തുടങ്ങി.
ഹോസ്റ്റലിന്റെ അടുത്ത പറമ്പിൽ താമസിക്കുന്ന സോമിൽ നടത്തുന്ന സോമൻ പിള്ളയുടെ സുന്ദരിയായ മോള് ആനന്ദവല്ലിയുടെ വീട്ടു സാമാനങ്ങൾ മദ്രാസീന്നു തിരികെ അയച്ചത് ഗേറ്റ് മാറി വന്നതാണെന്ന് കരുതി ഹനീഫ കാറിന്റെ അടുത്തേക്ക് ഓടി ചെന്നു
ആരാ?
ഈനാശു
ഏതു ഈനാശു? എവിടുന്നു വരുന്നു?
അങ്ങ് ചാലക്കുടീ ന്നാ
എന്താ ഇവിടെ
സ്വര്ണപ്പൻ മോൻ പറഞ്ഞു ഇങ്ങോട്ടു കയറിക്കോളാൻ
ഏതു അപ്പൻ എന്ത് സ്വർണ്ണം
വല്ലടത്തൂന്നും പൊറുതി മാറിയ സാധനങ്ങൾ ഇറക്കാനുള്ള സ്ഥലമാണോ ഇത്
വിട്ടേ വിട്ടേ പെട്ടെന്ന് സ്ഥലം വിട്ടേ
ഈനാശു പെട്ടെന്ന് പറഞ്ഞു
എനിക്കൊന്നുമറിഞ്ഞൂടാ
അങ്ങോട്ട് ചോദിച്ചോളൂ
ഹനീഫ നോക്കിയപ്പോ
ഡബിൾ മുണ്ടും, ജുബ്ബയും,
കഴുത്തിൽ കുറഞ്ഞത് 10 പവൻ എങ്കിലും വരുന്ന ഒരു സ്വർണ മാലയും,
കൈയ്യിലാണെങ്കിൽ ടയറിന്റെ റിം പോലെ വീതിക്കൊരു തളയും,
നല്ല മണമുള്ള പൌഡർ ഒക്കെ ഇട്ടു ,സിംപ്ലനായി ഒരുങ്ങി , മുഖമെല്ലാം തുടുത്തു ചുവന്നിട്ടൊരാൾ കാറിൽ നിന്നിറങ്ങി വരുന്നു
എന്നിട്ടു ഒരു ചോദ്യം
മ്മ്മ് എന്താ ഈനാശു
മോനെ, ഇയാള് ചോദിക്കുവാ ഞാനാരാണെന്ന്
ങേ താനാരാണെന്നു തനിക്കറിയാൻ മേലെങ്കിൽ താനെന്നോടു ചോദിക്ക് താൻ ആരാണെന്നു
തനിക്കു ഞാൻ പറഞ്ഞു തരാം താൻ ആരാണെന്നു
ഇത് നമ്മടെ കുതിരവട്ടത്തെ പപ്പു ചേട്ടൻ പറഞ്ഞ പറച്ചിലല്ലേ
ഇനി ഇവിടെ നിന്നാൽ സംഗതി പന്തിയല്ല എന്ന് മനസ്സിലാക്കിയ ഹനീഫ ജീവനും കൊണ്ടോടി
മൂന്നാം ബ്ലോക്കിലെ ആദ്യത്തെ മുറിയിൽ ചെന്നു
മുതിർന്ന നാലഞ്ചു പിള്ളേരെ വിളിച്ചോണ്ട് വന്നു
കുറച്ചു കഴിഞ്ഞപ്പോൾ കണ്ട കാഴ്ച
നമ്മുടെ പാവം സ്വർണപ്പന്റെ ഓരോ വസ്തുവകകളും
ഈനാശു പതുക്കെപതുക്കെ
ഓരോ മുതിർന്നവരുടെ മുറിയിൽ കൊണ്ട് പോയി വെക്കുന്നു
അവസാനം പാരയും, അലക്കു കല്ലും, ഇഷ്ടികയും മാത്രമായി
സ്വര്ണപ്പൻ മോൻ
കൈയും കാലും തൊഴുതു പറയുന്നു
സാറന്മാരെ എന്നെ രക്ഷിക്കണം
ഞാൻ ആദ്യമായിട്ടാ
ഇങ്ങോട്ടു വരുന്നതിനു മുന്നേ പലതും കേട്ടിരിക്കുന്നു
ഒരു ധൈര്യത്തിന് രണ്ടു അടിച്ചതാ
ഇനി എന്റെ കൊക്കിനു ജീവനുണ്ടെങ്കിൽ ഇതൊരിക്കലും ആവർത്തിക്കില്ല
ഈ കഥയുടെ തുമ്പു തന്നത് ഷായി അല്ല എന്ന് പറയാൻ പറഞ്ഞു
Leave A Comment