വരച്ചുകൊണ്ടിരുന്നതിന്റെ ഇടയിൽ എന്തോ ഓർത്ത പോലെ കുട്ടി ചോദിച്ചു?, ചേട്ടാ, അന്നൊരു കാര്യം പറഞ്ഞില്ലേ ?എറണാകുളം ലോ കോളേജിലെ ജഡ്ജി മാരുടെ അടുത്ത് മുട്ടിയ, സ്ത്രീ പുരുഷ സമത്വത്തിനെ പറ്റി ഒക്കെ പ്രസംഗിച്ച ഒരു പാർട്ടി
ആ പാർട്ടി ഭയങ്കര ഗൗരവക്കാരനായിരിക്കും അല്ലേ,
ങേ എന്തുവാ പറഞ്ഞെ, ഗൗരവം
അതൊക്കെ അറിയണമെങ്കിൽ നമുക്ക് സഹമുറിയനായിരുന്ന ബോബനോട് ചോദിക്കാം , ഞാൻ പോയി വിളിച്ചോണ്ട് വരാം
എല്ലാവരും മെസ്സടിച്ചിട്ടു ഇറങ്ങുന്ന സമയം, ബോബനെ കണ്ടുപിടിക്കാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടണ്ട കാര്യമില്ല, ആരോഗ്യത്തിന് ഒത്തിരി ഒത്തിരി മുൻതൂക്കം കൊടുക്കുന്ന, ഒന്നുരണ്ടു പേരിൽ ഒരാളാണ് നമ്മുടെ കടമ്പനാട്ടുകാരൻ ബോബൻ അന്നും, ഇന്നും.
ഗ്രാമങ്ങളുടെയും, പഞ്ചായത്തുകളുടെയും മാറിലൂടെ മാരത്തോൺ ഓടുന്ന ബോബൻ , കാലു വലിച്ചു, നീട്ടി ഹോസ്റ്റലിന്റെ മുന്നിലൂടെ ഉലാത്തുന്ന ബോബൻ എല്ലാവരുടെയും അഭിമാനമാണ്, അന്തസ്സാണ് .
ബോബന്റെ തോളിൽ തട്ടി വിളിച്ചിട്ടു പറഞ്ഞു
ബോബാ കുറച്ചു നേരം എന്റെ കൂടെ വാ, കുറച്ചു നേരം മതി , നമ്മുടെ LP സ്കൂളിന്റെ ഹാളിലേക്ക് ഒന്ന് വാ,
ഈ LP സ്കൂൾ, ഹോസ്റ്റലിലെ ഒരു ബ്ലോക്ക് ആണ് അതിനു നമ്പർ ഇല്ല , ലോവർ പ്രൈമറി എന്ന് വിളിക്കാൻ കാരണം , ഒരൊറ്റ വലിയ മുറിയാണ്; പൊതു ശയന മുറി പോലെ, ഹോസ്റ്റലിലെ 5 ബ്ലോക്കുകളിലും മുറികൾ തികയാതെ വരുമ്പോൾ പുതിയ കുട്ടികളെ പാർപ്പിക്കാൻ; ആ ബ്ലോക്കിനെ LP സ്കൂളെന്നു വിളിച്ചു ആ പേരൊരിക്കലും മാറിയതുമില്ല.
ബോബൻ വന്നു, വളരെ ചിട്ടയോടെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി; ഞങ്ങൾ 5 പേരാണ് ക്ലാസ്സിലെ ഒരു സംഘം, ഹാജർ പുസ്തകത്തിൽ അക്ഷരമാല ക്രമത്തിൽ അയ്യഞ്ചു പേരായി ഭാഗിക്കയാണ് പതിവ് , എല്ലാ പ്രാക്ടിക്കൽസിനും ഞങ്ങൾ ഒരുമിച്ചായിരിക്കും, പിന്നെ പരീക്ഷക്ക് ഇരിക്കുന്നതും അടുത്തടുത്തായിരിക്കും. അത് പഠിത്തം തീരുന്നടം അങ്ങനെ തുടരും, ആദ്യ സെമസ്റ്റർ മുതൽ അവസാനം വരെ ഞങ്ങൾ 5 പേർ : ഞാൻ ബോബൻ വി ജോർജ്, ബോബൻ വി. സ്, ബാബു ഇ. കെ, ജോർജ്കുട്ടി പിന്നെ ഈ പാർട്ടിയും.
ഞങ്ങൾ മെക്കാനിക്കൽ ആണെങ്കിലും ആദ്യ വര്ഷം സിവിലും, എലെക്ട്രിക്കലും വിഷയങ്ങൾ പഠിക്കണം. വ്യക്തമായ അടിസ്ഥാനം കിട്ടാനാണ്.
മുതിർന്ന ക്ലാസ്സിലെ മെക്കാനിക്കൽ ചേട്ടന്മാർ ആദ്യം തന്നെ ഒരു വിലപ്പെട്ട ഉപദേശം തരും , ഈ രണ്ട് വിഷയങ്ങളും എങ്ങനെയെങ്കിലും ഉരുട്ടി പുരട്ടി രക്ഷപെട്ടോണം, ഒരു പൊല്ലാപ്പിനും പോകരുത്,
സിവിൽ എഞ്ചിനീറിങ്ങിന്റെ സോയിൽ മെക്കാനിക്സ് ലാബ്, ഞങ്ങളുടെ ടീച്ചർ മൃണാളിനി ടീച്ചർ!
പുള്ളിക്കാരി ഒരു പുലി ആണ്
ഡിപ്പാർട്മെന്റിലെ മുതിർന്ന ടീച്ചർ, ടീച്ചറിന്റെ അടുത്ത് ഒരു വിളവും നടക്കില്ല, എന്ന് മാത്രമല്ല നമ്മൾ മുറ്റത്തെ പോച്ചയിലോ, പുല്ലിലോ കാണുന്നതിന് മുന്നേ ടീച്ചർ അങ്ങ് കാലിഫോർണിയയിലെ ചുവന്ന തടിയുള്ള, നൂറോളം മീറ്റർ പൊക്കമുള്ള മരത്തിന്റെ മുകളിൽ കാണും
ടീച്ചർ ഒരു നല്ല മനസ്സിന്റെ ഉടമ ആയിരുന്നു, ഞങ്ങൾ പഠിച്ചു മിടുക്കരാകണം എന്നുള്ള കടുത്ത ആഗ്രഹം, അത് സാധിച്ചെടുക്കാൻ വേണ്ടി പുള്ളിക്കാരി എല്ലാ അടവും പ്രയോഗിക്കും, വായും നോക്കി സമയവും കളഞ്ഞു കാര്യഗൗരവമില്ലാതെ തേരാ പാരാ നടക്കുന്നവരെ കാണുമ്പോഴേ ടീച്ചറിന് ശുണ്ഠിപിടിക്കും , പിന്നെ പിടിച്ചാൽ നിൽക്കില്ല എന്ന് മാത്രമല്ല , ആയുധം വെച്ച് കീഴടങ്ങി പഠിക്കാൻ തുടങ്ങുന്നിടം വരെ ഒരു രക്ഷയുമില്ല, ജാമ്യമില്ലാ കോടതി,
ഒരു തരം ലാടം വെച്ച ചെരുപ്പ് തറയിൽ അമർത്തി ചവുട്ടി, എന്നിട്ടൊന്നു നിരക്കി ഒരു പ്രത്യേക തരം ശീല്കാര ശബ്ദം പുറപ്പെടുവിച്ചാണ് ടീച്ചർ നടക്കാറ്, ടീച്ചർ ആണ് വരുന്നതെന്നറിയാൻ പ്രത്യേക ചാരപ്പണിയൊന്നും ആവശ്യമില്ല
പക്ഷെ പഠിക്കും എന്ന് കണ്ടാൽ അല്ലറ ചില്ലറ കുരുത്തക്കേടും ചുറ്റികളിയുമൊന്നും പുള്ളികാരിക്ക് ഒരു പ്രശ്നമല്ല
നമ്മളെ കാണുമ്പോൾ, ഒന്നിരുത്തി മൂളി, ഒന്ന് ചെരിഞ്ഞു നോക്കി, ചുണ്ടിന്റെ അറ്റം കോടി ഒന്ന് ചിരിച്ചു നമ്മുടെ തൊലി ശരിക്കും ഉരിച്ചു ടീച്ചർ കടന്നു പോകും
ലാബിലെ അതിസൂക്ഷ്മമായ കൃത്യത നിർണ്ണയിക്കുന്ന, വിലകൂടിയ ഉപകരണങ്ങളെല്ലാം നല്ല തേക്കിന്റെ പെട്ടിയിൽ പച്ച നിറത്തിലെ കമ്പിളി പുതപ്പിൽ പൊതിഞ്ഞാണ് സൂക്ഷിക്കാറ്, ഒരു ചെറിയ താക്കോൽ ദ്വാരവും ഒരു കുട്ടി പിച്ചള താക്കോലും.
പൂട്ടി വളരെ ഭദ്രമായിട്ടാണിതൊക്കെ വെക്കാറ്
സോയിൽ മെക്കാനിക്സ് പ്രാക്ടിക്കൽസ് ക്ലാസ്, എല്ലാവരും ലാബിൽ ചെന്നു. ഞങ്ങൾ 5 പേരും ഒരുമിച്ചൊരു മേശയുടെ അടുത്ത് നിലയുറപ്പിച്ചു ടീച്ചറിന് വേണ്ടി കാത്തു നിന്ന്
മൃണാളിനി ടീച്ചർ വന്നു, ഒരു ഉപകരണമെടുത്തു തുറന്നു , കാണിച്ചു തന്നു, എങ്ങനെ ആണ് ഉപയോഗിക്കണ്ടത്, അളവുകൾ എങ്ങനെയാണ് രേഖപെടുത്തണ്ടത് ഇതെല്ലം പറഞ്ഞിട്ട് അടുത്ത സംഘത്തിന്റെ അടുത്തേക്ക് പോയി.
ടീച്ചർ ഇപ്പൊ വരാം, ആംഗ്യത്തിൽ, സ്ഥിരം നമ്പർ ഇറക്കി പാർട്ടി സ്ഥലം വിട്ടു.
ഈ പാർട്ടി ഇങ്ങനെയാ , എല്ലാ പ്രാക്ടിക്കൽസിനും എന്തെങ്കിലും നമ്പർ ഇറക്കി മുങ്ങും, എല്ലാ സംഘത്തിലും ആരെങ്കിലും ഒരുത്തൻ കാണും എല്ലാം ചെയ്യാൻ, ബാക്കി ഒരുത്തനും ശ്രദ്ധിക്കാറുമില്ല ഒന്നും ചെയ്യാറുമില്ല. എന്നിട്ടു പരീക്ഷ ആകുമ്പോൾ ഒന്നോ രണ്ടോ പഠിക്കും അത് കഴിഞ്ഞുള്ളതെല്ലാം സംഭവാമി യുഗേ യുഗേ .
എല്ലാവര്ക്കും ഓരോന്ന് പറഞ്ഞു കൊടുത്തിട്ടു തിരികെ വന്ന ടീച്ചർ, ക്ലാസ്സിലെ എല്ലാവരോടുമായി പ്രാക്ടിക്കൽസ് തുടങ്ങാനായി നിർദ്ദേശം നൽകി
അപ്പോഴേക്കും, ഞങ്ങൾ രണ്ടു ബോബൻ മാരും കൂടി പെട്ടി എടുത്തു നേരെ വെച്ചു, എന്നിട്ടു അടപ്പു പൊക്കാൻ ശ്രമിച്ചു, പൊങ്ങുന്നില്ല, ടീച്ചറിന്റെ കണ്ണുകളുടെ നിരീക്ഷണ പരിധി കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ആണ്, ഈ, ഇവന്മാരെന്താ പൊതിയാത്തേങ്ങയിട്ടുരുട്ടുന്ന കുട്ടിത്തേവാങ്കുകളെ പോലെ എന്ന് മനസ്സിൽ കരുതി ടീച്ചർ അടുത്ത് വന്നു
എന്താ ഉദ്ദേശം പെട്ടെന്ന് പരിപാടി തുടങ്
ടീച്ചർ പെട്ടി തുറക്കാൻ പറ്റുന്നില്ല.
ടീച്ചറും പിടിച്ചു നോക്കി എന്നിട്ടു പറഞ്ഞു
ഇത് പൂട്ടിയിരിക്കയാണല്ലോ താക്കോൽ എവിടെ?
എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി, കണ്ണിലും, കൈയ്യിലും മേശയിലും എല്ലാം നോക്കി, എന്നിട്ടു ബോബൻ ഒന്നും ഓർക്കാതെ പറഞ്ഞു
അതിനു ടീച്ചർ അല്ലെ കാണിച്ചോണ്ടിരുന്നേ ടീച്ചർ
അതെ അതുകൊണ്ട്?
ടീച്ചർ പൂട്ടിക്കൊണ്ടു പോയിട്ടുണ്ടാവും,
ടീച്ചർ എന്തും സഹിക്കും
പക്ഷെ ടീച്ചറിന്റെ നേരെ വിരൽ ചൂണ്ടിയാൽ
തള്ള പുലി കുട്ടി പുലിയുടെ കഴുത്തിൽ കടിച്ചു പിടിച്ചു പൊക്കി ഒന്ന് കുടഞ്ഞെടുക്കില്ലേ
അത് പോലെ, ആദ്യം നോക്കി കുടയും,
വീണ്ടും എന്തെങ്കിലും ഒപ്പിച്ചാൽ , അവന്റെ കാര്യം പോക്കാ
ടീച്ചർ തന്റെ വജ്രായുധം എടുത്തു
ഇറങ്ങിക്കോ എന്റെ ക്ലാസ്സീന്ന്
അങ്ങനെ ബോബനെ ടീച്ചർ ക്ലാസ്സിൽ നിന്ന് പുറത്താക്കി
ബോബൻ എന്ത് ചെയ്യണമെന്നറിയാതെ ലാബിന്റെ പുറത്തിറങ്ങി
കുറച്ചു നേരം കതകിന്റെ മുന്നിൽ തന്നെ നിന്നു
എന്തെങ്കിലും ഒരു അവസരം കിട്ടിയാൽ ടീച്ചർ അങ്ങോട്ടെങ്ങാനും വന്നാൽ ക്ഷമ പറയാമെന്ന ധാരേണ
ടീച്ചർ ആരാ കക്ഷി ആ ഏരിയയിലേക്ക് വന്നതുമില്ല, നോക്കിയതുമില്ല
ലാബിന്റെ അകത്തേക്ക് നോക്കി നിന്ന ബോബൻ കുറച്ചു കഴിഞ്ഞു ലൈബ്രറിയുടെ വശത്തേക്കും, ലേഡീസ് വെയ്റ്റിംഗ് റൂമിന്റെ വശത്തേക്കും നോക്കി നിന്നു
അപ്പോൾ ദേ വരുന്നു നമ്മുടെ പാർട്ടി, ലൈബ്രറിയിൽ നിന്നിറങ്ങി വെയ്റ്റിംഗ് റൂമിന്റെ മുന്നിലൂടെ വളരെ വളരെ സാവധാനത്തിൽ, ക്ലാസ്സിൽ കയറാനുള്ള ഒരു ഉദ്ദേശവും ഇല്ലാത്ത പോലെ
ബോബൻ കൈയും കാലും കാണിച്ചു ശബ്ദമില്ലാതെ വിളിക്കാൻ തുടങ്ങി
പാർട്ടി ഇടനാഴിയുടെ അറ്റത്തെത്തി ഇടത്തോട്ട് നോക്കിയപ്പോൾ ബോബനെന്തൊക്കെയോ ആംഗ്യം കാണിക്കുന്നു
അടുത്തോട്ടു വന്നു
എന്താ ബോബാ? എന്ത് പറ്റി ? നീയെന്താ പുറത്തു ? പ്രാക്ടിക്കൽസ് കഴിഞ്ഞോ?
ഹോ ഇതറിഞ്ഞെങ്കി നേരത്തെ തന്നെ ഞാനെന്റെ പുസ്തകവും എടുത്തോണ്ട് മുങ്ങിയേനെ
ബോബൻ വളരെ ദയനീയമായി പറഞ്ഞു
ഇല്ല പാർട്ടി; ഞാൻ ചെയ്തു തീർന്നില്ല, സത്യത്തിൽ നമ്മളുടെ സംഘത്തിന്റെ പരീക്ഷണം തുടങ്ങിയിട്ടേയില്ല
പെട്ടി തുറന്ന് യന്ത്രം എടുക്കാൻ പറ്റിയില്ല
താക്കോൽ മോഷണം പോയി
പാർട്ടി ബോബന്റെ തൊട്ടടുത്ത് വന്നു നിന്നു
പെട്ടെന്നു ബോബൻ ഒരു കീറ്റൽ
നീ എന്തുവാടാ കാണിക്കുന്നേ വിടെടാ എന്നെ
അലർച്ച കേട്ട്
ടീച്ചറും കുട്ടികളും കതകിന്റെ അടുത്തേക്ക് ഓടി വന്നു
ടീച്ചർ അപ്പോൾ കണ്ട കാഴ്ച
പാർട്ടിയുടെ കൈ ബോബന്റെ പാന്റിന്റെ പോക്കറ്റിൽ നിന്ന് പുറത്തേക്കു സ്ലോ മോഷനിൽ വരുന്നു
പാർട്ടി കൈ പൊക്കി
കയ്യിൽ പെട്ടിയുടെ താക്കോൽ
ടീച്ചർ ഒന്നുറച്ചു
എനിക്ക് ജീവനുണ്ടെങ്കിൽ ഇവനെ ഈ ബോബനെ ഞാനെന്റെ ക്ലാസ്സിൽ ഇനി മേലാൽ കയറ്റില്ല.
ഇവൻ ഇത്രയും നേരം താക്കോൽ പോക്കറ്റിൽ ഒളിച്ചു വെച്ചിട്ടാണ്
എന്നോട് വേല ഇറക്കിയത്, ഇവൻ ആള് കൊള്ളാമല്ലോ
പാർട്ടി വന്നതുകൊണ്ട് ബോബന്റെ കള്ളി പൊളിഞ്ഞു
പഠിക്കാൻ ഇത്രയും താല്പര്യമുള്ള ഒരു പാർട്ടിയെ ഞാൻ വേറെ കണ്ടിട്ടില്ല ടീച്ചർ മനസ്സിൽ പറഞ്ഞു
മണിക്കൂറുകൾക്കു ശേഷം കോളേജ് ബസിൽ ഹോസ്റ്റലിലെ രണ്ടു സഹമുറിയന്മാരെ ഒരുമിച്ചു കണ്ട ടീച്ചർ ശ്രദ്ധിക്കാത്ത പോലെ ഇരുന്നു
വണ്ടി പ്രതിഭ ജംഗ്ഷനിൽ എത്തി
ദേ ഇറങ്ങുന്നു രണ്ടു വാലുംകൂടി
ടീച്ചർ ഏറു കണ്ണിട്ടു നോക്കി മുന്നോട്ടു നടന്നു
രണ്ടും കൂടി ഒരമ്പതടി പുറകെ
ടീച്ചർ വീടിന്റെ കോംപൗണ്ടിലോട്ടു പതുക്കെ നടന്നു കയറി
ടീച്ചറിന്റെ സൗമ്യനായ ഭർത്താവ് സ്കൂട്ടറുമായി എവിടെയോ പോകാൻ തയ്യാറായി മുൻപിൽ നില്കുന്നു
ടീച്ചർ ഒന്നും നോക്കാതെ ഭർത്താവിനോട് പറഞ്ഞു , ഞാനും വരുന്നു
അപ്പോഴേക്കും രണ്ടു മുറിയന്മാരും
സ്കൂട്ടറിന്റെ മുന്നിലേക്ക് ചാടി വീണു
തൊഴുതിട്ടു പറഞ്ഞു
അയ്യോ ടീച്ചർ പോവല്ലേ
അയ്യോ ടീച്ചർ പോവല്ലേ
ചിന്താവിഷ്ടമായ ശ്യാമളയിലെ കുട്ടികൾ അച്ഛനോട് പറയുന്ന പോലെ
അച്ചടി ഭാഷയിൽ ഒരേ ഈണത്തിൽ
അയ്യോ ടീച്ചർ പോവല്ലേ
അയ്യോ ടീച്ചർ പോവല്ലേ
പകുതി ആംഗലേയത്തിലും പകുതി മലയാളത്തിലും പാർട്ടി പറഞ്ഞു
Sorry teacher Sorry, I will not repeat it again
ബോബൻ നിരപരാധിയാണ് ടീച്ചർ
I deposited the key in his locker I mean, I mean pocket
ടീച്ചർ പറഞ്ഞു
മതി, മതി
വിട്ടോ വിട്ടോ സ്ഥലം വിട്ടോ
നീണ്ട 43 വർഷമായി ബോബൻ അന്വേഷിക്കുന്ന ചോദ്യത്തിന്റെ ഉത്തരവും ഇതാണ്,
എപ്പോൾ ആണ് ഈ പാർട്ടി എന്റെ പോക്കറ്റിൽ താക്കോലിട്ടത്
അതറിയാൻ ബോബൻ വരുന്നു അമേരിക്കയിലേക്ക്
ഈ താക്കോലിന്റെ അവകാശം ബോബനു മാത്രം സ്വന്തം
Leave A Comment