യാത്രകൾ തുടങ്ങുന്നത് എപ്പോഴും അതിരാവിലെയാണ് , തലേ ദിവസം ഏറ്റവും കൂടുതൽ തവണ കേൾക്കുന്ന കാര്യം, വെളുപ്പിനെ ഇറങ്ങണം, ഗതാഗതകുരുക്കിൽ പെടാതെ നേരത്തെ നമുക്ക് എത്തേണ്ട സ്ഥലത്തെത്താം, വളരെ സൂക്ഷമമായ ആസൂത്രണമാണ് യാത്രകൾക്ക്.
എന്റെ അപ്പ രാവിലെ 4 മണിക്ക് എഴുന്നേൽക്കും, എനിക്ക് എന്റെ അപ്പന്റെ തനി സ്വഭാവം എന്ന് ‘അമ്മ പറയും, എവിടെയെങ്കിലും പോകണം എന്ന് തീരുമാനിച്ചാൽ പിന്നെ അലാറത്തിന്റെ ആവശ്യമേ ഇല്ല,
ഓരോ അര മണിക്കൂറും ഉണർന്നു സമയം നോക്കിയിരിക്കും, ഒരു കാരണവശാലും താമസിക്കുന്ന പ്രശ്നമേയില്ല. ഇന്നും അത് തുടരുന്നു
എന്റെ വീട്ടിലെ ചിട്ടകളും രീതികളും, കണ്ണിമയ്ക്കാതെ എനിക്കോർത്തെടുക്കാൻ പറ്റും,
നേരം വെളുക്കുമ്പോൾ തയ്യാറാകുന്ന കാര്യങ്ങൾ
വെളുക്കുന്നതിനു മുന്നേ ഒരു കുട്ടകം കട്ടൻ കാപ്പി ഇട്ടു സ്റ്റീൽ ജഗ്ഗിൽ ഒഴിച്ച് വെക്കും. തലേന്ന് രാത്രിയിൽ കരിപ്പുകട്ടി വെള്ളത്തിലിട്ടു വെക്കും, വെളുപ്പാന്കാലത്തു കരിപ്പുകട്ടി അലിഞ്ഞ കാപ്പി പാത്രം അടുപ്പിൽ വച്ച് തിളപ്പിച്ചതിൽ, കൊല്ലത്തെ റോയൽ കോഫിയുടെ കാപ്പിപ്പൊടി ഇട്ടാണ് കട്ടൻ കാപ്പി ഉണ്ടാക്കുക, ഈ കാപ്പിയുടെ മണം ഉളിയക്കോവിലിൽ നിന്ന് അങ്ങ് കടപ്പാക്കട വരെ കിട്ടും, അത്രയ്ക്ക് നല്ല കാപ്പിപ്പൊടി ആണ്.
ജുഗ് കുന്നുംകുളത്തെ വലിയപ്പച്ചൻ ഉണ്ടാക്കി തന്നതാണ്. മെയ്ഡ് ഇൻ കുന്നുംകുളം, ജഗ്ഗിന്ന് വളരെ സൂക്ഷ്മമായ രൂപകല്പനയാണ് ഉള്ളത്, ഒരു പിടിയും ഒരടപ്പും ഒരു ചുണ്ടുമുണ്ട്. പിടിയുടെ പ്രത്യേകത , പിടി പൊള്ളയാണ്. ചൂട് കാപ്പി ഒഴിച്ചാലും പിടിയിൽ ചൂടടിക്കില്ല. ചുണ്ടിന്റെ ഉള്ളിൽ സ്റ്റീലിൽ തീർത്ത ഒരു അരിപ്പ ഘടിപ്പിച്ചിരിക്കുന്നു . കരിപ്പുകട്ടി യുടെ നാരോ മറ്റോ ഉണ്ടെങ്കിൽ അരിച്ചു മാറ്റാൻ. ചുണ്ടിന്റെ മുകളിലായി വിജാഗിരി ഘടിപ്പിച്ച ഒരു അടപ്പുണ്ട്, കാപ്പി ഒഴിക്കുന്നതനുസരിച്ചു തനിയെ തുറക്കുകയും അടയുകയും ചെയ്യുന്ന ഒരടപ്പ്, എല്ലാം വളരെ, വിദഗ്ദ്ധമായതും, സൂക്ഷ്മവുമായ നിർമ്മാണ ഘടകങ്ങൾ. ഞാൻ ഉപയോഗിച്ച് ശീലിച്ച ഓരോ സാധനങ്ങളുടെയും വിശദമായ രൂപകൽപന എന്നെ എന്നും ആശ്ചര്യപെടുത്തിയിട്ടുണ്ട്.
ജഗ്ഗുകളുടെ പുറത്തു ഓരോ ടീ കോസികൾ വെച്ച് മൂടും, ടി കോസികളുടെ ഉത്ഭവം നമ്മുടെ നാടല്ല, ബ്രിട്ടീഷുകാരുടെ സ്വന്തമാണ് ടീ കോസി, ഫ്ലാസ്കുകൾ വീടുകളിൽ സർവസാധാരണം ആവുന്നതിനു മുന്നേ താപം കാത്തു സൂക്ഷിക്കാൻ ‘അമ്മ തുന്നി ഉണ്ടാക്കിയ ടീ കോസികൾ, ചിത്രപ്പണികൾ ഉള്ളവ, ‘അമ്മ തുന്നിയ ഓരോ സാധനങ്ങളും ഉറ ഊരി കഴുകാവുന്നതായിരുന്നു. ഈ ഒരു ചെറിയ വിശദാംശം പിൽക്കാലത്തു എന്തു ചെയ്യുമ്പോഴും ഞാനും പിന്തുടരുന്നു, എനിക്കറിയാം ഇന്ന് ഉപയോഗിച്ചിട്ടുടനെ കളയുന്ന രീതികളാണ് പലതിനും. എന്നാലും, കഴുകി വൃത്തിയാക്കാൻ പറ്റുന്ന കുഷ്യന് കവറുകൾ, മെത്ത ഉറകൾ എന്നും മനസ്സിന് ആശ്വാസം തരുന്നു,
ചൂട് കട്ടൻ കാപ്പി ഒരു കപ്പിൽ പകർന്നതിൽ അല്പം പശുവിൻ നെയ് ഇട്ടാൽ നിരന്തരമായി മാറുന്ന ഓളങ്ങൾ കാണാം, വിസ്മയിപ്പിക്കുന്ന ആകൃതികൾ, അത് ഊതി ഊതി. കുടിക്കുമ്പോളുള്ള സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല, അനുഭവിച്ചു തന്നെ അറിയണം
അന്നൊക്കെ വീട്ടിനു ആവശ്യമുള്ള അലങ്കാര വസ്തുക്കൾ അവരവർ തന്നെയാണ് ഉണ്ടാക്കിയിരുന്നത്, അതിനൊരു നിശ്ചിത സമയവും ഉണ്ടായിരുന്നു, വീട്ടു ജോലികളെല്ലാം ഒതുക്കിയിട്ടു 10 മണിയോടെ ഓരോ ക്രിയാത്മകമായ ജോലികളിൽ ഏർപ്പെടുകയാണ് ചെയ്യാറ്. തയ്യൽ, അച്ചാറിടുക, കേക്ക് ബിസ്ക്കറ്റ് ബെക് ചെയ്യുക, കുഞ്ഞുങ്ങളെ നോക്കുക , വെയിൽ ആറുന്നതനുസരിച്ചു പുറമെയുള്ള പൂന്തോട്ടം, കൃഷി,തുടങ്ങിയ പണികളിൽ വ്യാപൃതരായിരിക്കുക.
എന്റെ ‘അമ്മ ചിത്രപ്പണികളും, പല തരത്തിലുള്ള അലങ്കാരങ്ങളും തുന്നുമായിരുന്നു, ‘അമ്മ cross stitch തയ്ച്ച മനോഹര വിരിപ്പുകളായിരുന്നു, കട്ടിലിൽ വിരിച്ചിരുന്നത്, മധുര കോട്സിന്റെ നൂലാണ് തയ്ക്കാനുപയോഗിച്ചിരുന്നത് , അല്പം പോലും മങ്ങലേൽക്കാതെ, ഇന്നും, 60 വർഷത്തിന് ശേഷവും ഭംഗിയായി എന്റെ വീട്ടിൽ, പഴമയുടെ പ്രൗഡിയെ ഓർമപ്പെടുത്തുന്ന കുടുംബ സ്വത്ത്. ‘അമ്മ തയ്ച്ച ഒരു വിരിപ്പ് ഫ്രെയിം ചെയ്തതിന്റെ പടമാണിന്നു ഇവിടെ ചേർത്തിരിക്കുന്നത്.
നേരം വെളുക്കുന്നതും ഒരു അപ്പച്ചെമ്പിൽ താറാമുട്ടയും, ഏത്തക്കയും പുഴുങ്ങാൻ വെക്കും, ആര് വീട്ടിൽ വന്നാലും, വെളുപ്പിനെ എഴുന്നേൽക്കുന്നതും വിശന്നാൽ ഉടനെ തന്നെ കട്ടിക്ക് വയറ്റിൽ കിടന്നോളും, താറാമുട്ട പുഴുങ്ങിയത്, ഉപ്പും കുരുമുളക് പൊടിയും കൂടി ചേർത്തതിൽ മുക്കി മുക്കി, കഴിക്കാം, ഇന്നിപ്പോൾ ഞാൻ മുട്ട പുഴുങ്ങുന്നതും പ്രഷർ കുക്കറിൽ ആണ്. മുട്ട പ്രഷർ കുക്കറിൽ മെല്ലെ വെച്ചിട്ടു മുട്ടയുടെ മുക്കാൽ ഭാഗം മുങ്ങി കിടക്കാനുള്ള വെള്ളം ഒഴിക്കും. പ്രത്യേകം ശ്രദ്ധിക്കുക, പ്രഷർ കുക്കറിൽ മുക്കാൽ ഭാഗമല്ല, മുട്ടയുടെ മുക്കാൽ ഭാഗം, 1 സ്പൂൺ ഉപ്പുമിട്ട് weight ഇട്ടിട്ടു ഒരു ചൂളമടിച്ചതും തീ കെടുത്തണം. പ്രഷർ മുഴുവനായും പോകുമ്പോൾ തുറന്നിട്ട് മുട്ട പച്ച വെള്ളത്തിൽ ഇടണം അതിനു ശേഷം പൊളിച്ചു ഉപയോഗിക്കാം. സമയവും , ഇന്ധനവും ലാഭം.
ഏത്തക്ക ഇല്ലാത്ത ജീവിതത്തെ പറ്റി ആലോചിക്കാനേ മേല . ഭാഗ്യത്തിന്, അമേരിക്കയിൽ നല്ല അടിപൊളി ഏത്തക്ക കിട്ടും, അടിപൊളി നാടൻ കായ. നല്ല മുഴുത്ത ഏത്തക്ക, ഓരോരോ കായ ആയി, എടുത്തിട്ട് അതിൽ ഓരോന്നിലും കൃഷിക്കാരന്റെ മേൽവിലാസം അച്ചടിച്ച കുഞ്ഞു ചീട്ടു ഒട്ടിച്ചത്. അത് ഒരു കാർഡ്ബോർഡ് പെട്ടിയിൽ അടുക്കി വെച്ചാണിവിടെ കിട്ടാറ്. ഒരു പെട്ടിയിൽ 70എണ്ണം കാണും, പ്രഷർ കുക്കറിലാണ് ഞാൻ ഏത്തക്കയും പുഴുങ്ങാറ് , രണ്ടിഞ്ചോളം വെള്ളം ഒഴിച്ചിട്ടു, ഏത്തക്ക വെള്ളത്തിൽ മുങ്ങി കിടക്കരുത്, വെള്ളത്തിൽ തട്ടാതെ പുഴുങ്ങുന്ന അരിപ്പ പോലെ ഉള്ള പാത്രത്തിൽ വെച്ച് വേണം വേവിക്കാൻ. പ്രഷർ കുക്കറിൽ weight ഇട്ടു ഏത്തക്കായുടെ പഴുപ്പ് അനുസരിച്ചു ഒന്നോ രണ്ടോ മൂന്നോ ചൂളമാണ് കണക്കു.
പഴുത്ത ഏത്തക്ക പുഴുങ്ങിയത് ആറുമ്പോൾ ഫ്രീസറിൽ ഓരോന്നായി വേറെ വേറെ cling wrap-ൽ പൊതിഞ്ഞു വെയ്ക്കാം, എത്ര നാള് വേണമെങ്കിലും ഫ്രീസറിൽ ഇരിക്കും. ആവശ്യാനുസരണം നാലഞ്ച് മണിക്കൂർ പുറത്തു വെച്ചിട്ടു തണുപ്പ് പോകുന്നതും വെറുതെ ഒന്ന് ആവി കയറ്റി ഉപയോഗിക്കാം. അതിങ്ങനെ ചൂടോടെ എടുത്തിട്ട് പിളർന്നു അകത്തു കുറച്ചു നെയ്യും ഇച്ചിരി പഞ്ചസാരയും വിതറി മുറിച്ചു മുറിച്ചു കഴിച്ചാൽ അറിയാതെ ദൈവത്തിനു സ്തുതി പറഞ്ഞു പോകും. ഏത്തക്കാപ്പം, ഉണ്ണിക്കായ, എന്തും രുചിയോടെ ഉണ്ടാക്കി കഴിക്കാം
കാറിൽ കൊണ്ടുപോകേണ്ട സാധനങ്ങളെല്ലാം എടുത്തു വെച്ചിട്ടു എല്ലാവരും കുളിച്ചു റെഡി ആയി യാത്ര തുടങ്ങാൻ തയ്യാറാവും, കുടുംബത്തിലുള്ളവരെല്ലാവരും ഒരുമിച്ചു നിന്ന് പ്രാർത്ഥിച്ചിട്ടു മാത്രമേ യാത്ര തുടങ്ങാറുള്ളു.
എന്റെ ‘അമ്മ 1960-ൽ തയ്ച്ച വിരിപ്പ്
തെക്കൻ അമേരിക്കയിൽ വളർത്തുന്ന ഏത്തക്ക
യാത്രാ പംക്തി തുടരുന്നതായിരിക്കും
Leave A Comment