Tirupur, ഞാൻ ആദ്യമായി Tirupur പോയത് കൊച്ചിയിലുള്ള ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരം, പുള്ളിക്കാരൻ കൊച്ചിയിൽ നിന്ന് Coimbatore വന്നു താമസമാക്കി പലതരത്തിലുള്ള വ്യാവസായിക ഉദ്യമങ്ങൾ തുടങ്ങിയ ആളായിരുന്നു. അതിൽ ഒന്നായിരുന്നു Knitwear. പുള്ളിക്കാരന്റെ ഫാക്ടറിയുടെ ഉദ്ഘാടനത്തിനു വീട്ടിലുള്ളവരെ ക്ഷണിച്ചപ്പോളാണ്, യാത്രക്കുള്ള പദ്ധതി ഇട്ടതു, ഒരു വേനൽ അവധികാലം, ഞങ്ങളെല്ലാവരും ട്രെയിൻ കയറി വന്ന സ്ഥലമാണ്, എവിടെയെങ്കിലും ഒരു നിർമ്മാണശാലയോ, എക്സിബിഷനോ, ഉണ്ടെന്നു പറഞ്ഞാൽ കാണാൻ പോകാൻ എനിക്ക് വലിയ ഉത്സാഹമായിരുന്നു.
പുള്ളിക്കാരന്റെ വീട്ടിൽ എത്തി ഫാക്ടറിയുടെ മുന്നിൽ ചെന്നപ്പോൾ അതൊരിടത്തരം ഷെഡ്, നിറയെ വര്ണപ്പകിട്ടുള്ള വസ്ത്രങ്ങൾ ധരിച്ച പെൺകുട്ടികളും, വേഷ്ടിയും വെള്ള ഷർട്ടും ധരിച്ച ആണുങ്ങളും, കുറെ മേശ നിരത്തി ഇട്ടിട്ടുണ്ട് കുറച്ചു തയ്യൽ മെഷീൻ, ഇതിപ്പോ, ഞങ്ങളുടെ വീട്ടിന്റെ അടുത്തുള്ള ശശിയണ്ണന്റെ തയ്യൽകടയുടെ ഒരു 10 ഇരട്ടി, രണ്ടു മാസമായി കുറച്ചൊക്കെ തയ്ച്ചു, Bombay- ലുള്ള പുള്ളിക്കാരന്റെ കുടുംബസുഹൃത്തുക്കൾ നടത്തുന്ന കടകളിൽ കൊടുക്കുന്നുണ്ടായിരുന്നു
ഇറ്റലിയിലെ തുണി കച്ചവടക്കാരനായ Antony Verona എന്നൊരു സായിപ്പ് അത് വാങ്ങാൻ ഇടയായി, സാധാരണ വെള്ള ബന്യൻ , കുറഞ്ഞവിലയ്ക്ക്, കൂടുതൽ എണ്ണം, കുറഞ്ഞ സമയത്തിനുള്ളിൽ തരപെടുത്താം, എന്നറിഞ്ഞു ആ കടക്കാരുടെ കൂടെ തിരുപ്പൂര്-ലേക്ക് വണ്ടി കയറി. സായിപ്പു വന്നു ഒരു വലിയ കരാറ്കൊടുത്തു 10,000 കൈയ്യില്ലാത്ത വെള്ള ബന്യൻ തയ്ക്കാൻ, അപ്പോഴാണ് ഈ ഷെഡ് തരപ്പെടുത്തിയതും ,രണ്ടു വാഴ വെട്ടി തൂണിൽ ചേർത്ത് വെച്ച് കെട്ടിയിട്ടു, തോരണവും കുറുകെ കെട്ടി പേരുള്ള ബോർഡും വെച്ച് ഔദ്യോഗികമായ ഒരു സ്ഥാപനം ആക്കാൻ തീരുമാനിച്ചതും, അത് കാണാൻ നാട്ടിൽ നിന്ന് വണ്ടി കയറി വന്നവരാണ് ഞങ്ങൾ. അന്നവിടെ ആകെ തുന്നിയിരുന്നത് വെള്ള കൈയ്യില്ലാത്ത ബന്യൻ.
ഇവിടെ ഞാൻ എന്റെ ജീവിതത്തോട് ഇഴുകി ചേർന്നുകിടക്കുന്ന മൂന്നു പ്രിയപ്പെട്ടവരുടെ കാര്യം ഓർത്തു പോകുന്നു.
രാധാസ്, കൊല്ലത്തെപേരുകേട്ട തുണിക്കട, രംഗനാഥ റെഡിയാർ ഞങ്ങളെല്ലാവരും അദ്ദേഹത്തെ മുതലാളി എന്നാണ് വിളിച്ചിരുന്നത്, അലക്കി തേച് കഞ്ഞിപശമുക്കിയ വെള്ള കരയില്ലാത്ത ഒറ്റമുണ്ടു കണങ്കാല് കാണത്തക്കവണ്ണം ഉടുത്തു, വെള്ള കോട്ടൺ ഷർട്ടുമിട്ടു കടയിലങ്ങോളമിങ്ങോളം നേരം വെളുത്തു വൈകുന്നവരെ നടക്കുന്ന മുതലാളി, പുള്ളിക്കാരന്റെ കടയിൽ ആര് കയറി വന്നാലും മുതലാളി അവരെ കണ്ടിരിക്കും, സ്വീകരിച്ചിരിക്കും, ഒരു തോർത്ത് വാങ്ങാൻ രാധാസ് തുണിക്കടയിൽ കയറിയാൽ കൈനിറയെ തുണിത്തരങ്ങളുമായി മാത്രമേ ഇറങ്ങി വരാറുള്ളൂ, അന്നൊക്കെ ബ്രൗൺ പേപ്പർ കവറിലാണ് തുണി മടക്കി അടുക്കി വൃത്തിയായി പൊതിഞ്ഞു തന്നിരുന്നത്, അദ്ദേഹത്തിന്റെ അഥിത്യ മര്യാദയും, വിനയവും വാങ്ങാൻ വരുന്നവരോടുള്ള പെരുമാറ്റവും കാണാൻ മാത്രം ഞാൻ അവിടെ പോയിട്ടുണ്ട്.
എനിക്കോർമ്മയുള്ള നാള് മുതൽ ഞങ്ങളുടെയൊക്കെ ഉടുപ്പുകൾ അമ്മയുടെ നാത്തൂൻ വിമലമ്മാമയുടെ മേൽനോട്ടത്തിൽ വലിയ റ്റൈലറും, പുള്ളിയുടെ മകൻ ശിവനുമാണ് തുന്നിയിരുന്നത്, തുണികളുടെ വർണ്ണങ്ങളും, ചിത്രങ്ങളും ഘടനയും, ഇഴയും ഒക്കെ അതീവ ചാരുതയോടെ കൂട്ടി കലർത്തി യോചിപ്പിച് അതിൽ ഭംഗിയുള്ള പൂക്കൾ തുന്നി, സാധാരണ പ്ലാസ്റ്റിക് ബട്ടന്റെ പുറത്തു ഉടുപ്പിന്റെ തുണികൊണ്ടു മൂടി തുന്നി പിടിപ്പിച്ചു, വളരെ മനോഹരമായ സങ്കീർണ്ണമായ ലേസുകൾ തുന്നിച്ചേർത്തുള്ള ഉടുപ്പുകൾ; ഞങ്ങൾ കുട്ടികൾക്കെല്ലാം തുന്നി തന്നിരുന്നു.
ഒരിക്കൽ പോലും ഒരു റെഡിമേഡ് ഉടുപ്പിട്ടട്ടില്ല എല്ലാം വിമലമ്മാമ്മയുടെ ഡിസൈനർ ഉടുപ്പുകൾ, വിശിഷ്ടമായ സൃഷ്ടികൾ. എനിക്കോര്മയുള്ളപ്പോൾ മുതൽ ആർകെങ്കിലും കുഞ്ഞു ജനിച്ചാൽ എല്ലാവരും പുള്ളിക്കാരിയുടെ അതിലോലമായ കുട്ടി ഉടുപ്പുകൾ ആയിരുന്നു സമ്മാനമായി കൊടുത്തിരുന്നത്, ഉടുപ്പിന്റെ നെഞ്ചത്തായി സ്മോക്കിങ്, ഹണികോംബ് തയ്യലാൽ മനോഹരമാക്കിയവ; അതിൽ കൈകൊണ്ടു തുന്നിയചിത്രപ്പണികൾ, Strawberry, ചുവന്ന ദേഹവും കറുത്ത പൊട്ടുമുള്ള ലേഡി ബഗ്ഗ് . ഓരോ ഉടുപ്പും കണ്മുന്നിൽ നിൽക്കുന്ന പോലെ, തൂവെള്ള, ഇളം നീല പിങ്ക്, മഞ്ഞ എന്നുവേണ്ട ഇളം നിറങ്ങളുടെ അത്ഭുതലോകം. ഒന്നൊന്നിനെക്കാൾ മെച്ചം. നെഞ്ചത്ത് പിടിപ്പിക്കാനുള്ള യോകിലെ ഹണികോംബും ,സ്മോക്കിങ്ങും ഞാനും തുന്നിക്കൊടുക്കുമായിരുന്നു. അങ്ങനെ തുണികളോടും തയ്യലിനോടുമുള്ള ഇഷ്ടമാവാം തിരുപ്പൂര് പോകാനുള്ള പ്രേരണ ആയതു.
1973-ൽ അമ്മയും വിമലമ്മാമ്മയും ചേർന്നു എന്റെ വീട്ടിൽ ഒരു സാരി sale നടത്തി, അതിനു മുന്നേ അങ്ങനൊരു സംഭവം കൊല്ലത്തു ആരെങ്കിലും നടത്തിയതായി ഞങ്ങൾക്കാർക്കും അറിയില്ല. മുതലാളിയാണ് Kanchipuram- ത്തുള്ള നെയ്ത്തുകാരുടെ പേരുവിവരം തന്നത്.
ഇത്തവണ അമ്മയും, വിമലമ്മാമയും, മാത്രം മദ്രാസിലേക്ക് വണ്ടി കയറി അവിടെ നിന്ന് ടാക്സി പിടിച്ചു Kanchipuram-തേക്ക് പോയി നെയ്ത്തുശാലയിൽ നൂറു സാരി ഏർപ്പാടാക്കി. എല്ലാം വ്യത്യസ്തമായ സാരികൾ. ഇവർ രണ്ടുപേരും ഡിസൈൻ ചെയ്തവ. സാരികൾ വന്നപ്പോൾ ഞങ്ങളുടെ വീടിന്റെ മുൻവശത്തെ മുറി പ്രദർശന മുറിയായി. സാരിയുടെ പട്ടിക പ്രകാരമുള്ള പേരുവിവരം , നിറത്തിന്റെ ആദ്യത്തെ 3 അക്ഷരങ്ങൾ ചേർന്ന ഒരു രഹസ്യചിഹ്നമായിരുന്നു. അതിന്റെ കൂടെ വിലയുടെ അവസാനത്തെ 2 അക്കം എന്നിട്ടു വിൽക്കാനുള്ള വില അതൊക്കെ വളരെ കൃത്യമായി കണക്കു കൂട്ടി തീരുമാനിച്ചിരുന്നു. എല്ലാ ചിലവും കണക്കാക്കി അതിന്റെ പുറമെ ഒരു ലാഭമിട്ടാണ് വില ഇട്ടതു, വില ഇടുന്നതിൽ എല്ലാവിധ നിർദ്ദേശവും തന്നത് രാധാസിലെ മുതലാളിയുടെ ഭാര്യ ശകുന്തളാമ്മയും. ഒരു കാരണവശാലും ഇങ്ങനെ ഒരു സാരി കടയിൽ നിന്ന് കിട്ടില്ല കിട്ടിയാൽ തന്നെ ഈ വിലയിലും കൂടുതലെ ആവൂ. മറക്കാനാവാത്ത അനുഭവം, വീട് നിറയെ കൊല്ലത്തുള്ള പരിചയക്കാർ ആന്റിമാർ; എല്ലാവരും വീട്ടുകാരുടെ സുഹൃത്തുക്കൾ, ഒരു ദിവസം കൊണ്ട് സാരിയെല്ലാം കാലിയായി. ഭാഗ്യത്തിന് ആദ്യമേ മാറ്റിവെച്ചതു കൊണ്ട് അമ്മയ്ക്കും വിമലമ്മാമ്മക്കും 8 സാരി കിട്ടി. അതിൽ അമ്മയുടെതു ഇന്നും എന്റെകൈയ്യിൽ. ഒരെണ്ണത്തിന്റെ പ്രത്യേകത 40” കസവു പല്ലു ബാക്കിയെല്ലാം ഒരു നിറം , അസാധ്യ ഭംഗിയുള്ള അന്തരം.
Sailesh Khona, ഞങ്ങൾ പോയ ഫാക്ടറി ഉടമസ്ഥന്റെ അനുജൻ, , കൊച്ചിയിൽ കുടിയേറിപ്പാർത്ത ജൈന മത വിശ്വാസികളായ ഗുജറാത്തികൾ, ജനിച്ചതേ കച്ചവടം ചെയാനായി. Sailesh അമേരിക്കയിൽ എത്തി, അമേരിക്കയിലുള്ള അനിയനെ കാണാൻ വന്ന ചേട്ടൻ, ഒരു വഴിക്കു പോകുന്നതല്ലേ എന്ന് കരുതി Verona സായിപ്പിന് തയ്ച്ച വെള്ള ബനിയനും, കൂട്ടത്തിൽ കുറച്ചു നിറമുള്ള ബനിയനും കൂടി തയ്യാറാക്കി കൈയ്യിലെടുത്തു. വന്നിറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോൾ പൊതിയെടുത്തു അനിയനെ ഏൽപ്പിച്ചു,
തുണിയെപറ്റിയോ തുണി കച്ചവടത്തെ പറ്റിയോ ആധികാരികമായി ഒന്നും തന്നെ അറിയില്ലാതിരുന്നിട്ടും ഭയമില്ലാതെ ഗാര്മെന്റ് ഡിസ്ട്രിക്ടിലുള്ള ഓരോ കടയിലും സാംപിളുമായി കയറി ഇറങ്ങി. ചെറുപ്പം, ഒന്നും നഷ്ടപെടാനില്ല, ഭാഗ്യം എന്ന് പറയട്ടെ Sailesh-ന് Apparel Zone എന്ന കമ്പനിയിൽ നിന്ന് രണ്ടാം മാസം 24,000 റഗ്ബി ഷർട്ടിന്റെ ഓർഡർ കിട്ടി. അന്നത് തിരുപ്പൂർ എന്നല്ല ഇന്ത്യയിലെ തന്നെ ഒരു വലിയ ഓർഡർ ആയിരുന്നു.
അന്തം വിട്ട Sailesh Macy’s കടയിലെ ജോലി രാജി വെച്ചു.
Apparel Zone ഉടമസ്ഥനും സൈലേഷും തിരുപ്പൂര്ക്കു വണ്ടി കയറി, എന്ത് നോക്കണമെന്നോ എങ്ങനെ നോക്കണമെന്നോ അറിയാത്ത Sailesh- ന് പ്രത്യേകിച്ചൊരു പ്രശ്നവും തോന്നിയില്ല, പക്ഷെ ഫാക്ടറിയിലെ രീതിയെല്ലാം വളരെ പ്രാകൃതമായിരുന്നു. എന്തായാലും സാധനം 50 ദിവസത്തിനു ശേഷം അമേരിക്കയിൽ എത്തി.
വന്നപ്പോൾ സംഗതി ആകെ ഗുലുമാലായി
ഒരൊറ്റ ഉടുപ്പില്ലാതെ എല്ലാത്തിന്റെയും നിറം ഇളകാൻ തുടങ്ങി, ബട്ടണും ബട്ടൺ ഹോളും തമ്മിൽ ചേരാതെ, ഉടുപ്പിന്റെ കുടുക്കിടാൻ പറ്റാത്ത അവസ്ഥ വേറെയും, വലിയ നഷ്ടപരിഹാരം കൊടുക്കണ്ട വന്ന് ഫാക്ടറിക്ക്
രണ്ടാമത്തെ ഓർഡർ
സ്ത്രീകളുടെ ഉടുപ്പുകൾ അതിൽ ചിത്രപ്പണികൾ തുന്നിയതു, മെഷീൻ ഉപയോഗിച്ച് ഈ ചിത്രങ്ങൾ തുന്നുമ്പോൾ മണ്ണെണ്ണയുടെ ഉപയോഗം വരും, പക്ഷെ പൂർത്തിയായ ഉടുപ്പുകൾ ട്രൈക്ലീൻ ചെയ്തിട്ട് വേണം കയറ്റി അയക്കാൻ
എന്ത് പറയാനാണ് കുറ്റമറ്റതായി ചിട്ടകൾ പാലിക്കുന്ന സമ്പ്രതായം എന്നൊന്നില്ലാത്ത നമ്മൾ വൈകുവോളം വെള്ളം കോരിയിട്ടു കലം ഉടച്ചു
സാധനം വന്ന് ഓരോ പ്ലാസ്റ്റിക് കവർ തുറക്കുമ്പോഴേക്കും മുറിയിലാകെ മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം, പണ്ടെപ്പോഴോ പറഞ്ഞു കേട്ടിട്ടുണ്ട്, നിയമപാലകർ സ്ഥിരമായി വെക്കുന്ന തൊപ്പി ഊരി കള്ളന്മാരെ മണപ്പിച്ചാൽ ഏതു കള്ളനും ബോധം കെടും എന്ന്, അങ്ങനെ ആരൊക്കെയോ ബോധം കെട്ടു, അതും പാളി വലിയ നഷ്ടപരിഹാരം.
മൂന്നാമത് കിട്ടിയ ഓർഡർ
വർണ്ണവിസ്മയം വിടർത്തിയ T- ഷർട്ടുകൾ, Todays Man എന്ന കടക്കാരുടെ വക
സാധനം വന്നു, കടയിലെ കണ്ണാടി കൂട്ടിലെ ബൊമ്മകോലങ്ങളെ അണിയിച്ചൊരുക്കി നിർത്തി, മഞ്ഞുകാലം മാറി വേനലായി, കടയിലേക്ക് കയറി വന്ന ഉടമസ്ഥൻ ഒന്ന് ഞെട്ടി, ഇതേതു നിറം എന്നായി കടയ്ക്കുള്ളിൽ കയറിയപ്പോൾ ബൊമ്മയുടെ ഉടുപ്പിന്റെ പിൻഭാഗം നല്ല ശോഭയേറിയ വർണ്ണം മുൻവശം വെയിലിൽ നരച്ചിരിക്കുന്നു. ഒരുടുപ്പിൽ 3 നിറം. അതും പാളി
തുണികളും തുണിക്കച്ചവടവും ഈ വഴിയൊന്നു കൂടി പോകുന്നു ഞാൻ ഈ യാത്രയുടെ ഓർമകളിലൂടെ വീണ്ടും തിരുപ്പൂരിനെ ഓർത്തുകൊണ്ട്.
വര്ഷങ്ങള്ക്കു ശേഷം സിഡ്നിയിൽ കുടിയേറി പാർക്കാൻ പോയ ഞാൻ Sailesh തന്ന സാമ്പിളുകളുമായി സിഡ്നിയിലെ പേരുകേട്ട ഡിപ്പാർട്മെന്റൽ സ്റ്റോറിലെ തുണിത്തരങ്ങൾ വാങ്ങുന്ന ആളുകളെ കാണാനായി നേരം വെളുത്തിരുട്ടുവോളം നടന്നു. ഫാഷൻ ലോകത്തു അടുത്ത വർഷത്തെ നിറം, തുണിയുടെ തരം, സ്റ്റൈൽ, ഫാഷൻ, രീതി, ഇതെല്ലം ആദ്യം ഇറങ്ങുന്നത് അമേരിക്കയിലാണ്, ഓസ്ട്രേലിയ അത് പിന്തുടരുന്നു. ഒന്ന് ഋതുഭേദങ്ങൾ ഇവിടെ ആദ്യം വരുന്നു, മറ്റുള്ളിടത്തെയെല്ലാം അപേക്ഷിച്ചു കൂടുതൽ വാങ്ങുന്ന വിപണിയും അമേരിക്ക ആണ്.
തുടക്കത്തിലേ പ്രശ്നങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ Sailesh-നെ Knitwear -ൽ ഒരു വിദഗ്ദ്ധന് ആക്കി, എന്റെ ഗുരുവായി, ഞാൻ Strenght of Materials, ഇക്കണോമിക്സുംപഠിച്ച പോലെ തുണിയുടെ ഊടും പാവും തമ്മിലുള്ള ബന്ധവും നൂലിന്റെ എണ്ണവും നിറത്തിന്റെ പ്രത്യേകതകളും ഉടുപ്പിന്റെ ഭാരവും, പലതരം തുണികളുടെ പേരും നാളുമെല്ലാം എഴുതി പഠിച്ചു. രാധാസിലെ മുതലാളിയുടെ പെരുമാറ്റ രീതികളിൽ നിന്ന് പഠിച്ച നുറുങ്ങു വിദ്യകൾ അവലംബിച്ചപ്പോൾഎനിക്കും കിട്ടി ഒരു വലിയ ഓർഡർ Woolworths എന്ന സ്റ്റോറിന്റെ, ഒരു ലക്ഷം T ഷർട്ട്, പല സൈസിൽ പല നിറത്തിൽ, ആദ്യത്തെ ഓർഡർ ഏറ്റെടുക്കാൻ തീരുമാനിച്ചു.
വിമലമ്മാമയുടെ ഉടുപ്പുകൾ മറിച്ചും തിരിച്ചുമിട്ടു നോക്കിയാലും കാണുന്ന പരിപൂർണ്ണത കണ്ടു വളർന്ന എനിക്ക്, തിരുപ്പൂര് ഫാക്ടറിയിലെ പരിശോധനായാത്രകൾ വളരെയധികം ആവേശമുണർത്തുന്നതായിരുന്നു. ഫാക്ടറികളുടെ നിലവാരം വളരെ വളരെ ഉയർന്നിരുന്നു,അച്ചടിപ്പിശകുകൾ നോക്കി ശീലിച്ച എനിക്ക് ഏതെങ്കിലും അറ്റത്തു ഒരു തയ്യൽ മാറിയിട്ടുണ്ടെങ്കിൽ, ബട്ടൺ ഹോളിന്റെ വരിച്ചിലിൽ എന്തെങ്കിലും പാകപ്പിഴ വന്നിട്ടുണ്ടെങ്കിൽ, അതൊക്കെ കണ്ടുപിടിക്കാൻ അധികം നേരം വേണ്ടിയിരുന്നില്ല. ഗുണനിലവാര നിയന്ത്രണത്തിൽ പാലിക്കേണ്ട സൂക്ഷ്മഭാവങ്ങൾ ശടപടാന്നു എടുത്തു പറയാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.
പക്ഷെ വിലയുടെ കാര്യത്തിൽ ഓസ്ട്രേലിയ വളരെ വളരെ പിന്നോക്കം ആയിരുന്നു. കാരണം ഓസ്ട്രേലിയയിൽ വിൽക്കുന്ന വിലയും കുറവ്, ചൈനക്കാരാണെങ്കിൽ കാഴ്ചക്ക്നമ്മൾ കൊടുക്കുന്ന ഉടുപ്പുകളെ പോലെ തന്നെ ഇരിക്കുന്നവ വളരെ വിലകുറച്ചു കൊടുക്കാൻ തയ്യാർ. നമ്മൾക്കതു മുതലാവില്ല കാരണം നമ്മുടെ ഉടുപ്പിന്റെ ഇഴകൾ വളരെ അടുത്തതും മേന്മയേറിയതും ആയിരുന്നു. അങ്ങനെ ഒരു ഓർഡർ കഴിഞ്ഞതും ആ പരിപാടി നിർത്തി. എന്റെ തിരുപ്പൂര് പോക്കും അവസാനിച്ചു.
വണ്ടിയും തിരുപ്പൂർ വിട്ടു
അമേരിക്കയിലെ അനുഭവങ്ങളുടെ കടപ്പാട് ഇപ്പോൾ ന്യൂ യോര്കിൽ പല ബ്രാൻഡിൽ ഉടുപ്പുകൾ വിതരണം ചെയ്യുന്ന Sailesh Khona-ക്ക്
ഈ യാത്ര തുടരുന്നതായിരിക്കും
Leave A Comment