അണ്ണന് പെണ്ണ് കാണാൻ, പോകാൻ തീരുമാനിച്ചുറച്ചതും, അമ്മായി ചട്ടയും മുണ്ടുമൊക്കെ ഇട്ടു നേര്യതും, നല്ല ഒരു വിദേശ ബ്രോച്ചും കുത്തി , കൂടെ ചാടി വണ്ടിയിൽ കയറി, വണ്ടി പെണ്ണിന്റെ വീട്ടു മുറ്റത്തു ചെന്നതും അമ്മായിക്ക് വല്ലാത്ത ശങ്ക, പെണ്ണിന്റെ അമ്മയുടെ അടുത്ത് നിന്ന യുവതിയുടെ കൈ പിടിച്ചു ഒന്നമർത്തിയിട്ടു പറഞ്ഞു, എനിക്ക് പഞ്ചാരയുടെ ധീനമുണ്ട്, ഇച്ചിരി യാത്ര ചെയ്താൽ വല്ലാത്ത ശങ്ക ആണ്, അപ്പോഴേക്കും കാര്യം മനസ്സിലായ യുവതി അമ്മായിയേയും കൊണ്ട് ഒരു കിടപ്പുമുറിക്കുള്ളിലൂടെ നടന്നു അറ്റത്തുള്ള ചെറിയ വാതിലിലിന്റെ അടുത്തെത്തി തള്ളി, അമ്മായി ചെരിഞ്ഞു അകത്തു കയറി.
അമ്മായി അവിടെയെല്ലാം ഒന്ന് പരിശോധിച്ച്, തിരികെ ഇറങ്ങിയപ്പോഴേക്കും യുവതിയെ കാണാനില്ല, കിട്ടിയ അവസരത്തിന് വന്ന വഴിയേ തിരിച്ചു പോകാതെ, കോഴിക്ക് വസന്ത വന്ന പോലെ കിറുങ്ങി കിറുങ്ങി അതിലെ ഇതിലെ ചുറ്റി മനഃപൂർവ്വമായി, അടുക്കളയിൽ എത്തി, അപ്പോഴേക്കും പെണ്ണിന്റെ ‘അമ്മ അവിടേക്കു ഓടി എത്തി കാപ്പിയും പലഹാരവും എടുക്കുന്ന ധൃതി, അമ്മായി അടുക്കള ഭാഗവും പിന്നാമ്പുറവും സൂക്ഷ്മമായി നോക്കി, പുറത്തോട്ടു നോക്കി എത്ര തെങ്ങുണ്ട്, കുലച്ച വാഴയുണ്ടോ, ചേനയും കാച്ചിലുമൊക്കെ കൃഷിയുണ്ടോ എല്ലാം ഒറ്റ നോട്ടത്തിൽ നോക്കി മനസ്സിൽ കുറിച്ച് വെച്ചു.
പണ്ടത്തെ ആൾക്കാർ പറയും വീട്ടുകാരുടെ വൃത്തി അറിയണമെങ്കിൽ അടുക്കള, പിന്നാമ്പുറം , കുളിമുറി ഇത് മൂന്നും കണ്ടാൽ മതിയെന്ന്. ഇന്നിപ്പോൾ അതിനു Macro level due diligence എന്ന് പറയും,
പക്ഷെ പണ്ടും ആണുങ്ങളുടെ വീട്ടിൽ പോയി ഒരു അമ്മായിയും ഇതൊന്നും നോക്കിയിരുന്നില്ല സ്ത്രീ പുരുഷ സമത്വം അങ്ങനെയും രക്ഷയില്ല.
ശുചിത്വം, വെടിപ്പ്, വൃത്തി, പരിശുദ്ധി ഇതെല്ലം ചേർന്ന് കിടക്കുന്ന ശീലങ്ങൾ ആണ്, ചൊട്ടയിലെ ശീലം ചുടല വരെ, അക്ഷരമാലയും, ഗുണനപ്പട്ടികയും പഠിപ്പിക്കുന്ന നമ്മൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിച്ചേ പറ്റൂ പാലിച്ചേ പറ്റൂ വൃത്തിയുള്ള ശീലങ്ങൾ,
ലോകത്തിന്റെ പലകോണിൽ നിന്നുമുള്ള ആളുകൾ, പ്രായഭേദമെന്യേ ജാതി മത ഭേദമെന്യേയാണ് വിമാനത്തിലും, കപ്പലിലും, ബസിലുമൊക്കെ യാത്ര ചെയ്യുക, മണിക്കൂറുകളോളം പുറത്തിറങ്ങാതെ ഉള്ള യാത്ര.
ഓസ്ട്രേലിയയുടെ ദേശീയ വിമാനം Qantas-ൽ 1988-ൽ യാത്ര ചെയ്തപ്പോൾ, സുരക്ഷയേ പറ്റിയുള്ള ബോദ്ധ്യപ്പെടുത്തല് കഴിയുന്നതും, യാത്രക്കാരുടെ ശ്രദ്ധക്കായി ഒരു വീഡിയോ പ്രദർശിപ്പിച്ചു, അവർ തുടങ്ങിയത് തന്നെ ആരെയും പ്രകോപിപ്പിക്കാത്ത ഒരാൾക്കും ചമ്മലോ, ദേഷ്യമോ, ഈർച്ചയോ ഉണ്ടാക്കാത്ത ഒരു മുഖവുരയോടെയാണ്, എല്ലാവരുടെയും പൊതുവായ പങ്കാളിത്തം ആവശ്യമായ ഒരു നല്ല കാര്യം എന്ന് മാത്രമല്ല അവരവർക്കു പ്രയോജനമുള്ള കാര്യമാണ്, അല്ലാതെ ബലം പ്രയോഗിച്ചു ചെയ്യണ്ട കാര്യമല്ല എന്ന് ബോധ്യപ്പെടുത്തുന്ന ഒരു വീഡിയോ പ്രദർശിപ്പിച്ചു
യാത്ര സന്തോഷകരമാക്കാൻ, സുഖപ്രദമാക്കാൻ ടോയ്ലറ്റ് എങ്ങനെ ഉപയോഗിക്കണം, അടുത്ത ആൾക്ക് വേണ്ടി എങ്ങനെ വൃത്തിയാക്കി ഇടണം എന്ന് കാണിക്കുന്ന വീഡിയോ
ഒരു വാഷ് ബേസിൻ ഉപയോഗിച്ച ശേഷം വെള്ളത്തോടെ ഇടാതെ തുടച്ചു വൃത്തിയാക്കി ഉണക്കി ഇടുക, വാട്ടർ ക്ലോസേറ്ന്റെ ചുറ്റും തറ തുടച്ചിടുക, സീറ്റ് തുടച്ചു ഇടുക, തുടങ്ങിയ ഓരോ കാര്യങ്ങളും വളരെ ഭംഗിയായി വിസ്തരിക്കുന്ന വീഡിയോ, സത്യത്തിൽ ആ യാത്രയിൽ ഉടനീളം ഓരോരുത്തരും അടുത്ത ആൾക്ക് വേണ്ടി കരുതലോടെ വിഡിയോയിൽ പറഞ്ഞതെല്ലാം ശ്രദ്ധയോടെ ചെയ്തു.
ഇന്നും അത് തുടരുന്നു, കാലം എത്ര കഴിഞ്ഞിട്ടും ഒരു വിമാനത്തിൽ കയറിയാൽ, പൊതു സ്ഥലത്തു പോയാൽ ആദ്യം മനസ്സിൽ വരുന്നത് ആ ഒരു വീഡിയോ ആണ്, വിമാനത്തിലുണ്ടായിരുന്ന, ഓരോ യാത്രക്കാരനും സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു, 8 മണിക്കൂർ യാത്രക്ക് ശേഷവും, ആർക്കും മനം പുരട്ടാതെ ടോയ്ലറ്റ് ഉപയോഗിക്കാൻ സാധിച്ചു.
നമ്മളൊക്കെ ചെറുപ്പത്തിൽ കേട്ടിട്ടുള്ള കാര്യമാണ്; അതെങ്ങനാ കുതിരയെ വെള്ളത്തിന്റെ അടുത്ത് കൊണ്ടുപോകാനല്ലേ പറ്റൂ കുടിപ്പിക്കാൻ പറ്റില്ലല്ലോ , അവനു തോന്നണ്ടേ പഠിക്കണമെന്ന്. ശരിയാണ്
അവരോർക്കു തോന്നി ചെയ്യണ്ട കാര്യമാണ് പൊതു സ്ഥലങ്ങൾ വൃത്തിയായും വെടിപ്പായും സൂക്ഷിക്കണമെന്നത് പൊതു സ്ഥലങ്ങൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കണം, എന്നു കാണിക്കുന്ന ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം, ദൃശ്യങ്ങൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടയ്ക്കും, വീണ്ടു വിചാരം ഉണർത്തും, പൊതു സ്ഥലങ്ങളിൽ ഇത്തരം വിഡിയോകൾ സ്ഥിരമായി പ്രദർശിപ്പിക്കണം, പഠിത്തത്തിന്റെ ഭാഗം ആക്കുകയും വേണം. ശുചിത്വം ഇല്ലായ്മ നമ്മളുടെ ഓരോരുത്തരുടെയും നിലനില്പിനെ ബാധിക്കും എന്ന് സ്വയം ബോധ്യപ്പെടണം, സ്വയം ഉത്തരവാദിത്വവും ഏറ്റെടുക്കണം എന്നാൽ പിന്നെ നമ്മൾക്കാർക്കും ഒരിക്കലും ഒരു പൊതുസ്ഥലത്തെ ടോയ്ലറ്റ്നെ പറ്റി വ്യാകുലപ്പെടേണ്ടി വരില്ല.
വൃത്തികേടിനെ പറ്റി ബോധവാന്മാരാവണം, എന്നാൽ മാത്രമേ വൃത്തി അറിയൂ.
Leave A Comment