അതിരുകൾ രാജ്യങ്ങൾക്കാണ്
മനുഷ്യ മനസ്സിലെ വിചാരങ്ങൾക്കും വികാരങ്ങൾക്കും അതിരുകളില്ല വരമ്പുകളുമില്ല
അടുത്ത ദിവസം കാണാൻ പോകുന്ന കാഴ്ചകളെ കുറിച്ച് ഓരോരുത്തരും അവരവരുടെ മനോധര്മ്മം അനുസരിച്ചു സങ്കല്പിക്കാൻ തുടങ്ങി. ഞാൻ ആണേൽ അതിരാവിലെ എഴുന്നേറ്റു വൃത്തിയുള്ള കുളിമുറിയിൽ പോയി കുളിക്കുന്നതും, നനക്കുന്നതുമൊക്കെ ഓർത്തു കിടന്നു, എന്റെ കൂടെ ഉള്ളവരെ എല്ലാം വിളിച്ചുണർത്തുന്നതും യൂത്ത് ഹോസ്റ്റലിൽ താമസിക്കുന്ന മറ്റു യാത്രക്കാർ ഉണരുന്നതിനു മുന്നേ എല്ലാവരും തയാറാവുന്നതിനുള്ള സമയ ക്രമീകരണങ്ങളെ പറ്റിയൊക്കെ കൂലംകക്ഷമായി ചിന്തിച്ചു കണക്കുകൂട്ടി കിടന്നു , നേരം കുറെ അധികം ഇരുട്ടിയപ്പോൾ അറിയാതെ കണ്ണടഞ്ഞു,
അതിരാവിലെ ഉണർന്നു, തയ്യാറായി, ഓരോരുത്തരെ ആയി ഉണർത്തി എല്ലാവരും പറഞ്ഞ സമയം തന്നെ തയ്യാറായി, പഴയതും പുതിയതുമായ ഡൽഹി കാണാൻ ബസ് ഏർപ്പാട് ചെയ്തിരുന്നു,
ഓരോ ദേശവും, ഭരണാധികാരികളും, തങ്ങളുടെ നാടിന്റെ വികസനത്തിന്റെ സുപ്രധാന കണ്ണിയായി കാണുന്ന ഒരു ശൃംഖലയാണ് വിനോദസഞ്ചാരം. വിനോദസഞ്ചാരം ദേശവാസികൾക്ക് ഒരു ഉപജീവനമാര്ഗ്ഗമാണ്; സഞ്ചാരികൾ നാട് കാണാൻ വരുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുന്നു, യാത്രാ സൗകര്യങ്ങൾ ഉണ്ടാവുന്നു. തദ്ദേശവാസികൾക്ക് പല തരത്തിലുള്ള ഉപജീവനമാര്ഗ്ഗം തരപ്പെടുന്നു , വരുമാനവും ജീവിതനിലവാരവും ഉയരുന്നു.
യാത്ര തുടങ്ങുന്നതിനു ഒരു മാസം മുന്നേ തന്നെ, ഡൽഹിയിലുള്ള സ്വന്തക്കാരുടെ സാഹായത്തോടെ ഏറ്റവും വിശ്വാസയോഗ്യമായ, എന്നാൽ ഞങ്ങളുടെ കൈയ്യിൽ ഒതുങ്ങുന്നതുമായ നിരക്കിലുള്ള ബസ് കമ്പനിയുമായി എഴുത്തു കുത്തുകൾ നടത്തി കാഴ്ച കാണാനുള്ള വാഹനം ഏർപ്പാട് ചെയ്തിരുന്നു. ഈ യാത്രകൾ ഇവർ 365 ദിവസവും നടത്തുന്നതിനാൽ ഇവർക്ക് സ്ഥിരമായി പോകുന്ന റൂട്ട് ഉണ്ട്. ഈ യാത്ര രാവിലെ 7.30 ക്കു തുടങ്ങി രാത്രി 10 മണി വരെ ആണ്. പ്രാതൽ രാവിലെ താമസിക്കുന്ന, ഇടത്തു നിന്ന് കഴിക്കും . ഉച്ചക്കത്തെ ഊണും 4 മണിയുടെ കാപ്പിയും പിന്നെ രാത്രിയിലെ അത്താഴവും പുറത്തു നിന്നാണ്. ബസ് കമ്പനിക്കാർ സ്ഥിരമായി പോകുന്ന റൂട്ടിലെല്ലാം അവരുമായി കരാറുള്ള ഭക്ഷണ ശാലകൾ ഉണ്ട്, അവിടെ മാത്രമേ ഈ വണ്ടികൾ നിർത്താറുള്ളൂ. ഡ്രൈവറിനും, വഴികാട്ടിക്കും, കിളിക്കും അവിടെ നിന്ന് സ്ഥിരമായി ഉപചാരപൂര്വ്വമായ ഭക്ഷണം കിട്ടും. ഇത് എല്ലായിടത്തുമുള്ള അലിഖിതമായ പ്രമാണമാണ്.
ഞങ്ങൾ ഏർപ്പാട് ചെയ്ത കമ്പനിയുടെ ബസ് രാവിലെ 7.30 ക്കു തന്നെ എത്തി, എല്ലാവരും ബസ്സിൽ കയറി സ്ഥലം പിടിച്ചു. ഇങ്ങനെയുള്ള യാത്രകൾ പോകുമ്പോൾ പലരുടെയും മനസ്സിലെ ആഗ്രഹം എങ്ങനെയും ബസ്സിൽആദ്യം തന്നെ കയറി പറ്റണമെന്നു മാത്രമല്ല ജനാലയുടെ അടുത്തിരിക്കണമെന്നും ആയിരിക്കും. സത്യം അതിനു ഉന്തും തള്ളുമൊക്കെ സ്ഥിരമാണ്, പക്ഷെ കയറി പറ്റിക്കഴിഞ്ഞാൽ പിന്നെ ആദ്യത്തെ പത്തു മിനിറ്റിനുള്ളിൽ ആ പൂതിയൊക്കെ മറന്നു പോകും . കാരണം പോകെ പോകെ ഒരൊത്തിടത്തായി ഇറങ്ങി കയറുമ്പോൾ ആദ്യം ഇരുന്നിടമൊക്കെ മാറി കിട്ടുന്നിടത്തിരിക്കാറാണ് പതിവ്. ഇടക്കെഴുന്നേറ്റു സ്വര്യ സല്ലാപത്തിനായി മാറി ഇരിക്കാറുണ്ട്, പിന്നെ പാട്ടും കവിതയും ചൊല്ലാനുള്ളവർ ഒരുമിക്കാറുണ്ട്, അങ്ങനെ ആദ്യത്തെ ആഗ്രഹവും, അങ്കലാപ്പുമെല്ലാം മാറി ഞങ്ങൾ എല്ലാവരും ഉത്സാഹത്തോടെ ഡൽഹിയുടെ നിരത്തിലൂടെ കാഴ്ചകൾ കാണാനുള്ള യാത്ര തുടങ്ങി.
ബസിനുള്ളിൽ വിളംബരങ്ങൾ വായിക്കുന്നത് പോലെ കാഴ്ചകളെ പറ്റി സംസാരിക്കുന്ന ഒരു വഴികാട്ടി ഉണ്ടായിരുന്നു, പുള്ളിക്കാരൻ യാത്ര തുടങ്ങി ഞങ്ങൾ തിരികെ ഇറങ്ങുന്നത് വരെ വാ തോരാതെ ഒരേ ഈണത്തിൽ ഇങ്ങനെ പറഞ്ഞു കൊണ്ടേ, ഇരുന്നു.. നിങ്ങളുടെ ഇടതു വശത്തു കാണുന്നത് രാഷ്ട്രപതി ഭവൻ നിങ്ങളുടെ വലതു വശത്തു കാണുന്നത് കുത്തബ് മിനാർ, മുഴുവൻ സമയവും ഓരോരോ കാഴ്ചകളുടെ പേരുകളും അവയെ പറ്റിയുള്ള ചരിത്രപരമായ വിവരണങ്ങളും വിശേഷങ്ങളും ശ്വാസം വിടാതെ ഉരുവിട്ട് കൊണ്ടേ ഇരുന്നു. പല രാജ്യങ്ങളിലെ വഴികാട്ടി കളെ കാണാനും അടുത്തിടപഴകാനും അവസരം കിട്ടിയ എനിക്ക് പലപ്പോഴും അവരെല്ലാം അതാത് രാജ്യത്തെ ഗൂഗിൾ ആയിട്ടാണ് തോന്നിയിട്ടുള്ളത്. അവരുടെ പൊതു വിവര പ്രാവീണ്യം ഒന്ന് വേറെ തന്നെയാണ്. വർഷങ്ങൾ, പേരുകൾ, സംഭവങ്ങൾ, ഓരോ കെട്ടിടങ്ങളുടെയും ഘടനാപരമായ വിശദാംശങ്ങൾ, രാജ്യങ്ങളുടെയും പ്രഗത്ഭരായ ആൾക്കാരുടെയും, ഭൂതം, വർത്തമാനം, ഭാവി, രാഷ്ട്രീയ പ്രത്യേകതകൾ, കൗതുകം ഉളവാക്കുന്ന നുറുങ്ങു കഥകൾ എന്ന് വേണ്ട യാത്രക്കാരുടെ മനം കവരാൻ മനോധർമ്മം അനുസരിച്ചു വിശേഷണങ്ങൾ ഹൃദയപൂർവ്വമായി അവതരിപ്പിക്കാൻ സ്വയം സമർപ്പിച്ച കൂട്ടരാണിവർ. ഇവരുടെ മികവിലാണ് ഈ ഒരു വ്യവസായത്തിന്റെ നിലനിൽപ്പും വളർച്ചയും പല ഇടത്തുംവണ്ടി നിർത്തി, ഞങ്ങൾ കൂട്ടമായി ഇറങ്ങി, കാഴ്ചകൾ നടന്നും, തൊട്ടും പിടിച്ചുമൊക്കെ നോക്കികണ്ടു.
രാഷ്ട്രപതി ഭവനിലെ വിശാലമായ പനിനീർപ്പൂക്കളുടെ പൂന്തോട്ടത്തിലൂടെ നടക്കാൻ ഭാഗ്യം കിട്ടിയിരുന്നു, ബ്രിട്ടീഷ്കാരുടെ രൂപകല്പനയാണീ പൂന്തോട്ടം, എല്ലാം നേർവരകൾ, ചതുരം അല്ലെങ്കിൽ സമചതുരം, പ്രകൃത്യാ ഉളള വളഞ്ഞു പുളഞ്ഞ ബാഹ്യ രേഖകളാൽ തീർത്ത തനതായ പൂത്തടങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വരച്ച വരയിലൂടെ കാര്യങ്ങൾ ചെയ്യുന്ന നിഷ്ഠയാണിവിടെ കാണാൻ കഴിഞ്ഞത്. ഞങ്ങൾ അവിടെ അന്വേഷിച്ചു നടന്നത് ഒന്നിനെ മാത്രം, പലരുടെയും പ്രിയങ്കരിയായ, സുഗന്ധം പരത്തുന്ന പിങ്ക് നിറത്തിലെ പനിനീർപൂ. അവസാനം കാക്കി നിക്കറും ഉടുപ്പുമിട്ട തോട്ടക്കാരനോട് ഹിന്ദിയിൽ ചോദിച്ചപ്പോൾ അദ്ദേഹം കാട്ടി തന്നു, ഞങ്ങളുടെ സ്വന്തം ടീച്ചറിന്റെ പേരിലുള്ള റോസാ പൂ: മൃണാളിനി.
നമ്മുടെ ഇഷ്ട പ്രകാരം ഇഷ്ടമുള്ളത്ര സമയം ഒരിടത്തും ചിലവഴിക്കാൻ പറ്റില്ല, എല്ലാ സ്ഥലത്തും എത്ര നേരം നിർത്തുമെന്നും, എവിടെയൊക്കെ പോകാമെന്നും, എന്തൊക്കെ ചെയ്യാമെന്നും അതാതു സ്ഥലം എത്തുന്നതിനു മുന്നേ വഴികാട്ടി നമ്മൾക്ക് നിർദ്ദേശം തരും. ബസ് എവിടെ ആവും നിര്ത്തിയിടുക യെന്നും; അവിടെ തിരികെ എത്തേണ്ട സമയവും കൃത്യമായി തരും . കൂടിയാൽ 10 മിനിറ്റ് കാത്തു നിൽക്കും വന്നില്ല എങ്കിൽ ബസ് പോയിരിക്കും. ആരും തന്നെ ഒരിക്കലും താമസിക്കാറില്ല. കൃത്യ സമയത്തിന് മുന്നായി തന്നെ തിരികെ എത്താറാണ് പതിവ്. ബസിന്റെ നമ്പർ ഓർത്തു വെക്കുന്ന ശീലം ഇല്ലാത്തവർ കൂട്ടം തെറ്റിയാൽ നല്ലവണ്ണം ചുറ്റാറുണ്ട്. ഇപ്പോഴാണെങ്കിൽ മൊബൈൽ ഉണ്ട്, അന്വേഷിക്കാം കണ്ടുപിടിക്കാം. പുറം രാജ്യങ്ങളിൽ വാഹനങ്ങൾ നിർത്തി ഇടുന്ന വലിയ ഇടങ്ങളിൽ വണ്ടി ഇട്ടിട്ടു Mall-കളിലും മറ്റും പോകുന്നവർ, park ചെയ്ത നിലയും, ഇടവും അറിയാതെ മണിക്കൂറുകളോളം ചുറ്റി കറങ്ങുന്ന കാഴ്ച പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. എവിടെ പാർക്ക് ചെയ്താലും ഇടുന്ന സ്ഥലത്തെ ഗ്രിഡ് നമ്പറുകളോ അവർ കൊടുത്തിരിക്കുന്ന അടയാളങ്ങളോ നോക്കിവെക്കുക, അല്ലെങ്കിൽ അടുത്തുള്ള മാറാത്ത ഒരു അടയാളം ഉൾപ്പെടെ ഫോണിൽ ഒരു ഫോട്ടോ എടുത്തു വെക്കുക.
കുത്തബ് മിനാറിൽ ചെന്നപ്പോൾ ആ വലിയ സ്തൂപത്തിനെ കെട്ടി പിടിച്ചു എന്താഗ്രഹിച്ചാലും നടക്കും എന്നാരോ പറഞ്ഞു, നോക്കിയപ്പോൾ അവിടെ ഒരു നീണ്ട Q. പുറം തിരിഞ്ഞു നിന്നുവേണം പിടിക്കാൻ ഒരിക്കലും എത്തില്ല എന്നാലും എല്ലാവരും അതിനെ പിടിച്ചുകൊണ്ടു ആഗ്രഹങ്ങൾ മനസ്സിൽ ഉരുവിട്ട് സ്വപ്നം കണ്ടു നിന്നു.
അടുത്തതായി ഒരു ഭാഗത്തായി വണ്ടി നിർത്തി ഞങ്ങളെ ഇറക്കി വിട്ടിട്ടു 3 മണിക്കൂറോളം നേരം അവിടെഎല്ലാം പോകാനുള്ള അനുവാദം തന്നു. ചിന്നക്കടയിലെ Musaliar Buildings ആണെനിക്കോർമ്മ വന്നത് കൊല്ലം നഗരത്തിന്റെ ഒത്ത നടുക്കായി രണ്ടു നിലയിൽ നിറഞ്ഞു നിൽക്കുന്ന കെട്ടിടങ്ങൾ. ഇവിടെയും രണ്ടു നിലയിലുള്ള കെട്ടിടങ്ങൾ നിറയെ കടകൾ മുകളിലത്തെ നിലയിൽ താമസ സൗകര്യം, അത് മാത്രമാണ് വ്യത്യാസം. Connaught Place. അവിടെ നിന്ന് നടന്നു പാലിക ബസാറിൽ കയറാം. വിലപേശൽ എന്ന കല മാറ്റുരച്ചു നോക്കാനുള്ള ഇടമാണ് പാലികബസാർ, വിസ്മയത്തിന്റെ ചെപ്പു തുറന്ന പോലെ ഒരവസ്ഥ ആയിരുന്നു ഞങ്ങൾക്ക്, അതിനു മുൻപൊരിക്കലും ഭൂമിക്കടിയിലായി ഇത്രയധികം വിസ്താരമുള്ള എയർ കണ്ടിഷൻ ചെയ്ത കടകളുള്ള ഒരിടത്തും ഞാൻ പോയിട്ടുണ്ടായിരുന്നില്ല, ഞങ്ങളിൽ പലർക്കും ഇതാദ്യത്തെ അനുഭവം ആയിരുന്നു. അവിടെ നിന്ന് നേരെ പോയത് കരോൾ ബാഗിലേക്കു ഇവിടെ വഴിയോരം നിറയെ കുട്ടി കുട്ടി കടകളാണ്, ലോകത്തിന്റെ പല ഭാഗത്തും ഈ ഒരു കാഴ്ച നമ്മൾക്ക് കാണാൻ കഴിയും. അതാതു രാജ്യത്തെ ഉത്പന്നങ്ങൾ വിലപേശി വാങ്ങാവുന്ന ഇടം, തുണിത്തരങ്ങൾ, ചെരുപ്പുകൾ, പലതരം അലങ്കാര വസ്തുക്കൾ, കൃത്രിമ ആഭരണങ്ങൾ, വീട്ടു സാധനങ്ങൾ എന്ന് വേണ്ട എല്ലാം കിട്ടുന്ന ഇടം. ഇന്നതെന്നില്ല പല തരം സാധനങ്ങൾ ഇവിടെ ലഭ്യമാണ്.എനിക്ക് വേണ്ടുന്ന സാധനങ്ങൾക്ക് ഒരു പട്ടിക ഉണ്ടായിരുന്നില്ല മറിച്ചുവാങ്ങി കൊടുക്കണ്ട ആൾക്കാരുടെ ഒരു പട്ടിക ഉണ്ടായിരുന്ന അതൊരു നീണ്ട പട്ടിക ആയിരുന്നു, എന്നെ പലയിടത്തും കാണാൻ വന്നു കാശും ഭക്ഷണവും തന്ന സ്വന്തക്കാർക്ക്, വീട്ടിന്റെ അപ്പുറത്തും ഇപ്പുറത്തും ഉള്ളവർ, വീട്ടിലും പ്രെസ്സിലും ജോലി ചെയ്യുന്നവർ, എന്റെ സ്കൂളിലെ കന്യാസ്ത്രീകൾ അങ്ങനെ ഒരു നീണ്ട പട്ടിക. കാണുമ്പോൾ ഓരോരുത്തർക്കും പ്രയോജനമുള്ള സാധനങ്ങൾ ആണ് വാങ്ങാറ് കുട്ടി കുട്ടി സാധനങ്ങൾ. ഒരേ പോലെ വാങ്ങും അപ്പോൾ വിലയും കുറയും, ഒരാൾക്ക് കൂടിയെന്നോ കുറഞ്ഞെന്നോ പരാതിയുമില്ല. ആദ്യമേ കയറി ആഗ്രഹത്തോടെ ഒരു സാധനത്തിലും കയറി പിടിച്ചു എന്റെ താല്പര്യം അറിയിക്കാറില്ല , യാതൊരു താല്പര്യവും ഇല്ലാത്ത പോലെ വെറുതെ കാഴ്ച്ചക്കാരിയെ പോലെ ചുമ്മാ എല്ലാത്തിലും തൊട്ടും പിടിച്ചും നോക്കി നടക്കും; കൂട്ടത്തിൽ എഴുതി വെച്ച വിലയും നോക്കും, അറിയാൻ മേലാത്ത സാധനങ്ങളുടെ ഏകദേശമായ അല്ലെങ്കിൽ ഏറെക്കുറെ അടുത്ത് വരുന്ന വില അറിയാനുള്ള ഏക മാർഗ്ഗം കുറെ അധികം എണ്ണത്തിന്റെ, ഒന്നിന് പകരം 10 എണ്ണത്തിന്റെ മൊത്ത വില അന്വേഷിക്കുകയാണ്, അതിൽ നിന്ന് ഒരെണ്ണത്തിന്റെ ഉദ്ദേശ വില തിട്ടപ്പെടുത്താൻ പറ്റും. അടുത്തുള്ള പല കടകളിലും കയറി ഇറങ്ങി ഉദ്ദേശം വില തീർച്ചപ്പെടുത്തിയിട്ടു , തിരഞ്ഞെടുക്കാൻ കൂടുതൽ ഇനമുള്ള കടയിൽ ചെന്നിട്ടു വിലപേശും . എല്ലാ സാധനത്തിനും കുറഞ്ഞത് 100% വില കൂട്ടി ഇട്ടിട്ടുണ്ടാവും, തുടങ്ങുന്നത് തന്നെ 10% ത്തിൽ ആയിരുന്നു
ചിലപ്പോൾ കടക്കാര് ചീത്ത വിളിക്കും , അപ്പോൾ പിന്നെ തിരിഞ്ഞു നോക്കാതെ നടക്കും. പലപ്പോഴും അവർ എന്നെ തിരികെ വിളിച്ചു ഒന്നുകിൽ ഞാൻ പറഞ്ഞ വിലക്ക് അല്ലെങ്കിൽ ഒരല്പം കൂട്ടി തന്നിട്ടുണ്ട്. അപ്പോഴേക്കും ഞാൻ കടക്കാരനുമായി കൂട്ടാവും എന്നിട്ടു ഞാൻ ദൂരെ നിന്ന് വന്നതാണ് ഇനിയെന്തെല്ലാം വാങ്ങാൻ പറ്റും എന്നൊക്കെ ചോദിച്ചു ഞങ്ങൾക്ക് രണ്ടാള്ക്കും കേടും കോട്ടവും തട്ടാതെ വേണ്ടുന്നതെല്ലാം വാങ്ങും കൂടെ ഉള്ളവർക്കും അതെ വിലയിൽ സാധനങ്ങൾ വാങ്ങാനുള്ള ഒത്താശയും ചെയ്യും. മനസ്സിന് സന്തോഷവും സംതൃപ്തിയും തരുന്ന ഒരനുഭവമാണ്. വിലപേശി സാധനങ്ങൾ വാങ്ങുന്നത്. ഇതനുവദിക്കുന്ന കടകളിലും രാജ്യങ്ങളിലും മാത്രമേ ഇങ്ങനെ വാങ്ങാനും പറ്റുള്ളൂ. ഇങ്ങനെ ഉള്ള യാത്രയിൽ നിശ്ചിത വില എന്നെഴുതി വെച്ചിടത്തു പോകാറുമില്ല ഒന്നും വാങ്ങാറുമില്ല ഇങ്ങനെ അടുപ്പമായ കടക്കാരു മായി ഇന്നും ഒരാത്മ ബന്ധം പുലർത്തുന്നു വ്യക്തിയാണ് ഞാൻ. ഒരിക്കൽ അടുത്താൽ വീണ്ടും അവിടെ തന്നെ തിരികെചെന്ന് അവരുടെ കൈയ്യിൽ നിന്ന് സാധനങ്ങൾ വാങ്ങാറാണ്പതിവ്. അപ്പോൾ അവരെന്നും എനിക്കേറ്റവും നല്ലതേ തന്നിട്ടുളളൂ. ഇപ്പോഴാണെങ്കിൽ ഏതു സാധനത്തിനെ പറ്റിയുള്ള വിവരമാണോ വേണ്ടത് അത് ഞൊടി ഇടക്കുള്ളിൽ ലഭ്യമാവുന്ന, വീട്ടിന്റെ പുറത്തിറങ്ങാതെ ആഗ്രഹിക്കുന്ന സാധനം ഉദ്ദേശിച്ച വിലയുടേത് തിരഞ്ഞെടുക്കാനുള്ള സംവിധാനങ്ങളാണ് നമ്മൾക്കുള്ളത്. കാലം പോയ പോക്ക്. എന്നിരുന്നാലും കരോൾ ബാഗ് പോലെയുള്ള കച്ചവട സ്ഥലങ്ങളിൽ പോയി കടകളിൽ കയറി ഇറങ്ങി ആൾക്കാരോട് മിണ്ടിയും പറഞ്ഞും വിലപേശി വാങ്ങുന്നതിന്റെ സുഖം ഒന്ന് വേറെ ആണ്.
ഞങ്ങൾ എല്ലാവരും കുറെ അധികം കുഞ്ഞു കുഞ്ഞു സാധനങ്ങൾ വാങ്ങി ഞാൻ അന്ന് അവിടെ നിന്നെന്റെ അമ്മക്ക് വാങ്ങിയ ഷോളും, ക്രിസ്റ്റലിന്റെ ഒരു വെണ്ണ വെക്കുന്ന പാത്രം, കേക്കും മറ്റും മുറിക്കുകയും മുറിച്ച കഷ്ണം പൊടിയാതെ എടുത്തു പ്ലേറ്റിൽ വെക്കാനും പറ്റുന്ന ഒരു തരം ചട്ടുകം ഇന്നും എന്റെ കൂടെ ഉണ്ട് ആദ്യത്തെ ദിവസത്തെ കാഴ്ചകളൊക്കെ കണ്ടു ക്ഷീണിച്ചു അത്താഴവും കഴിഞ്ഞു പത്തു മണിയോടെ ഞങ്ങൾ യൂത്ത് ഹോസ്റ്റലിൽ തിരിച്ചെത്തി, ആദ്യ ദിവസത്തെ ഉത്സാഹത്തിന്റെ ഇടയ്ക്കു ഞാൻ നാസറിന്റെയും നവാസിന്റെയും കാര്യം പാടെ മറന്നു പോയി.
ഓർത്തപ്പോഴേക്കും നേരം ഇരുട്ടി എല്ലാവരും ഉറങ്ങാറുമായി
ഈ യാത്ര തുടരുന്നതായിരിക്കും..
Leave A Comment