കാമാത്തിപുരയിൽ കണ്ട കിന്നരിയിൽ പൊതിഞ്ഞവരെ പറ്റി അമ്മ ഒന്നും പറഞ്ഞിരുന്നില്ല, കാണാഞ്ഞിട്ടാണോ? അതോ എങ്ങനെ പറയണം എന്നറിയാഞ്ഞിട്ടാണോ? എന്തോ അറിയില്ല.
മനസ്സിനെ അലട്ടുന്ന സിനിമ കണ്ടു വീട്ടിലെത്തിയാലും വിഷമം മാറാത്ത പോലെ ആയി എനിക്ക് . എന്റെ മനസ്സിൽ നിന്നവരുടെ ശബ്ദം വിട്ടു പോയിരുന്നില്ല .തിരികെ ചെല്ലുമ്പോൾ അമ്മയോടെന്തായാലും ചോദിക്കണം.
അതിരാവിലെ തന്നെ ഉണർന്ന് കുളിച്ചു വേഷമൊക്കെ മാറി തലേന്നത്തെ പോലെ ആഹാരം കഴിക്കാനായി താഴെ വന്നു, lodge- ലെ പയ്യൻ റെഡി ആയി മുൻവശത്തെ കൗണ്ടറിന്റെ അടുത്തു തന്നെ നിൽക്കുന്നു, ഞങ്ങൾ രണ്ടാളും കൂടി പുറത്തോട്ടിറങ്ങാനും ആലിസ് പടിയിറങ്ങി വന്നു, അങ്ങനെ ഞങ്ങൾ മൂന്നാളും കൂടി പുറത്തോട്ടിറങ്ങി. ഇന്ന് പലയിടത്തേക്കാണ് യാത്ര Nehru Planetarium, ബോംബയിലെ ഇലക്ട്രിക്ക് ട്രയിനിലെ സവാരി. Gateway of India, അതിനു ശേഷം കടകമ്പോളങ്ങളിൽ തെണ്ടൽ, ഇങ്ങനെ പോകുന്നു പരിപാടികൾ. അപ്പോൾ ഞാൻ ആലീസിനോട് പറഞ്ഞു, എന്തായാലും നമുക്ക് ഇന്ന് റെഡ് സ്ട്രീറ്റിൽ പോകണം, നടന്നു പോകണം, ആ പേര് കേട്ടതും പയ്യനെന്നെ നോക്കി, എന്നിട്ടു അക്ക എന്നും പറഞ്ഞു നിർത്താതെ ഓരോന്ന് തമിഴിൽ പറഞ്ഞു തുടങ്ങി: അവൻ പറഞ്ഞതിന്റെ പൊരുൾ ഇതാണ്
അക്ക എന്താ പറഞ്ഞത് നിങ്ങൾ റെഡ് സ്ട്രീറ്റിൽ പോകുന്നുവെന്നോ? അതും നടന്നു? അക്ക സൂക്ഷിക്കണം, അപ്പോൾ ഞാൻ തലേന്നത്തെ കാര്യം പറഞ്ഞു. അവൻ കൂടുതൽ വാചാലനായി.
ഞാൻ കണ്ട ആളുകളുടെ വിവരണം പറഞ്ഞതും അവൻ പറഞ്ഞു” പൊതുവെ എല്ലാവര്ക്കും ഇവരെ കണ്ടാലും, കണ്ടില്ലെന്നു നടിക്കാനാണിഷ്ടം. ഒരു വല്ലാത്ത ജന്മമാണിവരുടേതു, അവരുടെ സാന്നിദ്ധ്യത്തിൽ പലരും പല തരത്തിലുള്ള വികാരങ്ങളാണ് പ്രകടിപ്പിക്കാറു .
ഇവരെ വെറുപ്പോടെയും, അറപ്പോടെയും, ചിലപ്പോൾ ഭയപ്പാടോടെയും നോക്കുന്നു; എന്ന് മാത്രമല്ല അവരോടു ദ്രോഹം ചെയ്യാൻ മടി കാണിക്കാത്തവരും കുറവല്ല, വളരെ ചുരുക്കം ചിലർ മാത്രം, വലിയ ഗുണമൊന്നും ചെയ്തില്ലെങ്കിലും സഹാനുഭൂതിയോടെ പെരുമാറാറുണ്ട്. തുറന്ന മനസ്സോടെ അംഗീകരിക്കാനും, സഹിഷ്ണതയോടെ ഇടപഴകാനുമുള്ള മനസ്സൊക്കെ പത്രപ്രസ്താവനകളിൽ മാത്രമേ കാണാറുള്ളൂ. അംഗീകരിക്കാൻ വയ്യാതെ ഇവർ അപ്രത്യക്ഷരാവണേ എന്ന് കരുതുന്നവർ ആണ് ഒട്ടുമുക്കാലും
മനുഷ്യർ മാത്രമേ സ്വന്തം വംശത്തിലും, കുലത്തിലും, ഗണത്തിലുമുള്ളവരെ വേദനിപ്പിക്കുന്ന പോലെ പെരുമാറുള്ളൂ. സത്യത്തിൽ ജനിക്കുമ്പോൾ മുതൽ തുടങ്ങും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ. നമ്മളുടെ ഓരോ പ്രായത്തിലെ ഓരോ കാര്യങ്ങൾ ഓർത്താൽ , അറിയാതെ മൂക്കത്തു വിരൽ വെച്ച് പോകും.
പയ്യൻ വീണ്ടും പറഞ്ഞു അക്ക നിങ്ങൾ പോകുമ്പോൾ ഒരുമിച്ചു നടക്കണം, ഒറ്റപ്പെട്ട്പോകരുത് കേട്ടോ .
പിന്നെ അണ്ണന്മാരോട് ആവശ്യമില്ലാതെ ആരോടും മിണ്ടരുതെന്നു പറയണം, മിണ്ടിപ്പോയാൽ , അവർ നിങ്ങളെ പൊതിയും, പിന്നെ കാശ് കൊടുക്കാതെ രക്ഷപെടാൻ പറ്റില്ല.
അപ്പോൾ ഞാനവനോട് ചോദിച്ചു നിനക്കവിടെ ആരെയെങ്കിലും അറിയാമോ ആരോടെങ്കിലും മിണ്ടിയിട്ടുണ്ടോ? അക്ക അവിടെ എല്ലായിടത്തുനിന്നുമുള്ള ആൾക്കാരുണ്ട്, ഇവിടെ പെട്ടുപോകുന്നവരുടെ നാടും, ജാതിയും, മതവും ഒന്നും ആർക്കും പ്രശ്നമല്ല.
പക്ഷെ അവരാരെങ്കിലും നമ്മളോട് അടുപ്പം കാണിച്ചാൽ, പിന്നെ നമ്മുടെ കാര്യം പോക്കാണ്, ശരിക്കും , ആ തെരുവ് ഒരു വലിയ അധോലോകത്തിന്റെ പരിച്ഛേദം ആണ്. നമ്മൾക്കാർക്കും ഊഹിക്കാൻ പറ്റാത്തിടത്തൊക്കെ പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു ശൃംഖല ആണ്. ഇവിടത്തെ ജീവിത കഥകൾ, ചില സിനിമകളിലൊക്കെ ഇടയ്ക്കു കാണാറുണ്ട്, പക്ഷെ യാഥാർഥ്യം വളരെ വ്യത്യസ്തമാണ്, വികൃതമാണ്, വിഷമം ഉണ്ടാക്കുന്നതാണ്. കൂടുതൽ ഒന്നും ആലോചിക്കാതിരിക്കുന്നതാണ് നല്ലതു. കാരണം നമ്മൾക്കാർക്കും ഈ അവസ്ഥക്കൊരു മാറ്റം വരുത്താൻ പറ്റില്ല.
ഇവിടെ വന്നു പെടുന്നവരുടെ പ്രായവും, ആരോഗ്യവും മാത്രമായിരിക്കാം മുഖ്യമായി നോക്കുന്നത്. സൗന്ദര്യം ഒരു ഘടകം അല്ല എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്, പിന്നെ പെട്ടുപോയോ അനുസരണ നിർബന്ധം, അല്ലെങ്കിൽ ജീവൻ അപായത്തിലാകുമെന്നുള്ളതിനു യാതൊരു സംശയവും വേണ്ട.
ഈ സംഭാഷണം ഇവിടം കൊണ്ട് അവസാനിക്കില്ല എന്ന് മനസ്സിലായപ്പോൾ ഞാൻ പയ്യനോട് ചോദിച്ചു തട്ടുകടയിലെ ഏതു ഭക്ഷണമാണ് വേണ്ടതെന്നു. അവനപ്പോൾ പൂരിയുടെ നേരെ കണ്ണ് തിരിച്ചിട്ട് എന്നെ നോക്കി. ഞാൻ കടക്കാരനോട് അവനു ഒരു പ്ലേറ്റ് പൂരിയും ഉരുളക്കിഴങ്ങു കറിയും കൊടുക്കാൻ പറഞ്ഞു, എന്നിട്ടു ഞങ്ങൾ അടുത്തുള്ള കടകളിലെ വിഭവങ്ങൾ എല്ലാം ഒന്ന് നോക്കി.
സാധാരണയായി കഴിക്കാത്തതെന്തെകിലും വാങ്ങി കഴിച്ചു നോക്കാമെന്നു പറഞ് ആലിസ് പാവ് ഭജി വാങ്ങി, എനിക്ക് പണ്ടേ റൊട്ടി വലിയ പിടിത്തമുള്ള കാര്യമല്ല അതുകൊണ്ടു ഞാൻ ദോശ വാങ്ങി, ഞങ്ങൾ കഴിച്ചുകൊണ്ടിരുന്നപ്പോൾ ഓരോരുത്തരായി പൊഴിഞ്ഞു പൊഴിഞ്ഞു വരാൻ തുടങ്ങി. നോക്കിയപ്പോൾ രണ്ടു സാറുമ്മാരും എത്തി, പിന്നെ കടയിലങ് തിരക്കോട് തിരക്കായി, പയ്യൻ പെട്ടന്ന് കഴിച്ചു തീർത്തിട്ട് എല്ലാവരുടെയും ഓർഡർ എടുത്തു ഉറക്കെ കടക്കാരോട് വിളിച്ചു പറയാൻ തുടങ്ങി, അങ്ങനെ ആകെ ഒരു ഉത്സവ പ്രതീതി ആയി. ഇന്നെന്തായാലും നേരത്തെ തന്നെ ഇറങ്ങാമെന്നു പറഞ്ഞതും; റഹുമാ ഒരു ആശയം പറഞ്ഞു, ഒത്താൽ നമുക്ക് ഇന്നത്തെ യാത്ര എല്ലാം ട്രെയിനിൽ ആയാലോ. പഠിത്തം കഴിഞ്ഞു ബോംബേക്കു വണ്ടി കയറുന്നവർക്കൊരു പരിശീലനം ആവും, വളരെ നല്ല ആശയം എന്ന് പറഞ് എല്ലാവരും സമ്മതിച്ചു.
അങ്ങനെ അന്ന് കാപ്പി കുടിച്ചു കഴിഞ്ഞതും, എല്ലാവരും ജാഥയായി അടുത്തുള്ള സ്റ്റേഷനിലേക്ക് നടന്നു.
ഞങ്ങൾ കുറച്ചു പേര് ടിക്കറ്റ് കൊടുക്കുന്ന കിളിക്കൂടിന്റെ മുന്നിൽ ചെന്ന് നിന്നിട്ടു ഒന്നും രണ്ടുമല്ല എല്ലാവർക്കുമുള്ള ടിക്കറ്റ് വാങ്ങി, ഓരോരുത്തരുടെ ടിക്കറ്റും അവരവരുടെ കൈയ്യിൽ കൊടുത്തു. സ്റ്റേഷന്റെ വെളിയിലെ വലിയ ബോര്ഡില് എഴുതി വെച്ചിരിക്കുന്ന ടൈം ടേബിൾ നോക്കിപ്ലാറ്റഫോം കണ്ടുപിടിക്കണം, വണ്ടിയിൽ കയറണം, ഇറങ്ങേണ്ട ഇടത്തു എത്തുമ്പോൾ എല്ലാവരും തെറ്റാതെ ഇറങ്ങി ഒരുമിച്ചു Planetarium കണ്ടു ഉച്ചക്കത്തെ ഊണ് അവിടെ അടുത്തെവിടെയെങ്കിലും കഴിച്ചിട്ട് നേരെ Gateway of India കാണാൻ അടുത്ത ട്രെയിൻ പിടിച്ചു പോകണം അതിനു ശേഷം ഷോപ്പിംഗ്, രാത്രി തിരികെ ലോഡ്ജിൽ പോകുന്നതിനു മുന്നേ റെഡ് സ്ട്രീറ്റ് വഴി നടക്കണം. ഐകകണ്ഠ്യേന അംഗീകരിച്ച പരിപാടി ഒന്നുകൂടി ഓർമ്മിപ്പിച്ചു
സ്റ്റേഷൻന്റെ അകത്തോട്ടു കയറി പ്ലാറ്റഫോമിന്റെ അടുത്തെത്തിയതും പ്രൈവറ്റ് ബസിലും ട്രാസ്പോർട് ബസിലും ഇടിച്ചു കയറുന്ന പോലെ, തേനീച്ച കൂട് പൊട്ടിച്ചു വരുന്നപോലെ ട്രെയിൻ ഇറങ്ങി ആൾക്കാർ ഇരമ്പി ഇറങ്ങുന്നു, തിരമാല തള്ളിക്കൊണ്ട് പോകുന്ന പോലെ നമ്മളെ തള്ളിക്കൊണ്ട് പോകുന്നു, എങ്ങനെയോ ഞങ്ങൾ തടുത്തു മുന്നോട്ടു ആഞ്ഞു നിന്നു , സത്യം പിന്നെ ഒന്നുമറിഞ്ഞില്ല . JCB മണ്ണ് കോരിയെടുക്കുന്ന പോലെ ഞങ്ങളെ തള്ളി കോരിയെടുത്തു Train-ന്റെ ഉള്ളിലാക്കി, കതക് ഉള്ളതായി കണ്ടില്ല. അകത്തുകയറി, പിന്നെ കാലു തറയിൽ വെച്ചതായും ഓർമ്മയില്ല. എങ്ങും പിടിക്കാൻ പറ്റാതെ കാലും തറയിൽ ഉറയ്ക്കാതെ ഞാനങ്ങനെ തൂക്കിനിർത്തിയ പോലെ നിന്നു, പിന്നെ ഞാൻ കേൾക്കുന്നതാണോ കണ്ടതാണോ എന്നറിയില്ല എന്റെ തലക്കുമുകളിലൂടെ ചുറ്റും നിൽക്കുന്നവർ വളരെ ഗൗരവമായി ചീട്ടുകളിക്കുന്നു. 28 കളിക്കുന്നു. കൈമാറാനുള്ള ചീട്ടു അമർത്തിപിടിച്ച ചുണ്ടുകളിൽ വളരെ സുരക്ഷിതമായി കാത്തു സൂക്ഷിക്കുന്നു. എന്തൊക്കെയോ സംഭവിച്ചു പുറത്തോട്ടു ഒന്നും കാണാൻ മേല ഇടയ്ക്കിടെദേഹം Pendulum പോലെ രണ്ടു വശത്തോട്ടും ആടും, ആൾക്കാർ ഇറങ്ങുമ്പോഴും കയറുമ്പോഴും.
ഇടക്കെപ്പോഴോ തലയുയർത്തി എന്റെ തൊട്ടടുത്ത് നിന്ന തലയെടുപ്പുള്ള ആളോട് പറഞ്ഞു “ മുച്ചേ മാലൂം നഹി സ്റ്റേഷൻ, Station- ന്റെ പേര് ചോദിച്ചു, എന്റെ ദേഹത്തിന്റെ സൈഡിൽ ഘടിപ്പിച്ച കൈ അപ്പോൾ എവിടെ ആണെന്നു പോലും എനിക്കറിയില്ലായിരുന്നു. അത്രയ്ക്ക് ചമ്മന്തി ആയി നിൽക്കയാണ്, എങ്ങനെയോ വലിച്ചെടുത്തു ടിക്കറ്റ് കാണിച്ചുകൊടുത്തു, ടീക് ഹേ, എന്ന് പറഞ്ഞു ഒരു 10 മിനിറ്റ് കഴിഞ്ഞു കാണും വണ്ടി നിന്നില്ല എന്നെ തൂക്കിയെടുത്തു, തള്ളിയെടുത്തു ട്രെയിനിന്റെ വെളിയിലാക്കി, പുറത്തോട്ടിറങ്ങുന്ന പോക്കിന് ഞാൻ ഞങ്ങളുടെ കൂടെയുള്ള ആരുടെയൊക്കെയോ പേര് വിളിച്ചു കൂവി; ഇറങ്ങോ, ഇറങ്ങോ നമ്മുടെ സ്റ്റേഷൻ ആയി , അത്രയേ എനിക്കോർമ്മയുള്ളൂ. ആപ്പോഴേക്കും പുറകിൽ നിന്നിറങ്ങിയവർ എന്നെ തള്ളി അടുത്ത പ്ലാറ്റഫോമിന്റെ അടുത്തെത്തിച്ചിരുന്നു .
സ്റ്റേഷന്റെ പുറത്തിറങ്ങാൻ വഴിയൊന്നും ചോദിക്കണ്ട വന്നില്ല, തിരമാല പോലെ നമ്മളെ തള്ളിക്കൊണ്ട് പൊയ്ക്കോളും, പടികളിലൂടെ കയറി താഴെ ഇറങ്ങി സ്റ്റേഷന്റെ മുന്നിൽ എത്തിയപ്പോഴേക്കും ആൾക്കാരെല്ലാം നാലുപാടും പോയിക്കഴിഞ്ഞിരുന്നു, പിന്നെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയപ്പോൾ വെള്ളത്തിൽ വീണ കോഴികളെ പോലെ കൂട്ടുകാരെല്ലാം അവിടിന്നും ഇവിടുന്നുമൊക്കെ പൊങ്ങി വരുന്നു. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ ഇലട്രിക് ട്രെയിൻ യാത്ര. ലക്ഷോപലക്ഷം ആൾക്കാരാണ് എന്നും ഈ ട്രെയിനുകളിൽ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത്.
അവിടെ നിന്ന് Nehru Planetarium- ത്തിലേക്കുള്ള വഴി ചോദിച്ചു. നടന്നു പോകാമെന്നു നേരത്തെ തീരുമാനിച്ചത് കാരണം കൂടുതൽ ആലോചിക്കാനൊന്നുമില്ലായിരുന്നു, അവിടെ എത്തിയപ്പോൾചിരട്ട കമത്തിയ പോലെ ഒരു കെട്ടിടം അതിന്റെ ഉള്ളിൽ കയറിയപ്പോൾ കുറ്റാ കുറ്റിരുട്ട്
ഇതറിഞ്ഞിരുന്നു എങ്കിൽ ഇഷ്ടമുള്ളവരുടെ ഒപ്പം കയറാമായിരുന്നു എന്ന് ആത്മഗതം എന്നോണം പറഞ്ഞവരെ ഓർക്കുന്നു. നക്ഷത്രങ്ങൾ തലക്കുമുകളിൽ മിന്നി മറയാൻ തുടങ്ങി, പണ്ട് Social Studies-ൽ പഠിച്ച സൂര്യനും, ചന്ദ്രനും, ഭൂഗോളവും ധ്രുവങ്ങളും, നക്ഷതങ്ങളും അവയുടെ പരിണാമങ്ങളുമൊക്കെ തലക്കുമുകളിലും കണ്ണിനു മുന്നിലും ഒക്കെ മിന്നിമറയാൻ തുടങ്ങി, ഇടയ്ക്കിടെ ചൊവ്വയും. ശനിയുമൊക്കെ നമ്മുടെ നേരെ വരുന്ന പോലെ തോന്നും. ഗംഭീരമായ പശ്ചാത്തല സംഗീതം,
അവിടെ നിന്നിറങ്ങിയപ്പോൾ സ്കൂളിൽ നിന്ന് tour-ന് പോയ പോലുള്ള ഒരു പ്രതീതി ആയിരുന്നു, പുസ്തകത്തിൽ പഠിച്ചത് കണ്ടിറങ്ങിയ പോലെ. നേരം ഉച്ചയായി വിശപ്പിന്റെ വിളിയുമായി. വലിയ തിരക്കുള്ള സ്ഥലമല്ല, മനസ്സിന് പിടിക്കുന്ന പോലെ കടകൾ കാണാനില്ല, അപ്പോൾ ഞങ്ങൾ ഒരു തീരുമാനമെടുത്തു.
നമുക്ക് സ്റ്റേഷനിലേക്ക് പോകാം അവിടെ നിന്ന് എന്തെങ്കിലും ലഘുവായി കഴിച്ചിട്ട് ട്രെയിൻ കയറി Gateway of India- യുടെ അടുത്തേക്ക് പോകാം. അവിടെ ഒത്തിരി തട്ടുകടകൾ ഉണ്ടെന്നു ലോഡ്ജിലെ പയ്യൻ പറഞ്ഞതാ, എല്ലാവരും സമ്മതിച്ചു. ഞങ്ങൾ വീണ്ടും ട്രെയിൻ കയറാൻ തയ്യാറായി ചെന്നപ്പോൾ ഒരു ആശ്വാസം ഉണ്ടായി രാവിലത്തെ മരണ തള്ളില്ല, കാരണം office സമയം അല്ല. അങ്ങനെ വീണ്ടും ഒരു ട്രെയിൻ യാത്ര. ഇത്തവണ ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് കയറിയത്, പരസ്പരം കണ്ടും, പുറത്തുള്ള കാഴ്ചകൾ കണ്ടും, മിണ്ടിയും, തലയ്ക്കു മുകളിൽ നീളത്തിലുള്ള കമ്പിയിൽ തൂങ്ങി കിടക്കുന്ന വളയങ്ങളിൽ പിടിച്ചും ഒരു യാത്ര . എന്നാലും വേഗത കൂടുമ്പോൾ train വളയുമ്പോൾ ഞങ്ങൾ പഴക്കുല പോലെ ആടുന്നുണ്ടായിരുന്നു.
ഈ യാത്ര തുടരുന്നതായിരിക്കും.
Leave A Comment