പ്രേമത്തിനെ പറ്റിയും എന്നെ പറ്റിയും ഓർത്തു ഞാൻ അങ്ങനെ അങ്ങ് ഇരുന്നു പോയി, തീവണ്ടി വളരെ വേഗത്തിൽ ബോംബെ എന്ന ലക്ഷ്യം വെച്ച് പായുകയാണ്.
അപ്പോൾ ഞാനോർത്തത് എനിക്ക് മലയാളത്തിനോടുള്ള തീരാത്ത പ്രേമത്തെ പറ്റിയാണ് , എത്ര മനോഹരമാണ് എന്റെ മാതൃ ഭാഷ – നാലക്ഷരം കൂട്ടിച്ചേർത്തു നാലാളിനോട്, നാവിൻ തുമ്പത്തു വരുന്നത്, നാണിക്കാതെ പറയാൻ പറ്റിയ ഭാഷ.
പ്രേമിക്കുന്നവരുടെ മനസ്സിലുള്ള ഒരു സ്ഥായിയായ ഭാവം ഇന്നെന്തായിരിക്കും സംഭവിക്കുക എന്നുള്ള ആകാംക്ഷ ആണ്. വെയിലും, മഴയും, കാറ്റും, ഇടിയും, മിന്നലുമെല്ലാം വിശേഷപെട്ടതാവുന്നു. ആരൊക്കെയോ നമ്മളെ നോക്കുന്നു, കാണുന്നു, നമ്മൾക്ക് വേണ്ടി കാത്തിരിക്കുന്നു എന്ന ബോധം മനസ്സിൽ കുളിരുള്ള സന്തോഷത്തിന്റെ അലയടികൾ ഉയർത്തുന്നു.
അവനവനെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങുന്നതാണ് മിക്കവരിലും ആദ്യം ഉണ്ടാവുന്ന മാറ്റം.കണ്ണാടിയുടെ മുന്നിൽ കൂടുതൽ നേരം, ഒരുങ്ങാനും സൗന്ദര്യം നോക്കാനും കൂടുതൽ നേരം, ഉടുപ്പുകളുടെ നിറങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങുന്നു, ആൺ കുട്ടികൾ സഹമുറിയന്മാരുടെ സാധനങ്ങൾ ഓസിതുടങ്ങുന്നു, അല്ലെങ്കിൽ അടിച്ചു മാറ്റി ഉപയോഗിച്ച് തുടങ്ങുന്നു.
വേഗത്തിൽ നടക്കുന്നവർ പെട്ടെന്ന് ഇടനാഴികളിലൂടെ പതുക്കെ പതുക്കെ നടക്കുന്നു. ചിലപ്പോൾ ഹൃദയം പന്തയ കുതിരകളെ പോലെ ഓടുന്നു. ചില സൗന്ദര്യ പിണക്കങ്ങൾക്ക് ശേഷം ഹൃദയം തകർന്നു തരിപ്പണമായി ചെമ്മീനിലെ പരീക്കുട്ടിയെ പോലെ കടാപ്പുറത്തു കറുത്തമ്മയെ ഓർത്തു പാടി പാടി നടക്കുന്നു.
വയലാറും, ദേവരാജൻ മാസ്റ്ററും, പി ഭാസ്കരൻ മാസ്റ്ററും, ശ്രീകുമാരൻ തമ്പി ചേട്ടനും,ബാബുക്കയും ചേർന്നൊരുക്കിയ മൃദുല വികാരങ്ങളെ തൊട്ടുണർത്തുന്നു അതിമനോഹര ഗാനങ്ങൾ പാഠ്യവിഷയങ്ങളെകാട്ടിലും വേഗത്തിൽ കാണാതെ പഠിക്കുന്നു.
പ്രണയവർണ്ണ മുഹൂർത്തങ്ങൾക്കു സ്ഥിരം താവളമാകാറുള്ള പ്രൈവറ്റ് ബസുകൾ, കരിക്കോട്ടുള്ള പ്രതിഭ ബേക്കറി, കോളേജ് ലൈബ്രറി, കാന്റീൻ, ലാബുകൾ, ലേഡീസ് വെയ്റ്റിംഗ് റൂമിന്റെ തിണ്ണ, ചില ഒഴിഞ്ഞ ക്ലാസ് മുറികൾ, എന്ന് വേണ്ട കായിക കലാ മത്സരങ്ങൾ ഒന്നും തന്നെ ആരുംവിട്ടിരുന്നില്ല . ചിലപ്പോൾ തോന്നും ഇതെല്ലം ഉണ്ടാക്കിയതേ കുട്ടികളെ പ്രേമിപ്പിക്കാനാണോ എന്ന് .
ഒരു കാര്യം നിശ്ചയമാണ്.
പ്രേമിക്കുന്നവർ ജാതകം നോക്കാറില്ല, ജാതിയും നോക്കാറില്ല, കുടുംബത്തുള്ളവരുടെ പണത്തിന്റെ നിക്ഷേപങ്ങളോ, സമയമോ, സമയദോഷമോ നോക്കാറില്ല. അതുകൊണ്ടു തന്നെ കോളേജ് വിടുമ്പോഴേക്കും പല പ്രേമത്തിന്റെയും തിരശീല വീണിരിക്കും. വീട്ടുകാർ അറിയുമ്പോഴേക്കും സംഗതി വശപിശകായി കുട്ടിച്ചോറായിരിക്കും.
1977-ൽ, TKM-ൽ പഠിക്കാൻ ചേർന്നപ്പോഴാണിതെല്ലാം കണ്ടറിയാൻ പറ്റിയത്.ജീവിതം പഠിക്കാൻ തുടങ്ങിയത് . അന്ന് തുടങ്ങിയ പ്രേമത്തിൽ നിന്നാണ് ഇന്നും ജീവിതം നിർവിഘ്നം പഠിച്ചുകൊണ്ടിരിക്കുന്നതും, കോളേജിലെ എന്റെ പ്രേമത്തിന്റെ കഥ പറയാൻ ഈ ഒരു തീവണ്ടിയാത്ര പോരാ; ജീവിതവും, പല ഭൂഖണ്ഡങ്ങളും, തീരാത്ത വഴിയോര കാഴ്ചകളും , നൂറു കണക്കിന് പ്ലാനും പദ്ധതിയും, യാത്രകളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന കഥകൾ താമസിയാതെ പറയുന്നതായിരിക്കും.
ജീവിത നാടകത്തിൽ നിറയെ താരങ്ങളാണ്. എല്ലാവരും ഓരോ നിമിഷവും ഓരോന്ന് പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
പ്രഗത്ഭരായ അദ്ധ്യാപകർ, അന്ന് കിട്ടിയ കൂട്ടുകാർ, അന്ന് തുടങ്ങിയ ചിന്തകൾ, പഠിച്ച പാഠങ്ങൾ, ചെയ്തു കൂട്ടിയ വിചിത്രമായ, അസാധാരണമായ പദ്ധതികൾ.
ഓരോന്നോർത്തോർത്തു നേരം സന്ധ്യയായി. TTE പറഞ്ഞ വഡോദര എത്തി പത്തു മിനിറ്റോളം വണ്ടി നിർത്തും, വീണ്ടും വിശപ്പ്, ചൂട് ചപ്പാത്തിയും പരിപ്പുകറിയും വാങ്ങാമെന്നു തീരുമാനിച്ച ഞങ്ങൾ റെയിൽവേ Canteen-ന്റെ അടുത്തേക്ക് പോയി. കഴിക്കാനുള്ള ആഹാരം വാങ്ങി തിരികെ വണ്ടിയിൽ കയറിയപ്പോൾ ഉച്ചക്കുള്ള പോലെ ആർത്തി അനുഭവപ്പെട്ടില്ല. സമാധാനത്തോടെ കയറി എന്ന് മാത്രമല്ല എല്ലാവരും കയറിയോ എന്ന് ബോധ്യപെട്ടിതിനെ ശേഷം മാത്രമേ ഭക്ഷണം കഴിക്കാനിരുന്നുള്ളൂ. ഇനി നേരം പുലരുന്നത് വരെ സമയമുണ്ട് ഓരോന്നോർത്തു കിടക്കാൻ.
ഭക്ഷണം കഴിഞ്ഞപ്പോൾ, ഉറങ്ങാനുള്ള പുറപ്പാടായി, കഴിഞ്ഞ കുറച്ചു ദിവസത്തെ ക്ഷീണമുണ്ട്, പോരാഞ്ഞിട്ട് അടുത്ത ദിവസം പുലർച്ചെ ബോംബെ എത്തും പിന്നെ ഓട്ടത്തോടെ ഓട്ടമായിരിക്കും.
ഞങ്ങളുടെ യാത്രയുടെ അവസാന ഘട്ടത്തിലേക്ക് കടക്കാറായി, അത് പോലെ തന്നെ ഞങ്ങളുടെ പഠനകാലവും അവസാനിക്കാറായി. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും പ്രേമങ്ങളുമെല്ലാം തീരാറായി, ഈ മനോഹര തീരത്തു നിന്ന് വിട പറഞ്ഞു പോകുമ്പോൾ ഞങ്ങൾ ഓരോരുത്തരും എവിടെ ആവും; വീണ്ടും എന്നാവും കാണുക എന്നൊക്കെയുള്ള ചിന്തകൾ എന്റെ മനസ്സിനെ അലോരസപ്പെടുത്താൻ തുടങ്ങി.
ഇങ്ങനെ ആലോചിച്ചു കിടന്നതു കൊണ്ടാവാം ഒന്ന് മയങ്ങിയതും ഞാൻ ഒരു സുന്ദര സദസ്സിന്റെ മുന്നിൽ ഒരു വലിയ അരങ്ങിൽ ഇരിക്കുന്നതായി സ്വപ്നം കണ്ടു. എന്റെ കൂടെ സ്കൂളിൽ പഠിച്ച അനീറ്റ, ലേഖ, സുമം ഇവരൊക്കെ അപ്പുറവും ഇപ്പുറവും ഇരിക്കുന്നു, എന്റെ നേരെ മുന്നിലായി ഞങ്ങളുടെ എത്രയും പ്രിയപ്പെട്ട Berny ടീച്ചർ അതിന്റെ തൊട്ടപ്പുറത്തായി ഞങ്ങളുടെ സ്കൂളിലെ പ്രധാന അധ്യാപികയായ Sr. Mary Evangelist., സിസ്റ്ററിന്റെ അപ്പുറത്തായി Albin Sir, Lebba Sir, Nizar Sir, Mrinalini Teacher, John Cherian Sir, അങ്ങനെ പല സാറന്മാരും എഞ്ചിനീയറിംഗ് കോളേജിലെ കൂട്ടുകാരും ഉണ്ട്. എന്റെ ബാച്ചിലെ കൂട്ടുകാരുടെ പേരെടുത്തു പറഞ്ഞാൽ തീരില്ല, കാരണം ചോദ്യങ്ങൾ ചോദിയ്ക്കാൻ സാധ്യത ഉണ്ടെന്നു മനസ്സിലാക്കിയതും അവരങ്ങനെ ഒരിടത്തിരിക്കാതെ വന്നും പോയും ഇരിക്കുന്നു. വളരെ മുതിർന്ന ക്ളാസ്സിലെ K. M. Abraham, C. D. Chandran, Latheef, Roy T James. തുടങ്ങിയവരെ കണ്ടു പിന്നെ ആദ്യ Kerala University സെമസ്റ്റർ ബാച്ചിലുള്ളവർ മിക്കവാറും എല്ലാവരും ഉണ്ടായിരുന്നു അതൊരു പട തന്നെയാണ്, അയലത്തെ വീട്ടിലെ ഉമ്മയുണ്ട്, കോതേത്തു അമ്പലത്തിന്റെ അടുത്തുള്ള സുധ ചേച്ചി ഉണ്ട്.
മുഖത്തിനു മാറ്റമൊന്നുമില്ലെങ്കിലും ശരീരത്തിന് പ്രായം തോന്നിക്കുന്നു. അതെ ഞങ്ങൾ കൂട്ടുകാരെല്ലാം 6 ദശാബ്ദങ്ങളിലേറെ ഈ ഭൂമിയിൽ ജീവിതം അനുഭവിച്ചിരിക്കുന്നു.
എന്റെ പിരുപിരിപ്പ് കണ്ടിട്ടാവും Sr. Evangelist എന്നോട് ചോദിച്ചു ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല അല്ലെ? എന്തെങ്കിലും ഒക്കെ ചെയ്യാനുള്ള തീഷ്ണമായ ആഗ്രഹം ഇന്നും കുറഞ്ഞിട്ടില്ല അല്ലെ ? അപ്പോൾ ഞാൻ ചാടി ഓടി സിസ്റ്ററിന്റെ അടുത്ത് ചെന്നിട്ടു ചോദിച്ചു എന്തിനാണെന്നേ തനിയെ ആക്കിയിട്ടു പോയത്, എന്തെല്ലാം ചോദിക്കാനുണ്ടായിരുന്നു , എന്ത് ചെയ്താലാണ് മാറ്റങ്ങൾ ഉണ്ടാക്കാൻ പറ്റുക, സിസ്റ്റർ എന്റെ കൈ പിടിച്ചു ചേർത്ത് നിർത്തിയിട്ടു പറഞ്ഞു നീ പഴയതു പോലെ ജീവിച്ചാൽ മതി, നിന്നെ പോലെ തന്നെ പലരും ഇക്കൂട്ടത്തിലുണ്ട് അവരൊക്കെ അവരാൽ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്. എല്ലാം ശരിയാവും ഒരു നാൾ എല്ലാം ശരിയാവും.
ആത്മഗതമെന്നോണം ഞാൻ എന്നെപറ്റി ഓർക്കാൻ തുടങ്ങി, എന്റെ ചിന്തകൾ മാറാതെ, മറിയാതെ ഇന്നും ദൃഢമായി ഉറച്ചു നിൽക്കാനുള്ള കാരണം എന്താണെന്നോർത്തു, പൊടുന്നനെ ഉത്തരവും കിട്ടി ഞാൻ ജനിച്ചു വളർന്ന എന്റെ സാഹചര്യമാണ്.
സ്വതന്ത്രമായി ചിന്തിക്കാനും, ചിന്തിക്കുന്ന പരമാര്ഥങ്ങൾ ഭയമില്ലാതെ പറയാനും, പറയുന്ന കാര്യങ്ങളുടെ ഭവിഷ്യത്തു സധൈര്യം നേരിടാനുള്ള ചങ്കുറപ്പു പകർത്തി തന്ന എന്റെ മാതാപിതാക്കളെ നമിച്ചു.
ജനിച്ചപ്പോൾ മുതൽ ചൊല്ലിപ്പടിച്ചതും കണ്ടു പഠിച്ചതും ഇന്നും മനസ്സിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്നു. ഇന്നെന്റെ ചുറ്റും നടക്കുന്ന ഓരോന്നും കാണുമ്പോൾ ഞാൻ അറിയാതെ ചോദിച്ചു പോകുന്നു എന്താണിങ്ങനെ, പിന്നെ ഞാനെന്താണിങ്ങനെ.
അപ്പോൾ സിസ്റ്റർ എന്നോട് പറഞ്ഞു നീ ചോദിക്കുന്നതിന്റെ ഉത്തരം ഒന്ന് മാത്രം
ആഖ്യാനം
അതാണ് ഉത്തരം
നമ്മുടെ സമൂഹത്തിലെ ആഖ്യാനങ്ങൾ മാറണം.
ഇന്നത്തെ സമൂഹം പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രം, നിങ്ങൾ ഈ ജാതിയിൽ ഉള്ളവരാണെങ്കിൽ നിങ്ങൾ മറ്റുള്ള ജാതിക്കാരെക്കാൾ വിശേഷാധികാരമുള്ളവർ ആണെന്നാണ്, പ്രത്യേക അവകാശമുള്ളവർ. ഈ ആഖ്യാനം മാറണം, മാറിയേ പറ്റൂ, അതുള്ളിടത്തോളം കാലം മനുഷ്യൻ തമ്മിൽ തല്ലിയും കൊന്നും എല്ലാം നശിപ്പിക്കും എല്ലാവരുടെയും സമാധാനം കെടുത്തും.
ഈ ലോകത്തുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഇടയിൽ, പ്രാരാബ്ദങ്ങൾക്കിടയിൽ നിങ്ങൾക്കോരോരുത്തർക്കും ആവശ്യത്തിൽ കൂടുതൽ അവസരങ്ങളുണ്ട് ന്യായമായതു ചെയ്യാനും, അന്യായങ്ങൾക്കു നേരെ കൈ ചൂണ്ടാനും, കൈ കോർത്ത് മാറ്റങ്ങൾക്കു വേണ്ടി നിലകൊള്ളാനും, പ്രവർത്തിക്കാനും. അതിനു പ്രായം ഒരു തടസ്സമല്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ, ഓരോരുത്തർക്കും എന്താണോ പറ്റുന്നത് അത് ചെയ്യാൻ ധൈര്യപൂർവ്വം മുന്നോട്ടു വരുമ്പോഴാണ് നമ്മുടെ ധാർമ്മികത പൂർണതയിൽ എത്തുന്നത്.
ഞാനോർത്തു ശരിയാണ്, എന്റെ വീട്ടിലും, ചുറ്റുവട്ടത്തും ഞാൻ കണ്ടുവളർന്നതു മനുഷ്യരെ ആണ്; പച്ചയായ മനുഷ്യരെ .
അയൽവക്കത്തുള്ളവർ ചേച്ചിയും, ചേട്ടനും, അണ്ണനും, അക്കയും , അല്ലെങ്കിൽ നല്ല നല്ല കുറെ വിളിപ്പേരുകൾ മാത്രം ആയിരുന്നു , അവരോടു ആകെയുള്ളത് സ്നേഹം, അനുകമ്പ, ദയ
കുറുമ്പും കുരുത്തക്കേടും കാട്ടുന്നവർക്കു പേര് ചട്ടമ്പി, വഴക്കും, തല്ലുമായി നടന്നാൽ ചട്ടമ്പി അല്ലെങ്കിൽ തോന്നിവാസി .
അല്ലാതെ അവനൊരു ക്രിസ്ത്യാനി ചട്ടമ്പി, മുസ്ലിം ചട്ടമ്പി , ഹിന്ദു ചട്ടമ്പി എന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ടു എന്റെ പദാവലിയിൽ ജാതിയുടെ പരാമർശം ഉണ്ടായിരുന്നില്ല.
ഇന്നും ഇല്ല
പിന്നെ അവൻ പണമുള്ള ചട്ടമ്പി, അല്ലെങ്കിൽ ഗതിയില്ലാത്ത ചട്ടമ്പി എന്നും കേട്ടിരുന്നില്ല അങ്ങനെ ഒരാളുടെ പണത്തിന്റെ വലുപ്പം അനുസരിച്ചുള്ള വേർതിരിവും ഉണ്ടായിരുന്നില്ല.
അപ്പോൾ സിസ്റ്റർ ഞങ്ങളെ ഒരു കാര്യം ഓർമിപ്പിച്ചു, ജാതിയുടെയും മതത്തിന്റെയും പേരിൽ, രേഖകളുടെ പേരിൽ ആൾക്കാരെ വേർതിരിച്ചു തടങ്കലിൽ അടച്ചാൽ, നാളെ അധികം താമസിയാതെ ജയിലുകളും, ദുര്ഗ്ഗുണപരിഹാര പാഠശാലകളും നിറഞ്ഞു കവിയും, നാടിനു താങ്ങാൻ വയ്യാത്ത ഒരു വലിയ അസന്തുലിത സമൂഹം ഇവിടെ ഉയർന്നു വരും.
കാലാകാലങ്ങളായി പല നാടുകളിലും കണ്ടറിഞ്ഞ അനുഭവത്തിന്റെ വെളിച്ചത്തിൽ ആണിത് പറയുന്നത്.
ആഫ്രിക്കയിലെ മനുഷ്യരെ പിടിച്ചു ചങ്ങലക്കിട്ടു അമേരിക്കയിൽ കൊണ്ടുവന്നു അടിമകളാക്കി, അടിമത്വം മാറി എന്ന് വിളംബരം ചെയ്തെങ്കിലും ഇന്നും ഒന്നും മാറാതെ പച്ചയായ മനുഷ്യനോടുള്ള അധികാര വർഗ്ഗത്തിന്റെ ചൂഷണം തുടർന്ന് കൊണ്ടേ ഇരിക്കുന്നു. ഏതു കലാരൂപമെടുത്താലും ഇത്രയേറെ കഴിവുള്ളവർ ഈ ഭൂമുഖത്തുണ്ടെന്നു തോന്നുന്നില്ല പാട്ടു, നൃത്തം, കായികം, എന്ന് വേണ്ട ഏതെടുത്താലും അഗ്രഗണ്യർ, പക്ഷെ അവർ ഇന്നും അനുഭവിക്കുന്ന വിവേചനം പറഞ്ഞാൽ തീരില്ല കണ്ടറിയണം കൊണ്ടറിയണം.
ഇത് മാറിയേ മതിയാവൂ; തൊലിയുടെ നിറത്തിനും, ജാതിയുടെ പേരിലുള്ള വാലിനുമല്ല പ്രസക്തി, ആ ആഖ്യാനങ്ങൾ മാറിയേ മതിയാവൂ. അതിനു നിങ്ങൾ ഒത്തു ചേർന്നേ മതിയാവൂ.
അനുരഞ്ജനം കൊണ്ടുവരണം.
സുഖപ്രദമായ, സൗകര്യപ്രദമായ കാര്യങ്ങൾ ചെയ്യാനാണ് ഏതൊരു മനുഷ്യനും താല്പര്യം അപ്പോൾ ഒരിക്കലും മാറ്റങ്ങൾ ഉണ്ടാവില്ല , മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ ഹൃദയം തകർന്നവുരുടെ ശക്തി ഒത്തു ചേരണം, രാജ്യങ്ങൾ എന്നും കെട്ടിപ്പടുത്തിയിട്ടുള്ളത് ഹൃദയം തകർന്നവർ ഒത്തുകൂടിയപ്പോഴാണ് . പല പല അനീതികൾക്കും എതിരെ പൊരുതിയവർ തളരാതെ ഒത്തു ചേർന്നപ്പോൾ. പ്രത്യാശയുള്ളവരായിരിക്കാൻ പ്രതീക്ഷയുള്ളവരായിരിക്കാൻ നെഞ്ചുറപ്പ് വേണം, അല്ലാതെ പണക്കാരനോ വലിയ പ്രതാപമുള്ളവനോ അധികാരത്തിൽ ഇരിക്കുന്നവനോ ഒരു രാജ്യത്തെയും രക്ഷപ്പെടുത്തിയ ചരിത്രമില്ല.
മനസ്സ് തകർന്നവരുടെ ഉൾകരുത്താണെന്നും വിപ്ലവം സൃഷ്ടിച്ചിട്ടുള്ളത് അവരുടെ മനസ്സിന്റെ ആർജ്ജവവും, ഊർജ്ജവും ആണ് ലോക ചരിത്രം സൃഷ്ടിച്ചിട്ടുള്ളതും, തിരുത്തി എഴുതിയിട്ടുള്ളതും.
കര്ക്കശമായ, നിര്ദ്ദയമായ നിയമങ്ങൾ കൊണ്ടുവന്നു മനുഷ്യരെ നിരാലംബരാക്കുന്ന രീതി മാറിയേ മതിയാവൂ.
കുറച്ചു നാളായി നമ്മൾ കേൾക്കുന്ന വിവേചനം ആണ്, ആ ജാതിക്കാർ, ആ നാട്ടുകാർ അവർ ഇങ്ങനെയാണ് അങ്ങനെ ആണ്. ആ ജാതിക്കാർ മോശക്കാരാണ് അവർ തീവ്രവാദികളും, ഭീകരരും, കള്ളന്മാരും കൊലപാതകികളും ആണ് ഇതാണ് നമ്മൾ പരസ്പരം പറഞ്ഞു പഠിക്കുന്ന ആഖ്യാനം
സത്യത്തിൽ നമ്മുടെ ചുറ്റുമൊന്നു നോക്കിയാൽ നമ്മുടെ നാട്ടിലുള്ള ജയിലുകളിൽ ഒന്ന് ചെന്ന് നോക്കിയാൽ, കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ പേരുവിവരങ്ങൾ ശേഖരിച്ചാൽ അവരൊക്കെ ആരാണ്? എത്ര അയൽ സംസ്ഥാനക്കാരെയോ രാജ്യക്കാരെയോയാണ് കാണാൻ കഴിയുക. അപ്പോൾ ആഖ്യാനങ്ങൾ മാറ്റി എഴുതണ്ട സമയം അതിക്രമിച്ചില്ലേ?
സ്വയം തെറ്റുകൾ ചെയ്തിട്ട് മറ്റുള്ളവരുടെ തലയിൽ ചുമത്തുന്ന ആഖ്യാനം മാറ്റേണ്ട കാലം അതിക്രമിച്ചില്ലേ?
സ്വർണ ഗോപുരങ്ങളിലെ കണ്ണാടി കൂട്ടിലിരുന്നു മറ്റുള്ളവരുടെ ഭാവി നിർണ്ണയിക്കുന്ന വർഗ്ഗീയ മനോഭാവമുള്ള യോഗ്യന്മാരെ, നിങ്ങളുടെ ജീവിതം പഴയ സോഡാകുപ്പിയിലെ ഗോലി പോലെ കട്ടിയുള്ള കുപ്പിക്കുള്ളിലെ ഇടുങ്ങിയ കഴുത്തിനുള്ളിൽ കിടന്നുരുളുകയേ ഉള്ളൂ പുറത്തിറങ്ങാൻ മേലാതെ.
പെട്ടെന്ന് ഒരുമിച്ചു കളിച്ചു വളർന്ന കുറച്ചു പേര് കയറി വന്നു; ഇല്ല, അതൊന്നും നടപ്പില്ല നമ്മുടെ രാജ്യം നമുക്ക് മാത്രം. അപ്പോൾ എനിക്കൊന്നു മനസ്സിലായി, ഇനിയിപ്പോൾ പ്രശ്നങ്ങളിൽ നിന്നോടി അകലാൻ പറ്റില്ല മറിച് പ്രശ്ങ്ങളെ നേരിട്ടേ പറ്റൂ. പ്രശ്നക്കാരുമായി തുറന്ന ചർച്ചകൾ നടത്തിയാലേ പലതിൽ നിന്നും വിമോചനം കിട്ടൂ,
പല കാര്യങ്ങളും നേടി എടുക്കാൻ അസ്വസ്ഥമായ, സുഖകരമല്ലാത്ത, ബുദ്ധിമുട്ടുള്ള പലതും ചെയ്യണ്ടി വരും, ദണ്ഡനവും പീഡനവും ഒക്കെ സഹിക്കേണ്ടി വരും അതെല്ലാം നീതി നടപ്പാക്കുന്നതിനുള്ള അംഗീകാരമായി കാണാനേ പറ്റൂ .
ജാതി, വർഗ്ഗം, സമൂഹം, ഗോത്രം ഇത്യാദിയെ പറ്റിയുള്ള ആഖ്യാനം മാറ്റിയെ പറ്റൂ. നമ്മൾ ഉണ്ടാക്കിയ നിയമാവലിയാണ്, അത് മാറ്റിയാൽ മാത്രമേ പുരോഗമനമുണ്ടാവൂ. തകർന്ന മനുഷ്യരെ സൃഷ്ടിക്കാൻ ഉതകുന്ന നമ്മുടെ നിയമാവലികളുടെ ആഖ്യാനങ്ങൾ മാറ്റി എഴുതണം.
തകർന്ന മനസ്സെന്താണെന്നെനിക്കറിയാം ഞാൻ അനുഭവിച്ചിട്ടുണ്ട് പലപ്പോഴും പല സാഹചര്യത്തിലും, നിസ്സഹായാവസ്ഥയിലൂടെ കടന്നു പോയവർക്ക് മാത്രമേ , അനീതിയുടെയോ അധർമ്മത്തിന്റേയോ വ്യാപ്തി മനസ്സിലാവൂ, കരുണയുടെ ശക്തി മനസ്സിലാവൂ, ഒന്നും ചെയ്യാൻ പറ്റാതെ നിരാലംബരായവർക്കു മാത്രമേ എവിടെ നിന്നോ നീളുന്ന ഒരു കൈയുടെ അല്ലെങ്കിൽ ചാരാൻ പാകത്തിന് ചേർത്ത് പിടിക്കുന്ന തോളിന്റെ സാന്ത്വനം മനസ്സിലാവൂ, അനുകമ്പയും, ആർദ്രതയും എന്താണെന്നു മനസ്സിലാവൂ
ഇവർക്ക് മാത്രമേ സത്യവും, നീതിയും നടപ്പാക്കേണ്ട ഇടത്തേക്ക് നമ്മെ നയിക്കാൻ പറ്റൂ..
പെട്ടെന്ന്ചാ യ ചായ എന്ന വിളികേട്ടു ഞാൻ എന്റെ സ്വപ്നത്തിൽ നിന്നുണർന്നു പുറത്തു നിന്നുള്ള തണുത്ത കാറ്റ് എന്റെ കവിളിലൂടെ തഴുകി അടുത്തുള്ളവരുടെ അടുത്തേക്ക് നീങ്ങി. പുറത്തു ജനാലയുടെ അപ്പുറത്തുള്ള ചായക്കാരനോട് ചോദിച്ചു ബോംബെ ? അദ്ദേഹം പറഞ്ഞു ആധേ ഖണ്ടെ
നല്ലൊരു സ്വപ്നം കണ്ട പുത്തനുണർവോടെ ഞാൻ എഴുന്നേറ്റിരുന്നു, ബോംബയിൽ, എന്നെ പറഞ്ഞു കൊതിപ്പിച്ച കഞ്ഞിയും പയറുമോർത്തു
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment