ഓരോ സ്റ്റേഷനിലും വണ്ടി നിർത്തുമ്പോഴുള്ള കാഴ്ചകൾ വളരെയധികം കൗതുകം ഉള്ളതായിരുന്നു, ജനാല കമ്പികളിലോട്ടു മുഖത്തിന്റെ ഒരു വശം അമർത്തിപിടിച്ചിട്ടു വെളിയിലോട്ടു നോക്കി ഇരിക്കും , ഓടുന്ന ട്രെയിനിൽ പുറത്തോട്ടു നോക്കുമ്പോൾ കണ്ണട ഇല്ലാതെയാണിരിക്കുന്നതെങ്കിൽ പുറകിലുള്ള ഗാർഡിന്റെ മുറിയുടെ വശത്തേക്ക് നോക്കിയിരിക്കുന്നതാണ് നല്ലതു, കണ്ണിൽ പൊടി വീഴാതിരിക്കും. കടന്നു പോയ വഴികൾ ചക്രവാളസീമക്കപ്പുറം കണ്ടുകൊണ്ടിരിക്കാം;
കവിളിൽ കാറ്റടിക്കുന്നതും ഒരു പ്രത്യേക രീതിയിലാണ്, എഞ്ചിനീയറിംഗ് പഠനത്തിലെ Aerofoil- നേയും Aerodynamics തത്വങ്ങളെയും ഓർമിപ്പിക്കുന്നു; എന്റെ വികാരങ്ങളെയും വിചാരങ്ങളെയും വാനോളം ഉയർത്തുന്ന അനുഭൂതിയാണ് കവിളിൽ കാറ്റടിക്കുമ്പോൾ ഉണ്ടാവുന്നത്. എന്റെ കണ്മുന്നിൽ മിന്നിമറയുന്ന കാഴ്ചകൾ കേരളത്തിന്റെ പരിച്ഛേദമാണ്.
പാളങ്ങളുടെ തൊട്ടു കീഴെവരെയുള്ള ജീവിതങ്ങൾ, പാളത്തിലെ കരിങ്കല്ക്കഷ്ണങ്ങളിൽ തുണി ഉണക്കാൻ വിരിച്ചിട്ടിരിക്കുന്നതു കാണാം, ചെറുപ്പത്തിൽ പാളത്തിന്റെ വശങ്ങളിൽ കണ്ടിരുന്ന വേഷങ്ങൾ കൈലി, കള്ളിമുണ്ടു, ഷർട്ട് , പാന്റ് മുണ്ടും നേര്യതും , സാരി, പാവാട, ബ്ലൗസ് ഒക്കെ ആയിരുന്നു. അങ്ങനെ ഇരുന്നപ്പോഴാണ് House Coat എന്നൊരു ഒറ്റമൂലി ഇറങ്ങിയത് , ഏതുനേരവും, എവിടെയും, എങ്ങനെയും, എപ്പോഴും, ഇടാൻ പാകത്തിനുള്ള ഒരു ലോഹ, തലയണ ഉറയ്ക്ക് കൈയ്യും കഴുത്തും വെച്ചിട്ടൊരു കുപ്പായം, ചിലതിനു ഇടുപ്പിനൊരു കെട്ടുപാടുമായി, പൊറോട്ട മലയാളിയുടെ ദേശിയ ആഹാരമായ പോലെ, House Coat മലയാളി മങ്കമാരുടെ ഊരാഉടുപ്പായി, നേരം വെളുത്തു അസ്തമിച്ചാലും, ഉറക്കത്തിലും ഊണിലും, ഊരാത്ത ഉടുപ്പ്.
വയലുകളുടെ ഇടയിലൂടെ വണ്ടി പോയപ്പോൾ, ചെവിയിൽ തൂക്കിയിട്ട വെള്ളക്ക കടുക്കനുമായി വരമ്പത്തു ഇസ്പേട് ഗുലാനേ വെട്ടിമലർത്തുന്ന കൂട്ടരേ കണ്ടു .
പിന്നെ പലയിടത്തായി അടച്ചിടുന്നു റെയിൽവേ ക്രോസിൽ കുത്തി കയറി നിൽക്കുന്ന സൈക്കിളും, പലതരം ഇരു ചക്ര വാഹനങ്ങളും, ഓട്ടോയും, കാറും, ബസും, കാളവണ്ടിയും, കൈവണ്ടിയും, ലോറിയുമെല്ലാം കണ്ടു .
ട്രെയിൻ, സ്റ്റേഷനിൽ എത്താറാവുന്നതും, സ്റ്റേഷന്റെ വശമാണോ എന്ന് ദൂരെന്നെ നോക്കിയിട്ടു അതനുസരിച്ചു മാറി ഇരിക്കും; സ്റ്റേഷനിൽ എത്തി നിൽക്കുമ്പോഴുള്ള കാഴ്ചകൾ എനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നു. ഓരോ ഇടത്തുമുള്ള ആൾക്കാരുടെ ഭാഷ, ശൈലി, ഭക്ഷണം എല്ലാം വ്യത്യാസമാണ്. ചിലതൊക്കെ എന്നെ അമ്പരപ്പിച്ചിട്ടുണ്ട്
ആൾക്കാരുടെ പെരുമാറ്റരീതികൾ നോക്കിയിരിക്കാൻ നല്ല രസമാണ്.
മലയാളിയുടെ സ്വതസിദ്ധമായ വെപ്രാളം, എങ്ങനെയും ഇടിച്ചു കയറി പറ്റാനുള്ള അടങ്ങാത്ത ഒടുങ്ങാത്ത വ്യഗ്രത. എന്താണെന്നറിയില്ല , നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ നിരവധി ശീലങ്ങളിൽ ഒന്നാണ് ക്യൂ ഒരിക്കലും പാലിക്കില്ല എന്നുള്ള ചിട്ട.
റോഡിൽ വണ്ടിയോടിക്കുമ്പോൾ കുത്തികയറ്റും, എവിടെ പോയി ടിക്കറ്റ് എടുക്കാനോ കയറാനോ ഇറങ്ങാനോ ചെന്നാൽ ഇടിച്ചു തള്ളി മുന്നിൽ നിൽക്കുന്നവരെ മറിച്ചിടും, ഉന്തി തള്ളി അകത്തു ആദ്യം കയറിയിട്ട് പ്രത്യേകിച്ച് ഒരു പ്രയോജനം ഇല്ലെങ്കിലും എങ്ങനെയും ഞ്ഞൂന്നു കയറണം എന്നുള്ളത് നമ്മുടെ മൗലിക അവകാശമാണെന്നാണ് വെയ്പ്പ്. അത് പാലിച്ചില്ലെങ്കിൽ എന്തൊക്കെയോ നഷ്ടപെടുന്ന പോലെയാണ് നമ്മൾക്കു, ഒരുതരം കുറ്റബോധം പോലെ.
വിമാനം താഴോട്ടിറങ്ങുന്നതിനു മുന്നേ മുകളിലുള്ള പെട്ടിയെടുത്തു ചാടിയിറങ്ങാൻ തയ്യാറാവുന്ന ആൾക്കാരെ നമ്മുടെ ഇടയിൽ മാത്രമേ കാണാറുള്ളൂ
സത്യത്തിൽ സമാധാനത്തിനു വരിവരിയായി വരക്കുള്ളിൽ നിന്നാൽ എല്ലാവർക്കും കയറാം, സമയവും ലാഭം, ആർക്കും ആരെയും ഉന്തണ്ട, തള്ളണ്ട, കൃത്യസമയത്തു തന്നെകയറാനും പറ്റും. സാരിയെല്ലാം വലിച്ചുപൊക്കി, കൈയ്യിലും കക്ഷത്തുമെല്ലാം സാധനങ്ങളുമായി കയറുന്ന സ്ത്രീകൾ, അവരുടെ ഇടയിലൂടെ തടവികയറുന്ന കോവാലന്മാർ,
കൊച്ചുകുട്ടികൾ കളിക്കുന്ന ഒരു കളിയുണ്ടല്ലോ രണ്ടു പേര് ഗേറ്റ് പോലെ കൈ കൂട്ടിപ്പിടിച്ചു നിന്നിട്ടു പാട്ടു പാടും, കുട്ടികൾ വരിവരിയായി ഇടയിലൂടെ കയറി ഇറങ്ങും, ഇടയ്ക്കു പാട്ടു നിർത്തുമ്പോൾ ഒരാളെ നമ്മുടെ കൈവലയത്തിനുള്ളിൽ തടവിലാക്കുന്ന കളി, ഇങ്ങനെ ഇടിച്ചു കയറി വാതുക്കൽ തടവി വിടാൻ തയ്യാറായി നിൽക്കുന്നവർ, നമ്മുടെ ഇടയിൽ മാത്രം കാണുന്ന ഒരു പ്രത്യേക കൂട്ടരാണ്.
അപ്പോൾ ഞാൻ ഒരു കഥ ഓർത്തു, എന്റെ അപ്പ പറഞ്ഞ കഥയാണ്, കേട്ട് കേഴ്വിയാണ്, എന്റെ വല്യപ്പച്ചൻ വക്കീലായിരുന്നു, പുള്ളിക്കാരന് പറ്റിയ പണിയല്ലായിരുന്നു വക്കീൽ പണി, ശിക്ഷിക്കാനൊന്നും അറിയില്ല, എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി അവസാനം ഒരു പ്രതിയെ പിഴയും തടവും ശിക്ഷിക്കാൻ വാദിച്ചു ജയിച്ചു. ജഡ്ജി ശിക്ഷയും വിധിച്ചു
അപ്പോൾ പ്രതി പറഞ്ഞു പോലും ഏമാനെ പിഴകുറച്ചു കൂട്ടിയാലും വേണ്ടില്ല, തടവ് വേണ്ട, എനിക്ക് ഇക്കിളി ആവും; ഇങ്ങനെ തടവി ഇക്കിളികൂട്ടാൻ തയ്യാറായി വാതുക്കൽ നിൽക്കുന്ന പൂവാലന്മാർ. സത്യത്തിൽ പ്രൈവറ്റ് ബസ്, സിനിമാ കൊട്ടക, ട്രെയിൻ, ഇവിടെയെല്ലാം ക്യൂ പാലിക്കാത്തതു, ഈ തടവലിനു വേണ്ടി മാത്രമായിരിക്കാം.
കാപ്പി, കാപ്പിയെ, ചായ, ചായയെ, വടൈ, വടൈ , ഞങ്ങളുടെ കല്യാണരാമൻ സാറിനെ പോലെ എല്ലാം രണ്ടു വട്ടം പറയുന്ന കച്ചവടക്കാർ, ആവി പറക്കുന്ന കാപ്പിയും ചായയും ജനൽകമ്പികൾക്കിടയിലൂടെ കളയാതെ അകത്തു കടത്തുന്നു, ഒരാൾക്കല്ല ഓടി നടന്നു ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള കംപാർട്മെന്റിലുള്ളവർക്കെല്ലാം കാപ്പിയോ ചായയോ കൊടുത്തിരിക്കും, കാശ് കൊടുക്കാൻ ശ്രമിക്കുമ്പോഴേക്കും വണ്ടി വിട്ടിരിക്കും, അപ്പോഴേക്കും ചില്ലറ പെറുക്കണം, ബാക്കി വാങ്ങണം, കുടിക്കണം, ഗ്ലാസ് തിരികെ കൊടുക്കണം. ഇപ്പോഴൊക്കെ കളയുന്ന കപ് ആണ് പണ്ടൊക്കെ വെട്ടുഗ്ലാസ്സ് ആയിരുന്നു,
പക്ഷെ കച്ചവടക്കാർ ഒരു അറ്റത്തൂന്നു കാശു വാങ്ങും , വെട്ടു ഗ്ലാസും വാങ്ങി വണ്ടിയുടെ കൂടെ ഓടും വണ്ടി സ്പീഡ് എടുക്കുന്നതിനു മുന്നേ അങ്ങേ അറ്റം വരെയുള്ള എല്ലാവരുടെ കൈയ്യിൽ നിന്നും കാശും ഗ്ലാസ്സും വാങ്ങിയിരിക്കും.
ഇതൊക്കെ പരിശീലിപ്പിക്കുന്ന സർവകലാശാല വിശപ്പിന്റെ വിളിയും, ജീവിക്കാനുള്ള ആവേശവും മാത്രമാണ്. വളരെ അപൂർവമായി അവരും കൂടെ കയറും, അവർക്കാർക്കും ടിക്കറ്റ് ബാധകമല്ല, കിട്ടാനുള്ളതെല്ലാം വാങ്ങിയിട്ട് അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരികെ പോകുന്ന ട്രെയിനിൽ കയറി പോകും. വണ്ടി അങ്ങനെ കോട്ടയമെത്തി.
കോട്ടയത്തു കിട്ടുന്ന ഒരു ഏത്തക്ക അപ്പമുണ്ട്, പുഴുങ്ങിയ ഏത്തക്കാ നെടുകെ പിളർന്നതിൽ, അവൽ ശർക്കരയിട്ടു വിളയിച്ചത് വെച്ച് നിറച്ചിട്ടു മാവിൽ മുക്കി പൊരിച്ചത്. മഞ്ഞ നിറം കുറച്ചു കൂടുതൽ ആണിതിന്, കൈയ്യിൽ നല്ലവണ്ണം എണ്ണ പറ്റും. ഒരൊന്നൊന്നര ഭക്ഷണമാണ്, അസാദ്ധ്യ രുചിയും.
മധുര പലഹാരങ്ങളോട് വലിയ പ്രതിബദ്ധത ഇല്ലാത്ത എനിക്ക് എന്റെ അമ്മയുടെ ക്രിസ്ത്മസ് കേക്കിന്റെ രുചി ഇന്നും നാവിൻ തുമ്പത്തുണ്ട്, അമ്മയുടെ മരണത്തോടെ ആ കേക്കും കാലയവനികക്കുള്ളിൽ മറഞ്ഞു. ഇവിടെ ഇപ്പോൾ അതോർത്തെടുക്കാൻ കാരണം ട്രെയിൻ സ്റ്റേഷനുകളിലും ട്രെയിനിലും പലഹാരങ്ങൾ കൊണ്ടുനടക്കുന്ന അലുമിനിയം ട്രേ ആണ്, ദീർഘചതുരാകൃതിയിലുള്ള വക്കുള്ള ട്രേ, അതിലാണ് പലഹാരങ്ങൾ കൈയ്യിൽ പിടിച്ചു കൊണ്ടുനടക്കുക.
ക്രിസ്തുമസിന് ‘അമ്മ അൻപതോളം കേക്ക് ഉണ്ടാക്കും, ഉണങ്ങിയ മുന്തിരിയും, ഈന്തപ്പഴവും, ചെറിയും, ഓറഞ്ചിന്റെ തൊലി ഉണങ്ങിയതും, ട്യൂട്ടി, ഫ്രൂട്ടിയുമൊക്കെ ഇട്ടിട്ടു, ഒരേ അളവിൽ മുറിച്ചത്. മാസങ്ങൾക്കു മുന്നേ ‘അമ്മ, ഈ കൂട്ടെല്ലാം, തേവള്ളിയിലെ മിലിറ്ററിക്കാരുടെ ക്യാന്റീനിൽ നിന്നും സാമിച്ചായന് കിട്ടുന്ന റമ്മിൽ കുതിർത്തു വെയ്ക്കും.
കുതിർത്ത സാധനങ്ങൾ, മുട്ട, അമേരിക്കൻ മാവ്, പഞ്ചസാര, വെണ്ണ ഇതെല്ലം ഒരേ തൂക്കം, അതാണമ്മയുടെ കൂട്ടിന്റെ അളവ്. പഞ്ചസാര കരിച്ചൊഴിച്ചു, കേക്കിന്റെ ജീരകവും, ജാതിക്കായും, ചുക്കും, പട്ടയും, ഗ്രാമ്പൂവൊക്കെ ഇട്ടു ഒരടിപൊളി കേക്ക്, അതിന്റെ മത്തുപിടിപ്പിക്കുന്ന മണം, സ്വാദ്, മാര്ദ്ദവം, അത് അമ്മക്ക് മാത്രം സ്വന്തം. കേക്കിന്റെ കൂട്ട് വലിയ ഉരുളിയിൽ ഉണ്ടാക്കിയിട്ട് അത് ട്രെയിനിൽ സാധനം വിൽക്കുന്ന പോലത്തെ അലൂമിനിയം ട്രേയിൽ ഒഴിച്ചാണ് കടപ്പാക്കടയിലെ പ്രിയ തിയേറ്ററിന്റെ അടുത്തുള്ള ഇന്ത്യൻ ബേക്കറിയുടെ ബോർമ്മയിൽ കൊണ്ടുപോയി ബേക് ചെയ്യുക.
എന്നിട്ടു ഓരോ കേക്ക് ആയി വാക്സ് പേപ്പറിൽ പൊതിയും, ഇപ്പോൾ പാർച്ചമെന്റ് പേപ്പർ എന്ന് പറഞ്ഞു വാങ്ങാൻ കിട്ടും. എന്നിട്ടു ചിന്നക്കട മെയിൻ റോഡിലെ ബ്യൂട്ടി പാലസ് കടയിൽ നിന്ന് വാങ്ങുന്ന ചുവപ്പും, പച്ചയും, സ്വർണ്ണവും നിറമുള്ള റിബ്ബൺ കൊണ്ട് ബോ കെട്ടി ഭംഗിയാക്കി ഓരോ കൂട്ടുകാരുടെ വീടുകളിൽ കൊണ്ട്പോയി കൊടുക്കും.
കേക്ക് മാർദ്ദവം ഏറിയതാവാൻ, ഉപയോഗിക്കുന്ന സാധനങ്ങൾ ശുദ്ധമായിരിക്കണം, പുത്തനായിരിക്കണം, താപനില സാധാരണ മുറിയുടേതാവണം, 23 ഡിഗ്രി, ഫ്രിഡ്ജിൽ നിന്ന് നേരിട്ടെടുക്കുന്ന വെണ്ണയും, മുട്ടയും ഉപയോഗിക്കരുത്. വെണ്ണയും പഞ്ചസാരയും യോജിപ്പിക്കുന്നതു എത്രമാത്രം മാർദ്ദവമാകുന്നുവോ, അത്രയ്ക്ക് കേക്കും നന്നാവും,
‘അമ്മ ഉരുളിയിൽ കൈയ്യുടെ വെള്ള വെച്ചാണ് പഞ്ചസാരയും വെണ്ണയും യോജിപ്പിക്കാറു, ഞാനും സഹായിക്കാറുണ്ട് തറയിൽ കുരണ്ടിയിൽ കുത്തിയിരുന്ന്, കൈയെല്ലാം അപ്പുറത്തെ ഉമ്മ ഒറൊട്ടി പരത്തുമ്പോൾചുമക്കുന്ന പോലെ ചുമന്നു തുടുക്കാറുണ്ട്. പക്ഷെ കൈ കൊണ്ട് തേച്ചുണ്ടാക്കുന്ന കേക്കിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. അമേരിക്കൻ മാവ് മുറത്തിൽ വെച്ച് വെയിലത്ത് വെക്കും, ബേക്കിംഗ് പൌഡർ ചേർത്ത് മൂന്നു വട്ടം ഇടയും, ഇതിന്നും ഞാൻ പിന്തുടരുന്നു, കൊക്കോ ചേർക്കുന്ന കേക്ക് ആവുമ്പോൾ കൊക്കോയും ചേർത്ത് മാവ് മൂന്നു വട്ടം ഇടയും. ചില ശീലങ്ങൾ മാറ്റാൻ ശ്രമിക്കാറില്ല.
കോട്ടയം വിട്ടതും എല്ലാവരും അവിടെയും ഇവിടെയുമായി ഒന്നിരിപ്പായി, വിശപ്പൊക്കെ തത്കാലം ഒതുങ്ങി. എറണാകുളം എത്താൻ ഇനി ഒന്നരമണിക്കൂറെടുക്കും.
യാത്ര തുടരുന്നതായിരിക്കും
Leave A Comment