വായില് വെള്ളമൂറിക്കുന്ന ഭക്ഷണം ഇഷ്ടപെടാത്ത “സാധാരണ” മനുഷ്യരുണ്ടോ??
ഇന്നലെ വരെ ഞാൻ കേട്ടതും, പറഞ്ഞു നടന്നതും
കുശുമ്പിനും, കഷണ്ടിക്കും മരുന്നില്ല എന്നാണ്
ഇന്ന് ഞാൻ ഒന്ന് കൂടി ചേർക്കുന്നു
കൊതിക്കും, കുശുമ്പിനും, കഷണ്ടിക്കും മരുന്നില്ല
ഇളയവരുടെ മീൻ പൊരിച്ചത് അടിച്ചു മാറ്റുന്ന, അനിയത്തിയോട് ചാന്തുപൊട്ടും, ക്യൂട്ടെക്സും ഒക്കെ വാഗ്ദാനം ചെയ്തിട്ട്, മുട്ട പൊരിച്ചതിന്റെ ഏറിയ പങ്കും വായിലാക്കുന്ന മുതിർന്നവർ.
ഹോസ്റ്റലിലും, ജയിലിലും ഭക്ഷണം അടിച്ചു മാറ്റി ശാപ്പിടുന്ന കൈയ്യൂക്കുള്ള സഹമുറിയന്മാർ, ജോലിസ്ഥലത്തും, സ്കൂളിലും പൊതിച്ചോറ് അടിച്ചു മാറ്റി അകത്താക്കുന്ന സ്ഥിരം കുറുക്കന്മാർ.
ഇതൊക്കെ സാധാരണ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞവരാണ് നമ്മൾ; പക്ഷെ അതൊക്കെ നമ്മുടെ കഥ, തമാശ ആയി കാണാറുണ്ട്, ചിലപ്പോൾ, തല്ലു പിടിക്കാറുണ്ട്. ഒരു കോഴിക്കാലിന് വേണ്ടി, മീൻ കഷണത്തിനു വേണ്ടി, പാവക്കക്ക് വേണ്ടി ആരും തല്ലു പിടിച്ചു ഞാൻ കേട്ടിട്ടില്ല, അപ്പോൾ എല്ലാം കൊതിയൂറുന്ന ഭക്ഷണത്തിനു വേണ്ടിയുള്ള അടി പിടിയോ മോഹമോ മാത്രമാണ്.
‘അമ്മ പറയുമായിരുന്നു തിന്നുന്നവനാ കൊതി എന്ന്!
കാരണം അവനതിന്റെ രുചി അറിയാം, അതുകൊണ്ടു തന്നെ മറ്റൊരാളുടെ ഭക്ഷണം അടിച്ചു മാറ്റി തിന്നാനുള്ള ആഗ്രഹം നിയന്ത്രിക്കാവുന്നതല്ല.
എല്ലാ കാര്യങ്ങളെ പറ്റിയും പൊതുവായ സർവ്വേ നടത്തി വിലയിരുത്തുക പരക്കെ പ്രചാരത്തിലുള്ള ജീവിതശൈലി ആണ്. അങ്ങനെ ഒരു വിലയിരുത്തൽ നടന്നു ഇന്നലെ അമേരിക്കയിൽ, മുഖ്യധാര ടെലിവിഷൻ ചാനലിൽ.
ആഹാരം ഉപഭോക്താക്കൾക്ക് എത്തിച്ചു കൊടുക്കുന്ന UberEats, DoorDash, Postmates, Grubhub എന്നീ കമ്പനിയിലെ ദൂതന്മാരുടെയും ഡ്രൈവർമാരുടെയും ഒരു സർവ്വേ.
അതിൽ 54% ആൾക്കാരും ഒരേ സ്വരത്തിൽ പറഞ്ഞു ഭക്ഷണത്തിന്റെ കൊതിയൂറുന്ന മണം സഹിക്കാൻ പറ്റില്ല, 30% ആൾക്കാർ സമ്മതിച്ചു, ഞങ്ങൾ പൊതി തുറന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്, സത്യം കൊതി സഹിക്കാൻ പറ്റാഞ്ഞിട്ടാ.
എന്താ ഇപ്പൊ ചെയ്ക?
പൊതി ആർക്കും കൈ കടത്താൻ പറ്റാത്ത വണ്ണം ഒട്ടിച്ചാലോ , സീൽ വെച്ചാലോ, എന്നൊക്കെ പറയുന്നത് കേട്ടു
ഹോട്ടലുകളിൽ നിന്ന് ചൂടോടെ ശേഖരിക്കുന്ന ഭക്ഷണം കൊതി സഹിക്കാൻ വയ്യാതെ ഇച്ചിരി അടിച്ചു മാറ്റുന്നു… സ്പ്രിങ് റോളും, French Fry-സും, പൊരിച്ച കോഴിയുടെ കാലും, ഇറച്ചി കറിയിലെ കഷണവും കൈയ്യിട്ടു എടുത്തു കഴിച്ചിട്ട്, വീണ്ടും പെട്ടി ഒട്ടിച്ചു, വിശന്നിരിക്കുന്ന ഉപഭോക്താവിന് എത്തിച്ചു കൊടുക്കുന്നു ഡെലിവറിക്കാർ.
ഒരു കാര്യം തീർച്ച ഇവരാരും ഫോർക്കും, സ്പൂണും, കത്തിയും ഉപയോഗിച്ചല്ല ഇതൊന്നും ചൂണ്ടുന്നതും, ശാപ്പിടുന്നതും
വിശന്നു വലഞ്ഞിരിക്കുമ്പോൾ കിട്ടുന്ന ഭക്ഷണം ആരെണ്ണി നോക്കാനാണ്?
പക്ഷെ ഇപ്പോൾ ഇതൊരു ആപ്പായിരിക്കുന്നു
മുഖ്യധാരാ വാർത്തകളിൽ ഇടം പിടിച്ച ചൂടുള്ള രുചിയേറിയ വിശേഷമാണ്.
കൊതി രണ്ടു പേർക്കും ബാധകമാണ്, ആപ്പ് ഉപയോഗിച്ച് ഓർഡർ ചെയ്ത ആൾക്കും; അത് കൊണ്ടുവരുന്ന ആൾക്കും.
ഭക്ഷണം പാകം ചെയ്യാൻ മടിപിടിച്ചിരിക്കുന്നവർക്കിട്ടൊരു ആപ്പാണിതിപ്പൊ
https://newyork.cbslocal.com/video/4135254-food-delivery-drivers-eating-your-food/
Leave A Comment