എന്റെ College പരമ്പരയിലെ 100-മത്തെ ഓർമ്മകുറിപ്പാണ്. സന്ദര്ഭവശാൽ, ഇന്ത്യയുടെ അതിർത്തി കാക്കുന്ന പട്ടാളക്കാരൻ പറഞ്ഞ കാര്യങ്ങളാണിവിടെ കുറിക്കാൻ പോകുന്നത്, എനിക്കൊത്തിരി ഒത്തിരി ഇഷ്ടമായിരുന്നു Indian Army-യിൽ ചേരാൻ, അല്ലെങ്കിൽ പോലീസിൽ ചേരാൻ, ഒന്നും നടന്നില്ല. ആത്മശിക്ഷണം, അച്ചടക്കം പിന്നെ രാജ്യസേവനം ഇതൊക്കെ സ്വപ്നം കണ്ടിട്ടാണ് ചെറുപ്പത്തിൽ ഇതാഗ്രഹിച്ചതും.
ചായക്കടയിലെ ചൂട് ചായയും രുചിയുള്ള പകോറയും കഴിച്ചു കൊണ്ട് ഞങ്ങൾ കഥ കേൾക്കാൻ ഇരുന്നു. വളരെ കുറച്ചു സമയമേ ഉള്ളൂ അതിന്റെ ഇടയിൽ വേണം കാര്യങ്ങൾ കേൾക്കാൻ. ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിച്ചു ഷൈൻ ചെയ്യാൻ തയ്യാറായി നിൽക്കുന്നവർ സംഗതി കുളമാക്കുമെന്നറിയാവുന്നതു കൊണ്ട് ,സംശയങ്ങളും ചോദ്യങ്ങളും അവസാനം എന്ന നിബന്ധന വെച്ചത് സതീഷ് ബാബു ആണ്.
Rayichayan കാര്യങ്ങൾ പറഞ്ഞു തുടങ്ങി; സേനാവിഭാഗത്തിലെ Class A , ഏറ്റവും ആരോഗ്യമുള്ള, ഏതുപ്രതികൂല കാലാവസ്ഥയിലും സാഹചര്യത്തിലും താമസിക്കാൻ കഴിവുള്ള പട്ടാളക്കാരെ മാത്രമെ ഈ ദൗത്യം ഏൽപ്പിക്കാറുള്ളു. എല്ലാത്തിനും പ്രത്യേകം പ്രത്യേകം ആൾക്കാരുണ്ട്, ഭക്ഷണം പാകം ചെയ്യാൻ, യൂണിഫോം റെഡി ആക്കി വെക്കാൻ, മുറി വൃത്തിയാക്കാൻ, 24 മണിക്കൂറും Binoculars-മായി ജാഗ്രതയോടെ ചുറ്റുപാടും നിരീക്ഷിക്കാൻ.
മഞ്ഞുരുകാത്ത, എന്ന് പറഞ്ഞാൽ ഉരുകി തെന്നി താഴോട്ടുവീഴാത്ത ഏറ്റവും ഉയർന്ന മലയുടെ മുകളിലായുള്ള സമതലം തിരഞ്ഞെടുത്തിട്ടു, വലിയ മഞ്ഞു വീഴ്ചയില്ലാത്ത 3 മാസകാലത്താണ് അടുത്ത 6 മാസത്തേക്കുള്ള post ഉണ്ടാക്കാനുള്ള സാധനങ്ങളുമായി മല കയറുന്നതു.
Porter and Pony ഇങ്ങനെ ഒരു സമ്പ്രതായം ഉണ്ട്, നിങ്ങൾ പഠിച്ചുകാണുമല്ലോ ഷെർപ്പകളെ പറ്റി, Mount Everest കയറുന്നവരെ സഹായിക്കുന്നവർ.
നീയൊരു കോവർ കഴുത തന്നെ എന്ന് പറയുന്നവരെ ഓർമ്മിപ്പിക്കട്ടെ, ഇന്ത്യൻ അതിർത്തി കാക്കുന്ന ഭടന്മാരുടെ ഏറ്റവും വലിയ സാഹായികളാണീ കൂട്ടർ. ഇക്കണ്ട സാധനങ്ങളെല്ലാം മുതുകിലേറ്റി ഒന്നും മിണ്ടാതെ നമ്മുടെ രാജ്യത്തിൻറെ കാവല്ഭടന്മാരെ സഹായിക്കുന്ന പാവങ്ങൾ. 6 മാസത്തേക്കുള്ള അവശ്യ സാധനങ്ങളും, ഉപകരണങ്ങളും കൊടുമുടിയിലെത്തിക്കുന്നതു ഇവരാണ്. പലയിടത്തും കയറുപാലത്തിലൂടെയാണ് യാത്ര.
ഈ ഭൂമിയിലെ ഓരോ ജീവജാലത്തിനും സൃഷ്ടാവ് ഓരോ ചുമതല ഏല്പിച്ചിരിക്കുന്നു , മനുഷ്യൻ ഒഴിച്ച് ബാക്കി എല്ലാവരും അത് നിർവിഘ്നം ചോദ്യങ്ങളില്ലാതെ ചർച്ചകളില്ലാതെ നിരന്തരം ചെയ്യുന്നു.
സത്യം ഇതെഴുതിയപ്പോൾ എന്റെ ചുണ്ടിലും മനസ്സിലും നിറയെ ചിരി വന്നു, നിങ്ങൾ ഓർക്കുന്നില്ലേ ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റിലെ ഗൂർക്ക റാം സിങിനെ, നേപ്പാളി ഗൂർഖ, ഇന്ത്യൻ സേനയിലെ തൂണുകളാണിവർ രണ്ടു കൂട്ടരും നേപ്പാളിലെ ഗൂർഖയും, ഹിമാലയത്തിലെ ഷെർപ്പകളും.
സമുദ്രനിരപ്പിൽ നിന്നും വളരെയധികം ഉയരമുള്ള സ്ഥലത്തേക്ക് പുറപ്പെടുന്നതിനു മുന്നെ, പൊരുത്തപ്പെടാനായി കുറച്ചു ദിവസം ഉയരത്തിലുള്ള മറ്റൊരു ക്യാമ്പിൽ താമസിക്കാറുണ്ട്. നിങ്ങൾ എപ്പോഴെങ്കിലും ഉയരങ്ങളിലേക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചാൽ ഒരിക്കലും ഒറ്റ അടിക്കു കയറരുത്. വളരെ സാവധാനത്തിലെ മല കയറാവൂ. അല്ലെങ്കിൽ ഇല്ലാത്ത വല്ലാത്ത പ്രശ്നങ്ങൾ വിളിച്ചു വരുത്തും .
മഞ്ഞാണ് അധികവും, മഞ്ഞു മൂടിയ മലനിരകളാണെപ്പോഴും. പാറകളും, പാറക്കെട്ടുകളും കാണാറുണ്ട് . മിക്കവാറും പഴയ പോസ്റ്റ് ഇരിക്കുന്ന സ്ഥലം തന്നെ ആവും തിരഞ്ഞെടുക്കുക. ക്യാമ്പിന്റെ മേൽക്കൂരയുടെ ചെരിവും, ഉള്ളിൽ കയറാനുള്ള കതകിന്റെ സ്ഥാനവും നിശ്ചയിക്കുന്ന ഒരു പ്രധാന ഘടകം അയൽ രാജ്യക്കാരന്റെ ക്യാമ്പ് എവിടെ ആണെന്നുള്ളതിനെ അവലംബിച്ചാണ്.
നമ്മൾ ഇറങ്ങുന്നതും കയറുന്നതും നേർക്ക് നേർ കണ്ടിട്ടാവണ്ട എന്നൊരു കരുതൽ
മുറിയുടെ അളവ് രേഖപ്പെടുത്തി കുറ്റി അടിച്ചിട്ട് വാനം തോണ്ടി ഒരു നിലവറയാണ് പണിയാറ്, ഭൂമിക്കടിയിലാണ് മുറി. പാറകളും, തകരവും ഉപയോഗിച്ചാണ് പണി. കതകു വരുന്ന ഭാഗത്തു രണ്ടു പടി താഴോട്ടു വെട്ടി കതകിലൂടെ കുനിഞ്ഞാണ് കയറുക. അകത്തു കയറുമ്പോൾ ആവശ്യത്തിനുള്ള ഉയരം മുറിക്കുണ്ടാവും. നല്ല കെട്ടുറപ്പുള്ള പണി ആയിരിയ്ക്കും.
കതകു വരുന്ന ഭാഗത്തു നിന്ന് പുറകോട്ടു ചരിച്ചു വെച്ചിട്ടു തകരം കൊണ്ടുള്ള മേൽക്കൂര ഇടും, മേല്ക്കൂരയുടെ ഇറമ്പ് നല്ലവണ്ണം തള്ളിയിടാറാണ് പതിവ് , കാറ്റടിച്ചാൽ പറന്നു പോകാതിരിക്കാൻ തകരത്തിലുള്ള മേൽക്കൂരയുടെ മുകളിൽ പാറക്കല്ലുകൾ നിരത്തി വെക്കും. പിന്നെ മഞ്ഞധികം വീഴുമ്പോൾ മൺകോരി എടുത്തു മഞ്ഞെല്ലാം മാറ്റണം.
മുറി ചൂടാക്കാൻ അകത്തു നടുക്കായി ബുഖാരികൾ ഉപയോഗിക്കാറുണ്ട്, മണ്ണെണ്ണ കൊണ്ടുള്ളവ. മേൽക്കൂരയുടെ മുകളിൽ ഒരു ജെറി കാനിൽ എപ്പോഴും മണ്ണെണ്ണ നിറച്ചു വെക്കും, അതിൽ നിന്ന് ഒരു ചെറിയ metal ട്യൂബിലൂടെ താഴോട്ടു മണ്ണെണ്ണ ഇറ്റിറ്റു Bukhari- യുടെ ഉള്ളിലേക്ക് വീണു കൊണ്ടിരിക്കും, ഈ Bukhari യുടെ അടിയിൽ ഒരു ബർണർ ഉണ്ട്. ഉള്ളിൽ തീയാണെപ്പോഴും, ചിലനേരത്ത്, അല്ല പല നേരത്തും നമ്മളിൽ പലരും പറയാറുള്ള കാര്യം !! ഉള്ളിൽ മുഴുവൻ തീയാണ്, അത് പോലെയാണീ ബുഖാരി തീ ഒരിക്കലും പുറത്തു കാണില്ല, ഉള്ളിലാണ് തീ.
മുറിയുടെ ഉള്ളിൽ നിന്നുള്ള പുക പുറത്തേക്കു പോകാനായി പുകക്കുഴൽ വെളിയിലേക്കു തള്ളി നിർത്തും, വളരെ ശ്രദ്ധയോടെ ചെയ്യണ്ട കാര്യമാണ്. അല്ലെങ്കിൽ വിഷപ്പുക ശ്വസിച്ചു ആള് തട്ടിപോകും. ,
ഈ ചുട്ടു പഴുത്തിരിക്കുന്ന ബുഖാരിയാണ് പട്ടാളക്കാരന്റെ Room Heater.
പുറത്തുനിന്നുള്ള മഞ്ഞു കട്ട, പിടിയുള്ള kettle-ൽ ഇട്ട് Bukhari -യുടെ മുകളിൽ വെച്ചിരിക്കും. ആ വെള്ളം അങ്ങനെ തിളച്ചു മറിഞ്ഞു ഏതു നേരത്തു ആരു വന്നാലും നല്ല ചൂട് ചായ റെഡി; മാത്രമല്ല ഈ വെള്ളം ഉള്ളതുകൊണ്ട് മുറിയിലെ ഈർപ്പത്തിന്റെ അളവ് എപ്പോഴും നിയന്ത്രണത്തിൽ ആയിരിക്കും. ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാനുള്ള മാർഗം.
മുറിയുടെ താപനില നിയന്ത്രിക്കാൻ ബർണർ ക്രമീകരിക്കാവുന്നതാണ്, മാത്രമല്ല ജെറിക്കാനിൽ നിന്നൊഴുകി വരുന്ന മണ്ണെണ്ണയുടെ അളവും കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.
ഈ ഒരു സംവിധാനം ഭാവന ചെയ്യാൻ ഏറ്റവും എളുപ്പം ആശുപത്രിയിൽ രോഗികൾക്ക് ഡ്രിപ് കൊടുക്കില്ലേ, അത് ഓർത്തു നോക്കൂ, ട്യൂബിലൂടെ ഒഴുകി വരുന്ന മരുന്ന് നിയന്ത്രിക്കുന്ന ഒരു വാൽവ് കണ്ടിട്ടില്ലേ? അത് പോലെ ആവശ്യാനുസരണം ബുഖാരി-യിലേക്കൊഴുകുന്ന മണ്ണെണ്ണയും നിയന്ത്രിക്കാം.
എന്റെ അമ്മ എന്റെ ചെറുപ്പത്തിൽ മാസത്തിൽ 30 ദിവസം ഉണ്ടെങ്കിൽ 31 ദിവസവും വലിവ് കൂടി ഡ്രിപ് കൊടുത്തു ആശുപത്രിയിലായിരുന്നു, ഒരിക്കൽ ബെൻസീഗർ ഹോസ്പിറ്റലിൽ വെച്ച് മരുന്നു കൂടിയിട്ട് ‘അമ്മ നീല നിറമായി, ഞാൻ ഉടനെ തന്നെ ഡ്രിപ്പിന്റെ വാൽവ് അടച്ചു, അതിനു ശേഷമാണ് വാർഡിലെ സിസ്റ്ററിനെ വിളിച്ചത് , അല്ലെങ്കിൽ രോഗി മയ്യത്തായേനെ…
രോഗികൾക്ക് കൂട്ട് നിൽക്കുന്നവർ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് മരുന്ന് കയറുന്ന ഇടം വീർത്തു വരുന്നുണ്ടോ, രോഗിയുടെ നിറം മാറുന്നുണ്ടോ എന്നൊക്കെ.
2 kg പാട്ടയിലെ നെസ്കഫേ, മുട്ട ഉണക്കി പൊടിച്ചത് , ഇറച്ചി തരങ്ങൾ, കോളി ഫ്ലവർ, ഉരുളക്കിഴങ്ങു, സൂപ്പുകൾ, ചീസ്, ഇങ്ങനെ Tin Food ആണധികവും, Ready to Eat. അതിർത്തി കാക്കുന്നവന്റെ ആഹാരത്തിനെ ഇങ്ങനെയാണ് വിശേഷിപ്പിക്കുക.
ദാലും റോട്ടിയുമാണ് പ്രധാന ആഹാരം, ഒഴിവാക്കാൻ പറ്റാത്ത ഒരു സാമഗ്രിയാണ് പ്രഷർ കുക്കർ.
ഈ ടിന്നുകളെല്ലാം മതിലിനോട് ചേർത്തടുക്കി മതില് പോലെയാണ് വെക്കാറു.
കുടിക്കാൻ പറ്റാത്ത എന്നാൽ ജീവൻ നിലനിർത്താൻ അത്യാവശ്യം വേണ്ടുന്ന ഇന്ധനമാണ് മണ്ണെണ്ണ.
ഏതു നേരവും ക്യാമ്പിൽ ഉണ്ടാവുന്ന കട്ടപിടിക്കാത്ത മറ്റൊരു ഇന്ധനമാണ് XXX RUM.
തണുപ്പിന്റെ ആധിക്യം കാരണം ആക്രാന്തമുള്ള വിശപ്പൊന്നും അനുഭവപ്പെടാറില്ല, അത് കൊണ്ട് തന്നെ വളരെ കുറച്ചു ഭക്ഷണമേ എല്ലാവരും കഴിക്കാറുള്ളൂ.
ശരാശരി താപനില -28 ആണ്. മടക്കി വെക്കാവുന്ന മെറ്റൽ ഫ്രെമുള്ള വരിഞ്ഞ കട്ടിൽ ചിലപ്പോൾ കിട്ടാറുണ്ട്, മിക്കവാറും സ്ലീപ്പിങ് ബാഗിലാണ് ഉറങ്ങാറ് മൂക്ക് മാത്രം വെളിയിൽ കാണത്തക്ക വിധം മുഴുവനായി സിബ് ഇട്ടാണ് കിടക്കാറ്.
കൈയും കാലും ചെവിയുമൊക്കെ എപ്പോഴും, തണുപ്പടിക്കാതെ സംരക്ഷിച്ചാൽ യാതൊന്നും പേടിക്കേണ്ടതില്ല, വെയില് വരുമ്പോൾ കണ്ണിൽ ഗോഗുൽസ് വെച്ച് മാത്രമേ പുറത്തിറങ്ങാറുള്ളൂ.
ഇല്ലാത്ത പലതിൽ മുഖ്യം; വൈദ്യുതിയും, കുളിമുറിയും കക്കൂസുമാണ്. “വെളിക്കിറങ്ങുക” എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ പാലിക്കുന്നത് അതിർത്തി കാക്കുന്ന നമ്മുടെ യോദ്ധാക്കളാണ് . മഞ്ഞുമലയാണ് ശരണം ESP Emergency Sanitary Pit ഉണ്ടാക്കും, കുറച്ചു കഴിയുമ്പോൾ ചുണ്ണാമ്പിട്ടു മൂടും, പരന്നു കിടക്കുന്ന മലമുകളിൽ വീണ്ടും കുഴികൾ കുത്തും. നീലാകാശവും നോക്കി അങ്ങനെ അങ്ങ് ഇരിക്കും.
എസ്കിമോ ഇഗ്ലൂ പണിയുന്ന പോലെ ഐസ് കട്ടകൾ പെറുക്കി അടുക്കി വെച്ച് മുറികൾ ഉണ്ടാക്കാറുണ്ട്. മണ്ണപ്പം ചുടുന്ന പോലെ.
നേരത്തെ പോയവർ മലമുകളിൽ നിന്ന് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പോകാനായി വഴി അടയാളപ്പെടുത്തി ഇടാറുണ്ട്, കൊടി നാട്ടിയും കയറു കെട്ടിയും, ചിലപ്പോൾ ഞങ്ങൾ അതിലെ പോകാറുണ്ട്, കുഞ്ഞുന്നാളിൽ പാളയിൽ ഇരുന്നു പറമ്പിലൂടെയും, പാടത്തിന്റെ വരമ്പത്തൂടെയും, വലിച്ചു കൊണ്ട് പോയി കളിച്ച പോലെ skate board-ൽ കയറി ഇരുന്നു കുത്തനെ ഉള്ള മഞ്ഞു മലയിലൂടെ താഴോട്ടു വഴുതി അതിവേഗതയിൽ നിരങ്ങി പോകാറുണ്ട്. ഇടയ്ക്കിടെ ഉള്ള ചെറിയ നേരമ്പോക്കുകൾ .
കടലാസ് കണ്ടുപിടിക്കുന്നതിനു മുന്നേ ഉപയോഗിച്ചിരുന്ന ഹിമാലയത്തിലെ ഭോജ് പത്ര മരങ്ങളുടെ തോല് ഉരിച്ചെടുത്താണ് ഞങ്ങൾ എഴുത്തുകൾ എഴുതാറു. ഞാനിവൾക്കു കഴിഞ്ഞ വര്ഷം ഇവിടെ നിന്ന് ഭോജ് പത്രയിൽ എഴുതിയ എഴുത്തു തീർച്ചയായും ഇവൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും. ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾക്ക് വേണ്ടി ഈ ഭൂമി കരുതിയിരിക്കുന്നത്
പീരങ്കിയും, മിസൈലും, ടാങ്കുമൊന്നുമില്ലാതെ നിങ്ങളെങ്ങനെയാ അതിർത്തി കാക്കണേ? ഞാൻ രണ്ടും കല്പിച്ചങ്ങു ചോദിച്ചു?
അപ്പോഴാണ് ലളിതമായ ഒരു പ്രതിരോധ മുറ പറഞ്ഞു തന്നത്.
ഞങ്ങളീ ഇരിക്കുന്നത് ഇന്ത്യയുടെ അതിർത്തിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിലാണ്, ആരെങ്കിലും അതിർത്തി കടന്നു വന്നാൽ, ഞങ്ങൾ ഇരിക്കുന്ന ഈ ചെങ്കുത്തായ മലയുടെ പുറത്തു നിന്ന് കല്ലുകൾ ഉരുട്ടി താഴോട്ടിടും, ഒരു കല്ലിനു ആയിരം കല്ലിന്റെ ശക്തിയാണ്. അതിങ്ങനെ ഉരുണ്ടുരുണ്ടു താഴെനിന്ന് കയറി വരുന്നവന്റെ മണ്ടക്ക് വീഴും അവൻ പൊടിഞ്ഞു പപ്പടമാവും.
മ്മ്മ്
ഞങ്ങളെല്ലാവരും ഒരുമിച്ചു മൂളി,
രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കുന്ന എന്ത് സംഭവിച്ചാലും കമാന്റന്റ് ആയ ഞാൻ പറയുന്ന വിവരങ്ങൾ Base ക്യാമ്പിൽ അറിയിക്കേണ്ട ചുമതല റേഡിയോ ഓപ്പറേറ്റർ-നാണ് . എല്ലാ മണിക്കൂറും കൃത്യമായി ക്യാമ്പിലേക്ക് റിപ്പോർട്ട് അയച്ചുകൊണ്ടിരിക്കും ചിലപ്പോൾ NTR ആവും, ങേ ആരോ ഞരങ്ങി ഹ NTR, Nothing To Report, .. എന്തെങ്കിലും പ്രത്യേകിച്ചുണ്ടെങ്കിൽ അത് ഉടനെ തന്നെ Situation Report ആയി അറിയിക്കും
ഇങ്ങനെ എത്രയോ പോസ്റ്റാണ് നമ്മുടെ അതിർത്തിയിൽ ഉള്ളത്, അവരെല്ലാം തന്നെ രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ നിരന്തരമായി അറിയിച്ചു കൊണ്ടിരിക്കുന്നു.
ഭാരതത്തിന്റെ അതിർത്തി കാക്കുന്ന മഹത്തരമായ ഉത്തരവാദിത്വമാണ് ഈ പടയാളികൾക്കുള്ളത്. രാജ്യത്തെ അമ്മമാരും, സഹോദരങ്ങളും, കുഞ്ഞുങ്ങളും കിടന്നുറങ്ങുമ്പോഴും; അവരവരുടെ ദൈനം ദിനജീവിതചര്യയിൽ ഏർപെടുമ്പോഴും സ്വന്തം ജീവൻ പണയപ്പെടുത്തി അതിർത്തി കാക്കുന്നവർ.
അപ്പോഴേക്കും ഞങ്ങളുടെ ഗൈഡ് ചായക്കടയുടെ മുന്നിലെത്തി. യാത്ര തുടരാനുള്ള സമയമായി, ആവശ്യത്തിനുള്ള വിവരങ്ങൾ അറിഞ്ഞ സ്ഥിതിക്ക് ഞങ്ങൾ തുടർന്നുള്ള യാത്രക്ക് ബസിന്റെ അടുത്തേക്ക് പോയി, എന്തായാലും ചായയുടെ കാശ് കൊടുക്കേണ്ടി വന്നില്ല, കൈ വീശി യാത്ര പറയുന്നതിന്റെ ഇടയിൽ പുള്ളിക്കാരൻ എന്നോട് കഴിഞ്ഞ അവധിക്കു വന്നപ്പോൾ കശ്മീരിലെ പല സ്ഥലങ്ങളെ പറ്റി പറഞ്ഞു തന്ന വിശേഷങ്ങൾ എല്ലാവരോടും പറഞ്ഞോളാൻ പറഞ്ഞു
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment