ഉറങ്ങാൻ കിടന്നെങ്കിലും കുറെ നേരത്തേക്ക് ഉറക്കം വന്നതേ ഇല്ല, തീവണ്ടിയുടെ വേഗത കുറയുമ്പോഴും, ആരുടെ എങ്കിലും നിഴൽ അനങ്ങുന്നതു കണ്ടാലും ഉടനെ തല പൊക്കി നോക്കും, അറിയാത്ത ആരെങ്കിലും ബോഗിക്കുള്ളിൽ കയറിയിട്ടുണ്ടോ എന്ന്.മൂന്നു മണി ആയപ്പോഴേക്കും ഞാൻ പോലും അറിയാതെ ഉറങ്ങി പോയി, നേരം പരപരാന്നുവെളുത്തു തുടങ്ങി ആറരയോട് കൂടി ആന്ധ്രപ്രദേശിലുള്ള നെല്ലൂരെത്തി, അവിടെ ആകെ ഉള്ളത് രണ്ടേ രണ്ടു മിനിട്ടാണ്, ചായയുമായി ഓടിനടക്കുന്ന കച്ചവടക്കാരോട് തമിഴിൽ തണ്ണി എന്ന് ചോദിച്ചു, കൈയ്യിലിരുന്ന ഒഴിഞ്ഞ കുപ്പിയും കൈകൊണ്ടു വെള്ളം കുടിക്കുന്ന ആംഗ്യവും കാണിച്ചു, വെള്ളം എന്ന് മനസ്സിലാക്കാൻ ലോകത്തെവിടെ ചെന്നാലും ഭാഷ അറിയണ്ട കാര്യമില്ല;. ഞങ്ങളുടെ മുറി തമിഴും അഭിനയവും കണ്ടിട്ട് ചായ കെറ്റിലുമായ ജനാലയുടെ അടുത്ത് വന്ന ഒരു പയ്യൻ ഞങ്ങളുടെ തമിഴ് ചോദ്യത്തിന് മറുപടിയായി തമിഴിൽ പറഞ്ഞു വിജയവാഡയിൽ തീവണ്ടി കുറെ നേരം പിടിച്ചിടും ക്രോസിങ് ഉള്ള ജംക്ഷൻ ആണ് അപ്പോൾ വെള്ളം പിടിക്കാൻ നേരം കിട്ടുമെന്ന് . അങ്ങനെ ഞങ്ങൾ നേരത്തെ ചെയ്ത പോലെ കുപ്പിയെല്ലാം എയർ ബാഗിലാക്കി റെഡി ആയി ഇരുന്നു, സമയം കളയാതെ വെള്ളം എടുക്കാൻ തയാറായി. തീവണ്ടി വീണ്ടും മുന്നോട്ടു കുതിച്ചു, അവർ പറഞ്ഞതനുസരിച്ചു ഇനി 2 മണിക്കൂറു കൂടി യാത്ര ഉണ്ട്. അത്രയും നേരം വീണ്ടും ചെറിയ തോതിൽ പാട്ടും, കവിതയുമൊക്കെ പാടാനും ചൊല്ലാനും തുടങ്ങി, അവസാനം വണ്ടി വിജയവാഡയിലെത്തി. ഞങ്ങൾ പഴയ പോലെ സംഘങ്ങളായി എയർ ബാഗുമായി പുറത്തിറങ്ങി, വെള്ളത്തിന്റെ പൈപ്പ് നോക്കുന്നതിന്റെ ഇടയ്ക്കു പരസ്പരം എന്തോ പറയാനായി വാ തുറന്നതറിയാം. ഒരിക്കലും മറക്കാത്ത അനുഭവം വാ തുറന്നതും ഈച്ച വായിൽ കയറി. ഈച്ച, ഈച്ചയോടെ ഈച്ച.
അറിയാതെ പോലും വാ തുറക്കാതെ വെള്ളവും നിറച്ചു ആംഗ്യ ഭാഷയിൽ അങ്ങോട്ടുമിങ്ങോട്ടും കാര്യങ്ങൾ ബോധിപ്പിച്ചിട്ടു തിരികെ ഓടി വണ്ടിയിൽ കയറി. ഇത്രയധികം ഈച്ച ഉള്ള സ്ഥലം ഞാൻ പിന്നൊരിക്കലും കണ്ടിട്ടില്ല. എല്ലാവരും എത്രയും പെട്ടെന്ന് തിരികെ വന്നു ബോഗിയിൽ കയറി, അടച്ചു പൂട്ടി ഇരിപ്പായി.
സ്റ്റേഷനിലെ ജോലിക്കാർ തീവണ്ടിയിലെ ടോയ്ലെറ്റുകൾക്ക് വേണ്ടിയുള്ള വെള്ളം നിറക്കുന്ന ധൃതിയിലായിരുന്നു. ചിട്ടകൾ തെറ്റിക്കാതെ എല്ലാ കാര്യങ്ങളും മുറ പോലെ നടക്കുന്നുണ്ടായിരുന്നു. അകത്തു കയറിയിട്ടും അറപ്പു മാറാതെ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞും എടുത്തും ആശ്വസിച്ചു ഭാഗ്യം ഈച്ച മൂക്കിൽ കയറാഞ്ഞതു. എന്റെ ദൈവമേ ഇവിടെ ഉള്ളവർ എങ്ങനെയാണിത് സഹിക്കുന്നത്. അറിയാതെ പറഞ്ഞു പോയി ആത്മഗതമെന്നോണം.
ടാങ്കിൽ വെള്ളം നിറക്കുന്ന കാഴ്ച കാണുമ്പോഴൊക്കെ ഞാനോര്ക്കുന്ന ഒരു കഥയുണ്ട്, ഞങ്ങളുടെ തൊട്ടു മുന്നിലെ റോയൽ മെക്കാനിക്കൽ കൂട്ടം മദ്രാസ്സിൽ പോയ കഥ, ഇത് പോലെ അവരും ഒരു ബോഗി സംഘടിപ്പിച്ചു,
മദ്രാസ്സിലെത്തി ബോഗിയിൽ എല്ലാവരും കയറി ഇരിപ്പായി, ആരോ വാഷ് ബേസിനിന്റെ പൈപ്പ് തുറന്നപ്പോൾ ചീറ്റലും പൊട്ടലും മാത്രം വെള്ളമില്ല, എന്തെങ്കിലും അല്പമെങ്കിലും റോങ്ങ് ആയിട്ട് സംഭവിച്ചാൽ അപ്പോൾ തന്നെ അതൊരു വലിയ സംഭവം ആക്കാറുണ്ട് ആൺകുട്ടികൾ, അപ്പോഴും അങ്ങനെ തന്നെ സംഭവിച്ചു, അളിയാ വെള്ളമില്ലെടാ എന്നായി ബഹളമായി ഓട്ടമായി ചാട്ടമായി, എല്ലാവരും പുറത്തിറങ്ങി. അപ്പോഴാണ് നമ്മുടെ Chairman സ്ഥാനാർഥി ബാബുവിനു സംഗതിയുടെ ഗൗരവം മനസ്സിലായത്, ബോഗി ഒക്കെ തരപ്പെട്ടിട്ടുണ്ട് പക്ഷെ വെള്ളമില്ലെങ്കിൽ ചുറ്റിപോയതു തന്നെ.
പിന്നെ ഒട്ടും സമയം കളഞ്ഞില്ല, ചാടി ഇറങ്ങി പാളത്തിന്റെ സൈഡിലെ ഉയരമുള്ള തൂണിൽ തൂക്കിഇട്ടിരുക്കുന്ന ഹോസ് എടുത്തു, അടുത്തു നിന്ന ബോബനെ ഏല്പിച്ചു, എന്നിട്ടു തിരികെ വന്നു തീവണ്ടിയുടെ ജനലിൽ പിടിച്ചു ബോഗിയുടെ പുറത്തു കയറി. ടാങ്കിന്റെ അടപ്പു തുറന്നു ഹോസെടുത്തു അതിലേക്കിട്ടു, ബോബൻ പൈപ്പ് തുറന്നു, തുള്ളിക്കൊരു കുടം പോലെ വെള്ളം വരാൻ തുടങ്ങി. സന്തോഷമായി, ആർപ്പുവിളിയും ജയ് വിളിയും കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായി. ഞങ്ങളോടാണോ കളി എന്ന ഗർവ്വോടെ, ഹോസ് പിടിച്ചു വെള്ളം നിറച്ചു കൊണ്ടേ ഇരുന്നു. തീവണ്ടി വിടാനുള്ള നേരം ആയി തുടങ്ങി. അതുവരെ പുറത്തു നിന്നവരൊക്കെ പതുക്കെ പതുക്കെ അകത്തോട്ടു കയറാൻ തുടങ്ങി. ആദ്യം കയറിയ അഗസ്റ്റിൻ വെച്ച കാല് തിരികെ എടുത്തു, എന്തെങ്കിലും പറയുന്നതിന് മുന്നേ ജോർജ് കുട്ടി ഇടിച്ചു കയറി, ഇതെന്തുവാടാ ഇവിടെല്ലാം എന്നും പറഞ്ഞു പുറത്തേക്കിറങ്ങി, അപ്പോഴേക്കും പലരും പല ജനാലയുടെ അടുത്തെത്തി ഉള്ളിലേക്ക് നോക്കാൻ തുടങ്ങി, സാധാരണ ആയി ബോഗികളുടെ തറ കണ്ടാൽ Red Oxide അടിച്ച തറയിൽ കറുത്ത നിറത്തിലെ അഴുക്കുണങ്ങി പറ്റി പിടിച്ചിരിക്കുന്ന പോലെ ആണ്, അതിലോട്ടു വെള്ളം വീണാൽ അഴുക്കെല്ലാം നനഞ്ഞു കുതിർന്നു കുഴഞ്ഞിരിക്കും, വല്ലാത്ത ഒരവസ്ഥ, അങ്ങനെ ബോഗി മുഴുവൻ വെള്ളം നിറയുന്നു. അപ്പോളാണ് പ്രേമിന് കാര്യം മനസ്സിലായത്. വെള്ളം ഒഴുകി എത്തുന്നത് ബാത്റൂമിന്റെ സൈഡിൽ നിന്നാണ്. ബാബു ഒഴിക്കുന്ന വെള്ളമെല്ലാം ബോഗികത്തേക്കു വന്നു കൊണ്ടിരിക്കുന്നു. ടാങ്കിന്റെ ഓവ് അടയ്ക്കാതാണ് ഇക്കണ്ട നേരമത്രയും വെള്ളം ഒഴിച്ച് കൊണ്ടിരുന്നത്. അകത്തെന്താണ് നടക്കുന്നതെന്നറിയാതെ ബാബു ബോഗിയുടെ മുകളിൽ തന്നെ വീര ജേതാവിനെ പോലെ ഹോസുമായി നിൽക്കുന്നു, ബോബൻ താഴെ ടാപ്പ് അടക്കാനുള്ള നിര്ദ്ദേശവും കാത്തു ബാബുവിനെയും നോക്കി നിൽക്കുന്നു.
നമ്മുടെ ഇടയിൽ തന്നെ പലതരം ആൾക്കാരുണ്ട്, എടുത്തു പിടിച്ചു ചാടി കയറി കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നവർ. എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ വരും വരായ്കകൾ ആലോചിച്ചു ചെയ്യുന്നവർ. വൈകുന്നവരെ വെള്ളം കോരി കുടമിട്ടു ഉടക്കുന്നവർ, അകത്തും പുറത്തുമുള്ള വീട്ടു ജോലി ചെയ്യുന്നവർക്ക് വളരെ എളുപ്പത്തിൽ പല തരത്തിലുള്ള വരും വരായ്കകളെ പറ്റി ചിന്തിക്കാൻ പറ്റും. ടാങ്കിൽ വെള്ളമടിക്കുന്നതിനു മുന്നേ ടാങ്കിനു ചോർച്ച ഉണ്ടോ എന്ന് ബോധ്യപ്പെടണ്ട സാമാന്യ ബോധം ഉണ്ടാവുന്നതിലാണ് അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വിവേകം എന്ന് പറയുന്നത്. ഈയിടെയായി കുട്ടികളിലും മുതിർന്നവരിലും കാണാൻ കൊതി തോന്നുന്ന ഒരനുഭവമാണിത്. ഇനിയങ്ങോട്ട് സാമാന്യ ബോധം അല്ലെങ്കിൽ സാമാന്യജ്ഞാനം കാണണമെങ്കിൽ അതും Google അല്ലെങ്കിൽ Uber എന്നാവുമോ ആവോ.
അന്ന് യാത്ര ചെയ്തവരും, ആ കഥ കേട്ട ഞങ്ങളും എപ്പോഴും ഓർക്കുന്ന ഒരനുഭവം ആണിത്. എന്തെങ്കിലും നിറക്കുന്നതിനുമുന്നേ ചോർച്ച ഉണ്ടോ എന്ന് ശ്രദ്ധിക്കുക എന്ന വലിയ ഗുണപാഠം
വീണ്ടും യാത്ര തുടങ്ങി, ഈച്ചകളെ കണ്ടും കൊണ്ടും പേടിച്ചു ബോഗിക്കുള്ളിൽ കയറി പറ്റിയ ഞങ്ങളുടെ യാത്ര പുത്തൻ പുതിയ പ്രാന്ത പ്രദേശങ്ങളിലൂടെയായി. പലരും പറഞ്ഞു കേട്ട ഭയാനകമായ ചമ്പൽ കാടുകളിൽ കൂടി കടന്നു പോകുന്നതും കാത്തു ഇരിക്കാൻ തുടങ്ങി. പെട്ടെന്നാണ് പാളത്തിന്റെ രണ്ടു വശത്തായി നോക്കെത്താ ദൂരത്തോളം ചിതൽപുറ്റു പോലത്തെ കുട്ടി കുട്ടി ഗോപുരങ്ങൾ കാണാൻ ഇടയായത്. കേട്ടുകേൾവി അനുസരിച്ചും, ഹിന്ദി സിനിമകളിൽ കണ്ടിട്ടുള്ള രംഗങ്ങൾ അനുസരിച്ചു, ആരെങ്കിലും കുതിര പുറത്തു ഞങ്ങളെ ആക്രമിക്കാൻ വരുന്നുണ്ടോ എന്ന് നോക്കി ഇരുപ്പായി. തീവണ്ടി ഞങ്ങളുടെ മനസ്സിലെ വികാരങ്ങളൊന്നും അറിയാതെ . മൈലുകളോളം ഉള്ള വിജന പ്രദേശത്തൂടെ കുതിച്ചു കൊണ്ടേ ഇരുന്നു.
ഇങ്ങനെ പല തരത്തിലുള്ള ഭയം കലർന്ന രണ്ടാം നാൾ. പണ്ടൊക്കെ പാമ്പെന്നു കേട്ടാൽ മതി ഭയം എന്ന വികാരം അറിയാതെ മനസ്സിൽ കയറി പറ്റുമായിരുന്നു. ചുറ്റുവട്ടത്തെങ്ങും അങ്ങനെ ഒന്നും ഇല്ല എന്ന ധാരണയിലാണ് മുറ്റത്തൂടെ നടന്നിരുന്നത്. ഇന്നങ്ങനെ അല്ല. പാമ്പും കരടിയും ഉണ്ടെന്ന ബോധത്തോടെയാണ് നടക്കാറ് പുറത്തിറങ്ങാറ്. ചുറ്റും നോക്കി തറയിൽ നോക്കി നടക്കുമ്പോൾ, നമ്മുടെ അടുത്ത് ഇവയൊക്കെ എപ്പോൾ വേണമെങ്കിലും വരാം എന്ന പ്രതീക്ഷയോടെ ആണ് നടക്കാറ്.
ആദ്യമായാണ് ഞാനിത്രയും അധികം തവള കുഞ്ഞുങ്ങളെ കാണുന്നത്, ഒരു ലവലോലിക്കയുടെ വലുപ്പത്തിലുള്ള കുഞ്ഞുങ്ങൾ ഇവിടെ മുഴുവൻ ചാടി ചാടി നടക്കുന്നു, വലിയ തവളയെ പിടിക്കാൻ കല്ലിന്റെപൊത്തിലൂടെ ഇഴഞ്ഞു നടക്കുന്ന പാമ്പുകളും. ഇന്നലെ നല്ല വെയിലുള്ള ദിവസമായിരുന്നു, പുറം പണിയിൽ മുഴുകി ഇരുന്ന ഞാൻ പെട്ടെന്ന് ചാര നിറത്തിലെ പാമ്പിനെ കണ്ടു 4 അടിയോളം വരുന്ന ഒരെണ്ണം, കണ്ടിട്ട് വെറുതെ നോക്കി നിന്നതല്ലാതെ ഒന്നും തോന്നിയില്ല, ഈച്ചയെ പേടിച്ചു ഓടി കതകടച്ചു ഞാനിന്നു പാമ്പിനെയും കരടിയെയും കണ്ടിട്ട് എങ്ങും ഓടി കയറാതെ നോക്കി നിൽക്കുന്നു; എനിക്ക് വന്ന മാറ്റം.
തനിയെ പറമ്പിൽ ഇറങ്ങുമ്പോൾ കൈ കൊട്ടി ഉറക്കെ വർത്തമാനം പറഞ്ഞു ശബ്ദമുണ്ടാക്കി വേണം നടക്കാൻ, അയൽവക്കത്തുള്ള House Owner പറഞ്ഞതാണ്. കരടി ഇറങ്ങുന്ന സമയമാണ്, ഞാൻ ഇതിനകം 8 കരടികളെ കണ്ടു കഴിഞ്ഞു, അങ്ങനെ ഇന്ന് വീണ്ടും കണ്ടു, കുറച്ചു പഴം അധികം പഴുത്തത് മാൻ കുട്ടികൾ കഴിച്ചോട്ടെ എന്ന് കരുതി പുറത്തിട്ടതാണ്, ചെടിക്കു വെള്ളമൊഴിക്കാൻ തുടങ്ങിയ ഞാൻ ഒരനക്കം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു ഒരു ചുന്ദരൻ കരടി, പരസ്പരം നോക്കി, ഒന്നും മിണ്ടാതെ വന്നു പഴം എടുത്തു തിന്നു എന്നിട്ടു മാറി തൊട്ടടുത്തുള്ള അരുവിയുടെ അടുത്തൊരു കല്ലിൽ കയറി ഇരുന്നു സുഖമായി ഉറങ്ങി. ഞാൻ പതുക്കെ അടുക്കളയുടെ വാതിലിലൂടെ അകത്തു കയറി. പരസ്പര ബഹുമാനത്തോടെ ഞങ്ങൾ രണ്ടു പേരും പിരിഞ്ഞു.
പരസ്പരം ദ്രോഹിക്കാനോ ഉപദ്രവിക്കാനോ നോവിക്കാനോ ഒന്നും യാതൊരു ഉദ്ദേശവും ഇല്ലായിരുന്നു. വിശന്നു വലഞ്ഞ കരടി കുട്ടി, പാവം തോന്നി. അടുത്ത രണ്ടു മാസം ഇവിടെ ഒക്കെ തന്നെ കാണും. എന്തായാലും ദ്രോഹം ഭൂഷണമാക്കിയ മനുഷ്യരോളം അപകടകാരികളല്ല ഇവരാരും.
ഇനി 24 മണിക്കൂറില്ല ഡൽഹി എത്താൻ
ഈ യാത്ര തുടരുന്നതായിരിക്കും..
Leave A Comment