രാജാക്കന്മാരുടെ രാജാവിനെ ചക്രവർത്തിയെന്നു വിളിക്കാം,
ആൽബിൻ സർ! ഞങ്ങൾക്ക് അദ്ധ്യാപരുടെ കൂട്ടത്തിലെ ചക്രവർത്തി ആയിരുന്നു .
ആൽബിൻ സർ എനിക്ക് ആരായിരുന്നു.
എത്ര മാത്രം പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നാലും ഒരിക്കലും പ്രതീക്ഷ വിടരുതെന്നും, സത്യസന്ധതയോടും, ധൈര്യത്തോടും ഏതു പ്രശ്നത്തെയും അഭിമുഘീകരിക്കണമെന്നും പഠിപ്പിച്ച നിസ്വാർത്ഥനായ, അതിസൂക്ഷ്മതയോടെ കാര്യങ്ങൾ ചെയ്യുന്ന, നീതിയുടെ പ്രതീകം ആയിരുന്നു Albin സർ. ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാനും, ബുദ്ധിപൂർവം കാര്യങ്ങൾ അപഗ്രഥിച്ചു കരുക്കൾ നീക്കാനുമുള്ള സാറിന്റെ പാടവം ഒന്നു വേറെ തന്നെ ആയിരുന്നു
1977-ൽ TKM കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് പഠിക്കാൻ ചേർന്നപ്പോൾ ഡെബിറ്റും, ക്രെഡിറ്റും പഠിപ്പിക്കാൻ ഒരു അദ്ധ്യാപകൻ വന്നു, ചുളിവില്ലാത്ത വടിവൊത്ത ഷർട്ടും പാന്റും ധരിച്ചു, മുഖം കാണാവുന്നത്രക്കു പോളിഷ് ചെയ്തു മിനുക്കിയ ഷൂസിട്ടു, കുട്ടൻ ചേട്ടൻ തൂത്തു വെടിപ്പാക്കിയ വീതിയേറിയ വരാന്തയിലെ അവസാന മൺതരിയെ ഞെരിച്ചു, ഒരു സ്വേച്ഛാധിപതിയെപ്പോലെ ക്ലാസ് മുറിയിലേക്ക് മാർച്ച് ചെയ്തു വന്ന സർ. മുഴങ്ങുന്ന ശബ്ദത്തിൽ ഞങ്ങൾക്ക് കുറച്ചു നിർദ്ദേശങ്ങൾ തന്നു.
എന്തെങ്കിലും പറയണമെങ്കിൽ എഴുന്നേറ്റു നിന്ന് സംസാരിക്കണം, സാറിനെ സംബോധന ചെയ്തു എന്ത് പറയുമ്പോഴും “SIR” എന്ന് ആദ്യം ചേർത്ത് വേണം പറയാൻ.
പട്ടാളച്ചിട്ടകൾ രക്തത്തിൽ കലർന്ന എനിക്ക് ഇതൊരു പുത്തരി ആയിരുന്നില്ല, Please, Thank You, Yes Sir എന്നൊക്കെ St Josephs Convent-ലും, St Teresas College-ലും പറഞ്ഞു ശീലിച്ചത് കൊണ്ട് സാറിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ പ്രയാസമുണ്ടായതെ ഇല്ല.
Sir പഠിപ്പിക്കുന്നത് ശ്രദ്ധിച്ചിരിക്കണ്ട കാര്യമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. വരാന്തയുടെ അങ്ങേ കോണിൽ നിന്നാലും സാറിന്റെ വിഷയം പഠിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അത്രയ്ക്ക് വ്യക്തതയോടെ ആണ് സാർ പഠിപ്പിച്ചിരുന്നത്.
എപ്പോഴോ കോളേജിലെ വരാന്തകളിലൂടെ സാറിന്റെ റോയൽ മെക്കാനിക്കലിലെ പ്രിയ പടയാളികളുടെ കൂടെ നടന്നപ്പോൾ മറവിൽ തെരുവിലൂടെ പൊടുന്നനെ വന്ന സാറിനെ കണ്ടതും റിഫ്ലക്സ് പോലെ Yes Sir, Good Afternoon Sir എന്ന്രു പറഞ്ഞപ്പോൾ സാറിന്റെ മുഖത്തു മിന്നി മറയുന്ന ചെറുപുഞ്ചിരിയിലെ കുസൃതി കണ്ട ഞാൻ അത്ഭുതപ്പെട്ടു പോയി. തിരിഞ്ഞു നോക്കിയപ്പോൾ കൂടെയുണ്ടായിരുന്ന പടയാളി കൂട്ടത്തിന്റെ പൊടിപോലും കണ്ടതുമില്ല.
1988-ൽ ഞാൻ സാറിന്റെ വീട്ടിൽ പോയി, എന്റെ ജീവിതത്തിലെ ഒരു വഴിത്തിരുവിന്റെ സന്ദർഭത്തിൽ, കൈ കുഞ്ഞുമായി കടവൂരുള്ള സാറിന്റെ വീട്ടിൽ ചെല്ലുമ്പോൾ എന്നെ സ്വീകരിച്ചത് മാലാഖയെ പോലെ നിഷ്കളങ്ക ആയ ജോളി ആന്റിയും, ജോളി ആന്റിയുടെ ‘അമ്മ, മമ്മയും. സാറ് വന്നപ്പോൾ വീണ്ടും ഞാൻ പഴയപോലെ അറ്റെൻഷനിൽ നിന്ന് സാറിനെ അഭിവാദ്യം ചെയ്തപ്പോൾ ഞാൻ കണ്ടത് സ്നേഹസ്വരൂപനായ പിതാവിനെയാണ്.
മറയ്ക്കാനും ഒളിക്കാനും ഒന്നുമില്ലാത്ത ഞാൻ സാറിനോട് ചോദിച്ചത് സാറിന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയെ പറ്റിയായിരുന്നു ; എനിക്കൊരു ജോലി തരാമെന്നു പറഞ്ഞിരിക്കുന്നു, കടൽ കടന്നു കുഞ്ഞുമായി പോകണം; ആ ജോലി ഏറ്റെടുക്കാമോ എന്നായിരുന്നു എന്റെ ചോദ്യം.
ജോലി ഏറ്റെടുക്കാം, പൊയ്ക്കോളൂ, സാറിന്റെ പ്രിയപ്പെട്ട വിദ്യാർത്ഥി ഒരിക്കലും എന്നെ കൈവിടില്ല എന്നും പറഞ്ഞു യാത്ര അയച്ചു. ഒരു പിതാവിന്റെ വാത്സല്യത്തോടെ, കരുതലോടെ. സത്യത്തിൽ സാറിന്റെ വാക്കിന്റെ പുറത്താണ് ഉളിയക്കോവിൽ വിടാൻ താല്പര്യമില്ലാത്ത ഞാൻ കടൽ കടന്നു എന്റെ കുഞ്ഞുമായി ആഫ്രിക്കയിലേക്ക് വിമാനം കയറിയത്.
ഞാൻ ചെന്നിറങ്ങിയത് റോയൽ മെക്കാനിക്കലിലെ പുലികളുടെ മടയിലേക്കായിരുന്നു. Dilip Rahulan, S. B. Babu. പിന്നെ എന്റെ പ്രിയ കൂട്ടുകാരി Asha B-യുടെ അണ്ണൻ Prem B Chempakasseril വന്നു, Ransley, Anwar ഇങ്ങനെ ഓരോരുത്തരായി വന്നു . വിദ്യാര്ഥികളായിരുന്നപ്പോൾ കുറ്റമറ്റ രീതിയിൽ ആൽബിൻ സാറിന്റെ ശിക്ഷണത്തിൽ തയ്യാറിക്കയ Submittals, Project Reports, Strategy ഇതെല്ലം വീണ്ടും ആവർത്തിക്കയായിരുന്നു ഞങ്ങൾ.
നാട്ടിൽ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ ഞാനും എന്റെ മകനും സാറിനെയും കുടുംബത്തെയും വീട്ടിൽ പോയി കണ്ടിരുന്നു. എഞ്ചിനീയറിംഗ് മേഖലയിലെ ഓരോരോ നൂതന വ്യവസ്ഥകളെ പറ്റി സാറിനോട് സംസാരിച്ചിരിക്കുമ്പോൾ വീണ്ടും വിദ്യാർത്ഥിയാകുന്ന എന്റെ സന്തോഷത്തിൽ എന്റെ മകനും പങ്കു ചേരുമായിരുന്നു. വ്യത്യസ്തനായ ഒരു അദ്ധ്യാപകനെ അവനു കാട്ടികൊടുക്കുക എന്നൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു എനിക്ക്. അങ്ങനെ അനൂപും ചെറുപ്പത്തിലേ സാറിന്റെ വലിയ ഒരു ആരാധകനായി മാറി.
Jolly Aunty- ടെ അതീവ രുചികരമായ ഭക്ഷണവും കഴിച്ചു ജാതിക്ക തിങ്ങി വളരുന്ന പറമ്പിലൂടെ നടന്നു ജാതിക്ക പെറുക്കി ഒരു പുത്തൻ ഉണർവോടെ ആണ് എപ്പോഴും തിരികെ ആഫ്രിക്കയിലേക്ക് ഞാൻ വിമാനം കയറിയിരുന്നത്.
വിചിത്രമെന്നു പറയട്ടെ, അനിശ്ചിതമായ ഒരവസരത്തിൽ എന്റെ മകനുമായി ഞാൻ നേരെ ചെന്നത് സാറിന്റെയും ജോളി ആന്റിയുടെയും അടുത്തേക്കായിരുന്നു. ഒന്നും പറയാതെ, ഒന്നും ചോദിക്കാതെ എന്റെ മകനെ ചേർത്ത് പിടിച്ചു അവർ രണ്ടുപേരും എന്നെ യാത്ര അയച്ചു. അന്നാണ് സാറിന്റെ ഉള്ളിലെ സ്നേഹസ്വരൂപനായ മനുഷ്യനെ തൊട്ടറിഞ്ഞത്. പുറം മുഴുവൻ അഹം എന്ന ഭാവം എന്നാൽ ഉള്ളിന്റെയുള്ളിൽ നിസ്വാർത്ഥ സ്നേഹത്തിന്റെ പ്രതീകമായ ഒരു മഹാമനസ്കനായിരുന്നു ആൽബിൻ സർ. അന്ന് വീണ്ടും ഞാൻ കണ്ടത് ഒരു രക്ഷിതാവിനെ ആണ്, താങ്ങും തണലുമായി നിന്ന എന്റെ ഗുരുനാഥൻ. അദ്ദേഹത്തിന്റെ പിന്നിൽ പാറപോലെ ഉറച്ചു നിന്ന അദ്ദേഹത്തിന്റെ കുടുംബവും .
സാറിന്റെ ഉള്ളിലെ സ്നേഹസ്വരൂപനായ മനുഷ്യനെ തൊട്ടറിയാനുള്ള നിരവധി അവസരങ്ങൾ ലഭിച്ച എന്റെ ഭാഗ്യത്തിന് ഞാൻ എന്നെന്നും ദൈവത്തോട് നന്ദി പറയുന്നു.
കാലം കടന്നു പോയി രണ്ടു മൂന്നു വട്ടം സാറ് ദുബൈയിൽ വന്നു ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്നവരോട് അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കു വെക്കയും പലപല നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഓരോ കൂടിക്കാഴ്ചയും ഒരോ പുണ്യമായിട്ടേ ഞങ്ങൾക്കു കാണാൻ സാധിച്ചിട്ടുള്ളു.
സാറിനോട് സംസാരിക്കുമ്പോഴും സാറ് പറയുന്നത് കേൾക്കുമ്പോഴും അനുഭവപ്പെടുന്ന സന്തോഷവും സംതൃപ്തിയും വളരെ പ്രത്യേകതയുള്ള അനുഭവമായിരുന്നു.
Jolly Aunty-യുടെ അകാലമരണം സാറിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. ഒരു പടകുതിരയെ പോലെ പാഞ്ഞിരുന്ന സാറിന്റെ എല്ലാ ഊർജ്ജവും ചോർന്നു പോയപോലെ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. നീണ്ട 15 വർഷകാലം സാർ ജീവിച്ചത് മകൻ Anil-ന്റേയും മരുമകൾ Jeeva-യുടെയും കൊച്ചുമകൻ Dominic-ന്റെയും സ്നേഹപരിലാളനകൾ കൊണ്ട് മാത്രമായിരുന്നു.
ഇന്നലെ പല ആശുപത്രിയിലായി സാറിനെ എടുത്തു വണ്ടിയിൽ കയറ്റി കൊണ്ടുപോകുമ്പോഴും Daddy ചെരുപ്പ് ചോദിക്കയായിരുന്നു എന്ന് ജീവ പറഞ്ഞപ്പോൾ ഒന്നേ ഓർത്തുള്ളു, അടുക്കും ചിട്ടയോടെ ജീവിതം അവസാന ശ്വാസം വരെ കൊണ്ടുനടന്ന വ്യക്തി ആയിരുന്നു സാർ, തറയിൽ കാലു കുത്തണമെങ്കിൽ ചെരുപ്പിടണമെന്നു നിർബന്ധമായിരുന്നു സാറിനു.
ഞാൻ എഴുതി അയക്കുന്നതെല്ലാം കുറച്ചു നാളായി വായിച്ചു കേൾപ്പിക്കുന്ന Jeeva ഇന്നലെ വീണ്ടുംപറഞ്ഞു: Daddy-ക്കു നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടമായിരുന്നു .
നന്മകൾ മാത്രം ആഗ്രഹിച്ച എന്റെ ഗുരുനാഥൻ. ഞങ്ങൾക്ക് നഷ്ടപെട്ടത് ഇടയ്ക്കിടെ വിളിച്ചു മാർഗ്ഗനിർദ്ദേശങ്ങൾ ആരാഞ്ഞിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥനെയാണ്. സാറിന്റെ കുടുംബത്തിന് നഷ്ടപെട്ടത് ഉരുക്കു കോട്ടപോലെ എല്ലാം നേരിട്ടിരുന്ന Daddy- യെയും.
സത്യത്തിൽ കടവൂരുള്ള വീട്ടിൽ ചെന്ന് നാളത്തെ അടക്കത്തിനുള്ള ഏർപ്പാടെല്ലാം ചെയ്തു പൂക്കളാൽ പള്ളിയും സെമിത്തേരിയുമൊക്കെ ഒരുക്കേണ്ടവരാണ് ഞങ്ങൾ. ഇന്നത്തെ അവസ്ഥയിൽ എല്ലാ അവസരങ്ങളും നഷ്ടപ്പെടുകയാണ്. ഇന്നലെ എന്റെ കൂട്ടുകാരനും സഹപാഠിയും സാറിനു വളരെ വേണ്ടപ്പെട്ട വിദ്യാര്ഥിയുമായിരുന്ന നാസറും ഞാനും ആത്മഗതമെന്നോണം പറഞ്ഞതാണീ കാര്യം.
കഴിഞ്ഞ 6 വർഷത്തോളമായി നേരിട്ട് കണ്ടിട്ട് – കഴിഞ്ഞ ഏപ്രിലിൽ വിളിച്ചപ്പോൾ Video Call-ൽ വന്നതാണ്.
Albin Sir നല്ല പോർ പൊരുതി, നല്ല ജീവിതം ജീവിച്ചു നന്മകൾ ചെയ്തു. എന്നെന്നും ഞങ്ങൾക്കൊരു മാത്രകയായിരിക്കും ഞങ്ങളുടെ പ്രിയപ്പെട്ട ആൽബിൻ സർ
Leave A Comment