എല്ലാ വെള്ളിയാഴ്ചയും പുതിയ സിനിമ ഇറങ്ങുന്ന പോലെ ആയിരുന്നു മനോരമ ആഴ്ചപ്പതിപ്പിന്റെ വെള്ളിയാഴ്ചത്തെ വരവ്, ചെറുപ്പം മുതൽ, അതായതു എഴുത്തും വായനയും തുടങ്ങിയ നാൾ മുതൽ, പത്രക്കാരൻ ഗേറ്റിന്റെ മുകളിലൂടെ വീശി എറിയുന്ന പത്രവും ആഴ്ചപ്പതിപ്പും പിടിക്കാൻ വീട്ടിലുള്ള എല്ലാവരും തമ്മിൽ മത്സരമായിരുന്നു.
മലയാള മനോരമയിൽ ടോംസ് എന്ന തൂലികാ നാമത്തിൽ . ബോബനും മോളിയും എന്ന ഹാസ്യപങ്ക്തി എഴുതിയിരുന്ന, V. T.Thomas.
അദ്ദേഹം വരച്ച വരകൾ, രചിച്ച വരികൾ, എന്താ പറയുക, ആക്ഷേപഹാസ്യം മലയാളഭാഷയിലാകുമ്പോഴുള്ള ഉന്മാദം, ആസ്വദിച്ചു, ആനന്ദിച്ചു വളർന്ന ഞാൻ ഈ വലിയ മനുഷ്യനോടു എന്നും കടപ്പെട്ടിരിക്കുന്നു.
നർമ്മം, ഹാസ്യം, കിണ്ടൽ, ഞോണ്ടൽ, കാലു വാരൽ ഇത്യാദി പ്രയോഗങ്ങളുടെ ധ്രൂവീകരണം അനുഭവിച്ചറിഞ്ഞത് ടോംസിന്റെ ബോബനും മോളിയിലൂടെയാണ്.
പാഠപുസ്തകങ്ങളും, കഥാപുസ്തകങ്ങളും, പത്രവും, ആഴ്ചപ്പതിപ്പും ,എല്ലാം കൈയ്യിലെടുത്താലുടനെ പുറകിൽ നിന്ന് മുന്നോട്ടു വായിക്കാൻ തുടങ്ങിയതിനു എനിക്ക് ടോംസിനോട് തീരാത്ത കടപ്പാടുണ്ട്. ഇടത്തു നിന്ന് വലത്തോട്ട് വായിക്കാനുള്ള ശീലം തുടങ്ങി വെച്ചതെങ്ങനെയാണ്.
അതായതു ആഴ്ചപ്പതിപ്പ് കിട്ടിയാലുടൻ ഒരിക്കൽ പോലും മുൻവശം നോക്കാറില്ല; എന്ന് മാത്രമല്ല ശടേന്ന് തിരിക്കും അവസാനത്തെ താള് മറിക്കും വായനയും ചിരിയും ഒരുമിച്ചു തുടങ്ങും.
ഇന്നും ഏതു പുസ്തകം കിട്ടിയാലും ഞാനതു മുടങ്ങാതെ തുടരുന്നു. പുറം ചട്ട തുറന്നിട്ടു എത്ര പേജുണ്ടെന്നു നോക്കും, പുറം താളിൽ എഴുതിയിരിക്കുന്ന വിവരങ്ങൾ ആദ്യം വായിക്കും. എഴുതിയ ആളിനെ പറ്റി പൊതു വിവരങ്ങൾ.പഠിക്കുന്ന പുസ്തകം ആണെങ്കിലും ഒരു പത്തു വട്ടം നോക്കും, ഇനി എത്ര പേജുണ്ടെന്നറിയാൻ .
കപ്പലിൽ കയറാൻ കൂടുതൽ കൂടുതൽ ആൾക്കാർ വന്നു കൊണ്ടിരിക്കുന്നു. ഞങ്ങളെ പോലെ കൂട്ടമായിട്ടല്ല, മിക്കവരും ഒറ്റക്കാണ്, കൂടിയാൽ രണ്ടു പേര് ഒരുമിച്ചു, ആരുടെ കൈയ്യിലും ഞങ്ങളുടെ കൈയ്യിലുള്ള പോലെ ബാഗില്ല.
മനോരമ ആഴ്ചപ്പതിപ്പിലെ ബോബനും മോളിയിലും മാത്രം കണ്ടിട്ടുള്ള അപ്പി ഹിപ്പിയുടെ അപരന്മാരെ കണ്ടു തുടങ്ങി, അതേ വേഷം, അതേ ഭാവം. ചുവന്ന ഉടുപ്പ്, പച്ച Bell Bottom Pant, വീതികൂടിയ നരച്ച leather Belt, നീണ്ട മുടി ചീകാതെ അവിടെ ഇവിടെ ജട പിടിച്ചിട്ട്, മുടിയെല്ലാം ചെമ്പിച്ച് , കറുത്ത മുടിയുള്ള മദാമ്മയെയും സായിപ്പിനെയും കണ്ടതേ ഇല്ല.
മിക്കവരും വലിയൊരു റെയ്ബാൻ കണ്ണട, കൂളിംഗ് ഗ്ലാസ് വെച്ച്, ഒരു തോളിലൂടെ തടിയുടെ ഒരു guitar തൂക്കിയിട്ട്, മറ്റേ തോളിൽ ഒരു തുണി സഞ്ചിയും തൂക്കി. പലതരത്തിൽ ഉള്ള രുദ്രാക്ഷ മാല കഴുത്തിൽ തൂക്കിയിട്ട് ആണ് നടന്നത് , ചിലർ കശ്മീരിലെ ആപ്പിളിന്റെ കുരു കൊണ്ട് ഉണ്ടാക്കിയ മാലകളും, ബ്രേസ്ലെറ്റും ഇട്ടിരിക്കുന്നത് കണ്ടു.
ആരും ഷൂസ് ഇട്ടട്ടില്ല. തോലിന്റെ വാർ ചെരുപ്പാണ് പലരും ഇട്ടിരുന്നത്. ചിലരുടെ ചെരുപ്പ് തേഞ്ഞു പറിഞ്ഞിരിക്കുന്നു. പക്ഷെ കാലിനു നല്ല പിങ്ക് നിറം, രണ്ടു പേര് ഒരുമിച്ചുള്ളവരെ നോക്കിയപ്പോ മദാമ്മയും സായിപ്പുമാണ്, സായിപ്പു എല്ലും തൊലിയും മാത്രം, മദാമ്മക്കിച്ചിരി പുഷ്ടിയുണ്ട്, പക്ഷെ വേഷം കണ്ടിട്ട് കുളിച്ചിട്ടു കുറെ ആയ പോലെ. ഒരു Denim പാവാട നിറയെ pocket ഉള്ള പാവാട, പൂക്കളാണോ ഇലകൾ ആണോ എന്നറിയാൻ മേലാത്ത പോലെ ഒത്തിരി നിറങ്ങൾ വാരിയൊഴിച്ചപോലെ ഒരു ടോപ്. കുർത്ത ആണെന്ന് തോന്നുന്നു. അറ്റമെല്ലാം തോരണം പോലെ മുറിച്ചിട്ട് അതിങ്ങനെ തൂങ്ങി കിടക്കുന്നു. അതിൽ നിന്ന് രണ്ടെണ്ണമെടുത്തു വയറിന്റെ മുന്നിലായി ഒരു ബോപോലെ കെട്ടി ഇരിക്കുന്നു, ഒരു സ്റ്റൈൽ. അവരുടെ തോളിലും ഒരു Guitar. എന്നിട്ടു തോളിലും മുതുകിലും കൂടി തൂക്കി പുറകിലോട്ടൊരു സഞ്ചി, അതിന്റെ ഉള്ളിൽ നിന്ന് ഒരു നീണ്ട കമ്പു തള്ളി പുറത്തോട്ടു നില്കുന്നു. അതെന്താണെന്നറിയാൻ വല്ലാത്തൊരു ജിജ്ഞാസ ആയിരുന്നു.
ഒറ്റയ്ക്ക് കയറിയ മദാമ്മമാരെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും വെളു വെളാന്നിരിക്കുന്നു. മുഖത്തു നല്ല ശാന്തത. നല്ല പ്രസരിപ്പും. മിക്കവരുടെ ഉടുപ്പും കൈയ്യില്ലാത്ത ബന്യൻ പോലെ ആയിരുന്നു.ഞാനിങ്ങനെ കയറുന്നവരെ ഓരോരുത്തരെ ആയി നോക്കിയിരുന്നു. അവരാരും സീറ്റ് പിടിക്കാൻ ധൃതി കൂട്ടുന്നതായി കണ്ടില്ല, വെറും സാ മട്ടിൽ നടന്നു അകത്തോട്ടു പോകുന്നു ചിലർ പടിയിറങ്ങി താഴോട്ടു പോയി. ഒരു കാര്യം തീർച്ച. ഇവർ എല്ലാവരും നേരത്തെ കപ്പലിൽ യാത്ര ചെയ്തിട്ടുള്ളവരാണ്. അവർക്കെന്തു ചെയ്യണം എന്നറിയാം യാതൊരു തരത്തിലെ പരിഭ്രാന്തിയോ അങ്കലാപ്പൊ ഇല്ല.
അതിർത്തി കാക്കുന്നവരെ പോലെ പെട്ടിയും പ്രമാണവും ചങ്ങാടവുമൊക്കെ ആയി കൂട്ടം കൂടി നിന്ന ഞങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മൂന്നാലു മദാമ്മമാർ താഴോട്ടുള്ള പടിയുടെ അടുത്തേക്ക് പോയി. അവര് പോയി ഒരു മിനിട്ടു കഴിഞ്ഞപ്പോഴാണ് പയ്യെ പയ്യെ തലയും ചൊറിഞ്ഞു ഞങ്ങളുടെ കുറച്ചു പടയാളികൾ മുങ്ങാൻ തുടങ്ങിയത്. അവർ പോകുന്നത് കണ്ടപ്പോൾ ഒരു കുസൃതി തോന്നി. ഒന്ന് പിറകെ പോയി നോക്കാം ഇവരുടെ പരിപാടി എന്താണെന്നു കാണാമല്ലോ എന്നായിരുന്നു എന്റെ ഉദ്ദേശം.
ബാത്രൂം എവിടെ ആണെന്ന് നോക്കിയിട്ടു വരാമെന്നു പറഞ്ഞു ഞാൻ പതുക്കെ കപ്പലിന്റെ നടുക്കായി കണ്ട പടിയുടെ അടുത്തേക്ക് ചെന്നു. താഴേക്കു ഇറങ്ങാൻ തുടങ്ങിയപ്പോൾ പിറകീന്നു ഗൗരി വിളിച്ചു, ഞാനും വരുന്നേ എനിക്കും പോകണം. ശരി എന്നാൽ നമുക്ക് രണ്ടാൾക്കും കൂടെ പോകാമെന്നും പറഞ്ഞു ഞങ്ങൾ താഴോട്ടിറങ്ങി.
കാക്കി ഉടുപ്പിട്ടവരെ കണ്ടുപിടിക്കുന്നതാണ് ഏറ്റവും എളുപ്പം എന്ന് ഞാനും ഗൗരിയും പരസ്പരം പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നോക്കിയപ്പോ കാക്കി ഉടുപ്പിട്ടഒരാൾ ധൃതിയിൽ എന്തോ ലക്ഷ്യമാക്കി നടക്കുന്നു. ഞങ്ങൾ പുള്ളിക്കാരന്റെ പിറകെ ഓടിചെന്നു ചോദിച്ചു ഈ ബാത്രൂം എവിടെയാണ്, അദ്ദേഹം ഞങ്ങളോട് പുറകോട്ടു നടന്നാൽ കാന്റീൻ അല്ലെങ്കിൽ ഡൈനിങ്ങ് ഹാൾ കാണാം അതിന്റെ സൈഡിലൊരു ബോർഡുണ്ട് അവിടെ ആണെന്ന് പറഞ്ഞു, അപ്പോൾ ഞങ്ങൾ ഈ ക്യാന്റീനിൽ ഭക്ഷണം എന്ത് കിട്ടും എപ്പോൾ കിട്ടും എന്ന് ചോദിച്ചു അദ്ദേഹം പറഞ്ഞു ബെൽ അടിക്കും ഭക്ഷണത്തിന്റെ സമയം ആകുമ്പോൾ. ആ സമയത്തു ഇങ്ങു വന്നാൽ മതി.
ബാത്റൂമിൽ പോകാൻ തിരികെ നടന്നപ്പോളുണ്ട് ദേ നില്കുന്നു നവാസ്, തിരിഞ്ഞു നിന്നതു കൊണ്ട് ഞങ്ങളെ കണ്ടില്ല ഒരു മൂലയുടെ മറവിൽ ആയതുകൊണ്ട് ആരാണ് അപ്പുറത്തു നിൽകുന്നതെന്ന് ഞങ്ങളും കണ്ടില്ല. ഞാൻ പതിയെ അടുത്തോട്ടു ചെന്നപ്പോൾ; നവാസ് നല്ലപയറ് പോലെ ഇംഗ്ലീഷിൽഎന്തൊക്കെയോ പറയുന്നു. എത്തി നോക്കിയപ്പോ അപ്പുറത്തു നമ്മുടെ അപ്പി ഹിപ്പിയെ പോലെ ഒരു സായിപ്പു, അടുത്തായി ഒരു മദാമ്മ. ഞാൻ മനസ്സിൽ പറഞ്ഞു ഈ നവാസ് കൊള്ളാമല്ലോ. Assignment എഴുതാൻ പറഞ്ഞാൽ ഇംഗ്ലീഷ് വലിയ ബുദ്ധിമുട്ടാണെന്നും പറഞ്ഞു എന്റെ Assignment വള്ളി പുള്ളി വിടാതെ കോപ്പി അടിച്ചെഴുതുന്ന ആള് ദേ നല്ല പയറു പോലെ ഇവരുമായി സൊള്ളുന്നു.
പറയുന്നതെന്താണെന്നല്ലേ, എവിടെ ആണ് താമസിക്കുന്നത്, എത്ര ദിവസം കാണും, ഒരുമിച്ചു ഒന്ന് കൂടണം പിന്നെ യാത്രയിലുടനീളം ഒരുമിച്ചിരിക്കണം, നവാസിന് നന്നായി അഭിനയിക്കാൻ അറിയാം, അവർ പാട്ടു പാടുമ്പോൾ എന്തെങ്കിലുമൊക്കെ അഭിനയിച്ചു കാണിച്ചു തരാം.
ചെറുപ്പം മുതൽ guitar പഠിക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു, പക്ഷെ പഠിത്തം വളരെ ഗൗരവമായി കണക്കാക്കിയത് കൊണ്ട് വേറെ ഒന്നും ചെയ്തു സമയം കളഞ്ഞില്ല. എന്നാൽ ഇപ്പൊ ഈ രാത്രി കുറച്ചെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു. വർഷങ്ങൾ ആയിട്ടുള്ള ആഗ്രഹമാണ്.
എന്റെ ദൈവമേ ഞാനെന്താ ഈ കേള്ക്കുന്നെ, ഇങ്ങനെ പുളു അടിക്കാമോ എന്ന് ആത്മഗതമെന്നോണം പറഞ്ഞതും, അവര് പറയുന്നത് ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായ മദാമ്മ തല എത്തി എന്നേ നോക്കി, അപ്പോൾ നവാസും തല തിരിച്ചു നോക്കി, ഞങ്ങളെ കണ്ടതും Navas-ന്റെ മുഖം അക്ഷരങ്ങളില്ലാത്ത മാനിഫോൾഡ് പേപ്പർ പോലെ ആയി, ഞാനും Gouri-യും കൂടെ തല ആട്ടി ഒന്നി രുത്തി മൂളി. നവാസല്ലേ ആള് ഞങ്ങളെ ദയനീയമായി നോക്കിയിട്ടു പറഞ്ഞു ദേ കുളമാക്കല്ലേ ആരോടും പറയല്ലേ, അവർക്കേ ഒന്ന് രണ്ടു സംശയം, അപ്പോൾ ഞാനിച്ചിരി ഇംഗ്ലീഷ് പറഞ്ഞു നോക്കിയതാ അത്രേയുള്ളൂ.
ഞങ്ങൾ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു കൊണ്ട് ബാത്രൂം ലക്ഷ്യമാക്കി വിട്ടു. തിരികെ വന്നപ്പോൾ കാവി വേഷത്തിലുള്ള അഞ്ചാറ് സായിപ്പുമാർ അവരുടെ കൈയ്യിലും കഴുത്തിലുമെല്ലാം രുദ്രക്ഷ മാല , മുടി ജട പിടിച്ചു മുന്നോട്ടു തോളിലൂടെ കിടക്കുന്നു, കാവി മുണ്ടുടുത്തിരിക്കുന്നു പക്ഷെ എന്റെ അപ്പ ഉടുക്കുന്ന പോലെ അല്ല. മുട്ട് വരെ ഉള്ളൂ. കേറി ഇറങ്ങി കിടക്കുന്നു മുണ്ടു ഇപ്പൊ ഉരിഞ്ഞു വീഴുമെന്നു തോന്നും ഒരു തോളിൽ സഞ്ചി; മറ്റേ കൈയ്യിൽ ഒരു കുപ്പി. ആ കുപ്പിയിൽ നിന്നുള്ള ദ്രാവകം ഇടയ്ക്കിടെ ചുണ്ടോടു ചേർത്ത് വെച്ചു ചെറുതായി വലിച്ചു കുടിക്കുന്നു.
സമയം പത്തിന് പത്തു മിനിട്ടു കൂടിയേ ഉള്ളൂ കപ്പൽ വിടാൻ ഇനി അധിക നേരമില്ല എന്ന് മനസ്സിലാക്കിയ ഞങ്ങൾ മുകളിലേക്ക് വെച്ചു പിടിച്ചു.
തിരികെ ചെന്നു ഞങ്ങൾ കണ്ട വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയതും, കൊല്ലത്തു ഞങ്ങളുടെ വീടിന്റെ അടുത്ത് കോതേത്തുള്ള അണ്ടിയാപ്പീസിൽ നിന്ന് കാലത്തും വൈകിട്ടും കേൾക്കുന്ന സൈറണ് പോലെ വലിയ ഒരു ഊത്തു കേട്ടു കപ്പലിന്റെ engine മുറിയിൽ നിന്നാണെന്നാരോ പറഞ്ഞു പ്രൈവറ്റ് ബസിലെ കിളി ഡബിൾ ബെൽ അടിക്കുന്ന പോലെ കൊങ്കൺ തീരം വഴി ബോംബയിൽ നിന്നും Goa-യ്ക്ക് പോകുന്ന ഞങ്ങൾ ഗമക്ക് കപ്പൽ എന്ന് വിളിക്കുന്ന സ്റ്റീമർ പതിയെ വെള്ളത്തിലൂടെ യാത്ര പുറപ്പെട്ടു.
വിശേഷം കേൾക്കാൻ ചുറ്റും കൂടിയവരോട് ഞങ്ങൾ നവാസിന്റെ കാര്യം പറഞ്ഞു തുടങ്ങി. നവാസ്, ഇംഗ്ലീഷ്, മദാമ്മ, ഗിത്താര് ഇത്രയേ പറഞ്ഞുള്ളൂ കൂടെ ഉണ്ടായിരുന്ന ഒറ്റ ഒരുത്തനെ പോലും കണ്ടില്ല. തോമസുകുട്ടി വിട്ടോടാ എന്നും പറഞ് , എല്ലാവരും മുങ്ങി, പൊടി പോലുമില്ലാതെ.
അപ്പോൾ ഒരു കാര്യം ബോദ്ധ്യമായി കയറിയ ഉടനെ ചങ്ങാടം വെച്ച് സ്ഥലം പതിച്ചെടുത്തു കാവൽ നിന്നതിലൊന്നും ഒരു കാര്യവുമില്ല.
അക്കരെ പച്ച എന്ന പ്രയോഗത്തിന്റെ പ്രായോഗികത മനസ്സിലാക്കിയതപ്പോളാണ്, നല്ല കോള് കിട്ടിയാൽ, മനസ്സിനിണങ്ങിയ അന്തരീക്ഷം കിട്ടിയാൽ ആരും സ്ഥലം കാലിയാക്കും, എങ്ങോട്ടായാലും മുങ്ങി ഇരിക്കും.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment