Mrs Mary Roy, ഒരു സമ്പൂർണ്ണ സ്ത്രീ ആയിരുന്നു, എന്റെ മോൻ പഠിക്കുമ്പോൾ അറിയപ്പെട്ടിരുന്ന Corpus Christi എന്നപള്ളിക്കൂടത്തിന്റെ സ്ഥാപകയും, പ്രധാന അധ്യാപകയും ആയിരുന്ന, Mrs Roy അവിടെ പഠിച്ചിരുന്ന കുട്ടികൾക്കും, ജീവനക്കാർക്കും, അനുകമ്പയുള്ള , സഹിഷ്ണുതയുള്ള, അഭികാമ്യമായ, സര്ഗ്ഗശക്തിയുള്ള, അസംബന്ധങ്ങൾക്ക്യാതൊരു സ്ഥാനവും കൊടുക്കാത്ത, ലക്ഷണമൊത്ത ഒരമ്മ കൂടി ആയിരുന്നു.
നിയന്ത്രിക്കാനും, നിലക്ക് നിർത്താനും, പറയാനുള്ളത് ആരോടായാലും മുഖത്തു നോക്കി പറയാനും, വേണ്ടത് ചോദിച്ചുവാങ്ങാനുമുള്ള, സർഗ്ഗാത്മകതയും, ഇച്ഛാശക്തിയുള്ള മഹത് വനിത, അതായിരുന്നു എനിക്ക് Mrs Roy.
ജീവിത യാഥാർഥ്യങ്ങളിലെ സമാനതകൾ ആയിരിക്കാം ഞങ്ങളെ അടുപ്പിച്ചത്:
വിവാഹ ബന്ധം വേർപെടുത്തിയ ഒരമ്മ, സ്വന്തം ജീവിതവും, പഠിത്തവും മറ്റുള്ളവർക്ക് പ്രയോജനപ്പെടണം എന്നമോഹവുമായി കടൽ കടന്നു പോയി ജോലിയിൽ ഏർപ്പെട്ട എന്നെ മനസ്സിലാക്കാനും, എനിക്ക് വഴികാട്ടി ആവാനും, Mrs Roy- ക്കു ഒട്ടും തന്നെ പ്രയാസം ഉണ്ടായിരുന്നില്ല.
ജീവിതത്തിന്റെ ഒഴുക്കിനിടയിൽ കണ്ടുമുട്ടുകയും, പരിചയപ്പെടുകയും, അടുത്തിടപഴകുകയും ചെയ്യുന്ന ഒട്ടുമുക്കാൽആൾക്കാരും നമ്മിൽ ഓരോ അടയാളം വെക്കാറുണ്ട്.
വൈകാരികമായ ദുരുപയോകത്തിന് ഒരിക്കലും നിന്ന് കൊടുക്കരുത് എന്ന അടിസ്ഥാന തത്വം പറഞ്ഞു തരുമ്പോൾ അത്മുതിർന്നവരിൽ നിന്നും, പങ്കാളികളിൽ നിന്നും മാത്രമല്ല; മക്കളിൽ നിന്നും, അടുപ്പക്കാരിൽ നിന്നും, കൂടെ ജോലിചെയ്യുന്നവരിൽ നിന്നും, ആണെന്ന് എനിക്ക് വഴിയേ ബോധ്യപ്പെടുകയും, ഫീനിക്സ് പക്ഷിയെ പോലെ ഓരോ തവണഉയർത്തെഴുന്നേല്ക്കുമ്പോഴും Mrs. Roy-യെ മനസ്സുകൊണ്ട് ഞാനിന്നും നമിക്കയും ചെയ്യുന്നു.
എനിക്ക് ജന്മം നൽകിയ എന്റെ അമ്മയിലൂടെയും, അമ്മയുടെ പ്രിയ കൂട്ടുകാരി ജമീലാന്റിയിലൂടെയും, തുടങ്ങി ഞാൻ ജന്മംനൽകിയ എന്റെ മകൻ അനൂപിലൂടെ, എന്റെ ജീവിത യാത്രയിൽ ആഴത്തിൽ കൊത്തിവെച്ച അടയാളം ആയിരുന്നു Mrs. Mary Roy- യുമായുള്ള എന്റെ ആത്മബന്ധം.
ഇന്നലെ വൈകുന്നേരം August 31, 6 മണിക്ക്; അതായതു കോട്ടയത്ത് September1 വെളുപ്പിന് 3.30 മണിക്ക് ഞാനും എന്റെമകൻ അനൂപും, MJ: The Musical കണ്ടിട്ട് എഴുന്നേറ്റു നിന്ന് കൈ കഴക്കുന്ന വരെ കൈയ്യടിച്ചിറങ്ങി. Manhattan-ലെവഴിയോരത്തുള്ള കസേരയിലിരുന്നു ഒരു മണിക്കൂറോളം Mrs Roy-ടെ പ്രതിജ്ഞാബദ്ധതയെ പറ്റിയും, പുള്ളിക്കാരി തുടങ്ങിയകോർപ്പസ് ക്രിസ്റ്റി എന്ന അനൂപിന്റെ സ്കൂളിനെ പറ്റിയും വാതോരാതെ സംസാരിച്ചു. Mrs Roy- ടെ സ്കൂളിൽ അരങ്ങേറിയ ചില കലാരൂപങ്ങൾ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായതിനെ പറ്റി Dilip-നോട് പറയുക ആയിരുന്നു. തൊണ്ണൂറുകളിൽ സ്കൂളിലെ എല്ലാ കുട്ടികളും അഭിനയിച്ച ശാകുന്തളം, മാമൻ മാപ്പിള ഹാളിൽ അരങ്ങേറിയ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമ ആയ Sound of Music എന്ന മ്യൂസിക്കൽ, അതിശയിപ്പിക്കുന്ന പരിപൂര്ണ്ണതയോടെ അവതരിപ്പിച്ച കുട്ടികൾ; അതിൽ Kurt Von Trapp ആയി അഭിനയിച്ച അനൂപ്, Antigone എന്ന ഗ്രീക്ക് ട്രാജഡി മലയാളത്തിൽ അവതരിപ്പിച്ചത് കണ്ടു കണ്ണ് തള്ളിയ ഞാൻ, Jesus Christ Super Star എന്ന Musical Cassette കേട്ടിട്ട് ഇത് നേരിട്ട് കണ്ടിട്ടുള്ള Sydney-യിലെ എന്റെ canadian neighbours അന്തം വിട്ടത്.
ഇന്ന് വെളുപ്പിനെ 2 മണിക്ക് The Hindu എന്ന പത്രത്തിൽ Mrs. Roy മരണപെട്ടു എന്ന വാർത്ത വായിച്ചതും എന്റെമനസ്സിലൂടെ 40 വർഷത്തെ അനുഭവങ്ങൾ മിന്നിമറയാൻ തുടങ്ങി.
കൊല്ലത്തു തുടങ്ങി, Zambia, Botswana, Sydney, ഇന്നിപ്പോൾ ഇവിടെ അമേരിക്കയിൽ; എല്ലാം കോട്ടയം കളത്തിപ്പടി കേന്ദ്രീകരിച്ചുള്ള ഓർമ്മകൾ.
ജമീല ആന്റിയുടെ ഏക മകൻ ഫൈസലിനെ boarding -ൽ കൊണ്ടു വിടാൻ കൂട്ട് പോയിട്ട് വന്ന ‘അമ്മ പറഞ്ഞവിവരണത്തിലൂടെ ആണ് ഞാൻ Mrs. Roy-യെ പറ്റി ആദ്യമായി കേൾക്കുന്നത്.
അമ്മയുടെ വാക്കുകളിലൂടെ:
“ ഒരു പ്രത്യേക അന്തരീക്ഷമാണവിടെ, ഞങ്ങൾ ചെന്നപ്പോൾ Mrs. Roy സ്കൂളിൽ നിന്ന് വീട്ടിലേക്കു പോകാനായിവരാന്തയിൽ നിൽക്കുകയായിരുന്നു. ഫൈസലിനെ കണ്ടതും അവർ സന്തോഷത്തോടെ സംസാരിക്കുന്നതു കണ്ടു, ജമീലപേടിച്ചാണ് കാറിൽ നിന്ന് ഇറങ്ങിയത്, പൊതുവെ എല്ലാവര്ക്കും ഒരു തരം ഭയമായിരുന്നു പുള്ളിക്കാരിയെ,കുട്ടികൾക്കാണെങ്കിൽ ഒത്തിരി ഒത്തിരി ബഹുമാനത്തോടുള്ള സ്നേഹവും, ജമീല ഇറങ്ങിയതിന്റെ പിറകെ ഞാനുംഇറങ്ങി, കണ്ടാലറിയാം അങ്ങനിങ്ങനെ എന്തെങ്കിലും പോയി പറയാൻ പറ്റിയ ആളല്ലെന്നു.
പക്ഷെ ഒരൊറ്റ നിമിഷത്തിൽ ഞങ്ങൾ അടുപ്പമായി, എന്റെയും Mrs Roy-യുടെയും കൈയ്യിൽ ഒരേ സാധനം – ശ്വാസംവലിക്കാനുള്ള Ventolin Inhaler, ഞങ്ങൾ രണ്ടു പേരും ഒരുപോലെ അതെടുത്തു വലിച്ചു, പരസ്പരം നോക്കി ചിരിച്ചു, അങ്ങനെ സംസാരിച്ചു തുടങ്ങി.
അന്നൊക്കെ പേർഷ്യയിൽ നിന്ന് വരുന്ന ഓരോ സ്വന്തക്കാരും, ബന്ധക്കാരും എന്റെ അമ്മക്ക് കൊടുത്തിരുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായിരുന്നു ശ്വാസം വലിക്കുന്ന Inhaler. അമ്മയുടെ ഇടുപ്പിൽ തിരുകി വെക്കാറുള്ള inhaler- നു പുറമെ എവിടെ പോയാലും ബാഗിലൊരു പുതിയത് കാണും spare ആയിട്ട്.
Asthma, മലയാളത്തിൽ -വലിവ്; ഞാൻ പഠിച്ച സിവിൽ എഞ്ചിനീയറിംഗ് ഭാഷയിൽ പറഞ്ഞാൽ Extension- വലിവുള്ളരണ്ടു പേരിൽ തുടങ്ങിയ ബന്ധം Extend ചെയ്തു വന്നു നിന്നതു വര്ഷങ്ങള്ക്കു ശേഷം എന്റെ മോനെ Mrs Roy-യുടെസ്കൂളിലെ ബോര്ഡിങ്ങിൽ ചേർത്തപ്പോഴാണ്.
4 പതിറ്റാണ്ടിലേറെയുള്ള ബന്ധത്തിന്റെ ഏടുകളിലെ ഓർമ്മകളിലൂടെ ഒഴുകി നടക്കുമ്പോൾ, ഞാൻ കാണുന്നത് Mrs Royഎന്ന വ്യക്തി എനിക്ക് പകർന്നു തന്ന സ്വഭാവ സവിശേഷതകളാണ്.
രണ്ടു കൈയും നീട്ടി എന്നെയും Anoop-നെയും സ്വീകരിച്ചു്, എന്നായാലും എപ്പോഴായാലും വീട്ടിൽ കൂടെ താമസിപ്പിക്കാൻമനസ്സ് കാണിച്ച Mrs Roy-യുമായി ഇടപഴകിയ ഓരോ നിമിഷവും എനിക്ക് എത്രയും പ്രിയപ്പെട്ടതാണ്.
Zambia-യിൽ ആയിരുന്ന ഞാൻ South Africa-യിലെ Johannesburg- ലെ boarding School- ൽ പഠിക്കുന്ന മോനെ കോട്ടയത്തെCorpus Christi-യിൽ കൊണ്ടുവരാനുള്ള പ്രജോദനങ്ങൾ പലതായിരുന്നു
മലയാളം: മലയാളത്തിൽ സംസാരിക്കുന്ന കുട്ടികളുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ, മലയാളം പറയുന്നത് കേട്ട് വളർന്നമലയാളി കുഞ്ഞുങ്ങൾ ചിന്തിക്കുന്നതു മാതൃഭാഷയായ മലയാളത്തിലായിരിക്കും, അത് തലച്ചോറിലെ അറകളിൽവിവർത്തനം ചെയ്താണ് അന്യ ഭാഷകളിൽ സംവദിക്കുന്നത് – അപ്പോൾ മലയാളത്തിനു അടിത്തറ ഇല്ലാതെ വന്നാൽ – പറയാനും, എഴുതാനും, വായിക്കാനും, അറിയാതെ വളരുന്ന മലയാളികുട്ടികൾ പറയുന്ന അന്യ ഭാഷയുടെ അടിത്തറയുംവിള്ളലുള്ളതായിരിക്കും എന്ന ബോധ്യമുള്ള അദ്ധ്യാപിക ആയിരുന്നു Mrs. Roy
എന്റെ ഓർമ്മ ശരിയാണെങ്കിൽ നാലാം ക്ളാസ്സു വരെ മലയാളത്തിൽ മാത്രം സംസാരിക്കുന്ന, പരീക്ഷ ഇല്ലാതിരുന്ന, tuition, uniform, വീട്ടിലിരുന്നു ചെയ്തു കൊണ്ട് വരാൻ ഹോം വർക്ക്, തുടങ്ങിയവ ഇല്ലാതിരുന്ന, പാഠ്യപുസ്തകങ്ങളുടെ കെട്ടുകൾപേറി നടുവ് വളഞ്ഞ കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന സ്കൂൾ ആയിരുന്നു 1990 – കളിലെ കോർപ്പസ് ക്രിസ്റ്റി സ്കൂൾ.
സ്കൂളിൽ പോകുന്നതും Mrs Roy- ടെ വീട്ടിൽ കൂടെ താമസിക്കുന്നതും എനിക്കൊരു ഹരമായിരുന്നു.
കുട്ടികളും അവരെ പഠിപ്പിക്കുന്നതും, എനിക്കൊത്തിരി ഒത്തിരി ഇഷ്ടമുള്ള കാര്യമായിരുന്നു, എപ്പോൾ ചെന്നാലുംകുട്ടികളുമായി ഇടപഴകാനും അവരോടു എന്റെ ജീവിത യാത്രയിലെ അനുഭവങ്ങൾ പങ്കിടാനുമുള്ള അവസരം Mrs Royഎനിക്ക് തന്നിരുന്നു.
സ്ത്രീ പുരുഷ സമത്വം പറയുകയും പ്രസംഗിക്കുകയും ചെയ്യുന്നവർ ധാരാളമാണ് പക്ഷെ അത് പ്രാവർത്തികമാക്കുകയും, അതൊരു ആചാരമായി കൊണ്ട് നടക്കുകയും, തലമുറകൾക്കു പകർന്നു കൊടുക്കുകയും ചെയ്ത; എനിക്കറിയാവുന്നഒരേയൊരു വ്യക്തി Mrs Roy ആണ്. കോർപ്പസ് ക്രിസ്റ്റിയിൽ കുട്ടികൾ മുതിർന്നവരെ സംബോധന ചെയ്തിരുന്നത് ചേട്ടാ,ചേച്ചി എന്നായിരുന്നു. കൂടെയുള്ളവരെ പേര് വിളിക്കുമ്പോഴും, ബഹുമാനത്തോടെ അല്ലാതെയുള്ള ഒരു പെരുമാറ്റവുംഅവിടെ കേട്ട് കേൾവി പോലും ഇല്ലായിരുന്നു.
പെൺകുട്ടികളെ ബഹുമാനിക്കുന്ന, പെൺകുട്ടികൾക്ക് സ്ഥാനവും, അധികാരവും ശക്തിയുമുള്ള വിദ്യാലയം. പെണ്കുട്ടികള്ക്കായിരുന്നു എന്നും ഒരു പടി കൂടുതൽ കരുതലും, അംഗീകാരവും.
തുറന്ന ശയനമുറികളുള്ള, ലാറി ബേക്കർ – ന്റെ ഡിസൈനിലുള്ള അതി മനോഹരമായ green buildings, കളത്തിപ്പടിയിലെകുന്നും, കയറ്റവും, ഇറക്കവും എല്ലാം സ്വരൂപിച്ചുള്ള വാസ്തുവിദ്യ, താമസിക്കുന്ന ഇടവും, ക്ളാസ് മുറിയും, ഭക്ഷണം പാകംചെയ്യുന്നിടവും, കഴിക്കുന്നിടവും എല്ലാം കൊച്ചു കൊച്ചു പടികളാൽ ബന്ധപ്പെടുത്തി; ജനാലകൾക്കു കമ്പിവേലികളില്ലാതെ കാറ്റും, വെളിച്ചവും, കുഞ്ഞുങ്ങളുടെ കൊഞ്ചലും, കളിയും ചിരിയും എല്ലാം അന്തരീക്ഷത്തിൽ തത്തി കളിച്ചിരുന്ന പള്ളിക്കൂടം.
സിമന്റ് പൂശാത്ത ഇഷ്ടിക കട്ടകളാൽ കെട്ടി പടുത്തുയർത്തിയ മതിലുകളോട് ചേർന്ന് നിൽക്കുന്ന മരങ്ങളെയും, ചെടികളെയും, തഴുകാതെ, മറിയാമ്മച്ചേച്ചിയുടെ നാടൻ ഭക്ഷണത്തിന്റെയും, ബീഫ് ബിരിയാണിയുടെയും മണം ആസ്വദിക്കാതെ, ശ്രദ്ധിക്കാതെ പള്ളിക്കൂടത്തിന്റെ ഉള്ളിലൂടെ ഓടി നടക്കാൻ പറ്റില്ലായിരുന്നു.
കുട്ടികളുടെ മാനസികവും, ശാരീരികവും, വൈകാരികവും, കലാപരവുമായ വളർച്ചക്ക് ഇത്രയധികം പ്രോത്സാഹനം ചെയ്യുന്നമറ്റൊരിടം ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല.
കളിയും, ചിരിയും, മലയാളവും നിറഞ്ഞു നിന്ന അന്തരീക്ഷം. ദിവസം തുടങ്ങുന്നത് ആ കണ്ട കുന്നും, മലയും,താഴ്വാരത്തിലൂടെയുമുള്ള cross country ഓട്ടത്തിലൂടെയാണ്
പിന്നെ ക്ളാസ് മുറികളിലെ പഠിത്തത്തിനപ്പുറം നാടകം, എല്ലാ തരം നൃത്തങ്ങൾ, പാട്ട്, വാദ്യോപകരണങ്ങൾ, ആയോധനകലകൾ, സംവാദം, പ്രസംഗം, എഴുത്തു, വായന, ചിത്ര രചന, ശിൽപ്പകല എന്ന് വേണ്ട ആലോചിക്കാവുന്ന എല്ലാംകുട്ടികളെ പഠിപ്പിക്കാൻ കഴിവുള്ള യോഗ്യതയുള്ള അധ്യാപകരെ ഏർപ്പാടാക്കിയിരുന്നു Mrs. Roy.
പൂർണതയുടെ പര്യായമായിരുന്നു എനിക്ക് Mrs Roy. ചെയ്യുന്നതെല്ലാം കുട്ടികൾക്ക് വേണ്ടി ഏറ്റവുമധികംസമർപ്പണത്തോടെ ചെയ്തിരുന്ന അദ്ധ്യാപിക.
ഒരു ദിവസം എനിക്ക് Zambia-ലേക്കു ഒരു ISD ഫോൺ വന്നു. അങ്ങേ തലക്കലുള്ള Mrs Roy – യുടെ പരാതി; അനൂപ് അവധികഴിഞ്ഞു വന്നപ്പോൾ ചെന്ന് Mrs Roy യോട് പറഞ്ഞു പോലും, ഇതെന്തു സ്കൂൾ ആണ് ഇവിടെ ഒരു Swimming poolപോലുമില്ല . കുട്ടികൾ എവിടെയെങ്കിലും വെള്ളത്തിൽ വീണാൽ എങ്ങനെ നീന്തി രക്ഷപെടും. സൗത്ത് ആഫ്രിക്കയിൽ എല്ലാവീട്ടിലും pool ഉണ്ട്. Plane ഇറങ്ങുമ്പോൾ നോക്കിയാൽ കാണാം നീല നിറത്തിലെ കട്ടകൾ പോലെ swimming pool. അങ്ങനെഅനൂപിന്റെ വെല്ലുവിളി ഏറ്റെടുത്തു സ്കൂളിന്റെ മുകളിലായുള്ള ഒരു പുരയിടം വാങ്ങി Half Olympic size Swimming Poolപണിയാനുള്ള ഏർപ്പാടാക്കി, അതിന്റെ ഡിസൈൻ ഡീറ്റെയിൽസ് ഒക്കെ അയച്ചു കൊടുത്തതിനൊപ്പം Pool വൃത്തിയാക്കുന്ന ഒരു creepy crawly യുമായി അനൂപ് പോയതും ഓർക്കുന്നു. സ്കൂളിൽ നടത്തിയ Swimming events, Synchronised dancing, ഇതെല്ലം ഞാൻ കൺകുളിർക്കെ കണ്ടു സന്തോഷിക്കയും അഭിമാനിക്കുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം വിദ്യാർത്ഥികളുടെ ഉന്നമനത്തിനായുള്ള Mrs Roy- യുടെ പ്രതിബദ്ധതയാണ് എന്നെ പ്രചോദിപ്പിച്ചത്.
കുഞ്ഞുങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ടമുള്ള എന്റെ സന്തോഷത്തിനായി Melbourn-ൽ ടൂർ വന്ന കുട്ടികളെ സിഡ്നിയിലേക്കു എന്റെ വീട്ടിലേക്കു ധൈര്യമായി പറഞ്ഞു വിട്ട Mrs Roy. എന്റെ പരിമിതമായ സൗകര്യങ്ങളിൽ നാട്ടിലെ മെത്തപായ നിലത്തു വിരിച്ചു മത്തി അടുക്കിയ പോലെ കിടന്നു ഞാനുണ്ടാക്കിയ കാച്ചിയ മോരും, മീൻ വേവിച്ചതും, കാബേജ് തോരനും, അമ്മയുടെ നാരങ്ങാ അച്ചാറും കൊതിയോടെ കഴിച്ചിട്ട്; ബീന കൊച്ചമ്മയുടെ വീട്ടിലെ ഭക്ഷണം ഞങ്ങൾ ഒരിക്കലും മറക്കില്ല എന്ന് തിരികെ ചെന്നിട്ടു എഴുതി അറിയിച്ച Mrs Roy-യുടെ കുട്ടികൾ. എങ്ങനെ പെരുമാറണം, എങ്ങനെ ജീവിക്കണം, എത്രയിടം വരെ പോകാം, പോകണം എന്നൊക്കെ ധാരണയുള്ള, നീതി പാലിക്കാൻ ധൈര്യമുള്ള കുട്ടികൾ.
കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നത് എനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു, സ്കൂളിൽനാടകങ്ങളും, മത്സരങ്ങളും നടത്താനായി ആംഫി തിയേറ്റർ നിർമ്മിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ, ഞാനുംആവേശഭരിതയായി, കുട്ടികളുടെ ആവശ്യങ്ങൾ ഉൾക്കൊള്ളുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ പണിയുന്നതിൽയാതൊരു ലുബ്ധും കാണിച്ചിരുന്നില്ലെന്നു മാത്രമല്ല , എല്ലാ നിർമ്മാണവും സുസ്ഥിരവും, അതുല്യവും, ഉയർന്നനിലവാരമുള്ളതുമായ രൂപകൽപ്പനയുമായിരുന്നു.
സാമൂഹ്യ ധാർമ്മികതയും, പൗരബോധവും നഴ്സറി സ്കൂൾ തൊട്ടു പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും, അത്ശീലിക്കുന്ന കുട്ടികൾ വ്യത്യസ്തരായിരിക്കുമെന്നും സംശയാതീതമായി തെളിയിച്ച മഹത് വ്യക്തിയാണ് Mrs. Roy. കോർപ്പസ് ക്രിസ്റ്റി എന്ന പള്ളിക്കൂടത്തിൽ നിന്ന് പഠിച്ചു പുറത്തു വന്ന ഓരോ പ്രതിഭയും Mrs Roy- യുടെ കാഴ്ചപ്പാടിന്റെപ്രതീകങ്ങളാണ്. അവർ ഓരോരുത്തരും Mrs Mary Roy എന്ന സമ്പൂർണ വനിതയെ അനശ്വര ആക്കും .. സംശയമില്ല.
2 comment(s)