(Beena Abraham, Suchithra Mohanlal, K.S. Chithra, Saritha KcRao, SPB Sir, S. P Sailaja)
മാനസികവിക്ഷോഭങ്ങൾ കണ്ണുകളിലൂടെ പ്രതിഫലിപ്പിക്കുന്ന, അസംബന്ധങ്ങളില്ലാത്ത ഒരു അഭിനേത്രി – സരിത
TKM ബ്ലോഗ് മാത്രമല്ല ; ഞാൻ എഴുതാൻ തുടങ്ങിയ നാൾ മുതൽ, ഞാൻ കുത്തികുറിച്ചതെന്തും, മുടങ്ങാതെ വായിക്കുകയും Saritha KcRao എന്ന പേരിൽ അഭിപ്രായങ്ങൾ എഴുതുകയും ചെയ്യുന്ന, കാര്യപ്രാപ്തിയുള്ള, ത്രാണിയുള്ള, ഒരു സമ്പൂർണ കലാകാരി . അതിലുപരി ഒരു നല്ല മനസ്സിന്റെ ഉടമ,. ആർദ്രയായ ഒരു ‘അമ്മ
1978-ൽ ഇറങ്ങിയ തെലുഗ് സിനിമ, അമ്മയുടെ അക്യൂപങ്ചർ ചികിത്സക്കായി ബാംഗ്ലൂർ പോയപ്പോൾ അവിടെ ഓടിക്കൊണ്ടിരുന്ന KB എന്ന് വിളിപ്പേരുള്ള K Balachandar സാറിന്റെ സിനിമയാണ് മരോ ചരിത്ര,
എനിക്കാണേൽ KB സാറിന്റെ സിനിമയോടു തീരാത്ത അഭിനിവേശവും; ആദ്യം കണ്ട പടം. പത്താം ക്ലാസ്സിൽ വെച്ചു, അപൂർവ രാഗങ്ങൾ.
മരോ ചരിത്ര– പണ്ട് ഇന്നത്തെ പോലെ നേരത്തെ തന്നെ സിനിമയെ പറ്റി അറിയാനുള്ള മാർഗ്ഗമൊന്നുമില്ല, പോരാത്തതിന് ഇതൊരു തെലുഗു പടം, രാധാസിലെ വീട്ടിൽ നിന്നും, എന്റെ സ്കൂളിന്റെ തൊട്ടു മുന്നിലുള്ള, നാന, കുങ്കുമം, രത്ന മഹൽ തുടങ്ങിയ സ്ഥാപനത്തിന്റെ ഉടമസ്ഥരുടെ വീട്ടിൽ നിന്നും കേട്ടു പഠിച്ച തെലുഗാണ് എനിക്ക് ആകെ അറിയാവുന്നതു. സിനിമയുടെ കഥയും, അന്തസത്തും മനസ്സിലാക്കാൻ പലപ്പോഴും ഭാഷ ഒരു പ്രശ്നമേയല്ല.
അന്ന് ആ സിനിമ കണ്ടു തിരികെ വന്നപ്പോൾ മുതൽ അപ്പയും അമ്മയും എന്റെ ഓരോ ചലനങ്ങളെയും കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി, സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു ഇതിവൃത്തം ആണെന്നറിഞ്ഞിരുന്നു എങ്കിൽ ജന്മത്തു ഞാൻ അവരെ നിർബന്ധിച്ചു ഈ സിനിമക്ക് കൊണ്ടു പോകില്ലായിരുന്നു.
സാധാരണ സിനിമ കൊട്ടകയിൽ കയറുന്ന ഉടനെ ഉറങ്ങുന്ന ‘അമ്മ, അവസാനം വരെ ഏറുകണ്ണിട്ടു എന്നെ നോക്കിയിരുന്നെന്നാ എനിക്ക് തോന്നുന്നേ
അന്നാണ് സരിത എന്ന അഭിനേത്രിയെ ആദ്യമായി കാണുന്നത്, ഒരു കൊച്ചു പെൺകുട്ടി, ഇരുണ്ട നിറം, ഉരുണ്ട മുഖം, ഒരു നല്ല സംവിധായകൻ കളിമണ്ണിൽ കവിതകൾ രചിക്കുന്ന ശില്പിയെ പോലെ ആ പെൺകുട്ടിയെ ആദ്യാവസാനം രൂപപ്പെടുത്തി, എന്റെ മനസ്സിൽ പ്രതിഷ്ഠിച്ചു.
ഒരു സിനിമ മനസ്സിൽ പതിയുന്നത് നമ്മൾ അതിലെ ഓരോരുത്തരുടെ ജീവിതവുമായി നമ്മളെയും നമ്മളുടെ ചുറ്റുമുള്ളവരെയും താരതമ്യപ്പെടുത്തുമ്പോഴാണ്, നമ്മൾ കടന്നു പോകുന്ന വഴികൾ, അനുഭവിക്കുന്ന നുറുങ്ങു നിമിഷങ്ങൾ സ്ക്രീനിൽ കാണുമ്പോഴാണ്.
രണ്ടു സംസ്കാരത്തിലുള്ളവർ തമ്മിലുള്ള അടുപ്പം, നാടകീയതകൾ യാഥാര്ത്ഥ്യമാക്കാൻ കഴിവുള്ള , പരിജ്ഞാനം ഉള്ള ഒരു അതുല്യ സംവിധായകനായിരുന്നു KB സർ, പുള്ളിക്കാരൻ ചെയ്ത എല്ലാ സിനിമ കളും സാധാരണയിൽ നിന്ന് വേറിട്ട് നിന്നിരുന്നു,
1981-ൽ ഇറങ്ങിയ തണ്ണീർ തണ്ണീർ എന്ന സിനിമ ഒരു ആക്ഷേപഹാസ്യം
എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോൾ എല്ലാ പരീക്ഷക്ക് മുന്നേയും, ഞാൻ നിർബന്ധമായും സിനിമ കണ്ടിരിക്കും,
ആദ്യാവസാനം തലയിലും കൈയ്യിലും നിറകുടവുമായി, സാരികൊണ്ടു കെട്ടിയ സഞ്ചിയിൽ ഒരു കുഞ്ഞിനേയും എടുത്തു പൊള്ളുന്ന വെയിലിൽ മുൾച്ചെടികൾക്കിടയിലൂടെ , ഓടുന്ന സരിത
തമിഴ്നാട്ടിൽ പോയവർക്ക് നന്നായി അറിയാം ആ മുൾച്ചെടിയും, ആവി പറക്കുന്ന മണലും,
സരിത കരയുമ്പോൾ പലപ്പോഴും, ഞാൻ മൂക്ക് പിഴിഞ്ഞ് പോകാറുണ്ട്, അത്രയ്ക്ക് നെഞ്ചിൽ തട്ടുന്ന അഭിനയമാണ് സരിതയുടേത്, കണ്ണുകൾ; ആ കണ്ണുകൾ വജ്രങ്ങളെ പോലെ ആണ്, കണ്ണിന്റെ ആഴങ്ങളിൽ നിന്ന് സിനിമയുടെ റീലുകൾ ചുരുളഴിഞ്ഞു നമ്മുടെ മുന്നിൽ നിവരാറാണ് പതിവ്,
ശബ്ദത്തിലൂടെ, ശബ്ദത്തിന്റെ ഏറ്റക്കുറച്ചിലിലൂടെ വികാരങ്ങളും, വാക്കുകളും നമ്മൾക്ക് പകർന്നു തരാനുള്ള സരിതയുടെ നൈസര്ഗ്ഗികമായ കഴിവ് അപാരം തന്നെ,
സരിത പലവട്ടം പൊള്ളുന്ന കാൽ പരസ്പരം ചവുട്ടി തേക്കുന്ന രംഗങ്ങളുണ്ട്, അത് കണ്ടപ്പോൾ എന്റെ കാൽ പൊള്ളിപ്പോകുന്ന പോലെ തോന്നി, പിൽക്കാലത്തു ഞാൻ സരിതയോട് ചോദിച്ചു, എങ്ങനെ ആയിരുന്നു അന്നൊക്കെ
ചേച്ചി അന്നൊക്കെ ഇന്നത്തെ പോലെ കാരാവാനും സൗകര്യങ്ങളും ഇല്ല, രാത്രി പൊള്ളി കൂടുന്ന കാൽ വെള്ളയിൽ വെളിച്ചെണ്ണ പുരട്ടിയിട്ടു ഇരുന്ന് കരയും, എനിക്കിതു വയ്യ എനിക്കും പഠിക്കാൻ പോകണം എന്ന് മനസ്സിൽ പറഞു.
പുറത്തു നിന്ന് നോക്കി നമ്മൾ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി, അനുമാനിക്കാറുണ്ട്…. സത്യം എത്രയോ കാതം അകലെ,
സ്നേഹത്തോടെ എന്നോട് പറയും ചേച്ചി നിങ്ങളുടെ TKM കഥകൾ എനിക്കൊത്തിരി ഇഷ്ടമാണ്, നിങ്ങളോരുരുത്തരും വളരെ അസാധാരണമായ വിദ്യാർത്ഥികൾ തന്നെ.
സരിതയുടെ അഭിപ്രായങ്ങൾ എന്നെ ആനന്ദത്തിൽ ആറാടിക്കാറുണ്ട്.
അപാരമായ കഴിവുകളുമുള്ള പ്രതിഭ, ഒരേ സമയത്തു 4 ഭാഷകളിൽ അഭിനയിച്ചിരുന്നു, നൂറ്റന്പതിൽ കൂടുതൽ സിനിമയിൽ ഒരു ചെറിയ കാലയളവിൽ അഭിനയിച്ചു; എല്ലാ ഭാഷയിലും നായിക ആയി
ആദ്യത്തെ സിനിമ മുതൽ , സരിതയുടെ അപാരമായ കഴിവുകളോടുള്ള എന്റെ ബഹുമാനവും, ഇഷ്ടവും, എന്നെ പുള്ളികാരിയുടെ പല സിനിമകളും കാണാൻ പ്രേരിപ്പിച്ചു
വര്ഷങ്ങള്ക്കു ശേഷം പ്രിയപ്പെട്ട ചിത്രയുടെയും SPB സാറിന്റെയും ഗാനമേള, അന്നാണ് ആദ്യമായി ഞാൻ സരിതയെ നേരിട്ട് കാണുന്നതും മിണ്ടുന്നതും. അന്ന് പാട്ടിന്റെ ഇടയിൽ SPB സർ പാട്ടു നിർത്തി, കാണികളോടെല്ലാമായി പറഞു, ഇന്നിവിടെ നമ്മുടെ കൂടെ ഒരു ലോകോത്തര നടി വന്നിട്ടുണ്ട്, ലോകം കണ്ട അതുല്യ നടികളിൽ ഒരാൾ സരിത! അന്ന് പേര് വിളിച്ചപ്പോൾ സരിത സദസ്സിന്റെ മുന്നിൽ എഴുന്നേറ്റു നിന്നപ്പോൾ കാണികൾ നിർത്താതെ കരഘോഷം മുഴക്കിയത് കേട്ടിട്ടു സ്റ്റാർട്ട്, ആക്ഷൻ, കട്ട്, ഇല്ലാതെ സരിതയുടെ കണ്ണുകൾ ഈറനായി.
അന്ന് തുടങ്ങിയ സ്നേഹബന്ധം ഒരു പുണ്യം പോലെ ഇന്നും കാത്തു സൂക്ഷിക്കുന്നു.
കണ്ടുമുട്ടിയ പല അവസരങ്ങളിലും അഭിനയിച്ച സിനിമകളുടെ പ്രത്യേകതകളെ പറ്റി ഞാൻ ചോദിക്കാറുണ്ട്
അച്ഛ മില്ലൈ അച്ഛ മില്ലൈ ..തമിഴ് പടം
അതിൽ ഒരു 3, 4 മിനിറ്റുനീണ്ടുനിൽക്കുന്ന ഒരൊറ്റ ക്ലോസ് അപ്പ് ഷോട്ട്, മുഴുവൻ സമയവും കാമറ സരിതയുടെ മുഖത്തേക്ക് കേന്ദ്രീകരിച്ചു വെച്ചിരിക്കുന്നു, ചുറ്റും കുറെയധികം പേര് സംസാരിക്കുന്നു, എല്ലാ വികാരങ്ങളും, മാനസികവിക്ഷോഭങ്ങളും സരിത കാണിക്കണം. വളരെയധികം വെല്ലുവിളി ഉണ്ടാക്കിയ രംഗം, അവസാനം കെബി സാറും കൂടെ അഭിനയിച്ച എല്ലാവരും നിർത്താതെ കൈ അടിച്ചത് ഇന്നും വല്യ സന്തോഷത്തോടെ പറയാറുണ്ട്
കുഞ്ഞുങ്ങളുണ്ടായപ്പോൾ വീട്ടിൽ ജോലിക്കാരെ ഏല്പിക്കാൻ മനസ്സ് വരാതെ, പകിട്ടേറിയ തൊഴിലിൽ ഉന്നതസ്ഥാനത്തു നിൽക്കുമ്പോൾ, അഭിനയം കുറച്ചു ഡബ്ബിങ് ഒരു രണ്ടാം തൊഴിലായി സ്വീകരിച്ച സരിത
ഇടയ്ക്കു “കുട്ടേട്ടൻ” എന്നൊരു മലയാളം സിനിമയിൽ അഭിനയിച്ചു, പക്ഷെ പുള്ളികാരിക്ക് അതത്ര തൃപ്തി ആയില്ല, അഭിനയം എന്നാൽ സരിതക്കു 200% ഏകാഗ്രത വേണ്ടുന്ന തൊഴിലാണ് അത് കൊടുക്കാൻ പറ്റാഞ്ഞപ്പോൾ കുട്ടികളെ നോക്കാൻ വേണ്ടി ജോലി ഉപേക്ഷിച്ച ‘അമ്മ
അഭിനയിച്ച എല്ലാ ഭാഷയിലും തുടർച്ചയായി നിരവധി അവാർഡുകൾ വാരികൂട്ടിയതിനു ശേഷമാണ് ,കുട്ടികൾക്കായി New Zealnd ൽ , – പോയത്. അവരെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കി, ഇന്നും ദിവസവും രാവിലെ അവർക്കു നല്ല അടിപൊളി ഭക്ഷണം ഉണ്ടാക്കി ജോലിക്കു വിടുന്ന ‘അമ്മ.
രജനികാന്ത്, കമൽഹാസൻ, നാഗേഷ്, KB സാറിന്റെ കണ്ടു പിടിത്തങ്ങൾ
പക്ഷെ KB Sir- നെ അത്ഭുതപ്പെടുത്തിയ രത്നം ആയിരുന്നു സരിത
ബാലു മഹേന്ദ്ര മറ്റൊരു പ്രഗത്ഭനായ സംവിധായകൻ, അദ്ദേഹം 2003- ൽ ചെയ്ത ഒരു Physchological Thriller ആണ് Julie Ganapathy അതിലെ അഭിനയം കണ്ടിട്ട് സത്യമായിട്ടും ഞാൻ വാ പൊളിച്ചിരുന്നു പോയി
എത്രയോ പ്രശസ്തരായ, പ്രഗത്ഭരായ, ശ്രേഷ്ഠരായ, അവരവരുടെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യർ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലൂടെ കടന്നു പോയിരിക്കുന്നു. അവർ നമ്മളെ എല്ലാം എത്ര മാത്രം സ്വാധീനിച്ചിരിക്കുന്നു
ഓരോരുത്തരുടെയും നന്മയേറിയ സൂക്ഷ്മഭേദങ്ങൾ കണ്ടു പഠിക്കാനും അതിൽ നിന്ന് ആർജ്ജവം കൊള്ളാനും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
TKM കോളേജിന്റെ ഏറ്റവും വലിയ പ്രത്യേകത മാനേജ്മെന്റും അദ്ധ്യാപകരും വെച്ചു പുലർത്തിയ മൂലതത്ത്വങ്ങള് ആയിരുന്നു.
ഭാവനാപരമായ സര്ഗ്ഗശക്തി ആവിഷ്കരിക്കാനുള്ള അവസരങ്ങളിലൂടെ അതുല്യരായ എഞ്ചിനീയർമാരെ വാർത്തെടുക്കുക എന്നതായിരുന്നു ലക്ഷ്യം, അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അത് പ്രാവർത്തികമാക്കുകയും ചെയ്തു.
ഈ ബ്ലോഗ് സരിതയിൽ തുടങ്ങി സ് എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർക്കായി സമർപ്പിക്കുന്നു
സണ്ണിയും, ഭാര്യ സുനിതയും, സോമനും
കോളേജിൽ വെച്ചു ഒരു തവണ പോലും മിണ്ടിയിട്ടില്ലാത്ത, എല്ലാവരും സണ്ണിച്ചായൻ എന്ന് വിളിക്കുന്ന വെള്ളാനിക്കാരൻ സണ്ണി, സ്വര്ണപ്പൻ, പുള്ളിക്കാരൻ എനിക്കൊരു ഇമെയിൽ അയച്ചു,
കൂട്ടുകാർക്കു പോലും പിടികൊടുക്കാറില്ല, പിന്നെ സ്നേഹമുള്ള ഭാര്യ സുനിതയോടാണെല്ലാവരും പോയി കൊളുത്താറു, അതുവഴി സണ്ണിച്ചായനെയും.
എനിക്കൊത്തിരി സന്തോഷവും ആത്മവിശ്വാസവും തന്ന ഒരു ഇമെയിൽ ആയിരുന്നു അത്, എന്റെ എഴുത്തുകൾ വായിക്കുന്നു, സന്തോഷിക്കുന്നു, കോളേജിലെയും ഹോസ്റ്റലിലെയും ജീവിതം ഓർത്തോർത്തു ചിരിക്കുന്നു എന്നും,.
പിന്നെ ഇന്നെനിക്കു കിട്ടിയ അഭിനന്ദനം ഇവിടെ അഭിമാനത്തോടെ ചേർക്കുന്നു
ഭംഗിയുള്ള എഴുത്ത്, പഠിച്ചിരുന്ന കാലത്തെ വേഷഭൂഷാതികൾ കണ്ടിട്ട് ഞാനൊരു മദാമ്മക്കുട്ടി ആണെന്ന് ധരിച്ചിരുന്നു. മലയാളം എനിക്ക് വഴങ്ങുന്നതിൽ അത്ഭുതപ്പെടുന്നു, പോരാത്തതിന് എന്റെ ശബ്ദം സിൽക്ക് പോലെ ആണെന്ന് തെളിച്ചു പറഞ്ഞിട്ട്, എന്റെ ബ്ലോഗിന് വേണ്ടി എന്നും കാത്തിരിക്കുന്നു എന്ന് മാത്രമല്ല, എല്ലാവരെയും 42 വര്ഷം, ചെറുപ്പമാക്കിയതിൽ സന്തോഷിക്കയും, എന്നെ ഓർത്തു അഭിമാനം കൊള്ളുകയും ചെയ്യുന്നു എന്ന് പറഞ്ഞ സോമൻ
അല്പം ചമ്മലോടെ പറഞ്ഞോട്ടെ ….ഞാൻ നന്നായി പാടുമെന്ന് പറഞ്ഞത് മാത്രം ഇച്ചിരി കടന്നകൈയ്യായിപ്പോയി, നന്നായി പാടുന്ന പലരെയും നമ്മൾക്ക് രണ്ടാൾക്കും അറിയാവുന്നതാണേ
Leave A Comment