ബസ് വിടാൻ തയ്യാറായപ്പോൾ ചീട്ടു കളിക്കുമ്പോൾ Shuffle ചെയ്യുന്നപോലെ പലരും ഒന്ന് കൂടി മാറി ഇരുന്നു, ഇത്തവണ അധികം സംസാരിക്കാത്ത ടോം തോമസും മറ്റു രണ്ടു പേരും കൂടി വന്ന് വളരെ ഗൗരവത്തിൽ എന്നോട് ചോദിച്ചു എന്നാണ് uncle നാട്ടിൽ വരുന്നത്, പുള്ളിക്കാരൻ വരുമ്പോൾ ഞങ്ങൾക്കൊന്ന് കാണാൻ പറ്റുമോ ? കുറച്ചു സംശയം ചോദിക്കാനാ, അപ്പോഴേക്കും കുറച്ചു മുന്നിലായി ഇരുന്ന വേണു ഉറക്കെ വിളിച്ചു പറഞ്ഞു;
എടാ ആ വെള്ളം വാങ്ങി വെച്ചേരു പുള്ളികാരനെ ഞങ്ങൾ ബീനയുടെ വീട്ടിൽ വെച്ച്നേരത്തെ കണ്ടിട്ടുണ്ട്, പുള്ളി മദ്യപാനിയല്ല. നിങ്ങളുടെ മിലിറ്ററി പൂതി ഒന്നും നടക്കില്ല.
ഉടനെ തന്നെ ജോമി പറഞ്ഞു “വേണു, തനിക്കല്ലേലും ഞങ്ങളെ പറ്റി തെറ്റിദ്ധാരണകളെ ഉള്ളൂ, ഞങ്ങളുടെ സംശയം ആ കല്ലുരുട്ടി താഴോട്ടിടുന്നതിനെ പറ്റിയാ, നീ ശ്രദ്ധിച്ചായിരുന്നോ അത് പറഞ്ഞപ്പോൾ പുള്ളിക്കാരന്റെ മുഖത്തെ ഒരു കള്ള ചിരി..
അപ്പോൾ വേണു വീണ്ടും പറഞ്ഞു, “രാജ്യത്തിൻറെ പ്രധിരോധ മുറകളെപറ്റി ഏതെങ്കിലും പട്ടാളക്കാരൻ പറഞ്ഞു തരുമോ? കെട്ടിടം പണിയുന്നത് പിന്നെ നമ്മുടെ അയൽ രാജ്യക്കാരും ഇങ്ങനെ തന്നെയാവും പണിയുക അതുകൊണ്ടു പറഞ്ഞു തന്നു; എന്ന് മാത്രം;
അല്ലേ?
ശരിയാ ! എന്ന് ഞാനും പറഞ്ഞു.
അത് പോട്ടെ, ജോമി വീണ്ടും ചോദിച്ചു ബീന, എന്തൊക്കെയാണ് പുള്ളിക്കാരൻ പറഞ്ഞിട്ടുള്ള മറ്റു വിശേഷങ്ങൾ?
ഇനി Udhampur- ൽ വണ്ടി നിർത്താൻ ഏതാണ്ട് 2 മണിക്കൂർ ഉണ്ട്; കാഴ്ചകൾ കാണുന്നതിന്റെ ഇടയ്ക്കു കുറച്ചു വിശേഷങ്ങൾ പറയാമെന്നായി ഞാനും, കഴിഞ്ഞ തവണ വന്നപ്പോൾ പുള്ളിക്കാരൻ എന്നോട് പറഞ്ഞിരുന്നു, എത്ര മാത്രം സത്യസന്ധരാണ് ഇവിടത്തെ ആളുകൾ എന്ന്. മലമുകളിലെ വനങ്ങളിൽ നിന്ന്, റെയിൽവേ സ്ലീപ്പറിനും മറ്റും ഉപയോഗിക്കാനായി വെട്ടുന്ന തടി അറുത്തു അതാതു കമ്പനിക്കാരന്റെ സീൽ വെച്ചിട്ടു, നദിയിലൂടെ ഒഴുക്കി വിടുകയാണ് പതിവ്, ആരും എങ്ങും അത് തടയുന്നില്ല ,എടുക്കുന്നുമില്ല അവസാനം ജമ്മുവിൽ എത്തുമ്പോൾ അതിന്റെ ഉടമസ്ഥർ തന്നെ കരക്കടിപ്പിച്ചെടുക്കുന്നു. ഇതിനു ഇവിടെ പറയുന്നത് Free Transportation എന്നാണ് . അപ്പോൾ ഞങ്ങൾ നിസാർ Sir-നെ ഓർത്തു – തിരികെ ചെല്ലുമ്പോൾ സാറിന്റെ transportation പരമ്പരയിൽ ഇത് കൂടി ചേർക്കാൻ പറയണം.
നമ്മൾ കേരളത്തിൽ കണ്ടു ശീലിക്കാത്ത പല കാര്യങ്ങൾ ഉണ്ടിവിടെ. ഇന്ത്യക്കാരുടെ ദേശീയ കളിയായ ക്രിക്കറ്റിന്റെ ബാറ്റ് ഉണ്ടാക്കുന്ന Willow മരങ്ങൾ ധാരാളമുള്ള സ്ഥലമാണ് കാശ്മീർ, പല നിറത്തിലും, തരത്തിലും ഭാവത്തിലുമുള്ള പഴങ്ങൾ യഥേഷ്ടം വളരുന്ന നാട്. റോഡരുകിൽ ആപ്പിൾ തോട്ടങ്ങൾ കാണാവുന്നതാണ്; ചില ഇടങ്ങളിൽ നമ്മൾക്ക് വണ്ടി നിർത്തി പറിച്ചെടുക്കാം.
കുറ്റാലത്തു പോയപ്പോഴാണ്, വഴിയരുകിൽ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ഒട്ടു മാവിൻ തോട്ടവും അതിൽ വിളഞ്ഞു കിടക്കുന്ന മാങ്ങയും. കണ്ടത്
ഒരിക്കൽ, ഒരിക്കൽ മാത്രം വണ്ടി സൈഡിൽ നിർത്തി, എങ്ങും ഒറ്റ മനുഷ്യരില്ല; ഞങ്ങൾ കുട്ടികൾ തോട്ടത്തിൽ കയറി, മാങ്ങ പറിക്കാൻ, ഒന്ന് രണ്ടെണ്ണം പറിച്ചു. കൈ എത്തുന്ന ഉയരത്തിൽ ഇങ്ങനെ ഞെടുപ്പിൽ തൂങ്ങി കിടക്കുന്ന മാങ്ങകൾ. പെട്ടെന്ന് എന്തോ ഒന്ന് പൊത്തോന്ന് വീഴുന്ന ശബ്ദം കേട്ടു. തേങ്ങാ അടത്തുമ്പോൾ കുല വീഴുന്ന പോലെ, ഇവിടെ എവിടെയാ തെങ് എന്ന് ഓർക്കുന്നതിനു മുന്നേ, മിന്നായം പോലെ നീണ്ട വടിയുമായി കോണകം ഉടുത്ത രണ്ടുമൂന്നു കരുമാടികുട്ടന്മാർ.
ദ്രവിഡ ഭാഷയിലുള്ള വിളി കേട്ടപ്പോളാണ് ബോദ്ധ്യമായത്, സംഗതി പിശകായെന്നു, പിന്നെ ഞങ്ങൾ ശരം വിട്ടപോലെ ഓടി തുറന്ന കതകിലൂടെ കാറിന്റെ അകത്തു കയറി, കതകു അടയ്ക്കുന്നതിന് മുന്നേ വണ്ടി പാഞ്ഞു
പിന്നൊരിക്കൽ പോലും ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നിട്ടില്ല. എന്നാൽ ഇവിടെ നമ്മൾക്ക് ആപ്പിൾ പറിക്കാം ആരും ഒന്നും പറയില്ല; 1 രൂപയ്ക്കു ഒരു കുട്ട ആപ്പിൾ വാങ്ങുകയും ചെയ്യാം.
നോക്കെത്താ ദൂരത്തോളം പൂത്തു നിൽക്കുന്ന ട്യൂലിപ്സ്, Dahlia പൂക്കൾ , Saffron എന്ന്മാ ത്രമല്ല, ഏതു കാട്ടുചെടിയും പൂത്തുലഞ്ഞു നിൽക്കുന്ന അതി മനോഹരമായ ഉദ്യാനമാണ് കാശ്മീർ. പോരാഞ്ഞിട്ട് എവിടെ നോക്കിയാലും ശുദ്ധജല അരുവികൾ. ഇനിയെങ്കിലും നമ്മൾക്കിവിടെ സമാധാനമായി പോകാനും ആസ്വദിക്കാനുമുള്ള അവസരം ഉണ്ടാവട്ടെ.
കണ്ണുംപൂട്ടി വാങ്ങാവുന്ന ഒന്നാണ് ഇവിടത്തെ Saffron, ബിരിയാണിക്കും പലഹാരങ്ങൾക്കുമൊക്കെ ചേർക്കുന്ന, ലോകത്തെ ഏറ്റവും മുന്തിയ Saffron.
അടുത്ത പട്ടണം Udhampur ആണ്, ഇന്ത്യയുടെ ഒരു ആർമി base ആണിവിടം, ഉധംപുരിൽ നിന്ന് കുറച്ചു മാറി ഒരു വൈഷ്ണോ ദേവി മാതാ അമ്പലം ഉണ്ട്. പേരുകേട്ട ഒരു തീർത്ഥാടന കേന്ദ്രമാണ്.
ഇനി പറയാൻ പോകുന്നത്, കേട്ടുകേഴ്വിയാണ്, ഇവിടത്തെ ആൾക്കാർ വിശ്വസിക്കുന്ന, കാലാകാലങ്ങളോളം ആവർത്തിച്ചുപറയുന്ന ഒരു വസ്തുത: ദേവീ ദർശനം നടത്താൻ മലമുകളിലേക്ക് താഴ്വാരത്തു നിന്ന് , നടന്നു വേണം പോകാൻ, ഇന്ദിരാഗാന്ധി, പ്രധാനമന്ത്രിയായിരിക്കെ ഇലക്ഷന് മുന്നായി, ഈ വിശ്വാസങ്ങളെ പറ്റി അറിഞ്ഞിട്ടോ അറിയാതെയോ, അമ്പലത്തിന്റെ വളരെ അടുത്ത് ഹെലികോപ്റ്ററിൽ പറന്നിറങ്ങി, മല നടന്നു കയറാതെ ദർശനം നടത്തി തിരികെ പോയി,കണ്ടക ശനി സമയം, ഇങ്ങനെയേ സംഭവിക്കൂ, ഇതാണപ്പൊ മുതിർന്നവർ പറഞ്ഞത്, സമയദോഷം. തോറ്റു, നന്നായി തോറ്റു.
പണ്ഡിതന്മാർ പറഞ്ഞതനുസരിച്ചു അവർ വീണ്ടും വന്നു, പ്രായശ്ചിത്തമെന്നോണം മലചവുട്ടി, ദേവിയെ ദര്ശിച്ചു മടങ്ങി, ജയിച്ചു പഴയതിനേക്കാൾ പ്രൗഢിയിൽ വീണ്ടും ജയിച്ചു, പ്രധാന മന്ത്രി ആയി.
പ്രത്യാശയും വിശ്വാസവും നമ്മളെ ഓരോരുത്തരെയും നയിക്കുന്നു, നമ്മൾ പരമമായ ശക്തിയും സത്യവുമായ ദൈവത്തിൽ വിശ്വസിക്കുന്നു, ചിലർ ഒന്നിലും വിശ്വസിക്കില്ല എന്ന് വിശ്വസിക്കുന്നു. എന്തായാലും എല്ലാവരും എന്തെങ്കിലുമൊക്കെ വിശ്വസിക്കുന്നു. എല്ലാവരുടെയും വിശ്വാസം അവരവരെ രക്ഷിക്കട്ടെ.
പറ്റിയാൽ ജമ്മുവിൽ എത്തുമ്പോൾ രൺബീർ സിംഗ്പുര, അല്ലെങ്കിൽ R. S.Pura എന്ന സ്ഥലം കാണണം എന്ന് Rayichan പറഞ്ഞിരുന്നു. കണ്ണെത്താ ദൂരത്തോളം പാടങ്ങളും, കൃഷിയിടങ്ങളും, ലോകത്തെ ഏറ്റവും നല്ല ഇനം ബസ്മതി അരിയും, രാജ്മയും കൃഷി ചെയ്യുന്ന സ്ഥലം, ഓരോരോ വളവുകൾ താണ്ടി വണ്ടി അങ്ങനെ മെല്ലെ മെല്ലെ താഴോട്ടിറങ്ങിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ ഡ്രൈവർ Airhorn-ൽ ഒന്ന് ഞെക്കും, അതൊരു വല്ലാത്ത ശീല്കാര ശബ്ദം തന്നെ ആണേ,
പെട്ടെന്നു വണ്ടി പടാന്നു നിന്നു. എല്ലാവരും ഒന്ന് മുന്നോട്ടു ആഞ്ഞെങ്കിലും ആരുടേയും നെറ്റി മുന്നത്തെ സീറ്റിന്റെ കമ്പിയിലോന്നും ഇടിച്ചില്ല, എന്നാലും ഒന്നു ഞെട്ടി. School Assembly –ക്ക് അറ്റെൻഷൻ ആയി നിൽക്കുന്ന പോലെ ഞങ്ങൾ എഴുന്നേറ്റു നിന്നു മുന്നോട്ടും സൈഡിലൊട്ടും ഒക്കെ നോക്കി; ഒരു ചെമ്മരിയാട്ടിൻ കുട്ടി…. കുറ്റിയും പറിച്ചു റോഡിനു കുറുകെ ഓടിയതാണ്. ഭാഗ്യം ബസ് വെട്ടിക്കാതെ തന്നെ brake പിടിച്ചത് കൊണ്ട് ആട്ടിൻകുട്ടിയെ രക്ഷിക്കാൻ പറ്റി; പക്ഷെ അതിന്റെ പുറകെ ഓടിയ ഇടയച്ചെക്കനെ ഡ്രൈവർ നല്ലോണം ചീത്ത വിളിച്ചു..അവന്റെ കമ്പിളികൊണ്ടു തുന്നിയ kaftan പോലത്തെ ഉടുപ്പും വളഞ്ഞ പിടിയുള്ള കമ്പും, തുടുത്ത കവിളിലെ ചുവന്ന നിറവും, കണ്ണിലെ നിഷ്കളങ്കതയും, അങ്കലാപ്പോടെ ഉള്ള നോട്ടവും കണ്ടു ഞങ്ങളുടെ എല്ലാം കരൾ അലിഞ്ഞു, ഞങ്ങൾ അവനെ നോക്കി രണ്ടു കൈയും വീശി യാത്ര പറഞ്ഞു.
വണ്ടി വളവു തിരിഞ്ഞതും അവന്റെ ചുണ്ടിലെ പുഞ്ചിരി ഞങ്ങൾ കണ്ടു, അപ്പോഴേക്കും അവൻ ആ ആട്ടിൻകുട്ടിയെ എടുത്തു മാറോടു ചേർത്ത് പിടിച്ചിരുന്നു.
ഈ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണോ വര്ഷങ്ങളായി രണ്ടു അയൽ രാജ്യങ്ങൾ തകർക്കുന്നത്. ആരൊക്കെയോ അവരുടെ സ്വാർത്ഥ താല്പര്യത്തിനു തുടങ്ങിയത് എത്രയും പെട്ടെന്ന് അവസാനിക്കട്ടെ.
Udhampur വിട്ടതും ബസിന്റെ രണ്ടു വശത്തും ഞങ്ങൾ മാറി മാറി ഇരുന്നു, ഇനി കുറച്ചു നേരത്തിനകം ജമ്മുവിൽ എത്തും, അതിനു മുന്നായി കണ്ണിലൂടെ, കരളിലേക്കു, കാശ്മീരിന്റെ മലകളുടെയും, താഴ്വാരങ്ങളുടെയും, മനം മയക്കുന്ന മാസ്മരികത ഒപ്പിയെടുക്കാൻ, ആർക്കും ഒരു കാഴ്ചയും നഷ്ടപെടരുതെന്നു ഞങ്ങൾക്കെല്ലാവര്കും വലിയ നിർബന്ധമായിരുന്നു.
Patnitop-ൽ വെച്ച് ഞങ്ങളോട് യാത്ര പറഞ്ഞപ്പോൾ Rayichayan എല്ലാവരോടുമായി പറഞ്ഞു നിങ്ങൾ പോകുന്നത് അമ്പലങ്ങളുടെ നഗരത്തിലേക്കാണ്. ജമ്മു എത്തുമ്പോൾ സ്ഥലം ഏതാണെന്നു ചോദിക്കണ്ട വരില്ല; കാരണം എങ്ങോട്ടു തിരിഞ്ഞാലും ഏതു മുക്കിലോട്ടു നോക്കിയാലും അവിടെ എല്ലാം അമ്പലങ്ങളുണ്ടാവും.
ജമ്മു അമ്പലങ്ങളുടെ നാടാണ്.
City of Temples.
ജമ്മുവിലെത്തിയപ്പോഴേക്കും നല്ലവണ്ണം ഇരുട്ടിയിരുന്നു, വണ്ടി നേരെ ഞങ്ങൾ താമസിക്കുന്ന ഹോട്ടലിന്റെ മുന്നിലെത്തി, കൂടും കുടുക്കയുമായി എല്ലാവരും ഇറങ്ങി , രാത്രിയിലത്തെ ഭക്ഷണത്തെ പറ്റി ആയി മിക്കവരുടെയും ചിന്ത. ഹോട്ടലിൽ കയറി പെട്ടിയൊക്കെ വെച്ചിട്ടേ ഭക്ഷണം കഴിക്കാൻ പറ്റൂ . സാറും Accommodation-ന്റെ കാര്യങ്ങൾ നോക്കുന്ന ടീമും കൂടി റിസപ്ഷനിൽ ചെന്ന് കാര്യങ്ങൾ ശരിയാക്കി.
ഞങ്ങളെല്ലാവരും പെട്ടെന്ന് മുറിയുടെ വിവരങ്ങൾ ആരാഞ്ഞു പെട്ടികളുമായിമുറികളിലേക്ക് പോയി, സാധനങ്ങൾ വെച്ചപാടെ ഓടി തിരികെ വന്നു. ഹോട്ടൽ ഉള്ള റോഡിൻറെ നാല് പാടും കടകളാണ്, ചോറ്, റോട്ടി, രാജ്മ കറി, ആട്ടിറച്ചിക്കറി, കബാബ്, ചാഡ് ഇതൊക്കെയായിരുന്നു വിഭവങ്ങൾ. എല്ലാവർക്കുമായി കുറച്ചു പ്ലേറ്റ് പറഞ്ഞു, ഒരുമിച്ചിരുന്നു പങ്കുവെച്ചു കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പോൾ എല്ലാവര്ക്കും ഏലക്കായിട്ട കട്ടൻ ചായ കിട്ടി, അതും മോന്തി കുടിച് ആഹാര കമ്മിറ്റികാർ കാശും കൊടുത്തു് ഇറങ്ങിയപ്പോ, കടക്കാരൻ വേണ്ടവർക്കെല്ലാം ജമ്മുവിലെ പ്രശസ്തിയേറിയ Palang Tod എന്ന് വിളിക്കുന്ന പാൻ കൊടുത്തു. പലതരത്തിൽ ഉള്ളവ, ഭാവത്തിലും രുചിയിലും വളരെ വ്യത്യസ്തമായ പാൻ.
തിരികെ ഹോട്ടലിൽ വന്ന്. എല്ലാവരും കിടന്നുറങ്ങാനുള്ള വട്ടക്കൂട്ടായി.
പിറ്റേ ദിവസം രാവിലെ ജമ്മുവിലെ അമ്പലങ്ങളും, തടാകങ്ങളും, കോട്ടകളും, ഉദ്യാനങ്ങളും കാണാനായി രാവിലെ 7 മണിക്ക് റെഡി ആയിരിക്കണമെന്ന് ട്രാൻസ്പോർട് കമ്മിറ്റികാർ അറിയിച്ചു, കാപ്പികുടിയും കഴിഞ്ഞു 8 മണിക്ക് വേണം ബസ്സിൽ പുറപ്പെടാൻ.
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment