ബോംബെ സെൻട്രൽ
നമ്മളുടെ തലയ്ക്കു മുകളിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വടവൃക്ഷം പോലെയാണ്
ഭീമാകാരമായ ഒരു കൂറ്റൻ കെട്ടിടം, നീണ്ടു നിവർന്നു കിടക്കുന്നു പാളങ്ങൾ, പ്ലാറ്റുഫോമുകൾ, വന്നും പോയുമിരിക്കുന്ന തീവണ്ടികൾ, കൂണുപോലെ മുളച്ചു നിക്കുന്ന കടകൾ, അങ്കലാപ്പെടുത്തു ഓടി നടക്കുന്ന ജന കോടികൾ. ആരും നിൽക്കുന്നില്ല എല്ലാവരും ഓട്ടമാണ്, പുറം രാജ്യത്തു ഇങ്ങനെ ഒരു കാഴ്ച കാണുന്നത് New York Grand Central Terminal-. ലാണ്
തിക്കും തിരക്കും മാത്രം, അതിന്റെ ഇടയിലേക്കാണ് കൂടും കുടുക്കയുമായി സ്വപ്നത്തിൽ നിന്നെഴുന്നേറ്റ് ഉറക്കച്ചടവുമായി ഞങ്ങൾ എത്തുന്നത്. സാധനങ്ങളെല്ലാം പെറുക്കി കെട്ടി വണ്ടിയിൽ നിന്നിറങ്ങി. ഇവിടെ, മറ്റുള്ള ഇടത്തെ പോലെ ടെമ്പോ വാൻ ഏർപ്പാടാക്കിയിരുന്നില്ല, പ്രീമിയർ പദ്മിനി Taxi car തന്നെ ശരണം ഒരു വണ്ടിയിൽ കയറാവുന്നത്ര പേര് തള്ളിക്കയറി, പെട്ടി വെക്കാൻ ഡിക്കി തുറക്കുമ്പോഴാണ് അടുത്ത മാരണം. ലോകത്തുള്ള സകല ആക്കിറിസാധനകളും ഡിക്കിയിലുണ്ട്, പഞ്ചറായ ടയർ മുതൽ ഗ്യാസ് കുറ്റി വരെ, വരിവരിയായി വരുന്ന വണ്ടികളിൽ കയറിയെ പറ്റൂ, ഇടുങ്ങിയ വണ്ടിക്കുള്ളിൽ പെട്ടികൾ തറയിലോ, തലയിലോ വെക്കാൻ സ്ഥലമില്ലാതെ, വയറു ചുരുക്കി ഒതുങ്ങി മടിയിൽ തള്ളി കയറ്റി. എങ്ങനെ ആണെന്നറിയില്ല ഞങ്ങൾ എങ്ങനെയോ ഈ ടാക്സികളിൽ കയറി അടുത്തുള്ള ലോഡ്ജിലെത്തി. Lodge- ന്റെ പേര് വലിയ മുന്തിയ പേരാണ് Miracle Mahal, അതെ മഹത്തായ അത്ഭുതങ്ങളുടെ കൊട്ടാരം അല്ലെങ്കിൽ ആസ്ഥാനം. ഇടുങ്ങിയ ഒരു കെട്ടിടം, ഞങ്ങൾക്കിത്രയും പേർക്ക് എടുത്തിരിക്കുന്ന മുറികളുടെ എണ്ണം 6, വലുപ്പം എന്തുണ്ടാവും എന്ന് മനസ്സിൽ ഓർത്തു കുളിമുറിയുടെ കാര്യവും ഓർത്തു. നോക്കി നില്ക്കാൻ നേരമില്ല എങ്ങനെയും മുറിക്കുള്ളിൽ കയറി പെട്ടി നിലത്തു വെക്കണം, കുളിക്കണം.
മെലിഞ്ഞു കൊലുന്നനെയുള്ള പയ്യന്മാരാണിവിടത്തെ സഹായികൾ. മറ്റൊരിടത്തും ഇല്ലാത്തത്ര സഹായികൾ; അതാണ് ബോംബെ, ഇന്ത്യാ മഹാരാജ്യത്തിന്റെ എല്ലാ മൂലയ്ക്ക് നിന്നും ആൾക്കാർ എത്തിപ്പെടുന്ന സ്ഥലമാണ് ബോംബെ. സ്വയം വരുന്നവരുണ്ട്, ചതിയിൽ പെട്ട് എത്തിപെടുന്നവരുണ്ട്. തുപ്പൽ വിറ്റും ഇവിടെ ആൾക്കാർ ജീവിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെ ഇവിടെ വന്നാൽ ഇശ്ചാശക്തിയുള്ള ആരും പരിശ്രമശാലികൾ ആയിപ്പോകും, ജീവിതവും അതിസാഹസികം ആയി തീരും
എത്രയും പെട്ടെന്ന് റെഡി ആവണം, ഇന്നത്തെ ആദ്യ പരിപാടി അമുൽ ഐസ്ക്രീം ഫാക്ടറി സന്ദർശനമാണ്, നാസർ പറഞ്ഞതനുസരിച്ചു സ്വന്തത്തിലുള്ള ഇക്ബാൽ ഏഴു മണിക്ക് തന്നെ എത്തും, മുറിക്കുള്ളിൽ ബാഗ് വെച്ച് കുളിച്ചു റെഡി ആയി ഞാൻ താഴെ ഇറങ്ങി വന്നു എന്തെങ്കിലും ഒന്നു കഴിക്കണം. ലോഡ്ജിലെ ഒരു സഹായി പയ്യൻ ചെറു പുഞ്ചിരിയോടെ അടുത്ത് വന്നു, അവൻ മധുരയിൽ നിന്ന് 5 മാസത്തിനു മുന്നേ വണ്ടി കയറി വന്നതാണ്. എനിക്കാണെങ്കിൽ തമിഴ് എത്രയും പ്രിയപ്പെട്ട ഭാഷയും, ഞങ്ങൾ രണ്ടാളും കൂടി തമിഴിൽ പേശാൻ തുടങ്ങി. ഞാൻ അവനോടു പറഞ്ഞു തമ്പി പശിക്കതു, അപ്പോൾ അവന്റെ കണ്ണിൽ ഉത്സാഹത്തിന്റെ തിളക്കം കണ്ടു അക്ക, ടിഫ്ഫിൻ വേണമാ , വാങ്കോ എന്നും പറഞ്ഞു പുറത്തോട്ടിറങ്ങി. റോഡരുകിൽ നിറയെ തട്ട് കടകളാണ്, പലതരം പൂരികൾ, ചൂടോടെ കിട്ടുന്ന തട്ട് കടകൾ, അന്ന് വരെ ഞാൻ കഴിച്ചിട്ടില്ലാത്ത ഒരു കൂട്ടമാണ് പാവ് ഭജി, ആദ്യമായി കാണുന്നതിവിടെ ആണ്, പല ആകൃതിയിലും നിറത്തിലുമുള്ള രുചിക്കൂട്ടുകളാണ് നാലുപാടും.വളരെ കുറഞ്ഞ വിലക്ക് വയറു നിറയെ ഭക്ഷണം കിട്ടുന്ന ഇടമാണ് ബോംബെ.
ഇതിന്റെ ഇടയിൽ നമ്മുടെ ദോശയുണ്ട്, കരിക്കിന്റെ കുലകൾ ഇഷ്ടം പോലെ, പഴവര്ഗങ്ങളും, പല തരം ജൂസും, വെള്ളരിക്കയും, തക്കാളിയുമൊക്കെ അരിഞ്ഞ സലാഡും ധാരാളം. പച്ചക്കു മുറിച്ചു തരുന്ന സാധനങ്ങളിലെല്ലാം അവർ പല തരത്തിലെ പൊടി വിതറും, മാങ്ങാ ഉണക്കിയതിന്റെ കൂടെ എന്തൊക്കെയോ നീറ്റു മരുന്നു ചേർത്ത പോലെ അതെല്ലാവർക്കും വലിയ ഹരമാണെന്നു മനസ്സിലായി.
ഞാനും അവനും കൂടി അടുത്തുള്ള തട്ട് കടയിൽ നിന്ന് ചൂട് ചൂട് ദോശ വാങ്ങി, ഓംലറ്റ് വാങ്ങി , അവനും കഴിച്ചു ഞാനും കഴിച്ചു, പെട്ടെന്ന് വയർ നിറഞ്ഞു. കടക്കാരൻ പറഞ്ഞ കാശ് കൊടുക്കാനായി ഞാൻ പാന്റിന്റെ പോക്കറ്റിൽ നിന്നുള്ള ചില്ലറ എല്ലാം പെറുക്കി എടുത്തു. ഞങ്ങൾ രണ്ടാളുടെയും എണ്ണി കൊടുത്തപ്പോൾ, അവനെന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്റെ വീട്ടിൽ ഞങ്ങളുടെ കൂടെ വളരുന്ന തെങ്കാശിക്കാരൻ ഗണേഷിനെയാണെനിക്ക് ഓർമ്മ വന്നത്, എപ്പോൾ നോക്കിയാലും അക്ക എന്നും പറഞ്ഞു പുറകെ നടക്കുന്ന ഗണേഷ്; അവന്റെ ഒരേ ഒരു ജോലി പൊടി തുടക്കുക എന്നതാണ്, അമ്മയുടെ വലിവ് കാരണം വീട്ടിലെപ്പോഴും പൊടി തുടച്ചിടണം, പിന്നെ ഞാൻ കോളേജിൽ നിന്ന് വന്നാലുടനെ അവൻ സ്ലേറ്റുമായി വരും. എന്റെ ജോലി അവനെ ഇംഗ്ലീഷ് അക്ഷരങ്ങൾ പഠിപ്പിക്കലാണ്. മിടുക്കനായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം പ്രെസ്സിലെ പണികളും ഉത്സാഹത്തോടെ പഠിച്ചിരുന്നു. Lodge-ലെ സഹായിപയ്യനോട് ഇനിയുള്ള മൂന്നാലു ദിവസം എന്റെ കൂടെ കാപ്പികുടിക്കാൻ വന്നോളാൻ പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ വൈഡൂര്യ തിളക്കം, ഉപ്പു ചേർന്ന വെള്ളത്തിന്റെ തിളക്കം
രണ്ടു ചവുട്ടടി വെച്ചാൽ ലോഡ്ജിന്റെ മുന്നിലെത്തും തിരികെ വന്നപ്പോൾ കൂടെ ഉള്ള കുറച്ചു പേര് റെഡി ആയി നിൽക്കുന്നു, തൊട്ടടുത്തുള്ള തട്ടുകടയിൽ നിന്ന് ഉഗ്രൻ ഭക്ഷണം കിട്ടിയ വിശേഷം പറഞ്ഞു,. താഴെവന്നവർ വന്നവർ റോഡരുകിലുള്ള കടകളിലേക്ക് പോയി തുടങ്ങി. പെൺകുട്ടികൾ താഴെ വന്നപ്പോൾ എന്റെ കൂടെ വന്ന പയ്യൻ കൂടെ പോയി, ഹിന്ദിയിൽ കാര്യങ്ങൾ പറയാനായി .
അപ്പോഴേക്കും നാസർ റെഡി ആയി താഴെ വന്നു, കാപ്പി കുടിക്കാനായി പുറത്തോട്ടിറങ്ങാൻ പോയതും ഞാൻ പറഞ്ഞു നാസറെ, ഞാൻ കഴിച്ചു കഴിഞ്ഞു, അതുകൊണ്ടിവിടെ തന്നെ കാണും; ഈ ഇക്ബാലിനെ കണ്ടാൽ എങ്ങനിരിക്കും, വന്നാൽ നാസറിപ്പോൾ വരുമെന്ന് പറയാം .
ഇക്ബാൽ കണ്ടാൽ സുമുഖനാണ്, സുന്ദരനാണ്, വെളുത്തിട്ടാണ്, ചെറിയ താടിയുണ്ട്, മുടിക്കൽപ്പം നീട്ടമുണ്ട് ക്രോപ് ചെയ്ത പോലെ ഒരു ഹിപ്പി സ്റ്റൈൽ. അത് കേട്ടതും എന്റെ മനസ്സിലേക്കോടി വന്നത് പുള്ളികളുള്ള ഉടുപ്പിട്ട തുടുത്ത കവിളുള്ള അമുൽ ബേബിയെയാണ്. ഞങ്ങൾ കാണാൻ പോകുന്ന ഐസ് ക്രീമിന്റെ ലോഗോ. അമുൽ എന്ന പേര് ഇന്ത്യയിലെ ഓരോ വീടിന്റെയും, പൗരന്റെയും സ്വന്തം ആയിരുന്നു. അതിന്റെ പിന്നിലെ കഥയെ പറ്റി ഓർത്തപ്പോൾ, ഞാനറിയാതെ എന്റെ ഉളിയക്കോവിലുള്ള വീട്ടിലേക്കു പറന്നു പറന്നു പോയി.
ഞങ്ങളുടെ വീട്ടിൽ ദിവസം രണ്ടു നേരം പാല് കൊണ്ടുവരുന്ന ചേച്ചിക്ക് ആഴ്ചതോറുമാണ് പാലിന്റെ കാശ് കൊടുക്കാറ്. എല്ലാ ഞായറാഴ്ചയും അമ്മ അപ്പയോടു പറയുന്നത് കേൾക്കാറുണ്ട് പാൽകാരിയുടെ കാശെടുത്തു വെച്ചേക്കണേ.
ഇന്ത്യയുടെ പാൽക്കാരൻ എന്ന വിളിപ്പേര് ആദ്യമായി കേൾക്കുന്നത്,എന്റെ അപ്പ പറഞ്ഞാണ്. എനിക്കേതാണ്ട് പത്തു വയസ്സുള്ളപ്പോൾ. ഞാനന്ന് ചോദിച്ചു ആരാണപ്പാ ഈ ഇന്ത്യയുടെ പാൽക്കാരൻ.
അപ്പ പറഞ്ഞു Verghese Kurien അദ്ദേഹമാണ് ആണ് ഇന്ത്യയുടെ പാൽക്കാരൻ. Kurien Sir എന്ന അതികായന്റെ ജീവിതത്തെ പറ്റിയും, പ്രതിജ്ഞാബദ്ധതയെ പറ്റിയും, പുള്ളിക്കാരൻ തുടങ്ങിയ ധവള വിപ്ലവത്തെ പറ്റിയും പറയുന്ന അവസരങ്ങളിൽ എന്റെ അപ്പ വളരെ അധികം വാചാലനാകാറുണ്ടായിരുന്നു; ഇത് വളരെ ചുരുക്കമായി സംഭവിക്കുന്ന കാര്യമായതിനാൽ ഞാൻ അപ്പ പറഞ്ഞ India-യുടെ പാൽക്കാരനെ പറ്റി കൂടുതൽ വായിച്ചറിയാൻ തുടങ്ങി. പത്രങ്ങളിൽ വരുന്ന വിശേഷങ്ങളും Illustrated Weekly- യിൽ വന്നിട്ടുള്ള ലേഖനങ്ങളുമായിരുന്നു അന്നത്തെ ആധാരം.
ഇന്ത്യയുടെ ജാതകത്തിൽ ലോകത്തെ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം ആകണമെന്നുള്ള യോഗം കിടക്കുന്നു, അത് പ്രാവർത്തികമാക്കാൻ അടയാളപ്പെടുത്തിയിരുന്നതോ കോഴിക്കോടുകാരനായ ഒരു മലയാളിയും. സേവനസന്നദ്ധതയുള്ളവരെയും അനുകമ്പയുള്ളവരെയും ആകർഷിച്ച തത്വങ്ങൾ ആയിരുന്നു Verghese Kurien എന്ന മലയാളി engineer യാഥാർഥ്യമാക്കിയത്..
ഗുജറാത്തിൽ നിന്നോടി രക്ഷപെട്ടു തിക്കും തിരക്കുമുള്ള മഹാനഗരത്തിലേക്കു ചേക്കേറാൻ പുറപ്പെട്ട അദ്ദേഹം Tribhuvandas Kishibhai Patel, എന്ന ആദരണീയന്റെ വിളിയുടെ മുന്നിൽ അറിയാതെ നിന്ന് പോകുന്നു. ചൂഷണത്തിന് വിധേയരായിരുന്നു ഒരു കൂട്ടം സാധാരണ ഗ്രാമീണ കർഷകരെ, സഹകരണഅടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ അംഗങ്ങൾ ആക്കുകയും അവരുടെ ഉത്പന്നങ്ങൾ ആദായകരമായി വിറ്റഴിക്കയും ചെയ്യുന്ന പ്രസ്ഥാനം പ്രാവർത്തികം ആക്കുകയും ചെയ്ത മഹാനായിരുന്നു അദ്ദേഹം. നിയോഗം വിധി എന്നൊക്കെ പറയുന്നത് അക്ഷരം പ്രതി സത്യമാണെന്നു ബോധിപ്പിക്കുന്നതാണ്, കുരിയൻ സാറിന്റെ ജീവിതം. കാര്യങ്ങൾ നേരെയാക്കാൻ കുറച്ചു നാൾ നിൽക്കാമെന്ന് കരുതിയ ആൾ ആനന്ദ് എന്ന ഗ്രാമം വിട്ടു പോയില്ല എന്നുള്ളതാണ് യാഥാർഥ്യം, ഗുജറാത്തിലെ ഗ്രാമങ്ങളിൽ ചേക്കേറി പാർത്തു എന്ന് മാത്രമല്ല അവിടെ ഉള്ള നിഷ്കളങ്കരായ മനുഷ്യർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുകയും ചെയ്ത മഹാ മനസ്കനായിരുന്നു അദ്ദേഹം.
അപ്പയുടെ ആരാധന പുരുഷനായിരുന്നു Verghese Kurien.കുരിയൻ സാറിന്റെ തൊഴിലാളികളോടുള്ള സമീപനത്തിനോടുള്ള അപ്പയുടെ ആദരവിന്റെ സൂചകമയിട്ടാവാം അപ്പ എന്റെ പേരിൽ തുടങ്ങിയ അച്ചടി ശാലയിൽ ജോലി ചെയ്ത ഓരോരുത്തരെയും സ്വന്തം കുടുംബത്തിലെ അംഗങ്ങൾ ആയിട്ടാണ് കണക്കാക്കിയിരുന്നത്. അവരാകട്ടെ അവരുടെ സ്വന്തം സ്ഥാപനമായിട്ടാണ് എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ തുടങ്ങിയ ബീന പ്രിന്റേഴ്സിനെ കണ്ടിരുന്നതും, കരുതിയതും.
എന്റെ ഓർമ്മയിൽ ഇന്നും പച്ചപിടിച്ചു നിൽക്കുന്നു ആദ്യം മുതൽക്കേ ജോലി ചെയ്തിരുന്ന ബാലൻ ചേട്ടൻ, രാജണ്ണൻ, മുരളി, കൊച്ചു രാജൻ, സോമൻ, സണ്ണി. ഇവരൊക്കെ കുറെ വർഷങ്ങൾ നിന്ന്പ ണിയെല്ലാം പഠിച്ചു കഴിഞ്ഞപ്പോൾ, അപ്പ തന്നെ അവർക്കൊരോത്തർക്കും ഓരോ ചെറിയ പ്രസ് തുടങ്ങാനുള്ള സഹായം ഏർപ്പാടാക്കി, പോകുമ്പോൾ കല്യാണം കഴിച്ചു വിടുന്ന പെൺകുട്ടികളെ പോലെ കുറച്ചു സ്ഥിരം പണിയും മധുരയിൽ നിന്നും വാങ്ങുന്ന അച്ചും, അല്ലറ ചില്ലറ സാമഗ്രികളുമായിട്ടാണ് വിട്ടിരുന്നത്.
അപ്പയും അമ്മയും മരിക്കുന്നതു വരെ ഇവരോ ഇവരുടെയൊക്കെ വീട്ടുകാരോ വന്നു അന്വേഷിക്കുമായിരുന്നു.
വിലമതിക്കാനാവാത്ത ബന്ധങ്ങൾ, അടുപ്പം അതായിരുന്നു ഞങ്ങളുടെ മുതൽക്കൂട്ട്. അപ്പ പറഞ്ഞറിഞ്ഞ കുര്യൻ സാറിനെ കുറിച്ചുള്ള ഓർമ്മകൾ അയവിറക്കികൊണ്ടിരുന്ന ഞാൻ, ലോഡ്ജിന്റെ മുന്നിൽ സർക്കാരാശുപത്രിയിലെ ലിഫ്റ്റിന്റെ കതകു പോലെ മടക്കാവുന്ന ഷട്ടർ അനങ്ങുന്നതും നോക്കി നിന്നു
സുന്ദരനായ ഇക്ബാൽ വരുന്നുണ്ടോ എന്ന് നോക്കി.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment