കൂട്ടമായി നടന്നു കാണാതെ ചെറിയ ചെറിയ സംഘങ്ങളായി ഇഷ്ടമുള്ളിടത്തെല്ലാം പോകാം എന്ന് തലേന്ന് തീരുമാനിച്ചത് കൊണ്ട്, ട്രെയിൻ ഇറങ്ങിയതും, വൈകുന്നേരം 6 മണിയോടെ Gateway of India – യുടെ അടുത്ത്കണ്ടുമുട്ടാം എന്ന് പറഞ് പല വഴിയേ പിരിഞ്ഞു.
ഞങ്ങൾ 6 പേര് നാസറിന്റെ cousin ഇക്ബാൽ പറഞ്ഞ Colaba Causeway- യിലേക്കു വിട്ടു; റോഡരുകിലുള്ള കടകളിൽ കയറി ഭക്ഷണം കഴിച്ചു, പിന്നെ അടുത്തുള്ള കടകളിൽ കയറി ഇറങ്ങി, എന്തെല്ലാം സാധനങ്ങൾ ആണ്, ഉത്സവപറമ്പിലെ കച്ചവടക്കാരെ പോലെ ചാന്തു പൊട്ടും, വളയും, കമ്മലും, മാലയും, പോരാഞ്ഞിട്ട് ഒരുകോടി തുണിത്തരങ്ങളും, അവിടെ കറങ്ങി നടന്ന് ഓരോന്നായി കൈയ്യിലെടുത്തു നോക്കി. സസ്താ എന്ന വാക്കു ഓരോ കടക്കാരനോടും ഒരു നൂറു വട്ടം പറഞ്ഞു കാണും , വില കുറഞ്ഞത് ചോദിച്ചു ചോദിച്ചു കുറെ പേർക്കുള്ള സമ്മാനങ്ങൾ വാങ്ങി.
പെട്ടെന്നൊരു ആശയം തോന്നി, ‘അമ്മയും രാധാസിലെ അമ്മയും പറഞ്ഞ Marine Drive ഒന്ന് കണ്ടാലോ? കടപ്പുറത്തെ കാറ്റുകൊണ്ടു അവർ നടന്നപ്പോൾ കണ്ടുമുട്ടിയ foreign സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരെ എങ്ങാനും കണ്ടു മുട്ടിയാൽ ചോദിക്കണ്ട കുറച്ചു ചോദ്യങ്ങളും മനസ്സിൽ കരുതി.
ഞങ്ങൾ അവിടം വരെ ബസിൽ പോകാൻ തീരുമാനിച്ചു. വളരെ അടുത്താണെന്നു ഒരു കടക്കാരൻ പറഞ്ഞു. എവിടെ നിന്നാൽ ബസ് കിട്ടുമെന്നും പറഞ്ഞു തന്നു, Marine Drive-ൽ വണ്ടി ഇറങ്ങി, മണി മൂന്നു കഴിഞ്ഞിരുന്നു, വെള്ളം കണ്ടതും മനസ്സിനൊരു വല്ലാത്ത ശാന്തത അനുഭവപെട്ടു. എത്രമാത്രം ആൾക്കാരാണെന്നോ, ലോകത്തുള്ള സകലമാന രാജ്യങ്ങളിലെയും, ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും ആരെങ്കിലും ഒരാളെങ്കിലും ബോംബെ എന്ന അത്ഭുത നഗരത്തിൽ ഉണ്ടെന്നു ബോധ്യമായത് അവിടെകൂടി നടന്നപ്പോഴാണ്.
കുറച്ചു നേരം അരമതിലിൽ കയറി ഇരുന്നു. അപ്പയുടെയും അമ്മയുടെയും കൂടെ എല്ലാ ഞാനയറാഴ്ചയും കൊല്ലം കടപ്പുറത്തു സൂര്യാസ്തമനം കാണാൻ പോകാറുള്ളതോർത്തു. സ്കൂളിൽ പഠിക്കുമ്പോൾ ഒരാഴ്ച പോലും മുടക്കിയിട്ടില്ല. അന്നൊക്കെ അപ്പയുടെ സ്കൂട്ടറിലാണ് പോക്ക്, അപ്പ പള്ളിയിലിട്ട മുണ്ടും ജുബ്ബയും ഇട്ടാണ് കടപ്പുറത്തു പോകുക, അന്ന് അപ്പയെക്കാൾ പ്രായമുള്ള കുറെ അപ്പച്ചന്മാരുടെ ഒരു സംഗമ സ്ഥാനമായിരുന്നു കൊല്ലം കടപ്പുറം. അവർ കടപ്പുറത്തു ഒരറ്റത്തുനിന്നു മറ്റേ അറ്റം വരെ നടക്കും, വട്ടം കൂടി ഇരുന്നു കഥകൾ പറയും, അസ്തമനം കാണും; ഞങ്ങൾ കുട്ടികൾ അവരുടെ പുറകിൽ പോയി മണ്ണ് മാന്തി കുഴിയുണ്ടാക്കും, അവർ പുറകോട്ടു ആയുമ്പോൾ കുഴിയിലേക്കു മറിയുന്നത് നോക്കി കൈകൊട്ടി ചിരിക്കും.
പത്രക്കടലാസ്സിൽ കുമ്പിള് കുത്തിയതിൽ കിട്ടുന്ന മണ്ണിൽ വറുത്ത കപ്പലണ്ടി ചില്ലറയല്ല വാങ്ങി തിന്നിട്ടുള്ളത്. പലപ്പോഴും അപ്പ ചിന്നക്കടയിലുള്ള ഗുരുപ്രസാദ് ഹോട്ടലിലിന്റെ മുന്നിൽ സ്കൂട്ടർ നിർത്തിയിട്ടു ചൂട് ഉഴുന്നുവട പാർസൽ വാങ്ങിയാണ് കടപ്പുറത്തു പോകാറ്; എല്ലാവര്ക്കും ഒരുമിച്ചിരുന്നു കഴിക്കാൻ. മനസ്സിനെ വശീകരിക്കാനും കീഴ്പെടുത്താനും കഴിവുള്ള ഒരിടമാണ് കടപ്പുറം. ഒന്നും ചെയ്യാതെ വെറുതെ തിര എണ്ണിയിരിക്കാൻ എന്ത് രസമാണെന്നോ. എനിക്കറിയാവുന്ന എല്ലാവര്ക്കും കടപ്പുറത്തു പോകാൻ ഇഷ്ടമാണ്. ഓണത്തിന്റെ അവധിക്കു ചതയത്തിന്റെയന്ന് ഊണ് കഴിഞ്ഞു, ചതയാഘോഷവും കണ്ട് കടപ്പുറത്തും പോയി വരിക എന്നുള്ളത് ഒരു ചടങ്ങായിരുന്നു.
നിറങ്ങളുടെയും, വേഷങ്ങളുടെയും, പലതരം ഫാഷനുകളുടെയും ലോകം. എന്തെല്ലാം സ്റ്റൈൽ ആണ്, ആരും ആരെയും കൂസാതെ നടക്കുന്നു, കാഴ്ചകളും കണ്ട്, കാറ്റും കൊണ്ടിരിക്കുന്നു.
ബലൂണും, പീപ്പിയും, പലതരം പാനീയങ്ങളുമായി കച്ചവടക്കാർ തേരാ പാരാ നടക്കുന്നു, ഇതിന്റെ ഇടക്കൂടെ കുതിരയെയും പിടിച്ചു കൊണ്ട് പയ്യന്മാർ സവാരിക്കാരെ അന്വേഷിക്കുന്നു. മനുഷ്യരുടെ കൈയ്യിലെ നീണ്ട വാറിന്റെ അറ്റത്തുള്ള നായ്കുട്ടികൾ ഓര്മപുതുക്കുന്ന കാഴ്ച വളരെയതികം കൗതുകം ഉണർത്തുന്നതായിരുന്നു. കണ്ണിമ വെട്ടാതെ നോക്കിയിരുന്നു പോകും. പക്ഷെ നാട്ടിലെ പോലെ ആരും ആരെയും കളിയാക്കുകയോ ആവശ്യത്തിൽ കൂടുതൽ നേരം വാനോക്കുന്നതോ കണ്ടില്ല. എല്ലാവരും അവരവരുടെ ലോകത്ത് മുഴുകി സന്തോഷമായിരിക്കുന്ന അനുഭവമാണ് എനിക്കുണ്ടായത്. ഒരു മാസ്മര ലോകം
അഞ്ചര ആയപ്പോൾ ഞങ്ങൾ Gateway of India- യുടെ അടുത്തേക്ക് പോകാൻ തയ്യാറായി, കടപ്പുറത്തു നിന്ന് പോകാൻ മനസ്സുണ്ടായിട്ടല്ല പക്ഷെ പറഞ്ഞ സമയം പാലിക്കണം.
Gateway of India-യുടെ അടുത്തെത്തിയതും നേരത്തെ പറഞ്ഞതനുസരിച്ചു ഞങ്ങൾ കവാടത്തിന്റെ നേരെ താഴെ തന്നെ പോയി നിന്നു. എല്ലാവരും അവിടെ എത്തണം എന്നായിരുന്നു നിർദ്ദേശം. ഓരോരോ സംഘങ്ങൾ എത്തി തുടങ്ങി. ഞാനപ്പോൾ കവാടത്തിന്റെ മുന്നിലോട്ടിറങ്ങി നിന്നു മുകളിക്കു നോക്കി .
വലിയ അക്ഷരത്തിൽ English-ൽ എഴുതിയിരിക്കുന്നത് വായിച്ചു, അപ്പോൾ Second of December എന്നെഴുതിയിട്ടു MCMXI എന്നെഴുതിയിരിക്കുന്നു. കവാടം പണിഞ്ഞ വര്ഷമാണെന്നു ബോദ്ധ്യമായി പക്ഷെ എഴുതിയിരുന്ന ലിപി റോമൻ ആണ്, അന്നാണ് ആദ്യമായി ഞാൻ റോമൻ അക്കങ്ങൾ എന്താണെന്നും എങ്ങനെയാണ് എഴുതുന്നതും എന്ന് ചിന്തിക്കാൻ തുടങ്ങിയത്. തിരിച്ചു ചെന്ന് GMAT-ന്റെ പുസ്തകത്തിൽ നിന്നാണ് ശരിയായി എങ്ങനെ ആണെഴുതണ്ടതെന്നു പഠിച്ചത്.
ഭൂമിയിൽ മനുഷ്യൻ ഉണ്ടായ പ്പോൾ മുതൽ ഉണ്ടായതാണ് ഭാഷകൾ, എഴുത്തു, അക്കങ്ങൾ, എണ്ണം, എല്ലാം ; എത്ര ആലോചിച്ചിട്ടും എനിക്ക് പലപ്പോഴും ഒരെത്തും പിടിയും കിട്ടാത്ത കാര്യങ്ങളാണ് ഇത് മിക്കതും. റോമൻ അക്കങ്ങൾ കുറക്കലിന്റെയും കൂട്ടലിന്റെയും ഒരു അവിയലാണ്. അതിന്റെ കൂട്ട് പഠിച്ചതിൽ പിന്നെ ലോകത്തെവിടെ ചെന്നാലും എനിക്കെന്തൊരുത്സാഹമാണെന്നോ അക്ഷരങ്ങളെ അക്കങ്ങളാക്കി വര്ഷം പറയാൻ. അവസാനം തർജ്ജമ ചെയ്തത് പതിനഞ്ചു വര്ഷങ്ങക്കപ്പുറം Chicago-യിലെ ഒരു വമ്പൻ കെട്ടിടത്തിന്റെ മുന്നിലെ അക്ഷരങ്ങളെ ആണ്.
എല്ലാവരും എത്തി തമ്മിൽ കണ്ടതും ആദ്യം ഓരോരുത്തരുടെ കൈയ്യിലെ പൊതിയെ പറ്റിയായി ചർച്ച, അപ്പോഴാണ്
ജോൺ ചെറിയാൻ സാർ അന്ന് രാത്രിയിലെ റെഡ് സ്ട്രീറ്റ് യാത്രയെ പറ്റി ഞങ്ങളെ വീണ്ടും ഓർമിപ്പിച്ചത്, അവിടെ കൂടെ നടന്ന് പോകാൻ ഉദ്ദേശമുണ്ടെങ്കിൽ ഇവിടെ നിന്നു ഏഴു മണിക്ക് പുറപ്പെടണം.
അതുകേട്ടതും എല്ലാവരും കൂടെ Gateway of India- യുടെ മുന്നിലെ വലിയ അങ്കണത്തിൽ പ്രാക്കളുടെ പിന്നാലെ. ഓടാൻ തുടങ്ങി. കൊച്ചു കുട്ടികൾ ഓടുന്നത് നോക്കി നിന്ന ഞങ്ങളുടെ എല്ലാം മനസ്സിലെ ഒരു ആഗ്രഹമായിരുന്നു അത്, പ്രാക്കളാണെങ്കിൽ ചുമ്മാ ഒന്ന് പൊങ്ങും ഒരു രണ്ടടി പോയിട്ട് താഴെ വന്നിരിക്കും. എന്റെ കൈയ്യിൽ കടപ്പുറത്തു നിന്നുള്ള കപ്പലണ്ടിയുടെ ഒരിച്ചിരി ബാക്കി ഉണ്ടായിരുന്നു. ഒരു പ്രാവശ്യം ഒന്ന് വിതറാൻ പോലും തികഞ്ഞില്ല.
സന്ധ്യ മയങ്ങുന്നതോടെ ഇവിടെയും കാഴ്ചക്കാരുടെ തിരക്കായി . കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും നടന്ന് രാജാവും, രാജ്ഞിയുമൊക്കെ വന്നിറങ്ങിയ ബോട്ട് ജെട്ടി കണ്ട് ഞങ്ങൾ പതുക്കെ ട്രെയിൻ പിടിക്കാനുള്ള പുറപ്പാടായി
സാറ് പറഞ്ഞ സമയത്തു തന്നെ ഞങ്ങൾ തിരികെ ലോഡ്ജിന്റെ മുന്വശത്തെത്തിയതും പയ്യൻ ഞങ്ങളെ കാത്തു നില്കുന്നു. സാധനങ്ങൾ എല്ലാം മുറിയിൽ വെച്ചിട്ടു വീണ്ടും തട്ട് കടയിലെ ഭക്ഷണം കഴിക്കാൻ പുറപ്പെട്ടു.. അവനും ഞങ്ങളുടെ ഒപ്പം കൂടി, ലോഡ്ജിലെ ഒരു ചങ്ങാതി അനുവദിച്ചതനുസരിച് പയ്യനും കൂടെ Red Street ലേക്ക് വരാൻ തയ്യാറായി. എനിക്കതു വലിയ സന്തോഷമായി, ഇവൻ കൂടെ ഉണ്ടെങ്കിൽ വഴി ചോദിച്ചു ചോദിച്ചു പോകണ്ടല്ലോ.
എട്ടു മണിയോടെ ഞങ്ങൾ കാമാത്തിപുരയിലെ ചുവന്ന തെരുവിലെത്തി. റോഡിലാണെങ്കിൽ തള്ളോട് തള്ള്, ഇല്ലാത്ത വണ്ടികളില്ല , പിന്നെ, പട്ടിയും, പൂച്ചയും, പശുവും എല്ലാം റോഡിൽ തന്നെ, അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അതിന്റെ ഇടയിൽ റോഡരുകിൽ, കടകളുടെ മുകളിലെ അഴികളുള്ള ജനലുകളുടെ പുറകിൽ, വണ്ടികളിൽ, വീടുകളുടെ ഉള്ളിൽ. പലവേഷത്തിലും ഭാവത്തിലുമുള്ള സ്ത്രീകൾ, ചിരിക്കുന്നു, കൈയാട്ടി വിളിക്കുന്നു, എന്തൊക്കെയോ പറയുന്നു. അങ്ങോട്ടുമിങ്ങോട്ടും നോക്കി , കാഴ്ച കണ്ട് വേഗം നടന്ന് റോഡിൻറെ അങ്ങേ അറ്റത്തെത്തി. തിരിഞ്ഞു നോക്കാൻ സത്യത്തിൽ പേടി ആയിരുന്നു. വേറൊരു വഴിയിലൂടെ തിരികെ ലോഡ്ജിലേക്ക് പോകാൻ തുടങ്ങി.
ഒരു കാര്യം ബോദ്ധ്യമായി ഇവിടെ വിവേചനമില്ല. പണമുള്ളവനും ഇല്ലാത്തവനും, വെളുത്തവനും, കറുത്തവനും, സുന്ദരനും, വിരൂപനും, കൂടിയ ജാതിയിലുള്ളവനും, കുറഞ്ഞ ജാതിക്കാരനും, പഠിത്തമുള്ളവനും, ഇല്ലാത്തവനും, എന്നുള്ള വിവേചനമില്ല. എല്ലാം കച്ചവടം മാത്രം.
നേരം വെളുത്താൽ അയിത്തം പറയുന്ന, പകൽ റോഡിലൂടെ നടക്കുമ്പോൾ ശൂ ശൂ എന്ന് പറഞ് കുറഞ്ഞ ജാതിക്കാരെന്നു മുദ്രകുത്തി മാറ്റിനിർത്തിയിട്ടു; ഇരുട്ടുവാക്കിനു അതേ സ്ത്രീകളുടെ പായിൽ കയറികൂടുന്ന ജന്മിമാരെ ഓർത്തുപോയി . അധികനാളായിട്ടില്ല നമ്മുടെ ഇടയിൽ നിന്നിതു മാറിയിട്ട്. മാറ് മറക്കാൻ അനുവാദമില്ലാത്ത സ്ത്രീകൾ; അവരുടെ ഇടയിലെ വിപ്ലവകാരിയായ മുലയരിഞ്ഞു വാഴയിലയിൽ വെച്ച് ജീവൻ വെടിഞ്ഞ നങ്ങേലി. സ്വന്തം ഭാര്യയുടെ ചിതയിൽ ചാടി ജീവൻ വെടിഞ്ഞ ഭർത്താവു.
ഇതൊക്കെ നടന്ന നമ്മുടെ നാട്ടിൽ ഇന്ന് വീണ്ടും വിപ്ലവം , ജാതിയുടെ പേരിൽ അതിനെ ന്യായീകരിക്കുന്ന അഭ്യസ്തവിദ്യരെ, സ്വന്തം അമ്മയ്ക്കും, ഭാര്യക്കും, പെങ്ങൾക്കും, മകൾക്കും, ഓരോരോ ദുരനുഭവം ഉണ്ടാവുമ്പോൾ മാത്രമേ നിങ്ങളുടെ ആത്മാവുണരുകയുള്ളോ?
ഈ തെരുവിലെ ആർക്കു വേണ്ടിയും ആരും ഒരു ചെറുവിരൽ അനക്കില്ല. കാരണം ഇതൊരു വലിയ വടവൃക്ഷമാണ് അതിന്റെ വേരുകൾ അങ്ങ് കാശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്നു.
കുറേനേരം ഒന്നും മിണ്ടാതെ നടന്നു. പിന്നെ ആരോ പറഞ്ഞു ഇപ്പോഴും റോഡരുകിൽ തുറന്നിരിക്കുന്ന കടകൾ ഉണ്ട് നമുക്ക് ഒരിക്കൽ കൂടെ സാധനം വാങ്ങാൻ പോകാം, ഇനി രണ്ടു ദിവസമേ ഉളളൂ. നാളെ നമ്മൾ ബോംബെയുടെ അങ്ങോളം ഇങ്ങോളമുള്ള പ്രധാന സ്ഥലത്തെല്ലാം ട്രെയിനിൽ പോകാനാണല്ലോ പരിപാടി; അപ്പോൾ പിന്നെ Shopping-നു സ മയം കിട്ടിയെന്നു വരില്ല.
മറ്റന്നാൾ രാവിലെയാണ് നമ്മുടെ കപ്പൽ Goa -യ്ക്കുള്ള കപ്പൽ. അതുകൊണ്ടിന്നു ഇച്ചിരി ഇരുട്ടിയാലും വേണ്ടില്ല പയ്യനും കൂടെ ഉള്ളത് കൊണ്ട് നമ്മൾക്ക് കടകൾ അടയ്ക്കുന്ന വരെ തേരാപാരാ നടക്കാം. എല്ലാവര്ക്കും സമ്മതം.
അതിന്റെ ഇടയിൽ ചിലർ മുങ്ങാൻ തീരുമാനിച്ചു. പഴങ്ങളുടെ ചാറും, Barley-യുമൊക്കെ വാറ്റി, നീറ്റി ഉണ്ടാക്കുന്ന എന്തോ പാനീയം കുടിക്കാനുള്ള ചെറിയ ഒരു യാത്ര.
ഞങ്ങൾ അവിടെയും ഇവിടെയുമൊക്കെയുള്ള കടകളിൽ കയറിയിറങ്ങി കുറേ വിലപേശി അല്ലറ ചില്ലറ സാധനങ്ങളൊക്കെ വാങ്ങി തിരികെ പത്തു മണിയോടെ ലോഡ്ജിൽ തിരിച്ചെത്തി
ഈ യാത്ര തുടരുന്നതായിരിക്കും.
Leave A Comment