ഓർക്കാപുറത്തു വീണു കിട്ടിയ സ്ഥാനാർഥി പട്ടം
ഇനി പിന്നോട്ട് പോകാൻ യാതൊരു നിർവ്വാഹവുമില്ല, നാടകം കഴിഞ്ഞു കർട്ടൻ വീണതും
കൈയ്യടിയുടെ ഘോഷയാത്ര.
അപ്പോഴേക്കും വഹാബും, കിഷോറും, രാജഗോപാലും, സോമനും എല്ലാവരും ഓടി വന്നു പൊക്കി എടുത്തു
ഇനി അടുത്ത ഊഴം പോസ്റ്റർ, നോട്ടീസ്. നോട്ടീസിന്റെ കാര്യം ആരും വിഷമിക്കണ്ട കാര്യമില്ല, അത് ബീന പ്രിന്റേഴ്സിൽ അപ്പപ്പോൾ തോന്നുന്ന മാധ്യമങ്ങളിൽ അച്ചടിപ്പിക്കാൻ എല്ലാവര്ക്കും നല്ല വിരുതായിരുന്നു.
ഇനി ഉള്ളത് പോസ്റ്റർ
അതിനു പ്രേം ഉള്ളടിത്തോളം കാലം യാതൊരു പ്രശ്നവുമില്ല.
കോളേജിന്റെ വലതു വശത്തുള്ള പ്ലാവിന്റെ ചുവട്ടിൽ കുത്തിയിരുന്ന്
നാല് കാശെങ്ങനെ ഒപ്പിക്കാം എന്ന് ഗാഢമായി ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ദേ വരുന്നു, പ്രിയ സുഹൃത്തുക്കൾ.
പ്രേം ഡപ്പോന്നു താഴെ, ഷാജി പെട്ടെന്ന് പേടിച്ചു കാലു വലിച്ചു ചാടി
ഡാ!! നീ എന്തുവാ ഈ കാണിക്കുന്നേ?
അളിയാ എന്നോട് ക്ഷമിക്കണം
എനിക്ക് നിന്റെ വരകൾ വരയ്ക്കാൻ പറ്റില്ല
എന്റെ കൈ ഞാൻ വിട്ടു കൊടുത്തു, ലിബറേഷൻ 80-ക്കു വേണ്ടി
ഞങ്ങൾ പരസ്പരം നോക്കി
കൊല്ലം St. Aloysius ലും – Trinity Lyceum–ത്തിലും തുടങ്ങിയ ബന്ധമാണ്
പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. അവനു പോകണം. പണ്ടാരോ പറഞ്ഞ പോലെ
പറത്തി വിടുക, പിടിച്ചു വെക്കാതിരിക്കുക, നിന്റേതാണെങ്കിൽ എന്നെങ്കിലും തിരികെ വരും ; വന്നില്ല എങ്കിൽ അതൊരിക്കലും നിന്റേതല്ലായിരുന്നു.
കോളേജിന്റെ ചരിത്രത്തിൽ ഇത്രയധികം ചമയങ്ങളും, ചായക്കൂട്ടുകളും,സര്ഗ്ഗശക്തിയുള്ള , സൃഷ്ടികളും കണ്ടിട്ടില്ല,
തൃശൂർ പൂരത്തിന്റെ കുടമാറ്റം പോലെ, പകിട്ടേറിയ ഒരു വിരുന്നായിരുന്നു.
അടിച്ചു പൊളിച്ചു നടക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികൾ, സാധാരണയിൽ കൂടുതൽ പ്രസരിപ്പും, ചുറുചുറുക്കും എന്ന് പറയുന്നതാണെനിക്കിഷ്ടം.
ഇലക്ഷൻ എന്ന പേരിൽ ഒരു പോർക്കളം സൃഷിച്ചെങ്കിലും, ഓരോ വിദ്യാർത്ഥിക്കുമുള്ള അപാരമായ കഴിവുകൾ പ്രദർശിപ്പിക്കാനും, അതെല്ലാം മാറ്റുരക്കാനുമുള്ള ഒരു തട്ടകമായിരുന്നു അന്ന് TKM College.
ഒരു മത്സരം ആവുമ്പോൾ, ഓരോ വിഭാവക്കാർക്കും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാവും,
അതെല്ലാം തന്നെ അണികൾ അവരവരുടെ മനോധർമ്മം അനുസരിച്ചു ശബ്ദം, ദൃശ്യം തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കും.
കോളേജിന്റെ, ചുവരുകൾ, തൂണുകൾ, കാതലായ സ്ഥലങ്ങളൊക്കെ ഓരോ പാനൽകാരും മുൻകൂട്ടി എന്തെങ്കിലും ഡമ്മി ഒട്ടിച്ചു ഉടമസ്ഥാവകാശം സ്ഥാപിച്ചിരിന്നു
ഇനി അധികം നേരമില്ല, പ്ലാൻ എ, പ്ലാൻ ബി, എന്ന് പറയാൻ , പല പ്ലാൻ വേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അണികളും കുട്ടികളും സാറന്മാരും രാവിലെ വരുന്നതിനു മുന്നേ പോസ്റ്റർ വരച്ചുണ്ടാക്കണം.
എന്ത് തന്നെ സംഭവിച്ചാലും അറച്ചു നിൽക്കുക, മടിച്ചു നിൽക്കുക, അയ്യോ എന്ന് പറഞ്ഞു താടിക്കു കൈയും കൊടുത്തിരിക്കുക, ഇതൊന്നും ഞങ്ങളുടെ പാഠപുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആയിരുന്നില്ല.
ഓരോരുത്തരും ഓരോ ജോലി ഏൽക്കും അത് ചെയ്യാം എന്ന് ഏറ്റാൽ പിന്നെ എന്തു ഭവിഷ്യത്തും നേരിടാൻ തയ്യാറാകുന്ന നെഞ്ചുറപ്പുള്ള ഒരു കൂട്ടം വിദ്യാർഥികൾ; അതായിരുന്നു ഞങ്ങൾ; . ഇന്നും അതങ്ങനെ തന്നെ തുടരുന്നു.
വിട്ടുകൊടുക്കാനോ തോറ്റു പിന്മാറാനോ തയ്യാറാവാത്ത കൂട്ടം.
ഇതിന്റെ ഇടയിൽ പല പല നാടകങ്ങൾ അരങ്ങേറി.. നേരെ ചൊവ്വേ GD George സാറിന്റെ Geometric Drawings വെറും സ്കെയിലും, പെൻസിലും ഉപയോഗിച്ച് വരയ്ക്കാൻ പറ്റാത്തവരാണ്……….. ഭാവനാസമ്പന്നമായ ചിത്രങ്ങൾ വരക്കുക
അപ്പോഴാണ് മുതിർന്ന ക്ലാസ്സിലെ ലത്തീഫ് അത് വഴി വന്നത്
ഒന്നും കളയാൻ മടിയില്ലാത്ത അണ്ണാന്മാരെ പോലെ ഇരിക്കുന്ന കൂട്ടരുടെ അടുത്ത് വന്നിട്ട് കാര്യം ചോദിച്ചു, കാര്യങ്ങളുടെ കിടപ്പും ഇരിപ്പും മനസ്സിലാക്കിയ ലത്തീഫ് പറഞ്ഞു
പുള്ളിയുടെ കളി കൂട്ടുകാരൻ ഒരാൾ തിരുവന്തപുരത്തുണ്ട്, മുട്ടി നോക്കി, മനസ്സിലുള്ള ആശയങ്ങളും സങ്കൽപ്പങ്ങളും പറഞ്ഞു കൊടുത്താൽ അദ്ദേഹം തീർച്ചയായും, കടലാസ്സിൽ പകർത്തി തരും
പോസ്റ്ററുകൾ വിദ്യാർത്ഥികൾ തന്നെ വരച്ചുണ്ടാക്കി, അവരുടെ ക്രിയാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷെ ഇനിയിപ്പോ അതൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
ഒരു വൈചിത്യ്രം രണ്ടു പേരുടെയും പേരൊന്നാണ്, ഇനിയിപ്പോ ആര് വരച്ചു എന്ന് ചോദിച്ചാൽ പേരങ് പറഞ്ഞാൽ മതി.
നേരെ ചിന്നക്കടയിലേക്കു വിട്ടു, കൊല്ലം പേപ്പർ മാർട്ടിൽ നിന്ന് കുറെ A1 കടലാസും പേനയും ബ്രൂഷുമൊക്കെ വാങ്ങി, വണ്ടി കയറി തലസ്ഥാനത്തേക്ക്. അന്നൊക്കെ ഞങ്ങളുടെ എല്ലാവരുടെയും മയിൽ വാഹനമാണ് ആന വണ്ടി , KSRTC
ഇന്നലത്തെ പോലെ പച്ചയായ ഓർമ്മകൾ, എന്താണ് വേണ്ടതെന്നു പറഞ്ഞു
എങ്ങനൊക്കെയോ അത് കുത്തിവരച്ചു കാണിച്ചു കൊടുത്തു
വേറെ ഏതോ ലോകത്തു നിന്നും പൊട്ടി വീണ പോലെയുള്ള ബുദ്ധിജീവികൾ. താടിയും മുടിയും വളർത്തി പ്രാകൃത വേഷത്തിലുള്ള കലാകാരന്റെ വിരലുകൾ ചലിച്ചു
നാലഞ്ചു പോസ്റ്റർ വരച്ചു
അത് ചുരുട്ടി ഒരു പത്രത്തിൽ പൊതിഞ്ഞു
തിരികെ വണ്ടി കയറി, ഇതിന്റെ ഇടയിൽ ആകെ കുടിച്ചത് മൂന്നാലു കട്ടൻ.
വെളുപ്പിന് 5 മണിക്ക് കോളേജിന്റെ ഗേറ്റിലെത്തി, അകത്തോട്ടു പതുക്കെ നടന്നു കയറിയപ്പോ!
ഏറ്റവും മുന്നിലായി പോസ്റ്റർ ഒട്ടിക്കാൻ പിടിച്ചിട്ട സ്ഥലത്തു ആരോ നിന്ന് എന്തോ ഒട്ടിക്കുന്നു.
ആരാടാ അവിടെ റാഷണല്സിന്റെ നെഞ്ചത്ത് കയറി പോസ്റ്റർ ഒട്ടിക്കുന്നതു? എല്ലാ ആരോഗ്യവും എടുത്തു പടിയിലോട്ടു ഓടി കയറിയപ്പോ തലയിൽ തോർത്തിട്ടു കെട്ടി ,
ഉപ്പായി
എടാ നീ ഇവിടെ ഈ നേരത്തു എന്തോ ഉണ്ടാക്കുവാ? എവിടുന്നു കിട്ടി നിനക്ക് പോസ്റ്റർ? എന്ന് ചോദിച്ചിട്ടു നോക്കിയപ്പോ !!
ഒരു കോഴിയുടെ പടം
അതിന്റെ കീഴെ ആർട്സ് ക്ലബ് സെക്രട്ടറി ആയി നിങ്ങളുടെ
പ്രിയപെട്ട ഷാജിയെ തിരഞ്ഞെടുക്കൂ
നിങ്ങളുടെ വിലയേറിയയ് വോട്ടുകൾ ഈ പടത്തിൽ രേഘപെടുത്തൂ
പാവം ഉപ്പായി
രാത്രി മുഴുവൻ കാത്തു; ഒരു വിവരവുമില്ല; രാവിലെ ലിബറേഷന്റെ പോസ്റ്ററുകൾ ഇവിടെ മുഴുവൻ നിറയും. പിന്നെ അമാന്തിച്ചില്ല
പഴയ ഡ്രായിങ് ഷീറ്റ് എടുത്തു മറുപുറത്തു ആശാൻ പള്ളിക്കൂടത്തിൽ വരച്ചു പഠിച്ച കോഴിയേയും, താറാവിനെയും, പൂച്ചയേയും, പട്ടിയെയും വരച്ചു പേരെഴുതി വോട്ടു ചോദിച്ചു പോസ്റ്റർ തയ്യാറാക്കി എല്ലാടവും കൊണ്ട് ഒട്ടിച്ചു
തോൽക്കാൻ മനസ്സില്ലാത്ത, മാറി നിൽക്കാനും, ആരെയും ഭയപ്പെടാനും തയ്യാറാവാത്ത Rationals, ആരുടേയും ഭീഷണിക്കു വഴങ്ങാത്ത തിളയ്ക്കുന്ന ചോര
ഏതൊരു പ്രതിസന്ധിയെയും നേരിടാൻ നെഞ്ചുറപ്പുള്ള ഒരു കൂട്ടം.
അന്നുമിന്നും പിന്നോട്ട് പോയിട്ടില്ല, അന്ന് കാണിചു കൂട്ടിയ കൈ വിട്ട കളികളിൽ നിന്ന് പഠിച്ച പാഠങ്ങൾ പലതാണ്,
രാവിലെ കോളേജിൽ വന്ന കുട്ടികൾ ഞെട്ടി, കോളേജിലെ ബിനാലെ കണ്ടിട്ട്
ഓരോ ദിവസവും, കിഴക്കു വെള്ളി കീറുമ്പോൾ പുത്തൻ പുത്തൻ വെളിപാടുകൾ.
ഒരു കാര്യം ബോദ്ധ്യമായി, എല്ലാ ദിവസവും തലസ്ഥാനത്തേക്കുള്ള പോക്ക് നടക്കുന്ന കാര്യമല്ല.
അങ്ങനെ വരയ്ക്കുന്ന ബിനാമി വിരലുകളെ കൊല്ലത്തോട്ടു പൊക്കി.
മല മുഹമ്മദിന്റെ അടുത്ത് ചെന്നില്ലെങ്കിൽ ……….എന്നുള്ള ഒരു പഴയ ചൊല്ല് ഓർക്കുന്നു .
ഇത് കൊണ്ടു ഉദ്ദേശിക്കുന്നത് ഒന്ന് മാത്രം, മല വരുന്നതും നോക്കിയിരുന്നാൽ കാര്യങ്ങൾ കട്ട പുകയാകും
ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വേറെ മാര്ഗ്ഗങ്ങൾ കണ്ടു പിടിക്കണം
അല്ലാതെ അടികൾ കൊള്ളുമ്പോൾ മാളത്തിലൊളിക്കാനുള്ളതല്ല ജീവിതം
Rationals
പോസ്റ്റർ ഉണ്ടായേ പറ്റൂ!!!
ഇലക്ഷൻ ജയിച്ചേ പറ്റൂ!!!!
സ്വാമി വിവേകാന്ദൻ പറഞ്ഞതു ഓർത്തെടുക്കുന്നു:
ഒരു മനുഷ്യൻ ദരിദ്രൻ ആവുന്നത്
കാശില്ലാതെ വരുമ്പോളല്ല
മറിച്ച്
സ്വപ്നങ്ങളും മോഹങ്ങളും ഇല്ലാതെ വരുമ്പോഴാണ്
വിജയം കൈവരിക്കാൻ അക്ഷീണപരിശ്രമവും, അതിയായ ഇച്ഛാശക്തിയും വേണം, നമുക്കു വേണ്ടത്, ഇത്തരത്തിലുള്ള ചുറുചുറുക്കാന്, വീര്യമാണ്, കഠിന പ്രയത്നം ചെയ്യൂ, ലക്ഷ്യത്തിലെത്തിയിടും.
ഞാനിവിടെ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒന്ന് കൂടി ചേർക്കുന്നു
കഠിനമായി പ്രയത്നിക്കാനുള്ള മനസ്സ് വേണം, വേറെ കുറുക്കുവഴി ഇല്ല;
പക്ഷെ അതിന്റെ കൂടെ തന്നെ, സാമര്ത്ഥ്യത്തോടെ, ബുദ്ധിയുപയോഗിച്ചു, ചുറ്റുമുള്ളവരുടെ നീക്കങ്ങൾ നോക്കി കണ്ടു, കൗശലത്തോട് കൂടി, കാര്യങ്ങൾ ചെയ്യാനും പഠിക്കണം,
കാലം മാറിയിരിക്കുന്നു, എന്നും പഠിക്കുകയാണ് നമ്മൾ!!
നിങ്ങളോരോരുത്തരും ഇന്നിവിടെ തുടങ്ങി വെച്ചത്
ഒരു ചലനമാണ്, ഇളകാതിരുന്നവർ അനങ്ങിയിരിക്കുന്നു
മറന്നു എന്ന് കരുതിയതെല്ലാം മലവെള്ളം പോലെ , ഒഴുകിയെത്തുന്നു, ധാരയായി
സന്തോഷം അലതല്ലുന്നു
എത്തിപെടാത്തിടത്തു എത്താൻ മനസ്സുകൾ വെമ്പുന്നു,
അതിനുള്ള ഏർപ്പാടുകൾ ചെയ്യുന്നു,
സന്തോഷം തരുന്നു എങ്കിൽ എന്തിനു കഥകൾ പറയാതിരിക്കണം
ഒരു കാര്യം നിശ്ചയം, എല്ലാവർക്കുമുണ്ട് കഥകൾ
അറിയാതെ മനസ്സ് തരളിതമാകുന്ന കഥകൾ
എല്ലാവരും കൂടി ഒന്ന് ഒത്തു പിടിച്ചാൽ എന്താണ്
നമുക്ക് നേടാൻ പറ്റാത്തത്
ദാസനെയും വിജയനെയും പോലെ
എന്താടാ വിജയാ നമ്മക്കീ ബുദ്ധി നേരത്തെ തോന്നാഞത്
എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ
ഇപ്പോൾ സമയം ആയിരിക്കുന്നു
ഒരു വട്ടം കൂടി …………….
Leave A Comment